/indian-express-malayalam/media/media_files/rHZ2oN8aZQkX1RJZwqx6.jpg)
April 2024 Horoscope Astrological Predictions
2024 ഏപ്രിൽ മാസം, കൊല്ലവർഷം 1199 മീനം 19 ന് തുടങ്ങി മേടം 17 ന് അവസാനിക്കുന്നു. ആദിത്യൻ മീനം - മേടം രാശികളിലായി സഞ്ചരിക്കുന്ന കാലമാണ്. രേവതി, അശ്വതി ഞാറ്റുവേലകൾ പൂർണ്ണമായും, ഭരണി ഞാറ്റുവേല ഭാഗികമായും ഏപ്രിൽ മാസത്തിൽ സംഭവിക്കുന്നു. സൂര്യൻ്റെ ഉച്ചരാശിയായ മേടവും, പരമോച്ചമായ മേടപ്പത്തും ഒക്കെ ഏപ്രിലിലാണ് വരുന്നത്.
ശനി തന്റെ മൂലക്ഷേത്രമായ കുംഭം രാശിയിൽ സഞ്ചാരം തുടരുകയാണ്. എന്നാൽ ഏപ്രിൽ 6 മുതൽ ശനി ചതയത്തിൽ നിന്നും മുന്നോട്ടുനീങ്ങി പൂരൂരുട്ടാതി നക്ഷത്രത്തിൽ സഞ്ചരിച്ചു തുടങ്ങും. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലാണ് ഇപ്പോൾ. ഏപ്രിൽ 17 ന് വ്യാഴം കാർത്തിക നക്ഷത്രത്തിൽ പ്രവേശിക്കുന്നു. ഏപ്രിൽ 30 കഴിയുന്നതോടെ വ്യാഴത്തിൻ്റെ മേടം രാശിയിലെ വാർഷിക സഞ്ചാരം പൂർത്തിയാവും.
മേയ് ഒന്നിന് വ്യാഴം ഇടവം രാശിയിൽ സംക്രമിക്കുന്നു. രാഹു മീനം രാശിയിൽ രേവതി രണ്ടാം പാദത്തിലും കേതു കന്നിരാശിയിൽ അത്തം നാലാം പാദത്തിലും സഞ്ചരിക്കുകയാണ്. ഏപ്രിൽ 9 ന് ബുധൻ മേടത്തിൽ നിന്നും വക്രഗതിയായി വീണ്ടും നീചരാശിയായ മീനത്തിലെത്തുന്നു. ഏപ്രിൽ ആദ്യവാരം മുതൽ അവസാന ആഴ്ച വരെ ബുധന് മൗഢ്യവുമുണ്ട്. അതായത് അപ്പോൾ ബുധൻ വക്രമൗഢ്യാവസ്ഥയിൽ ആവുന്നതാണ്.
ശുക്രൻ മാർച്ച് 31 മുതൽ ഏപ്രിൽ 24 വരെ തൻ്റെ ഉച്ചരാശിയായ മീനത്തിൽ സഞ്ചരിക്കുന്നു. ചൊവ്വ കുംഭത്തിലാണ്. ഏപ്രിൽ 23 ന് മീനത്തിലെത്തുന്നു. ചന്ദ്രൻ ഏപ്രിൽ മാസം ഒന്നിന് മൂലം നക്ഷത്രത്തിലാണ്. ഏപ്രിൽ 30 ന് രാശിചക്രഭ്രമണം ഒരുവട്ടം പൂർത്തിയാക്കി ഉത്രാടം നക്ഷത്രത്തിലെത്തുന്നു. ഏപ്രിൽ 1 ന് കൃഷ്ണപക്ഷ സപ്തമിയാണ് തിഥി. മാസാന്ത്യം കൃഷ്ണപക്ഷ ഷഷ്ഠി തിഥി വരുന്നു. ഏപ്രിൽ 8 ന് അമാവാസിയും (കറുത്തവാവും) ഏപ്രിൽ 23 ന് പൗർണമിയും (വെളുത്തവാവും) സംഭവിക്കുന്നു.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെ വരെയുള്ള 27 നക്ഷത്രങ്ങളുടെ 2024 ഏപ്രിൽ മാസത്തെ നക്ഷത്രഫലം ഇവിടെ വിശദീകരിക്കുകയാണ്.
അശ്വതി
പന്ത്രണ്ടിലും ജന്മത്തിലുമായി സൂര്യൻ സഞ്ചരിക്കുകയാൽ ശാരീരികമായ ആയാസം അനുഭവപ്പെടുന്നതാണ്. കാര്യങ്ങൾ വരുതിയിൽ അല്ലെന്ന തോന്നൽ ശക്തമാകും. പല കാര്യങ്ങളും നിർവഹിക്കുന്നതിന് പതിവിൽ കൂടുതൽ സമയം വേണ്ടിവരുന്നതാണ്. രാഷ്ട്രീയപ്രവർത്തനം ശത്രുതയ്ക്ക് വഴിയൊരുക്കിയേക്കും. ജനസമ്മതി കുറഞ്ഞതായി മനസ്സിലാവുന്നതാണ്. ശനിയും ചൊവ്വയും പതിനൊന്നിൽ തുടരുകയാൽ ചെയ്യുന്ന തൊഴിലിൽ നിന്നും നേട്ടവും സ്ഥാനോന്നതിയും സാമ്പത്തികമായ പുഷ്ടിയും പ്രതീക്ഷിക്കാം. നല്ലകാര്യങ്ങൾക്കായി ചെലവുണ്ടാകും. പ്രിയജനങ്ങൾക്കൊപ്പം ഉല്ലാസയാത്രകൾ നടത്തുന്നതാണ്. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം.
ഭരണി
ഗ്രഹങ്ങൾ അനുകൂലവും പ്രതികൂലവും ആയ ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ ഗുണവും ദോഷവും സമ്മിശ്രമായി അനുഭവത്തിലെത്തും. മനസ്സിലെ മൃദുഭാവങ്ങൾ നഷ്ടപ്പെടാം. പരുക്കൻ മട്ടും പ്രതികാരചിന്തയും ഉണ്ടാവും. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാര്യസാധ്യം മന്ദഗതിയിലാവും. പാദങ്ങൾക്ക് മുറിവ്, യാത്രാക്ലേശം, രോഗങ്ങൾ, നാടുവിട്ടുനിൽക്കൽ ഇവ ഉണ്ടാവാനിടയുണ്ട്. ഭാഗ്യാനുഭവങ്ങൾ കുറയുന്നതായി തോന്നിയേക്കാം. എന്നാൽ ശത്രുക്കളുടെ പ്രവർത്തനങ്ങളെ അതിജീവിക്കാനാവും. സഹോദരരുടെയും വൃദ്ധജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണ ലഭിക്കാം. ഭൂമി സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരം ഉണ്ടാവുന്നതാണ്.
കാർത്തിക
മേടക്കൂറിലും ഇടവക്കൂറിലും ആയി വരുന്ന നക്ഷത്രമാണ് കാർത്തികയെന്നതിനാൽ സമ്മിശ്രമായ അനുഭവമാവും ഉണ്ടാവുക. ഗുണാനുഭവങ്ങളിൽ മുന്നിട്ടുനിൽക്കുക സ്വന്തം കഴിവിലുള്ള മുഴുവിശ്വാസമാണ്. വ്യാപാരികൾക്ക് പുതിയ ഏജൻസികളിലൂടെ നേട്ടമുണ്ടാക്കാനാവും. വിദേശയാത്രകൾക്ക് സർക്കാർ അനുമതി ലഭിക്കുന്നതാണ്. വിരുന്നുകളിൽ പങ്കെടുക്കാനാവും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടാൻ സന്ദർഭം വന്നെത്തും. സ്ത്രീകളുടെ പിന്തുണ, സാമ്പത്തിക സഹായം എന്നിവ പ്രതീക്ഷിക്കാം. സുഖഭോഗവസ്തുക്കൾ പാരിതോഷികമായി കൈവരുന്നതാണ്. വ്യർത്ഥമായ യാത്രകൾ മനക്ലേശത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെച്ചേക്കും. പിതാവുമായി അകൽച്ചയോ ആശയഭിന്നതയോ ഉണ്ടാവുന്നതാണ്. ചികിൽസാച്ചെലവുകൾ ഉയരുന്നത് വിഷമിപ്പിച്ചേക്കും.
രോഹിണി
മാസത്തിന്റെ ആദ്യപകുതിക്കാവും ഗുണാധിക്യം. മുൻപ് പലവട്ടം ശ്രമിച്ചിട്ടും വിജയിക്കാത്ത കാര്യങ്ങൾ നേടിയെടുക്കാനാവും. ഔദ്യോഗിക രംഗത്ത് സൽപ്പേരുണ്ടാക്കും. സാമൂഹികമായ ബഹുമാന്യത വർദ്ധിക്കുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാൻ സന്ദർഭമുണ്ടാകും. പരീക്ഷ,മൽസരം, അഭിമുഖം തുടങ്ങിയവയിൽ നല്ല പ്രകടനം കാഴ്ചവെക്കാനാവും. പിണങ്ങി നിന്ന ബന്ധുക്കൾ അനുകൂലമായ നിലപാടുകൾ കൈക്കൊള്ളുന്നതാണ്. ഏപ്രിൽ 15 നു ശേഷം മനസ്സ് അല്പം ഉദാസീനമായേക്കും. ചെലവ് കൂടിവരും. യാത്രകൾ കൊണ്ട് പ്രയോജനമൊന്നും ഉണ്ടായേക്കില്ല. പിതാവിൻ്റെ അപ്രിയത്തിന് പാത്രമാകുന്നതാണ്. രാഷ്ട്രീയ നിലപാടുകൾ ശത്രുക്കളെ സൃഷ്ടിച്ചേക്കും. അഭിമാന ഭംഗം വരാം.
മകയിരം
ഇടവം, മിഥുനം എന്നീ കൂറുകളിലായി വരുന്ന നക്ഷത്രമാണ് മകയിരം. ഇടവക്കൂറുകാർക്ക് മാസത്തിൻ്റെ ആദ്യ പകുതിയാവും നേട്ടങ്ങൾ കൂടുതൽ. മിഥുനക്കൂറുകാർക്ക് രണ്ടാം പകുതിയാവും മികവുറ്റത്. അനുകൂലമായ ഫലങ്ങളിൽ ഉദ്യോഗസ്ഥരുടെ സ്ഥാനോന്നതിയും ഉൾപ്പെടുന്നതാണ്. തൊഴിൽരംഗം പതിയെ പുഷ്ടിപ്പെടാൻ തുടങ്ങും. വായ്പകളുടെ തിരിച്ചടവ് സാധ്യമാകുന്നതാണ്. പുതുസംരംഭങ്ങൾ ബാലാരിഷ്ട പിന്നിടും. പൂർവ്വിക സ്വത്തുക്കൾ സംബന്ധിച്ച വ്യവഹാരം നേട്ടത്തിൽ കലാശിക്കുന്നതാണ്. പ്രതികൂലതകളിൽ മുഖ്യം സാമ്പത്തികമായ അസ്ഥിരത്വം തന്നെയാണ്. വിവാഹ തീരുമാനം അവസാന നിമിഷം തടസ്സപ്പെടാം. ഹൃദയ - ശിരോ രോഗങ്ങൾ വ്യാകുലപ്പെടുത്താം. വാഗ്ദാനങ്ങൾ പാലിക്കാനാവാത്തത് അവഹേളനങ്ങൾക്ക് വഴിവെക്കുന്നതാണ്.
തിരുവാതിര
പത്തിലും പതിനൊന്നിലും ആദിത്യനും പതിനൊന്നിൽ വ്യാഴവും സഞ്ചരിക്കുകയാൽ കർമ്മരംഗം പൊതുവേ ഉന്മേഷകരവും ഗുണകരവും ആവും. ഏൽപ്പിക്കപ്പെട്ട ദൗത്യങ്ങൾ, അവ എത്ര ദുഷ്കരമാണെങ്കിലും ഭംഗിയായി നിറവേറ്റുന്നതായിരിക്കും. വലിയ പദവി, വേതന വർദ്ധന എന്നിവ പ്രതീക്ഷിക്കുന്നവർക്ക് ഇച്ഛാഭംഗം ഉണ്ടാവില്ല. വ്യാപാര രംഗത്തെ ശുഷ്കത നീങ്ങുന്നതാണ്. ശുക്രൻ ഉച്ചസ്ഥിതിയിൽ വരികയാൽ ഭൗതികമായ പുരോഗതി, ആഢംബര ജീവിതം എന്നിവയ്ക്കും സാധ്യതയുണ്ട്. വില കൂടിയ ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങിയേക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾ, അനുമതിപത്രങ്ങൾ ഇവ കൈവശമെത്തും. ഗാർഹികജീവിതത്തിൽ അല്പം അസ്വാരസ്യങ്ങൾ ഉണ്ടായെന്നു വരാം. വൃദ്ധജനങ്ങളുടെ ആരോഗ്യകാര്യത്തിൽ അലംഭവമരുത്.
പുണർതം
അയവില്ലാത്ത നിലപാടുകൾ കൈക്കൊള്ളുന്നത് ശത്രുക്കളെ സൃഷ്ടിച്ചേക്കും. മകൻ്റെ താല്പര്യങ്ങൾക്ക് ചെവികൊടുക്കില്ല. മാസത്തിൻ്റെ രണ്ടാം പകുതി കൂടുതൽ മെച്ചപ്പെട്ടതായിരിക്കും. കർമ്മരംഗത്തെ പ്രവർത്തനത്തിന് അംഗീകാരം സിദ്ധിക്കും. തൊഴിൽ തേടുന്നവർക്ക് പുതുനിയമനം ലഭിക്കുന്നതാണ്. സുഹൃത്തുക്കളുമായി തീർത്ഥാടനം നടത്തും. പഠനാർത്ഥികൾ പുതിയ കോഴ്സുകളിൽ ചേരുന്നതാണ്. ഗവേഷണത്തിൽ ശ്രദ്ധിക്കാൻ കഴിയും. ഊഹക്കച്ചവടം, ചിട്ടി, ഇൻഷ്വറൻസ് ഇവകളിൽ നിന്നും ആദായം / വരുമാനം പ്രതീക്ഷിക്കാം. പിതൃബന്ധുക്കളുമായി തർക്കം / വ്യവഹാരം ഇവ സാധ്യതയാണ്. രാഷ്ട്രീയ പ്രവർത്തനത്തിൽ മുഴുവൻ സമയവും ആബദ്ധരാകുന്നതാണ്.
പൂയം
അഷ്ടമത്തിൽ ശനിയും കുജനും തുടരുന്നത് അത്ര അനുകൂലമല്ല. തടസ്സങ്ങൾ തുടർക്കഥയാവും. ചില പ്രോജക്ടുകൾ മാറ്റിവെക്കപ്പെട്ടേക്കും. ക്ഷോഭശീലം അധികരിക്കും. ശത്രുക്കളുടെ എണ്ണം പെരുകുന്നതാണ്. ഒമ്പതിലെ ഉച്ചസ്ഥനായ ശുക്രൻ ചില ആശ്വാസങ്ങളും അല്പസന്തോഷങ്ങളും പിടിച്ചുനിൽക്കാനുള്ള കരുത്തും പകരും. ഒമ്പത്, പത്ത് ഭാവങ്ങളിലെ ആദിത്യസ്ഥിതി മാസത്തിൻ്റെ ഉത്തരഭാഗത്തിന് മെച്ചമേകുന്നതാണ്. തൊഴിലിൽ പുരോഗതിയോ ശുഭസൂചനകളോ പ്രതീക്ഷിക്കാം. സംഘടനകളുടെ നേതൃപദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടാനിടയുണ്ട്.
ആയില്യം
ആലോചനാശൂന്യമായ പ്രവൃത്തികൾ തിരിച്ചടിയുണ്ടാക്കുന്നതാണ്. അപ്രായോഗികമായ കാര്യങ്ങളുടെ ചുമതല ഏൽക്കേണ്ടിവരും. കടബാധ്യത പരിഹരിക്കുന്നതിൽ ഭാഗികമായി വിജയിക്കുന്നതാണ്. ശുഭകാര്യങ്ങൾക്ക് തിരിച്ചടി വരാം. ഉറപ്പിച്ചിരുന്ന ഭൂമിവ്യാപാരം നീളുന്നതാണ്. വിരുന്നുകൾ, മംഗളകർമ്മങ്ങളിൽ മുഖ്യപങ്കാളിത്തം, തീർത്ഥാടന യോഗം ഇവ അനുഭവങ്ങളിൽ ചിലതായേക്കും. വിദേശത്ത് പഠന - തൊഴിൽ യാത്രകൾക്ക് സാധ്യത തെളിയാം. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ജാഗ്രത ആവശ്യമാണ്. വീടുപണിക്ക് തുടക്കമിടാൻ കഴിഞ്ഞേക്കും. നക്ഷത്രനാഥനായ ബുധന് രണ്ടാം വാരത്തിൽ വക്രമൗഢ്യാദികൾ ഭവിക്കുന്നതിനാൽ മാനസിക, കർമ്മ സങ്കോചങ്ങൾ ഭവിച്ചേക്കാം.
മകം
ഏഴാം ഭാവത്തിലും എട്ടാം ഭാവത്തിലുമെല്ലാം പാപഗ്രഹങ്ങൾ ഉള്ള കാലമാണ്. അതിനാൽ സമ്മർദ്ദം തുടരപ്പെടും. ശുക്രന് ഉച്ചം വരുന്നതിനാൽ കുറച്ചൊക്കെ സന്തോഷാനുഭവങ്ങളും ഭോഗസുഖങ്ങളും കൂടി പ്രതീക്ഷിക്കാം. വിലകൂടിയ വസ്തുക്കൾ സ്വന്തമാക്കുകയോ പാരിതോഷികമായി ലഭിക്കുകയോ ചെയ്യും. ഭാര്യാഭർത്താക്കന്മാർ കൂടുതൽ പിണങ്ങുകയും കുറച്ചുമാത്രം ഇണങ്ങുകയും എന്നത് സാധ്യതയാണ്. 'ഞാൻ എന്ന ഭാവം' സൗഹൃദത്തിലും വിള്ളൽ വീഴ്ത്താനിടയുണ്ട്. കൂട്ടുകച്ചവടത്തിൽ പ്രശ്നങ്ങൾ ഉദിക്കാം. ഏപ്രിൽ രണ്ടാം പകുതിയിൽ ചിങ്ങക്കൂറിൻ്റെ അധിപനായിട്ടുള്ള ആദിത്യൻ ഉച്ചത്തിൽ വരികയാൽ അനുകൂലമായ ഫലങ്ങൾ വർദ്ധിക്കുന്നതാണ്. ആത്മശക്തി വർദ്ധിക്കും. ജീവിതത്തിൻ്റെ സ്വാഭാവിക താളം വീണ്ടെടുക്കപ്പെടാം.
പൂരം
മാസത്തിലെ മുക്കാൽപ്പങ്കും നക്ഷത്രനാഥനായ ശുക്രൻ ഉച്ചസ്ഥിതിയിൽ തുടരുന്നതും രണ്ടാം പകുതിയിൽ കൂറിൻ്റെ അധിപനായ സൂര്യന് ഉച്ചസ്ഥിതി സംഭവിക്കുന്നതും ആണ് ഈ മാസത്തെ മുഖ്യ ഗുണാനുഭവങ്ങൾക്ക് കാരണമാകുന്നത്. ജീവിതനിലവാരം ഉയരുന്നതാണ്. മുന്തിയ വസ്ത്രാഭരണാദികൾ വാങ്ങാം; സമ്മാനമായി ലഭിക്കാനുമിടയുണ്ട്. പ്രണയത്തിൽ മുഴുകുന്നതാണ്. പിതാവിന് സ്ഥാനോന്നതി, ആരോഗ്യപ്രശ്നങ്ങളിൽ നിന്നും മുക്തി എന്നിവ ഭവിക്കുന്നതാണ്. പൊതുപ്രവർത്തകർക്ക് ജനകീയ പിന്തുണ ലഭിച്ചേക്കും. ശനിയും ചൊവ്വയും രാഹുവും അനിഷ്ടകാരികൾ ആകയാൽ കബളിപ്പിക്കപ്പെടാം. രഹസ്യശത്രുക്കളുണ്ടാവുന്നതാണ്. രോഗഗ്രസ്തതയ്ക്ക് സാധ്യത കാണുന്നു. ദാമ്പത്യത്തിൽ സ്വാച്ഛന്ദ്യം കുറയുന്നതാണ്. വ്യാഴാനുകൂല്യം ഉള്ള കാലമാകയാൽ പ്രതിസന്ധികളെ അതിജീവിക്കാനാവും.
ഉത്രം
ചൊവ്വയും ശനിയും ആറാം ഭാവത്തിൽ തുടരുന്നതിനാൽ ശത്രുക്കളുടെ രഹസ്യവും പരസ്യവുമായ കർമ്മങ്ങളെ സമർത്ഥമായി പ്രതിരോധിക്കും. തൊഴിൽ മേഖലയിലെ ഉന്മേഷരാഹിത്യം അവസാനിച്ചേക്കും. ഏജൻസി ഏർപ്പാടുകൾ വിപുലീകരിക്കാൻ സാധിക്കുന്നതാണ്. ദിവസവൃത്തിക്കാർക്ക് മുടക്കം കൂടാതെ തൊഴിൽ ചെയ്യാനാവും. കടബാധ്യതകളിൽ നിന്നും താത്കാലിക ആശ്വാസമുണ്ടാവും. ഏഴിലെ രാഹുവും രവിയും ശുക്രനും പ്രണയത്തെ ഏതാണ്ട് ശിഥിലമാക്കിയേക്കും. ദാമ്പത്യത്തിലും സ്വൈരം കുറയുന്നതാണ്. അന്യനാട്ടിൽ പഠിപ്പിനോ തൊഴിലിനോ വേണ്ടി പോകാൻ ഒരുങ്ങുന്നവർക്ക് തടസ്സങ്ങളുണ്ടാവും. പരീക്ഷകളിൽ മികച്ച പ്രകടനം നടത്തുവാൻ കഴിയണമെന്നില്ല. ഏപ്രിൽ ആദ്യപകുതി കന്നിക്കൂറുകാർക്കും രണ്ടാം പകുതി ചിങ്ങക്കൂറുകാർക്കും ഗുണമുഖ്യത്വം ഉള്ളതായിരിക്കും.
അത്തം
സാമ്പത്തികമായി നേട്ടങ്ങൾക്ക് വഴിയുണ്ട്. ഊഹക്കച്ചവടം ആദായമുണ്ടാക്കും. പണയവസ്തുക്കൾ തിരിച്ചെടുക്കാനാവും. വിദ്യാർത്ഥികൾ ഉപരിപഠനത്തിന് സഹായകമാവുന്ന ചില കോഴ്സുകളിൽ ചേരുന്നതാണ്. സഹപ്രവർത്തകരുടെ സഹകരണം ലഭിക്കുന്നതിനാൽ വിഷമം പിടിച്ച ദൗത്യങ്ങൾ ഭംഗിയായി നിർവഹണസന്ധിയിൽ എത്തിക്കും. കന്നിക്കൂറിൻ്റെ ഭാഗ്യാധിപനായ ശുക്രൻ ഉച്ചരാശിയിൽ തുടരുകയാൽ ഭാഗ്യാനുഭവങ്ങൾ ഉണ്ടായേക്കും. അഭിമാനനേട്ടങ്ങൾ അനായാസമായി സിദ്ധിക്കുന്നതാണ്. രാഹുവും ആദിത്യനും ഏഴിൽ സഞ്ചരിക്കയാൽ വഴിനടത്തയും ക്ലേശവും ഉണ്ടാകാം. പൊതുപ്രവർത്തകർ ജനകീയ വിചാരണകളെ നേരിടേണ്ടതായി വരും. കുടുംബ ജീവിതത്തിൽ സുഖക്കുറവുണ്ടാകാം. യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാതെ ഭാവനാലോകത്ത് മുഴുകുന്നതായിരിക്കും.
ചിത്തിര
സംഘടനാകാര്യങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തുന്നതാണ്. ജോലിയിൽ സാമാന്യം സംതൃപ്തിയുണ്ടാവും. സ്ഥാപനം നടത്തുന്നവർ തൊഴിൽ പ്രശ്നങ്ങളെ നേരിടേണ്ടിവന്നേക്കും. കടബാധ്യതകൾ തീർക്കാൻ സമ്മർദ്ദമേറുന്നതാണ്. കുടുംബാംഗങ്ങളുടെ പിന്തുണ കിട്ടുന്നില്ലെന്ന തോന്നൽ ശക്തമാകും. സന്താനഭാഗ്യം പ്രതീക്ഷിക്കാം. നക്ഷത്രനാഥനായ ചൊവ്വയ്ക്ക് ശനി യോഗം വരികയാൽ ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം ഉണ്ടാവുന്നതാണ്. ബുധൻ്റെ ബലക്ഷയം മൂലം പഠിപ്പിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടായേക്കില്ല. ബുദ്ധിപരമായി പരിഹരിക്കേണ്ട കാര്യങ്ങൾ മനസ്സുകൊണ്ട് പരിഹരിക്കാൻ ശ്രമിച്ച് കുഴപ്പത്തിലായേക്കും. സാഹിത്യകാരന്മാർക്ക് രചനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നതാണ്. അടുക്കളകൃഷിയിൽ വിളവെടുപ്പുണ്ടാവും.
ചോതി
വാടകവീട് ഒഴിഞ്ഞ് പുതിയ വീട്ടിലേക്ക് മാറും. സ്വത്തുക്കൾ സംബന്ധിച്ച് സഹോദരിയുമായി തർക്കം വരാം. ആഢംബരത്തിനായി ഒരുപാട് വ്യയം ചെയ്യും. തൊഴിലിടത്തിൽ കുറച്ചൊക്കെ സമാധാനം ഉണ്ടാകുന്നതാണ്. സർക്കാരിൽ നിന്നും ലബ്ധമാകേണ്ട രേഖകൾ കൈവശം വന്നെത്തും. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ നേരിൽ കാണാൻ അവസരം ഉണ്ടാകുന്നതാണ്. സാങ്കേതിക വിഷയങ്ങൾ, ഭാഷ ഇവ പഠിക്കാനായി സമയം കണ്ടെത്തുവാനാവും. നിർജലീകരണം, ഭക്ഷ്യവിഷബാധ പോലുള്ളവയ്ക്ക് സാധ്യതയുള്ളതിനാൽ കരുതൽ വേണം. വിദേശത്തുള്ളവർക്ക് നാട്ടിലേക്ക് പോകാൻ അവസരം ലഭിക്കാം. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇണക്കി തീർത്ഥാടനത്തിന് പദ്ധതിയിടും.
വിശാഖം
സ്വന്തമായി ബിസിനസ്സിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ലാഭം കുറയും. എന്നാൽ ഉദ്യോഗസ്ഥന്മാർക്കാവും മെച്ചം. വലിയ മുതൽമുടക്കോടുകൂടിയ സംരംഭങ്ങൾ ഇപ്പോൾ ആരംഭിക്കരുത്. ഉഷ്ണരോഗങ്ങൾ അലട്ടലുണ്ടാക്കും. പിതാവിൻ്റെ ഉപദേശം ചെവിക്കൊള്ളില്ല. രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ പ്രസംഗിക്കുവാൻ അവസരം കിട്ടുന്നത് പ്രയോജനപ്പെടുത്തും. ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുക്കുന്നതാണ്. തുലാക്കൂറുകാർക്ക് യാത്രകൾ കൊണ്ട് ഗുണമുണ്ടാകും. എന്നാൽ കുടുംബകാര്യങ്ങൾക്ക് സമയം കണ്ടെത്താനായേക്കില്ല. രഹസ്യ നിലപാടുകളും നീക്കങ്ങളും പരസ്യമാകുന്നതിനാൽ മനോവൈക്ലബ്യം വരാം. മകൻ്റെ ഭാവിയെക്കുറിച്ച് ഉൽകണ്ഠ വർദ്ധിച്ചേക്കാം. സാമ്പത്തിക കാര്യങ്ങളിൽ സംതൃപ്തി ഉണ്ടാവുന്നതാണ്.
അനിഴം
വസ്തുവോ വീടോ വാങ്ങുവാനുള്ള തീവ്രശ്രമം തുടരും. ഭാര്യാവീട്ടുകാർ സഹായം വാഗ്ദാനം ചെയ്യും. ശുക്രൻ അഞ്ചാം ഭാവത്തിൽ ഉച്ചനായി സഞ്ചരിക്കുകയാൽ മകളുടെ കലാവാസന/പഠന മികവ് സന്തോഷമേകും. നിലച്ചുപോയ സ്വന്തം സർഗപ്രവർത്തനം പുനരാരംഭിക്കുവാൻ സാധിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ അപ്രീതി നേരിടേണ്ടതായി വരും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കൂടുതൽ സന്തോഷമുണ്ടാകും. കർമ്മഗുണം പുരസ്കൃതമാകും. സുഹൃത്തുക്കളുമായി ചേർന്ന് ആത്മീയയാത്രകൾ സംഘടിപ്പിക്കുന്നതാണ്. ജീവകാരുണ്യ പ്രവർത്തനത്തിനായി സമയം കണ്ടെത്തും. ഗവേഷകർക്ക് പ്രബന്ധപൂർത്തീകരണം മുഷിപ്പനായി അനുഭവപ്പെട്ടേക്കും.
തൃക്കേട്ട
സ്വദേശത്തിലെ ഉത്സവാദികളിൽ പങ്കെടുക്കാനായും രാഷ്ട്രീയ താല്പര്യങ്ങൾ മൂലവും നാട്ടിലേക്ക് മടങ്ങാൻ ശ്രമം തുടരുന്നതാണ്. നാലാം ഭാവത്തിലും അഞ്ചാം ഭാവത്തിലും പാപഗ്രഹങ്ങൾ ശക്തരാവുകയാൽ മനോവൈഷമ്യമേറും. കുടുംബപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഊർജ്ജം വ്യയം ചെയ്യും. നവസംരംഭങ്ങൾക്കും വലിയ തോതിലുള്ള മുതൽ മുടക്കിനും ഏപ്രിൽ ആദ്യപകുതി അനുഗുണമല്ല. എന്നാൽ കലാകാരന്മാർക്ക് നല്ല അവസരങ്ങൾ ലഭിച്ചേക്കും. ഔദ്യോഗികമായി മേടമാസമാവും / ഏപ്രിൽ രണ്ടാം പകുതി, കൂടുതൽ പ്രയോജനകരമാവുക. കുറേനാളായി കാത്തിരുന്ന കാര്യങ്ങൾ നടത്താനാവും. സാമ്പത്തികമായും മെച്ചപ്പെടുന്നതാണ്. പ്രതിയോഗികളെ പ്രതിരോധിക്കാനാവും. കിടപ്പ് രോഗികൾക്ക് ചികിൽസാമാറ്റത്താൽ ആശ്വാസം വന്നെത്തും.
മൂലം
മൂന്നാം ഭാവത്തിൽ ശനി-ചൊവ്വ യോഗം ഗുണാനുഭവങ്ങൾക്ക് വഴിവെക്കുന്നതാണ്. മുതിർന്നവരുടേയും ചെറുപ്പക്കാരുടേയും പിൻബലമുണ്ടാവും. മുൻപ് ശ്രമിച്ച് പരാജയപ്പെട്ട കാര്യങ്ങളിൽ ശ്രമിക്കുന്ന പക്ഷം വിജയമുണ്ടാകും. തൊഴിൽ മേഖലയിൽ മുന്നേറ്റം പ്രതീക്ഷിക്കാം. ഗൃഹനവീകരണം പൂർത്തിയാക്കും. വർക്ക്ഷോപ്പിലായിരുന്ന വാഹനം വീണ്ടും ഉപയോഗ യോഗ്യമാകുന്നതാണ്. നാലാം ഭാവത്തിലെ രാഹു - രവി യോഗം അയൽ തർക്കങ്ങൾക്ക് കാരണമായേക്കും. മാതൃബന്ധുക്കളുമായി നീരസത്തിലാവും. മകൻ്റെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. സമൂഹമാധ്യമങ്ങളിലെ നിലപാടുകളും അഭിപ്രായങ്ങളും തർക്കത്തിലേക്ക് നയിക്കാനിടയുണ്ട്. ആരോപണങ്ങൾ വ്യക്തിത്വത്തെ ബാധിക്കുന്നതാണ്.
പൂരാടം
നക്ഷത്രനാഥനായ ശുക്രൻ ഉച്ചരാശിയിൽ സഞ്ചരിക്കുകയാൽ സാമൂഹികമായ അംഗീകാരം ലഭിക്കുന്നതായിരിക്കും. ഗാർഹികമായ ക്ലേശങ്ങൾ, കുടുംബാംഗങ്ങൾ തമ്മിലുള്ള കലഹങ്ങൾ എന്നിവ കുറയാം. സ്ത്രീസൗഹൃദങ്ങൾ ഉണ്ടാവാം. വിലകൂടിയ ഇലക്ട്രോണിക് ഉപകരണം സ്വന്തമാക്കും. മാതാവിൻ്റെ ആരോഗ്യപ്രശ്നങ്ങൾക്ക് തുടർ ചികിൽസ ലഭ്യമാക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്വാതന്ത്ര്യത്തോടെ ചുമതലകൾ നിർവഹിക്കാനാവും. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ഗുണകരമായേക്കില്ല. ബിസിനസ്സുകാർക്ക് ഏജൻസികളിൽ നിന്നും മോശമല്ലാത്ത ധനാഗമമുണ്ടാവും. ഭൂമി വില്പനയിലെ തർക്കങ്ങൾക്ക് താൽകാലികമായ വിരാമം ഉണ്ടാകുന്നതാണ്.
ഉത്രാടം
നക്ഷത്രനാഥനായ ആദിത്യന് രാഹുയോഗവും പിന്നീട് വ്യാഴയോഗവും വരികയാൽ സമ്മർദങ്ങളെ മാസത്തിൻ്റെ ആദ്യപകുതിയിൽ നേരിടേണ്ടതായി വരാം. സുഹൃത്തുക്കളിൽ നിന്നും കയ്പേറിയ അനുഭവങ്ങൾ ഉണ്ടാവുന്നതാണ്. കാര്യസാധ്യത്തിനായോ ആത്മരക്ഷാർത്ഥമായിട്ടോ കളവ് പറയേണ്ട സ്ഥിതി ഭവിച്ചേക്കും. പഠനത്തിൽ ആലസ്യം അനുഭവപ്പെടുന്നതാണ്. പണമിടപാടുകളിൽ അമളി പിണയാൻ സാധ്യത കാണന്നു. കലഹങ്ങളിൽ മാധ്യസ്ഥം വഹിക്കുന്നത് ദുരാരോപണത്തിന് ഇടവരുത്തും. പഴയ വസ്തുക്കൾ, നാണയം, സ്റ്റാമ്പ് മുതലായവ ശേഖരിക്കുന്നതിൽ താല്പര്യമേറുന്നതാണ്. അക്കാര്യത്തിൽ പണച്ചെലവ് ഉണ്ടാകും. ഇൻഷ്വറൻസ്, ഊഹക്കച്ചവടം ഇത്യാദികളിലൂടെ പണവരവ് പ്രതീക്ഷിക്കാം.
തിരുവോണം
പ്രവൃത്തിരംഗത്ത് നിലവിലെ സ്ഥിതി തുടരപ്പെടുന്നതാണ്. എന്നാൽ ജോലി ഉപേക്ഷിച്ച് പുതിയത് തേടാൻ സമയം ഉചിതമല്ലെന്നത് ഓർമ്മയിലുണ്ടാവണം. ബിസിനസ്സ് നവീകരണത്തിന് തടസ്സങ്ങളുണ്ടാവും. വായ്പ, ലോൺ ഇവ ലഭിക്കുന്നതിന് കാത്തിരിക്കേണ്ടിവരാം. വ്യക്തി ജീവിതത്തിൽ സമ്മർദ്ദങ്ങളും ആശ്വാസങ്ങളും മാറിമറിയുന്നതാണ്. കുടുംബബന്ധങ്ങളുടെ ദൃഢത തെല്ല് പരീക്ഷിക്കപ്പെട്ടേക്കും. ഭാര്യാഭർത്താക്കന്മാർക്കിടയിൽ അനുരഞ്ജനം കുറയുന്നതാണ്. തീക്ഷ്ണവാക്കുകൾ പറയേണ്ട സാഹചര്യം സംജാതമാകും. അപ്രിയരായ വ്യക്തികളുടെ സഹായ സഹകരണങ്ങൾ സ്വീകരിച്ചേക്കും. ദൈവികകാര്യങ്ങൾക്ക് സമയം കണ്ടെത്തും. സുഹൃത്തുക്കളുമായി രാഷ്ട്രീയ പ്രവർത്തനത്തിൽ ആബദ്ധരാകും.
അവിട്ടം
മകരക്കൂറിൽ ജനിച്ചവർക്ക് ഏപ്രിൽ ആദ്യ പകുതിയും കുംഭക്കൂറിൽ ജനിച്ചവർക്ക് ഏപ്രിൽ രണ്ടാം പകുതിയും ഗുണകരമാവും. പാപഗ്രഹങ്ങൾ ജന്മരാശിയിലുള്ളതിനാൽ തടസ്സം ഉണ്ടാകും. വീണ്ടും ശ്രമിച്ചാലാണ് പല കാര്യങ്ങളിലും വിജയിക്കാനാവുക. എതിരാളികൾ ദുരാരോപണങ്ങൾ ഉയർത്താനിടയുണ്ട്. സഹോദരരുടെ പിന്തുണ കിട്ടിയേക്കില്ല. സ്വത്തുസംബന്ധിച്ച തർക്കങ്ങൾക്ക് സാധ്യത കാണുന്നു. പുതുസംരംഭങ്ങൾ മുന്നോട്ടു കൊണ്ടുപോവുക ശ്രമകരമാവും. സ്ത്രീകളുടെ പ്രോൽസാഹനം വലിയ തോതിൽ കൈവരുന്നതാണ്. പ്രൊഫഷണൽ പഠനത്തിനായുള്ള പരിശീലനത്തിൽ പങ്കുചേരുവാനാവും. സ്വന്തബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് ശ്രദ്ധാപൂർവ്വമാവണം.
ചതയം
പാപഗ്രഹങ്ങൾ വലിയ തോതിൽ സ്വാധീനം ചെലുത്തുന്നതിനാൽ ലക്ഷ്യപ്രാപ്തി ദുഷ്കരമാവും. സ്വന്തം മനസ്സിലെ വൈരുദ്ധ്യങ്ങളെ ഏകോപിപ്പിക്കേണ്ട സ്ഥിതി വരുന്നതാണ്. ഇച്ഛാശക്തിയും ദുർബലമായേക്കും. സാമ്പത്തിക നില സാധാരണമായി തുടരും. അത്യാവശ്യങ്ങൾക്ക് മുടക്കമുണ്ടാവില്ല. പ്രസംഗം, കാവ്യരചന, ചിത്രകല എന്നിവയിൽ കഴിവ് തെളിയിക്കാൻ അവസരം സിദ്ധിക്കും. പരീക്ഷ എഴുതുന്നവർക്ക് സംതൃപ്തി ഉണ്ടാവും. ജീവിതപങ്കാളിയുടെ പിന്തുണ ശക്തിയേകും. ഏപ്രിൽ ആദ്യ വാരത്തിൽ തന്നെ കഴിഞ്ഞ കുറെ മാസമായി ചതയത്തിൽ തുടരുന്ന ജന്മശനി അവിടെ നിന്നും അടുത്ത നക്ഷത്രത്തിലേക്ക് മാറുന്നത് ശുഭസൂചനയാണ്. പ്രതിബന്ധങ്ങളെ മറികടന്ന് സുസ്ഥിതിയിലെത്താൻ കഴിഞ്ഞേക്കും.
പൂരൂരുട്ടാതി
ശനി ചതയം നക്ഷത്രത്തിൽ നിന്നും പൂരൂരുട്ടാതിയിലേക്ക് സംക്രമിക്കുന്നു, ഏപ്രിലാദ്യം. അനാവശ്യകാര്യങ്ങളിൽ തലയിടാൻ പ്രേരണയുണ്ടാകും. ജീവിതത്തിൻ്റെ ഗതി അല്പമൊന്ന് പതുക്കെയാവുന്നതായി അനുഭവപ്പെടാം. നിലപാടുകൾ എടുക്കുന്നതിൽ ക്ലേശിച്ചേക്കും. കർമ്മരംഗത്ത് വലിയ തിരിച്ചടികളൊന്നും ഉണ്ടായേക്കില്ല. എന്നാൽ നിലവിലെ തൊഴിൽ കളഞ്ഞ് പുതിയ തൊഴിൽ തേടുന്നത് ആശാസ്യമാവില്ല. സമൂഹമാധ്യമങ്ങളിലെ പങ്കിടലുകളും എഴുത്തും പക്ഷം പിടിക്കലും എതിരാളികളെ സൃഷ്ടിച്ചേക്കും. കമ്മീഷൻ / ഏജൻസി ഏർപ്പാടുകൾ ലാഭകരമാവുന്നതാണ്. ദാമ്പത്യത്തിൽ സ്വൈരം കുറയും. സുഹൃത്തുക്കളുടെ ശക്തമായ സഹകരണം പ്രതീക്ഷിക്കാം. മറ്റൊരു വാടകവീട് കണ്ടെത്തേണ്ടി വരുന്നതാണ്.
ഉത്രട്ടാതി
ജന്മരാശിയിലെ സൂര്യനും രാഹുവും അതുപോലെ തന്നെ പന്ത്രണ്ടിലെ പാപഗ്രഹങ്ങളായ ശനിയും ചൊവ്വയും ഒക്കെ ജീവിതത്തെ കുറച്ചൊക്കെ ക്ലേശകരമാക്കും. മനോധൈര്യം ചോർന്നുപോകുന്നതായി തോന്നുന്നതാണ്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവും. പ്രയോജനമില്ലാത്ത യാത്രകൾ ആവർത്തിച്ചേക്കും. ജന്മത്തിൽ ശുക്രൻ സഞ്ചരിക്കുകയാലും രണ്ടാം ഭാവത്തിൽ ഗുരുബുധന്മാർ ഉള്ളതിനാലും ഇടയ്ക്ക് ആഹ്ളാദങ്ങളും നേട്ടങ്ങളും കൂടി വന്നെത്തും. അഭിമാനിക്കാൻ പലതും ഉണ്ടാവും. സംഭാഷണം ആകർഷകമാവും. സദസ്സുകളിൽ കരഘോഷം നേടും. കുടുംബ ഭദ്രതയുണ്ടാവും. സാമ്പത്തികസ്ഥിതി അത്ര മോശമാവില്ല. പഠനാർത്ഥികൾക്ക് കാലം അനുകൂലമാണ്. പരീക്ഷകളിൽ നന്നായി ശോഭിക്കുവാനാവും. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ വളരുന്നതാണ്.
രേവതി
ഗുണദോഷ സമ്മിശ്രമായിട്ടുള്ള മാസമാണ്. ജന്മത്തിൽ രാഹുവും സൂര്യനും സഞ്ചരിക്കുകയാൽ ഏപ്രിൽ പകുതി വരെ അലച്ചിലും മാനസിക പിരിമുറുക്കങ്ങളും വല്ലാതെ കൂടിയേക്കും. അനിഷ്ടസ്ഥിതരായ ശനിയും ചൊവ്വയും കാര്യങ്ങൾ വൈകിപ്പിക്കുന്നതാണ്. തീരുമാനങ്ങൾ തെറ്റായിപ്പോയി എന്ന് അനുഭവം കൊണ്ടറിയാനിടവരും. ശുക്രൻ, വ്യാഴം, ബുധൻ എന്നീ ശുഭഗ്രഹങ്ങൾ സൽഭാവങ്ങളിൽ സഞ്ചരിക്കുകയാൽ ജോലിയിൽ വിജയിക്കാനും അധികാരികളുടെ പ്രീതി നേടാനുമാവും. ഊഹക്കച്ചവടം, നിക്ഷേപം, ചിട്ടി, ഇൻഷ്വറൻസ് തുടങ്ങിയവയിലൂടെ ധനോന്നതി കൈവരിക്കുന്നതാണ്. ദാമ്പത്യത്തിലെ പിണക്കങ്ങൾ ഇണക്കങ്ങളായി മാറും. മകന്റെ / മകളുടെ ജോലിക്കാര്യത്തിൽ ശുഭവാർത്തയുണ്ടാവും. ഏപ്രിൽ മാസം പകുതിക്കുശേഷം കാര്യങ്ങൾ അല്പം കൂടി വരുതിയിലായേക്കും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.