scorecardresearch

Karthika Star Predictions in Malayalam: കാർത്തിക നക്ഷത്രം ജാതകം സ്വഭാവം, തൊഴിൽ, പൊരുത്തം

Karthika Star Predictions in Malayalam: ആറു നക്ഷത്രങ്ങൾ ചേർന്ന സമൂഹമാണ് കാർത്തിക നക്ഷത്രമണ്ഡലം

Karthika Star Predictions in Malayalam: കാർത്തിക നക്ഷത്രം ജാതകം സ്വഭാവം, തൊഴിൽ, പൊരുത്തം
Karthika Birth Star Astrology Horoscope Naal Karthika Nakshatra Star Prediction in Malayalam

Karthika Birth Star Astrology  Horoscope Naal Karthika Nakshatra Star Prediction in Malayalam: ‘കൃത്തിക’ എന്ന് സംസ്കൃതം. രണ്ടുരാശികളിൽ വരുന്ന നക്ഷത്രമാണ് കാർത്തിക. ഒന്നാം പാദം (കാൽ ഭാഗം)മേടം രാശിയിൽ! ഇവരെ ‘മേടക്കൂറുകാർ ‘ എന്നുപറയും. കാർത്തികയുടെ രണ്ട്, മൂന്ന്, നാല് പാദങ്ങൾ (മുക്കാൽ ഭാഗം) ഇടവം രാശിയിൽ വരുന്നു. ഇവരെ ‘ഇടവക്കൂറുകാർ’ എന്നും വിളിക്കുന്നു. ഇപ്രകാരം രണ്ടുരാശികളിലായി വരുകയാൽ ‘മുറിനക്ഷത്ര’ മെന്ന് വിശേഷണമുണ്ട്,
കാർത്തികയ്ക്ക്. ഈ നാളിൽ ജനിക്കുന്നവരിൽ ഏകശില പോലെ സ്വഭാവത്തിനും വ്യക്തിത്വത്തിനും ഏകതാനതയില്ല. എന്നാലോ, ഒട്ടേറെയുണ്ടുതാനും വൈഭിന്ന്യങ്ങൾ. അതിനാൽ കാർത്തികക്കാരെ എളുപ്പം വിലയിരുത്താൻ കഴിയില്ല.

മേടക്കൂറിൽ ജനിക്കുന്നവർ ആത്മശക്തി ഉയർന്നവരായിരിക്കും. ഊക്കും ഉന്മേഷവും വ്യക്തിത്വത്തിൽ
ഓളംതല്ലും. ചലനോർജം ഏറിയവരുമായിരിക്കും. ഇടവക്കൂറിൽ ജനിച്ചവർ സ്ഥിരചിത്തരായിരിക്കും. എടുത്തുചാട്ടമില്ല; തീരുമാനങ്ങൾ ആലോചിച്ചിട്ടാവും കൈക്കൊള്ളുക. സൗന്ദര്യതൃഷ്ണയും കലാവാസനയും ഇവർക്ക് കിട്ടിയ ദൈവവരങ്ങൾ ആണ്.

ആറുനക്ഷത്രങ്ങൾ ചേർന്ന സമൂഹമാണ് കാർത്തിക നക്ഷത്രമണ്ഡലം. ഈ ആറ് നക്ഷത്രങ്ങളെ ‘കാർത്തിക പെൺകൊടിമാർ’ എന്ന് പറയാറുണ്ട്. പാശ്ചാതുർ ഏഴുനക്ഷത്രങ്ങളുടെ കൂട്ടമാണ് കാർത്തിക എന്ന് വാദിക്കുന്നു. അവയെ ‘ Seven Sisters’ എന്ന് സംബോധന ചെയ്യുന്നു.
ആകൃതിയും തർക്കവിഷയമാണ്. ‘കൈവട്ടക’ (ചോറുകോരി) യുടെ സ്വരൂപം ആണ് കാർത്തിക നാളിനെന്ന് കേരളീയജ്യോതിഷം പറയുമ്പോൾ ‘കത്രിക’ യുടെ രൂപമാണെന്ന് പാശ്ചാത്യരും വാദിക്കുന്നു.

ഈ സ്വരൂപങ്ങൾ പ്രതിഫലിപ്പിക്കുന്ന രണ്ടുതരം വ്യക്തിത്വവും കാർത്തികക്കാരിൽ മറഞ്ഞോ തെളിഞ്ഞോ കാണാം. വേണമെങ്കിൽ പരുഷവാക്കുകൾ പറയാനും പരുക്കത്തം കാട്ടാനും കാർത്തികക്കാർക്കാവും. അതേസമയം വദാന്യരുമാണ്. അന്നം വിളമ്പി ആതിഥ്യമര്യാദ കാട്ടുന്നവരാണ്. കൈയ്യൂക്കുമുണ്ട് , കലയുമുണ്ടെന്ന് സാരം. ക്രമസംഖ്യയിൽ മൂന്നാമത്തെ നാളാണ് കാർത്തിക. ആദിയിൽ കാർത്തിക മുതലാണ് നക്ഷത്രമണ്ഡലം തുടങ്ങിയിരുന്നത്.

ആദിത്യനാണ് കാർത്തികയുടെ നക്ഷത്രനാഥൻ എന്നത് ഒരു തെളിവാണ്. വേദങ്ങളിൽ പറയപ്പെടുന്ന
‘നക്ഷത്രസൂക്തം’ കാർത്തികയിൽ തുടങ്ങി ഇരുപത്തിയേഴാം നാളായ ഭരണിയിൽ അവസാനിക്കുന്നു. അതും കാർത്തികയ്ക്ക് പണ്ടുകാലത്തുണ്ടായിരുന്ന സ്ഥാനഗൗരവത്തെ സൂചിപ്പിക്കുന്നു. കുടുംബം, സംഘടന എന്നിവയിൽ കാർത്തികക്കാർക്ക് സ്ഥാനമാനങ്ങൾ തേടിവരുന്നു. അത് ഒരു ആദിത്യപ്രഭാവമാണ്. തലപൊക്കിനടക്കുക, ആത്മവിശ്വാസം നഷ്ടമാകാതിരിക്കുക, നേതാവാണ് എന്ന തോന്നൽ മറ്റുള്ളവരിൽ അടിച്ചേല്പിക്കുക, വെളിച്ചത്തിന്റെ പോരാളിയായിരുന്നു കൊണ്ട് ഇരുട്ടിന്റെ ശക്തികളെ അടിച്ചമർത്തുക എന്നിവ കാർത്തികക്കാർ സ്വയം നടപ്പാക്കുന്ന, ഏറ്റെടുക്കുന്ന ദൗത്യങ്ങളാണ്. ഇതൊക്കെയാവും അവരിൽ തെളിയുന്ന സൂര്യസ്വാധീനം എന്നും പറയാം.

karthika, horoscope, ie malayalam

മേടക്കൂറിൽ അഥവാ കാർത്തിക ഒന്നാം പാദത്തിൽ ജനിച്ചവരിൽ നക്ഷത്രനാഥനായ ആദിത്യന്റെ സ്വാധീനത്തിനൊപ്പം രാശിനാഥനായ ചൊവ്വയുടെ പ്രഭാവവും ഉണ്ടാവും. ഇടവക്കൂറിൽ അഥവാ കാർത്തിക മുക്കാലിൽ ജനിച്ചവരിലാകട്ടെ സൂര്യനൊപ്പം രാശ്യധിപനായ ശുക്രന്റെ സ്വാധീനമാവും പ്രകടമാവുക. അങ്ങനെ ഒരേ നാളുകാർ തന്നെ ഇരുഗ്രഹങ്ങളുടെ പ്രഭാവത്തിൽ വ്യത്യസ്ത മനുഷ്യരായിമാറുന്നു.

കാർത്തിക ഒരു അസുരഗണത്തിൽ വരുന്ന നക്ഷത്രമാണ്. അതിനാൽ ആദർശത്തെക്കുറിച്ച് അധികം ഉൽക്കണ്ഠകളില്ല. ശരി വഴിയും ശരി ദൂരവും ഒരിക്കലും അവർക്ക് മങ്ങൂഴത്തിലല്ല. ഏതു കാര്യവും ചെയ്യുമ്പോൾ അതിന്റെ ഫലസാധ്യത അവർ ഉള്ളിലെങ്കിലും ആരായും. പിന്നെ കൃത്യമായ ചുവടുവയ്പുകളാണ്, വിജയത്തിലേക്ക്. പരാജയങ്ങളെ അടുത്ത വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കാണാനുള്ള ആർജവവും ഉണ്ടാവും.

‘കുല നക്ഷത്രം’ എന്നത് പ്രാക്തനമായ ഒരു നക്ഷത്രവർഗീകരണമാണ്. 12 നക്ഷത്രങ്ങൾ അതിൽ വരുന്നു. ആകെയുള്ള 27 നാളുകളിൽ പന്ത്രണ്ടെണ്ണം കുലനക്ഷത്രങ്ങളാണ്. ഒപ്പള്ളവരുടെ, കുടുംബാംഗങ്ങളുടെ, സഹപ്രവർത്തകരുടെ ജീവിതത്തെക്കാൾ ഉയർന്നവിതാനത്തിലേക്ക് ചെന്നെത്തും കുലനക്ഷത്രത്തിൽ ജനിക്കുന്നവരുടെ ജീവിതം. ആ പന്ത്രണ്ടു നാളുകളിൽ കാർത്തിക നാളുമുണ്ട്. പ്രശസ്തി വരിക, സമ്പത്തുണ്ടാവുക, നാട്ടിൽ പ്രമാണിയാവുക, കലാപരമായ സിദ്ധികൾ ഉണ്ടാവുക, പാരമ്പര്യ മഹിമ പറയാൻ കാണുക, പിൽക്കാല തലമുറകൾ ഓർക്കുക തുടങ്ങിയവ കുലനക്ഷത്രക്കാർക്ക് സ്വാഭാവികമായ കൈവരുന്ന നേട്ടങ്ങളാണ് കാർത്തിക നക്ഷത്രക്കാർ ജനിക്കുന്നത് സൂര്യദശയിലാണ്.

6 വർഷമാണ് ദശാകാലം. കൃതമായ ജനനസമയം അറിയില്ലെങ്കിൽ ദശാവർഷം പകുതിയായി കണക്കാക്കും. അതായത് മൂന്ന് വയസ്സുവരെ സൂര്യദശ എന്നിങ്ങനെ. രണ്ടാമതായി ചന്ദ്രദശ (10 വർഷം), മൂന്നാമതായി ചൊവ്വാദശ (7 വർഷം), നാലാമതായി രാഹുദശ (18 വർഷം), അഞ്ചാമതായി വ്യാഴദശ (16 വർഷം), ആറാമതായി ശനിദശ (19 വർഷം), ഏഴാമതായി ബുധദശ (17 വർഷം), എട്ടാമതായി കേതുദശ (7 വർഷം), ഒമ്പതാമതായി ശുക്രദശ (20 വർഷം) എന്നിങ്ങനെയാണ് കാർത്തിക നാളുകാരുടെ ദശാക്രമം. ഒമ്പതാം ദശയായ ശുക്രദശ ആരംഭിക്കുമ്പോൾ ഇവർക്ക് ശരാശരി 90-95 വയസ്സായിട്ടുണ്ടാവും. ദീർഘായുസ്സുള്ള കാർത്തിക നാളുകാർക്കുമാത്രമാവും ശുക്രദശയിൽ പ്രവേശിക്കാനും അത് പൂർത്തീകരിക്കുവാനും കഴിയുക.

കാർത്തിക നാളുകാർ സാങ്കേതികപ്രധാനമായ ജോലികളിൽ വിജയിക്കും. കമ്പ്യൂട്ടർ, സർജറി ചെയ്യുന്ന ഡോക്ടർ, ഗണിതം, ലോഹപ്പണി, ജ്യോതിഷം, സ്വർണവ്യാപാരം, ഉപകരണനിർമ്മാണം, ആയുധശാലകൾ, അഗ്നിശമനസേന, ലബോറട്ടറി, പാചകം, കാറ്ററിംഗ്, ബ്യൂട്ടിപാർലർ, സാഹിത്യം, അധ്യാപനം എന്നിങ്ങനെ വൈവിധ്യപൂർണമാണ് ഇവരുടെ കർമ്മമേഖല. ‘സമ്മിശ്രം’ എന്ന വിഭാഗത്തിൽ പ്രാചീനാചാര്യന്മാർ കാർത്തികയെ ഉൾപ്പെടുത്തിയിട്ടുണ്ട്. പലതരം തൊഴിലുകളിൽ മുന്നേറാനുള്ള വൈഭവം ഇവർ വേഗം നേടിയെടുക്കുന്നത് അതുകൊണ്ടാവാം.

പ്രണയം മനസ്സിൽ ഉള്ളവരാണ്. പക്ഷേ ആദ്യം തുറന്നുപറയില്ല. ‘ ഞാൻ എന്ന ഭാവം’
(Ego) അല്പം ഏറിയ കൂട്ടരാണ്. അതിനാൽ വിലോലഭാവങ്ങൾ ഇല്ലെന്നു നടിക്കും. ഇവരുടെ ദാമ്പത്യത്തിൽ പ്രശ്നസാധ്യത കൂടുതലാണ് എന്നുപറയേണ്ടിവരും. ഇടവക്കൂറുകാരുടെ ഏഴാമെടം ചൊവ്വയുടെ വീടായ വൃശ്ചികമാണല്ലോ. അതിനാൽ സംഘർഷം അന്തരീക്ഷത്തിലുണ്ടാവും. രാഹുദശയിൽ അത് ഉയരും. വ്യാഴദശയിൽ കലഹബുദ്ധി കുറയുമെന്നും പറയാം. ജീവിതപങ്കാളിയെ കൂടുതൽ മനസ്സിലാക്കുന്നത് അപ്പോഴാവും.

കാർത്തിക അസുരഗണനക്ഷത്രമാകയാൽ പ്രസ്തുതഗണത്തിൽ തന്നെയുള്ളവർ ഇവരുടെ ജീവിതപങ്കാളിയാവുന്നത് മനോനുകൂല്യത്തിന് നല്ലതാണ്. മനസ്സിലാക്കലും തിരിച്ചറിയലും കൂടുതലായിരിക്കും, അപ്പോൾ. മകം, ചിത്തിര, തൃക്കേട്ട, മൂലം, അവിട്ടം, ചതയം എന്നിവ അസുരഗണത്തിൽ വരുന്ന ചിലനാളുകൾ. വിശാഖവും ഇക്കൂട്ടത്തിലുണ്ടെങ്കിലും ‘വേധ നക്ഷത്ര’ മാകയാൽ വിശാഖം- കാർത്തിക ദാമ്പത്യത്തെ ജ്യോതിഷ നിയമങ്ങൾ അംഗീകരിക്കുന്നില്ല. ആയില്യം അസുരഗണം തന്നെയാണ്. പക്ഷേ ‘ഏഴാം നാൾ ‘ എന്നത് വലിയ ന്യൂനതയാണ്.

കാർത്തികയിൽ ജനിച്ച സ്ത്രീക്ക് അശ്വതി, രേവതി, തിരുവോണം, അനിഴം, ചോതി എന്നിവയും പൊരുത്തം കിട്ടുന്ന നക്ഷത്രങ്ങൾ. ഈ നാളുകാരായ ആണുങ്ങൾക്ക് രോഹിണി, തിരുവാതിര, പൂയം, പൂരം, ഉത്രം, അത്തം എന്നിവയും ഇണങ്ങും. 3 ,5, 7 നാളുകൾ (മകയിരം, പുണർതം, ആയില്യം) വിവാഹബന്ധത്തിന് മാത്രമല്ല, ദീർഘസൗഹൃദം, കൂട്ടുകച്ചവടം എന്നിവയ്ക്കും ഒഴിവാക്കുന്നതാവും നല്ലത് എന്നും ആചാര്യന്മാർ വ്യക്തമാക്കുന്നു.

ബുധന്റെ രാശിയായ കന്നി, ഇടവക്കൂറുകാരുടെ അഞ്ചാമെടം- സന്താനസ്ഥാനം – ആകയാൽ ബുദ്ധിയും പ്രതിഭയുമുളള മക്കളെ ലഭിക്കും. ചിങ്ങക്കൂറാണ് കാർത്തിക ഒന്നാംപാദക്കാരുടെ പുത്രസ്ഥാനം. അവർക്ക് ആൺകുട്ടികൾ ഉണ്ടാവും. അവർ മത്സരങ്ങളിൽ വിജയിച്ച് പദവികൾ നേടും.

മേടക്കൂറുകാർ വൃശ്ചികം രാശിയും അതിലെ നക്ഷത്രങ്ങളും (വിശാഖം കാൽ, അനിഴം, തൃക്കേട്ട), ഇടവക്കൂറുകാർ ധനുരാശിയും അതിലെ നക്ഷത്രങ്ങളും (മൂലം, പൂരാടം, ഉത്രാടം കാൽ) ശുഭകാര്യങ്ങൾക്ക് സ്വീകരിക്കരുത്. മാസം തോറും കലണ്ടറിൽ മകയിരം, പുണർതം, ആയില്യം, വിശാഖം എന്നീ നാളുകളും മുകളിൽ പറഞ്ഞ ചന്ദ്രാഷ്ടമ നക്ഷത്രങ്ങളും അടയാളപ്പെടുത്തണം. ഏറ്റവും കരുതൽ വേണ്ട ദിവസങ്ങളായി അവയെ പരിഗണിക്കുകയും വേണം.

കാർത്തിക നാളുകാരെ കഫം / പിത്ത രോഗങ്ങൾ വേഗം ആക്രമിക്കും. മേടക്കൂറുകാർക്ക് ഉദരം, ആമാശയം, ഹെർണിയ, പൈൽസ്, വൃക്കരോഗം, രഹസ്യാവയവ രോഗങ്ങൾ, പാദരോഗം എന്നിവ വേഗം പിടികൂടാം. ഇവടക്കൂറുകാർക്ക് തൈറോയിഡ്, മുട്ടുകൾ, ശിരോരോഗങ്ങൾ, സന്ധിവാതം, വെരിക്കോസ്, പകർച്ചവ്യാധി എന്നിവയും രോഗങ്ങളാകാം.

കാർത്തികയുടെ ഭൂതം ഭൂമി. വൃക്ഷം അത്തി. പക്ഷി പുള്ള്. മൃഗം പെണ്ണാട്, ദേവൻ അഗ്നി എന്നിവയാണ്. പക്ഷിമൃഗാദികളെ ഉപദ്രവിക്കരുത്. വൃക്ഷം നട്ടുനനച്ച് പരിപാലിക്കണം. ഭൂമിയേയും അഗ്നിയേയും വണങ്ങണമെന്നുമുണ്ട്. മേടക്കൂറിൽ ജനിച്ചവർക്ക് ഞായർ, വ്യാഴം എന്നിവയും ഇടവക്കൂറിൽ ജനിച്ചവർക്ക് ബുധൻ, ശനി എന്നിവയും നല്ല ദിവസങ്ങൾ. മേടക്കൂറുകാർക്ക് കാവി, ചുവപ്പ്, മഞ്ഞ എന്നിവയും ഇടവക്കൂറുകാർക്ക് പച്ച, വെള്ള, നീല എന്നിവയും അനുകൂല നിറങ്ങൾ. മേടക്കൂറുകാർക്ക് 1, 9 എന്നിവയും ഇടവക്കൂറുകാർക്ക് 1, 6 എന്നിവയും അനുകൂല ഭാഗ്യ സംഖ്യകൾ.

Read Here

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Karthika birth star astrology horoscope naal karthika nakshatra star prediction in malayalam