scorecardresearch

വാരഫലം, മകം മുതൽ തൃക്കേട്ട വരെ; Weekly Horoscope, 2024 July 21- 27

Weekly Horoscope: ജൂലൈ 21 ഞായറാഴ്ച മുതൽ ജൂലൈ 27 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: ജൂലൈ 21 ഞായറാഴ്ച മുതൽ ജൂലൈ 27 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ കർക്കടകം രാശിയിൽ പൂയം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്തവാവിലാണ് ഞായറാഴ്ച. തുടർന്ന് കൃഷ്ണപക്ഷത്തിലാണ്.ഉത്രാടം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിലാണ് ഈയാഴ്ച ചന്ദ്രസഞ്ചാരം. ചൊവ്വ ഇടവം രാശിയിലും (കാർത്തിക നക്ഷത്രത്തിലും) ബുധൻ ചിങ്ങം രാശിയിലും (മകം നക്ഷത്രത്തിലും) ശുക്രൻ കർക്കടകം രാശിയിലും (പൂയം -  ആയില്യം നക്ഷത്രങ്ങളിലും) ആണ്. 

Advertisment

ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ വക്രഗതിയിൽ. വ്യാഴം ഇടവം രാശിയിൽ രോഹിണിയിലാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും 
കേതു കന്നിരാശിയിൽ അത്തത്തിലും സഞ്ചരിക്കുന്നു. ചന്ദ്രൻ്റെ അഷ്ടമരാശി സഞ്ചാരം ആർക്കൊക്കെ എന്ന് നോക്കാം. ഞായറും തിങ്കളും മിഥുനക്കൂറുകാർക്കും ചൊവ്വയും ബുധനും വ്യാഴവും (പ്രഭാതം വരെ) കർക്കടകക്കൂറുകാർക്കും അതിനുമേൽ ശനി ഉച്ചവരെ ചിങ്ങക്കൂറുകാർക്കും തുടർന്ന് കന്നിക്കൂറുകാർക്കും അഷ്ടമരാശിക്കൂറ് സംഭവിക്കുന്നു. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള 7 നാളുകാരുടെ ഈയാഴ്ചയിലെ സമ്പൂർണ്ണഫലം പരിശോധിക്കാം.

മകം

സത്യസന്ധമായ പ്രവർത്തനങ്ങൾ മൂലം മേലധികാരികളുടെ അംഗീകാരം കിട്ടും. പൊതുവേദികളിൽ അംഗീകരിക്കപ്പെടുന്നതാണ്. പരീക്ഷ, അഭിമുഖം, സന്ധിസംഭാഷണം ഇവയിൽ വിജച്ചിക്കുന്നതിന് സാധിക്കും. സഹോദരരുടേയും കുടുംബാംഗങ്ങളുടേയും പിന്തുണ ലഭിക്കും. ഭാവികാര്യങ്ങൾ മക്കളുമായി ചർച്ച ചെയ്യും. ധനനിക്ഷേപത്തിൻ്റെ കാര്യത്തിൽ സാമ്പത്തിക വിദഗ്ദ്ധരുടെ ഉപദേശം തേടുന്നത് കരണീയമാണ്. ഗൃഹത്തിൻ്റെ അറ്റകുറ്റപ്പണികൾ നീട്ടിവെക്കാനിടയുണ്ട്. വാരാന്ത്യ ദിവസങ്ങളിൽ ശുഭകാര്യങ്ങൾ തുടങ്ങരുത്.

Advertisment

പൂരം

അറിവുള്ള വിഷയങ്ങൾ സഹപാഠികളുമായി പങ്കുവെക്കും. ഉദ്യോഗസ്ഥർക്ക് ശ്രമകരമായ ദൗത്യം ഏറ്റെടുക്കേണ്ടതിനാൽ മനോവൈക്ലബ്ബ്യം ഉണ്ടാവുന്നതാണ്. ഗർഭിണികൾക്ക് പൂർണ വിശ്രമം വേണ്ടി വരാം. തറവാട്ടിലെ വാർഷിക പൂജകൾക്ക് വേണ്ടതായ മുന്നൊരുക്കം നടത്തുന്നതാണ്. ബന്ധുക്കളുടെ അനൈക്യം പരിഹരിക്കാൻ മുൻകൈയെടുക്കും. മുതിർന്നവർക്ക് ആയുർവേദ ചികിൽസയിലൂടെ രോഗാശ്വാസം ലഭിക്കും. വെള്ളി, ശനി ദിവസങ്ങളിൽ അലച്ചിലേറും. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാനും സാധ്യതയുണ്ട്.

ഉത്രം

വിശ്വാസങ്ങൾക്കും ആദർശങ്ങൾക്കും അനുസരിച്ച് നിലപാടുകൾ കൈക്കൊള്ളും. അഹങ്കാരിയാണെന്ന് വിളിക്കപ്പെട്ടേക്കാം. ശുപാർശകൾ അംഗീകരിക്കാത്തതിനാൽ സഹപ്രവർത്തകർ വിരോധികളായേക്കും. മക്കളുടെ വിദ്യാഭ്യാസച്ചെലവുകൾക്ക് വായ്പയെ ആശ്രയിക്കേണ്ടി വരുന്നതാണ്. ജീവിത പങ്കാളിയുടെ അസുഖം വിഷമിപ്പിക്കും. ഭൂമിയിടപാടുകളിൽ അമളി പറ്റാനിടയുണ്ട്. സ്വാശ്രയ തൊഴിൽ നോക്കി നടത്തുന്നതിന് ആരുമില്ലാത്തത് ക്ലേശങ്ങളുണ്ടാക്കും. വിദേശത്ത് കഴിയുന്നവർക്ക് നാട്ടിലെത്താൻ അവധി അനുവദിച്ചുകിട്ടും.

അത്തം

ചന്ദ്രൻ 5, 6, 7 ഭാവങ്ങളിൽ സഞ്ചരിക്കുന്ന വാരമാണ്. തുടക്കത്തിൽ ചില ആശയക്കുഴപ്പങ്ങളും ഇതികർത്തവ്യതാമൂഢതകളും ഉണ്ടാവും. തീരുമാനങ്ങളിൽ സ്വയം ബോധ്യമുണ്ടാവില്ല. ചൊവ്വ മുതൽ നേർവഴി തെളിയുന്നതാണ്. പ്രവർത്തനം ലക്ഷ്യത്തിലെത്തും. ന്യായമായ ആവശ്യങ്ങൾക്കുള്ള ധനം വന്നെത്തും.  വിശ്രമവും വിനോദവും ഭോഗസുഖവും ഭവിക്കും. ആർഭാടങ്ങൾ, നിയന്ത്രിക്കാനാവും. സ്വയം ചെലവുചുരുക്കാൻ മുന്നോട്ടു വരും. അടുത്ത ദിവസങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ബിസിനസ്സ് യാത്രകൾ ഗുണകരമാകും.

ചിത്തിര

സജ്ജനസംസർഗത്താൽ നല്ല ചിന്തകൾ രൂപപ്പെടും. മുതിർന്നവരുടെ ഉപദേശവും പ്രായോഗിക ജ്ഞാനവും പ്രയോജനപ്പെടുത്തും. ഞായർ, തിങ്കൾ ദിവസങ്ങളിൽ അകർമ്മണ്യതയുണ്ടാവും. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന തോന്നൽ വേരുപിടിക്കും. ക്രമേണ തൽസ്ഥിതി മാറി വരും. മനസ്സുണർന്ന് പ്രവർത്തിക്കും. ഒപ്പമുള്ളവരുടെ പിന്തുണയോടെ നേട്ടങ്ങളിലേക്ക് നീങ്ങും. പ്രണയികൾക്ക് പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ട സ്ഥിതിയുണ്ടാവും. ദാമ്പത്യത്തിൽ സമാധാനമുണ്ടാവും. വരവറിഞ്ഞ് ചെലവഴിക്കും. ശത്രുക്കളെ തൃണവൽഗണിക്കും.

ചോതി

മനസ്സുകൊണ്ട് കരുതിയത് ദേഹത്തിന് പ്രായോഗികമാക്കാൻ കഴിയാതെ വരും. ലക്ഷ്യബോധം ആഴത്തിൽ പതിഞ്ഞെന്നു വരില്ല. കുടുംബാംഗങ്ങളെ ഐക്യപ്പെടുത്തുക ദുഷ്കരമായേക്കും. ബിസിനസ്സിൽ നിന്നും സാമാന്യമായ നേട്ടം പ്രതീക്ഷിച്ചാൽ മതിയാകും. കൂടുതൽ മുതൽമുടക്കിന് ഗ്രഹാനുകൂല്യം കുറവാണ്. സുഹൃത്തുക്കളുടെ മാനസികൈക്യം ശക്തിയേകും. വിദ്യാർത്ഥികൾക്ക് ആലസ്യം ഉണ്ടാവാം. യാത്രകൾ കൊണ്ട് പ്രതീക്ഷിച്ചതിലും നേട്ടങ്ങൾ വന്നു ചേരാം. സാമ്പത്തിക ആസൂത്രണം ഗുണം ചെയ്യുന്നതാണ്. പൊതുപ്രവർത്തനത്തിൽ ഒട്ടൊക്കെ വിജയിക്കാനാവും.

വിശാഖം

ക്രയവിക്രയങ്ങൾ സുഗമമാവും. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിയും അവയോട് പൊരുത്തപ്പെട്ടും ഉള്ള ജീവിതശൈലി സ്വീകരിക്കുന്നതാണ്. പ്രതീക്ഷിച്ച കാര്യങ്ങൾ തടസ്സം കൂടാതെ നിർവഹിക്കാനാവും. ബന്ധുക്കളിൽ നിന്നും സ്നേഹവും ആദരവും ലഭിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് കലകളുടെ പഠനത്തിനും അവസരം സിദ്ധിക്കും. ഉദ്യോഗസ്ഥർക്ക് ചുമതലകൾ കൂടാം. പൊതുജനങ്ങളുമായി നേരിൽ ബന്ധപ്പടേണ്ട വകുപ്പുകളിൽ ജോലിചെയ്യേണ്ടതായി വരുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ ആശ്വാസമുണ്ടാവും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ വേണം.

അനിഴം

സഹായിക്കാൻ പലരും ഉണ്ടെന്നത് സന്തോഷമേകും. പ്രവൃത്തിയിൽ മാനസിക സംതൃപ്തി അനുഭവപ്പെടും. സമയോചിതമായ തീരുമാനം കൈക്കൊള്ളാൻ സാധിക്കുന്നതാണ്. സുഹൃത്തുക്കളുമായി ചേർന്നുള്ള ബിസിനസ്സിന് അന്തിമരൂപം കൊടുക്കുവാനാവും. രാഷ്ട്രീയത്തിൽ താത്പര്യം കുറയുന്നതാണ്. സംഘടനകളിൽ നിന്നും പിൻവാങ്ങാൻ തീരുമാനിച്ചേക്കും. ഊഹക്കച്ചവടത്തിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടായെന്ന് വന്നേക്കില്ല. ജീവിത പങ്കാളിയുടെ അഭിപ്രായം സ്വീകാര്യമാകും. കിടപ്പ് രോഗികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാവണം.

തൃക്കേട്ട

തിരിച്ചടികളെക്കുറിച്ച് വ്യാകുലപ്പെടാതെ പ്രവർത്തനങ്ങളിൽ മുഴുകുവാനാവും.  പാർട്ണർഷിപ്പ് ബിസിനസ്സുകളിൽ കാലോചിതമായ പൊളിച്ചെഴുത്ത് ആവശ്യമായി വരുന്നതാണ്. നിയമജ്ഞന്മാരുമായി കൂടിയാലോചിച്ച് വ്യവസ്ഥകൾ നവീകരിക്കും. ഭൂമിയിടപാടുകൾ തൽക്കാലത്തേക്ക് മാറ്റിവെക്കേണ്ടി വരാം. ഉദ്യോഗസ്ഥർക്ക് ജോലിസമയം കൂടാനിടയുണ്ട്. കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാനുള്ള യത്നങ്ങൾ എങ്ങുമെത്തിയേക്കില്ല. ചെലവിൻ്റെ കാര്യത്തിൽ നിയന്ത്രണം അനിവാര്യമായേക്കും. ബിസിനസ്സ് യാത്രകൾ കൊണ്ട് പ്രതീക്ഷിച്ച നേട്ടം വന്നെത്തണമെന്നില്ല.

Read More

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: