/indian-express-malayalam/media/media_files/ymyh2lPkSChogIFq5FZQ.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ മീനം രാശിയിൽ രേവതി ഞാറ്റുവേലയിലാണ്. മീനമാസത്തിലെ അവസാന ആഴ്ചയും അവസാന ഞാറ്റുവേലയും ആണിത്. ബുധൻ ഏപ്രിൽ 9 ന് മേടം രാശിയിൽ നിന്നും വക്രഗതിയായി മീനത്തിലേക്ക് പകരുന്നു. ബുധന് മൗഢ്യവുമുണ്ട്. ശുക്രൻ ഉച്ചരാശിയായ മീനത്തിൽ ഉത്രട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ചൊവ്വ കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ തുടരുകയാണ്. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലാണ്. അടുത്തയാഴ്ച വ്യാഴം കാർത്തികയിലേക്ക് പകരുന്നു.
ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ട്. രാഹു മീനം രാശിയിൽ രേവതിയിലും, കേതു കന്നിരാശിയിൽ അത്തത്തിലുമായി അപ്രദക്ഷിണ ഗതി തുടരുന്നു. വാരാദ്യം ചന്ദ്രൻ കൃഷ്ണപക്ഷത്തിലാണ്. തിങ്കളാഴ്ച അമാവാസി സംഭവിക്കുന്നു. ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ വെളുത്തപക്ഷം തുടങ്ങുകയാണ്. ചാന്ദ്രവർഷം ആയ / അറുപതു വർഷങ്ങളിൽ ഒന്നായ 'ക്രോധി' എന്നുപേരുള്ള വർഷം തുടങ്ങുന്നത് അന്നാണ് എന്ന പ്രത്യേകതയുണ്ട്.
ഇനി അടുത്ത വർഷം മീനമാസത്തിലെ കറുത്തവാവ് വരെ ക്രോധിവർഷമായിരിക്കും. പൂരൂരുട്ടാതി മുതൽ മകയിരം വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ഈ ആഴ്ചയിലെ ചന്ദ്രൻ്റെ സഞ്ചാരം. ഈയാഴ്ചത്തെ അഷ്ടമരാശിക്കൂറ് നോക്കാം. ഞായറും തിങ്കളും ചിങ്ങക്കൂറുകാർക്കും തുടർന്ന് വ്യാഴം ഉച്ചവരെ കന്നിക്കൂറുകാർക്കും ശേഷം തുലാക്കൂറുകാർക്കും അഷ്ടമരാശി സംഭവിക്കുന്നു.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെയും ഈയാഴ്ചയിലെ നക്ഷത്ര ഫലം ഇവിടെ വിശകലനം ചെയ്യുന്നു.
അശ്വതി
ഞായർ, തിങ്കൾ ദിവസങ്ങളിൽ അധ്വാനമേറുന്നതാണ്. മനസ്സിൻ്റെ സ്വൈരം ബാധിക്കപ്പെടാം. ആലോചനകൾ ശിഥിലമാവും. മറ്റു ദിവസങ്ങളിൽ പ്രായേണ ഗുണമായിരിക്കും ഭവിക്കുന്നത്. ഊർജ്ജദായകമാവും അന്തരീക്ഷം. ന്യായമായ രീതിയിൽ ധനവരവുണ്ടാവും. നന്നായി വിശ്രമിക്കാനും നല്ല ഭക്ഷണം കഴിക്കാനും സാധിക്കും. തൊഴിലിലെ ആത്മാർത്ഥത അഭിനന്ദിക്കപ്പെടുന്നതാണ്. സഹപ്രവർത്തകരെ ഐക്യപ്പെടുത്തുന്നതിൽ വിജയിച്ചേക്കും. സ്വന്തം കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയാം.
ഭരണി
നക്ഷത്രാധിപനായ ശുക്രൻ്റെ ഉച്ചസ്ഥിതിയാൽ നേട്ടങ്ങൾ വന്നെത്തും. ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. കൂടുതൽ റൊമാൻ്റിക്കായേക്കും. പ്രണയത്തിൻ്റെ ആഹ്ളാദം അനുഭവിക്കുന്നതാണ്. സാമ്പത്തിക കാര്യങ്ങൾ മോശമാവില്ല. ആഡംബരച്ചെലവുകൾ കൂടിയേക്കും. ധൂർത്തുകാട്ടുകയാണെന്ന് ആക്ഷേപം ഉയരാം. പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. കാവ്യഭാവന പുഷ്കലമാകും. സുഹൃത്തുക്കളോടൊപ്പം ഊരുചുറ്റും. ഇടപാടുകൾ ലാഭകരമാവുന്നതാണ്.
കാർത്തിക
നല്ല തുടക്കം കിട്ടുന്ന വാരമാവും. മനസ്സിൽ പ്രസാദ ഭാവങ്ങൾ നിറയുന്നതാണ്. മുൻകൂട്ടി തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കും. വിപണിയിൽ കൂടുതൽ വിറ്റുപോകുന്ന ഉല്പന്നത്തിൻ്റെ വിതരണാവകാശം നേടിയെടുത്തേക്കും. ദാമ്പത്യത്തിൽ വിട്ടുവീഴ്ചയുണ്ടാവും. പ്രണയവഴികളിലൂടെ സഞ്ചരിക്കുന്നതാണ്. ഉത്സവാഘോഷങ്ങൾക്ക് പൊലിമ പകരുന്നതിൽ സന്തോഷം കണ്ടെത്തും. മകൻ്റെ ഉപരിപഠന സാധ്യതകൾ ഗൃഹാന്തരീക്ഷത്തിൽ ചർച്ചയാവുന്നതാണ്.
രോഹിണി
ഉന്മേഷം വാക്കുകളിൽ നിറയും. പ്രവർത്തികൾക്ക് ഊർജ്ജം ഉണ്ടാവും. സഹജമായ കർമ്മകുശലത അഭിനന്ദനം നേടിയെടുക്കും. പിതാവിൽ നിന്നും ധനം ലഭിക്കുന്നതാണ്. ലൈസൻസ്, അനുമതിപത്രം, പാസ്പോർട്ട് മുതലായവയ്ക്കായി കാത്തിരിക്കുന്നവർക്ക് അവ കൈവശമെത്തും. ഉദ്യോഗസ്ഥർക്ക് അധികാരമുള്ള ചുമതലകൾ കൂടി വഹിക്കേണ്ടിവരും. ദാമ്പത്യത്തിലെ അപസ്വരങ്ങൾ താൽകാലികമായെങ്കിലും അവസാനിക്കും. ഗൂഢ നിക്ഷേപങ്ങളിൽ ആദായമുയരും.
മകയിരം
ബിസിനസ്സിലെ ആലസ്യം നീങ്ങുന്നതാണ്. നവ സംരംഭങ്ങൾ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിച്ചു തുടങ്ങും. തൊഴിൽ തേടുന്നവർക്ക് സ്വകാര്യസ്ഥാപനത്തിൽ ജോലി ലഭിച്ചേക്കാം. മകളുടെ ഉപരിവിദ്യാഭ്യാസത്തിന് വായ്പ അനുവദിക്കപ്പെടും. ദുർഘടമെന്ന് കരുതിയ ദൗത്യങ്ങൾ ഭംഗിയായി നിർവഹിക്കും. രാഷ്ട്രീയ കാര്യങ്ങൾക്ക് കൂടുതൽ സമയം വിനിയോഗിച്ചേക്കും. പെൺ സുഹൃത്തിൻ്റെ സഹായം സ്വീകരിക്കുന്നതാണ്. അച്ഛനമ്മമാരെ കാണാൻ കുടുംബത്തെക്കൂട്ടി നാട്ടിലേക്ക് പോകും.
തിരുവാതിര
പ്രവർത്തന മികവ് സമാദരിക്കപ്പെടും. വാഗ്ദാനങ്ങൾ പൂർത്തിയാക്കും. ലോണിൻ്റെ അടവ് തീരുന്നതിനാൽ സാമ്പത്തികമായി സമാശ്വാസമുണ്ടാകും. പാരമ്പര്യത്തൊഴിലുകൾ ചെയ്യുന്നവർക്ക് കൂടുതൽ അവസരങ്ങൾ സിദ്ധിക്കുന്നതാണ്. രാശിനാഥനായ ബുധൻ വക്രമൗഢ്യത്തോെടെ വീണ്ടും നീചത്തിലേക്ക് പോവുന്നതിനാൽ ഉപരിവിദ്യാഭ്യാസത്തിൽ അവ്യക്തത വന്നേക്കും. ബന്ധുക്കളുമായുള്ള പിണക്കം തുടരുന്നതാണ്. വാരാന്ത്യ ദിവസങ്ങൾ മേന്മയുള്ളതാവില്ല. ധനവ്യയം അധികരിച്ചേക്കും. അലച്ചിൽ ഉണ്ടാവാം.
പുണർതം
ഉദ്യോഗസ്ഥർക്ക് സക്രിയമായ ആഴ്ചയാവും. മനശ്ശക്തി വർദ്ധിക്കും. ഏല്പിച്ച ദൗത്യത്തിൽ വിജയം കാണും. സമൂഹത്തിൽ സ്വാധീനശക്തി വർദ്ധിക്കുന്നതാണ്. ഊഹക്കച്ചവടം ആദായമുണ്ടാക്കും. പണയവസ്തു മടക്കിയെടുക്കാനാവും. വിദേശത്ത് പഠനത്തിന് / തൊഴിലിന് ഒരുങ്ങുന്നവർക്ക് കാര്യവിളംബം വരാനിടയുണ്ട്. പൊതുപ്രവർത്തകർക്ക് ജനസമ്മതിയുടെ കാര്യത്തിൽ സംശയം ഉണ്ടാകുന്നതാണ്. വസ്തുവ്യാപാരം നഷ്ടത്തിലായേക്കാം. വെള്ളി, ശനി ദിവസങ്ങളിൽ ആലസ്യം ബാധിക്കുന്നതാണ്.
പൂയം
9,10,11 ഭാവങ്ങളിലായി ചന്ദ്രൻ സഞ്ചരിക്കുകയാൽ ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടുന്ന വാരമാണിത്. ഭാഗ്യാനുഭവങ്ങൾ ഉണ്ടാവും.
വിഘ്നങ്ങൾ ഒഴിഞ്ഞ് കർമ്മരംഗം പ്രസന്നമാകുന്നതാണ്. കരാർപണികളിൽ ഏർപ്പെട്ടവർക്ക് അവ പുതുക്കിക്കിട്ടാം. ബിസിനസ്സ് വിപുലീകരണത്തിന് ലോൺ അനുവദിക്കപ്പെടും. വ്യക്തിജീവിതത്തിലും സന്തോഷാനുഭവങ്ങൾ ഭവിക്കുന്നതാണ്. ജീവിതപങ്കാളിക്ക് പുതിയ ജോലിയോ, പ്രൊമോഷനോ കൈവരുന്നതാണ്. കുട്ടികളുടെ കലാവാസന വികസിക്കാൻ അവസരം ഒരുക്കുവാനാവും.
ആയില്യം
നക്ഷത്രനാഥനായ ബുധൻ്റെ വക്രഗതി, നീചസ്ഥിതി എന്നിവ ഈയാഴ്ച സംഭവിക്കുന്നുണ്ട്. അതിനാൽ മനസ്സ് സന്ദിഗ്ദ്ധമാവും. തീരുമാനിച്ചവ സാക്ഷാൽകരിക്കുവാൻ ക്ലേശിക്കുന്നതാണ്. സുഹൃത്തുക്കളുടെ വാഗ്ദാനങ്ങൾ പാഴാവും. പഠനകാര്യങ്ങളിൽ തടസ്സമോ ഇഷ്ടക്കുറവോ അനുഭവപ്പെടാം. ബന്ധുക്കളുടെ വിരോധത്തിനും സാധ്യതയുണ്ട്. സാധാരണ ചെയ്യുന്ന ദൗത്യങ്ങൾ തടസ്സമില്ലാതെ ചെയ്യുവാൻ കഴിയും. സാമ്പത്തിക വരവ് മോശമാവുകയില്ല.
Read More
- Daily Horoscope April 4, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- മേടമാസത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ: Monthly Horoscope for Medam
- മേടമാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ: Monthly Horoscope for Medam
- മേടമാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ: Monthly Horoscope for Medam
- Weekly Horoscope (March 31– April 6, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 April 01 to April 07
- സമ്പൂര്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; March 31-April 06, 2024, Weekly Horoscope
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.