scorecardresearch

സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, 2024 August 04-10

Weekly Horoscope: ഓഗസ്റ്റ് 04 ഞായറാഴ്ച മുതൽ ഓഗസ്റ്റ് 10 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: ഓഗസ്റ്റ് 04 ഞായറാഴ്ച മുതൽ ഓഗസ്റ്റ് 10 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ കർക്കടകം രാശിയിൽ ആയില്യം ഞാറ്റുവേലയിലാണ്. ചന്ദ്രൻ അമാവാസി തിഥിയിലാണ് വാരാദ്യദിനം. പിറ്റേന്ന് തിങ്കളാഴ്ച ശ്രാവണ മാസം ആരംഭിക്കുന്നു. ചൊവ്വ ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിലാണ്. ബുധനും ശുക്രനും  ചിങ്ങം രാശിയിൽ മകം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ വക്രഗതിയിലാണ്. വ്യാഴം ഇടവം രാശിയിൽ രോഹിണിയിൽ തുടരുന്നു. 

Advertisment

രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ അത്തം നക്ഷത്രത്തിലും സഞ്ചരിക്കുകയാണ്. ഞായറും തിങ്കൾ വൈകുന്നേരം വരെയും ധനുക്കൂറുകാർക്ക് അഷ്ടമരാശി ഭവിക്കുന്നു. തുടർന്ന് ചൊവ്വയും ബുധനും മകരക്കൂറുകാർക്കാവും അഷ്ടമരാശി വരിക. വ്യാഴം, വെള്ളി, ശനി പ്രഭാതം വരെ കുംഭക്കൂറുകാർക്കും തദനന്തരം മീനക്കൂറുകാർക്കും ആണ് അഷ്ടമരാശി സംഭവിക്കുന്നത്. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെ ഈയാഴ്ചത്തെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുന്നു.

അശ്വതി

നാലാം ഭാവം മുതൽ ഏഴാം ഭാവം വരെ ചന്ദ്രന് സഞ്ചാരമുണ്ട്. അല്പം നീണ്ട ഇടവേളക്കുശേഷം ചില സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാനാവും. മനസ്സിന് സ്വസ്ഥത വന്നുചേരും. വ്യാഴാനുകൂല്യമുള്ള കാലമാകയാൽ വചനദീപ്തി പ്രശംസിക്കപ്പെടും. തൊഴിൽ സമ്മർദ്ദം കുറയുന്നതായിരിക്കും. ദിശാബോധത്തോടെ പ്രവർത്തിക്കാനും ഫലം കൊയ്യാനും സാധിക്കുന്നതാണ്. ചർച്ചകളിൽ നല്ല തീരുമാനങ്ങൾ പ്രതീക്ഷിക്കാം. വ്യക്തിപരമായ ചെലവുകൾ കുറയ്ക്കാൻ ആവുന്നത്ര ശ്രമിക്കുന്നതാണ്. വിരോധികളെ തമസ്കരണം കൊണ്ട് തോൽപ്പിക്കും.

Advertisment

ഭരണി

നക്ഷത്രനാഥനായ ശുക്രൻ പഞ്ചമഭാവത്തിലാകയാൽ ഭാവനാവിലാസം വർദ്ധിക്കുന്നതാണ്. പറയുന്നതിൽ വാക്യഭംഗി തിരളും. കവികൾക്കും കലാകാരന്മാർക്കും ശോഭിക്കാനാവും. മനശ്ശക്തി വർദ്ധിക്കും. വരുംവരായ്കകൾ ചിന്തിച്ച് പ്രവർത്തിക്കുവാൻ കഴിയുന്നതാണ്. സാമൂഹ്യ മാധ്യമങ്ങൾ പ്രയോജനപ്പെടുത്തുന്നവർക്ക് കൂടുതൽ പിന്തുണകളുണ്ടാവും. ബിസിനസ്സിൽ വിപുലീകരണത്തിന് അവസരം വരും. സാമ്പത്തിക ആസൂത്രണത്തിൽ മെച്ചമുണ്ടാകുന്നതാണ്. വിയോജിക്കുന്നവരെ കൂട്ടിയണക്കി കൂടെ നിർത്തുന്നതിൽ നിസ്തുല വിജയം നേടും.

കാർത്തിക

കാര്യാലോചനകളിൽ പറയുന്നതു കേൾക്കാനും മാർഗ്ഗനിർദ്ദേശം സ്വീകരിക്കാനും പലരും മുന്നോട്ടു വരും. പ്രതീക്ഷിക്കാത്ത പിന്തുണകൾ ലഭിക്കാം. ന്യായമായ ആഗ്രഹങ്ങൾ സഫലമാകുന്നതാണ്. പൊതുപ്രവർത്തകർ സ്വാർത്ഥത വെടിഞ്ഞ് രക്ഷാദൗത്യങ്ങൾക്ക് മുൻകൈയെടുക്കും. ചെറുസംരംഭങ്ങൾ ബാലാരിഷ്ടയെ അതിജീവിക്കുന്നതാണ്. വിദ്യാഭ്യാസത്തിൽ നല്ലശ്രദ്ധ പുലർത്തുവാനും ഇടക്കാല പരീക്ഷകൾക്ക് തയ്യാറെടുക്കാനും സാധിക്കും. ഏജൻസി , കമ്മീഷൻ ബിസിനസ്സ് വിപുലീകരിക്കുന്നതാണ്. വരുമാനത്തിൽ പൂർണ്ണതൃപ്തി വരുന്നതല്ല. 

രോഹിണി

നക്ഷത്രനാഥൻ ബലത്തിലേക്ക് വളരുകയാൽ കാര്യസിദ്ധിയുണ്ടാകും. അകാരണമായ ഭയം മാറി മനസ്സിൽ സന്തോഷം നിറയാം. പ്രതികൂലതകളെ സമർത്ഥമായി മറികടക്കുന്നതാണ്. സാമ്പത്തിക ഞെരുക്കം അവസാനിക്കും.  ഗൃഹവായ്പ അടഞ്ഞുതീരുകയാൽ ആശ്വാസമുണ്ടാകും. അത്യാവശ്യമായിട്ടുള്ള ഗൃഹോപകരണങ്ങൾ വാങ്ങാനാവും. പിണങ്ങിയ ബന്ധുക്കൾ ഇണങ്ങിയേക്കും. കുടുംബത്തിൻ്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് പരിഗണന നൽകുന്നതാണ്. ദൂരദിക്കിൽ ഉദ്യോഗത്തിലിരുന്ന കുടുംബാംഗത്തിന് നാട്ടിലേക്ക് മാറ്റം കിട്ടാനിടയുണ്ട്.

മകയിരം

അനാവശ്യമായ ആധി ഒഴിവാക്കണം. അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സ്വയം സന്നദ്ധത പുലർത്തേണ്ടതുണ്ട്.  സ്വന്തം താമസ സ്ഥലത്തിനടുത്ത് ചെറിയ വ്യാപാരസ്ഥാപനം തുടങ്ങാനുള്ള ആഗ്രഹം സഫലമായേക്കും. പലരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. സമാനമനസ്കരുമായി സൗഹൃദം പുലർത്തും. ജീവകാരുണ്യ പ്രവർത്തനത്തിൽ സഹകരിക്കും. ഉദ്യോഗാർത്ഥികൾക്ക് അല്പം കൂടി കാത്തിരിപ്പ് തുടരേണ്ടിവന്നേക്കും. വിദ്യാർത്ഥികൾ കലാപരിശീലനത്തിന് തയ്യാറെടുപ്പ് ആരംഭിക്കും. കുടുംബ ജീവിതത്തിൽ ആഹ്ളാദമുണ്ടാവും.

തിരുവാതിര

വ്യാപാരത്തിൽ പ്രതീക്ഷിച്ച പുരോഗതി ഉണ്ടാവണമെന്നില്ല. ഇപ്പോൾ കൂടുതൽ മുതൽമുടക്കുക അനുചിതമാണ്. എന്നാൽ ഉത്സാഹപൂർവ്വം പ്രവർത്തിക്കേണ്ട സന്ദർഭവുമാണ്. ചടുലവും വൈകാരികവുമായ പ്രതികരണം ശത്രുക്കളെ സൃഷ്ടിച്ചേക്കാം. അനാവശ്യമായ തോന്നലുകളും അശുഭചിന്തകളും ഒഴിവാക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് കുടുംബ പ്രശ്നങ്ങൾക്ക് കാരണമാകാം. അപരിചിതരുമായുള്ള സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കുക കരണീയ കാര്യമാണ്.

പുണർതം

തൊഴിൽ വിജയത്തിന് അശ്രാന്തമായ പരിശ്രമം ചെയ്യേണ്ടതായുതുണ്ട്. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നവർക്ക് സ്ഥാനചലനത്തിനോ തസ്തിക മാറുന്നതിനോ സാധ്യത കാണുന്നു.  പ്രോജക്ടുകൾ കൂടുതൽ ദുഷ്കരമാവും. ചെലവ് നിയന്ത്രിക്കുക എളുപ്പമാവില്ല. സംസ്കാരമുള്ളവരുടെ സഹവർത്തിത്വം ഗുണകരമാവും. ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ പാരായണം ചെയ്യാനും പഠിക്കാനും അവസരം ഉണ്ടായേക്കും. മക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാമ്പത്തിക ബാദ്ധ്യത വേണ്ടിവരുന്നതാണ്.

പൂയം

സൂര്യൻ ജന്മരാശിയിൽ തുടരുന്നതിനാൽ ഏതെങ്കിലും സമ്മർദ്ദം എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും. എന്നാൽ സാമ്പത്തികമായ സൗഖ്യമുണ്ടാവുകയും ചെയ്യും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാര്യമില്ലാതെ കലഹിക്കേണ്ടിവരും. സമയനിഷ്ഠ പാലിക്കാൻ കഴിഞ്ഞെന്ന് വരില്ല. ചുറ്റുപാടും നടക്കുന്ന കാര്യങ്ങളിൽ ശ്രദ്ധാലുവാകും. ഓൺലൈൻ ബിസിനസ്സിൽ നേട്ടങ്ങൾ വരാം. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾക്കായി പരിശ്രമം തുടരും. വിദേശത്തു കഴിയുന്ന ബന്ധുക്കളുടെ കുശലാന്വേഷണം സന്തോഷമുണ്ടാക്കും.

ആയില്യം

പതിനൊന്നാം വ്യാഴത്തിൻ്റെ ആനുകൂല്യം പല നിലയ്ക്കും വന്നുചേരുന്നതാണ്. സാമ്പത്തിക ഇടപാടുകൾ മൂലം നേട്ടമുണ്ടാക്കുന്നതാണ്. ഊഹക്കച്ചവടം, ചിട്ടി, നറുക്കെടുപ്പ് ഇവയിൽ ഭാഗ്യം കടാക്ഷിച്ചേക്കാം. ദീർഘകാലമായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹങ്ങൾ സാധിക്കുന്നതിന് സാഹചര്യം അനുകൂലമാവുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ഇൻ്റേൺഷിപ്പ് പോലുള്ള കാര്യങ്ങളിൽ താത്പര്യം ഉണ്ടാവുന്നതാണ്. സുഹൃൽ സമാഗമങ്ങൾ സന്തോഷകരമാവും. അനീതിക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തി പലരുടേയും ശത്രുത സമ്പാദിക്കുന്നതാണ്.

മകം

ആശയക്കുഴപ്പങ്ങളും അവ്യക്തകളും ഉണ്ടാവും. സമാർജ്ജിത ജ്ഞാനം പ്രയോജനപ്പെടാൻ സാധ്യത കുറവാണ്. വാരാദ്യം അലച്ചിലും  ദേഹക്ലേശവും ചെലവും ഭവിക്കാം. ഉറപ്പില്ലാത്ത കാര്യങ്ങളിൽ ഊർജ്ജം ചെലവഴിക്കപ്പെടുന്നതായിരിക്കും. വാരമദ്ധ്യം സംതൃപ്തി നൽകുന്നതാണ്. അശനശയന സൗഖ്യം ഭവിക്കും. ഗാർഹിക സ്വസ്ഥതയുണ്ടാവും. കർമ്മരംഗത്ത് സ്വീകാര്യതയുണ്ടാവും. സഹപ്രവർത്തകർക്ക് മാർഗനിർദ്ദേശം നൽകാൻ സാധിക്കും. വെള്ളി, ശനി ദിവസങ്ങളിൽ പരുക്കൻ വാക്കുകൾ ഉച്ചരിച്ച് ആരുടെയെങ്കിലും ശത്രുത സമ്പാദിച്ചേക്കും.

പൂരം

പ്രതീക്ഷിത കാര്യങ്ങൾ ഭാഗികമായി നിറവേറാനാവും. ഭൗതികമായ ആവശ്യങ്ങൾ കൂടുന്നതാണ്. ഉന്നതാധികാരികളുടെ അപ്രീതി നേടുവാനിടയുണ്ട്. വരവ് പതിവുപോലെ തന്നെയായിരിക്കും. എന്നാൽ ചെലവേറുന്നതാണ്. ആത്മീയചര്യകളിൽ താല്പര്യമുണ്ടാവും. സകുടുംബം ക്ഷേത്രാടനം നടത്തുവാൻ നേരം കണ്ടെത്തുന്നതാണ്. സഹോദരരുടെ ആവശ്യങ്ങൾക്കായി യാത്രയുണ്ടാവും. കലാപ്രവർത്തനം ഉന്മേഷകരമാവും. ഏജൻസികളും ചെറുസംരംഭങ്ങളും ലാഭകരമായി തുടരും. ആഴ്ച മദ്ധ്യത്തിലെ ദിവസങ്ങൾ കൂടുതൽ മെച്ചപ്പെട്ടതായിരിക്കും. 

ഉത്രം

അർപ്പണ മനോഭാവം അനുമോദിക്കപ്പെടും. ചിട്ടയും നിഷ്ഠയും മാതൃകാ പരമാവും. മുൻകൂട്ടി പല ജോലികളും ചെയ്തുതീർക്കും. സുഹൃദ്വലയം വിപുലമാകും. വരാൻ പോകുന്ന ഉത്സവാഘോഷങ്ങളുടെ നാട്ടിലെ നടത്തിപ്പ് ഏറ്റെടുക്കുന്നതാണ്. കുടുംബാംഗങ്ങളുടെ ആർഭാടച്ചെലവുകൾ കുറയ്ക്കാനാവശ്യപ്പെടുന്നതുമൂലം ഗൃഹാന്തരീക്ഷം പ്രക്ഷുബ്ധമാകാം. എന്നാൽ അഭിപ്രായം പിൻവലിക്കില്ല. ബിസിനസ്സുകാർ കച്ചവടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സീസണനുസരിച്ചുള്ള ബിസിനസ്സ് സജ്ജമാക്കുന്നതാണ്. വായ്പാ സൗകര്യം പ്രയോജനപ്പെടുത്തും.

അത്തം

ഞായർ, തിങ്കൾ ദിവസങ്ങളിൽ നേട്ടങ്ങൾ വർദ്ധിക്കും. സാമ്പത്തിക ശോച്യതയ്ക്ക് താൽകാലിക വിരാമം വരുന്നതാണ്. ഇഷ്ടജന സല്ലാപത്തിന് അവസരമുണ്ടാകും. മൃഷ്ടാന്നഭോജനം ലഭിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശുഭാരംഭം നന്നല്ല. ചെലവ് കൂടിയേക്കും. അനാവശ്യമായ പിരിമുറുക്കം വരാം. കാര്യസാധ്യം മെല്ലെയാവാനും സാധ്യത കാണുന്നു. മറ്റു ദിവസങ്ങളിൽ പ്രായേണ സമ്മിശ്രാനുഭവങ്ങൾ വന്നു ചേരാം. കാര്യാലോചനകളിൽ നല്ല തീരുമാനങ്ങൾ ഉരുത്തിരിയാം. വാഗ്ദാനം പാലിക്കാൻ കഴിയുന്നതായിരിക്കും.

ചിത്തിര

ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകാത്തത് വേദനിപ്പിക്കും. സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്. സ്വാശ്രയ ബിസിനസ്സിൽ നേട്ടം ഉണ്ടായേക്കാം.  നിയമവിരുദ്ധമായ സാമ്പത്തിക ആദായങ്ങളിൽ ഏർപ്പെടരുത്. പെരുമാറ്റത്തിലെ കർക്കശ ശൈലിയെ കുടുംബാംഗങ്ങൾ അപലപിക്കാം. കക്ഷിരാഷ്ട്രീയത്തിൽ വിശ്വാസം കുറയും.  പൂർവ്വിക സ്വത്ത് സംബദ്ധിച്ച തർക്കങ്ങൾ നീളുന്നതാണ്. വാരാദ്യ ദിവസങ്ങൾ മെച്ചപ്പെട്ടതാവും. കുറച്ചൊക്കെ ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. കിടപ്പുരോഗികൾക്ക് തെല്ല് അശ്വാസം ഭവിക്കുന്നതാണ്.

ചോതി

ചന്ദ്രൻ 10,11,12 ഭാവങ്ങളിലായി സഞ്ചരിക്കുന്ന വാരമാണ്. കഴിവിനും പ്രയത്നത്തിനും ഫലവും അംഗീകാരവും ലഭിക്കുന്ന വാരമാണ്. സഹപ്രവർത്തകരുടെ സഹകരണം ലഭിക്കുന്നതാണ്. ഉദ്യോഗസ്ഥർ ചുമതലകൾ ഭംഗിയായി നിർവഹിക്കും. കാര്യതടസ്സങ്ങളുണ്ടായാൽ അവയുടെ കാരണം തിരയും. എന്നിട്ട് അവ പരിഹരിക്കാൻ മുൻകൈയ്യെടുക്കും. വിദേശത്തുനിന്നും ശുഭവാർത്തയെത്തും. ബിസിനസ്സിൽ നിന്നും ലാഭം പ്രതീക്ഷിക്കാം.  നല്ല കാര്യങ്ങൾക്കായി ചെലവ് ചെയ്യുന്നതിന് അമാന്തിക്കയുമില്ല. ബന്ധുഭവനം സന്ദർശിക്കാനും രോഗീപരിചരണത്തിനും സമയം കണ്ടെത്തുന്നതാണ്.

വിശാഖം

ഉദ്യോഗത്തിൽ സമ്മർദം കുറയും. സ്വയം തീരുമാനിച്ച് പ്രവർത്തിക്കുന്ന കാര്യങ്ങൾ വിജയകരമാവും. ഒരേ സമയത്ത് പല ചുമതലകളുടെ പൂർത്തീകരണത്തിൽ താല്പര്യവും വിരുതും പ്രകടിപ്പിക്കുന്നതാണ്. സമയനിഷ്ഠ അഭിനന്ദിക്കപ്പെടും. വിദ്യാർത്ഥികൾ ഇടക്കാല പരീക്ഷക്കായി തയ്യാറെടുപ്പുകൾ പൂർത്തിയാക്കും. തൊഴിൽ നഷ്ടപ്പെട്ടവർക്ക് ചില അവസരങ്ങൾ കരഗതമാവുന്നതിൻ്റെ സൂചന ലഭിക്കും. തീരുമാനം ഏകപക്ഷീയമാണെന്ന് കുടുംബാംഗങ്ങൾ ആക്ഷേപിച്ചേക്കാം. ഭൂമി വിൽപ്പനയിൽ അമളി സംഭവിക്കാൻ സാധ്യതയുണ്ട്.

അനിഴം

ഭൂരിപക്ഷത്തിൻ്റെ അഭിപ്രായം മാനിച്ച് തീരുമാനങ്ങൾ കൈക്കൊള്ളും. അലസതയോട് വിട പറഞ്ഞ് ലക്ഷ്യബോധത്തോടെ പ്രവർത്തിയിൽ മുഴുകും. പരസ്പരമുള്ള വിശ്വാസം കുറയുന്ന സാഹചര്യത്തിൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്തിരിയുക അഭികാമ്യമായിരിക്കും. വിദേശത്ത് തൊഴിലിനുള്ള ശ്രമം ഊർജ്ജിതമാക്കും. ബന്ധുവിൻ്റെ വിവാഹകാര്യത്തിൽ മുൻകൈയെടുക്കും. സാമ്പത്തിക കാര്യങ്ങളിലെ ഞെരുക്കം നീങ്ങും. പൊതുപ്രവർത്തനത്തിൽ സംതൃപ്തി അനുഭവപ്പെടും. വസ്ത്രാഭരണാദികൾ പാരിതോഷികം ലഭിക്കാം. ആരോഗ്യ ജാഗ്രത അനിവാര്യം.

തൃക്കേട്ട

ആത്മവിശ്വാസം  വർദ്ധിക്കും. അതൃപ്തിയുണ്ടെങ്കിലും ജോലിയിൽ കൂടുതൽ നേരം മുഴുകും. പക്വത നിറഞ്ഞ പെരുമാറ്റം ആദരിക്കപ്പെടും. ജീവിത നിലവാരം ഉയരുന്നതാണ്. മകൻ്റെ വിദ്യാഭ്യാസ ആവശ്യത്തിന് വായ്പയ്ക്ക് അപേക്ഷിക്കും. ഗവേഷകർക്ക് വിവരശേഖരണം സാധ്യമാകുന്നതാണ്. അനുബന്ധ തൊഴിൽ വികസിപ്പിക്കാൻ ആലോചിക്കും. പ്രേമകാര്യങ്ങളിൽ പുരോഗതിയുണ്ടാവും. ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടും. കുടുംബത്തിലെ അനൈക്യം പരിഹരിക്കാനാവും. ദുഃസ്വാതന്ത്ര്യമെടുക്കുന്ന സുഹൃത്തുക്കളെ ശാസിക്കേണ്ടതായി വരുന്നതാണ്.

മൂലം

അപര്യാപ്തകൾ തിരിച്ചറിയും. പരിഹാരശ്രമങ്ങൾ വിജയിക്കും. പ്രവർത്തനരഹിതമായ സ്ഥാപനം പുനരുദ്ധരിക്കാൻ ശ്രമം തുടരുന്നതാണ്. അപരിചിതരുമായുള്ള സാമ്പത്തിക കാര്യത്തിൽ ശ്രദ്ധ വേണം. ആഗ്രഹിച്ച സ്ഥലത്തേക്കുള്ള ഉദ്യോഗമാറ്റം വൈകും. പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നതാണ്. ചിന്തയും വാക്കും കർമ്മവും സമന്വയിപ്പിക്കുന്നതിൽ ഒട്ടൊക്കെ ഫലം കാണും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കും. ദീർഘകാല സുരക്ഷാപദ്ധതികളിൽ ചേരുന്നതാണ്. കുടുംബ ജീവിതം ഭാഗികമായി സുഖകരമാവും.

പൂരാടം

കരുതിയ കാര്യങ്ങൾ ചെയ്യാനാവും. തടസ്സങ്ങളുണ്ടായാലും വർദ്ധിതവീര്യത്തോടെ അവയെ മറികടക്കും. ഉദ്യോഗസ്ഥർക്ക് ചില  ഉത്തരവാദിത്വങ്ങൾ കാരണം ലീവ് റദ്ദാക്കി ജോലി ചെയ്യേണ്ടതായി വരുന്നതാണ്.  ആത്മീയ സാധനകൾ മനസമാധാനം നൽകിയേക്കും. ന്യായമായ ആവശ്യങ്ങൾക്ക് ധനം തടസ്സമാവുകയില്ല. സുഹൃത്തുക്കളുടെ പിന്തുണ സന്തോഷമേകും. വിദ്യാർത്ഥികൾക്ക് പാഠ്യേതരമായ പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തേണ്ടി വന്നേക്കും. വാരാദ്യത്തിലെ രണ്ടു ദിവസങ്ങളിൽ ശുഭാരംഭങ്ങൾ ഒഴിവാക്കണം

ഉത്രാടം

പ്രണയം സഫലമാകും. ദാമ്പത്യവും സുഖകരമാവുന്നതാണ്. ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടും. സെമിനാറിലും ചർച്ചകളിലും പങ്കാളിത്തം അഭിനന്ദനീയമാവും. അനൗദ്യോഗിക സാമ്പത്തിക സ്രോതസ്സുകൾ ഉണ്ടാവാം. വ്യാപാരത്തിൽ ഏർപ്പെട്ടവർക്ക് ആഘോഷങ്ങൾ മുൻനിർത്തി കൂടുതൽ സാധന സാമഗ്രികൾ ശേഖരിക്കേണ്ടി വരാം.  ഭൂമി വാങ്ങുന്നതു പോലുള്ള കാര്യങ്ങളിൽ ശരിയായ ഉപദേശം സ്വീകരിക്കേണ്ടതുണ്ട്. വാഹന ഉപയോഗത്തിൽ ജാഗ്രത വേണ്ടതുണ്ട്.

തിരുവോണം

സ്വന്തം അനുഭവങ്ങൾ സ്വയം വിശകലനം ചെയ്യുന്നതിൽ ഉത്സുകതയുണ്ടാവും. പ്രതീക്ഷിച്ച കാര്യങ്ങൾ ഭാഗികമായി നിറവേറും. അല്പം സ്വാർത്ഥത കാട്ടിയെന്നു വരാം. സങ്കീർണമായ കാര്യങ്ങൾ ലാഘവത്വത്തോടെ ചെയ്യുന്നതിനാൽ മേലധികാരികൾ പ്രശംസിക്കും. വിദ്യാർത്ഥികൾക്ക് ഏകാഗ്രതയുണ്ടാവും. വസ്തു സംബന്ധിച്ച ഇടപാടുകൾ പൂർണ്ണമാക്കുന്നതാണ്. വാഹനം മാറ്റി വാങ്ങുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും. കുടുംബ ജീവിതത്തിലെ സൗന്ദര്യപ്പിണക്കങ്ങൾ വേഗം പരിഹൃതമാവും. വിവര സാങ്കേതികവിദ്യയിലെ പുതിയ അറിവുകൾ ഉൾക്കൊള്ളാൻ പരിശ്രമിക്കുന്നതാണ്.

അവിട്ടം

വിമർശനങ്ങളെ വിലയിരുത്തും. വിമർശകരെ തിരിഞ്ഞ് വാക്കുകളാൽ ആക്രമിക്കാനും തുനിഞ്ഞേക്കും. ഗാർഹികസൗഖ്യം ഏറിയും കുറഞ്ഞുമിരിക്കും. മക്കളെച്ചൊല്ലിയും, ചിലപ്പോൾ പേരക്കുട്ടികളെ വിചാരിച്ചും ഉൽക്കണ്ഠയുണ്ടാകും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും നിരീക്ഷണങ്ങളും നിഗമനങ്ങളും വിജയിക്കുന്ന കാലമാണ്. സങ്കീർണ വിഷയങ്ങൾ പരിഹരിക്കാൻ മേലധികാരികൾ സഹായം തേടുന്നതാണ്. പകർച്ചവ്യാധികൾ ഉപദ്രവിക്കാൻ സാധ്യതയുണ്ട്. വീടിൻ്റെ അറ്റകുറ്റപ്പണി നീട്ടിവെച്ചേക്കാം.

ചതയം

രോഗാരിഷ്ടകളുടെ പിടിയിൽ നിന്നും മോചനം നേടും. ഇടക്കാല പരീക്ഷകളിൽ ശോഭിക്കാനാവും. ന്യായമായ ആവശ്യങ്ങൾക്ക് പണം തടസ്സമാവില്ല. ശത്രുക്കളുടെ ഉപജാപങ്ങളിൽ തളരില്ല. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ വേഗം തീർപ്പാകുന്നതാണ്. അർഹമായ സ്ഥാനക്കയറ്റമോ പുതിയ ചുമതലകളോ ലഭിച്ചേക്കാം. സംരംഭങ്ങളുമായി മുന്നോട്ടുപോകും. കാലികപ്രസക്തിയുള്ള വിഷയങ്ങളിൽ പാണ്ഡിത്യനേടും. യാത്രകൾക്ക് ഒരുങ്ങുമെങ്കിലും പ്രതികൂല കാലാവസ്ഥയാൽ വേണ്ടെന്നുവെക്കും.

പൂരൂരുട്ടാതി

ചില നേട്ടങ്ങൾ കരഗതമാവാൻ ആവർത്തിത ശ്രമം വേണ്ടി വരുന്നതാണ്. അതിൽ വ്യാകുലതയുണ്ടാകാം. മേലധികാരിയുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ ക്ലേശിക്കുന്നതാണ്. സുഹൃത്തുക്കൾ തമ്മിലുള്ള തർക്കങ്ങളിൽ പക്ഷം പിടിക്കുന്നത് ഉചിതമായേക്കില്ല. വിദ്യാർത്ഥകൾക്ക് അലസതയും നിരുത്സാഹവും ഉണ്ടാവാം.  ആർഭാടം കുറയ്ക്കാൻ സ്വയം തയ്യാറാവുന്നതാണ്. കരാർ പണികളിൽ ആദായമുണ്ടാവും. ദീർഘകാല നിക്ഷേപങ്ങൾക്ക് ഒരുങ്ങും മുൻപ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം സ്വീകരിക്കും.

ഉത്രട്ടാതി

രാഹു ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുന്നതിനാൽ ലഘുവായ നേട്ടങ്ങൾക്ക് കൂടുതൽ വിയർപ്പൊഴുക്കേണ്ടി വന്നേക്കും. സ്ഥലംമാറ്റത്തിനുള്ള അപേക്ഷ പരിഗണിക്കപ്പെട്ടില്ല എന്നുവരാം. ദാമ്പത്യരംഗത്തെ അനാവശ്യമായ ഈഗോ കലുഷമാക്കുന്നതാണ്. ബന്ധുക്കളുമായി ചെറിയ കാര്യങ്ങളിൽ പിണങ്ങാനിടയുണ്ട്. വാക്കും കർമ്മവും ഏകോപിക്കുന്നതിൽ സംഘർഷമുണ്ടാവും. ധനപരമായ ശോച്യാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുന്നതാണ്. പൂർവ്വകാല സുഹൃത്തുക്കളുമായി സംസാരിക്കാനാവും. ഈശ്വര കാര്യങ്ങൾ തടസ്സം വരാതെ അനുഷ്ഠിക്കുന്നതാണ്.

രേവതി

പ്രവർത്തന മേഖല മാറാനോ നിലവിലെ തൊഴിൽ ഉപേക്ഷിക്കാനോ കാലം അനുകൂലമല്ലെന്നത് ഓർമ്മയിലുണ്ടാവണം. ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പിൽ വരുത്താൻ താമസമുണ്ടായേക്കും. അതിൽ നിരാശ തോന്നേണ്ടതില്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്നതാണ്. വൈജ്ഞാനിക / സാങ്കേതിക കാര്യങ്ങളിൽ അറിവുനേടും. സാമ്പത്തിക അച്ചടക്കം സ്വയം നടപ്പിലാക്കുകയും കുടുംബാംഗങ്ങളെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യും. ബന്ധുക്കളുടെ സ്വത്തുതർക്കം പരിഹരിക്കുന്നതിൽ മുൻകൈയെടുക്കും. ഭക്ഷണശീലത്തിലെ മാറ്റം ആരോഗ്യത്തെ ബാധിച്ചേക്കാം.

Read More

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: