scorecardresearch

മേടമാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ: Monthly Horoscope for Medam

മേടമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം: അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

മേടമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം: അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Medam | Horoscope | Astrology

Monthly Horoscope: മേട മാസം നിങ്ങൾക്കെങ്ങനെ?

Horoscope for malayalam Month Medam: ആദിത്യൻ മേടം രാശിയിൽ സഞ്ചരിക്കുന്ന കാലത്തെയാണ് മേടമാസം എന്നു പറയുന്നത്. കൊല്ലവർഷത്തിലെ ഒമ്പതാം മാസമാണ് മേടം. രാശിചക്ര നിയമപ്രകാരം 360 ഡിഗ്രിയുള്ള രാശിചക്രത്തിൻ്റെ ആരംഭബിന്ദുവെന്നത്  സൂര്യൻ മീനത്തിൽ നിന്നും മേടത്തിലേക്ക് സംക്രമിക്കുന്ന സമയമാണ്. ഈ വർഷത്തെ മേടമാസം 31 ദിവസങ്ങളുണ്ട്. 2024 ഏപ്രിൽ 14 മുതൽ മേയ് 14 വരെയാണ് മേടമാസം.  

Advertisment

അശ്വതി, ഭരണി ഞാറ്റുവേലകൾ മുഴുവൻ മേടമാസത്തിൽ വരുന്നു. കാർത്തിക ഞാറ്റുവേലയുടെ തുടക്കവും മേടമാസത്തിലാണ്. മേട സംക്രമം മകയിരം നക്ഷത്രത്തിലായിരുന്നുവെങ്കിലും മേടം ഒന്നിന് തിരുവാതിര നക്ഷത്രമാണ്. മാസാവസാനം പൂയം നക്ഷത്രം വരുന്നു. ശുക്ലപക്ഷ ഷഷ്ഠി മുതൽ തുടങ്ങി ശുക്ലപക്ഷ സപ്തമിവരെയാണ് ഈ മാസത്തിലെ തിഥികളുടെ ക്രമം. 

മേടപ്പത്തും (പത്താമുദയവും)  പൗർണമിയും ഇയ്യാണ്ട് ഒരുമിച്ചാണ് വരുന്നത്-ഏപ്രിൽ 23 ന്. മേടം 25ന്/മേയ് 8ന് ആണ് കറുത്തവാവ് വരുന്നത്. വൈശാഖമാസം ആരംഭിക്കുന്നതും മേടത്തിലെ അമാവാസിയുടെ പിറ്റേന്നു മുതലാണ്. മേടമാസത്തിലെ സുപ്രധാന ഫലം വ്യാഴത്തിൻ്റെ വാർഷികമായ രാശിമാറ്റമാണ്. മേടം 18 ന്, മേയ് 1 ന് വ്യാഴം മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് പകരും. മേടം 21 മുതൽ വ്യാഴത്തിന് ഒരുമാസക്കാലം മൗഢ്യവുമുണ്ട്.

ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ സഞ്ചരിക്കുന്നു. ചൊവ്വ മേടം 10ന് കുംഭത്തിൽ നിന്നും മീനത്തിലേക്ക് പകരുകയാണ്. ബുധൻ മീനം രാശിയിലാണ്. മേടം 27 ന് മേടത്തിലേക്ക് വരുന്നു. മേടം എട്ടാം തീയതി വരെ ബുധന് വക്രമൗഢ്യവുമുണ്ട്. ശുക്രൻ ഉച്ചരാശിയായ മീനത്തിലാണ്. മേടം 11 ന് മേടം രാശിയിലേക്ക് സംക്രമിക്കുന്നു. മേടം 20-ാം തീയതി മുതൽ മിഥുനം 24-ാം തീയതി വരെ രണ്ടുമാസക്കാലത്തിലധികം ശുക്രന് മൗഢ്യസ്ഥിതി സംഭവിക്കുന്നുണ്ട്. അപ്രദക്ഷിണമായി സഞ്ചരിക്കുന്ന ഗ്രഹങ്ങളാണ് രാഹുവും കേതുവും. രാഹു രേവതി നക്ഷത്രത്തിലും 
കേതു അത്തം നക്ഷത്രത്തിലും സഞ്ചരിക്കുകയാണ്. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെ മേടമാസഫലം ഇവിടെ അവതരിപ്പിക്കുന്നു.

അശ്വതി

Advertisment

ജന്മരാശിയിലും ജന്മനക്ഷത്രത്തിലുമായി ആദിത്യൻ സഞ്ചരിക്കുന്ന കാലമാണ്. ഗുണദോഷഫലങ്ങൾ കലരും. ഗുണങ്ങളിൽ സാമ്പത്തിക വളർച്ച മുഖ്യമാണ്. വരവ് അധികരിച്ചേക്കും. ഊഹക്കച്ചവടം ലാഭകരമാവും. സ്വന്തം മുതൽ മുടക്കി കച്ചവടം ചെയ്യുന്നവർക്ക് ക്ലേശിക്കേണ്ടി വരില്ല.  കർമ്മമേഖലയിൽ ആധിപത്യം തുടരാൻ കഴിയും. സ്ഥാനക്കയറ്റമോ കൂടുതൽ ചുമതലകളോ സിദ്ധിക്കുന്നതാണ്. ശത്രുപക്ഷത്തിൻ്റെ കരുനീക്കങ്ങളെ മുൻകൂട്ടി അറിയാനാവും. വ്യാഴത്തിൻ്റെ മാറ്റം ഏറ്റവും ഗുണകരമാണെങ്കിലും ഫലം കിട്ടുവാൻ ഒരു മാസം കൂടി കഴിയണം. പരീക്ഷാഫലം കാത്തിരിക്കുന്ന  വിദ്യാർത്ഥികൾക്ക് ശുഭവാർത്തയുണ്ടാവും. ദോഷങ്ങളിൽ പ്രധാനം അലച്ചിലും ദേഹസൗഖ്യക്കുറവും ചെലവ് വർദ്ധിക്കുന്നതുമാണ്. ആലസ്യവും ശത്രുവാണ്.

ഭരണി

ജന്മരാശിയിലൂടെ ആദിത്യൻ സഞ്ചരിക്കുന്നു. വ്യാഴവും ജന്മനക്ഷത്രത്തിലുണ്ട്. പന്ത്രണ്ടിൽ രാഹുവും തുടരുകയാൽ പലതരം സമ്മർദങ്ങളെ നേരിടേണ്ടി വരും. മേടം 14 മുതൽ 27 വരെ ഭരണി ഞാറ്റുവേലയും ഭവിക്കുന്നുണ്ട്. ആകയാൽ വ്യർത്ഥയാത്രകൾ ചെയ്യേണ്ടിവരും. ഉന്മേഷവും ഊർജ്ജസ്വലതയും മങ്ങുന്നതാണ്. 
ശനിയും ചൊവ്വയും അനുകൂല ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ ധനപരമായ ഞെരുക്കത്തിന് അയവ് വന്നേക്കും. സ്വന്തം തൊഴിലിൽ വളർച്ചയും വരുമാനവും സാധ്യതകളാണ്. കടബാധ്യത തീർക്കാനുള്ള ശ്രമങ്ങൾ തുടർന്നേക്കും. ഗവേഷകർക്കും ഉപരി പഠനത്തിന് ഒരുങ്ങുന്നവർക്കും ആഗ്രഹസിദ്ധി വരും. സഹോദരാനുകൂല്യം സന്തോഷമേകും. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. കുടുംബ ജീവിതത്തിൽ സ്വസ്ഥത സാമാന്യമായിട്ടുണ്ടാവും

കാർത്തിക

മേടക്കൂറുകാർക്ക് ആദിത്യൻ ജന്മരാശിയിലും ഇടവക്കൂറുകാർക്ക് പന്ത്രണ്ടിലും സഞ്ചരിക്കുകയാൽ നേട്ടങ്ങൾ കരഗതമാവാൻ അത്യദ്ധ്വാനം ആവശ്യമാണ്. 
ഈ മാസം വ്യാഴം കാർത്തിക നാളിൽ പ്രവേശിക്കുകയാണ്. മാസാന്ത്യം കാർത്തിക ഞാറ്റുവേലയും ഭവിക്കുന്നു. അതിനാൽ പൊതുവേ അലച്ചിൽ, വ്യയാധിക്യം, ശരീരക്ലേശം , കാര്യവിളംബം, കലഹ പ്രേരണകൾ ഇവയുണ്ടായേക്കാം. ക്ഷമ പരീക്ഷിക്കപ്പെടും. പുതുസംരംഭങ്ങൾ സമാരംഭിക്കാൻ ഉചിത വേളയല്ല. അന്യനാട്ടിൽ പഠനം, ജോലി എന്നിവയ്ക്കായി ശ്രമം നടത്തുന്നവർക്ക് അതിനവസരം ലഭിക്കാം. ദാമ്പത്യബന്ധത്തിൽ പിണക്കവും ഇണക്കവും ആവർത്തിക്കും. വസ്തുവിൽക്കാനുള്ള ശ്രമം വിജയം കാണുന്നതാണ്. കിടപ്പുരോഗികളായ വയോജനങ്ങളുടെ ആരോഗ്യത്തിൽ ആശ്വാസമുണ്ടാവും. സുഖഭോഗങ്ങൾ, മാനസികോല്ലാസം ഇവയും അനുഭവത്തിൽ വന്നെത്തുന്നതാണ്.

Read More: Weekly Horoscope (March 31– April 6, 2024): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

രോഹിണി

ആദിത്യൻ, വ്യാഴം, ശനി തുടങ്ങിയ ഗ്രഹങ്ങൾ അനുകൂല ഭാവത്തിൽ സഞ്ചരിക്കുന്നില്ല. അതിനാൽ പലതരം സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. സാമൂഹികമായ അംഗീകാരം ലഭിച്ചേക്കില്ല. ബിസിനസ്സിൽ വളർച്ച മന്ദഗതിയിലാവും. വായ്പ നേടുവാൻ കടമ്പകളേറുന്നതാണ്. പ്രണയത്തിൽ വിജയമുണ്ടാകും. സുഹൃത്തുക്കളുടെ, വിശിഷ്യാ പെൺസുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ഗൂഢമാർഗങ്ങളിലൂടെ ധനം വന്നുചേരാം. മകളുടെ  വിവാഹ കാര്യത്തിൽ ശുഭഫലത്തിന് സാധ്യത കാണുന്നു. ഗൃഹനിർമ്മാണം അല്പം പതുക്കെയായേക്കും. ഉദ്യോഗസ്ഥന്മാർക്ക് ജോലിയിൽ ദുർഘടങ്ങൾ ഏറും. ഉഷ്ണരോഗങ്ങൾ ഉപദ്രവിക്കാനിടയുണ്ട്. സകുടുംബം വിനോദയാത്ര നടത്തും. മനസ്സിന് ഇഷ്ടമുള്ള കാര്യങ്ങൾക്ക് സമയം കണ്ടെത്തുവാനാവും.

മകയിരം

ഇടവക്കൂറുകാർക്ക് ഗുണദോഷ സമ്മിശ്രമായ കാലമാണ്. മിഥുനക്കൂറുകാർക്ക് പ്രായേണ ഗുണാനുഭവങ്ങൾ മുൻതൂക്കം നേടും. ഇടവക്കൂറിൽ ജനിച്ചവർക്ക് ഔദ്യോഗിക യാത്രകൾ വർദ്ധിക്കും. മേലധികാരികളുടെ അപ്രീതിയ്ക്ക് സാധ്യത കാണുന്നു. സർക്കാരിൽ നിന്നും ലഭിക്കേണ്ട ലൈസൻസ്, മറ്റു രേഖകൾ ഇവ  കിട്ടാൻ വൈകാം. കടബാധ്യത വർദ്ധിക്കും.  കുടുംബത്തിലെ സ്ത്രീകൾക്ക് തെല്ല് അനുകൂലമായ കാലമാണ്. വിദ്യാർത്ഥികൾക്ക് ഉന്നത വിജയം ഭവിക്കും. മിഥുനക്കൂറുകാർക്ക് ന്യായമായ ആഗ്രഹങ്ങൾ സഫലമാവും. ഭോഗസുഖമുണ്ടാകും. രാഷ്ട്രീയത്തിൽ സ്വാധീനമേറുന്നതാണ്. ബിസിനസ്സിൽ വളർച്ച പ്രകടമാവും. ഔദ്യോഗിക പദവികൾ കിട്ടിയേക്കും.  മകൻ്റെ ശ്രേയസ്സ് സന്തോഷത്തിന് കാരണമാകുന്നതാണ്.

തിരുവാതിര

ആദിത്യനും വ്യാഴനും ബുധനും പതിനൊന്നിൽ സഞ്ചരിക്കുകയാൽ ഏറ്റവും ഗുണകരമായ കാലമാണ്. വിശേഷിച്ചും ആദ്യ പകുതി. മുൻപ് പരിശ്രമിച്ചിട്ടും കിട്ടാത്ത നേട്ടങ്ങൾ ഇപ്പോൾ അനായാസം കൈവരും. ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതി/വേതന വർദ്ധന ഇവ പ്രതീക്ഷിക്കാം. വ്യവഹാരങ്ങളിൽ നുകൂലവിധിയുണ്ടാവുന്നതാണ്. ഉന്നത പഠനത്തിന് അവസരം കരഗതമാവും. ബന്ധുക്കളുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനാവും. സജ്ജനങ്ങളുടെ സഹകരണവും ഹിതോപദേശവും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുവാൻ അവസരമൊരുക്കും. മത്സരത്തിൽ വിജയം വരിക്കുന്നതാണ്. ധനപരമായി മെച്ചമുണ്ടാവും. കച്ചവടം പുഷ്ടിപ്പെടുന്നതാണ്. വൃദ്ധജനങ്ങൾക്ക് രോഗാവസ്ഥയ്ക്ക് സാധ്യതയുണ്ട്. തീർത്ഥാടനത്തിന് മുടക്കം വരാം. ദേഹക്ഷീണം, ആലസ്യം ഇവയും സാധ്യതകൾ.

Read More: സമ്പൂര്‍ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; March 31-April 06, 2024, Weekly Horoscope

പുണർതം

ഗ്രഹങ്ങളുടെ ശുഭഭാവസ്ഥിതി വളർച്ചയ്ക്ക് വഴിയൊരുക്കും. ലക്ഷ്യബോധം വർദ്ധിക്കുന്നതാണ്. കർമ്മമേഖല ഏതായിരുന്നാലും അതിൽ
 വിജയം വരിക്കാൻ സാധിച്ചേക്കും. എതിർപ്പ് പ്രകടിപ്പിച്ചവർ അനുകൂല നിലപാടെടുക്കുകയോ മൗനം ഭജിക്കുകയോ ചെയ്യും. മോട്ടിവേഷണൽ ക്ളാസ്സുകളിൽ പങ്കെടുക്കുന്നതാണ്. ഗവേഷണ രംഗത്ത് പുഷ്ടിയുണ്ടാകും. വിദേശത്ത് കഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് മടങ്ങാൻ സാഹചര്യം തെളിയുന്നതാണ്. സഹോദരിയുടെ വിവാഹം ഭംഗിയായി നടത്തുന്നതിനാവും. മാസപ്പകുതിക്കുശേഷം നക്ഷത്രാധിപനായ വ്യാഴത്തിന് രാശിമാറ്റം വരുന്നത് കർക്കടകക്കൂറുകാരായ പുണർതം നാളുകാർക്ക് ഗുണം ചെയ്യും. ജീവിതശൈലീ രോഗങ്ങൾ ശല്യം ചെയ്യാം. ഗാർഹികാന്തരീക്ഷം സംതൃപ്തമായിരിക്കും. പൊതുപ്രവർത്തനത്തിന് സമയം കണ്ടെത്തും.

പൂയം

ഗ്രഹങ്ങളുടെ സഞ്ചാരം ഗുണത്തിനും ദോഷത്തിനും വഴിവെക്കുന്ന വിധത്തിലാണ് കാണപ്പെടുന്നത്. തൊഴിൽ രംഗം വളരുന്നതാണ്. മേടമാസത്തിൻ്റെ പകുതിയ്ക്കു ശേഷം വ്യാഴം പതിനൊന്നിലേക്ക് മാറുന്നത് ആശ്വാസവും ഗുണവുമേകും. തൊഴിൽ തേടുന്നവർക്ക് ശുഭവാർത്തയുണ്ടാവും. ഗൃഹത്തിൽ സമാധാനാന്തരീക്ഷം പുലരുന്നതാണ്. മത്സരങ്ങളിലും പരീക്ഷകളിലും ഫലം അനുകൂലമായേക്കാം. ആത്മീയ കാര്യങ്ങളിൽ താല്പര്യമേറും. എന്നാൽ ഭൗതികമായ നേട്ടങ്ങൾ വർദ്ധിക്കുവാനും സാഹചര്യം വരുന്നതാണ്. നീതിബോധമുള്ള പ്രവർത്തനം പ്രശംസ നേടും. കലാവിഷയങ്ങളിൽ അഭിരുചി വളരും. പ്രണയികൾക്ക് ഭാഗ്യാനുഭവങ്ങൾ ഭവിക്കാം. വാഹനം, വൈദ്യുതി, യന്ത്രം ഇവയുടെ ഉപയോഗത്തിൽ ജാഗ്രത വേണ്ടതുണ്ട്.

Read More:ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 April 01 to April 07

ആയില്യം

നക്ഷത്രനാഥനായ ബുധൻ്റെ നീചസ്ഥിതിയും മൗഢ്യവും മൂലം തടസ്സങ്ങൾ അനുസ്യൂതമാവും. അല്പലാഭത്തിനായി കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് സമ്മർദ്ദമൊഴിയില്ല. സഹപ്രവർത്തകരുടെ പിഴകൾക്ക് ഉത്തരം പറയേണ്ടതായി വന്നേക്കും. ശത്രുക്കളെ പ്രതിരോധിക്കുന്നതിനു വേണ്ടി കൂടുതൽ ഊർജ്ജം ചെലവിടും. കരാർ പണികൾ പുതുക്കപ്പെടുന്നതാണ്. ഏജൻസി, ഫ്രാഞ്ചൈസി, കൺസൾട്ടേഷൻ രംഗം എന്നിവ ഗുണകരമാവും. വായ്പയുടെ തിരിച്ചടവ് മുടങ്ങിയേക്കില്ല. പിതാവിൻ്റെ ഓഹരി കൈവശാവകാശത്തിൽ എത്തിയേക്കും. ദൈവീകമായ സമർപ്പണങ്ങൾക്ക് സന്ദർഭം സിദ്ധിക്കുന്നതാണ്. ബന്ധുക്കളുടെ കാര്യങ്ങളിൽ ഇടപെടുന്നത് വിരോധത്തിന് വഴിതെളിച്ചേക്കും..

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: