scorecardresearch

വാരഫലം, അശ്വതി മുതൽ ആയില്യം വരെ; June 02-June 08, 2024, Weekly Horoscope

Weekly Horoscope: ജൂൺ 02 ഞായറാഴ്ച മുതൽ ജൂൺ 08 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു.

Weekly Horoscope: ജൂൺ 02 ഞായറാഴ്ച മുതൽ ജൂൺ 08 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു.

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ഇടവം രാശിയിൽ രോഹിണി, മകയിരം ഞാറ്റുവേലകളിലായി ആദിത്യൻ സഞ്ചരിക്കുന്നു. ചന്ദ്രൻ  കറുത്ത - വെളുത്ത പക്ഷങ്ങളിലായി നീങ്ങുകയാണ്. രേവതി മുതൽ തിരുവാതിര വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ചന്ദ്രൻ്റെ യാത്ര. ജൂൺ 6 വ്യാഴാഴ്ച കറുത്തവാവ് വരുന്നു. 

Advertisment

ചൊവ്വ മേടം രാശിയിൽ അശ്വതി നക്ഷത്രത്തിലാണ്. ശുക്രൻ ഇടവം രാശിയിൽ രോഹിണി - മകയിരം നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു. ശുക്രമൗഢ്യം തുടരുകയാണ്. ബുധനും ഇടവം രാശിയിൽ രോഹിണിയിലാണ്. ബുധന് ആഴ്ച മധ്യം മുതൽ മൗഢ്യം തുടങ്ങുന്നു.

വ്യാഴം ഇടവം രാശിയിൽ കാർത്തിക നക്ഷത്രത്തിലാണ്. ജൂൺ 4 ന് വ്യാഴൻ്റെ ഒരു മാസം നീണ്ട മൗഢ്യം അവസാനിക്കുന്നു. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലാണ്. രാഹുവും കേതുവും യഥാക്രമം മീനം, കന്നി രാശികളിൽ രേവതി, അത്തം നക്ഷത്രങ്ങളിലായി തുടരുന്നു.

ഈ ആഴ്ചയിലെ ചന്ദ്രൻ്റെ അഷ്ടമരാശി സഞ്ചാരം ഇനിപ്പറയും വിധത്തിലാണ്. ഞായറാഴ്ച മുഴുവൻ ചിങ്ങക്കൂറുകാരുടെ അഷ്ടമരാശിയുണ്ട്. തിങ്കളും ചൊവ്വയും മുഴുവനായും കന്നിക്കൂറുകാർക്കാണ്. ബുധനും വ്യാഴനും തുലാക്കൂറുകാർക്കും വെള്ളിയും ശനിയും വൃശ്ചികക്കൂറുകാർക്കും അഷ്ടമരാശിക്കൂറ് ഭവിക്കുന്നു. 

Advertisment

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒൻപത് നാളുകാരുടെ ഒരാഴ്ചക്കാലത്തെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

അശ്വതി

ഉത്കർഷേച്ഛയോടെ പ്രവർത്തികളിൽ ഏർപ്പെടും. സമയബന്ധിതമായി ദൗത്യങ്ങൾ പൂർത്തിയാക്കും. അദ്ധ്വാനഭാരം അല്പം കൂടാനിടയുണ്ട്. താത്ത്വികവും പ്രായോഗികവുമായ വശങ്ങളെക്കുറിച്ച് സഹപ്രവർത്തകരോട് സംസാരിക്കും. നിരീക്ഷണ പാടവം അഭിനന്ദിക്കപ്പെടും. ചൊവ്വ ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ക്ഷോഭം നിയന്ത്രിക്കപ്പെടണം. ധനവരവ് തൃപ്തികരമായിരിക്കും. ചെലവ് നിയന്ത്രിക്കാൻ കഴിയുന്നതാണ്. ഗാർഹികമായും സമാധാനാന്തരീക്ഷം ഉണ്ടായിരിക്കും. വിരുന്നുകാരെ സ്വീകരിക്കേണ്ടി വരാം.

ഭരണി

ഔദ്യോഗികമായി സ്വതന്ത്രനിലപാടുകൾ കൈക്കൊണ്ടേക്കും. പ്രയത്നം സഫലമാകുന്നതാണ്. വിചിത്രമായ സാഹചര്യങ്ങളെ നേരിടേണ്ടി വരാം. നീതിബോധം അഭിനന്ദിക്കപ്പെടും. സുഹൃത്തുക്കളുടെ കുടുംബ വിശേഷങ്ങളിൽ പങ്കെടുക്കാൻ സമയം കണ്ടെത്തും. ഊഹക്കച്ചവടം ഗുണകരമാവുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദ സന്ദർഭങ്ങൾ ഉണ്ടാവും. ദാമ്പത്യത്തിൽ സ്വൈരമുണ്ടാകുന്ന കാലമാണ്. ബിസിനസ്സ് വിപുലീകരണത്തിന് തയ്യാറെടുക്കും. ഞായർ, വ്യാഴം, ദിവസങ്ങൾക്ക് മേന്മ കുറയാം. അലച്ചിലിനിടയുണ്ട്.

കാർത്തിക

അനുകൂല പരിസ്ഥിതിയുണ്ട്. ദിശാബോധമുള്ള  പ്രയത്നത്തിലൂടെ ലക്ഷ്യം കൈവരിക്കാൻ സാധിക്കുന്നതാണ്. അപ്രസക്ത കാര്യങ്ങൾ ഒഴിവാക്കുക കരണീയം. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ആശിച്ച കോഴ്സുകളിൽ പ്രവേശനം ലഭിക്കാം. ഭൂമി വ്യാപാരത്തിൽ അമളി പിണയാം. നിലവിലുള്ള തൊഴിൽ ഉപേക്ഷിച്ച് പുതിയ തൊഴിൽ തേടുന്നത് ഗുണകരമാവില്ല. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കാം. ഓൺലൈൻ ബിസിനസ്സിൽ കൂടുതൽ അവസരങ്ങൾ കൈവരാം. അല്പം അലച്ചിലുണ്ടാകുന്ന വാരമാണ്. ചെറിയ ആരോഗ്യപ്രശ്നങ്ങളും സാധ്യതകളാണ്.

രോഹിണി

ഒന്നിലധികം ഗ്രഹങ്ങൾ രോഹിണിയിൽ സഞ്ചരിക്കുന്നതിനാൽ ചെറുതും വലുതുമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. വിവാദങ്ങളിൽ ചെന്നുചാടിയേക്കാം. പ്രവർത്തനങ്ങളിൽ ഏകാഗ്രത വേണ്ടതുണ്ട്. സാമ്പത്തിക സ്ഥിതി മോശമാവില്ല. അനുബന്ധ തൊഴിലുകളിൽ വിജയം വരിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് കൂടുതൽ സമയം ഓഫീസിൽ ചെലവഴിക്കേണ്ടി വരുന്നതാണ്. കുടുംബ ബന്ധങ്ങളുടെ ദൃഢത നിലനിർത്താൻ അനുരഞ്ജനം അനിവാര്യമായേക്കും. ബന്ധുക്കളുമായുള്ള ബന്ധത്തിൽ സുഗമത കുറയുന്നതാണ്. ആരോഗ്യ ജാഗ്രതയിൽ ഉപേക്ഷ അരുത്.

മകയിരം

നക്ഷത്രാധിപനായ ചൊവ്വ സ്വക്ഷേത്രത്തിൽ സഞ്ചരിക്കുകയാൽ ഉന്നതമായ ചിന്തകളും ഒപ്പം പ്രായോഗിക പരിജ്ഞാനവുമേറും. പ്രശ്നങ്ങളെ ചാതുര്യത്തോടെ കൈകാര്യം ചെയ്യും. മുൻപ് പരിശ്രമിച്ചിട്ടും നേടാനാവാത്ത കാര്യങ്ങൾ ഇപ്പോൾ ലഘുപ്രയത്നത്താൽ നേടാനാവും. ഔദ്യോഗിക ജീവിതത്തിൽ അധികാരമുള്ള ചുമതലകൾ വന്നു ചേരുന്നതാണ്. ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതാണ്. വാരാദ്യം യാത്രകൾ ഉണ്ടായേക്കും. സാമൂഹികമായ അംഗീകാരം ലഭിക്കാം. കലാപ്രവർത്തനം വിജയകരമാവും.

തിരുവാതിര

ആത്മാഭിമാനം വർദ്ധിക്കും. സംരംഭങ്ങൾക്ക് / ബിസിനസ്സിന് പുത്തനുണർവ്വ് ഉണ്ടാവുന്നതാണ്. പ്രൊഫഷണലുകൾക്ക് കിടമത്സരങ്ങളിൽ മുൻതൂക്കം കൈവരും. ധനാഗമം സുഗമമാകും. പുതിയ കാര്യങ്ങൾ പഠിക്കുന്നതിലും അവ പ്രാവർത്തികമാക്കുന്നതിലും ഔത്സുക്യം ഭവിക്കുന്നതാണ്. 
ജോലി തേടുന്നവർക്ക് ശുഭവാർത്തയുണ്ടാവും. മകൻ്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് യാത്രകൾ വേണ്ടി വന്നേക്കാം. സ്വത്തുസംബന്ധിച്ചുള്ള വ്യവഹാരങ്ങളിൽ അനുകൂലമായ വിധിയുണ്ടാവും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതാണ്.

പുണർതം

ഗുണകരമായ സാഹചര്യമാണുള്ളത്. ആത്മാർത്ഥത വിലമതിക്കപ്പെടും. ഉദ്യോഗസ്ഥർക്ക് ഉന്നമനം ഉണ്ടാവുന്നതാണ്. ചുമതലകളുടെ മികച്ച പൂർത്തീകരണം മേലധികാരികളുടെ പ്രശംസ നേടും. നിസ്സഹകരിച്ചവർ ഒപ്പം വന്നുചേരുന്നതാണ്. പാരമ്പര്യ തൊഴിലുകളിൽ കൂടുതൽ ശ്രദ്ധയുണ്ടാവും.  ഭൂമിയിൽ നിന്നും ഏതെങ്കിലും തരത്തിൽ ആദായം പ്രതീക്ഷിക്കാം. പന്ത്രണ്ടിെലെ ഗ്രഹാധിക്യം പ്രയോജനമുള്ള ചെലവുകൾക്ക് വഴിവെച്ചേക്കാം. യാത്രയ്ക്കുള്ള സാധ്യതയുമുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മേന്മ കുറയാം.

പൂയം

മനസ്സന്തോഷം വർദ്ധിക്കുന്നതാണ്. സമൂഹത്തിൽ സ്വാധീനമുണ്ടാകും. അവിവാഹിതരുടെ വിവാഹാലോചനകൾ സഫലമായേക്കും. തടസ്സങ്ങൾ നീങ്ങി വ്യാപാരത്തിൽ നേട്ടങ്ങൾ വന്നുചേരും. ഔദ്യോഗിക രംഗത്തിൽ പദവി / അധികാരം കൈവരാം. സ്വന്തം നിലപാടുകൾ ഒപ്പമുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കുന്ന കാര്യത്തിൽ വിജയിക്കും. കരാർ പണികൾ, ഏജൻസികൾ തുടങ്ങിയവയും ഗുണപ്രദമാവും. പഴയ കാര്യങ്ങളുടെ ഓർമ്മ പ്രചോദനമേകുന്നതാണ്. ആരംഭിച്ച കാര്യങ്ങൾ പുരോഗതിയിലേക്ക് നീങ്ങും. കുടുംബ സുഖം പ്രതീക്ഷിക്കാം.

ആയില്യം

ആത്മവിശ്വാസം ഉയരുന്ന കാലമാണ്. ഉദ്യോഗസ്ഥലത്ത് ആദരവ് വർദ്ധിക്കും. കാര്യാലോചനകളിൽ സ്വന്തം അഭിപ്രായം വിലമതിക്കപ്പെടും. പഴയ കടബാധ്യതകൾ പരിഹരിക്കാനുളള വഴി തെളിയുന്നതാണ്. ഭൂമിയുടെ  ആധാരം സംബന്ധിച്ച നൂലാമാലകൾ ശരിയാക്കാനാവും. ആഭരണം, വസ്ത്രം, സൗന്ദര്യരംഗം, ഭക്ഷണം, ഇവൻ്റ് മാനേജ്മെൻ്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നല്ല വളർച്ചയുണ്ടാകും. കലാകാരന്മാർക്ക് പുതിയ അവസരം, പാരിതോഷികം ഇവ സിദ്ധിക്കുന്നതാണ്. വീടുമാറ്റം സാധ്യമാകും. പ്രണയികൾക്കിടയിൽ ഐക്യം ദൃഢമാകും.  പഠനത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്.

Read More

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: