scorecardresearch

വാരഫലം, മൂലം മുതൽ രേവതി വരെ; March 24-March 30, 2024, Weekly Horoscope

Weekly Horoscope: മാർച്ച് 24 ഞായറാഴ്ച മുതൽ മാർച്ച് 30-ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: മാർച്ച് 24 ഞായറാഴ്ച മുതൽ മാർച്ച് 30-ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
  Weekly Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ മീനം രാശിയിൽ, ഉത്രട്ടാതി ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചൊവ്വ കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലാണ്. ബുധൻ മാർച്ച് 25 ന് മീനം രാശിയിൽ നിന്നും മേടം രാശിയിൽ അശ്വതി നക്ഷത്രത്തിൽ പ്രവേശിക്കുന്നു. വ്യാഴം മേടം രാശിയിൽ  ഭരണി നക്ഷത്രത്തിലാണ്. 

ശുക്രൻ കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ സഞ്ചരിക്കുന്നു. ശനി കുംഭം രാശിയിൽ ചതയത്തിലും രാഹു മീനം രാശിയിൽ രേവതിയിലും കേതു കന്നി രാശിയിൽ അത്തം നാളിലുമാണ്. ചന്ദ്രൻ മാർച്ച് 24 ന് ചതുർദ്ദശി - പൗർണമി തിഥികളിലാണ്.  കൃഷ്ണപക്ഷ പഞ്ചമി വരെയുള്ള തിഥികളുണ്ട്, ഈ ആഴ്ചയിൽ. ഉത്രം മുതൽ അനിഴം വരെയുള്ള നക്ഷത്രങ്ങളിലാണ് ചന്ദ്രൻ്റെ സഞ്ചാരം. 

Advertisment

ഈയാഴ്ചയിലെ അഷ്ടമരാശി നോക്കാം. ഞായർ ഉച്ചവരെ കഴിഞ്ഞ ആഴ്ചയുടെ തുടർച്ചയായി വരുന്ന മകരക്കൂറിൻ്റെ അഷ്ടമരാശിയാകുന്നു. തുടർന്ന് ചൊവ്വ രാത്രി വരെ കുംഭക്കൂറിൻ്റെയും തുടർന്ന് വെള്ളി പ്രഭാതം വരെ മീനക്കൂറിൻ്റെയും അതിനുശേഷം മേടക്കൂറിൻ്റെയും അഷ്ടമരാശിയാണ്. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ  മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെയും നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുന്നു.

മൂലം

പ്രതീക്ഷിക്കാത്ത വ്യക്തികളിൽ നിന്നും സഹായം ലഭിച്ചേക്കും. കർമ്മമേഖലയിൽ ഉണർന്ന് പ്രവർത്തിക്കുന്നതാണ്. തിങ്കൾ മുതൽ വെള്ളി വരെ നേട്ടങ്ങൾക്കാവും മുൻതൂക്കം. സാമ്പത്തിക ഞെരുക്കത്തിന് നല്ലരീതിയിൽ അയവുണ്ടാകും. കാര്യാലോചനായോഗങ്ങളുടെ നേതൃപദവി വഹിക്കുവാനാവും. കുടുംബ പ്രശ്നങ്ങൾ അപരിഹാര്യമായി തുടരുന്നതാണ്. സുഹൃത്തുക്കളുടെ അഭിപ്രായം സ്വീകരിക്കാൻ കഴിഞ്ഞേക്കില്ല. തന്മൂലം മനക്ലേശം വരാം. സൽകാര്യങ്ങളും
 നല്ലചിന്തകളും മനസ്സിൽ ഇടംപിടിക്കുന്നതാണ്.

പൂരാടം

Advertisment

വ്യക്തിപരമായും തൊഴിൽപരമായും മെച്ചപ്പെട്ട ആഴ്ചയാണ്. ഇച്ഛാശക്തിയും കർമ്മശക്തിയും ഇണക്കാനാവും. സ്വന്തം നിലപാടുകൾ ഒപ്പമുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാൻ കഴിയുന്നതാണ്. ഊഹക്കച്ചവടത്തിൽ ആദായമുണ്ടാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനാവും. നാലാം ഭാവത്തിൽ പാപഗ്രഹങ്ങൾ തുടരുകയാൽ വീട്ടിൽ ഓട/ മലിനജലം / ശൗചാലയം സംബന്ധിച്ച അറ്റകുറ്റപ്പണി വേണ്ടിവരുന്നതാണ്. വളർത്തുമൃഗങ്ങളുടെ അസുഖം വിഷമിപ്പിക്കാം. കലാസിദ്ധികൾ പുഷ്ടിപ്പെടുന്നതാണ്.

ഉത്രാടം

ആദ്യത്തെ ഒന്നുരണ്ടുദിവസങ്ങൾ മനക്ലേശപ്രദങ്ങളാണ്. ആലസ്യം ബാധിച്ചേക്കാം. ജോലിചെയ്യാൻ മടിയുണ്ടാവുന്നതാണ്. ചൊവ്വ മുതൽ കാലം അനുകൂലം. വിഷാദചിന്തകൾ അകലുന്നതാണ്. കുടുംബത്തിന് നൽകിയ വാഗ്ദാനം പാലിക്കപ്പെടാം. വായ്പ അനുവദിച്ചു കിട്ടുന്നതാണ്. ബിസിനസ്സിൽ പുതിയ കൂട്ടുകെട്ടുകൾ ഉടലെടുത്തേക്കും. പുറത്തിറക്കിയ ഉല്പന്നങ്ങൾ ഉപഭോക്താക്കളുടെ പ്രീതിനേടുന്നതാണ്. ഉപരിപഠനത്തിനുള്ള തടസ്സങ്ങൾ നീങ്ങാം. ബന്ധുഭവനം സന്ദർശിക്കാൻ സമയം കണ്ടെത്തുന്നതാണ്.

തിരുവോണം

മുൻപ് പലതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടുപോയവ ഇപ്പോൾ ലഘുപ്രയത്നം കൊണ്ട് നേടാനാവും. ആത്മാഭിമാനം ഉയരും. സഹപ്രവർത്തകർ അംഗീകരിക്കും. കച്ചവടരംഗം ഉന്മേഷകരമാവും. പുതിയ ശാഖകൾ തുറക്കുന്നതിനെ മുൻനിർത്തിയുള്ള ആലോചനകൾ കൂടുതൽ സജീവമാകുന്നതാണ്. വസ്തു / വീട് വിൽക്കാൻ സാധിച്ചേക്കും. ജീവിത പങ്കാളിക്ക് ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. രാഷ്ട്രീയ നിലപാടുകൾ പരസ്യപ്പെടുത്തും.  അതുമൂലം കുടുംബത്തിൽ ചില ഭിന്നാഭിപ്രായങ്ങൾ ഉടലെടുത്തേക്കാം.

അവിട്ടം

പുരോഗതിക്ക് തടസ്സമുള്ളതായി തോന്നുന്നതാണ്. അതിൻ്റെ കാരണങ്ങൾ കണ്ടെത്താനും സാധിച്ചേക്കില്ല. സാമൂഹികമായ അംഗീകാരം കിട്ടാതെ വരും. പിന്തുണ ലഭിക്കുമെങ്കിലും അത് സമർത്ഥമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞേക്കില്ല. സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിക്കും. വൃദ്ധരായ മാതാപിതാക്കൾക്ക് രോഗാരിഷ്ടകൾ ഉണ്ടാവാം. ആഴ്ചയുടെ അവസാനം ചില നേട്ടങ്ങൾ വന്നെത്തും. ധനക്ലേശം നീങ്ങി അത്യാവശ്യകാര്യങ്ങൾ മുടക്കം കൂടാതെ നടക്കുന്നതാണ്.

ചതയം

പാപഗ്രഹങ്ങൾ  ശക്തമായിട്ടുള്ള പ്രതികൂലത തുടരുകയാൽ നിശ്ചയിച്ച യാത്ര മാറ്റിവെക്കേണ്ട സാഹചര്യം സംജാതമായേക്കും. ബിസിനസ്സിൽ 
ലാഭമോ നഷ്ടമോ പറയാനാവാത്ത സ്ഥിതിയുണ്ടാവും. ഉദ്യോഗസ്ഥർക്ക് പ്രതീക്ഷിച്ച സ്ഥാനക്കയറ്റത്തിന് കാത്തിരിപ്പ് തുടരേണ്ടതായുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നതാണ്. അഷ്ടമരാശിയുള്ളതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ശുഭാരംഭം ഒഴിവാക്കണം. കമ്മീഷൻ / ഏജൻസി ഏർപ്പാടുകളിൽ നിന്നും നേട്ടങ്ങൾ വന്നെത്താം.

പൂരൂരുട്ടാതി

സമീപകാലത്ത് തുടങ്ങിയ സംരംഭങ്ങളിൽ വേണ്ടത്ര പുരോഗതി ഉണ്ടാവാത്തത് മനസ്സ് മടുപ്പിച്ചേക്കാം. സാങ്കേതിക വിദഗ്ദ്ധരുടെ ഉപദേശപ്രകാരം ചില മാറ്റങ്ങൾ വരുത്താൻ മുതിരുന്നതാണ്. കുടുംബത്തിൻ്റെ പിന്തുണ കുറയുന്നതായി തോന്നിയേക്കാം. പാരമ്പര്യ വസ്തുക്കളുടെ ന്യായമായ ഓഹരി കൈവശമെത്തും. ഗൃഹജീർണ്ണോദ്ധാരണം ആലോചനകൂടാതെ തുടങ്ങരുത്. വായ്പ / ചിട്ടി ഇവയിൽ നിന്നും കുറച്ച് സാമ്പത്തിക സഹായം സിദ്ധിച്ചേക്കും. ആരോഗ്യപരമായി കരുതൽ വേണം.

ഉത്രട്ടാതി

രാഹുവും സൂര്യനും ജന്മരാശിയിൽ തുടരുന്നതിനാൽ പ്രശ്നങ്ങൾ തുടർക്കഥയാവും. ഗുണം കിട്ടാത്ത കാര്യങ്ങൾക്കായി അമിതാധ്വാനം ഉണ്ടാവുന്നതാണ്. അലച്ചിലിനും സാധ്യതയുണ്ട്. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ ശാസന / അപ്രീതി ഉണ്ടായേക്കും. വലിയ മുതൽമുടക്കുകൾക്ക് കാലം അനുകൂലമല്ല. ഭാവിപഠനം സംബന്ധിച്ച് വ്യക്തമായ തീരുമാനം ഉരുത്തിരിഞ്ഞേക്കില്ല. പക്വമായ പ്രഭാഷണശൈലി സദസ്യരുടെ കരഘോഷം നേടും. ബുദ്ധിമാന്മാരായ സുഹൃത്തുക്കൾ പിന്തുണയ്ക്കുന്നതാണ്.

രേവതി

ബന്ധുക്കളുമായുളള പിണക്കം തുടരപ്പെടാം. പുതിയ ജോലിക്കായി നടത്തുന്ന ശ്രമം ഭാഗികമായി വിജയിക്കുന്നതാണ്. മാനസിക പിരിമുറുക്കം തെല്ല് കുറഞ്ഞേക്കും.
കടം വാങ്ങുന്ന പ്രവണത നിയന്ത്രിക്കപ്പെടണം. സംഘടനയിൽ നയപരമായ നിലപാടെടുത്തേക്കും. വീടുവിട്ടു കഴിയുന്നവർക്ക് പ്രശ്നപരിഹാരത്തിന് വഴിതെളിയുന്നതാണ്. രഹസ്യബന്ധങ്ങൾ പരസ്യമാവുന്നതിൻ്റെ ജാള്യം അനുഭവപ്പെടും. പാദരോഗങ്ങൾ, ജീവിതശൈലീ രോഗങ്ങൾ ഇവ ഉപദ്രവിച്ചേക്കാം. ഏജൻസികൾ മുഖേന നേട്ടം പ്രതീക്ഷിക്കാനാവും.

Read More

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: