scorecardresearch

സമ്പൂര്‍ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; May 05-May 11, 2024, Weekly Horoscope

Weekly Horoscope: മേയ് 05 ഞായറാഴ്ച മുതൽ മേയ് 11 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: മേയ് 05 ഞായറാഴ്ച മുതൽ മേയ് 11 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ മേടം രാശിയിൽ ഭരണി, കാർത്തിക ഞാറ്റുവേലകളിലാണ്. ഗുരു ഇടവം രാശിയിൽ കാർത്തിക നക്ഷത്രത്തിൽ മൗഢ്യം ഭവിച്ച് സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണ/ കറുത്ത  പക്ഷത്തിലാണ്.

Advertisment

മേയ് 7-8 തീയതികളിലായി അമാവാസി/കറുത്ത വാവ് വരുന്നു. ചന്ദ്രൻ ഉത്രട്ടാതി മുതൽ  തിരുവാതിര വരെയുള്ള നക്ഷത്ര മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുകയാണ്. ചൊവ്വ മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിൽ തുടരുന്നു. ബുധൻ മേയ് 10 ന് വരെ മീനം രാശിയിൽ നീചത്തിൽ ആണ്. തുടർന്ന് മേടം രാശിയിൽ സംക്രമിച്ച് അശ്വതി നക്ഷത്രത്തിൽ സഞ്ചരിക്കുകയാണ്.

ശുക്രൻ മേടം രാശിയിൽ തന്നെയാണ്; സഞ്ചാരം  ഭരണി നക്ഷത്രത്തിലും. ശുക്രൻ്റെ മൗഢ്യം ആരംഭിച്ചു കഴിഞ്ഞു. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും രാഹു അപ്രദക്ഷിണ ഗതിയിൽ മീനം രാശിയിൽ രേവതിയിലും കേതു അപ്രകാരം കന്നി രാശിയിൽ അത്തത്തിലും തുടരുന്നു. 

ഈയാഴ്ചയിലെ അഷ്ടമരാശിക്കൂറ് ഈവിധമാണ്; ഞായറാഴ്ച മുഴുവനും തിങ്കളാഴ്ച വൈകുന്നേരം വരെയും ചിങ്ങക്കൂറുകാർക്ക് അഷ്ടമരാശിയാണ്. തുടർന്ന് ബുധനാഴ്ച സന്ധ്യവരെ കന്നിക്കൂറുകാർക്കും, വെള്ളിയാഴ്ച വൈകുന്നേരം വരെ തുലാക്കൂറുകാർക്കും തദനന്തരം വൃശ്ചികക്കൂറുകാർക്കും അഷ്ടമരാശിയാണ്. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെയും സമ്പൂർണ്ണ വാരഫലം ഇവിടെ വിശദീകരിക്കുന്നു.

അശ്വതി

Advertisment

തൊഴിൽപരമായി സാമാന്യമായ നേട്ടങ്ങളുണ്ടാവും.   സാധാരണ ചെയ്യുന്ന കാര്യങ്ങൾ ഭംഗിയായി തന്നെ ചെയ്യാനാവും. ഏകോപന ശക്തിയും ക്രിയാത്മകതയും അഭിനന്ദിക്കപ്പെടും. വിരുന്നുകളിലും സുഹൃൽസംഗമങ്ങളിലും സംബന്ധിച്ചേക്കും. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതായി വരുന്നതാണ്. വയോജനങ്ങൾക്കായി ചിലതൊക്കെ പ്രവർത്തിക്കാനാവും. തന്മൂലം മാനസിക സന്തോഷമേറിയേക്കും. വാരാദൃദിവസങ്ങളിൽ ചെലവേറുന്നതാണ്. മനക്ലേശമോ അലച്ചിലോ ഉണ്ടായേക്കാം. സഹായഹസ്തങ്ങളുമായി പലരും മുന്നോട്ടു വരുന്നതാണ്.

ഭരണി

ആത്മവിശകലനം നടത്തിയേക്കും.  തിരുത്തേണ്ട കാര്യങ്ങൾ തിരിച്ചറിയുന്നതാണ്. കുടുംബപരമായി താല്പര്യം കുറഞ്ഞേക്കാം. ദൈവിക സമർപ്പണങ്ങൾക്ക് നേരം കണ്ടെത്തും. ബന്ധുക്കളെ സന്ദർശിക്കുവാനാവും. ഔദ്യോഗിക കാര്യങ്ങളിൽ സമ്മിശ്രമായിരിക്കും അനുഭവം. 
ഞായർ, തിങ്കൾ ദിവസങ്ങളിൽ മനസ്സൗഖ്യം കുറയുന്നതാണ്. പുതിയ കാര്യങ്ങൾ തുടങ്ങാതിരിക്കുക ഉത്തമം. ചെലവും വർദ്ധിക്കും. മാതാവിൻ്റെ ആരോഗ്യകാര്യത്തിൽ ഉദാസീനതയരുത്.

കാർത്തിക

പ്രണയാനുഭവങ്ങൾ മൊട്ടിടാം. പുതിയ സുഹൃത്തുക്കളെ ലഭിക്കുന്നതാണ്. സ്വന്തം ബിസിനസ്സിൽ സാമാന്യമായ തൃപ്തിയുണ്ടാവും. വിദ്യാർത്ഥികൾക്ക് ശുഭവാർത്തയെത്തും. പ്രതീക്ഷിച്ച സഹായധനം ഭാഗികമായി കരഗതമാവും. ആദിത്യനും വ്യാഴവും കാർത്തിക നക്ഷത്രത്തിൽ  സഞ്ചരിക്കുന്നത് പലതരം സമ്മർദ്ദങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. പ്രധാന തീരുമാനങ്ങൾ ശ്രദ്ധാപൂർവ്വം വേണം കൈക്കൊള്ളുവാൻ. ഇടവക്കൂറുകാർക്ക് വാരാദ്യം ധനവും സമ്മാനങ്ങളും ഉൾപ്പെടെ പല ഗുണാനുഭവങ്ങളും വന്നുചേരുന്നതാണ്.

രോഹിണി

അപ്രതീക്ഷിതമായ ചില നേട്ടങ്ങൾ വന്നുചേരും. സമൂഹത്തിൻ്റെ അംഗീകാരം ലഭിക്കുന്നതാണ്. ഔദ്യോഗികമായി പ്രധാന ചുമതലകൾ ലഭിച്ചേക്കാം. പാരിതോഷികങ്ങൾ കിട്ടാനിടയുണ്ട്. മംഗളകർമ്മങ്ങളിലും വിരുന്നുകളിലും പങ്കെടുക്കാനാവും. മാതാവിൻ്റെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. കുടുംബ ജീവിതത്തിൽ അല്പം സ്വൈരക്കേടുകൾ ഉണ്ടാകാനിടയുണ്ട്. മകൻ്റെ ഉപരിപഠന വിഷയത്തിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളാൻ സാധിച്ചേക്കില്ല.

മകയിരം

പ്രവർത്തന മേഖലയിൽ അജയ്യത തെളിയിക്കാനാവും. സഹപ്രവർത്തകർ ഉപദേശം തേടുന്നതാണ്. നിലവിലെ സാമ്പത്തിക സ്ഥിതി വർദ്ധിപ്പിക്കാൻ അനുബന്ധ തൊഴിലുകൾ ആലോചനയിലുണ്ടാവും. പാരമ്പര്യമായി ചെയ്തുവരുന്ന കർമ്മമേഖലകളിൽ ആദായം കൂടിയേക്കും. പഴയ കടബാധ്യത മൂലം ചില പ്രശ്നങ്ങൾ വരാം. പിതാവിൽ നിന്നും ധനം ലഭിക്കാനിടയുണ്ട്. വീട്ടിൽ ചെറിയ അറ്റകുറ്റപ്പണികൾ വേണ്ടി വരും. അപരിചിതരുമായി അടുക്കുന്നത് കരുതലോടെ വേണം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശുഭാരംഭം ഒഴിവാക്കണം.

തിരുവാതിര

തൊഴിൽരംഗത്ത് സമ്മിശ്ര ഫലങ്ങളുണ്ടാവും.  സ്വന്തമായി ബിസിനസ്സ് ചെയ്യുന്നവർക്ക് നിരുന്മേഷത തോന്നാം. പുതിയ ആശയങ്ങൾ ഉണ്ടായാലും പ്രാവർത്തികമാക്കാൻ ക്ലേശിക്കും. ഉദ്യോഗസ്ഥർക്ക് തൊഴിലിടത്തിൽ പ്രാധാന്യം വർദ്ധിക്കും. ദുർഘട പ്രശ്നങ്ങൾക്ക് പോംവഴി കണ്ടെത്തും. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. വിവാഹാലോചനകൾക്ക് വേഗമേറും. പഴയ വാഹനം കൊടുത്ത് പുതിയത് വാങ്ങാൻ ശ്രമിക്കും. ജീവകാരുണ്യ പ്രവർത്തനത്തിൽ സന്തോഷമേറും. വ്യാഴം, വെള്ളി ദിവസങ്ങളിൽ സുഖകരമല്ലാത്ത അനുഭവങ്ങൾ വന്നേക്കാം.

പുണർതം

നക്ഷത്രനാഥനായ വ്യാഴത്തിന് മൗഢ്യമാകയാൽ പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സാമ്പത്തിക ഞെരുക്കത്തിന് നല്ല അയവുണ്ടാവും. വായ്പയുടെ തിരിച്ചടവിന് തടസ്സമുണ്ടാവില്ല. കച്ചവടത്തിൽ നിന്നും കൂടുതലായി ആദായം പ്രതീക്ഷിക്കാം. വ്യവഹാരങ്ങളിൽ അനുകൂല വിധിയ്ക്ക് സാധ്യതയുണ്ട്. പഠനത്തിൻ്റെ ഭാഗമായിട്ടുള്ള സഹായധനത്തോടു കൂടിയ തൊഴിൽ ലഭിക്കാം. യാത്രകൾ മൂലം അലച്ചിലുണ്ടാവും. ശാരീരികമായ സ്വസ്ഥതക്കുറവ് അനുഭവപ്പെടുന്നതാണ്.

പൂയം

ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടുന്ന വാരമാണ്. ചെയ്യുന്ന തൊഴിലിൽ ഉന്നമനം ഉണ്ടാവും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാകും. നവസംരംഭങ്ങളിൽ നിന്നും ലാഭം വന്നുതുടങ്ങുന്നതാണ്. ഉപരിപഠനത്തിന് തയ്യാറെടുക്കും. വിദേശത്ത് കഴിയുന്നവരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹൃതമാവും. കിടപ്പ് രോഗികൾക്ക് ആശ്വസിക്കാൻ സാധിക്കും. പൊതുവേ ഭാഗ്യപുഷ്ടിയുണ്ടാവും. ഊഹക്കച്ചവടത്തിൽ നേട്ടം പ്രതീക്ഷിക്കാം. ശനിയാഴ്ച ദിവസം കരുതൽ വേണം.

ആയില്യം

തൊഴിലിൽ വളർച്ച പ്രകടമാവും. ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുന്നതാണ്. ഏജൻസി, ഡീലർഷിപ്പുകൾ എന്നിവ ലാഭകരമാവും. ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതിയോ അധികാരമുള്ള ചുമതലകളോ പ്രതീക്ഷിക്കാം. പുരോഗതിയ്ക്കുള്ള തടസ്സങ്ങൾ തിരിച്ചറിയാനും അവയെ ഒഴിവാക്കാനും കഴിയുന്നതാണ്. കുടുംബബന്ധങ്ങൾ ശക്തി പകരും. പൂർവ്വകാല സുഹൃത്തുക്കളുമായി ഒന്നിക്കാനാവും. കൃഷികാര്യങ്ങളിൽ ആഭിമുഖ്യം വർദ്ധിക്കുന്നതാണ്. സകടുംബം പുണ്യസ്ഥലങ്ങൾ സന്ദർശിച്ചേക്കും.

മകം

പരീക്ഷയിലെ മികച്ച വിജയം അഭിനന്ദിക്കപ്പെടും. ഓൺലൈനായി നടത്തുന്ന പ്രവർത്തനങ്ങളിൽ നിന്നും ലാഭം വന്നുതുടങ്ങുന്നതാണ്. അതിരുതർക്കങ്ങൾ പരിഹൃതമാവും. അതിഥി സൽക്കാരം സൽപ്പേരുണ്ടാക്കും. മുൻപ് പ്രയത്നിച്ച് ലക്ഷ്യം കാണാത്ത കാര്യങ്ങൾക്കായി അദ്ധ്വാനം തുടരുന്നതാണ്. തൊഴിൽ തേടുന്നവർക്ക് ചെറിയ വരുമാന മാർഗമെങ്കിലും തുറന്നു കിട്ടാതിരിക്കില്ല.  വാരാദ്യത്തിൽ അഷ്ടമരാശിയുള്ളതിനാൽ  ജാഗ്രതക്കുറവ് ഉണ്ടാവരുത്.

പൂരം

സ്വതന്ത്രമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ അല്പം ക്ലേശമുണ്ടാവും.  സാധാരണ കാര്യങ്ങൾ ഭംഗിയായി നടന്നുകൊള്ളും.  പാർട്ണർഷിപ്പ് ബിസിനസ്സിൽ സാമാന്യം തൃപ്തിയുണ്ടാവും. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖ, ലൈസൻസ് ഇത്യാദികൾ വന്നെത്തുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റക്കാര്യം ഒരു ആശങ്കയായി തുടരും. സകുടുംബം വിനോദ പരിപാടികളിൽ സംബന്ധിക്കും. ആഡംബരച്ചെലവുകൾ  ചെലവുകൾ സാധ്യതയാണ്. വാരാദ്യം ദേഹക്ഷീണം അനുഭവപ്പെടും. ഡോക്ടറുടെ ഉപദേശം തേടേണ്ടി വന്നേക്കും.

ഉത്രം

സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ അദ്ധ്വാനം ആവശ്യമായി വരുന്നതാണ്.  ബിസിനസ്സിൽ നിന്നും ആദായം സാമാന്യമായിട്ടാവും ഉണ്ടാവുക.  പുതിയ ശാഖ തുടങ്ങാനുള്ള തീരുമാനം നീട്ടിവെക്കും. വായ്പ നേടാനുള്ള ശ്രമത്തിൽ മുഴുകുന്നതാണ്. ദാമ്പത്യത്തിൽ സംതൃപ്തി കുറയാം. തന്മൂലമുള്ള മനക്ലേശത്തിന് പോംവഴി കണ്ടെത്താൻ കഴിയാതെ വിഷമിക്കും. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധാലുവാകും.
 അയൽ വഴക്കുകൾക്ക് മാധ്യസ്ഥം വഹിച്ചേക്കും.

അത്തം

പല പ്രതിജ്ഞകളും കൈക്കൊള്ളും. എന്നാൽ അവ പ്രാവർത്തികമാക്കാൻ വിഷമമനുഭവപ്പെടും. സംരംഭങ്ങളിൽ വളർച്ചയുണ്ടാവും. കൂടുതൽ മുതൽ മുടക്കുന്നത് പുനരാലോചിച്ച ശേഷം നടത്തിയാൽ മതിയാകുന്നതാണ്. പുതിയ തലമുറയുമായി പൊരുത്തപ്പെടാൻ വിഷമിക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കുന്നതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട വാരമാവും. വസ്ത്രം, ആഭരണം, ഗൃഹോപകരണങ്ങൾ ഇവ വാങ്ങിയേക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൂടുതൽ കരുതൽ വേണ്ടതുണ്ട്.

ചിത്തിര

നക്ഷത്രനാഥനായ ചൊവ്വയുടെ രാഹുബന്ധം നിരുന്മേഷതയ്ക്ക് കാരണമാകും. സമയബന്ധിതമായി പൂർത്തിയാക്കേണ്ടവ നീട്ടിവെക്കുന്നതാണ്. ഒന്നുകൂടി പരിശ്രമിച്ചിരുന്നെങ്കിൽ ഇതിലും നേട്ടം കൊയ്യാമായിരുന്നല്ലോ എന്ന പശ്ചാത്താപത്തിന് സാധ്യതകാണുന്നു. മംഗളകർമ്മങ്ങളിൽ പങ്കെടുത്തേക്കും. രാഷ്ട്രീയ നിലപാടുകൾ സുഹൃത്തുക്കൾക്കിടയിൽ തർക്കത്തിന് വഴിവെക്കാം. ധനപരമായി തരക്കേടില്ലാത്ത ആഴ്ചയാണ്. ചെലവുകളിൽ നിയന്ത്രണം വേണ്ടതുണ്ട്.  പ്രണയികൾക്ക് ആഹ്ളാദിക്കാൻ കഴിയുന്ന വാരമാണ്.

ചോതി

സുഹൃൽബന്ധങ്ങൾ ദൃഡമാകും. സഹോദരരുമായി ചേർന്നു നടത്തുന്ന വ്യാപാരത്തിൽ വിപുലീകരണം സാധ്യമാകും. ചിട്ടി, ലോൺ, ഇൻഷ്വറൻസ് മുതലായവയിൽ നിന്നും ധനാഗമം പ്രതീക്ഷിക്കാം. കടബാധ്യതകൾ തെല്ലെങ്കിലും പരിഹരിക്കാനാവും. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അപ്രീതിയുണ്ടാവും. കുടുംബത്തിൽ നവാതിഥി വന്നേക്കും. വിദേശത്തുള്ളവർക്ക് നാട്ടിൽ വരാനുള്ള സാഹചര്യം ഒരുങ്ങുന്നതാണ്. കലാപ്രവർത്തകർക്ക് പുതിയ സർഗകർമ്മങ്ങളിൽ പങ്കുകൊള്ളാനാവും.

വിശാഖം

പങ്കാളിത്ത വ്യാപാരത്തിൽ വിജയമുണ്ടാകും.  എന്നാലും കൂടുതൽ മുതൽമുടക്കുകൾ നടത്തുന്നത് കരുതലോടെയാവണം. സംഘടനകളിലും മറ്റും സ്ഥാനലബ്ധി പ്രതീക്ഷിക്കാം.  ജോലിസ്ഥലത്തെ  എതിർപ്പുകളെ തൃണവൽഗണിക്കും. സുഹൃത്തുക്കളെച്ചൊല്ലി കുടുംബത്തിൽ  ഭിന്നാഭിപ്രായങ്ങൾ ഉയരാം. വിദ്യാർത്ഥികൾ പ്രശസ്തവിജയം നേടും. വിപുലമായ അഭിനന്ദനത്തിന് പാത്രമാകുന്നതാണ്.  വ്യവഹാരങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർ അനുരഞ്ജനമാർഗം സ്വീകരിക്കുകയാവും ഉചിതം. ധനപരമായി മെച്ചമുണ്ടാകും.

അനിഴം

ചില ചോദ്യങ്ങൾക്ക് മൗനം ഉത്തരമായി നൽകേണ്ടിവരുന്നതാണ്. ഊർജ്ജം പ്രയോജനരഹിതമായ കാര്യങ്ങൾക്കായി വിനിയോഗിക്കേണ്ട സ്ഥിതി വരുന്നതാണ്. മക്കളുടെ ഉപരിപഠന കാര്യത്തിൽ ആശയക്കുഴപ്പം തുടരാം. ഗാർഹിക കാര്യങ്ങളിൽ അശ്രദ്ധയുണ്ടാവും. രഹസ്യ ലക്ഷ്യങ്ങൾ പുറത്തറിയുന്നതിനാൽ ജാള്യമുണ്ടായേക്കും. പാരമ്പര്യസ്വത്തുക്കളുടെ കാര്യത്തിൽ അനുകൂല തീരുമാനം സ്വീകരിക്കപ്പെടും. അവിവാഹിതരുടെ വിവാഹാലോചനകൾക്ക് ഉണർവുണ്ടാവും. ക്ഷേത്രാടനത്തിന് സാധ്യത കാണുന്നു.

തൃക്കേട്ട

അനാവശ്യമായ ചിന്തകൾ ഉണ്ടാവും. ചില സൗഹൃദങ്ങൾ ദുഷ്കീർത്തിക്ക് വഴിതുറന്നേക്കാം. സാമ്പത്തികമായി മോശം സമയമല്ല. ഉദ്യോഗാർത്ഥികൾക്ക് ശുഭപ്രതീക്ഷയ്ക്ക് വകയുണ്ട്. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കുന്നതാണ്. കലാരംഗത്തുള്ളവർക്ക് അംഗീകാരം  ലഭിച്ചേക്കും.  ഓൺലൈൻ വ്യാപാരത്തിൽ പുരോഗതി വന്നുചേരുന്നതാണ്. സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങൾ രൂക്ഷമായ പ്രതികരണം ഏറ്റുവാങ്ങിയേക്കും. ആരോഗ്യപരമായി ജാഗ്രതവേണ്ടതുണ്ട്.

മൂലം

ഗാർഹികമായ ക്ലേശങ്ങൾ കുറയുമെങ്കിലും മനക്ഷോഭം വർദ്ധിക്കുന്നതാണ്.  ആലോചനാശൂന്യമായ തീരുമാനങ്ങൾ കൈക്കൊള്ളും. സുഹൃത്തുക്കളോട് വിരോധം തോന്നും. ബന്ധുക്കളുടെ പ്രവർത്തനങ്ങളെ വിമർശിക്കുന്നതാണ്. തൊഴിൽപരമായി തരക്കേടില്ലാത്ത കാലമാണ്. ധനവരവ് തൃപ്തികരമായിരിക്കും. സാങ്കേതികവിദ്യ പഠിക്കാൻ ശ്രമിക്കും. വാഹനങ്ങൾ അറ്റകുറ്റപ്പണി തീർന്ന് ഉപയോഗത്തിലാവും. വൃദ്ധജനങ്ങളിൽ നിന്നും ഹിതോപദേശം ലഭിക്കുന്നതായിരിക്കും. പഴയ കാര്യങ്ങൾ കേൾക്കുന്നതിൽ സന്തോഷം തോന്നും.

പൂരാടം

പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടും. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ തീവ്രശ്രമം നടത്തുന്നതാണ്. പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കുന്നത് വളരെ ആലോചിച്ചിട്ടാവണം. ചിലർക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ട സാഹചര്യം ഉണ്ടാവാം. ഗൃഹത്തിൽ നവീകരണ ജോലികൾ അത്യാവശ്യമായേക്കും. വാഹനം ഉപയോഗിക്കുന്നവർ ഏറ്റവും ജാഗ്രത പുലർത്തണം. നിലവിലെ തൊഴിൽ ഉപേക്ഷിച്ച ശേഷം പുതിയത്  തേടുന്നത് സാഹസമായേക്കും. സാമൂഹ്യമായ അംഗീകാരം കുറയും.

ഉത്രാടം

പ്രവൃത്തിയിൽ നവോന്മേഷമുണ്ടാവും. ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തും. പാർട്ണർഷിപ്പിന് തുടക്കം കുറിക്കുന്നതാണ്. പുതിയ ഓഫീസോ കെട്ടിടമോ പണിയുന്നത് ആലോചനയിലുണ്ടാവും. ജീവിത പങ്കാളിയുടെ പിന്തുണയിൽ അഭിമാനിക്കുന്നതാണ്. പൊതുപ്രവർത്തനം നടത്തുന്നവർക്ക് സാമൂഹികമായ അംഗീകാരം സിദ്ധിക്കും. പരീക്ഷയിൽ പ്രശസ്ത വിജയം നേടാനാവും. ഊഹക്കച്ചവടത്തിൽ നിന്നും നേട്ടങ്ങളുണ്ടാവും. യാത്രകൾ മനസ്സിന് ആശ്വാസവും പിരിമുറുക്കങ്ങളിൽ നിന്നും മോചനവുമേകും.

തിരുവോണം

സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം സംജാതമാകും. സാധാരണ കാര്യങ്ങൾ ഭംഗിയായി ചെയ്യാനാവും. വിശിഷ്ടവ്യക്തികളെ സന്ദർശിക്കാനവസരം സിദ്ധിക്കുന്നതാണ്. പ്രതീക്ഷിച്ച അവസരം തേടി വരാം. രഹസ്യം സൂക്ഷിക്കുന്നതിൽ ജാഗ്രത കാണിക്കും. പണയവസ്തു തിരിച്ചെടുക്കാനായേക്കും. പുതുകാര്യങ്ങൾ തുടങ്ങുന്നതിൽ അനാവശ്യ ധൃതി കാട്ടും. മകൻ്റെ തുടർ വിദ്യാഭ്യാസ കാര്യത്തിൽ ആശയക്കുഴപ്പം വരാം. വിദേശ പഠനം , തൊഴിൽ എന്നിവയ്ക്കായി ശ്രമം നടത്തുന്നവർക്ക് അനുകൂലമായ സാഹചര്യമുണ്ടാവും.

അവിട്ടം

നിലവിലെ ബിസിനസ്സ് ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥയിലായേക്കും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിൽ ആശയക്കുഴപ്പം വരാം. ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മുൻ ലാവണത്തിൽ മടങ്ങേണ്ടിവരും.  പുതിയ വാടക വീട് കണ്ടെത്തുന്നതിൽ വിജയിക്കുന്നതാണ്.
പഴയ കാര്യങ്ങൾ സംസാരിച്ച് കൂട്ടുകാരുമായി തർക്കിച്ചേക്കാം. സഹായിക്കാമെന്നേറ്റവർ പിൻവാങ്ങും. മക്കളെച്ചൊല്ലി ആഹ്ളാദിക്കാനും അഭിമാനിക്കാനുമാവും. വസ്തുവ്യാപാരത്തിൽ അമളി പറ്റാനോ നഷ്ടം വരാനോ ഇടയുണ്ട്.

ചതയം

പ്രധാനപ്പെട്ട തീരുമാനങ്ങൾ  കൈക്കൊള്ളുന്നതാണ്. ഗൃഹാന്തരീക്ഷം സമാധാനപൂർണമാകും.   സഹോദരരുടെ ഉയർച്ചയ്ക്കായി നടത്തുന്ന ശ്രമങ്ങൾ അഭിനന്ദിക്കപ്പെടും. മിതവ്യയത്തിൽ ശ്രദ്ധവെക്കുന്നതാണ്. പരുഷവാക്കുകൾ പറയുകയും പിന്നീടതിൽ ഖേദിക്കുകയും ചെയ്യും.  ജന്മനാട്ടിലേക്ക് സകുടുംബം സന്ദർശനം നടത്തിയേക്കും. ബന്ധുക്കളുമായി കൂടുതൽ അടുക്കാനിടവരും. കൃഷികാര്യങ്ങൾക്കായി അധിക സമയം കണ്ടെത്തും. ഉദ്യോഗസ്ഥർക്ക് അർഹതയുള്ള സ്ഥാനക്കയറ്റം വൈകുവാൻ സാധ്യതയുണ്ട്.

പൂരൂരുട്ടാതി

ശനി ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ എല്ലാക്കാര്യങ്ങളും ശ്രദ്ധയോടെ ചെയ്യേണ്ടതുണ്ട്. തുടങ്ങിയവ പകുതിയിൽ ഉപേക്ഷിക്കേണ്ടി വരും. അപവാദങ്ങൾക്ക് ശരവ്യനായേക്കും. ചോരഭയം, അഗ്നിഭയം ഇവയ്ക്ക് സാധ്യതയുണ്ട്. ധനപരമായി മെച്ചപ്പെട്ട വാരമാണ്. എന്നാൽ ചെലവുകളുയരും. ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങേണ്ട സ്ഥിതിയുണ്ടാവും. കുടുംബാംഗങ്ങളുടെ സഹകരണം ആശ്വാസമേകും. വൃദ്ധജനങ്ങൾക്ക് അടിയന്തിര വൈദ്യസഹായം ആവശ്യമായേക്കും. സുഹൃത്തുക്കളുടെ വാക്കുകൾ ആത്മവിശ്വാസ ഉയർത്തുന്നതാണ്.

ഉത്രട്ടാതി

പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ മൂന്നു നക്ഷത്രങ്ങളിലും ഇപ്പോൾ യഥാക്രമം ശനി, ചൊവ്വ, രാഹു എന്നീ പാപഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ മീനക്കൂറുകാർ പൊതുവേ ശ്രദ്ധ പുലർത്തണം. സുലഭവസ്തുക്കൾ ദുർലഭമായേക്കും. പരാശ്രയത്വം ഉണ്ടാവാം. ദുർവാസനകൾ തലപൊക്കും. കലഹത്തിന് സാഹചര്യമുണ്ടാവും. ധനപരമായി ഉത്രട്ടാതിക്കാർക്ക് ഗുണകരമായ വാരമാണ്. വീട്ടിൽ നിന്നും പുറത്തു നിന്നും പിന്തുണ ലഭിക്കും. വിദ്യാർത്ഥികൾക്ക് ആശിച്ച രീതിയിൽ തുടർ പഠനം സിദ്ധിക്കുന്നതാണ്. പാരിതോഷികങ്ങൾ ലഭിക്കാം.

രേവതി

ഏല്പിച്ച ദൗത്യം പൂർത്തിയാക്കാൻ കൂടുതൽ സമയം ചോദിച്ചുവാങ്ങും. ഗവേഷണ പ്രബന്ധം നിശ്ചിത കാലയളവിൽ സമർപ്പിക്കാൻ കഴിഞ്ഞേക്കില്ല. തന്മൂലം മേലധികാരികളുടെ അപ്രീതിക്ക് പാത്രമായേക്കും. പിതാവിൽ നിന്നും നേരിട്ടോ, പിതൃസ്വത്തിൽ നിന്നോ ധനാഗമം ഉണ്ടാവും. പാരമ്പര്യമായി ചെയ്തുവരുന്ന തൊഴിലുകളിൽ നേട്ടം വന്നെത്തുന്നതാണ്. സംഘടനകളുടെ നേതൃത്വ പദവികളിൽ നിന്നും പിൻവാങ്ങാൻ ആലോചിക്കും. കുടുംബ സംഗമത്തിൽ പങ്കുകൊള്ളുന്നതാണ്. ഹോബികളിലും വിനോദപരിപാടികളിലും താല്പര്യമേറും.

Read More

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: