/indian-express-malayalam/media/media_files/oT4BBVFYWF17hZVuJj7d.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
Weekly Horoscope Astrological Predictions, January 28 February 3 Aswathy to Revathy: ആദിത്യൻ മകരം രാശിയിൽ തിരുവോണം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിലാണ്. മകം മുതൽ വിശാഖം വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.
ശനി കുംഭം രാശിയിൽ ചതയം നാളിൽ യാത്ര തുടരുന്നു. അപസവ്യ ഗതിയിൽ രാഹു മീനം രാശിയിൽ രേവതി നാളിലും, കേതു കന്നി രാശിയിൽ ചിത്തിര നാളിലും സഞ്ചരിക്കുന്നു.
വ്യാഴം മേടത്തിൽ അശ്വതി നക്ഷത്രത്തിൽ സഞ്ചാരം തുടരുന്ന അവസാനദിനമാണ് ശനിയാഴ്ച. ഫെബ്രുവരി 4 മുതൽ വ്യാഴം ഭരണി നാളിൽ പ്രവേശിച്ച് യാത്ര തുടരും.
ബുധൻ ധനു- മകരം രാശികളിലായി സഞ്ചരിക്കുകയാണ്, ഈയാഴ്ച. ശുക്രനും ചൊവ്വയും ധനുരാശിയിലുണ്ട്. ഈയാഴ്ചയിലെ അഷ്ടമരാശിക്കൂറ് ഏതൊക്കെ രാശിയിൽ/കൂറിൽ ജനിച്ചവർക്കാണെന്ന് നോക്കാം.
ഞായറും തിങ്കളും മകരക്കൂറുകാർക്കും ചൊവ്വ/ബുധൻ ദിവസങ്ങൾ മുഴുവനും, വ്യാഴം ഉച്ചവരെയും കുംഭക്കൂറുകാർക്കും തുടർന്നുള്ള ദിവസങ്ങൾ മീനക്കൂറുകാർക്കും അഷ്ടമരാശിക്കൂറ് ആയിരിക്കും.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകളിൽ ജനിച്ചവരുടെയും സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുകയാണ്.
അശ്വതി
വാരാദ്യത്തിൽ വരുന്ന രണ്ടുദിനങ്ങൾ ഒരുപക്ഷേ നിർജ്ജീവമോ ഗുണരഹിതമോ ആയേക്കാം. വലിയ കാര്യങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ചൊവ്വ മുതൽ മാറ്റം പ്രകടമാവുന്നതാണ്. തടസ്സങ്ങൾ ദൂരീകരിക്കപ്പെടും. സഹപ്രവർത്തകരുടെ സഹകരണത്തോടെ കൃത്യനിർവഹണം ഭംഗിയാക്കും. ഗാർഹികമായ സ്വൈരം അനുഭവിക്കാനാകും. ഭോഗാനുഭവങ്ങൾ ഉണ്ടാവും. ഹൃദയബന്ധം ദൃഢതരമാകുന്നതാണ്. കച്ചവടത്തിൽ ലാഭം അധികരിച്ചേക്കും. മാനസികസംതൃപ്തി സംജാതമാകും.
ഭരണി
സഹിഷ്ണുത പരീക്ഷിക്കപ്പെടാം. മനസ്സിനെ ഏകാഗ്രമാക്കുവാൻ ക്ലേശമുണ്ടായേക്കും. ചില ആവശ്യങ്ങൾ മാറ്റിവെക്കുന്നതാണ്. സ്വയം ചോദിക്കപ്പെടുന്ന ചോദ്യങ്ങൾക്ക് ഉത്തരം കിട്ടണമെന്നില്ല. ക്രമേണ മനസ്സിൽ സന്തോഷമുണ്ടാവുന്ന കാര്യങ്ങൾ വന്നുചേരും. മാന്ദ്യം നീങ്ങി സാമ്പത്തിക സ്ഥിതി പുഷ്ടിപ്പെടുന്നതാണ്. ഗൃഹാവശ്യങ്ങൾ ഭംഗിയായി നിർവഹിക്കപ്പെടും. എതിർക്കുന്നവരെ അവഗണിച്ച് മുന്നേറുവാൻ മനക്കരുത്തുണ്ടാകും. പ്രണയികൾക്ക് മുതിർന്നവരുടെ ആശിർവ്വാദം ലഭിച്ചേക്കാം.
കാർത്തിക
അഭിപ്രായങ്ങൾക്ക് സ്വീകാര്യത ലഭിക്കണമെന്നില്ല, വീട്ടിലും പുറത്തും. ഊർജ്ജനഷ്ടവും സമയനഷ്ടവും ശുണ്ഠി പിടിപ്പിക്കും. വാഹനത്തിന് അറ്റകുറ്റപ്പണി വരാം. വ്യയം കൂടുന്നതാണ്. സുഹൃത്തുക്കളിൽ നിന്നും കൈ വായ്പ വാങ്ങേണ്ടതായി വന്നേക്കും. വിദ്യാർത്ഥികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഭക്ഷ്യവിഷബാധ പോലുള്ള ദുർഘടാവസ്ഥകൾ വരാനിടയുണ്ട്. വാരാന്ത്യത്തിൽ മെച്ചപ്പെട്ട അനുഭവങ്ങൾ ഉണ്ടാവാം.
രോഹിണി
സാമ്പത്തികമായി സമ്മിശ്രമായ കാലമാണ്. ഗ്രഹങ്ങളുടെ പ്രതികൂലസ്ഥിതി തുടരുകയാൽ കാര്യതടസ്സം, ദേഹസൗഖ്യക്കുറവ് ഇവ ഉണ്ടായേക്കാം. തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ അലംഭാവം പ്രകടമാവും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉത്സാഹം കുറയുന്നതായി അനുഭവപ്പെടും. അനാവശ്യമായിട്ടുള്ള തർക്കങ്ങളിൽ ഏർപ്പെടാനിടയുണ്ട്. വാരാന്ത്യദിവസങ്ങളിൽ ഗാർഹികസുഖം ഉണ്ടായേക്കും. ഊർജ്ജിതത്വം കൈവരാം. കാര്യനിർവഹണം നിർബാധം നടക്കുന്നതായിരിക്കും.
മകയിരം
ഉദ്യോഗസ്ഥർക്ക് സമ്മർദ്ദമേറുന്നതാണ്. ദുർഘട പ്രശ്നങ്ങൾ പരിഹരിക്കേണ്ട ചുമതലയുണ്ടാവും. സഹപ്രവർത്തകരുടെ സഹകരണം ഭാഗികമായേക്കും. വ്യാപാര വിപുലീകരണത്തിന് വിളംബം വരാനിടയുണ്ട്. ഊഹക്കച്ചവടത്തിൽ ചെറിയ നേട്ടങ്ങൾ ലഭിച്ചേക്കാം. കച്ചവടത്തിൽ നിന്നും പ്രതീക്ഷിച്ച ആദായം ഉണ്ടാവുകയാൽ വായ്പാ തിരിച്ചടവ് സുഗമമാകുന്നതാണ്. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടും. സകുടുംബം മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്.
തിരുവാതിര
വാരാരംഭം ഊർജ്ജദായകമാവും. അനുകൂലമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. അദ്ധ്വാനം കൂടിയാലും ദൗത്യങ്ങൾ ഭംഗിയാക്കാൻ സാധിക്കുന്നതാണ്. സാമ്പത്തിക ശോച്യതക്ക് അയവ് വരുന്നതാണ്. സാധാരണ ചെയ്യുന്ന പ്രവൃത്തികൾക്ക് മുടക്കം ഭവിക്കുന്നതല്ല. ദാമ്പത്യത്തിലെ പിണക്കങ്ങളെ ഇണക്കങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിൽ വിജയിക്കുന്നതാണ്. മക്കളുടെ പഠനകാര്യത്തിൽ അല്പം ഉൽക്കണ്ഠക്ക് അവകാശമുണ്ട്. യാത്രകളിൽ കൂടുതൽ സമയനഷ്ടം ഉണ്ടാകുന്നതാണ്. കോശസ്ഥിതി പുഷ്ടിപ്പെടുന്നതായിരിക്കും.
പുണർതം
പ്രവൃത്തിയിൽ നിഷ്കർഷയുണ്ടാവും. പഴുതുകൾ പരിഹരിച്ച് മുന്നേറുന്നതാണ്. സ്വയം വിലയിരുത്താനുള്ള മാനസിക പക്വതയുണ്ടാവും. വാഗ്ദാനങ്ങൾ നിറവേറപ്പെടുന്നതാണ്. ഗൃഹത്തിൽ ചില അറ്റകുറ്റപ്പണികൾ വേണ്ടി വന്നേക്കും. ധനപരമായി ഞെരുക്കം അനുഭവപ്പെടുമെങ്കിലും മിതവ്യയത്തിലൂടെ അതിനെ മറികടക്കും. കൂടിയാലോചനകളിൽ സ്വതന്ത്രമായ അഭിപ്രായം പറയുന്നതാണ്. എന്നാൽ വിമർശനങ്ങളെ നേരിടേണ്ടിവരും. കുടുംബപരമായി ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ ഉണ്ടാവും.
പൂയം
ചില കൂട്ടുകെട്ടുകൾ ഉപേക്ഷിക്കാൻ നേരമായെന്ന് തീരുമാനിക്കും. എന്നാൽ അതിനായി ആത്മാർത്ഥമായ ശ്രമം ഉണ്ടായേക്കില്ല. അലസതയിൽ നിന്നും മോചനം നേടാൻ വിഷമിക്കും. പഴയ ഓർമ്മകൾ മനസ്സിന് ശക്തി പകരുന്നതാണ്. തൊഴിൽ മാറാനുള്ള ശ്രമം തടസ്സപ്പെടാം. ജീവിതപങ്കാളിയുടെ ധനം ആവശ്യത്തിന് ഉതകുന്നതാണ്. മാനസികമായി ഇഷ്ടമില്ലാത്തവരുടെ പിന്തുണ സ്വീകരിക്കേണ്ടി വരുന്നതാണ്. അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ സാഹചര്യം അനുകൂലമായേക്കും.
ആയില്യം
വിഷമിപ്പിച്ചിരുന്ന രോഗാരിഷ്ടകൾ മാറുന്നതാണ്. ദേഹസ്സുഖവും മനസ്സന്തോഷവും ഭവിക്കും. സാഹിത്യരചനകൾ പുനരാരംഭിക്കാനാവും. ചർച്ചകളിൽ കൈക്കൊള്ളുന്ന നിലപാടുകൾ ശ്രദ്ധേയമായേക്കും. എതിരാളികളെ നിഷ്പ്രഭരാക്കുവാൻ കഴിയുന്നതാണ്. ബിസിനസ്സ് യാത്രകൾ ഒരു സാധ്യതയാണ്. പ്രയോജനകരമെങ്കിലും അലച്ചിൽ കൂടാം. രാശിനാഥനായ ചന്ദ്രന് കേതുയോഗം വരികയാൽ താല്പര്യമില്ലാത്ത ചിലർ സ്വാധീനം ചെലുത്താനിടയുണ്ട്. പണവരവ് പ്രതീക്ഷിച്ചത്ര തന്നെയാവും.
മകം
ജന്മരാശിയിലൂടെ ചന്ദ്രൻ സഞ്ചരിക്കുന്നതിനാൽ സന്തോഷാനുഭവങ്ങൾ വന്നുചേരുന്നതാണ്. മംഗളകർമ്മങ്ങളിൽ പങ്കെടുത്തേക്കും. പ്രിയപ്പെട്ടവരെ കാണാൻ കഴിയും. തീർത്ഥാടന യോഗവുമുണ്ട്. വാരമധ്യത്തിൽ ആലസ്യം വരാം. കാര്യങ്ങളുടെ പോക്ക് എങ്ങോട്ടേക്കെന്ന് വ്യക്തമാവില്ല. വാക്കുകളിൽ പാരുഷ്യം കലരുന്നത് പ്രശ്നങ്ങൾക്ക് വഴിതെളിച്ചേക്കാം. വാരാന്ത്യദിനങ്ങളിൽ കർമ്മഗുണമുണ്ടാകും. ധനവരവ് തൃപ്തികരമായേക്കും. സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. അഭിമാനം തോന്നും.
പൂരം
നക്ഷത്രാധിപനായ ശുക്രന് കുജബുധയോഗമുണ്ട്. ചിലരുടെ സാമീപ്യം ആഹ്ളാദമേകും. ചിലരുടെ സാന്നിദ്ധ്യം മനക്ലേശത്തിന് കാരണമാകാം. വിരുന്നുകളിലും വിനോദങ്ങളിലും സകുടുംബം ഭാഗഭാക്കാകുന്നതാണ്. പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ദേഹസുഖം കുറയും. കർമ്മരംഗത്ത് ആലസ്യം അനുഭവപ്പെടുന്നതാണ്. ഉദ്യോഗസ്ഥർക്ക് ചുമതലകളിൽ അശ്രദ്ധ കൊണ്ടുള്ള വീഴ്ച വരാം. വ്യാഴം മുതൽ ആത്മസംതൃപ്തി, സ്വാശ്രയത്വം കൊണ്ടുള്ള സന്തോഷം ഇവയുണ്ടാകുന്നതാണ്.
ഉത്രം
ഉദ്യോഗസ്ഥർക്ക് ഭേദപ്പെട്ട സമയമാണ്. ചുമതലകൾ നന്നായി പൂർത്തിയാക്കി അധികാരികളുടെ പ്രീതി നേടും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് വായ്പാ ശ്രമം വിജയം കാണുന്നതാണ്. ചിലരുടെ ഉപദേശത്തിന് നിന്നുകൊടുക്കേണ്ടി വരും. കലാപരമായി ഗുണകരമായ സമയമാണ്. ഭാവനാശക്തി ഉണർന്ന് പ്രവൃത്തിക്കും. പ്രണയത്തിൽ ഉറച്ചുനിൽക്കുന്നതാണ്. ജീവിതപങ്കാളിയുടെ പിന്തുണ മാനസിക ശക്തിയേകും. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിച്ചത്ര ലഭിച്ചേക്കില്ല. കിടപ്പ് രോഗികൾക്ക് ആശ്വാസമുണ്ടാകും.
അത്തം
നല്ലതുടക്കം കിട്ടാത്തതിനാൽ വിഷമിക്കും. വാരാദ്യം മനക്ലേശമുണ്ടാവുന്നതാണ്. ഗൃഹത്തിലെ അന്തരീക്ഷം അല്പം കലുഷമാവാനിടയുണ്ട്. കരുതിവെച്ച ധനം മറ്റുള്ള കാര്യങ്ങൾക്കായി ചെലവായേക്കും. ചെറുയാത്രകൾക്ക് സാധ്യതകാണുന്നു. ചൊവ്വാഴ്ച മുതൽ സ്ഥിതി ഗുണകരമാവാം. വിപണി മൂല്യമുള്ള ഉല്പന്നങ്ങളുടെ ഏജൻസി / ശാഖ നേടാനുള്ള ശ്രമം വിജയിക്കുന്നതാണ്. പുതിയ ഇലക്ട്രോണിക് ഉപകരണം വാങ്ങിയേക്കും. മക്കളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
ചിത്തിര
തുലാക്കൂറുകാർക്ക് വാരാദ്യം മികവുറ്റതാവും. കാര്യതടസ്സം നീങ്ങുന്നതാണ്. പ്രവൃത്തികളിൽ സോല്ലാസം മുഴുകാനാവും. വിദേശത്തു പോകാൻ താല്പര്യപ്പെടുന്നവർക്ക് ശുഭസൂചനകൾ ലഭിക്കും. പൊതുപ്രവർത്തകർ ജാഗ്രത പുലർത്തേണ്ട സന്ദർഭമാണ്. കന്നിക്കൂറുകാർ പ്രശ്നപരിഹാരത്തിന് ഏറെ ക്ലേശിക്കുന്നതാണ്. ആരോഗ്യപ്രശ്നങ്ങൾ വലയ്ക്കാം. സ്വന്തം വീട്ടിലെ കാലുഷ്യങ്ങൾ മനപ്രയാസമുണ്ടാക്കും. ആരാധനാലയങ്ങൾ സന്ദർശിച്ചേക്കും. കൈവായ്പകൾ താൽകാലികമായെങ്കിലും ധനക്ലേശം പരിഹരിക്കുന്നതാണ്.
ചോതി
കാര്യനിർവഹണം സുഗമമാകുന്നതാണ്. സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം കിട്ടും. വിനോദങ്ങളിലും കലാപരിപാടികളിലും താത്പര്യപൂർവ്വം പങ്കെടുക്കുന്നതാണ്. ചെറുപ്പക്കാർക്ക് പ്രണയകാര്യത്തിൽ വീട്ടുകാരുടെ പിന്തുണ ലഭിച്ചേക്കും. കൂട്ടുകച്ചവടത്തെക്കുറിച്ച് കാര്യമായി ചിന്തിക്കുന്നതാണ്. അതിൻ്റെ കടലാസ് പണികൾ തുടങ്ങാനായേക്കും. ന്യായരഹിതമായ കാര്യങ്ങളിൽ നിന്ന് പിന്തിരിയാൻ സഹപ്രവർത്തകരെ ഉപദേശിക്കും. അനിഷ്ടങ്ങളെ തൃണവൽഗണിക്കുന്നതാണ്.
വിശാഖം
അർഹത അംഗീകരിക്കപ്പെടും. അവഗണന നീങ്ങി പരിഗണനയുണ്ടാവും. ജോലി തേടുന്നവർക്ക് ചെറിയ ആദായമാർഗം പ്രതീക്ഷിക്കാവുന്ന കാലമാണ്. സംരംഭകരായിട്ടുള്ളവർക്ക് മുന്നോട്ട് പോകാൻ പ്രേരണയുണ്ടാകും. സഹോദരരുടെ പക്കൽ നിന്നും സാമ്പത്തികാനുകൂല്യം പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ ഭംഗിയായി നിർവഹിക്കാനാവും. വൃശ്ചികക്കൂറുകാരായ വിശാഖം നാളുകാർക്ക് കുറേക്കൂടി നല്ല അനുഭവങ്ങളാവും. വരവുചെലവ് കണക്ക് സൂക്ഷിക്കുന്നതിൽ ശ്രദ്ധ വേണം.
അനിഴം
പ്രവർത്തന മേഖലയിലെ തടസ്സങ്ങൾ നീങ്ങും. വ്യാപാരത്തിൽ നേട്ടങ്ങളുണ്ടാവും. ഊഹക്കച്ചവടം ലാഭകരമാവുന്നതാണ്. ഭാഗ്യാഭിവൃദ്ധിയുള്ള കാലമാണ്. സമൂഹത്തിൽ അംഗീകാരമേറും. പഴയ സുഹൃത്തുക്കളെ കാണാനും സന്തോഷാനുഭവങ്ങൾ പങ്കിടാനുമാവും. പ്രമുഖരുടെ വാഗ്ദാനം നിറവേറപ്പെടും. ഭൗതിക കാര്യങ്ങൾക്കൊപ്പം ആത്മീയ കാര്യങ്ങൾക്കും സമയം കണ്ടെത്തുന്നതാണ്. വിശ്രമത്തിനും വിനോദത്തിനും തടസ്സമുണ്ടാവില്ല. വാരാന്ത്യത്തിലെ ഒന്നുരണ്ടുദിനങ്ങൾ ഒഴികെ സ്വസ്ഥതയുള്ള വാരമായിരിക്കും.
തൃക്കേട്ട
രണ്ടാം ഭാവത്തിലെ ചൊവ്വ വാക്പാരുഷ്യത്തിന് കാരണമാകാം. തർക്കങ്ങൾ വരാം. തന്മൂലം ശത്രുക്കൾ സൃഷ്ടിക്കപ്പെടാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് പഠനതാല്പര്യം കുറയുന്നതാണ്. ധനപരമായി വാരം ഗുണകരമാണ്. ഏജൻസികൾ, കമ്മീഷൻ ഏർപ്പാടുകൾ ഇവ ലാഭകരമാവും. വായ്പാ തിരിച്ചടവ് സുഗമമാകുന്നതാണ്. സംഘടനകളിൽ പദവി ഉയർന്നേക്കും. ബന്ധുക്കളെ സന്ദർശിക്കാൻ അവസരം ഭവിക്കുന്നതാണ്. മാനസോല്ലാസമുണ്ടാകും. വാരാന്ത്യത്തിൽ യാത്രകൾക്ക് സാധ്യതയുണ്ട്.
മൂലം
ഗ്രഹാനുകൂല്യം കുറവാണ്. കുജബുധശുക്രന്മാർ ജന്മരാശിയിൽ തുടരുന്നതിനാൽ നേട്ടങ്ങൾ തടസ്സപ്പെടാം. ആരോഗ്യപരമായി കരുതൽ വേണം. ശത്രുക്കളുടെ പ്രവർത്തനങ്ങൾ അറിയാൻ കഴിഞ്ഞെന്നു വരില്ല. സുലഭമെന്ന് തോന്നുന്ന കാര്യങ്ങൾ ദുർലഭമായേക്കും. ബുദ്ധിപരമായ സമീപനം പുലർത്തേണ്ട സന്ദർഭങ്ങളിൽ വൈകാരികമായിട്ടാവും പ്രതികരണം. സാമ്പത്തികമായി മെച്ചമുണ്ടാകുന്നതാണ്. അദ്ധ്വാനത്തിന് അർഹമായ പ്രതിഫലം ലഭിക്കും. ഇഷ്ടവസ്തുക്കൾ കൈവശം വന്നുചേരുന്നതാണ്.
പൂരാടം
പ്രതീക്ഷിച്ച നേട്ടങ്ങൾ കരഗതമാവാൻ താമസം നേരിടുന്നതാണ്. മുഴുവൻ ഓജസ്സും പ്രവർത്തനത്തിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞെന്നുവരില്ല. സകാരണമോ അകാരണമോ ആയ മാനസിക പിരിമുറുക്കം അനുഭവപ്പെടാം. തൊഴിൽപരമായി കുറച്ചൊക്കെ പുരോഗതി ദൃശ്യമാകും. ഉല്പന്നങ്ങൾ ഉപഭോക്താവിൻ്റെ ശ്രദ്ധയിലെത്തിക്കാൻ കഴിയുന്നതാണ്. സാമ്പത്തികമായ ആവശ്യങ്ങളിൽ ഒരു വിധം സംതൃപ്തിയനുഭവപ്പെടും. വസ്തുവില്പനയിൽ വിളംബമോ വിഘ്നമോ ഒരു സാധ്യതയാണ്.
ഉത്രാടം
കർമ്മരംഗത്ത് ഉന്മേഷരാഹിത്യം അനുഭവപ്പെടും. തൊഴിലധിപന്മാരുമായി പൊരുത്തക്കേടുണ്ടാകാം. ഗാർഹികമായും സുഖക്കുറവിന് സാധ്യതയുണ്ട്. സാധാരണ ചെയ്യുന്ന കാര്യങ്ങൾക്ക് മുടക്കം വരുന്നതല്ല. പക്ഷേ അവയിൽ പൂർണ്ണമായും മനസ്സർപ്പിക്കാൻ കഴിഞ്ഞേക്കില്ല. ഉദ്യോഗസ്ഥർക്ക് ദുർഘടങ്ങളായ ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടതായി വരുന്നതാണ്. ക്ഷോഭം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. വാഹനം ഉപയോഗിക്കുമ്പോൾ ജാഗ്രത കുറയരുത്. ധനപരമായ ആവശ്യങ്ങൾ മുടങ്ങില്ല.
തിരുവോണം
വാരാദ്യദിവസങ്ങളിൽ ചന്ദ്രന് അഷ്ടമരാശി സഞ്ചാരം വരുന്നതിനാൽ കാര്യതടസ്സം ഉണ്ടാവാം. ദേഹസുഖക്കുറവ് അനുഭവപ്പെട്ടേക്കും. ജന്മരാശിയിൽ ആദിത്യനും പന്ത്രണ്ടിൽ ചൊവ്വയും ഉള്ളതിനാൽ സർക്കാർ കാര്യങ്ങളിൽ തടസ്സം ഉണ്ടാകുന്നതാണ്. സുഹൃത്തുക്കളിൽ നിന്നും പ്രതീക്ഷിച്ച സഹകരണം ഉണ്ടായേക്കില്ല. കരുതൽ ധനം പ്രയോജനപ്പെടുത്തേണ്ട സാഹചര്യം ഭവിക്കാം. ഗുണരഹിതമായ യാത്രകൾക്ക് സാധ്യതയുണ്ട്. വാരാന്ത്യ ദിവസങ്ങളിൽ കുറച്ചൊക്കെ ആശ്വാസം ലഭിച്ചേക്കും.
അവിട്ടം
ആരംഭിച്ച കാര്യങ്ങൾ പൂർത്തീകരിക്കുന്നതിൽ പലതരം സമ്മർദ്ദങ്ങളുണ്ടാവും. പ്രത്യേകിച്ചും മകരക്കൂറുകാർക്ക്. സ്വന്തം താല്പര്യവും ഇഷ്ടങ്ങളും മാറ്റിവെക്കേണ്ടതായി വന്നേക്കും. ബിസിനസ്സിൽ ആദായം തരക്കേടില്ലെന്ന നില കൈവരിക്കും. പ്രതീക്ഷിച്ച ഏജൻസി / ഫ്രാഞ്ചൈസി നേടിയെടുത്തേക്കും. വിദ്യാർത്ഥികളെ തെല്ല് ആലസ്യം പിടികൂടാം. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് നേരം നീക്കിവെക്കാൻ കഴിഞ്ഞെന്നുവരില്ല. ആരോഗ്യപരിശോധനകളുടെ പതിവൂഴം മുടക്കരുത്.
ചതയം
നേട്ടങ്ങൾക്ക് മുൻതൂക്കം പ്രതീക്ഷിക്കാവുന്ന വാരമാണ്. വസ്തുസംബന്ധിച്ച കലഹം പരിഹരിക്കാൻ കഴിഞ്ഞേക്കും. സഹോദരാനുകൂല്യം ഉണ്ടാവും. ആഢംബര വസ്തുക്കൾ വാങ്ങുന്നതാണ്. പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. സ്ത്രീകളുടെ പിന്തുണയും സാമ്പത്തിക സഹായവും കൈവരും. ദാമ്പത്യസുഖം ഭവിക്കുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങൾക്ക് മെച്ചം കുറയും. പണം കളവ് പോകാൻ സാധ്യതയുണ്ട്. ശുഭകാര്യങ്ങൾ ഒഴിവാക്കുന്നത് കരണീയം.
പൂരൂരുട്ടാതി
സാമൂഹികമായ അംഗീകാരം ലഭിക്കും. വ്യവഹാരങ്ങളിൽ അനുകൂലമായ വിധിയുണ്ടാവുന്നതാണ്. കച്ചവടത്തിൽ നേട്ടമുണ്ടാവും. തൊഴിൽ വിപുലീകരണം സാധ്യമാകുന്നതാണ്. അഭിമുഖ പരീക്ഷകളിൽ നല്ല പ്രകടനം നടത്താൻ കഴിയും. പ്രത്യുല്പന്നമതിത്വത്താൽ പ്രശ്നങ്ങളെ മറികടക്കും. സ്ത്രീ സുഹൃത്തുക്കളുടെ പിന്തുണയുണ്ടാവും. പ്രണയികൾക്ക് അനുകൂലമായ കാലമാണ്. ഉദ്യോഗസ്ഥർക്ക് ചില സമ്മർദ്ദങ്ങളെ നേരിടേണ്ടി വരാം. ദേഹക്ഷീണം, അലച്ചിൽ ഇവയ്ക്ക് സാധ്യതയുണ്ട്.
ഉത്രട്ടാതി
പതിനൊന്നാമെട ത്തിലെ സൂര്യൻ സ്ഥാനലബ്ധിക്ക് വഴിയൊരുക്കും. മത്സരങ്ങളിൽ വിജയിക്കുന്നതാണ്. പിതാവിൽ നിന്നും സാമ്പത്തിക സഹായം ലഭിച്ചേക്കും. പഠനത്തിൽ ഏകാഗ്രതയുണ്ടാവും. വിദേശത്ത് പോകാൻ അനുമതിയും അവസരവും പ്രതീക്ഷിക്കാം. ദാമ്പത്യസൗഖ്യം, ഗൃഹസുഖം, ബന്ധുസമാഗമം ഇവയും അനുഭവങ്ങളിൽ ഉൾപ്പെടുന്നതാണ്. കുട്ടികളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. വാരാന്ത്യത്തിൽ കാര്യസാധ്യം അല്പം പതുക്കെയാവും.
രേവതി
മനസ്സിൻ്റെ സ്വാസ്ഥ്യം തിരികെ കിട്ടുന്നതാണ്. നിലപാടുകൾക്ക് വീട്ടിലും പുറത്തും സ്വീകാര്യത ലഭിക്കും. നിത്യജീവിതത്തിൽ അടുക്കും ചിട്ടയും പുലർത്താനുള്ള ശ്രമം വിജയിക്കുന്നതാണ്. അദ്ധ്വാനത്തിൽ ആഹ്ളാദിക്കും. തൊഴിലിൽ നിന്നും വരുമാനം കൂടുന്നതാണ്. ഗവേഷകർക്ക് ജ്ഞാനാന്വേഷണത്തിൽ വിജയിക്കാനാവും. ഭോഗസുഖം പ്രതീക്ഷിക്കാം. മംഗളകർമ്മങ്ങളിലും വിവാഹസത്കാരങ്ങളിലും പങ്കെടുക്കാനാവും. വെള്ളി, ശനി ദിവസങ്ങളിൽ ശുഭാരംഭം ഒഴിവാക്കുകയാവും സമുചിതം. സാഹസങ്ങൾക്കും മുതിരരുത്.
Check out More Horoscope Stories Here
- അക്കങ്ങളിൽ തെളിയും ഭാവികാലം
- Aswathy Star Predictions: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ
- Bharani Star: ഭരണി നാളുകാർ ജീവിത ശൈലീ രോഗങ്ങളെ ശ്രദ്ധിക്കണം
- Karthika Star Predictions in malayalam: കാർത്തിക നക്ഷത്രം ജാതകം സ്വഭാവം, തൊഴിൽ, പൊരുത്തം
- മകയിരം നക്ഷത്രക്കാർ പ്രണയലോലരാണ്
- രോഹിണി നക്ഷത്രം; ജാതകം സ്വഭാവം, തൊഴിൽ, പൊരുത്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.