scorecardresearch

വാരഫലം, അശ്വതി മുതൽ ആയില്യം വരെ; May 12-May 18, 2024, Weekly Horoscope

Weekly Horoscope: മേയ് 12 ഞായറാഴ്ച മുതൽ മേയ് 18 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: മേയ് 12 ഞായറാഴ്ച മുതൽ മേയ് 18 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ മേയ് 14 ചൊവ്വാഴ്ച വൈകുന്നേരം വരെ മേടം രാശിയിലും തുടർന്ന് ഇടവം രാശിയിലും സഞ്ചരിക്കുന്നു. കാർത്തിക ഞാറ്റുവേലക്കാലമാണ്.  വെളുത്തപക്ഷ പഞ്ചമി മുതൽ ദശമി- ഏകാദശി വരെയാണ് തിഥികൾ. തിരുവാതിര നക്ഷത്രം മുതൽ ഉത്രം വരെയുള്ള നക്ഷത്രങ്ങളിലൂടെ ചന്ദ്രൻ സഞ്ചരിക്കുന്നു.

Advertisment

ബുധൻ മേടം രാശിയിൽ അശ്വതി നക്ഷത്രത്തിലായി യാത്രയിലാണ്. ശുക്രൻ മേടം രാശിയിൽ ഭരണി - കാർത്തിക നക്ഷത്രങ്ങളിലാണ്. ശുക്രന് മൗഢ്യമുണ്ട്. ചൊവ്വ മീനം രാശിയിലാണ്. മേയ് 14 വരെ ഉത്രട്ടാതിയിലും തുടർന്ന് രേവതിയിലും സഞ്ചരിക്കുന്നു. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും വ്യാഴം ഇടവം രാശിയിൽ കാർത്തികയിലും ആണ്. വ്യാഴത്തിൻ്റെ മൗഢ്യാവസ്ഥ തുടരുകയാണ്. രാഹു, കേതു എന്നിവ അപസവ്യഗതിയിൽ യഥാക്രമം രേവതി, അത്തം എന്നീ നാളുകളിലൂടെ സഞ്ചരിക്കുന്നു.  

ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറ് നോക്കാം. കഴിഞ്ഞ ആഴ്ചയുടെ തുടർച്ചയായി, മേയ് 12 മുഴുവൻ വൃശ്ചികക്കൂറുകാർക്ക് അഷ്ടരാശിയാകുന്നു. തിങ്കളും ചൊവ്വയും മുഴുവനും ബുധനാഴ്ച ഉച്ചവരെയും ധനുക്കൂറുകാർക്കാകുന്നു അഷ്ടമരാശിക്കൂറ്. അതിനു ശേഷം വെള്ളി അർദ്ധരാത്രി വരെ മകരക്കൂറുകാർക്കും അനന്തരം ശനി മുഴുവനും (അടുത്ത ആഴ്ചയിലേക്കും കടക്കും) കുംഭക്കൂറുകാർക്കും അഷ്ടമരാശി തുടരുന്നു. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒൻപത് നാളുകാരുടെ വാരഫലം ഇവിടെ വിശകലനം ചെയ്യുന്നു.

Advertisment

അശ്വതി 

ആദിത്യൻ ജന്മരാശിയിൽ നിന്നും മാറുന്നത് മന:പ്രയാസം, അലച്ചിൽ എന്നിവ കുറയാൻ കാരണമാകും. ബുധൻ അശ്വതി നക്ഷത്രത്തിൽ തന്നെ സഞ്ചരിക്കുകയാൽ വിദ്യാർത്ഥികൾക്ക് ഉന്നതവിജയം, അഭിനന്ദനം ഇവ കൈവരുന്നതാണ്. വാരാദ്യം മുതൽ വ്യക്തിപരമായും കർമ്മപരമായും നവോന്മേഷമുണ്ടാവും. നിർദ്ദേശങ്ങൾക്ക് സ്വീകാര്യത വന്നെത്തും. വ്യാഴനും ശുക്രനും അനുകൂല ഭാവത്തിലാണെങ്കിലും അവർ മൗഢ്യത്തിലാകയാൽ പ്രതീക്ഷിച്ച നേട്ടങ്ങൾ വൈകും. അഥവാ നേട്ടമുണ്ടായാലും തിളക്കം കുറയുന്നതാണ്. സ്ത്രീ സുഹൃത്തുക്കളുടെ സഹായമോ പിന്തുണയോ ലഭിച്ചേക്കാം.

ഭരണി 

പ്രവർത്തന മികവിൻ്റെ കാലമാണ്. ആത്മാർത്ഥത ആദരിക്കപ്പെടും. വിദ്യാഭ്യാസത്തിലും കഴിവ് തെളിയിക്കും. സ്വാശ്രയത്വത്തിൽ അഭിമാനിക്കുവാനാവും. പഴയ ബന്ധങ്ങൾ പുതുക്കപ്പെടുന്നതാണ്. നക്ഷത്രനാഥനായ ശുക്രന് മൗഢ്യമുള്ളതിനാൽ ഭോഗാനുഭവങ്ങൾ കുറയാം.  പ്രണയികൾക്കിടയിൽ പിണക്കമുണ്ടാകുന്നതാണ്. കച്ചവടക്കാർ ഉപഭോക്താക്കൾ തിരസ്കരിക്കുന്നതായി കണ്ടെത്തും. ആഢംബര വസ്തുക്കൾ വാങ്ങുന്നതാണ്. കലാരംഗത്തുള്ളവർക്ക് അവസരം കുറയുന്നുവെന്ന തോന്നലുണ്ടാകും. സാമ്പത്തിക അച്ചടക്കം ശിഥിലമായേക്കും.

കാർത്തിക 

ആദിത്യൻ, വ്യാഴം, ശുക്രൻ തുടങ്ങിയ മൂന്നു ഗ്രഹങ്ങൾ കാർത്തികയിൽ സഞ്ചരിക്കുകയാൽ പതിവില്ലാത്ത വിധം സമ്മർദ്ദങ്ങളേറും. തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളപ്പെടാം. ശുഭാരംഭത്തിന് ഇടവമാസം പകുതി വരെയെങ്കിലും ഒഴിവാക്കുക നന്ന്. സാമ്പത്തികമായി തരക്കേടില്ലാത്ത വാരമാണ്. ബിസിനസ്സിൽ നേരിയ പുരോഗതിയുണ്ടാകും. ഇടവക്കൂറുകാർക്ക് കാര്യസാധ്യം എളുപ്പമാവും. മുൻപ് നിസ്സഹകരിച്ചവർ സഹായികളായേക്കും. ഗൂഢലക്ഷ്യങ്ങൾ സാധ്യമാകുന്നതാണ്. കുടുംബകാര്യങ്ങളിൽ ഉദാസീനരാവും.

രോഹിണി

സർക്കാരിൽ നിന്നോ അധികാരസ്ഥാനത്തിരിക്കുന്നവരിൽ നിന്നോ അനുമതികളോ ഗുണാനുഭവങ്ങളോ പ്രതീക്ഷിക്കുന്നവർക്ക് തെല്ല് നിരാശപ്പെടേണ്ടി വരുന്നതാണ്. എന്നാൽ സമൂഹം വേണ്ടത്ര ബഹുമാന്യത കല്പിക്കാത്തവരുടെ പിന്തുണ, ധനാഗമം എന്നിവ ലഭിച്ചേക്കും. പ്രവൃത്തികൾക്ക് സ്വാഭാവികമായ വേഗം കുറഞ്ഞേക്കും. യാത്രകൾ ദേഹക്ലേശമുണ്ടാക്കുന്നതാണ്. സഹോദരരുമായി ആശയവിനിമയത്തിൽ ഏർപ്പെടുന്നത് ഗുണം ചെയ്യും. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങൾക്ക് മെച്ചമേറും. മനക്ലേശം ലഘൂകൃതമാവും. സുഹൃൽ സമാഗമം പ്രതീക്ഷിക്കാവുന്നതാണ്.

മകയിരം

വാരാദ്യം തന്നെ സന്തോഷാനുഭവം സംജാതമാകും. മക്കളുടെ ഭാവിപഠനം സംബന്ധിച്ച് ശ്രദ്ധേയമായ തീരുമാനം കൈക്കൊള്ളും. സ്വതസ്സിദ്ധമായ കഴിവുകൾ പുറത്തെടുക്കാനായില്ല എന്ന സ്ഥിതിയുണ്ടാവും. പിതാവിൻ്റെ  സ്വത്തുസംബന്ധിച്ച തർക്കങ്ങൾക്ക് പ്രായോഗികമായ പരിഹാരം സിദ്ധിക്കും. കെട്ടിട നിർമ്മാണത്തിലെ മന്ദഗതിക്ക് മാറ്റം പ്രതീക്ഷിക്കാം.  പൊതുപ്രവർത്തകർക്ക് അധിക്ഷേപങ്ങളെ നേരിടേണ്ടി വന്നേക്കാം. ചിലർക്ക് വീടോ നാടോ വിട്ടുനിൽക്കേണ്ട സാഹചര്യം ഉദയം ചെയ്തെന്നു വരാം. ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുന്നതാണ്.

തിരുവാതിര

ആത്മസംയമനം പാലിക്കാൻ കഴിയാത്തതിൻ്റെ ഫലമായിട്ടു കൂടി തർക്കങ്ങൾ ഉണ്ടാവും. സാമ്പത്തിക ഭദ്രതയിൽ ആശ്വാസം തോന്നും. എന്നാൽ പലവഴിക്ക് ചെലവുകൾ വരുന്നതാണ്. മക്കളുടെ തുടർ പഠനത്തിനുള്ള ആവശ്യങ്ങൾ ആശങ്കയുണർത്താം. വീട്ടുകാര്യങ്ങൾ, ഉത്തരവാദിത്വം നിറവേറ്റുക,വീടുപണി, വായ്പയുടെ തിരിച്ചടവ് തുടങ്ങിയവയെച്ചൊല്ലി ദമ്പതിമാർക്കിടയിൽ ഭിന്നസ്വരം ഉയർന്നേക്കും. വാഹനം സൂക്ഷിച്ചുപയോഗിക്കണം വ്യാഴം, വെള്ളി ദിവസങ്ങളിൽ കൂടുതൽ നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. പ്രസന്നത വീണ്ടെടുക്കപ്പെടാം.

പുണർതം

ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനം ഒട്ടൊക്കെ വിജയിക്കുന്നതാണ്. ഉന്നതാധികാരികളുമായുള്ള ബന്ധം ഗുണമുണ്ടാക്കും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ പൂർണ്ണ സഹകരണം കിട്ടുന്നതാണ്. കച്ചവടക്കാർക്ക് കർമ്മഭാവത്തിൽ രാഹുവും ചൊവ്വയും തുടരുകയാൽ ഉല്പന്നങ്ങൾ വേണ്ട രീതിയിൽ വിറ്റഴിക്കപ്പെട്ടില്ലെന്ന് വരാനിടയുണ്ട്. വിദ്യാഭ്യാസത്തിൽ പുരോഗതി ദൃശ്യമാകും. ദൂരദിക്കിലേക്ക് പോയി ആഗ്രഹിച്ച കോഴ്സുകൾ പഠിക്കുക എന്നതിനും സാധ്യത കാണുന്നുണ്ട്. മാതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. തിങ്കൾ, വ്യാഴം, വെള്ളി അനുകൂലദിനങ്ങൾ.

പൂയം

മികച്ച നേട്ടങ്ങൾക്ക് അവസരമൊരുങ്ങുന്ന വാരമാണ്. ദിശാബോധമുള്ള പ്രവർത്തനം കൂടിയുണ്ടായാൽ മുൻപ് ശ്രമിച്ച് പരാജയപ്പെട്ട പലതും ഇപ്പോൾ നേടിയെടുക്കാനാവും. ബന്ധുക്കൾ വിരോധം മറന്ന് സംരംഭങ്ങളിൽ സഹകരിച്ചേക്കും. പിതാവ് എല്ലാക്കാര്യങ്ങളിലും തൻ്റെ അനുഭവസമ്പത്ത് പകർന്നുതരുന്നതാണ്. ഉദ്യോഗസ്ഥന്മാർക്ക് മേലധികാരികളുടെ പ്രീതി ലഭിക്കും. സസ്പെൻഷനിൽ കഴിഞ്ഞിരുന്നവർക്ക് ജോലിയിൽ പുന:പ്രവേശിക്കാനാവും. സാമ്പത്തിക കാര്യത്തിൽ ആശങ്കയ്ക്ക് വഴികാണുന്നില്ല.

ആയില്യം

കാര്യനിർവഹണശേഷി അഭിനന്ദിക്കപ്പെടും. പൊതുപ്രവർത്തകർക്ക് അനുയായികളുടെ പിന്തുണ കൂടുന്നതാണ്. പാരമ്പര്യ തൊഴിലുകൾ ചെയ്യുന്നവർക്ക്  നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർ ഏറ്റെടുത്ത ദൗത്യങ്ങളിൽ വിജയിക്കുന്നതാണ്. വിദ്യാർത്ഥികൾക്കും പല നിലയ്ക്കും പ്രോൽസാഹകമായ വാരമാണ്. 
തൊഴിൽ പ്രശ്നങ്ങൾ മൂലം വിദേശത്ത് സമ്മർദ്ദത്തിൽ കഴിയുന്നവർക്ക് അനുകൂലമായ സാഹചര്യം സംജാതമാകും. പ്രണയികൾക്ക് ആഹ്ളാദിക്കാൻ സന്ദർഭങ്ങളുണ്ടാവും. ഞായർ, തിങ്കൾ, വെള്ളി ദിവസങ്ങൾക്ക് മേന്മ കുറയാം.

Check out more Horoscope columns here 

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: