scorecardresearch

വാരഫലം, അശ്വതി മുതൽ ആയില്യം വരെ; March 24-March 30, 2024, Weekly Horoscope

Weekly Horoscope: മാർച്ച് 24 ഞായറാഴ്ച മുതൽ മാർച്ച് 30-ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: മാർച്ച് 24 ഞായറാഴ്ച മുതൽ മാർച്ച് 30-ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
  Weekly Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ മീനം രാശിയിൽ, ഉത്രട്ടാതി ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചൊവ്വ കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലാണ്. ബുധൻ മാർച്ച് 25 ന് മീനം രാശിയിൽ നിന്നും മേടം രാശിയിൽ അശ്വതി നക്ഷത്രത്തിൽ പ്രവേശിക്കുന്നു. വ്യാഴം മേടം രാശിയിൽ  ഭരണി നക്ഷത്രത്തിലാണ്. 

ശുക്രൻ കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ സഞ്ചരിക്കുന്നു. ശനി കുംഭം രാശിയിൽ ചതയത്തിലും രാഹു മീനം രാശിയിൽ രേവതിയിലും കേതു കന്നി രാശിയിൽ അത്തം നാളിലുമാണ്. ചന്ദ്രൻ മാർച്ച് 24 ന് ചതുർദ്ദശി - പൗർണമി തിഥികളിലാണ്.  കൃഷ്ണപക്ഷ പഞ്ചമി വരെയുള്ള തിഥികളുണ്ട്, ഈ ആഴ്ചയിൽ. 
ഉത്രം മുതൽ അനിഴം വരെയുള്ള നക്ഷത്രങ്ങളിലാണ് ചന്ദ്രൻ്റെ സഞ്ചാരം. 

Advertisment

ഈയാഴ്ചയിലെ അഷ്ടമരാശി നോക്കാം. ഞായർ ഉച്ചവരെ കഴിഞ്ഞ ആഴ്ചയുടെ തുടർച്ചയായി വരുന്ന മകരക്കൂറിൻ്റെ അഷ്ടമരാശിയാകുന്നു. തുടർന്ന് ചൊവ്വ രാത്രി വരെ കുംഭക്കൂറിൻ്റെയും തുടർന്ന് വെള്ളി പ്രഭാതം വരെ മീനക്കൂറിൻ്റെയും അതിനുശേഷം മേടക്കൂറിൻ്റെയും അഷ്ടമരാശിയാണ്. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ ഈയാഴ്ചയിലെ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെയും നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുന്നു.

അശ്വതി

നേട്ടങ്ങൾക്ക് മുൻതൂക്കമുണ്ടാവുന്ന വാരമായിരിക്കും. കച്ചവടക്കാർക്ക് പ്രതീക്ഷിച്ച ലാഭം കൈവശമെത്തും.  ഉദ്യോഗത്തിൽ  സമാധാനവും സഹപ്രവർത്തകരുടെ പിന്തുണയും ഉണ്ടാകുന്നതാണ്. അല്പം അധ്വാനം കൂടുന്നതായിരിക്കും. ഗാർഹിക ജീവിതത്തിൽ ഒരുവിധം സ്വസ്ഥത പ്രതീക്ഷിക്കാം. ബന്ധങ്ങളുടെ ദാർഢ്യം നിലനിർത്താൻ കഴിയുന്നതാണ്. വിരുദ്ധ ആശയങ്ങളുള്ള സുഹൃത്തുക്കളെ പരസ്പരം ഇണങ്ങരാക്കുന്ന ദൗത്യത്തിൽ വിജയിക്കുന്നതാണ്. വാരാന്ത്യദിവസങ്ങൾ ഗുണകരമായേക്കില്ല.

ഭരണി

Advertisment

കർമ്മോത്സുകത ഉണ്ടാവുന്നതാണ്.  സ്വയം തിരുത്തി മുന്നോട്ടു നീങ്ങാൻ സന്നദ്ധതയുണ്ടാവും. കരാർ പണികൾ പുതുക്കിക്കിട്ടാം. വലിയ തോതിലുള്ള മുതൽ മുടക്കുന്നതിന് ഇപ്പോൾ ഗ്രഹാനുകൂല്യമില്ലെന്ന വസ്തുത ഓർമ്മയിലുണ്ടാവണം. പഴയ കടബാധ്യതകൾ ചിത്തശല്യത്തിന് വഴിയൊരുക്കാം. വിദ്യാർത്ഥികൾ സാങ്കേതിക പഠനത്തിന് തയ്യാറെടുപ്പുകൾ തുടങ്ങിയേക്കും. പ്രിയപ്പെട്ടവരിൽ നിന്നും ഇഷ്ടവസ്തുക്കൾ പാരിതോഷികമായി ലഭിക്കുന്നതാണ്. ചെറുയാത്രകൾ കൊണ്ട് നേട്ടമുണ്ടാവും.

കാർത്തിക

വൈകാരിക ക്ഷോഭം കാരണം യാഥാർത്ഥ്യം വിലയിരുത്തുന്നതിൽ പാളിച്ചകൾ വന്നേക്കാം. തൊഴിലിടത്തിൽ താൽപര്യം കുറയുന്നതാണ്. പുതിയ അവസരങ്ങൾ ലഭിക്കാൻ കാത്തിരിക്കേണ്ടതുണ്ട്. ഗവേഷണത്തിൽ ആലസ്യമുണ്ടാവും. ന്യായമായ ആവശ്യങ്ങൾക്ക് പണം തടസ്സമാവില്ല. സന്താന പ്രതിബന്ധത്തിന് ചികിൽസ തുടരേണ്ടി വരുന്നതാണ്. സാമൂഹ്യ മാധ്യമങ്ങളിൽ കൂടുതൽ സമയം ചെലവഴിച്ചേക്കും. അഭിപ്രായപ്രകടനങ്ങളിലെ മിതത്വമില്ലായ്മ ശത്രുക്കളെ ക്ഷണിച്ചുവരുത്താം.

രോഹിണി

കണ്ടകശനിയും വ്യാഴത്തിൻ്റെ പ്രാതികൂല്യവും ഉണ്ടെങ്കിലും തൊഴിൽ രംഗം വളർച്ചയുടെ പാതയിലാവും. ലാഭം  അധികരിക്കും. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുമെങ്കിലും പുതുപദവികൾക്ക് അർഹത ലഭിക്കും. പരീക്ഷ / അഭിമുഖം എന്നിവയിൽ ശോഭിക്കുന്നതാണ്. കുടുംബ ജീവിതത്തിലെ പിണക്കങ്ങൾ മറക്കപ്പെടും. ആഘോഷങ്ങളിൽ പങ്കുചേരാൻ നാട്ടിലെത്താനാവും. കൂട്ടുകാരുമായി ഒത്തുചേർന്ന് ആത്മീയ യാത്രകൾ സംഘടിപ്പിക്കുന്നതാണ്. ഞായർ, തിങ്കൾ ദിനങ്ങൾക്ക് മെച്ചം കുറയാം.

മകയിരം

നല്ലഫലങ്ങൾ വിശേഷിച്ചും, കർമ്മരംഗത്ത് നേട്ടങ്ങൾ പ്രതീക്ഷിക്കാനാവുന്ന വാരമാണ്. മേലുദ്യോഗസ്ഥരുടെ അവഗണന അനുഭവിച്ചവർ പരിഗണനാലിസ്റ്റിൻ്റെ മുന്നിലിടം പിടിയ്ക്കും. ഊഹക്കച്ചവടത്തിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. കുടുംബ തർക്കങ്ങൾ ഭംഗിയായി ഒത്തുതീർക്കുന്നതാണ്. ദാമ്പത്യത്തിൽ സ്വൈരം പുലരും. മകൻ്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ട രേഖകൾക്ക് അനുമതി ലഭിച്ചേക്കും. വീടുപണി പുരോഗമിക്കുന്നതാണ്. വ്യായാമം, വിശ്രമം, ഭക്ഷണം എന്നിവയുടെ സമയക്രമം തെറ്റിയേക്കും.

തിരുവാതിര

വാരാദ്യത്തിന് പ്രസന്നത ഉണ്ടാവും. പ്രതീക്ഷകൾ നിറവേറും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടാൻ അവസരം ലഭിക്കുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആലസ്യമുണ്ടാകാം. ജോലിയിൽ ശുഷ്കാന്തി കുറയുന്നതാണ്. ചില കാര്യങ്ങൾ പിന്നീടത്തേക്കാക്കും. അച്ഛനും മകനും തമ്മിൽ തർക്കമുണ്ടാകും.
തുടർ ദിവസങ്ങളിൽ അവസരോചിത തീരുമാനങ്ങൾ കൈക്കൊള്ളും. നോക്കിയും കണ്ടും പണം ചെലവഴിക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾ കിട്ടിയേക്കും.

പുണർതം

പഠനത്തിൽ ഏകാഗ്രത കുറയുന്നതായി സ്വയം തോന്നും. അവധിക്കാല സ്വപ്നങ്ങൾ നെയ്തുകൂട്ടുന്നതിൽ മനസ്സ് സന്തോഷിക്കും. തൊഴിൽ തേടുന്നവർ വാഗ്ദാനങ്ങളിൽ പ്രതീക്ഷയർപ്പിക്കും. വീട്ടിൽ നിന്നും മാറി നിൽക്കേണ്ട സാഹചര്യം വന്നുകൂടായ്കയല്ല. ഭാവനാവിലാസങ്ങൾ  സുഹൃത്തുക്കളാൽ പരിഹസിക്കപ്പെടാം. കരാർ ജോലികൾക്ക് തടസ്സമുണ്ടാവുന്നതല്ല. വാടക വീട് കണ്ടെത്താൻ ശ്രമം തുടരുന്നതാണ്. പൊതുക്കാര്യങ്ങളിൽ ഖണ്ഡിതമായ അഭിപ്രായം പറഞ്ഞ് ശത്രുക്കളെ നേടിയേക്കും.

പൂയം

നക്ഷത്രനാഥനായ ശനിക്ക് മൗഢ്യം തീർന്നതിനാൽ  പരിശ്രമങ്ങൾ പാഴാകില്ല. ചലനോർജ്ജം വർദ്ധിക്കുന്നതാണ്. ആത്മാർത്ഥത തിരിച്ചറിയപ്പെടും. സഹായ വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നതാണ്. അടുത്ത ബന്ധുക്കളുടെ മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനാവും. നിലവിലെ രോഗാവസ്ഥയ്ക്ക് ചികിൽസാമാറ്റം ആഗ്രഹിക്കും. കടബാധ്യതകൾ തീർക്കാൻ വസ്തുവിൽക്കുന്നത് സംബന്ധിച്ച് കുടുംബാംഗങ്ങൾ എതിർപ്പ് അറിയിക്കും. അനുരാഗികൾക്ക് ഭാവിയെക്കുറിച്ചോർത്ത് ഉൽക്കണ്ഠ തോന്നാം.

ആയില്യം

നക്ഷത്രനാഥനായ ബുധന് നീചസ്ഥിതിയിൽ നിന്നും മാറ്റം വരുന്നത് ഗുണകരമാവും. ചില ഉൽക്കണ്ഠകൾ അവസാനിച്ചേക്കും. പരീക്ഷകളിൽ നന്നായി ശോഭിക്കാനാവും. ബിസിനസ്സ് ഉടമ്പടികൾ ഒപ്പുവെക്കുവാൻ കഴിയും. ഉദ്യോഗസ്ഥർക്ക് സ്വതന്ത്ര ചുമതലകൾ കൈവരുന്നതാണ്. ബന്ധുക്കളിൽ നിന്നും ഉയർന്ന വിമതസ്വരങ്ങൾ ഇല്ലാതായേക്കും. ബൗദ്ധികമായ തീരുമാനങ്ങൾ മറ്റുള്ളവർക്ക് അംഗീകരിക്കേണ്ടി വരുന്നതാണ്. കലാകായിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അഭ്യുദയം ഉണ്ടാകും. ഞായർ, തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മെച്ചമേറുന്നതാണ്.

Read More

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: