scorecardresearch

മേടമാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ: Monthly Horoscope for Medam

മേടമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം: മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

മേടമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം: മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Medam | Horoscope | Astrology

Monthly Horoscope: മേട മാസം നിങ്ങൾക്കെങ്ങനെ?

Horoscope for malayalam Month Medam: ആദിത്യൻ മേടം രാശിയിൽ സഞ്ചരിക്കുന്ന കാലത്തെയാണ് മേടമാസം എന്നു പറയുന്നത്. കൊല്ലവർഷത്തിലെ ഒമ്പതാം മാസമാണ് മേടം. രാശിചക്ര നിയമപ്രകാരം 360 ഡിഗ്രിയുള്ള രാശിചക്രത്തിൻ്റെ ആരംഭബിന്ദുവെന്നത്  സൂര്യൻ മീനത്തിൽ നിന്നും മേടത്തിലേക്ക് സംക്രമിക്കുന്ന സമയമാണ്. ഈ വർഷത്തെ മേടമാസം 31 ദിവസങ്ങളുണ്ട്. 2024 ഏപ്രിൽ 14 മുതൽ മേയ് 14 വരെയാണ് മേടമാസം.  

Advertisment

അശ്വതി, ഭരണി ഞാറ്റുവേലകൾ മുഴുവൻ മേടമാസത്തിൽ വരുന്നു. കാർത്തിക ഞാറ്റുവേലയുടെ തുടക്കവും മേടമാസത്തിലാണ്. മേട സംക്രമം മകയിരം നക്ഷത്രത്തിലായിരുന്നുവെങ്കിലും മേടം ഒന്നിന് തിരുവാതിര നക്ഷത്രമാണ്. മാസാവസാനം പൂയം നക്ഷത്രം വരുന്നു. ശുക്ലപക്ഷ ഷഷ്ഠി മുതൽ തുടങ്ങി ശുക്ലപക്ഷ സപ്തമിവരെയാണ് ഈ മാസത്തിലെ തിഥികളുടെ ക്രമം.

മേടപ്പത്തും (പത്താമുദയവും)  പൗർണമിയും ഇയ്യാണ്ട് ഒരുമിച്ചാണ് വരുന്നത്-ഏപ്രിൽ 23 ന്. മേടം 25ന്/മേയ് 8ന് ആണ് കറുത്തവാവ് വരുന്നത്. വൈശാഖമാസം ആരംഭിക്കുന്നതും മേടത്തിലെ അമാവാസിയുടെ പിറ്റേന്നു മുതലാണ്. മേടമാസത്തിലെ സുപ്രധാന ഫലം വ്യാഴത്തിൻ്റെ വാർഷികമായ രാശിമാറ്റമാണ്. മേടം 18 ന്, മേയ് 1 ന് വ്യാഴം മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് പകരും. മേടം 21 മുതൽ വ്യാഴത്തിന് ഒരുമാസക്കാലം മൗഢ്യവുമുണ്ട്.

ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ സഞ്ചരിക്കുന്നു. ചൊവ്വ മേടം 10ന് കുംഭത്തിൽ നിന്നും മീനത്തിലേക്ക് പകരുകയാണ്. ബുധൻ മീനം രാശിയിലാണ്. മേടം 27 ന് മേടത്തിലേക്ക് വരുന്നു. മേടം എട്ടാം തീയതി വരെ ബുധന് വക്രമൗഢ്യവുമുണ്ട്. ശുക്രൻ ഉച്ചരാശിയായ മീനത്തിലാണ്. മേടം 11 ന് മേടം രാശിയിലേക്ക് സംക്രമിക്കുന്നു. മേടം 20-ാം തീയതി മുതൽ മിഥുനം 24-ാം തീയതി വരെ രണ്ടുമാസക്കാലത്തിലധികം ശുക്രന് മൗഢ്യസ്ഥിതി സംഭവിക്കുന്നുണ്ട്.

Advertisment

Vishuphalam

അപ്രദക്ഷിണമായി സഞ്ചരിക്കുന്ന ഗ്രഹങ്ങളാണ് രാഹുവും കേതുവും. രാഹു രേവതി നക്ഷത്രത്തിലും 
കേതു അത്തം നക്ഷത്രത്തിലും സഞ്ചരിക്കുകയാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെ മേടമാസഫലം ഇവിടെ അവതരിപ്പിക്കുന്നു.

മകം

ആദിത്യനും വ്യാഴവും ഒമ്പതിലും ശുക്രനും രാഹുവും അഷ്ടമത്തിലുമുണ്ട്. തൊഴിൽ രംഗത്ത് വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നത് ആശാസ്യമാവില്ല.  സാങ്കേതിക പഠനത്തിന് അവസരം ഉണ്ടാവും. ദിവസ വേതനക്കാർ, ചെറുകിട സംരംഭകർ, തുടങ്ങിയവർക്ക് നേട്ടങ്ങൾ അനുഭവത്തിലെത്തും. ഏഴിലെ പാപഗ്രഹങ്ങൾ ദാമ്പത്യത്തെ ക്ലേശിപ്പിക്കാം. 'ഞാനെന്ന ഭാവം' പ്രശ്നങ്ങൾക്ക് കാരണമാകുന്നതാണ്. കൂട്ടുകച്ചവടം ലാഭകരമാവുകയില്ല. നിശ്ചയിച്ച യാത്രകൾ അവസാനനിമിഷം വേണ്ടെന്ന് വെക്കുന്നതാണ്. മറുനാട്ടിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് വരാൻ സാധിച്ചേക്കും. തർക്കിക്കാനുള്ള പ്രവണത കൂടും. താൻ പറഞ്ഞതാണ് ശരി എന്നതിൽ ഉറച്ചുനിൽക്കും. വരവും ചെലവും സമമാകുന്നതാണ്.

പൂരം

നക്ഷത്രനാഥനായ ശുക്രൻ ഉച്ചത്തിലുണ്ട്. രാശിനാഥനായ ആദിത്യനും ഉച്ചരാശിയിലാണ്. ഇവ രണ്ടും പൂരം നാളുകാർക്ക് ശക്തി പകരുന്ന ഘടകങ്ങളാണ്. ആത്മവിശ്വാസമേറുന്നതായിരിക്കും. ഇച്ഛാശക്തിയെ ജ്ഞാനവുമായും ക്രിയയുമായും ഘടിപ്പിക്കാനാവും. സമന്വയിപ്പിക്കാനാവും. നീണ്ടുപോയ വ്യവഹാരത്തിന് വിജയവിരാമം വന്നേക്കും. വായ്പയ്ക്കുളള അപേക്ഷ പരിഗണിക്കപ്പെടുന്നതാണ്. കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ വന്നുചേരും. സമൂഹത്തിലെ ഉന്നത വ്യക്തികളുടെ പിന്തുണ ലഭിക്കുന്നതായിരിക്കും. രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയും. എതിർപ്പുകളിൽ തളരുകയില്ല. കുടുംബത്തിൽ ചില അസ്വാരസ്യങ്ങൾ ഉയർന്നേക്കും.  ആരോഗ്യകാര്യങ്ങളിൽ ജാഗ്രത വേണ്ടതുണ്ട്. വിശ്രമിക്കാൻ സമയം വേണ്ടത്രയുണ്ടാവില്ല.

ഉത്രം

നക്ഷത്രനാഥന് ഉച്ചസ്ഥിതിയുള്ളതിനാ ൽ  ആലസ്യം അകലും. പ്രയത്നത്തിന് അർഹമായ പ്രതിഫലം ലഭിക്കുന്നതാണ്. സംഘടനകളിൽ നേതൃത്വ പദവി സിദ്ധിക്കാം. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ സഹകരണം പൂർണതോതിൽ കിട്ടിയേക്കും. മകനും അച്ഛനും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ അകലുന്നതാണ്. ഇഷ്ടജനങ്ങളുമായി സല്ലാപം, യാത്ര ഇവയ്ക്ക് അവസരമുണ്ടാകും. ജന്മനാട്ടിലെ ബന്ധുക്കളെ സന്ദർശിക്കുന്നതാണ്. പണയവസ്തു തിരിച്ചെടുക്കാൻ സാധിക്കുന്നതാണ്.  വലിയ തോതിലുള്ള മുതൽമുടക്കുകൾക്ക് കാലം ഉചിതമല്ല. ഊഹക്കച്ചവടത്തിൽ നഷ്ടം വരാനിടയുണ്ട്. ജീവിത പങ്കാളിയെ ആരോഗ്യപ്രശ്നങ്ങൾ വലയ്ച്ചേക്കാം. സാമൂഹ്യമാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങൾ വിമർശന വിധേയമാകും.

അത്തം

വ്യാഴം, ആദിത്യൻ എന്നീ ഗ്രഹങ്ങൾ അഷ്ടമത്തിൽ സഞ്ചരിക്കുകയാൽ ഔദ്യോഗികമായി  സമ്മർദങ്ങളുണ്ടാവും. സ്വതന്ത്രമായി പ്രവർത്തിക്കുന്നതിന് തടസ്സങ്ങൾ ഉള്ളതായി അനുഭവപ്പെടും. മേലുദ്യോഗസ്ഥരുടെ അപ്രീതിയുണ്ടാവും. ദൂരദിക്കിലേക്ക് സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. വേതന വർദ്ധനവ് പ്രതീക്ഷിച്ചവർക്ക് നിരാശപ്പെടേണ്ടതായി വരും. സർക്കാരിൽ നിന്നും ലഭിക്കേണ്ട ലൈസൻസ് , അനുമതി രേഖ എന്നിവയ്ക്ക് കാലവിളംബം ഉണ്ടാവുന്നതാണ്. ശനിയും ചൊവ്വയും അനുകൂല ഭാവത്തിൽ തുടരുക മൂലം പ്രതിസന്ധികളെ നേരിടാനുള്ള മാനസികോർജ്ജം ലഭിക്കുന്നതാണ്. ഭൂമിയുടെ ക്രയവിക്രയാദികളിൽ നിന്നും ആദായം ഉണ്ടാവും.  കമ്മീഷൻ, ഏജൻസി പ്രവർത്തനം, പാരമ്പര്യമായി ചെയ്തു വരുന്ന തൊഴിലുകൾ എന്നിവയിലൂടെ ധനാഗമം പ്രതീക്ഷിക്കാം. മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതാണ്.

ചിത്തിര

പ്രതികൂലമായി സഞ്ചരിക്കുന്ന ഗ്രഹങ്ങളുടെ ഫലമായി  ഏകപക്ഷീയമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്. കുടുംബത്തിൽ നിന്നും എതിർപ്പുണ്ടാവും. നിലവിലെ ജോലി ഉപേക്ഷിച്ച ശേഷം പുതിയത് തേടുന്നത് ആശാസ്യമാവില്ല. സഹപ്രവർത്തകർക്കൊപ്പം തൊഴിൽപരമായ യാത്രയുണ്ടാവും. ബിസിനസ്സിൽ വലിയ മുതൽമുടക്കിന് ഇപ്പോൾ മുതിരരുത്. മുഴുവൻ കർമ്മശക്തിയും പുറത്തെടുക്കാൻ കഴിഞ്ഞെന്നുവരില്ല. സ്ത്രീകളുടെ ശത്രുത നേടുന്നതാണ്.   വിദേശത്ത് പഠനയാത്രകൾക്ക് അവസരം ലഭിക്കും. സാങ്കേതിക വിഷയങ്ങളിൽ അറിവു നേടും. വ്യവഹാരങ്ങൾ രാജിയിലേക്ക് നീങ്ങുന്നതാണ്. കടബാധ്യതകളിൽ ആശ്വാസമുണ്ടാവും.  കിടപ്പുരോഗികളുടെ ചികിൽസാമാറ്റം ഗുണം ചെയ്യുന്നതായിരിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് ഉറച്ച പിന്തുണ ലഭിക്കുന്നതാണ്.

ചോതി

ഏഴാം ഭാവത്തിൽ ആദിത്യൻ സഞ്ചരിക്കുന്നതിനാൽ നിരന്തരയാത്രകൾ ഉണ്ടാവും. കൂട്ടുകച്ചവടം ഗുണകരമായേക്കും. ഏഴിലെ വ്യാഴസ്ഥിതിയാൽ ദാമ്പത്യസുഖം, പുരസ്കാര ലബ്ധി, സാമൂഹികമായ അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. ആറിലെ രാഹു കിട്ടാക്കടം എന്നു കരുതിയവ കൈവശമെത്തിക്കും. ഗൂഢലക്ഷ്യങ്ങൾ വിജയം കാണുന്നതാണ്. ഗവേഷണത്തിൽ പുരോഗതി ദൃശ്യമാകും. അഞ്ചാം ഭാവത്തിലെ ശനിയും ചൊവ്വയും ദ്രവ്യനാശം, സന്താനക്ലേശം എന്നിവയ്ക്ക് വഴിതുറന്നേക്കും. ആറാമെടത്തിലെ ശുക്രനാകട്ടെ പ്രണയത്തെ വിഫലമാക്കുന്നതാണ്. ശത്രുക്കൾക്ക് വളരാനുള്ള സാഹചര്യത്തിന് കാരണമാകും. പന്ത്രണ്ടാം ഭാവത്തിലെ കേതു ആധിവ്യാധികൾ സൃഷ്ടിച്ചേക്കും. പാഴ്ച്ചെലവുകൾ വർദ്ധിക്കുന്നതുമാണ്. പൊതുവേ സമ്മിശ്ര ഫലങ്ങൾ വന്നുചേരും.

വിശാഖം

ചെറുപ്പക്കാർ രാഷ്ട്രീയ പ്രവർത്തനത്തിന് കൂടുതൽ സമയം നീക്കിവെക്കുന്നതാണ്. ഇക്കാര്യത്തിൽ വീട്ടുകാരുടെ കർക്കശമായ എതിർപ്പുണ്ടായേക്കും. കച്ചവടത്തിൽ അഭിവൃദ്ധി പ്രതീക്ഷിക്കാം. നവസംരംഭങ്ങൾ ബാലാരിഷ്ടകളെ മറികടക്കുന്നതാണ്. സാമ്പത്തിക ക്ലേശങ്ങൾക്ക് തെല്ല് പരിഹാരം വന്നേക്കും. സകുടുംബം അന്യദേശയാത്രകൾക്ക് അവസരമുണ്ടാവും. മകളുടെ ഉപരിപഠനത്തിനായി ബാങ്കിലെ ലോൺ അപേക്ഷ പാസ്സാകുന്നതാണ്. കലാപ്രവർത്തകർക്ക് പരിശീലനക്കളരികളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചേക്കും. പുതിയ വാടക വീട്ടിലേക്ക് മാറേണ്ടി വരാം. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് ദുഷ്കീർത്തിക്ക് വഴിവെക്കുന്നതാണ്. ഹൃദയ - ഉദര രോഗങ്ങൾ ക്ലേശിപ്പിച്ചേക്കാം.

അനിഴം

ആദിത്യൻ ആറാം രാശിയിൽ സഞ്ചരിക്കുകയാൽ ശത്രുക്കളെ പ്രതിരോധിക്കാനാവും. തൊഴിൽ രംഗത്ത് ഉയർച്ചയുണ്ടാവുന്നതാണ്. തൊഴിൽ തേടുന്നവർക്ക് അർഹമായ അവസരം ലഭിക്കുന്നതായിരിക്കും. ശുക്രൻ്റെ സ്ഥിതിയാൽ ഭാവന ഉണരും. സാഹിത്യകാരന്മാർക്ക് പുതു സൃഷ്ടികൾക്ക് തുടക്കമിടാൻ കഴിഞ്ഞേക്കും. സന്താനജന്മത്താൽ ഗൃഹം അനുഗൃഹീതമാവും. പുനശ്ചിന്തകൂടാതെ വലിയ തീരുമാനങ്ങൾ കൈക്കൊള്ളരുത്. നാലിലെ ശനിയും ചൊവ്വയും മനസ്സിനെ ഒരു കുരുക്ഷേത്രമാക്കാൻ കെല്പുള്ള ഗ്രഹങ്ങളാണ്. മകന് പരീക്ഷയിൽ ഉയർന്ന വിജയം നേടാനാവും. ഇൻഷ്വറൻസ്, ചിട്ടി എന്നിവയിലൂടെ ആദായം പ്രതീക്ഷിക്കാം. കുടുംബവീട് നവീകരിക്കാനുള്ള ശ്രമം തുടരും. ആഢംബരച്ചിലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്.

തൃക്കേട്ട

കർമ്മസ്ഥാനാധിപന് ഉച്ചം വന്നിരിക്കുകയാൽ ഉദ്യോഗസ്ഥർക്കായാലും ബിസിനസ്സുകാർക്കായാലും നേട്ടങ്ങൾ വന്നെത്തും. നേതൃപദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടാം. മറ്റുള്ളവർ തന്നെക്കുറിച്ച് എന്തുപറയുന്നുവെന്ന ചിന്ത ഉപേക്ഷിക്കും. മകന് പരീക്ഷയിൽ ഉയർന്ന വിജയം നേടാനാവും. 
അയൽ തർക്കങ്ങൾക്ക് ഉചിതമായ പോംവഴി കണ്ടെത്തിയേക്കും. പിതൃസ്വത്ത് കൈവശാവകാശത്തിൽ വരുന്നതാണ്. ഇൻഷ്വറൻസ്, ചിട്ടി എന്നിവയിലൂടെയും ധനം സമാഹരിക്കും. കലാപ്രവർത്തകർക്ക് പറഞ്ഞുവെച്ച അവസരങ്ങൾ വന്നുചേരും.  പുരസ്കാരങ്ങൾ ലഭിക്കുവാനുളള സാധ്യതയുമുണ്ട്. സ്ത്രീസ്നേഹിതരുടെ സഹായം സ്വീകരിക്കും. ദാമ്പത്യത്തിൽ തർക്കങ്ങൾ ഉടലെടുക്കാം. സാമൂഹ്യമാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങൾ വിമർശനത്തിന് വിധേയമാകുന്നതാണ്.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: