/indian-express-malayalam/media/media_files/d4FbjYv9f15PFo2HbJxn.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ മേടം രാശിയിൽ അശ്വതി ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. 27 ശനിയാഴ്ച ഉച്ചമുതൽ ആദിത്യൻ ഭരണി ഞാറ്റുവേലയിൽ പ്രവേശിക്കുകയാണ്. ചന്ദ്രൻ ഉത്രം മുതൽ കേട്ട വരെയുള്ള നക്ഷത്രമണ്ഡലങ്ങളിൽ സഞ്ചരിക്കുന്നു. ഏപ്രിൽ 23ന് മേടപ്പത്തും ചിത്രാപൗർണമിയും കൂടിയ ദിവസമാണ്. ഏപ്രിൽ 24 മുതൽ കൃഷ്ണപക്ഷം തുടങ്ങുന്നു.
ഏപ്രിൽ 23 ന് ചൊവ്വ കുംഭം രാശിയിൽ നിന്നും മീനം രാശിയിൽ പ്രവേശിക്കുന്നു. 24ന് ശുക്രൻ മീനം രാശിയിൽ നിന്നും മേടം രാശിയിൽ സംക്രമിക്കുകയാണ്. ബുധൻ നീചസ്ഥനായി മീനം രാശിയിൽ രേവതി നക്ഷത്രത്തിൽ തുടരുന്നു. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലും വ്യാഴം മേടം രാശിയിൽ കാർത്തിക നക്ഷത്രത്തിലുമാണ്. രാഹു മീനം രാശിയിൽ രേവതി നക്ഷത്രത്തിലും കേതു കന്നിരാശിയിൽ അത്തം നക്ഷത്രത്തിലും സഞ്ചരിക്കുന്നു.
ഈയാഴ്ചയിലെ അഷ്ടമരാശിക്കൂറ് ഇപ്രകാരമാണ്. ഞായറും തിങ്കളും കുംഭക്കൂറുകാർക്കാണ് അഷ്ടമരാശി വരുന്നത്. ചൊവ്വയും ബുധനും മുഴുവനും വ്യാഴം രാവിലെ വരെയും മീനക്കൂറുകാർക്ക് അഷ്ടമരാശി ഭവിക്കുന്നു. തുടർന്ന് ശനി അർദ്ധരാത്രി വരെ മേടക്കൂറുകാർക്കാണ് അഷ്ടമരാശി സംഭവിക്കുന്നത്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
മകം
വാക്സ്ഥാനത്ത് കേതുവുള്ളതിനാൽ സംഭാഷണത്തിൽ ശ്രദ്ധ വേണം. നേട്ടങ്ങൾ തടസ്സപ്പെടാനിടയുണ്ട്. ധനവരവ് പതുക്കെയായേക്കും. വാരമദ്ധ്യത്തിൽ ന്യായമായ കാര്യങ്ങൾ നടന്നുകിട്ടും. സുഹൃത്തുക്കളുടെ വിശ്വാസം നേടിയെടുക്കാൻ കഴിയുന്നതാണ്. ഉദ്യോഗസ്ഥരുടെ കൃത്യനിഷ്ഠ അംഗീകരിക്കപ്പെടും. കലാസാഹിത്യ പ്രവർത്തനങ്ങളിൽ ഔൽസുക്യമേറും. വാരാന്ത്യത്തിൽ അനാവശ്യ ചെലവുകൾ വന്നേക്കും. മനക്ലേശമുണ്ടാകും. മാതാവിൻ്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതാണ്.
പൂരം
നക്ഷത്രനാഥന് ഭാഗ്യസ്ഥാനസ്ഥിതി വരുന്നതിനാൽ ഭാഗ്യാനുഭവങ്ങൾ ഉണ്ടാവും. അവഗണിച്ചവർ പരിഗണിക്കുന്നതാണ്. ഔദ്യോഗിക കൃത്യങ്ങൾ ഭംഗിയായി പൂർത്തിയാക്കും. കുടുംബത്തിലെ സ്ത്രീകളുടെ പിന്തുണ ലഭിക്കുന്നതാണ്. പുതിയ ഗാർഹികോപകരണങ്ങൾ വാങ്ങാനാവും. സഹോദരരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വിജയിക്കുന്നതാണ്. വിൽക്കാനിട്ട ഭൂമി വാങ്ങാനാളെത്തും. കാമുകീ കാമുകന്മാർക്കിടയിൽ ഹൃദയബന്ധം ദൃഢമാകും. വീടുവിട്ടു നിൽക്കുന്നവർക്ക് വീട്ടിലേക്ക് മടങ്ങാനാവും.
ഉത്രം
കർമ്മരംഗത്ത് ശോഭിക്കാൻ കഴിയുന്ന വാരമാണ്. തൊഴിലിടത്തിൽ സമാധാനപൂർണ്ണമായ അന്തരീക്ഷം പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ പ്രീതിയും പരിഗണനയും ഉണ്ടാവുന്നതാണ്. പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് ഒരുങ്ങുന്നവർക്ക് വ്യക്തത വന്നെത്തും. പിതൃപുത്രബന്ധം രമ്യമാകും. പിണങ്ങിയ കമിതാക്കൾ വീണ്ടും ഇണങ്ങുന്നതാണ്. ദാമ്പത്യത്തിൽ അനുരഞ്ജനമാർഗം പുലർത്തും. ആത്മീയ താല്പര്യങ്ങൾ വർദ്ധിക്കും. ബന്ധുക്കളുടെ ആതിഥ്യം മനസ്സന്തോഷമേകും.
അത്തം
മനസ്സുഖം കുറയാനിടയുണ്ട്. അനാവശ്യമായ തിടുക്കം കാട്ടും. ദൂരയാത്രകൾക്ക് സാധ്യതയുള്ള വാരമാണ്. ക്ഷിപ്രസാധ്യങ്ങളായ കാര്യങ്ങൾ നേടിയെടുക്കാൻ കൂടുതൽ സമയവും അധ്വാനവും ആവശ്യമായി വരുന്നതാണ്. തൊഴിലിൽ ലാഭം കുറയുന്നത് കർമ്മമേഖലയോട് മടുപ്പുണ്ടാക്കും. കലാപ്രവർത്തകർക്ക് കൂടുതൽ അനുകൂലമായ കാലമാണ്. നല്ല അവസരങ്ങൾ തേടിയെത്തും. വെള്ളി, ശനി ദിവസങ്ങളിൽ സുഹൃൽസംഗമവും സന്തോഷാനുഭവങ്ങളും ഉണ്ടാകുന്നതാണ്.
ചിത്തിര
നക്ഷത്രനാഥനായ ചൊവ്വയ്ക്ക് രാഹുയോഗം വരുന്നതിനാൽ ക്ലേശങ്ങളുണ്ടാവും. മനസ്സ് മ്ളാനമായേക്കാം. അനിഷ്ടന്മാരുമായി കൂട്ടുകൂടേണ്ടി വരുന്നതാണ്. പുതിയ കാര്യങ്ങൾ തുടങ്ങുക കരുതിയതുപോലെ സുഗമമല്ലെന്നറിയും. പരീക്ഷ എഴുതുന്നവർക്ക് പൂർണതൃപ്തി ഉണ്ടാവില്ല. ബിസിനസ്സിൽ മുന്നേറ്റം കുറഞ്ഞേക്കാം. സാധാരണ ചെയ്യുന്ന കാര്യങ്ങൾ മുടക്കം കൂടാതെ നടക്കും. അത്യാവശ്യങ്ങൾക്ക് ധനം തടസ്സമാവില്ല. കുടുംബത്തിൻ്റെ പിന്തുണ കരുത്താകും.
ചോതി
സാമ്പത്തികമായി മെച്ചപ്പെട്ട വാരമാവും. ഊഹക്കച്ചവടത്തിൽ നേട്ടങ്ങൾ കൈവരിക്കുന്നതാണ്. ഓൺലൈനിലൂടെ നടത്തുന്ന ബിസിനസ്സിൽ നേട്ടം വന്നുചേരും. ജീവിത പങ്കാളിക്ക് പുതിയ ജോലി ലഭിച്ചേക്കാം. അന്യദിക്കിൽ മകൾക്ക് ഉപരിപഠനം തുടരുവാനാവും. പിതൃബന്ധുക്കളെ സന്ദർശിക്കുന്നതാണ്. ഭൂമി വിൽക്കാനുള്ള തീരുമാനത്തിന് കുടുംബാംഗങ്ങളുടെ അംഗീകാരം ലഭിക്കും. ക്ഷേത്രാടനത്തിനും ദൈവ സമർപ്പണത്തിനും അവസരം വന്നുചേരും. വെള്ളി, ശനി ദിവസങ്ങളിൽ അലച്ചിലേറുന്നതാണ്.
വിശാഖം
നല്ലതുടക്കം ലഭിക്കുന്ന വാരമാണ്. സന്തോഷാനുഭവങ്ങൾ വന്നുചേരും. ആസൂത്രണം ചെയ്ത കാര്യങ്ങൾ നടപ്പിലാക്കുവാനാവും. വാഗ്ദാനങ്ങൾ പാലിക്കപ്പെടും. സംഘടനാ രംഗത്ത് സജീവമാകുന്നതാണ്. സുഹൃത്തുക്കളുടെ കാര്യങ്ങൾക്കായി കൂടുതൽ സമയം കണ്ടെത്തിയേക്കും. ആഢംബരവസ്തുക്കൾ പാരിതോഷികമായി ലഭിക്കുന്നതാണ്. വിരുന്നുകളിൽ പങ്കെടുക്കും. വിനോദയാത്രകൾ സംഘടിപ്പിക്കുന്നതിൽ മുഖ്യപങ്കു വഹിക്കും. അനുബന്ധ തൊഴിൽ വേണ്ടത്ര പുരോഗമിക്കാത്തത് ആശങ്കയുയർത്തും.
അനിഴം
പത്താം ഭാവാധിപനായ ആദിത്യൻ ഉച്ചരാശിയിൽ സ്ഥിതി ചെയ്യുകയാൽ കർമ്മമേഖല ശോഭനമാവും. ഉദ്യോഗസ്ഥന്മാർക്ക് കഴിവ് തെളിയിക്കാൻ അവസരമുണ്ടാവും. മത്സരങ്ങളിൽ നല്ല മുന്നേറ്റമുണ്ടാക്കും. കച്ചവടത്തിൽ വിപുലീകരണം സാധ്യമാകുന്നതാണ്. ഉപഭോക്താക്കളുടെ പ്രീതി നേടും. പിതാവിൻ്റെ സ്വത്ത് സംബന്ധിച്ച തർക്കങ്ങളിൽ അനുകൂലത നേടും. സ്ത്രീകളുടെ വിരോധമോ എതിർപ്പോ നേടാനിടയുണ്ട്.
വാരമധ്യത്തിൽ അലച്ചിലുണ്ടാവാൻ സാധ്യത കാണുന്നു.
തൃക്കേട്ട
നേട്ടങ്ങൾക്കൊപ്പം കോട്ടങ്ങളും ഉണ്ടാവുന്ന വാരമാണ്. തൊഴിൽ പരമായി മെച്ചമുണ്ടാവും. പാരമ്പര്യ തൊഴിലുകൾ ചെയ്യുന്നവർക്ക് വായ്പകൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞേക്കും. പുതുസംരംഭങ്ങൾ ബാലാരിഷ്ടകൾ കടന്ന് നല്ലഫലം നൽകി തുടങ്ങും. പിതാവുമായുള്ള ബന്ധം മെച്ചപ്പെടും. തൊഴിൽ അവസരങ്ങൾ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. അന്യദേശത്ത് പഠനത്തിന് സാഹചര്യം അനുകൂലമാവാം. കുടുംബജീവിതത്തിൽ അസ്വസ്ഥതകൾ വരാം. മക്കൾക്കിടയിലെ അനൈക്യം വിഷമിപ്പിക്കുന്നതാണ്.
Check out MoreHoroscopeStories Here
- Daily Horoscope April 19, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- അക്കങ്ങളിൽ തെളിയും ഭാവികാലം
- മകയിരം നക്ഷത്രക്കാർ പ്രണയലോലരാണ്
- Bharani Star: ഭരണി നാളുകാർ ജീവിത ശൈലീ രോഗങ്ങളെ ശ്രദ്ധിക്കണം
- Aswathy Star Predictions: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ
- Jupiter Transit 2024: വ്യാഴം ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു-അശ്വതി മുതല് രേവതി വരെയുള്ള നക്ഷത്രക്കാരുടെ ഫലം
- Vishu Phalam 2024: സമ്പൂർണ വിഷു ഫലം 2024-അശ്വതി മുതൽ രേവതി വരെ
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 April 15 to April 21
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.