scorecardresearch

മീനമാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ: Monthly Horoscope for Meenam

മീനമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം-മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു- Monthly Horoscope for Meenam-Makam to Thrikketta

മീനമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം-മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു- Monthly Horoscope for Meenam-Makam to Thrikketta

author-image
S. Sreenivas Iyer
New Update
Meenam Horoscope

Monthly Horoscope: മീന മാസം നിങ്ങൾക്കെങ്ങനെ?

കൊല്ലവർഷത്തിലെ എട്ടാമത്തെ മാസമാണ് മീനം. 2024 മാർച്ച് 14  മുതൽ ഏപ്രിൽ 13 വരെ  മീനമാസം നീളുന്നു. 31 തീയതികളുണ്ട്. തലയും വാലും വിപരീത ദിശകളിലായി ജലാശയത്തിൽ കിടക്കുന്ന ഇരുമത്സ്യങ്ങളാണു മീനം രാശിയുടെ സ്വരൂപമായി പരിഗണിക്കപ്പെടുന്നത്. രാശിചക്രത്തിലെ പന്ത്രണ്ടാം രാശിയാണ് മീനം (Pisces) എന്നതും പ്രസ്താവ്യം. 

Advertisment

സൂര്യൻ മീനം രാശിയിൽ സഞ്ചരിക്കുന്ന കാലത്തെ മീനം രാശിയായി കണക്കാക്കിപ്പോരുന്നു. ഇന്ത്യൻ സംവത്സരമായ ശകവർഷം തുടങ്ങുന്നത് മീനമാസത്തിലാണ്. ചാന്ദ്രവർഷം തുടങ്ങുന്നതും മീനമാസത്തിലാണെന്ന സവിശേഷതയുമുണ്ട്.  60 ചാന്ദ്ര സംവത്സരങ്ങളിൽ ഒന്നായ 'ശോഭകൃത്' വർഷം മീനമാസത്തിലെ കറുത്തവാവിന് അവസാനിക്കും. പിറ്റേന്നുമുതൽ, അതായത് വെളുത്ത പ്രഥമ തിഥി മുതൽ 'ക്രോധി' എന്നുപേരുള്ള വർഷം തുടങ്ങും.

പൂരൂരുട്ടാതി, ഉത്രട്ടാതി,രേവതി ഞാറ്റുവേലകൾ മീനമാസത്തിൽ കടന്നുവരുന്നുണ്ട്. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ സഞ്ചരിക്കുകയാണ്. ശനി കുംഭം രാശിയിലുണ്ട്. മാസാവസാനം ചതയത്തിൽ നിന്നും പൂരൂരുട്ടാതിയിലേക്ക്  പകരുന്നു. മീനം 5 ന് ഒരു മാസക്കാലത്തിലധികം നീണ്ട ശനിയുടെ മൗഢ്യം അവസാനിക്കുകയുമാണ്. രാഹു മീനം രാശിയിൽ രേവതിയിലും കേതു കന്നിരാശിയിൽ അത്തത്തിലും തുടരുന്നു. 

മീനം 2 ന് ചൊവ്വ മകരത്തിൽ നിന്നും കുംഭത്തിൽ പ്രവേശിക്കുകയാണ്. ചൊവ്വ ഉച്ചരാശിയിൽ നിന്നും മാറുന്നുവെന്നർത്ഥം. മീനം 12ന് ബുധൻ നീചരാശിയായ മീനത്തിൽ നിന്നും മേടത്തിലേക്ക് സംക്രമിക്കുകയാണ്. മീനം 1 മുതൽ 22 വരെ ബുധന് മൗഢ്യമില്ല. അതിനുശേഷം മൗഢ്യം സംഭവിക്കുന്നു. മീനം 27 ന് ബുധൻ വക്രഗതിയിൽ മേടത്തിൽ നിന്നും മീനത്തിലേക്ക് വീണ്ടും നിഷ്ക്രമിക്കുന്നു. കുംഭം രാശിയിൽ തുടരുന്ന ശുക്രൻ മീനം 18 ന് തൻ്റെ ഉച്ചരാശിയായ മീനം രാശിയിലേക്ക് പ്രവേശിക്കുകയാണ്. 

Advertisment

ചന്ദ്രസഞ്ചാരം ഇപ്രകാരമാണ്: മീനം ഒന്നിന് ഭരണി നക്ഷത്രത്തിൽ നിന്നും യാത്ര തുടങ്ങുന്ന ചന്ദ്രൻ മീനം 31 ആകുമ്പോൾ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി മകയിരം നക്ഷത്രത്തിൽ എത്തുന്നു. ശുക്ലപഞ്ചമിയിലാണ് മാസത്തിൻ്റെ തുടക്കവും ഒടുക്കവും. മീനം12 ന് വെളുത്തവാവ് വരുന്നു. മീനം 26 ന് കറുത്തവാവ് സംഭവിക്കുകയാണ്.

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകളിൽ ജനിച്ചവരുടേയും മീനമാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുന്നു.

മകം

ആദർശം ഉപേക്ഷിക്കാൻ തയ്യാറാവില്ല. തന്മൂലം പ്രായോഗികമായ പ്രശ്നങ്ങൾ വന്നെത്തും. നേട്ടങ്ങൾ ശിഥിലമായിട്ടാവും അനുഭവത്തിലെത്തുന്നത്. ധനപരമായി മെച്ചം കാലമല്ല. ചെലവിൽ ശ്രദ്ധ വേണം. അഷ്ടമത്തിലെ സൂര്യരാഹുയോഗം അനിഷ്ടഫലമുണ്ടാക്കാം. സാംക്രമിക രോഗങ്ങൾ വരാനിടയുണ്ട്.

വാഹനയാത്രയിൽ, രാത്രി കാലത്ത് ഒക്കെ ജാഗ്രത അനിവാര്യം. പിതാവിൻ്റെ ആരോഗ്യം, പദവി ഇവയിൽ ചാഞ്ചല്യത്തിന് സാധ്യതയുണ്ട്. സ്വന്തം ശക്തി മുഴുവൻ കർമ്മരംഗത്ത് തെളിയിക്കാൻ കഴിഞ്ഞേക്കില്ല. ദാമ്പത്യത്തിൽ അസംതൃപ്തി തുടർന്നേക്കും. പ്രണയികൾ അനുകൂലത പ്രതീക്ഷിക്കേണ്ടതില്ല. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സർക്കാരിൽ നിന്നും എതിർപ്പുണ്ടായേക്കും.

പൂരം

നക്ഷത്രനാഥനായ ശുക്രന് പാപയോഗം തുടരുകയാൽ കൂട്ടുകെട്ടുകൾ ദോഷത്തിന് കാരണമാകാം. അപവാദങ്ങളെ നേരിടേണ്ടി വരുന്നതാണ്. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ പിന്തുണ കിട്ടിയേക്കില്ല. തൊഴിലന്വേഷണം തടസ്സപ്പെടാം. അനുവദിക്കപ്പെട്ട വായ്പ കൈവശമെത്താൻ കാലതാമസം നേരിടുന്നതാണ്. ഗാർഹികാന്തരീക്ഷം കലുഷമായേക്കാം.

കൂട്ടുകച്ചവടം നടത്തുന്നവർക്ക് പരസ്പരം വിരോധമുണ്ടാവും. പരീക്ഷാർത്ഥികളുടെ ഏകാഗ്രത നഷ്ടപ്പെടാനിടയുണ്ട്. നിത്യവേതനക്കാർ, കമ്മീഷൻ വ്യാപാരം നടത്തുന്നവർ, കരാർ പണിക്കാർ തുടങ്ങിയവർക്ക് തരക്കേടില്ലാത്ത കാലമാണ്. ചെറിയ കാര്യങ്ങൾ, ചെറിയ നേട്ടം എന്ന നിലയ്ക്കാവും പൊതുവേയുള്ള വിലയിരുത്തൽ.

ഉത്രം

അദ്ധ്വാനം നിരന്തരമായിരിക്കും. എന്നാൽ വിജയത്തിന് തിളക്കം വേണ്ടത്ര ഇല്ലെന്ന് തോന്നും. കെടുകാര്യസ്ഥത തൊഴിലാക്കിയവരെ പരിഹസിക്കും. 'മോട്ടിവേഷൻ ക്ളാസ്സുകളിൽ' പങ്കെടുക്കുന്നതാണ്. അതിലേക്ക് സുഹൃത്തുക്കളേയും പ്രേരിപ്പിച്ചേക്കും. നക്ഷത്രനാഥനായ ആദിത്യന് രാഹുയോഗം വരികയാൽ കള്ളം പറയാനോ, വളഞ്ഞ വഴികൾ സ്വീകരിക്കാനോ നിർബന്ധിതനാവും.

കുടുംബ ജീവിതത്തിൽ ഇക്കാലയളവ് ഒരു പരീക്ഷണ കാലഘട്ടം ആയിത്തോന്നും. അടുത്തറിഞ്ഞാലും അപരിചിതത്വം ഉണ്ടാവുന്നതാണ്. ബിസിനസ്സ് യാത്രകൾ പതിവിലും വേണ്ടിവരും. പണമെടപാടുകളിൽ കൃത്യത പാലിക്കണം. ഭൂമിയിൽ നിന്നും നാമമാത്രമായ ആദായം പ്രതീക്ഷിച്ചാൽ മതിയാകുന്നതാണ്.

അത്തം

സ്വന്തം കാര്യം മറക്കുകയും നാട്ടുകാര്യങ്ങളിൽ മുഴുകുകയും ചെയ്യും.  രാശിനാഥനായ ബുധൻ്റെ നീചസ്ഥിതി മൂലം തീരുമാനങ്ങളിൽ ആശയക്കുഴപ്പം ഏർപ്പെടും. വ്യവസായത്തിൽ /വ്യാപാരരംഗത്തിൽ പുരോഗതി മിതമായ നിലയിലായിരിക്കും. ശത്രുക്കളുടെ പ്രവർത്തനത്തെ കഷ്ടിച്ച് പ്രതിരോധിക്കാനാവും. നാട്ടുത്സവങ്ങളിൽ സജീവമാവുന്നതാണ്.

പൊതുപ്രവർത്തകർക്ക് ജനപിന്തുണ കൂടുകയാണോ കുറയുകയാണോ എന്ന് ഉറപ്പിക്കാനാവാത്ത സ്ഥിതിയുണ്ടാവും. സഹോദരരുടെ പിന്തുണ പ്രതീക്ഷിക്കാം. ഗവേഷണ പ്രബന്ധം പൂർത്തീകരിക്കാൻ ശ്രമം തുടരുന്നതാണ്. മാസത്തിൻ്റെ മൂന്നാം ആഴ്ച മുതൽ ശുക്രൻ ഉച്ചത്തിൽ വരികയാൽ കലാപരമായ നേട്ടങ്ങൾ വർദ്ധിക്കും. ജീവിത നിലവാരത്തിലും മാറ്റങ്ങൾ വന്നുചേരും.

ചിത്തിര

കൃത്യനിർവഹണത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ല. സാധാരണ കർമ്മങ്ങൾ എല്ലാം തന്നെ പൂർത്തീകരിക്കും. സംഘടനയിൽ ചില ചുമതലകൾ ലഭിക്കാം. നക്ഷത്രനാഥനായ ചൊവ്വയ്ക്ക് ശനിയുമായി യോഗം വരികയാൽ തമ്മിലിണങ്ങാത്ത വരെ കൂട്ടിയോജിപ്പിക്കേണ്ട ദൗത്യമുണ്ടാവും. തുലാക്കൂറുകാരായ ചിത്തിരക്കാർക്ക് ഔദ്യോഗികമായി സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.

വീട്ടിലും പുറത്തുമായി എതിർക്കുന്നവരെ കാര്യം പറഞ്ഞ് ബോധിപ്പിക്കുന്നതിൽ വിജയിക്കുന്നതാണ്. സാമ്പത്തിക സ്ഥിതി മോശമാവില്ല. ചെലവുകളുടെ കൂട്ടത്തിൽ ചെറിയ തോതിൽ ആശുപത്രിച്ചെലവിനും സാധ്യത കാണുന്നു. സഹോദരിയുടെ വിവാഹത്തിന് തയ്യാറെടുപ്പുകൾ തുടരുന്നതാണ്.

ചോതി

ആറാം ഭാവത്തിലെ സൂര്യരാഹുയോഗം അനുകൂലമാണ്. സ്വന്തം താല്പര്യത്തിന് ഹാനിയുണ്ടാവാത്ത വിധം പ്രവർത്തിക്കാൻ കഴിയും. കച്ചവടം നടത്തുന്നവർക്ക് പൊതുവേ ഭേദപ്പെട്ട സമയമാണ്. ഉപഭോക്താക്കളുടെ പ്രീതിയുണ്ടാവും.  സാമ്പത്തികമായ ചാഞ്ചാട്ടം ഉണ്ടാവില്ല. ഇൻഷ്വറൻസ്, ചിട്ടി തുടങ്ങിയവയിൽ നിന്നും ധനം കൈവരും. ശുക്രൻ്റെ കുംഭം- മീനം രാശികളിലെ സഞ്ചാരത്താൽ ഭാവനാശക്തി ഉണർന്നു പ്രവർത്തിക്കും.  

കലാകാരന്മാർക്ക് നല്ല അവസരങ്ങൾ സൃഷ്ടിക്കപ്പെടാം. സാങ്കേതിക കാര്യങ്ങൾ ഉൾക്കൊള്ളാൻ ശ്രമം നടത്തുന്നതാണ്. വീടുവിട്ടു നിൽക്കുന്നവർക്ക് വീട്ടിലേക്ക് മടങ്ങാനാവും. കുടുംബന്ധങ്ങളുടെ ദൃഢതയെ ബാധിക്കുന്ന വിഷയങ്ങളെ സമർത്ഥമായി പ്രതിരോധിക്കുന്നതാണ്.

വിശാഖം

തുലാക്കൂറുകാർക്ക് അനുകൂല സാഹചര്യമാണ്. തൊഴിൽ മുന്നേറ്റമുണ്ടാകും. പഠനം / പരീക്ഷ ഇവയിൽ വിദ്യാർത്ഥികൾക്ക് മികവ് തെളിയിക്കാനാവും. സ്വന്തം വ്യാപാരത്തിൽ വിപുലീകരണം സാധിക്കുന്നതാണ്. കൃഷിയിൽ താല്പര്യമുണ്ടാവും. മട്ടുപ്പാവ് /അടുക്കള  കൃഷിക്ക് കൂടുതൽ സമയം കണ്ടെത്തും. ബന്ധുക്കളുമൊത്ത് തീർത്ഥയാത്രയ്ക്ക് പദ്ധതിയിടും.

സംവാദങ്ങളിൽ രാഷ്ട്രീയ പ്രതിയോഗികളുമായി വാക്പ്പോരിലേർപ്പെടും. പരസ്പരം പൊരുത്തമില്ലാത്ത കാര്യങ്ങൾ ചെയ്ത് പരിഹാസം നേരിടാനും സാധ്യത കാണുന്നു. പങ്കാളിത്ത ബിസിനസ്സ്, ഊഹക്കച്ചവടം ഇവ ലാഭദായകമാവാം. വിശ്രമം, വിനോദം, മൗനം, സമയനിഷ്ഠ തുടങ്ങിയവയും കൂടി ചേരുമ്പോഴാണ് ജീവിതം ജീവിതമാവുക എന്ന് ഓർമ്മിക്കും.

അനിഴം

സഹായസ്ഥാനത്ത് ഉച്ചനായി നിന്ന രാശിനാഥൻ ചൊവ്വ ശത്രുപാളയത്തിൽ ശത്രുവിനോടൊപ്പം ചേരുകയാണ്. സ്വന്തം നിലപാടുകളിൽ വെള്ളം ചേർക്കേണ്ടിവരും. മാനസികപ്പൊരുത്തം കുറഞ്ഞ വ്യക്തികളുമായി ഐക്യപ്പെടേണ്ടി വരുന്നതാണ്. ചിലപ്പോൾ ബന്ധുവാര്? ശത്രുവാര്? എന്ന ബോധ്യം മാറിമറിയാം. ആലോചനകൾ അനന്തമായി നീളുന്നതാണ്. പ്രവർത്തിയിൽ തന്മൂലം വിളംബമേർപ്പെടാം.

മാതാവിൻ്റെയോ അടുത്ത മാതൃബന്ധുക്കളുടെയോ ആരോഗ്യം, തൊഴിൽ, പദവി എന്നിവ സംബന്ധിച്ച വ്യാകുലതകൾക്ക് അവകാശമുണ്ട്. അത്യാവശ്യങ്ങൾക്കുള്ള ധനം കൈവശം വന്നെത്തും. മാസത്തിൻ്റെ രണ്ടാം പകുതി എല്ലാനിലയ്ക്കും ഭേദപ്പെട്ടതായിരിക്കും.

തൃക്കേട്ട

നക്ഷത്രനാഥനായ ബുധന് നീചസ്ഥിതിയാണ്. കൂടാതെ രാഹുയോഗവുമുണ്ട്. രാശിനാഥനായ ചൊവ്വയുടെ ശനിയോഗവും കൂടിയാവുമ്പോൾ തൃക്കേട്ട നാളുകാർക്ക് അനുകൂലമല്ലാഞ്ഞ പരിതസ്ഥിതി സൃഷ്ടിക്കപ്പെടാം. തിടുക്കത്തിലുള്ള തീരുമാനങ്ങൾ തെറ്റിപ്പോയെന്നുവരാം. പ്രശ്നപരിഹാരത്തിൽ കൈക്കൊള്ളുന്ന വൈകാരിക സമീപനവും പാളിപ്പോകാൻ ഇടയുണ്ട്.

സാമ്പത്തിക കാര്യങ്ങളിൽ ഏറ്റവും സൂക്ഷ്മത ആവശ്യമാണ്. മാസപ്പകുതിക്കുമേൽ ശുക്രന് ഉച്ചബലം വരികയാൽ ആശയങ്ങളുടെ പുതുമ, മനസ്സിൻ്റെ ഊർജ്ജസ്വലത എന്നിവ സമന്വയിപ്പിക്കാനും ക്രിയാത്മകത നിലനിർത്താനും സാധിക്കുന്നതാണ്. കലാകാരന്മാർക്ക് മികച്ച അവസരങ്ങൾ സ്വാഭാവികമായിത്തന്നെ സംജാതമാകും.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: