scorecardresearch

ഏപ്രിൽ മാസത്തിലെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ

അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പതു നക്ഷത്രങ്ങളുടെ ഏപ്രിൽ മാസത്തിലെ നക്ഷത്രഫലമാണ്, ഇവിടെ അവതരിപ്പിക്കുന്നത്

അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പതു നക്ഷത്രങ്ങളുടെ ഏപ്രിൽ മാസത്തിലെ നക്ഷത്രഫലമാണ്, ഇവിടെ അവതരിപ്പിക്കുന്നത്

author-image
S. Sreenivas Iyer
New Update
April Horoscope |   Astrological Predictions

April 2024 Horoscope Astrological Predictions

2024 ഏപ്രിൽ മാസം, കൊല്ലവർഷം 1199 മീനം 19 ന് തുടങ്ങി മേടം 17 ന് അവസാനിക്കുന്നു. ആദിത്യൻ മീനം - മേടം രാശികളിലായി സഞ്ചരിക്കുന്ന കാലമാണ്. രേവതി, അശ്വതി ഞാറ്റുവേലകൾ പൂർണ്ണമായും, ഭരണി ഞാറ്റുവേല ഭാഗികമായും ഏപ്രിൽ മാസത്തിൽ സംഭവിക്കുന്നു. സൂര്യൻ്റെ ഉച്ചരാശിയായ മേടവും, പരമോച്ചമായ മേടപ്പത്തും ഒക്കെ ഏപ്രിലിലാണ് വരുന്നത്.

Advertisment

ശനി തന്റെ മൂലക്ഷേത്രമായ കുംഭം രാശിയിൽ സഞ്ചാരം തുടരുകയാണ്. എന്നാൽ ഏപ്രിൽ 6 മുതൽ ശനി ചതയത്തിൽ നിന്നും മുന്നോട്ടുനീങ്ങി പൂരൂരുട്ടാതി നക്ഷത്രത്തിൽ സഞ്ചരിച്ചു തുടങ്ങും.  വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലാണ് ഇപ്പോൾ. ഏപ്രിൽ 17 ന് വ്യാഴം കാർത്തിക നക്ഷത്രത്തിൽ പ്രവേശിക്കുന്നു. ഏപ്രിൽ 30 കഴിയുന്നതോടെ വ്യാഴത്തിൻ്റെ മേടം രാശിയിലെ വാർഷിക സഞ്ചാരം പൂർത്തിയാവും.

മേയ് ഒന്നിന് വ്യാഴം ഇടവം രാശിയിൽ സംക്രമിക്കുന്നു. രാഹു മീനം രാശിയിൽ രേവതി രണ്ടാം പാദത്തിലും കേതു കന്നിരാശിയിൽ അത്തം നാലാം പാദത്തിലും സഞ്ചരിക്കുകയാണ്. ഏപ്രിൽ 9 ന് ബുധൻ മേടത്തിൽ നിന്നും വക്രഗതിയായി വീണ്ടും നീചരാശിയായ മീനത്തിലെത്തുന്നു. ഏപ്രിൽ ആദ്യവാരം മുതൽ അവസാന ആഴ്ച വരെ ബുധന് മൗഢ്യവുമുണ്ട്. അതായത് അപ്പോൾ ബുധൻ വക്രമൗഢ്യാവസ്ഥയിൽ ആവുന്നതാണ്.

ശുക്രൻ മാർച്ച് 31 മുതൽ ഏപ്രിൽ 24 വരെ തൻ്റെ ഉച്ചരാശിയായ മീനത്തിൽ സഞ്ചരിക്കുന്നു. ചൊവ്വ കുംഭത്തിലാണ്. ഏപ്രിൽ 23 ന് മീനത്തിലെത്തുന്നു. ചന്ദ്രൻ ഏപ്രിൽ മാസം ഒന്നിന് മൂലം നക്ഷത്രത്തിലാണ്. ഏപ്രിൽ 30 ന് രാശിചക്രഭ്രമണം ഒരുവട്ടം പൂർത്തിയാക്കി ഉത്രാടം നക്ഷത്രത്തിലെത്തുന്നു. ഏപ്രിൽ 1 ന് കൃഷ്ണപക്ഷ  സപ്തമിയാണ് തിഥി. മാസാന്ത്യം കൃഷ്ണപക്ഷ ഷഷ്ഠി തിഥി വരുന്നു. ഏപ്രിൽ 8 ന്  അമാവാസിയും (കറുത്തവാവും) ഏപ്രിൽ 23 ന് പൗർണമിയും (വെളുത്തവാവും) സംഭവിക്കുന്നു.  

Advertisment

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള 9 നക്ഷത്രങ്ങളുടെ 2024 ഏപ്രിൽ മാസത്തെ നക്ഷത്രഫലം ഇവിടെ വിശദീകരിക്കുകയാണ്.

അശ്വതി: പന്ത്രണ്ടിലും ജന്മത്തിലുമായി സൂര്യൻ സഞ്ചരിക്കുകയാൽ  ശാരീരികമായ ആയാസം അനുഭവപ്പെടുന്നതാണ്. കാര്യങ്ങൾ വരുതിയിൽ അല്ലെന്ന തോന്നൽ ശക്തമാകും. പല കാര്യങ്ങളും നിർവഹിക്കുന്നതിന് പതിവിൽ കൂടുതൽ സമയം വേണ്ടിവരുന്നതാണ്. രാഷ്ട്രീയപ്രവർത്തനം ശത്രുതയ്ക്ക് വഴിയൊരുക്കിയേക്കും. ജനസമ്മതി കുറഞ്ഞതായി മനസ്സിലാവുന്നതാണ്. ശനിയും ചൊവ്വയും പതിനൊന്നിൽ തുടരുകയാൽ ചെയ്യുന്ന തൊഴിലിൽ നിന്നും നേട്ടവും സ്ഥാനോന്നതിയും സാമ്പത്തികമായ പുഷ്ടിയും പ്രതീക്ഷിക്കാം. നല്ലകാര്യങ്ങൾക്കായി ചെലവുണ്ടാകും. പ്രിയജനങ്ങൾക്കൊപ്പം ഉല്ലാസയാത്രകൾ നടത്തുന്നതാണ്. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം.

ഭരണി: ഗ്രഹങ്ങൾ അനുകൂലവും പ്രതികൂലവും ആയ ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ ഗുണവും ദോഷവും സമ്മിശ്രമായി അനുഭവത്തിലെത്തും. മനസ്സിലെ മൃദുഭാവങ്ങൾ നഷ്ടപ്പെടാം. പരുക്കൻ മട്ടും പ്രതികാരചിന്തയും ഉണ്ടാവും. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാര്യസാധ്യം മന്ദഗതിയിലാവും. പാദങ്ങൾക്ക് മുറിവ്, യാത്രാക്ലേശം, രോഗങ്ങൾ, നാടുവിട്ടുനിൽക്കൽ ഇവ ഉണ്ടാവാനിടയുണ്ട്. ഭാഗ്യാനുഭവങ്ങൾ കുറയുന്നതായി തോന്നിയേക്കാം. എന്നാൽ ശത്രുക്കളുടെ പ്രവർത്തനങ്ങളെ അതിജീവിക്കാനാവും. സഹോദരരുടെയും വൃദ്ധജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണ ലഭിക്കാം. ഭൂമി സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരം ഉണ്ടാവുന്നതാണ്.

കാർത്തിക: മേടക്കൂറിലും ഇടവക്കൂറിലും ആയി വരുന്ന നക്ഷത്രമാണ് കാർത്തികയെന്നതിനാൽ സമ്മിശ്രമായ അനുഭവമാവും ഉണ്ടാവുക. ഗുണാനുഭവങ്ങളിൽ മുന്നിട്ടുനിൽക്കുക സ്വന്തം കഴിവിലുള്ള മുഴുവിശ്വാസമാണ്. വ്യാപാരികൾക്ക് പുതിയ ഏജൻസികളിലൂടെ നേട്ടമുണ്ടാക്കാനാവും.  വിദേശയാത്രകൾക്ക് സർക്കാർ അനുമതി ലഭിക്കുന്നതാണ്. വിരുന്നുകളിൽ പങ്കെടുക്കാനാവും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടാൻ സന്ദർഭം വന്നെത്തും. സ്ത്രീകളുടെ പിന്തുണ, സാമ്പത്തിക സഹായം എന്നിവ പ്രതീക്ഷിക്കാം. സുഖഭോഗവസ്തുക്കൾ പാരിതോഷികമായി കൈവരുന്നതാണ്. വ്യർത്ഥമായ യാത്രകൾ മനക്ലേശത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെച്ചേക്കും. പിതാവുമായി അകൽച്ചയോ ആശയഭിന്നതയോ ഉണ്ടാവുന്നതാണ്. ചികിൽസാച്ചെലവുകൾ ഉയരുന്നത് വിഷമിപ്പിച്ചേക്കും.

രോഹിണി: മാസത്തിന്റെ ആദ്യപകുതിക്കാവും ഗുണാധിക്യം. മുൻപ് പലവട്ടം ശ്രമിച്ചിട്ടും വിജയിക്കാത്ത കാര്യങ്ങൾ നേടിയെടുക്കാനാവും. ഔദ്യോഗിക രംഗത്ത് സൽപ്പേരുണ്ടാക്കും. സാമൂഹികമായ ബഹുമാന്യത വർദ്ധിക്കുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാൻ സന്ദർഭമുണ്ടാകും. പരീക്ഷ,മൽസരം, അഭിമുഖം തുടങ്ങിയവയിൽ നല്ല പ്രകടനം കാഴ്ചവെക്കാനാവും. പിണങ്ങി നിന്ന ബന്ധുക്കൾ അനുകൂലമായ നിലപാടുകൾ കൈക്കൊള്ളുന്നതാണ്. ഏപ്രിൽ 15 നു ശേഷം മനസ്സ് അല്പം ഉദാസീനമായേക്കും. ചെലവ് കൂടിവരും. യാത്രകൾ കൊണ്ട് പ്രയോജനമൊന്നും ഉണ്ടായേക്കില്ല. പിതാവിൻ്റെ അപ്രിയത്തിന് പാത്രമാകുന്നതാണ്. രാഷ്ട്രീയ നിലപാടുകൾ ശത്രുക്കളെ സൃഷ്ടിച്ചേക്കും. അഭിമാന ഭംഗം വരാം.

മകയിരം: ഇടവം, മിഥുനം എന്നീ കൂറുകളിലായി വരുന്ന നക്ഷത്രമാണ് മകയിരം. ഇടവക്കൂറുകാർക്ക് മാസത്തിൻ്റെ ആദ്യ പകുതിയാവും നേട്ടങ്ങൾ കൂടുതൽ. മിഥുനക്കൂറുകാർക്ക് രണ്ടാം പകുതിയാവും മികവുറ്റത്. അനുകൂലമായ ഫലങ്ങളിൽ ഉദ്യോഗസ്ഥരുടെ സ്ഥാനോന്നതിയും ഉൾപ്പെടുന്നതാണ്. തൊഴിൽരംഗം പതിയെ പുഷ്ടിപ്പെടാൻ തുടങ്ങും. വായ്പകളുടെ തിരിച്ചടവ് സാധ്യമാകുന്നതാണ്. പുതുസംരംഭങ്ങൾ ബാലാരിഷ്ട പിന്നിടും. പൂർവ്വിക സ്വത്തുക്കൾ സംബന്ധിച്ച വ്യവഹാരം നേട്ടത്തിൽ കലാശിക്കുന്നതാണ്. പ്രതികൂലതകളിൽ മുഖ്യം സാമ്പത്തികമായ അസ്ഥിരത്വം തന്നെയാണ്. വിവാഹ തീരുമാനം അവസാന നിമിഷം തടസ്സപ്പെടാം. ഹൃദയ - ശിരോ രോഗങ്ങൾ വ്യാകുലപ്പെടുത്താം. വാഗ്ദാനങ്ങൾ പാലിക്കാനാവാത്തത് അവഹേളനങ്ങൾക്ക് വഴിവെക്കുന്നതാണ്.

തിരുവാതിര: പത്തിലും പതിനൊന്നിലും ആദിത്യനും പതിനൊന്നിൽ വ്യാഴവും സഞ്ചരിക്കുകയാൽ കർമ്മരംഗം പൊതുവേ ഉന്മേഷകരവും ഗുണകരവും ആവും. ഏൽപ്പിക്കപ്പെട്ട ദൗത്യങ്ങൾ, അവ എത്ര ദുഷ്കരമാണെങ്കിലും  ഭംഗിയായി നിറവേറ്റുന്നതായിരിക്കും. വലിയ പദവി, വേതന വർദ്ധന എന്നിവ പ്രതീക്ഷിക്കുന്നവർക്ക് ഇച്ഛാഭംഗം ഉണ്ടാവില്ല. വ്യാപാര രംഗത്തെ ശുഷ്കത നീങ്ങുന്നതാണ്. ശുക്രൻ ഉച്ചസ്ഥിതിയിൽ വരികയാൽ ഭൗതികമായ പുരോഗതി, ആഢംബര ജീവിതം എന്നിവയ്ക്കും സാധ്യതയുണ്ട്. വില കൂടിയ ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങിയേക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾ, അനുമതിപത്രങ്ങൾ ഇവ കൈവശമെത്തും. ഗാർഹികജീവിതത്തിൽ അല്പം അസ്വാരസ്യങ്ങൾ ഉണ്ടായെന്നു വരാം. വൃദ്ധജനങ്ങളുടെ ആരോഗ്യകാര്യത്തിൽ അലംഭവമരുത്.

പുണർതം: അയവില്ലാത്ത നിലപാടുകൾ കൈക്കൊള്ളുന്നത് ശത്രുക്കളെ സൃഷ്ടിച്ചേക്കും. മകൻ്റെ താല്പര്യങ്ങൾക്ക് ചെവികൊടുക്കില്ല. മാസത്തിൻ്റെ രണ്ടാം പകുതി കൂടുതൽ മെച്ചപ്പെട്ടതായിരിക്കും. കർമ്മരംഗത്തെ പ്രവർത്തനത്തിന് അംഗീകാരം സിദ്ധിക്കും. തൊഴിൽ തേടുന്നവർക്ക് പുതുനിയമനം ലഭിക്കുന്നതാണ്. സുഹൃത്തുക്കളുമായി തീർത്ഥാടനം നടത്തും. പഠനാർത്ഥികൾ  പുതിയ കോഴ്സുകളിൽ ചേരുന്നതാണ്.  ഗവേഷണത്തിൽ ശ്രദ്ധിക്കാൻ കഴിയും. ഊഹക്കച്ചവടം, ചിട്ടി, ഇൻഷ്വറൻസ് ഇവകളിൽ നിന്നും ആദായം / വരുമാനം പ്രതീക്ഷിക്കാം. പിതൃബന്ധുക്കളുമായി തർക്കം / വ്യവഹാരം ഇവ സാധ്യതയാണ്. രാഷ്ട്രീയ പ്രവർത്തനത്തിൽ മുഴുവൻ സമയവും ആബദ്ധരാകുന്നതാണ്.

പൂയം:- അഷ്ടമത്തിൽ ശനിയും കുജനും തുടരുന്നത് അത്ര അനുകൂലമല്ല. തടസ്സങ്ങൾ തുടർക്കഥയാവും. ചില പ്രോജക്ടുകൾ മാറ്റിവെക്കപ്പെട്ടേക്കും. ക്ഷോഭശീലം അധികരിക്കും.  ശത്രുക്കളുടെ എണ്ണം പെരുകുന്നതാണ്. ഒമ്പതിലെ ഉച്ചസ്ഥനായ ശുക്രൻ ചില ആശ്വാസങ്ങളും അല്പസന്തോഷങ്ങളും പിടിച്ചുനിൽക്കാനുള്ള കരുത്തും പകരും.  ഒമ്പത്, പത്ത് ഭാവങ്ങളിലെ ആദിത്യസ്ഥിതി മാസത്തിൻ്റെ ഉത്തരഭാഗത്തിന് മെച്ചമേകുന്നതാണ്. തൊഴിലിൽ പുരോഗതിയോ ശുഭസൂചനകളോ പ്രതീക്ഷിക്കാം. സംഘടനകളുടെ നേതൃപദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടാനിടയുണ്ട്. 
ബുധൻ്റെയും വ്യാഴത്തിൻ്റെയും അനിഷ്ടസ്ഥിതിയാൽ സജ്ജനങ്ങളുടെ വിരോധം, ബന്ധുക്കളുമായുള്ള അകൽച്ച എന്നിവ സംഭവിക്കാം.

ആയില്യം:- ആലോചനാശൂന്യമായ പ്രവൃത്തികൾ തിരിച്ചടിയുണ്ടാക്കുന്നതാണ്. അപ്രായോഗികമായ കാര്യങ്ങളുടെ ചുമതല ഏൽക്കേണ്ടിവരും. കടബാധ്യത പരിഹരിക്കുന്നതിൽ ഭാഗികമായി വിജയിക്കുന്നതാണ്. ശുഭകാര്യങ്ങൾക്ക് തിരിച്ചടി വരാം. ഉറപ്പിച്ചിരുന്ന ഭൂമിവ്യാപാരം നീളുന്നതാണ്. വിരുന്നുകൾ, മംഗളകർമ്മങ്ങളിൽ മുഖ്യപങ്കാളിത്തം, തീർത്ഥാടന യോഗം ഇവ അനുഭവങ്ങളിൽ ചിലതായേക്കും. വിദേശത്ത് പഠന - തൊഴിൽ യാത്രകൾക്ക് സാധ്യത തെളിയാം. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ജാഗ്രത ആവശ്യമാണ്. വീടുപണിക്ക് തുടക്കമിടാൻ കഴിഞ്ഞേക്കും. നക്ഷത്രനാഥനായ ബുധന് രണ്ടാം വാരത്തിൽ വക്രമൗഢ്യാദികൾ ഭവിക്കുന്നതിനാൽ മാനസിക, കർമ്മ സങ്കോചങ്ങൾ ഭവിച്ചേക്കാം.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: