/indian-express-malayalam/media/media_files/lk5ABtuM4kuNAmssDCSo.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ഇടവം രാശിയിൽ രോഹിണി, മകയിരം ഞാറ്റുവേലകളിലായി ആദിത്യൻ സഞ്ചരിക്കുന്നു. ചന്ദ്രൻ കറുത്ത - വെളുത്ത പക്ഷങ്ങളിലായി നീങ്ങുകയാണ്. രേവതി മുതൽ തിരുവാതിര വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ചന്ദ്രൻ്റെ യാത്ര. ജൂൺ 6 വ്യാഴാഴ്ച കറുത്തവാവ് വരുന്നു.
ചൊവ്വ മേടം രാശിയിൽ അശ്വതി നക്ഷത്രത്തിലാണ്. ശുക്രൻ ഇടവം രാശിയിൽ രോഹിണി - മകയിരം നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു. ശുക്രമൗഢ്യം തുടരുകയാണ്. ബുധനും ഇടവം രാശിയിൽ രോഹിണിയിലാണ്. ബുധന് ആഴ്ച മധ്യം മുതൽ മൗഢ്യം തുടങ്ങുന്നു.
വ്യാഴം ഇടവം രാശിയിൽ കാർത്തിക നക്ഷത്രത്തിലാണ്. ജൂൺ 4 ന് വ്യാഴൻ്റെ ഒരു മാസം നീണ്ട മൗഢ്യം അവസാനിക്കുന്നു. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലാണ്. രാഹുവും കേതുവും യഥാക്രമം മീനം, കന്നി രാശികളിൽ രേവതി, അത്തം നക്ഷത്രങ്ങളിലായി തുടരുന്നു.
ഈ ആഴ്ചയിലെ ചന്ദ്രൻ്റെ അഷ്ടമരാശി സഞ്ചാരം ഇനിപ്പറയും വിധത്തിലാണ്. ഞായറാഴ്ച മുഴുവൻ ചിങ്ങക്കൂറുകാരുടെ അഷ്ടമരാശിയുണ്ട്. തിങ്കളും ചൊവ്വയും മുഴുവനായും കന്നിക്കൂറുകാർക്കാണ്. ബുധനും വ്യാഴനും തുലാക്കൂറുകാർക്കും വെള്ളിയും ശനിയും വൃശ്ചികക്കൂറുകാർക്കും അഷ്ടമരാശിക്കൂറ് ഭവിക്കുന്നു.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒൻപത് നാളുകാരുടെ ഒരാഴ്ചക്കാലത്തെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.
മകം
വാരാദ്യം അഷ്ടമരാശിയുള്ളതിനാൽ കരുതൽ വേണം. യാത്രകളിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. മറ്റു ദിവസങ്ങളിൽ മെച്ചപ്പെട്ട ഫലങ്ങൾ വന്നെത്തുന്നതാണ്. ഔദ്യോഗികരംഗത്ത് സ്വന്തം അഭിപ്രായത്തിന് സ്വീകാര്യത കുറയുകയാണോ എന്ന തോന്നൽ ശക്തിപ്പെടും. മേലധികാരികളുടെ നിർദ്ദേശം ലഭിക്കാത്തത് ചിലപ്പോൾ ആശയക്കുഴപ്പത്തിന് ഇടവരുത്താം. സ്ഥാനോന്നതി പ്രതീക്ഷിക്കുന്നവർക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുന്നതായിരിക്കും. സാമ്പത്തികമായി തരക്കേടില്ലാത്ത കാലമാണ്. ദൈവിക സമർപ്പണങ്ങൾക്ക് സമയം കണ്ടെത്താനാവും.
പൂരം
അഞ്ച് ഗ്രഹങ്ങൾ ഇടവം രാശിയിൽ കർമ്മഭാവത്തിലായി സഞ്ചരിക്കുകയാൽ പ്രവൃത്തികളിൽ ഏകാഗ്രതയുണ്ടാവണം. കർമ്മരംഗത്തെ ഉദാസീനത ഉപേക്ഷിക്കേണ്ടതുണ്ട്. പുതിയ കരാറുകൾ ഒപ്പിടുമ്പോൾ നിബന്ധനകൾ മനസ്സിലാക്കാൻ മറക്കരുത്. ഉദ്യോഗാർത്ഥികൾക്ക് അഭിമുഖങ്ങളിൽ ശോഭിക്കുവാനാവും. ഓൺലൈൻ ബിസിനസ്സിൽ ലാഭം ഉണ്ടാവുന്നതാണ്. ദാമ്പത്യം സാമാന്യം തൃപ്തികരമായിരിക്കും. സുഹൃത്തുക്കൾക്കൊപ്പം വിനോദ സഞ്ചാരം നടത്താൻ സാധ്യതയുണ്ട്. നവമാധ്യമങ്ങളിലെ അഭിപ്രായങ്ങൾക്ക് കടും വിമർശനം വരാം.
ഉത്രം
നക്ഷത്രനാഥനായ ആദിത്യന് എല്ലാ ശുഭഗ്രഹങ്ങളുടെയും യോഗം വരുന്ന വാരമാണ്. അതിനാൽ സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങിയവരിൽ നിന്നും പലതരം അനുകൂലതകൾ പ്രതീക്ഷിക്കാം. ഗുണകരമായ ചില നിർദ്ദേശങ്ങൾ ലഭിക്കുന്നതാണ്. പാരമ്പര്യ തൊഴിലുകളിൽ മുന്നേറ്റം സാധിക്കും. പഠനാവസരങ്ങൾക്കുള്ള തടസ്സങ്ങൾ നീങ്ങുന്നതാണ്. ധനാഗമം വർദ്ധിക്കും. ഊഹക്കച്ചവടത്തിൽ ആദായമുണ്ടാകും. ബാല്യകാല സുഹൃത്തുക്കളെ സന്ദർശിക്കും. ആരോഗ്യപരമായി ശ്രദ്ധയുണ്ടാവണം. ഭൂമിവില്പനയിൽ അമളി പറ്റാനിടയുണ്ട്.
അത്തം
അഷ്ടമ കുജനും സപ്തമ രാഹുവും കാര്യവിഘ്നത്തിന് വഴിയൊരുക്കാം. മറ്റു ഗ്രഹങ്ങളുടെ ആനുകൂല്യത നേട്ടങ്ങൾക്കും കാരണമാകുന്നതാണ്. മുതിർന്നവരുടെ ഉപദേശം സ്വീകാര്യമായിത്തീരും. പിതാവിൻ്റെ ധനം പ്രയോജനപ്പെടുത്തും. അപ്രതീക്ഷിത അവസരങ്ങൾ സിദ്ധിക്കും. വീടുവിട്ടു നിൽക്കുന്നവർ സ്വഗൃഹത്തിലേക്ക് മടങ്ങിയേക്കും. ചെറുകിട സംരംഭങ്ങളിൽ നിന്നും കുറച്ചൊക്കെ ആദായം വരുന്നതാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശുഭാരംഭങ്ങൾക്ക് മുതിരരുത്. കലാപ്രവർത്തകർക്ക് കൂടുതൽ ഗുണകരമായ വാരമാണ്.
ചിത്തിര
ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കും. സഹപ്രവർത്തകരുടെ പ്രശ്നങ്ങളിൽ ശക്തമായ പിന്തുണ നൽകും. സ്വാശ്രയ വ്യാപാരത്തിൽ ഉയർച്ച ഉണ്ടാകുന്നതാണ്. ബുദ്ധിപരമായ നീക്കങ്ങൾ എതിരാളികളെ നിഷ്പ്രഭരാക്കും. ഭാഗ്യപുഷ്ടിയുള്ളതിനാൽ വിജയം അനിവാര്യമാകും. കുടുംബാംഗങ്ങളുടെ ഐക്യത്തിൽ സന്തോഷിക്കും. നവസംരംഭങ്ങൾക്ക് വിദഗ്ദ്ധോപദേശം തേടുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദ സമാഗമങ്ങൾ പ്രതീക്ഷിക്കാം. വാരാദ്യത്തിന് ശോഭ കുറയുന്നതാണ്.
ചോതി
പലകാര്യങ്ങളിലും വിഫലശ്രമം ആവർത്തിക്കപ്പെടാം. വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താത്തത് ഒരുപക്ഷേ കാരണമാകുന്നതാണ്. ദാമ്പത്യത്തിൽ ഭിന്നത വർദ്ധിക്കാനിടയുണ്ട്. യാത്രകളിൽ കളവോ പണം നഷ്ടമാകലോ വരാവുന്നതാണ്. ചെറിയ നേട്ടങ്ങൾ വന്നുചേരും. ഉദ്യോഗസ്ഥർക്ക് അദ്ധ്വാനം അധികമാകാനിടയുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ കാലം അനുകൂലമല്ലെന്നത് മറക്കരുത്. സ്വർണ്ണ പണയത്തിലൂടെ സാമ്പത്തികാവശ്യങ്ങൾ കുറച്ചൊക്കെ നിറവേറ്റപ്പെടും. മകളുടെ താമസസ്ഥലത്തേക്ക് പോകേണ്ടി വന്നേക്കാം.
വിശാഖം
സാമ്പത്തിക അച്ചടക്കം പാലിക്കേണ്ട സന്ദർഭമാണ്. അറിയാത്ത മേഖലയിൽ മുതൽ മുടക്കുന്നത് നഷ്ടത്തിലേക്ക് നയിക്കാൻ കാരണമാകും. കൂട്ടുകച്ചവടം ഗുണകരമായേക്കില്ല. വലിയ യാത്രകൾക്ക് അവസരമൊരുങ്ങും. തൊഴിൽ രംഗത്തെ പ്രശ്നങ്ങൾ ഒട്ടൊക്കെ പരിഹൃതമാവുന്നതാണ്. ഗൃഹനിർമ്മാണ ജോലികൾ നീണ്ടുപോയേക്കാം. മോട്ടിവേഷണൽ ക്ളാസ്സുകളിൽ പങ്കെടുക്കുന്നതാണ്. മകൻ്റെ ഉപരിപഠനത്തിലെ അവ്യക്തത നീങ്ങുന്നതായിരിക്കും. കുടുംബ ബന്ധങ്ങൾ ഊഷ്മളമാവും.
അനിഴം
എതിർപ്പുകളെ അതിജീവിക്കുന്നതാണ്. ആത്മവിശ്വാസത്തോടെ കർമ്മമേഖലയിൽ സക്രിയമാവും. പുതിയ കാലഘട്ടത്തിൻ്റെതായ വിഷയങ്ങൾ ഉപരിപഠനത്തിന് തെരഞ്ഞെടുക്കും. പ്രണയബന്ധം ദൃഢമാകുന്നതാണ്. സാഹിത്യ പ്രവർത്തനത്തിന് കൂടുതൽ നേരം കണ്ടെത്തും. പ്രകൃതിയെ അറിയാനുള്ള യാത്രകളുടെ ഭാഗമാകും. ജീവിത പങ്കാളിയുടെ തൊഴിൽ സംരംഭത്തിന് സർവ്വാത്മനാ സഹകരണമേകും. ബന്ധുജനങ്ങളെ സന്ദർശിക്കുവാൻ നേരം കണ്ടെത്തും. ആരോഗ്യ പരിശോധനയിൽ ആലസ്യമരുത്. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മ കുറയാം.
തൃക്കേട്ട
പ്രവർത്തന രംഗം ഊർജ്ജസ്വലമാകും. പുതുകാര്യങ്ങൾ ആവിഷ്കരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. തടസ്സങ്ങൾ നീങ്ങുന്നതാണ്. ഉന്നതാധികാരികളുടെ പിന്തുണയുണ്ടാകും. വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്. സുഹൃത്തുക്കളൊന്നിച്ചുള്ള യാത്രകൾ ഗുണകരമാവും. പണയ വസ്തുക്കൾ തിരിച്ചെടുക്കാൻ കഴിഞ്ഞേക്കും. പിതൃ-പുത്ര ബന്ധം രമ്യമായിത്തീരും. ആഢംബര വസ്തുക്കൾ വാങ്ങുന്നതിൽ താല്പര്യമുണ്ടാവും. വാരാന്ത്യദിനങ്ങളിൽ കൂടുതൽ കരുതൽ വേണ്ടതാണ്.
Read More
- എന്താണ് വസുപഞ്ചകം അഥവാ പഞ്ചകദോഷം?
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; June 02-June 08, 2024, Weekly Horoscope
- Mars Transit 2024: ചൊവ്വ മേടം രാശിയിൽ, അശ്വതി മുതൽ രേവതി വരെ
- Weekly Horoscope (May 26– June 1, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 May 27 to June 02
- 2024 ജൂൺ മാസത്തിലെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
- ഇടവമാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Monthly Horoscope for Edavam
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.