/indian-express-malayalam/media/media_files/8wcRyWCKyfvos7RijqKs.jpg)
April 2024 Horoscope Astrological Predictions
2024 ഏപ്രിൽ മാസം, കൊല്ലവർഷം 1199 മീനം 19 ന് തുടങ്ങി മേടം 17 ന് അവസാനിക്കുന്നു. ആദിത്യൻ മീനം - മേടം രാശികളിലായി സഞ്ചരിക്കുന്ന കാലമാണ്. രേവതി, അശ്വതി ഞാറ്റുവേലകൾ പൂർണ്ണമായും, ഭരണി ഞാറ്റുവേല ഭാഗികമായും ഏപ്രിൽ മാസത്തിൽ സംഭവിക്കുന്നു. സൂര്യൻ്റെ ഉച്ചരാശിയായ മേടവും, പരമോച്ചമായ മേടപ്പത്തും ഒക്കെ ഏപ്രിലിലാണ് വരുന്നത്.
ശനി തന്റെ മൂലക്ഷേത്രമായ കുംഭം രാശിയിൽ സഞ്ചാരം തുടരുകയാണ്. എന്നാൽ ഏപ്രിൽ 6 മുതൽ ശനി ചതയത്തിൽ നിന്നും മുന്നോട്ടുനീങ്ങി പൂരൂരുട്ടാതി നക്ഷത്രത്തിൽ സഞ്ചരിച്ചു തുടങ്ങും. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലാണ് ഇപ്പോൾ. ഏപ്രിൽ 17 ന് വ്യാഴം കാർത്തിക നക്ഷത്രത്തിൽ പ്രവേശിക്കുന്നു. ഏപ്രിൽ 30 കഴിയുന്നതോടെ വ്യാഴത്തിൻ്റെ മേടം രാശിയിലെ വാർഷിക സഞ്ചാരം പൂർത്തിയാവും.
മേയ് ഒന്നിന് വ്യാഴം ഇടവം രാശിയിൽ സംക്രമിക്കുന്നു. രാഹു മീനം രാശിയിൽ രേവതി രണ്ടാം പാദത്തിലും കേതു കന്നിരാശിയിൽ അത്തം നാലാം പാദത്തിലും സഞ്ചരിക്കുകയാണ്. ഏപ്രിൽ 9 ന് ബുധൻ മേടത്തിൽ നിന്നും വക്രഗതിയായി വീണ്ടും നീചരാശിയായ മീനത്തിലെത്തുന്നു. ഏപ്രിൽ ആദ്യവാരം മുതൽ അവസാന ആഴ്ച വരെ ബുധന് മൗഢ്യവുമുണ്ട്. അതായത് അപ്പോൾ ബുധൻ വക്രമൗഢ്യാവസ്ഥയിൽ ആവുന്നതാണ്.
ശുക്രൻ മാർച്ച് 31 മുതൽ ഏപ്രിൽ 24 വരെ തൻ്റെ ഉച്ചരാശിയായ മീനത്തിൽ സഞ്ചരിക്കുന്നു. ചൊവ്വ കുംഭത്തിലാണ്. ഏപ്രിൽ 23 ന് മീനത്തിലെത്തുന്നു. ചന്ദ്രൻ ഏപ്രിൽ മാസം ഒന്നിന് മൂലം നക്ഷത്രത്തിലാണ്. ഏപ്രിൽ 30 ന് രാശിചക്രഭ്രമണം ഒരുവട്ടം പൂർത്തിയാക്കി ഉത്രാടം നക്ഷത്രത്തിലെത്തുന്നു. ഏപ്രിൽ 1 ന് കൃഷ്ണപക്ഷ സപ്തമിയാണ് തിഥി. മാസാന്ത്യം കൃഷ്ണപക്ഷ ഷഷ്ഠി തിഥി വരുന്നു. ഏപ്രിൽ 8 ന് അമാവാസിയും (കറുത്തവാവും) ഏപ്രിൽ 23 ന് പൗർണമിയും (വെളുത്തവാവും) സംഭവിക്കുന്നു.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള 9 നക്ഷത്രങ്ങളുടെ 2024 ഏപ്രിൽ മാസത്തെ നക്ഷത്രഫലം ഇവിടെ വിശദീകരിക്കുകയാണ്.
മൂലം
മൂന്നാം ഭാവത്തിൽ ശനി-ചൊവ്വ യോഗം ഗുണാനുഭവങ്ങൾക്ക് വഴിവെക്കുന്നതാണ്. മുതിർന്നവരുടേയും ചെറുപ്പക്കാരുടേയും പിൻബലമുണ്ടാവും. മുൻപ് ശ്രമിച്ച് പരാജയപ്പെട്ട കാര്യങ്ങളിൽ ശ്രമിക്കുന്ന പക്ഷം വിജയമുണ്ടാകും. തൊഴിൽ മേഖലയിൽ മുന്നേറ്റം പ്രതീക്ഷിക്കാം. ഗൃഹനവീകരണം പൂർത്തിയാക്കും. വർക്ക്ഷോപ്പിലായിരുന്ന വാഹനം വീണ്ടും ഉപയോഗ യോഗ്യമാകുന്നതാണ്. നാലാം ഭാവത്തിലെ രാഹു - രവി യോഗം അയൽ തർക്കങ്ങൾക്ക് കാരണമായേക്കും. മാതൃബന്ധുക്കളുമായി നീരസത്തിലാവും. മകൻ്റെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. സമൂഹമാധ്യമങ്ങളിലെ നിലപാടുകളും അഭിപ്രായങ്ങളും തർക്കത്തിലേക്ക് നയിക്കാനിടയുണ്ട്. ആരോപണങ്ങൾ വ്യക്തിത്വത്തെ ബാധിക്കുന്നതാണ്.
പൂരാടം
നക്ഷത്രനാഥനായ ശുക്രൻ ഉച്ചരാശിയിൽ സഞ്ചരിക്കുകയാൽ സാമൂഹികമായ അംഗീകാരം ലഭിക്കുന്നതായിരിക്കും. ഗാർഹികമായ ക്ലേശങ്ങൾ, കുടുംബാംഗങ്ങൾ തമ്മിലുള്ള കലഹങ്ങൾ എന്നിവ കുറയാം. സ്ത്രീസൗഹൃദങ്ങൾ ഉണ്ടാവാം. വിലകൂടിയ ഇലക്ട്രോണിക് ഉപകരണം സ്വന്തമാക്കും. മാതാവിൻ്റെ ആരോഗ്യപ്രശ്നങ്ങൾക്ക് തുടർ ചികിൽസ ലഭ്യമാക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്വാതന്ത്ര്യത്തോടെ ചുമതലകൾ നിർവഹിക്കാനാവും. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ഗുണകരമായേക്കില്ല. ബിസിനസ്സുകാർക്ക് ഏജൻസികളിൽ നിന്നും മോശമല്ലാത്ത ധനാഗമമുണ്ടാവും. ഭൂമി വില്പനയിലെ തർക്കങ്ങൾക്ക് താൽകാലികമായ വിരാമം ഉണ്ടാകുന്നതാണ്.
ഉത്രാടം
നക്ഷത്രനാഥനായ ആദിത്യന് രാഹുയോഗവും പിന്നീട് വ്യാഴയോഗവും വരികയാൽ സമ്മർദങ്ങളെ മാസത്തിൻ്റെ ആദ്യപകുതിയിൽ നേരിടേണ്ടതായി വരാം. സുഹൃത്തുക്കളിൽ നിന്നും കയ്പേറിയ അനുഭവങ്ങൾ ഉണ്ടാവുന്നതാണ്. കാര്യസാധ്യത്തിനായോ ആത്മരക്ഷാർത്ഥമായിട്ടോ കളവ് പറയേണ്ട സ്ഥിതി ഭവിച്ചേക്കും. പഠനത്തിൽ ആലസ്യം അനുഭവപ്പെടുന്നതാണ്. പണമിടപാടുകളിൽ അമളി പിണയാൻ സാധ്യത കാണന്നു. കലഹങ്ങളിൽ മാധ്യസ്ഥം വഹിക്കുന്നത് ദുരാരോപണത്തിന് ഇടവരുത്തും. പഴയ വസ്തുക്കൾ, നാണയം, സ്റ്റാമ്പ് മുതലായവ ശേഖരിക്കുന്നതിൽ താല്പര്യമേറുന്നതാണ്. അക്കാര്യത്തിൽ പണച്ചെലവ് ഉണ്ടാകും. ഇൻഷ്വറൻസ്, ഊഹക്കച്ചവടം ഇത്യാദികളിലൂടെ പണവരവ് പ്രതീക്ഷിക്കാം.
തിരുവോണം
പ്രവൃത്തിരംഗത്ത് നിലവിലെ സ്ഥിതി തുടരപ്പെടുന്നതാണ്. എന്നാൽ ജോലി ഉപേക്ഷിച്ച് പുതിയത് തേടാൻ സമയം ഉചിതമല്ലെന്നത് ഓർമ്മയിലുണ്ടാവണം. ബിസിനസ്സ് നവീകരണത്തിന് തടസ്സങ്ങളുണ്ടാവും. വായ്പ, ലോൺ ഇവ ലഭിക്കുന്നതിന് കാത്തിരിക്കേണ്ടിവരാം. വ്യക്തി ജീവിതത്തിൽ സമ്മർദ്ദങ്ങളും ആശ്വാസങ്ങളും മാറിമറിയുന്നതാണ്. കുടുംബബന്ധങ്ങളുടെ ദൃഢത തെല്ല് പരീക്ഷിക്കപ്പെട്ടേക്കും. ഭാര്യാഭർത്താക്കന്മാർക്കിടയിൽ അനുരഞ്ജനം കുറയുന്നതാണ്. തീക്ഷ്ണവാക്കുകൾ പറയേണ്ട സാഹചര്യം സംജാതമാകും. അപ്രിയരായ വ്യക്തികളുടെ സഹായ സഹകരണങ്ങൾ സ്വീകരിച്ചേക്കും. ദൈവികകാര്യങ്ങൾക്ക് സമയം കണ്ടെത്തും. സുഹൃത്തുക്കളുമായി രാഷ്ട്രീയ പ്രവർത്തനത്തിൽ ആബദ്ധരാകും.
അവിട്ടം
മകരക്കൂറിൽ ജനിച്ചവർക്ക് ഏപ്രിൽ ആദ്യ പകുതിയും കുംഭക്കൂറിൽ ജനിച്ചവർക്ക് ഏപ്രിൽ രണ്ടാം പകുതിയും ഗുണകരമാവും. പാപഗ്രഹങ്ങൾ ജന്മരാശിയിലുള്ളതിനാൽ തടസ്സം ഉണ്ടാകും. വീണ്ടും ശ്രമിച്ചാലാണ് പല കാര്യങ്ങളിലും വിജയിക്കാനാവുക. എതിരാളികൾ ദുരാരോപണങ്ങൾ ഉയർത്താനിടയുണ്ട്. സഹോദരരുടെ പിന്തുണ കിട്ടിയേക്കില്ല. സ്വത്തുസംബന്ധിച്ച തർക്കങ്ങൾക്ക് സാധ്യത കാണുന്നു. പുതുസംരംഭങ്ങൾ മുന്നോട്ടു കൊണ്ടുപോവുക ശ്രമകരമാവും. സ്ത്രീകളുടെ പ്രോൽസാഹനം വലിയ തോതിൽ കൈവരുന്നതാണ്. പ്രൊഫഷണൽ പഠനത്തിനായുള്ള പരിശീലനത്തിൽ പങ്കുചേരുവാനാവും. സ്വന്തബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് ശ്രദ്ധാപൂർവ്വമാവണം.
ചതയം
പാപഗ്രഹങ്ങൾ വലിയ തോതിൽ സ്വാധീനം ചെലുത്തുന്നതിനാൽ ലക്ഷ്യപ്രാപ്തി ദുഷ്കരമാവും. സ്വന്തം മനസ്സിലെ വൈരുദ്ധ്യങ്ങളെ ഏകോപിപ്പിക്കേണ്ട സ്ഥിതി വരുന്നതാണ്. ഇച്ഛാശക്തിയും ദുർബലമായേക്കും. സാമ്പത്തിക നില സാധാരണമായി തുടരും. അത്യാവശ്യങ്ങൾക്ക് മുടക്കമുണ്ടാവില്ല. പ്രസംഗം, കാവ്യരചന, ചിത്രകല എന്നിവയിൽ കഴിവ് തെളിയിക്കാൻ അവസരം സിദ്ധിക്കും. പരീക്ഷ എഴുതുന്നവർക്ക് സംതൃപ്തി ഉണ്ടാവും. ജീവിതപങ്കാളിയുടെ പിന്തുണ ശക്തിയേകും. ഏപ്രിൽ ആദ്യ വാരത്തിൽ തന്നെ കഴിഞ്ഞ കുറെ മാസമായി ചതയത്തിൽ തുടരുന്ന ജന്മശനി അവിടെ നിന്നും അടുത്ത നക്ഷത്രത്തിലേക്ക് മാറുന്നത് ശുഭസൂചനയാണ്. പ്രതിബന്ധങ്ങളെ മറികടന്ന് സുസ്ഥിതിയിലെത്താൻ കഴിഞ്ഞേക്കും.
പൂരൂരുട്ടാതി
ശനി ചതയം നക്ഷത്രത്തിൽ നിന്നും പൂരൂരുട്ടാതിയിലേക്ക് സംക്രമിക്കുന്നു, ഏപ്രിലാദ്യം. അനാവശ്യകാര്യങ്ങളിൽ തലയിടാൻ പ്രേരണയുണ്ടാകും. ജീവിതത്തിൻ്റെ ഗതി അല്പമൊന്ന് പതുക്കെയാവുന്നതായി അനുഭവപ്പെടാം. നിലപാടുകൾ എടുക്കുന്നതിൽ ക്ലേശിച്ചേക്കും. കർമ്മരംഗത്ത് വലിയ തിരിച്ചടികളൊന്നും ഉണ്ടായേക്കില്ല. എന്നാൽ നിലവിലെ തൊഴിൽ കളഞ്ഞ് പുതിയ തൊഴിൽ തേടുന്നത് ആശാസ്യമാവില്ല. സമൂഹമാധ്യമങ്ങളിലെ പങ്കിടലുകളും എഴുത്തും പക്ഷം പിടിക്കലും എതിരാളികളെ സൃഷ്ടിച്ചേക്കും. കമ്മീഷൻ / ഏജൻസി ഏർപ്പാടുകൾ ലാഭകരമാവുന്നതാണ്. ദാമ്പത്യത്തിൽ സ്വൈരം കുറയും. സുഹൃത്തുക്കളുടെ ശക്തമായ സഹകരണം പ്രതീക്ഷിക്കാം. മറ്റൊരു വാടകവീട് കണ്ടെത്തേണ്ടി വരുന്നതാണ്.
ഉത്രട്ടാതി
ജന്മരാശിയിലെ സൂര്യനും രാഹുവും അതുപോലെ തന്നെ പന്ത്രണ്ടിലെ പാപഗ്രഹങ്ങളായ ശനിയും ചൊവ്വയും ഒക്കെ ജീവിതത്തെ കുറച്ചൊക്കെ ക്ലേശകരമാക്കും. മനോധൈര്യം ചോർന്നുപോകുന്നതായി തോന്നുന്നതാണ്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവും. പ്രയോജനമില്ലാത്ത യാത്രകൾ ആവർത്തിച്ചേക്കും. ജന്മത്തിൽ ശുക്രൻ സഞ്ചരിക്കുകയാലും രണ്ടാം ഭാവത്തിൽ ഗുരുബുധന്മാർ ഉള്ളതിനാലും ഇടയ്ക്ക് ആഹ്ളാദങ്ങളും നേട്ടങ്ങളും കൂടി വന്നെത്തും. അഭിമാനിക്കാൻ പലതും ഉണ്ടാവും. സംഭാഷണം ആകർഷകമാവും. സദസ്സുകളിൽ കരഘോഷം നേടും. കുടുംബ ഭദ്രതയുണ്ടാവും. സാമ്പത്തികസ്ഥിതി അത്ര മോശമാവില്ല. പഠനാർത്ഥികൾക്ക് കാലം അനുകൂലമാണ്. പരീക്ഷകളിൽ നന്നായി ശോഭിക്കുവാനാവും. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ വളരുന്നതാണ്.
രേവതി
ഗുണദോഷ സമ്മിശ്രമായിട്ടുള്ള മാസമാണ്. ജന്മത്തിൽ രാഹുവും സൂര്യനും സഞ്ചരിക്കുകയാൽ ഏപ്രിൽ പകുതി വരെ അലച്ചിലും മാനസിക പിരിമുറുക്കങ്ങളും വല്ലാതെ കൂടിയേക്കും. അനിഷ്ടസ്ഥിതരായ ശനിയും ചൊവ്വയും കാര്യങ്ങൾ വൈകിപ്പിക്കുന്നതാണ്. തീരുമാനങ്ങൾ തെറ്റായിപ്പോയി എന്ന് അനുഭവം കൊണ്ടറിയാനിടവരും. ശുക്രൻ, വ്യാഴം, ബുധൻ എന്നീ ശുഭഗ്രഹങ്ങൾ സൽഭാവങ്ങളിൽ സഞ്ചരിക്കുകയാൽ ജോലിയിൽ വിജയിക്കാനും അധികാരികളുടെ പ്രീതി നേടാനുമാവും. ഊഹക്കച്ചവടം, നിക്ഷേപം, ചിട്ടി, ഇൻഷ്വറൻസ് തുടങ്ങിയവയിലൂടെ ധനോന്നതി കൈവരിക്കുന്നതാണ്. ദാമ്പത്യത്തിലെ പിണക്കങ്ങൾ ഇണക്കങ്ങളായി മാറും. മകൻ്റെ / മകളുടെ ജോലിക്കാര്യത്തിൽ ശുഭവാർത്തയുണ്ടാവും. ഏപ്രിൽ മാസം പകുതിക്കുശേഷം കാര്യങ്ങൾ അല്പം കൂടി വരുതിയിലായേക്കും.
Read More
- ഏപ്രിൽ മാസത്തിലെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ
- ഏപ്രിൽ മാസത്തിലെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ
- Weekly Horoscope (March 17– March 23, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 March 18 to March 24
- സമ്പൂര്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; March 17-March 23, 2024, Weekly Horoscope
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.