scorecardresearch

2024 മേയ് മാസത്തിലെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

അശ്വതി മുതൽ രേവതി വരെയുള്ള ഒന്‍പതു നക്ഷത്രങ്ങളുടെ മേയ് മാസത്തിലെ നക്ഷത്രഫലമാണ്, ഇവിടെ അവതരിപ്പിക്കുന്നത്

അശ്വതി മുതൽ രേവതി വരെയുള്ള ഒന്‍പതു നക്ഷത്രങ്ങളുടെ മേയ് മാസത്തിലെ നക്ഷത്രഫലമാണ്, ഇവിടെ അവതരിപ്പിക്കുന്നത്

author-image
S. Sreenivas Iyer
New Update
Horoscope | Astrology

May 2024 Horoscope Astrological Predictions

ഇംഗ്ലീഷ് അക്ഷരമാലയിലെ ഏറ്റവും കുറച്ച് അക്ഷരങ്ങൾ ഉപയോഗിച്ചുള്ള  പേരാണ് മേയ് (MAY) മാസത്തിന് നൽകപ്പെട്ടിരിക്കുന്നത്. സന്ദിഗ്ദ്ധതയുടെ സ്വരം പേരിൻ്റെ അർത്ഥത്തിലുമുണ്ട്. ജ്യോതിഷരീത്യാ പ്രാധാന്യമുള്ളതാണ് മേയ് മാസം. നവഗ്രഹങ്ങളിൽ ഗുരുതുല്യനായി കരുതപ്പെടുന്ന വ്യാഴം/ബൃഹസ്പതി (Jupiter) മേയ് ഒന്നാം തീയതി രാശി മാറുന്നുണ്ട്. വർഷത്തിലൊരിക്കൽ മാത്രമാണ് വ്യാഴത്തിൻ്റെ രാശിമാറ്റം വരുന്നത്.

Advertisment

ആദിത്യൻ മേടം, ഇടവം രാശികളിലൂടെയും ഭരണി, കാർത്തിക, രോഹിണി എന്നീ ഞാറ്റുവേലകളിലൂടെയും സഞ്ചരിക്കുന്നു. മേയ് 1-ാം തീയതി ചന്ദ്രൻ തിരുവോണം നക്ഷത്രത്തിലാണ്. മേയ് 31 ന് ചന്ദ്രൻ രാശിചക്രത്തെ ഒരുവട്ടം ഭ്രമണം ചെയ്ത് പൂരൂരുട്ടാതി നക്ഷത്രത്തിൽ എത്തിനിൽക്കുന്നു. ചൊവ്വയും ബുധനും മീനം രാശിയിലാണ്. 

ബുധൻ മേയ് 10 ന് മേടത്തിലേക്ക് പകരുന്നു. ശുക്രൻ മേടത്തിലാണ്. മേയ് 19 ന് ഇടവത്തിലേക്ക് സംക്രമിക്കുന്നു. വ്യാഴം മേയ് 1 ന് മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് മാറുകയാണ്. ജ്യോതിഷപരമായി ഏറെ പ്രാധാന്യമുള്ള രാശിമാറ്റമാണ് വ്യാഴത്തിൻ്റേത്. ശനി കുംഭം രാശിയിലും (പൂരൂരുട്ടാതി നാളിലും) രാഹു മീനം രാശിയിലും (രേവതി നാളിലും) കേതു കന്നി രാശിയിലും (അത്തം നാളിലും) തുടരുന്നു. 

വ്യാഴത്തിനും ശുക്രനും മൗഢ്യമുണ്ട്. മേയ് 3 ന് ശുക്രൻ്റെ മൗഢ്യം തുടങ്ങുന്നു. രണ്ടുമാസം നീളും. വ്യാഴമൗഢ്യം മേയ് 4 ന് തുടങ്ങുന്നു. ഒരു മാസത്തോളമുണ്ട് വ്യാഴത്തിൻ്റെ മൗഢ്യം. ഗ്രഹങ്ങളുടെ ശക്തി ക്ഷയിക്കുന്ന അവസ്ഥയാണ് മൗഢ്യം. സൂര്യസാമീപ്യമാണ് കാരണം. മേയ് 7,8 തീയതികളിൽ അമാവാസി അഥവാ കറുത്തവാവ് വരുന്നു. മേയ് 23 ന് ആണ് പൗർണമി അഥവാ വെളുത്തവാവ് സംഭവിക്കുന്നത്. 

Advertisment

കൊല്ലവർഷം1199 ലെ മേടം, ഇടവം മാസങ്ങൾ ചേർന്നതാണ് 2024 മേയ് മാസം. മേടമാസം 18 ന് മേയ് മാസം തുടങ്ങുന്നു. ഇടവം 17 ന് മേയ് 31 വരുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ 2024 മേയ് മാസത്തിലെ അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുന്നു.

To check out more Horoscope columns, click here

അശ്വതി

ജന്മരാശിയിൽ ആദിത്യൻ സഞ്ചരിക്കുന്നതിനാൽ മേയ് ആദ്യപകുതി വരെ കുറച്ചൊക്കെ ആയാസം ഉണ്ടാവും. അധ്വാനം അധികം വേണ്ടിവരാം. ധനവിനിയോഗത്തിൽ ജാഗ്രത കാട്ടിയില്ലെങ്കിൽ കഷ്ടനഷ്ടങ്ങൾ വന്നേക്കാം. അനുകൂലമായിട്ടുള്ള വ്യാഴമാറ്റം മേയ് മാസം ഒന്നാം തീയതി സംഭവിക്കുകയാൽ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ഔദ്യോഗികമായ അംഗീകാരം സിദ്ധിക്കുന്നതാണ്. പദവി/ഉയർച്ച സ്വാഭാവികമായിത്തന്നെ വന്നെത്തും. കുടുംബാംഗങ്ങളുടെ ഐക്യപ്പെടൽ സന്തോഷമേകും. നക്ഷത്രനാഥനായ കേതു ആറാം രാശിയിൽ തുടരുന്നതിനാൽ കർമ്മരംഗത്തെ എതിർപ്പുകൾ ഒഴിയുന്നതായിരിക്കും. കടബാധ്യതകൾ പരിഹരിക്കാനുള്ള വഴി തെളിയുന്നതാണ്. പാരമ്പര്യ തൊഴിലുകൾ വിജയത്തിലെത്തും. ഉപരി വിദ്യാഭ്യാസത്തിന് ശരിയായ ദിശാബോധം സിദ്ധിക്കുന്നതാണ്.

ഭരണി

മേയ് മാസം ആദ്യപകുതിയിൽ കാര്യസാധ്യത്തിനായി അലച്ചിലുണ്ടാവും. ഉദ്യോഗസ്ഥർക്ക് പലതരം സമ്മർദങ്ങളെ അഭിമുഖീകരിക്കേണ്ട സ്ഥിതി വരുന്നതാണ്. നീതിബോധത്തോടെ പ്രവർത്തിച്ചാലും സ്വജനപക്ഷപാതം പോലുള്ള ആരോപണങ്ങളെ നേരിടേണ്ടി വന്നേക്കാം. ആഢംബരത്തിന് ചെലവേറുന്നതാണ്. സാമ്പത്തിക നിയന്ത്രണം ഒട്ടുമുണ്ടാവുന്നതല്ല.  മേയ് മാസത്തിൻ്റെ രണ്ടാം പകുതിയിൽ  സമൂഹത്തിൻ്റെ അംഗീകാരം ലഭിക്കും. ബിസിനസ്സ് വിപുലീകരണം സാധ്യമാകുന്നതാണ്. പരീക്ഷയിൽ സമുന്നത വിജയം കരസ്ഥമാക്കും. സഹോദരരുടെ പങ്കാളിത്ത വ്യാപാരത്തിൽ കൂട്ടുചേർന്നേക്കും. വസ്തുകച്ചവടം ലാഭകരമായേക്കില്ല. ബന്ധങ്ങളുടെ ദാർഢ്യം നിലനിർത്താനായേക്കും. സംഭാഷണ ശൈലി പ്രശംസിക്കപ്പെടും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്താനാവും.

കാർത്തിക

വ്യാഴം ജന്മനക്ഷത്രത്തിലും ആദിത്യൻ ജന്മരാശിയിലും സഞ്ചരിക്കുന്ന കാലമാകയാൽ  വെല്ലുവിളികളെ നേരിടേണ്ടി വരുന്നതാണ്. ആലസ്യമോ നിരുന്മേഷതയോ ഉണ്ടാവും. സാങ്കേതിക വിദ്യയിൽ ഉപരിവിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. പഠനം / തൊഴിൽ ഇവ സംബന്ധിച്ച് വീടുവിട്ടുനിൽക്കേണ്ടി വരുന്നതാണ്. പാരമ്പര്യതൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ആദായം വർദ്ധിക്കും. പണയ വസ്തുക്കളുടെ വായ്പാ തിരിച്ചടവ് സാധ്യമാകുന്നതാണ്.  വിരുന്നുകൾ നടത്തുക, വിനോദങ്ങൾ, ആഭരണം വാങ്ങുക ഇവയ്ക്കായി വലിയ സംഖ്യ ചെലവാകും. ഗൃഹനിർമ്മാണത്തിലെ ഇൻ്റീരിയർ കാര്യങ്ങൾക്കും വ്യയം അധികരിക്കുന്നതാണ്. ഇടവക്കൂറുകാർക്ക് ഭൂമിയിൽ നിന്നും വരുമാനം ഉയരും. രഹസ്യ ലക്ഷ്യങ്ങൾ നേടിയെടുക്കാനാവും. മേടക്കൂറുകാർക്ക് പ്രായേണ വരുമാനത്തിൽ തടസ്സങ്ങൾ ഏർപ്പെടാനിടയുണ്ട്.

രോഹിണി

സൂര്യൻ പന്ത്രണ്ടാമെടത്തും ജന്മരാശിയിലും വ്യാഴം ജന്മരാശിയിലും സഞ്ചരിക്കുന്ന കാലമാണ്. പതിനൊന്നിൽ രാഹുവും ചൊവ്വയും ഉണ്ട്. അതിനാൽ പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ടായാലും അവയെ അതിജീവിച്ച് മുന്നേറാൻ കഴിയുന്നതാണ്. കരുതൽ ധനം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടി വരാം. അലച്ചിലും വഴിനടത്തയാൽ ക്ഷീണവും ഭവിക്കാം.  പിതൃബന്ധുക്കളാൽ വിഷമത്തിന് വകയുണ്ട്. ഭൂമി വില്പന ഗുണകരമാവുന്നതാണ്. അധികാരമുള്ള പദവികളിൽ ശോഭിക്കും. തർക്കങ്ങളിലും വ്യവഹാരങ്ങളിലും വിജയം വരിക്കും. കോൺട്രാക്ട് പണികളിൽ ലാഭം കണ്ടുതുടങ്ങും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങുന്നതാണ്. മകളുടെ വിവാഹത്തിന് തയ്യാറെടുക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ഉയർന്ന വിജയം നേടാനാവും. ഗുണപരമായി മികവുള്ള മാസമാണ്.

മകയിരം

നിലവിലെ ജോലി ഉപേക്ഷിച്ചശേഷം മറ്റൊരു ജോലി അന്വേഷിക്കുന്നത് ബുദ്ധിശൂന്യതയാവും. കടം വാങ്ങി വ്യാപാരം ആരംഭിക്കുന്നതും ആശാസ്യമായിരിക്കില്ല. സാധാരണ ചെയ്യുന്ന കാര്യങ്ങൾ മുടക്കം കൂടാതെ നടന്നുകിട്ടുന്നതാണ്. കുടുംബാംഗങ്ങൾ ചേർന്നു നടത്തുന്ന ബിസിനസ്സിൽ പുരോഗതിയുണ്ടാവും. അനാവശ്യമായ തിടുക്കവും ഉൽക്കണ്ഠയും ഒഴിവാക്കേണ്ടതാണ്. ജാമ്യം നിൽക്കുന്നതിൽ ജാഗ്രതയുണ്ടാവണം. വാഗ്ദാനങ്ങൾ നൽകുമ്പോൾ നടപ്പിലാക്കാനാവുമോ എന്നത് ആലോചനയിൽ ഉണ്ടാവണം. ചിട്ടി, ലോൺ, ഇൻഷ്വറൻസ് മുതലായവയിൽ നിന്നും ധനം വന്നുചേർന്നേക്കും. ഉദ്യോഗസ്ഥർക്ക് ദുർഘടങ്ങളായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരാം. ആഢംബരച്ചെലവുകൾ വർദ്ധിക്കുന്നതാണ്. മിഥുനക്കൂറുകാർക്ക് മാസത്തിൻ്റെ ആദ്യപകുതി മെച്ചപ്പെട്ടതാവും.

തിരുവാതിര

മാസാദ്യത്തിൽ നേട്ടങ്ങൾ പലതുണ്ടാവുന്നതാണ്. പിതാവിന് ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാവും. പിതാവിൽ നിന്നും പാരിതോഷികം ലഭിക്കുന്നതാണ്. രാഷ്ട്രീയ പ്രവർത്തകർ അണികളുടെ വിശ്വാസമാർജ്ജിക്കും. തൊഴിലന്വേഷകർക്ക് ആശ്വസിക്കാൻ സാഹചര്യമുണ്ടാവും. വ്യവഹാരങ്ങൾക്ക് അനുകൂല വിധി കിട്ടും. പിണങ്ങിയവർക്ക് ഒരുമിക്കാൻ കഴിയുന്നതാണ്. പ്രണയത്തിൽ ആഹ്ളാദം ഭവിക്കും.  ന്യായമായ ആഗ്രഹങ്ങൾ തടസ്സമില്ലാതെ കൈവശമെത്തും. പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ നേട്ടങ്ങൾ മന്ദീഭവിക്കാം. ചെലവിന് പല വഴികൾ വരാം. ആശുപത്രിച്ചിലവും ഒരു സാധ്യതയാണ്. പഴയ കടബാധ്യതകൾ ശല്യകാരികളായേക്കും. ദൂരയാത്രകൾ ആവശ്യമാവുന്നതാണ്.

പുണർതം

ഗ്രഹാനുകൂലതകളെ പ്രവൃത്തിപഥത്തിൽ എത്തിക്കാൻ കൃത്യമായ ആസൂത്രണം ആവശ്യമുള്ള കാലമാണ്.  ബിസിനസ്സ് മേഖലയുടെ വിപുലീകരണത്തിന് പാർട്ണർമാരെ തേടും. വിദേശത്തു കഴിയുന്ന മകൻ്റെ ധനം നല്ല കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്തും. പിതാവിന് സമൂഹത്തിൻ്റെ അംഗീകാരമോ ആദരമോ  ലഭിക്കുന്നതാണ്. ഊഹക്കച്ചവടത്തിൽ നഷ്ടം വരാനിടയുണ്ട്. മനസ്സിൽ ആരാധിക്കുന്ന വ്യക്തികളെ നേരിൽ സന്ദർശിക്കുന്നതിന് അവസരമുണ്ടാവും. കോടതി വ്യവഹാരം അനുരഞ്ജനത്തിലാവാൻ മുൻകൈയ്യെടുക്കും. മേയ് 4-ാം തീയതി മുതൽ നക്ഷത്രനാഥനായ വ്യാഴത്തിന് മൗഢ്യം വരികയാൽ വാക്കിലും പ്രവൃത്തികളിലും സാമ്പത്തിക കാര്യങ്ങളിലും കരുതൽ വേണം.  പ്രതീക്ഷിച്ച പിന്തുണ നാമമാത്രമാവും. വിദൂരെയാത്രകൾ ഉണ്ടാവുന്നതാണ്.

പൂയം

ഗുണപുഷ്കലതയുള്ള കാലഘട്ടമാണ്. മുൻപ് അതിപ്രയത്നത്താൽ പോലും നേടാനാവാത്തവ ഇപ്പോൾ ലഘുപ്രയത്നത്താൽ നേടാനാവും. അർഹതയ്ക്കനുസരിച്ചുള്ള തൊഴിൽ ലഭിച്ചേക്കാം. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം, വേതന വർദ്ധനവ് ഇവ സിദ്ധിക്കുന്നതാണ്. പരീക്ഷയിൽ സ്തുത്യർഹമായ വിജയം കൈവരും. തുടർപഠനത്തിന് ആഗ്രഹിച്ചപോലെ അവസരങ്ങൾ ലബ്ധമാകുന്നതാണ്. അകത്തും പുറത്തുമുള്ള എതിർപ്പുകൾ നിഷ്പ്രഭമാവും. വീടുവിട്ടുപോയവർ മടങ്ങിവന്നേക്കും. അവിവാഹിതർക്ക് വിവാഹസാഫല്യം ഭവിക്കുന്നതാണ്. നവസംരംഭങ്ങൾ വിജയകരമാകും. കുടുംബ ജീവിതത്തിൽ ഭദ്രത പ്രതീക്ഷിക്കാം. ധനപരമായ ഞെരുക്കം മാറും. ചെറിയ ആരോഗ്യപ്രശ്നങ്ങൾ വരാവുന്നതാണ്.

ആയില്യം

പത്ത്, പതിനൊന്ന് ഭാവങ്ങളിലായി ആദിത്യനും പതിനൊന്നിൽ വ്യാഴവും സഞ്ചരിക്കുകയാൽ ന്യായമായ ആഗ്രഹങ്ങൾ സാക്ഷാല്കരിക്കപ്പെടുന്നതാണ്. കഴിവുകൾക്ക് അംഗീകാരം ലഭിക്കും. അയൽ വഴക്കുകൾക്ക് പരിഹാരമാവും. മുടങ്ങിപ്പോയ സംരംഭങ്ങൾ പുനരാരംഭിക്കാൻ സാധിക്കുന്നതാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി, രേഖ മുതലായവ നേടാനാവും. വിദേശത്ത് തൊഴിൽ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് പരിഹാരം കിട്ടും. പാരമ്പര്യമായി ചെയ്തുവരുന്ന ബിസിനസ്സിൽ മുന്നേറ്റം ദൃശ്യമാകുന്നതാണ്. പൊതുപ്രവർത്തകർക്ക് വലിയ തോതിലുള്ള ജനപിന്തുണ സിദ്ധിക്കാം. പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് അവസരമൊരുങ്ങും. അഷ്ടമശനിയും ഒമ്പതിലെ രാഹുകുജന്മാരും രോഗം, കാര്യവിളംബം, ഭാഗ്യക്കുറവ് എന്നിവ സൃഷ്ടിച്ചേക്കാം.

മകം

ചിങ്ങക്കൂറിൻ്റെ അധിപനായ സൂര്യൻ ഉച്ചസ്ഥാനത്തിലും തുടർന്ന് അനുകൂല ഭാവമായ പത്താമെടത്തിലും സഞ്ചരിക്കുന്നത്  ഗുണഫലങ്ങൾ സൃഷ്ടിക്കാം. ഭാഗ്യാനുഭവങ്ങൾ പലതുണ്ടാവും. കാര്യസാദ്ധ്യത്തിന് രാഷ്ട്രീയ ഇടപെടലുകൾ ഗുണം ചെയ്യുന്നതായിരിക്കും. പദവികൾ ലഭിച്ചേക്കാം. ലോൺ നേടാനുള്ള ശ്രമം വിജയിക്കുന്നതാണ്. അദ്ധ്വാനം അംഗീകരിക്കപ്പെടും. സംരംഭങ്ങൾക്കായുള്ള അനുമതി രേഖകൾ തടസ്സം കൂടാതെ കിട്ടുന്നതാണ്. ബിസിനസ്സിൽ ആദായം കുറയില്ല. ഉപഭോക്താക്കളുടെ നിർദ്ദേശം കണക്കിലെടുക്കും. രാഹുവും ചൊവ്വയും ശനിയും അനിഷ്ടസ്ഥിതിയിൽ ആകയാൽ ദുഷ്കീർത്തി, ആരോഗ്യപ്രശ്നങ്ങൾ, ചോരഭയം, പ്രണയ ഭംഗം, ദാമ്പത്യ ക്ലേശങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ട്.  ആകയാൽ വാക്കിലും കർമ്മങ്ങളിലും കരുതൽ ആവശ്യമാണ്.

പൂരം

ജീവിതത്തിൻ്റെ മുന്നോട്ടുള്ള ഗതി സുഗമമാവും. സ്വന്തം അഭിപ്രായം ഒപ്പമുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാൻ കഴിയുന്നതാണ്. സഹപ്രവർത്തകരുടെ സഹകരണം ദൗത്യങ്ങളെ വിജയിപ്പിക്കും. കുടുംബയോഗം വിളിച്ചു കൂട്ടും. പഴയ കാര്യങ്ങൾ അയവിറക്കാനും ഭാവി പ്രവർത്തനങ്ങൾ തീരുമാനിക്കാനുമാവും. അനുബന്ധ ജോലികളും ആദായകരമായേക്കും. പിതാവുമായുള്ള അകൽച്ച നീങ്ങും. പരീക്ഷ എഴുതി കാത്തിരിക്കുന്നവർക്ക് മികച്ച വിജയം കൈവരുന്നതാണ്. തുടർ പഠനം സംബന്ധിച്ച വ്യക്തത ഉണ്ടാവും. ഇടയ്ക്ക് നിരുന്മേഷത, കർമ്മപരാങ്മുഖത്വം ഇവയുണ്ടാേയേക്കും. ഉത്തരവാദിത്വങ്ങൾ മറ്റുള്ളവരെ ഏല്പിക്കുന്നതുമൂലം ദോഷഫലം വരാനിടയുണ്ട്.  സാമ്പത്തിക അച്ചടക്കം പാലിക്കാൻ കഴിഞ്ഞേക്കില്ല. കരുതലും ആത്മാർത്ഥതയും കൂടിയേ കഴിയൂ.

ഉത്രം

നക്ഷത്രനാഥൻ ആദിത്യൻ്റെ ഉച്ചസ്ഥിതിയാൽ ആത്മശക്തി ഉയരുന്നതാണ്. പ്രതിസന്ധികളെ നേരിടുന്നതിൽ ധൈര്യമുണ്ടാവും. കുടുംബാംഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ആത്മാർത്ഥമായ ശ്രമം തുടരുന്നതാണ്. സ്വകാര്യസ്ഥാപനത്തിലെ ജോലിയിൽ ഉയർച്ചയുണ്ടാവും. സർക്കാർ ഉദ്യോഗസ്ഥർക്ക് അനുകൂലമായ ദിക്കിലേക്ക് സ്ഥലംമാറ്റം  പ്രതീക്ഷിക്കാം. തർക്കവസ്തുക്കൾ വിൽക്കാനുള്ള ശ്രമം തടസ്സപ്പെടുന്നതാണ്. സഹോദരരുമായി പാർട്ണർഷിപ്പ് സംബന്ധിച്ച തർക്കങ്ങൾ ഉടലെടുക്കാനിടയുണ്ട്. പുതുതലമുറയുമായി ആശയസംഘർഷം ഉണ്ടാകാം. വൃദ്ധജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ സാധ്യതയാണ്. കൃഷിയിൽ താല്പര്യമേറും. പുതിയ വിഷയങ്ങൾ പഠിക്കാൻ ശ്രമം നടത്തുന്നതാണ്.

അത്തം

അഷ്ടമ, നവമ ഭാവങ്ങളിലെ ആദിത്യസഞ്ചാരത്താൽ സർക്കാർ സംബന്ധിച്ച കാര്യങ്ങളിൽ തടസ്സം ഏർപ്പെടുന്നതാണ്. ഉദ്യോഗസ്ഥർ മേലധികാരികളുടെ അപ്രീതിക്ക് പാത്രമാവും. സംഘടനാകാര്യങ്ങളിൽ ആരോപണം നേരിടേണ്ടി വന്നേക്കാം. ശത്രുക്കളുടെ പ്രവർത്തനം സ്വൈരക്കേടുണ്ടാക്കും. പിതാവിൻ്റെ സ്വത്തുക്കൾ സംബന്ധിച്ച് തർക്കങ്ങൾ ഉടലെടുക്കാൻ സാധ്യത കാണുന്നു. സ്വന്തം പണം മുടക്കി നടത്തുന്ന തൊഴിലിൽ നിന്നും ചെറുലാഭം വന്നുതുടങ്ങും. എന്നാൽ വരുമാനത്തിൽ അസ്ഥിരത്വമുണ്ടാവും. കുടുംബപരമായി സൗഖ്യം കുറഞ്ഞേക്കാം. ഭോഗവിഘാതം, ജീവിത പങ്കാളിയുമായി കലഹം, പ്രണയകാര്യത്തിൽ തടസ്സം, ഉറക്കക്കുറവ് ഇവയുണ്ടാവുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ മനസ്സന്തോഷത്തിന് വക കാണുന്നു. സാങ്കേതിക പഠനത്തിന് പ്രവേശനം സിദ്ധിക്കും.

ചിത്തിര

ലക്ഷ്യപ്രാപ്തിക്ക് നിരന്തര പ്രവർത്തനം ആവശ്യമായി വരുന്നതാണ്. കാലത്തിൻ്റെ മാറ്റം ഉൾക്കൊള്ളാൻ ശ്രമിക്കും. കർമ്മമേഖലയിൽ നവീകരണം ഭാഗികമായി സാധ്യമാകും. സഹായ വാഗ്ദാനങ്ങളിൽ അമിതമായി വിശ്വസിക്കേണ്ടതില്ല. ഓൺലൈൻ ബിസിനസ്സിൽ വരുമാനം ഏറിയും കുറഞ്ഞുമിരിക്കും. പുതിയ ഡീലർഷിപ്പുകൾ നേടിയേക്കും. ഉദ്യോഗസ്ഥർക്ക് ശരാശരിയായിട്ടുള്ള മാസമാണ്. നക്ഷത്രനാഥനായ ചൊവ്വയ്ക്ക് രാഹുയോഗം തുടരുകയാൽ ആലസ്യം, ശരീരമനക്ലേശങ്ങൾ എന്നിവ ഭവിക്കാം. കുടുംബയോഗങ്ങളുടെ സംഘാടനത്തിന് സമയം കണ്ടെത്തുന്നതാണ്. വിനോദ - ആത്മീയ യാത്രകൾക്ക് അവസരമൊരുങ്ങും. പരീക്ഷാഫലം ആഹ്ളാദിപ്പിക്കും.

ചോതി

സാമൂഹികമായ അംഗീകാരം  ഉയരുന്നതാണ്. പാർട്ണർഷിപ്പ് ബിസിനസ്സിൽ പുതിയ പങ്കാളികളെ ചേർക്കും. വ്യക്തിപരവും തൊഴിൽപരവുമായ യാത്രകൾ കൂടുന്നതാണ്. ചൊവ്വ-രാഹു യോഗം ഉള്ള കാലമാകയാൽ ആത്മശക്തി ഭവിക്കും. പരീക്ഷണങ്ങളിൽ വിജയിക്കുന്നതാണ്. ലക്ഷ്യം നേടാൻ വളഞ്ഞ വഴികൾ സ്വീകരിച്ചെന്നു വരാം. ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും. ഋണബാധ്യതകൾ ലഘൂകരിക്കാനാവും. അച്ഛനുമായുള്ള ആശയഭിന്നത രൂക്ഷമാകുന്നതുമൂലം സ്വൈരക്കേടുകൾ വരാം. സ്വാർത്ഥത ആരോപിക്കപ്പെടും. ജീവിതപങ്കാളിയുടെ കർമ്മരംഗത്ത് ഭാഗികമായ മുന്നേറ്റമുണ്ടാകും.  അന്യദേശ-വിദേശ പഠനത്തിന് മകൻ്റെ നിർബന്ധമുണ്ടാവുന്നതാണ്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പറഞ്ഞുവെച്ചിരുന്ന അവസരങ്ങൾ കരഗതമാവും.

വിശാഖം

ഒന്നിലധികം മേഖലകളിൽ പ്രവർത്തിക്കുന്നതാണ്. ഭാഗ്യപരീക്ഷണങ്ങൾ വിജയകിരീടം ചൂടും. സ്വന്തം അഭിപ്രായത്തിന് പരിഗണന ലഭിച്ചേക്കും. സഹോദരരുമായുള്ള കൂട്ടുകച്ചവടത്തിൽ നിന്നും ആദായം വർദ്ധിക്കുന്നതാണ്. തൊഴിൽ തേടുന്നവർക്ക് പുതിയ അവസരങ്ങൾ തുറക്കപ്പെടാം. കൗശല ബുദ്ധികൊണ്ട് കർമ്മമേഖലയിലെ വിമതസ്വരങ്ങളെ മറികടക്കുന്നതാണ്. പൊതുപ്രവർത്തകർ അണികളുടെ വിശ്വാസമാർജ്ജിക്കാൻ അധികസമയം  ചെലവഴിക്കേണ്ടതായി വരുന്നതായിരിക്കും. വ്യായാമം, ഭക്ഷണക്രമം ആരോഗ്യപരിപാലനം എന്നിവയിൽ ശ്രദ്ധയേറുന്നതാണ്. പുതുതലമുറയുമായുള്ള പക്ഷാന്തരങ്ങൾ ഗൃഹാന്തരീക്ഷത്തെ ചിലപ്പോൾ കലുഷമാക്കാം. പ്രണയികൾക്ക് ആഗ്രഹസാഫല്യം ഭവിക്കുന്നതാണ്. മാസാദ്യത്തിൽ കൂടുതൽ വളർച്ചയും സാമ്പത്തിക ശാക്തീകരണവും പ്രതീക്ഷിക്കാം.

അനിഴം

ജീവിതം കൂടുതൽ സുഗമവും ആസ്വാദ്യവുമാകുന്നതാണ്. പ്രത്യേകിച്ചും മാസാദ്യ പകുതിയിൽ. ആത്മശക്തി വർദ്ധിക്കും. നൂതനകാര്യങ്ങൾ പഠിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നതിൽ ശ്രദ്ധയും താല്പര്യവും ഏറുന്നതായിരിക്കും. വസ്തുതർക്കങ്ങളിലെ നൂലാമാലകൾക്ക്  പോംവഴി തെളിയുന്നതാണ്. കർമ്മരംഗത്ത് എന്ന പോലെ വ്യക്തിപരമായും അടുക്കും ചിട്ടയുമുണ്ടാവും.  ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റമോ ഇഷ്ടദിക്കിലേക്ക് സ്ഥലം മാറ്റമോ വേതനത്തിൽ ഉയർച്ചയോ പ്രതീക്ഷിക്കാം. നവസംരംഭങ്ങൾ തുടങ്ങാനായേക്കും. നവമാധ്യമങ്ങളിലെ പരീക്ഷണങ്ങൾ നേട്ടങ്ങൾക്ക് വഴിതുറക്കും. ആഗ്രഹിച്ച വിധത്തിൽ പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കാം. അനാവശ്യമായ ആലോചനകൾ, മക്കളെക്കുറിച്ചുള്ള വൃഥാ ഉൽക്കണ്ഠകൾ എന്നിവ ഒഴിവാക്കണം.

തൃക്കേട്ട

ആദിത്യൻ്റെ ആനുകൂല്യവും വ്യാഴത്തിൻ്റെ രാശിപ്പകർച്ചയും നവോന്മേഷത്തിന് കാരണമാകുന്നതാണ്. സാങ്കേതികജ്ഞാനം നേടാൻ ശ്രമമുണ്ടാകും. യാഥാർത്ഥ്യബോധമുള്ള നിലപാടുകൾ കുടുംബജീവിതത്തിൽ സ്വൈരത സൃഷ്ടിക്കുന്നതാണ്. സർക്കാർ - സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥർക്ക് അംഗീകാരവും വളർച്ചയും ഉണ്ടാകും. സഹപ്രവർത്തകരും മേലധികാരികളും പിന്തുണയ്ക്കുന്നതാണ്. ബിസിനസ്സിൽ പുതിയ മേച്ചിൽപ്പുറങ്ങൾ പരീക്ഷിച്ചേയ്ക്കും. ഓൺലൈൻ സാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ കഴിയുന്നതാണ്. സാമ്പത്തിക ബാധ്യതകൾക്ക് അയവുണ്ടാകും. മകളുടെ വിവാഹത്തിന് സാഹചര്യം ഒരുങ്ങും. ബന്ധുമിത്രാദികളെ പിരിഞ്ഞിരിക്കുന്നവർക്ക് പുനസ്സമാഗമം സാധ്യമാകുന്നതാണ്. ആരോഗ്യപരമായി ജാഗ്രത വേണ്ടതുണ്ട്. അമിതമായ ആത്മവിശ്വാസം ഒഴിവാക്കുകയും വേണം.

മൂലം

ഗാർഹികമായ സ്വൈരക്കേടുകൾ കൂടിയെന്നുവരാം. ജ്യേഷ്ഠാനുജന്മാർക്കിടയിൽ അനൈക്യം ഭവിക്കുന്നതാണ്. നാലാം ഭാവത്തിലെ രാഹുവും ചൊവ്വയും മനശ്ശാന്തി കുറയ്ക്കും. ഗൃഹത്തിൽ ശുചിമുറി, അടുക്കള മുതലായവയ്ക്ക് അറ്റകുറ്റപ്പണി വേണ്ടി വരുന്നതാണ്. തൊഴിലിൽ പരിമിതമായ നേട്ടങ്ങൾ വന്നുചേരും.  മാതാവിൻ്റെ ആരോഗ്യകാര്യത്തിൽ ജാഗ്രതയുണ്ടാവണം. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കൂടുതൽ ശോഭനമായ ഫലങ്ങൾ പ്രതീക്ഷിക്കാം. പരീക്ഷയിൽ സമുന്നത വിജയമുണ്ടാകും. ബൗദ്ധികമായ നീക്കങ്ങളിലൂടെ എതിർപ്പുകളെ പരാജയപ്പെടുത്തുന്നതാണ്. തീർത്ഥാടനത്തിന് അവസരമുണ്ടാവും. കിട്ടാക്കടങ്ങൾ പാർശ്വികമായെങ്കിലും തിരികെക്കിട്ടാം. മത്സരാധിഷ്ഠിതമായ വലിയ കരാറുകൾ നേടിയെടുക്കും.

പൂരാടം

സുചിന്തതമായ തീരുമാനം കൈക്കൊള്ളന്നതിനാൽ നേട്ടങ്ങളുണ്ടാവും. സമയബന്ധിതമായ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് വിശേഷിപ്പിക്കപ്പെടാം. സാമൂഹികമായ അംഗീകാരം ലഭിക്കും. അഭിമുഖങ്ങളിൽ ശോഭിക്കാനാവും. ബന്ധുക്കളിൽ നിന്നും നിസ്സഹകരണത്തിന് സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത അനിവാര്യം. സുഹൃത്തുക്കളുടെ വാക്കുകൾ വിഷമിപ്പിക്കാം. പാരമ്പര്യമായിട്ടുള്ള വസ്തുക്കളുടെ അവകാശത്തിനുള്ള ശ്രമം പുരോഗമിക്കും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഇൻക്രിമെൻ്റ്, പ്രൊമോഷൻ ഇവയുണ്ടാകുന്നതാണ്. അകലങ്ങളിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനാവും. കലാപരമായിട്ടുള്ള അവസരങ്ങൾ സംജാതമാകുന്നതാണ്. ഇൻഷ്വറൻസ്, ചിട്ടി, ഊഹക്കച്ചവടം തുടങ്ങിയ മേഖലകളിൽ നിന്നും കൂടുതലായ ധനാഗമം പ്രതീക്ഷിക്കാം.

ഉത്രാടം

സമ്മിശ്രമായ അനുഭവങ്ങൾ മേയ് മാസത്തിൽ പ്രതീക്ഷിക്കാം. അർഹതയ്ക്ക് അനുസരിച്ചോ അധികമായിട്ടോ ഉള്ള ഉദ്യോഗം ലഭിക്കാം. നിലവിലെ ജോലി മാറാനുള്ള ശ്രമം വിജയം വരിക്കുന്നതാണ്.  ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങിയേക്കും.  സാമ്പത്തികാവസ്ഥ മെച്ചപ്പെടുന്നതാണ്. പഴയ കുടിശ്ശികകൾ പിരിഞ്ഞുകിട്ടാം. ജീവിത പങ്കാളിയുടെ സ്വത്തിൽ നിന്നുള്ള ഒരുഭാഗം വിൽക്കാൻ തീരുമാനിക്കും. ആഘോഷങ്ങൾക്കും ആഡംബരങ്ങൾക്കും ചെലവുണ്ടാകും. കുടുംബത്തിൽ വിവാഹാദികൾ നടക്കാം. സമൂഹത്തിലെ ഉന്നതരുമായി പരിചയം സമ്പാദിക്കും. ബന്ധുസമാഗമത്തിൽ സന്തോഷം അനുഭവപ്പെടുന്നതാണ്. വിരസതയകറ്റാൻ അടുക്കള / മട്ടുപ്പാവ് കൃഷിക്ക് സാധ്യതയുണ്ട്. ജീവിതശൈലീ രോഗങ്ങൾ ഉപദ്രവിക്കാം.

തിരുവോണം

ഭാവിസംബന്ധിച്ചുള്ള പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ നിർബന്ധിതരാവും. ചിലരുടെ പിന്തുണ താൽകാലിക നേട്ടമുണ്ടാക്കുമെങ്കിലും പിന്നീട് ഉപദ്രവമാകാം. ഗൃഹാന്തരീക്ഷത്തിൽ ഭിന്നസ്വരങ്ങൾ പതിവാകുന്നത് വേദനിപ്പിച്ചേക്കും. അന്യദേശവാസത്തിന് സാഹചര്യമൊരുങ്ങും. വാടകവീട് മാറുന്നതാണ്. മക്കളുടെ വിദ്യാഭ്യാസകാര്യത്തിൽ  ആശയക്കുഴപ്പങ്ങൾ ഉയരുന്നതായിരിക്കും. കച്ചവടത്തിൽ ഭാര്യാസഹോദരനെ പങ്കാളിയാക്കുവാൻ തീരുമാനിക്കും. കച്ചവടത്തിൽ നിന്നും ആദായം വർദ്ധിച്ചേക്കാം. വ്യാപാരത്തിൻ്റെ പോഷണത്തിനായി നവീന സാധ്യതകൾ ആരായുന്നതാണ്. സമൂഹമാദ്ധ്യമങ്ങളിൽ സജീവത പുലർത്തും. സ്ഥാപനത്തിലെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാം. മുൻപ് കൈക്കൊണ്ട അപക്വമായ തീരുമാനങ്ങളെയോർത്ത് വിഷാദിക്കും. അനുരാഗികൾക്ക് ആഹ്ളാദിക്കാനാവും.

അവിട്ടം

നക്ഷത്രനാഥനായ ചൊവ്വയ്ക്ക് രാഹുയോഗം ഭവിക്കുകയാൽ കൂട്ടുകെട്ടുകൾ ദോഷഹേതുകമാവാം. ചിലരുടെ ഉപദേശങ്ങൾ 'തൊണ്ടതൊടാതെ' വിഴുങ്ങുന്നതാണ്. മനസ്സിൻ്റെ മൃദുഭാവങ്ങൾ പരുക്കനായി മാറാം. മാസാദ്യത്തിലെ വ്യാഴമാറ്റം നിലവിലെ അവസ്ഥയിൽ നിന്നും ഉയർത്താനിടയുണ്ട്. മുൻപ് ആഗ്രഹിച്ച പദവികളോ അധികാരമോ ഇപ്പോൾ ലഭിച്ചെന്ന് വന്നേക്കും. വീടുപണിക്ക് തുടക്കമിടാൻ കഴിയുന്നതാണ്.  അവസാനിപ്പിക്കാൻ വിചാരിച്ച സംരംഭത്തിന് പുത്തനുണർവ്വ് കിട്ടിയേക്കും. നാട്ടുകാര്യങ്ങളുടെ നിർവഹണത്തിനായി അധികം സമയം ചെലവഴിക്കുന്നത് കുടുംബത്തിൻ്റെ എതിർപ്പിന് കാരണമാകുന്നതാണ്. ഉപരിപഠനത്തിന് ഇഷ്ടവിഷയം തെരഞ്ഞെടുക്കും.  മിതവ്യയം പുലർത്താൻ മക്കളെ പ്രേരിപ്പിക്കുന്നത് അനൈക്യത്തിന് കാരണമാകുന്നതാണ്.

ചതയം

ബിസിനസ്സ് കാര്യങ്ങളിൽ ശുഷ്കാന്തിയുണ്ടാവും. വീടിനോട് ചേർന്ന് ചെറിയ തോതിൽ വ്യാപാരം തുടങ്ങാൻ ആഗ്രഹിക്കും.  വിഷാദചിന്തകൾ അകലുന്നതാണ്. ഉദ്യോഗസ്ഥർ അധികാരികളുടെ പ്രീതി നേടും. തൊഴിൽ തേടുന്നവർക്ക് അവസരങ്ങൾക്കായി അല്പം കൂടി കാത്തിരിക്കേണ്ടി വരുന്നതാണ്. സഹോദരിയിൽ നിന്നും പണം കടം വാങ്ങും. പഴയ ബാദ്ധ്യതകൾ ഇടയ്ക്കിടെ ശല്യത്തിന് കാരണമാകും. എഴുത്തകാർക്ക് രചനകളുടെ പൂർത്തീകരണം സാധ്യമാകുന്നതാണ്. ഗവേഷണ ബിരുദത്തിന് അവസരം ലഭിക്കും. കുടുംബക്ഷേത്രത്തിൻ്റെ നവീകരണ പ്രവർത്തനത്തിന് സമയം കണ്ടെത്തുന്നതാണ്. ഗാർഹികാന്തരീക്ഷം കുറച്ചൊക്കെ സമാധാനമുള്ളതാവും. രണ്ടാം ഭാവത്തിൽ രാഹുവും ചൊവ്വയും സഞ്ചരിക്കുകയാൽ വാക്കുകൾക്ക് പാരുഷ്യം വന്നു ചേരുന്നതാണ്.

പൂരൂരുട്ടാതി

സമ്മിശ്രമായ അനുഭവങ്ങളാവും വന്നുചേരുക. ഭൂതകാല സ്മരണകൾ ഉന്മേഷമേകുന്നതാണ്. പൂർവ്വവിദ്യാർത്ഥി സംഘടനയിൽ സജീവമാകും. വീടുവിട്ടുനിൽക്കുന്നവർക്ക് വീട്ടിലേക്ക് വരാൻ സാഹചര്യം ഒരുങ്ങും.  ചെറിയ മുതൽമുടക്കുകൾക്ക് അർഹമായ ലാഭം പ്രതീക്ഷിക്കാം. അനുബന്ധ ജോലികളിൽ നിന്നും സന്തോഷമുണ്ടാവും.  പാപഗ്രഹങ്ങളായ ശനിയും ചൊവ്വയും പൂരൂരുട്ടാതിയിൽ സഞ്ചരിക്കുകയാൽ മാനസിക പിരിമുറുക്കം വർദ്ധിക്കുന്നതാണ്.  തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കപ്പെടാം. കൂടുതൽ അധ്വാനിച്ചാലും ഫലം തൃപ്തികരമാവില്ല എന്നു വന്നേക്കാം. ബന്ധുക്കളുടെ പ്രശ്നങ്ങൾ സ്വയം പരിഹരിക്കാനായി മുന്നിട്ടിറങ്ങും. മകളുടെ വീട്ടിലേക്ക് താമസം മാറ്റാൻ കാരണങ്ങൾ വന്നെത്തും. മാസത്തിൻ്റെ രണ്ടാം പകുതിക്ക് മെച്ചമേറുന്നതാണ്.

ഉത്രട്ടാതി

സാമാന്യമായ നേട്ടങ്ങളും ഭാഗികമായ വിജയവും ഉണ്ടാകും.  സ്വതന്ത്ര തീരുമാനങ്ങൾ കൈക്കൊള്ളാൻ ക്ലേശിക്കുന്നതാണ്. സംഘടനകളിൽ  വിമർശിക്കപ്പെടും. ഏറ്റെടുത്ത ദൗത്യങ്ങൾ വൈകിയാവും പൂർത്തീകരിക്കുക. കുടുംബാംഗങ്ങളുമായി തീർത്ഥാടനം നടത്തുവാനാവും. അകലങ്ങളിൽ കഴിയുന്ന ബന്ധുക്കളെ സന്ദർശിക്കുന്നതാണ്. വീട്ടിൽ നിന്നും ജോലി ക്രമീകരിച്ചിരുന്നവർക്ക് ഓഫീസിൽ പോയി ജോലിയെടുക്കേണ്ടി വന്നേക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനാവസരം കിട്ടാൻ അല്പം വൈകാം. സ്വത്തുകൈമാറ്റത്തിൽ ഓഹരി കുറഞ്ഞതായി ആക്ഷേപമുയർത്തും. കരാറപണികളിൽ നിന്നും ആദായമുണ്ടാകും. മാസത്തിൻ്റെ പകുതിയ്ക്കുശേഷം മെച്ചപ്പെട്ട അനുഭവങ്ങൾ പ്രതീക്ഷിക്കാനാവും. ഭൂമി കച്ചവടത്തിൽ നിന്നും അല്പലാഭമാവും കൈവരുക. യോഗ, ധ്യാന, വ്യായമം ഇവയുടെ പരിശീലനം പ്രയോജനപ്പെടുത്തും.

രേവതി

 രാഹുകുജന്മാർ ജന്മത്തിലും ആദിത്യൻ രണ്ടിലും വ്യാഴം മൂന്നിലും ശനി പന്ത്രണ്ടിലും സഞ്ചരിക്കുന്ന കാലമാണ്. ഇച്ഛാജ്ഞാനക്രിയകളെ ഏകോപിക്കുക ദുഷ്കരമാവും. സാമ്പത്തിക സ്ഥിതി കുറച്ചൊക്കെ അനുകൂലമാവും. ചെലവുകൾ നിയന്ത്രിതമാവാൻ ശ്രമിക്കേണ്ടതുണ്ട്. വലിയ മുതൽമുടക്കി ബിസിനസ്സ് തുടങ്ങുവാൻ കാലം അനുകൂലമല്ല. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമാവില്ല. ഭൂമി വ്യാപാരത്തിൽ അമളി പറ്റാനിടയുണ്ട്.  വിദേശത്ത് പഠനം, ജോലി ഇവയ്ക്കായുള്ള ശ്രമം വിജയിക്കും.  സെക്കനാൻ്റ് വാഹനം സ്വന്തമാക്കിയേക്കും. വായ്പാ കുടിശിക തവണകളായി അടയ്ക്കാൻ അവസരം ഉണ്ടാവുന്നതാണ്. അനാവശ്യതർക്കങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുക ഉചിതമായിരിക്കും. ആരാധനാലയങ്ങൾ സന്ദർശിച്ചേക്കും.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: