scorecardresearch

വാരഫലം, അശ്വതി മുതൽ രേവതി വരെ; June 02-June 08, 2024, Weekly Horoscope

Weekly Horoscope: ജൂൺ 02 ഞായറാഴ്ച മുതൽ ജൂൺ 08 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: ജൂൺ 02 ഞായറാഴ്ച മുതൽ ജൂൺ 08 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ഇടവം രാശിയിൽ രോഹിണി, മകയിരം ഞാറ്റുവേലകളിലായി ആദിത്യൻ സഞ്ചരിക്കുന്നു. ചന്ദ്രൻ  കറുത്ത - വെളുത്ത പക്ഷങ്ങളിലായി നീങ്ങുകയാണ്. രേവതി മുതൽ തിരുവാതിര വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ചന്ദ്രൻ്റെ യാത്ര. ജൂൺ 6 വ്യാഴാഴ്ച കറുത്തവാവ് വരുന്നു. 

Advertisment

ചൊവ്വ മേടം രാശിയിൽ അശ്വതി നക്ഷത്രത്തിലാണ്. ശുക്രൻ ഇടവം രാശിയിൽ രോഹിണി - മകയിരം നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു. ശുക്രമൗഢ്യം തുടരുകയാണ്. ബുധനും ഇടവം രാശിയിൽ രോഹിണിയിലാണ്. ബുധന് ആഴ്ച മധ്യം മുതൽ മൗഢ്യം തുടങ്ങുന്നു.

വ്യാഴം ഇടവം രാശിയിൽ കാർത്തിക നക്ഷത്രത്തിലാണ്. ജൂൺ 4 ന് വ്യാഴൻ്റെ ഒരു മാസം നീണ്ട മൗഢ്യം അവസാനിക്കുന്നു. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലാണ്. രാഹുവും കേതുവും യഥാക്രമം മീനം, കന്നി രാശികളിൽ രേവതി, അത്തം നക്ഷത്രങ്ങളിലായി തുടരുന്നു.

ഈ ആഴ്ചയിലെ ചന്ദ്രൻ്റെ അഷ്ടമരാശി സഞ്ചാരം ഇനിപ്പറയും വിധത്തിലാണ്. ഞായറാഴ്ച മുഴുവൻ ചിങ്ങക്കൂറുകാരുടെ അഷ്ടമരാശിയുണ്ട്. തിങ്കളും ചൊവ്വയും മുഴുവനായും കന്നിക്കൂറുകാർക്കാണ്. ബുധനും വ്യാഴനും തുലാക്കൂറുകാർക്കും വെള്ളിയും ശനിയും വൃശ്ചികക്കൂറുകാർക്കും അഷ്ടമരാശിക്കൂറ് ഭവിക്കുന്നു. 

Advertisment

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെ ഒരാഴ്ചക്കാലത്തെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

അശ്വതി

ഉത്കർഷേച്ഛയോടെ പ്രവർത്തികളിൽ ഏർപ്പെടും. സമയബന്ധിതമായി ദൗത്യങ്ങൾ പൂർത്തിയാക്കും. അദ്ധ്വാനഭാരം അല്പം കൂടാനിടയുണ്ട്. താത്ത്വികവും പ്രായോഗികവുമായ വശങ്ങളെക്കുറിച്ച് സഹപ്രവർത്തകരോട് സംസാരിക്കും. നിരീക്ഷണ പാടവം അഭിനന്ദിക്കപ്പെടും. ചൊവ്വ ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ക്ഷോഭം നിയന്ത്രിക്കപ്പെടണം. ധനവരവ് തൃപ്തികരമായിരിക്കും. ചെലവ് നിയന്ത്രിക്കാൻ കഴിയുന്നതാണ്. ഗാർഹികമായും സമാധാനാന്തരീക്ഷം ഉണ്ടായിരിക്കും. വിരുന്നുകാരെ സ്വീകരിക്കേണ്ടി വരാം.

ഭരണി

ഔദ്യോഗികമായി സ്വതന്ത്രനിലപാടുകൾ കൈക്കൊണ്ടേക്കും. പ്രയത്നം സഫലമാകുന്നതാണ്. വിചിത്രമായ സാഹചര്യങ്ങളെ നേരിടേണ്ടി വരാം. നീതിബോധം അഭിനന്ദിക്കപ്പെടും. സുഹൃത്തുക്കളുടെ കുടുംബ വിശേഷങ്ങളിൽ പങ്കെടുക്കാൻ സമയം കണ്ടെത്തും. ഊഹക്കച്ചവടം ഗുണകരമാവുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദ സന്ദർഭങ്ങൾ ഉണ്ടാവും. ദാമ്പത്യത്തിൽ സ്വൈരമുണ്ടാകുന്ന കാലമാണ്. ബിസിനസ്സ് വിപുലീകരണത്തിന് തയ്യാറെടുക്കും. ഞായർ, വ്യാഴം, ദിവസങ്ങൾക്ക് മേന്മ കുറയാം. അലച്ചിലിനിടയുണ്ട്.

കാർത്തിക

അനുകൂല പരിസ്ഥിതിയുണ്ട്. ദിശാബോധമുള്ള  പ്രയത്നത്തിലൂടെ ലക്ഷ്യം കൈവരിക്കാൻ സാധിക്കുന്നതാണ്. അപ്രസക്ത കാര്യങ്ങൾ ഒഴിവാക്കുക കരണീയം. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ആശിച്ച കോഴ്സുകളിൽ പ്രവേശനം ലഭിക്കാം. ഭൂമി വ്യാപാരത്തിൽ അമളി പിണയാം. നിലവിലുള്ള തൊഴിൽ ഉപേക്ഷിച്ച് പുതിയ തൊഴിൽ തേടുന്നത് ഗുണകരമാവില്ല. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കാം. ഓൺലൈൻ ബിസിനസ്സിൽ കൂടുതൽ അവസരങ്ങൾ കൈവരാം. അല്പം അലച്ചിലുണ്ടാകുന്ന വാരമാണ്. ചെറിയ ആരോഗ്യപ്രശ്നങ്ങളും സാധ്യതകളാണ്.

രോഹിണി

ഒന്നിലധികം ഗ്രഹങ്ങൾ രോഹിണിയിൽ സഞ്ചരിക്കുന്നതിനാൽ ചെറുതും വലുതുമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. വിവാദങ്ങളിൽ ചെന്നുചാടിയേക്കാം. പ്രവർത്തനങ്ങളിൽ ഏകാഗ്രത വേണ്ടതുണ്ട്. സാമ്പത്തിക സ്ഥിതി മോശമാവില്ല. അനുബന്ധ തൊഴിലുകളിൽ വിജയം വരിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് കൂടുതൽ സമയം ഓഫീസിൽ ചെലവഴിക്കേണ്ടി വരുന്നതാണ്. കുടുംബ ബന്ധങ്ങളുടെ ദൃഢത നിലനിർത്താൻ അനുരഞ്ജനം അനിവാര്യമായേക്കും. ബന്ധുക്കളുമായുള്ള ബന്ധത്തിൽ സുഗമത കുറയുന്നതാണ്. ആരോഗ്യ ജാഗ്രതയിൽ ഉപേക്ഷ അരുത്.

മകയിരം

നക്ഷത്രാധിപനായ ചൊവ്വ സ്വക്ഷേത്രത്തിൽ സഞ്ചരിക്കുകയാൽ ഉന്നതമായ ചിന്തകളും ഒപ്പം പ്രായോഗിക പരിജ്ഞാനവുമേറും. പ്രശ്നങ്ങളെ ചാതുര്യത്തോടെ കൈകാര്യം ചെയ്യും. മുൻപ് പരിശ്രമിച്ചിട്ടും നേടാനാവാത്ത കാര്യങ്ങൾ ഇപ്പോൾ ലഘുപ്രയത്നത്താൽ നേടാനാവും. ഔദ്യോഗിക ജീവിതത്തിൽ അധികാരമുള്ള ചുമതലകൾ വന്നു ചേരുന്നതാണ്. ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതാണ്. വാരാദ്യം യാത്രകൾ ഉണ്ടായേക്കും. സാമൂഹികമായ അംഗീകാരം ലഭിക്കാം. കലാപ്രവർത്തനം വിജയകരമാവും.

തിരുവാതിര

ആത്മാഭിമാനം വർദ്ധിക്കും. സംരംഭങ്ങൾക്ക് / ബിസിനസ്സിന് പുത്തനുണർവ്വ് ഉണ്ടാവുന്നതാണ്. പ്രൊഫഷണലുകൾക്ക് കിടമത്സരങ്ങളിൽ മുൻതൂക്കം കൈവരും. ധനാഗമം സുഗമമാകും. പുതിയ കാര്യങ്ങൾ പഠിക്കുന്നതിലും അവ പ്രാവർത്തികമാക്കുന്നതിലും ഔത്സുക്യം ഭവിക്കുന്നതാണ്. ജോലി തേടുന്നവർക്ക് ശുഭവാർത്തയുണ്ടാവും. മകൻ്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് യാത്രകൾ വേണ്ടി വന്നേക്കാം. സ്വത്തുസംബന്ധിച്ചുള്ള വ്യവഹാരങ്ങളിൽ അനുകൂലമായ വിധിയുണ്ടാവും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതാണ്.

പുണർതം

ഗുണകരമായ സാഹചര്യമാണുള്ളത്. ആത്മാർത്ഥത വിലമതിക്കപ്പെടും. ഉദ്യോഗസ്ഥർക്ക് ഉന്നമനം ഉണ്ടാവുന്നതാണ്. ചുമതലകളുടെ മികച്ച പൂർത്തീകരണം മേലധികാരികളുടെ പ്രശംസ നേടും. നിസ്സഹകരിച്ചവർ ഒപ്പം വന്നുചേരുന്നതാണ്. പാരമ്പര്യ തൊഴിലുകളിൽ കൂടുതൽ ശ്രദ്ധയുണ്ടാവും.  ഭൂമിയിൽ നിന്നും ഏതെങ്കിലും തരത്തിൽ ആദായം പ്രതീക്ഷിക്കാം. പന്ത്രണ്ടിെലെ ഗ്രഹാധിക്യം പ്രയോജനമുള്ള ചെലവുകൾക്ക് വഴിവെച്ചേക്കാം. യാത്രയ്ക്കുള്ള സാധ്യതയുമുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മേന്മ കുറയാം.

പൂയം

മനസ്സന്തോഷം വർദ്ധിക്കുന്നതാണ്. സമൂഹത്തിൽ സ്വാധീനമുണ്ടാകും. അവിവാഹിതരുടെ വിവാഹാലോചനകൾ സഫലമായേക്കും. തടസ്സങ്ങൾ നീങ്ങി വ്യാപാരത്തിൽ നേട്ടങ്ങൾ വന്നുചേരും. ഔദ്യോഗിക രംഗത്തിൽ പദവി / അധികാരം കൈവരാം. സ്വന്തം നിലപാടുകൾ ഒപ്പമുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കുന്ന കാര്യത്തിൽ വിജയിക്കും. കരാർ പണികൾ, ഏജൻസികൾ തുടങ്ങിയവയും ഗുണപ്രദമാവും. പഴയ കാര്യങ്ങളുടെ ഓർമ്മ പ്രചോദനമേകുന്നതാണ്. ആരംഭിച്ച കാര്യങ്ങൾ പുരോഗതിയിലേക്ക് നീങ്ങും. കുടുംബ സുഖം പ്രതീക്ഷിക്കാം.

ആയില്യം

ആത്മവിശ്വാസം ഉയരുന്ന കാലമാണ്. ഉദ്യോഗസ്ഥലത്ത് ആദരവ് വർദ്ധിക്കും. കാര്യാലോചനകളിൽ സ്വന്തം അഭിപ്രായം വിലമതിക്കപ്പെടും. പഴയ കടബാധ്യതകൾ പരിഹരിക്കാനുളള വഴി തെളിയുന്നതാണ്. ഭൂമിയുടെ  ആധാരം സംബന്ധിച്ച നൂലാമാലകൾ ശരിയാക്കാനാവും. ആഭരണം, വസ്ത്രം, സൗന്ദര്യരംഗം, ഭക്ഷണം, ഇവൻ്റ് മാനേജ്മെൻ്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നല്ല വളർച്ചയുണ്ടാകും. കലാകാരന്മാർക്ക് പുതിയ അവസരം, പാരിതോഷികം ഇവ സിദ്ധിക്കുന്നതാണ്. വീടുമാറ്റം സാധ്യമാകും. പ്രണയികൾക്കിടയിൽ ഐക്യം ദൃഢമാകും.  പഠനത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്.

മകം

വാരാദ്യം അഷ്ടമരാശിയുള്ളതിനാൽ കരുതൽ വേണം. യാത്രകളിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. മറ്റു ദിവസങ്ങളിൽ മെച്ചപ്പെട്ട ഫലങ്ങൾ വന്നെത്തുന്നതാണ്. ഔദ്യോഗികരംഗത്ത് സ്വന്തം അഭിപ്രായത്തിന് സ്വീകാര്യത കുറയുകയാണോ എന്ന തോന്നൽ ശക്തിപ്പെടും. മേലധികാരികളുടെ നിർദ്ദേശം ലഭിക്കാത്തത് ചിലപ്പോൾ ആശയക്കുഴപ്പത്തിന് ഇടവരുത്താം. സ്ഥാനോന്നതി പ്രതീക്ഷിക്കുന്നവർക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുന്നതായിരിക്കും. സാമ്പത്തികമായി തരക്കേടില്ലാത്ത കാലമാണ്. ദൈവിക സമർപ്പണങ്ങൾക്ക് സമയം കണ്ടെത്താനാവും.

പൂരം

അഞ്ച് ഗ്രഹങ്ങൾ ഇടവം രാശിയിൽ കർമ്മഭാവത്തിലായി സഞ്ചരിക്കുകയാൽ പ്രവൃത്തികളിൽ ഏകാഗ്രതയുണ്ടാവണം. കർമ്മരംഗത്തെ ഉദാസീനത ഉപേക്ഷിക്കേണ്ടതുണ്ട്. പുതിയ കരാറുകൾ ഒപ്പിടുമ്പോൾ നിബന്ധനകൾ മനസ്സിലാക്കാൻ മറക്കരുത്. ഉദ്യോഗാർത്ഥികൾക്ക് അഭിമുഖങ്ങളിൽ ശോഭിക്കുവാനാവും. ഓൺലൈൻ ബിസിനസ്സിൽ ലാഭം ഉണ്ടാവുന്നതാണ്. ദാമ്പത്യം സാമാന്യം തൃപ്തികരമായിരിക്കും. സുഹൃത്തുക്കൾക്കൊപ്പം വിനോദ സഞ്ചാരം നടത്താൻ സാധ്യതയുണ്ട്. നവമാധ്യമങ്ങളിലെ അഭിപ്രായങ്ങൾക്ക് കടും വിമർശനം വരാം.

ഉത്രം

നക്ഷത്രനാഥനായ ആദിത്യന് എല്ലാ ശുഭഗ്രഹങ്ങളുടെയും യോഗം വരുന്ന വാരമാണ്. അതിനാൽ  സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങിയവരിൽ നിന്നും പലതരം അനുകൂലതകൾ പ്രതീക്ഷിക്കാം. ഗുണകരമായ ചില നിർദ്ദേശങ്ങൾ ലഭിക്കുന്നതാണ്. പാരമ്പര്യ തൊഴിലുകളിൽ മുന്നേറ്റം സാധിക്കും. പഠനാവസരങ്ങൾക്കുള്ള തടസ്സങ്ങൾ നീങ്ങുന്നതാണ്. ധനാഗമം വർദ്ധിക്കും. ഊഹക്കച്ചവടത്തിൽ ആദായമുണ്ടാകും. ബാല്യകാല സുഹൃത്തുക്കളെ സന്ദർശിക്കും. ആരോഗ്യപരമായി ശ്രദ്ധയുണ്ടാവണം. ഭൂമിവില്പനയിൽ അമളി പറ്റാനിടയുണ്ട്.

അത്തം

അഷ്ടമ കുജനും സപ്തമ രാഹുവും കാര്യവിഘ്നത്തിന് വഴിയൊരുക്കാം. മറ്റു ഗ്രഹങ്ങളുടെ ആനുകൂല്യത നേട്ടങ്ങൾക്കും കാരണമാകുന്നതാണ്. മുതിർന്നവരുടെ ഉപദേശം സ്വീകാര്യമായിത്തീരും. പിതാവിൻ്റെ ധനം പ്രയോജനപ്പെടുത്തും. അപ്രതീക്ഷിത അവസരങ്ങൾ സിദ്ധിക്കും. വീടുവിട്ടു നിൽക്കുന്നവർ സ്വഗൃഹത്തിലേക്ക് മടങ്ങിയേക്കും. ചെറുകിട സംരംഭങ്ങളിൽ നിന്നും കുറച്ചൊക്കെ ആദായം വരുന്നതാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശുഭാരംഭങ്ങൾക്ക് മുതിരരുത്. കലാപ്രവർത്തകർക്ക് കൂടുതൽ ഗുണകരമായ വാരമാണ്.

ചിത്തിര

ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കും. സഹപ്രവർത്തകരുടെ പ്രശ്നങ്ങളിൽ ശക്തമായ പിന്തുണ നൽകും. സ്വാശ്രയ വ്യാപാരത്തിൽ ഉയർച്ച ഉണ്ടാകുന്നതാണ്. ബുദ്ധിപരമായ നീക്കങ്ങൾ എതിരാളികളെ നിഷ്പ്രഭരാക്കും. ഭാഗ്യപുഷ്ടിയുള്ളതിനാൽ വിജയം അനിവാര്യമാകും. കുടുംബാംഗങ്ങളുടെ ഐക്യത്തിൽ സന്തോഷിക്കും. നവസംരംഭങ്ങൾക്ക് വിദഗ്ദ്ധോപദേശം തേടുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദ സമാഗമങ്ങൾ പ്രതീക്ഷിക്കാം. വാരാദ്യത്തിന് ശോഭ കുറയുന്നതാണ്.

ചോതി

പലകാര്യങ്ങളിലും വിഫലശ്രമം ആവർത്തിക്കപ്പെടാം. വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താത്തത് ഒരുപക്ഷേ കാരണമാകുന്നതാണ്. ദാമ്പത്യത്തിൽ ഭിന്നത വർദ്ധിക്കാനിടയുണ്ട്. യാത്രകളിൽ കളവോ പണം നഷ്ടമാകലോ വരാവുന്നതാണ്. ചെറിയ നേട്ടങ്ങൾ വന്നുചേരും. ഉദ്യോഗസ്ഥർക്ക് അദ്ധ്വാനം അധികമാകാനിടയുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ കാലം അനുകൂലമല്ലെന്നത് മറക്കരുത്. സ്വർണ്ണ പണയത്തിലൂടെ സാമ്പത്തികാവശ്യങ്ങൾ കുറച്ചൊക്കെ നിറവേറ്റപ്പെടും. മകളുടെ താമസസ്ഥലത്തേക്ക് പോകേണ്ടി വന്നേക്കാം.

വിശാഖം

സാമ്പത്തിക അച്ചടക്കം പാലിക്കേണ്ട സന്ദർഭമാണ്. അറിയാത്ത മേഖലയിൽ മുതൽ മുടക്കുന്നത് നഷ്ടത്തിലേക്ക് നയിക്കാൻ കാരണമാകും. കൂട്ടുകച്ചവടം ഗുണകരമായേക്കില്ല. വലിയ യാത്രകൾക്ക് അവസരമൊരുങ്ങും. തൊഴിൽ രംഗത്തെ പ്രശ്നങ്ങൾ ഒട്ടൊക്കെ പരിഹൃതമാവുന്നതാണ്. ഗൃഹനിർമ്മാണ ജോലികൾ നീണ്ടുപോയേക്കാം. മോട്ടിവേഷണൽ ക്ളാസ്സുകളിൽ പങ്കെടുക്കുന്നതാണ്. മകൻ്റെ ഉപരിപഠനത്തിലെ അവ്യക്തത നീങ്ങുന്നതായിരിക്കും. കുടുംബ ബന്ധങ്ങൾ ഊഷ്മളമാവും.

അനിഴം

എതിർപ്പുകളെ  അതിജീവിക്കുന്നതാണ്. ആത്മവിശ്വാസത്തോടെ കർമ്മമേഖലയിൽ സക്രിയമാവും.  പുതിയ കാലഘട്ടത്തിൻ്റെതായ വിഷയങ്ങൾ ഉപരിപഠനത്തിന് തെരഞ്ഞെടുക്കും. പ്രണയബന്ധം ദൃഢമാകുന്നതാണ്.  സാഹിത്യ പ്രവർത്തനത്തിന് കൂടുതൽ നേരം കണ്ടെത്തും.  പ്രകൃതിയെ അറിയാനുള്ള യാത്രകളുടെ ഭാഗമാകും. ജീവിത പങ്കാളിയുടെ തൊഴിൽ സംരംഭത്തിന് സർവ്വാത്മനാ സഹകരണമേകും. ബന്ധുജനങ്ങളെ സന്ദർശിക്കുവാൻ നേരം കണ്ടെത്തും. ആരോഗ്യ പരിശോധനയിൽ ആലസ്യമരുത്. വെള്ളി, ശനി ദിവസങ്ങൾക്ക്  മേന്മ കുറയാം.

തൃക്കേട്ട

പ്രവർത്തന രംഗം ഊർജ്ജസ്വലമാകും. പുതുകാര്യങ്ങൾ ആവിഷ്കരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. തടസ്സങ്ങൾ നീങ്ങുന്നതാണ്. ഉന്നതാധികാരികളുടെ പിന്തുണയുണ്ടാകും. വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്. സുഹൃത്തുക്കളൊന്നിച്ചുള്ള യാത്രകൾ ഗുണകരമാവും. പണയ വസ്തുക്കൾ തിരിച്ചെടുക്കാൻ കഴിഞ്ഞേക്കും. പിതൃ-പുത്ര ബന്ധം രമ്യമായിത്തീരും. ആഢംബര വസ്തുക്കൾ വാങ്ങുന്നതിൽ താല്പര്യമുണ്ടാവും. വാരാന്ത്യദിനങ്ങളിൽ കൂടുതൽ കരുതൽ വേണ്ടതാണ്.

മൂലം

ഗാർഹികമായ അലോസരങ്ങൾ കുറഞ്ഞുതുടങ്ങും. കുടുംബാംഗങ്ങൾ പരസ്പരം ഹൃദയം തുറന്നു സംസാരിക്കാം എന്ന നിലയിലെത്തും. വാഹനത്തിൻ്റെ അറ്റകുറ്റപ്പണി കഴിഞ്ഞ് നിരത്തിറങ്ങും. കച്ചവടത്തിൽ ഉണർവ്വ് കണ്ടതുടങ്ങുന്നതാണ്. പുതിയ ശാഖ ആരംഭിക്കുന്നതിനെക്കുറിച്ചോ അനുബന്ധ വ്യാപാരത്തെക്കുറിച്ചോ ആലോചനയുണ്ടാവും. ഗവേഷണത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് പ്രബന്ധാവതരണം സാധ്യമാകുന്നതാണ്. ന്യായമായ ആവശ്യങ്ങൾക്ക് ധനം ഒരു തടസ്സമാവില്ല. ബന്ധുക്കളുടെ വിവാഹാദി കർമ്മങ്ങളിൽ പങ്കെടുക്കുവാനാവും.

പൂരാടം

പിരിഞ്ഞുപോയവർക്ക് ഒന്നിക്കാൻ സാധിക്കും. ദാമ്പത്യം കൂടുതൽ ആസ്വാദ്യമാവും. കുടുംബാംഗങ്ങളോടൊപ്പം വിനോദ പരിപാടികൾ, പുറത്തുപോയി ഭക്ഷണം കഴിക്കൽ ഇവയുണ്ടാവും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങാനോ പുതിയത് വാങ്ങാനോ സാധ്യതയുണ്ട്. സാമ്പത്തികമായി സന്തോഷിക്കാനാവും. ലോൺ അടവുകൾ പൂർത്തിയാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കാം. വീടിൻ്റെ അറ്റകുറ്റപ്പണി പൂർത്തിയാകുന്നതാണ്. കൂട്ടുകച്ചവടത്തിൽ ലാഭം അധികരിച്ചേക്കും. ഓൺലൈൻ ബിസിനസ്സിൽ നിന്നും കൂടുതൽ ലാഭം പ്രതീക്ഷിക്കാം. അന്യദേശത്ത് ഉപരി പഠന സൗകര്യം ലബ്ധമാകുന്നതാണ്.

ഉത്രാടം

ഒരുപാട് വ്യക്തികളെ പരിചയപ്പെടാനിടയുണ്ട്. പുതിയ സൗഹൃദങ്ങൾ വന്നെത്തും. സാമ്പത്തികമായി സമാശ്വാസ കാലമാണ്. ഭൂമി വിൽപ്പനയിൽ തടസ്സങ്ങളുണ്ടായേക്കാം. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകൾക്ക് വായ്പകളെ ആശ്രയിക്കേണ്ടി വരുന്നതാണ്. പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന് സാഹചര്യം അനുകൂലമാണ്. ഉദ്യോഗസ്ഥർക്ക് അധിക ജോലിഭാരം ഉണ്ടായേക്കില്ല. രാഷ്ട്രീയമായി ആഹ്ളാദിക്കാൻ കഴിയുന്നതാണ്. പാരമ്പര്യ തൊഴിലുകൾ നവീകരിക്കുന്നത് ചർച്ച ചെയ്യപ്പെടാം വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ജാഗ്രത വേണ്ടതുണ്ട്.

തിരുവോണം

പ്രതികൂല പരിതസ്ഥിതിയിലും കർമ്മഗുണം ശക്തമായിരിക്കും.  ദൗത്യങ്ങൾ കൃത്യമായി പൂർത്തിയാക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കുന്നതാണ്. കരാറു പണികൾ പുതുക്കപ്പെടാം. സ്വകാര്യ സ്ഥാപനത്തിൽ താൽകാലിക ജോലി സാധ്യത ലഭിച്ചേക്കാം. വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നത് ഉത്തമം. അയൽ തർക്കങ്ങൾക്ക് ഒട്ടൊക്കെ പരിഹാരം ഉണ്ടാവും. പഠന വിഷയം സംബന്ധിച്ച് അദ്ധ്യാപകരുടെ ഉപദേശം തേടുന്നതാണ്. കുടുംബ സംഗമങ്ങളുടെ സംഘാടനത്തിൽ മുഴുകും.

അവിട്ടം

നേട്ടങ്ങൾ സ്വാഭാവികമായി കരഗതമാവും. കരുതിയ കാര്യങ്ങൾ പൂർത്തീകരിക്കാനാവും. തടസ്സങ്ങളിൽ തളരാതെ മുന്നോട്ട് പോകുന്ന മനസ്സാണ് ഏറ്റവും വലിയ മുതൽക്കൂട്ടെന്ന് തിരിച്ചറിയും. നവസംരംഭങ്ങളുടെ തുടക്കത്തിനായി കൂടുതൽ സാങ്കേതിക പരിജ്ഞാനം ആവശ്യമായി വരുന്നതാണ്. ധനവിനിയോഗം ഏറ്റവും ശ്രദ്ധാപൂർവ്വം നിർവഹിക്കും. രോഗഗ്രസ്തനായ സുഹൃത്തിനെ ആശുപത്രിയിൽ സന്ദർശിക്കും. മകളുടെ വിവാഹകാര്യത്തിൽ തീരുമാനം നീളുന്നതാണ്. ആസന്ന ഭാവിയിലെ യാത്രകൾക്കുള്ള ആസൂത്രണം നടത്തും.

ചതയം

കുടുംബാംഗങ്ങളുടെ വിശേഷിച്ചും സഹോദരരുടെ ശക്തമായ പിന്തുണ ലഭിക്കും. കാര്യവിഘ്നങ്ങളിൽ കൂസാതെ ലക്ഷ്യപ്രാപ്തി സാധകമാകുന്നതാണ്. ഔദ്യോഗിക രംഗത്ത് മേലധികാരികളുടെ അപ്രീതിയുണ്ടായാലും സഹപ്രവർത്തകർ നിർലോഭമായ സഹകരണം നൽകും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിലുള്ള അവ്യക്തത നീങ്ങുന്നതായിരിക്കും. ഗാർഹികമായ അന്തരീക്ഷം സമാധാനപൂർണമാകും. വ്യക്തിപരമായിട്ടുള്ള യാത്രകൾ വേണ്ടി വരുന്നതാണ്. വിരുന്നുകാർ ആതിഥ്യത്തെ പ്രശംസിക്കും.  കഫജന്യരോഗങ്ങൾ ഉപദ്രവിക്കാനിടയുണ്ട്.

പൂരൂരുട്ടാതി

കാര്യങ്ങൾ കരഗതമാവുന്നത് ഒരുപക്ഷേ കരുതിയതിലും വേഗത്തിലായേക്കും. ബിസിനസ്സ് രംഗം ഉന്മേഷത്തിലാവും. നവീനമാർഗങ്ങൾ ഉപയോഗിക്കുന്നത് ഉപഭോക്താക്കളെ ആകർഷിക്കുന്നതാണ്. ധനവരവ് പോയ വാരത്തെക്കാൾ മെച്ചപ്പെടും. വായ്പകൾ സമയബന്ധിതമായി അടച്ചുതീർക്കാൻ കഴിയുന്നതാണ്. ന്യായം തൻ്റെ ഭാഗത്താണെന്ന് വൈകിയാണെങ്കിലും ഒപ്പമുള്ളവർക്ക് സമ്മതിക്കേണ്ടിവരും. ഗൃഹം മോടിപിടിപ്പിക്കൽ അഭിനന്ദിക്കപ്പെടും. പൊതുപ്രവർത്തനം വിജയകിരീടം ചൂടുന്നതായിരിക്കും. മകളുടെ വീട്ടിലേക്ക് താമസം മാറുന്ന കാര്യം ആലോചനയിൽ വരുന്നതാണ്.

ഉത്രട്ടാതി

ബന്ധുസമാഗമം, മംഗളകർമ്മങ്ങളിൽ സംബന്ധിക്കൽ, സുഖഭോജനം തുടങ്ങിയവയാൽ വാരാദ്യം ശോഭനമാകും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആരോടെങ്കിലും കലഹിക്കാനിടവരും. പരുഷവാക്കുകൾ പറഞ്ഞേയ്ക്കും. രാഷ്ട്രീയ കാരണങ്ങൾ തർക്കത്തിലേയ്ക്ക് നയിക്കപ്പെടാം. ബുധനാഴ്ച മുതൽ അപ്രതീക്ഷിത സഹായം, തൊഴിലിൽ മുന്നേറ്റം, സ്ഥാനലബ്ധി ഇവയുണ്ടാവാൻ സാധ്യത കൂടുതലാണ്. മനസ്സന്തോഷം വർദ്ധിക്കുന്നതാണ്. സമൂഹത്തിൻ്റെ ആദരം കൈവരും. വീട്ടുകാര്യങ്ങളുടെ തിരക്കിലാവും ശനിയാഴ്ച. ചെറുയാത്രകൾ ഉണ്ടാവുന്നതാണ്.

രേവതി

വിജയിക്കാനുള്ള സാഹചര്യം അനുകൂലമാവും. കാര്യാലോചനകളിൽ അഭിപ്രായങ്ങൾക്ക് വലിയ സ്വീകാര്യത വന്നുചേരും. കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവും. ധാരാളം പേർ സഹായിക്കാനും ഒപ്പം നിൽക്കാനുമുണ്ടാവും. സാഹിത്യകാരന്മാർക്കും കലാകാരന്മാർക്കും മുന്നേറാൻ വഴി തെളിയുന്നതാണ്. ജോലി തേടുന്നവർക്ക് ശുഭവാർത്തയെത്തും. ഊഹക്കച്ചവടത്തിൽ നേട്ടമുണ്ടാകുന്നതാണ്. വിനോദപരിപാടികളിലും വിരുന്നുകളിലും പങ്കെടുക്കും. സഹോദരരുടെ ഉന്നമനത്തിനായി ചില നടപടികൾ കൈക്കൊള്ളുന്നതാണ്. രോഗഗ്രസ്തർക്ക് ആശ്വാസം അനുഭവപ്പെടും.

Read More

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: