/indian-express-malayalam/media/media_files/3dC2UQh0kayYobGOpJia.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ മകരം-കുംഭം രാശികളിൽ അവിട്ടം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്. ചതയം മുതൽ രോഹിണി വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ചന്ദ്രയാത്ര. ചൊവ്വ ഉച്ചരാശിയായ മകരത്തിൽ സഞ്ചരിക്കുന്നു. ഫെബ്രുവരി 11 ന് ശുക്രൻ മകരത്തിൽ പ്രവേശിക്കുന്നുണ്ട്. ബുധനും മകരത്തിൽ തുടരുകയാൽ ഞായർ, തിങ്കൾ, ചൊവ്വ (ഫെബ്രുവരി 11,12,13) ദിവസങ്ങളിൽ സൂര്യൻ, ചൊവ്വ, ബുധൻ, ശുക്രൻ എന്നീ ചതുർഗ്രഹങ്ങൾ മകരം രാശിയിൽ ഉണ്ടാവുന്നതാണ്.
വ്യാഴം മേടം രാശിയിൽ, ശനി കുംഭത്തിൽ, രാഹു മീനത്തിൽ, കേതു കന്നിയിൽ എന്നിങ്ങനെയാണ് മറ്റുള്ള ഗ്രഹങ്ങളുടെ രാശിയിലെ സഞ്ചാര സവിശേഷതകൾ. ഫെബ്രുവരി 11 ന് ബുധനും 13 ന് ശനിക്കും മൗഢ്യം (combustion) ആരംഭിക്കുന്നു. ശനിയുടെ മൗഢ്യം വർഷത്തിൽ ഒരിക്കലാണ്.
ഒരു മാസത്തിലധികം ശനിയുടെ ബലഹാനി തുടരും. ബുധൻ വർഷത്തിൽ 4 മുതൽ 6 വരെ പ്രാവശ്യം മൗഢ്യത്തിലാകാറുണ്ട്. ശനിദശ, ബുധദശ എന്നീ ദശകളിലൂടെ കടന്നുപോകുന്നവർക്കും ഈ ഗ്രഹങ്ങളുടെ നക്ഷത്രങ്ങളിൽ ജനിച്ചവർക്കും (ശനിയുടെ നക്ഷത്രങ്ങൾ പൂയം, അനിഴം, ഉത്രട്ടാതി എന്നിവയും ബുധൻ്റെ നക്ഷത്രങ്ങൾ ആയില്യം, തൃക്കേട്ട, രേവതി എന്നിവയും) മൗഢ്യകാലം പ്രായേണ ക്ലേശകരമാവാം.
ഫെബ്രുവരി 11 മുതലുള്ള ആഴ്ചയിലെ ചന്ദ്രാഷ്ടമം നോക്കാം. ഞായറാഴ്ച കഴിഞ്ഞ ആഴ്ചയുടെ തുടർച്ചയായി കർക്കിടകക്കൂറുകാർക്കും തിങ്കളും ചൊവ്വയും ബുധൻ പ്രഭാതം വരെയും ചിങ്ങക്കൂറുകാർക്കും അഷ്ടമരാശിയാണ്. അതുമുതൽ വെള്ളി ഉച്ചവരെ കന്നിക്കൂറുകാർക്കും തദനന്തരം ശനിയാഴ്ച മുഴുവനും തുടർന്ന് അടുത്ത ആഴ്ച ആരംഭത്തിലും തുലാക്കൂറുകാർക്കും ചന്ദ്രാഷ്ടമരാശി സംഭവിക്കുന്നുണ്ട്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള 9 നാളുകളിൽ ജനിച്ചവരുടെ വാരഫലം നോക്കാം.
അശ്വതി
ആഴ്ചയുടെ തുടക്കം ആത്മവിശ്വാസം നൽകുന്നതാവും. തീരുമാനങ്ങളുമായി മുന്നോട്ട് പോകാനുള്ള പ്രേരണ കൈവന്നേക്കും. ചില യാത്രകൾ വേണ്ടി വരുന്നതാണ്. ചെലവ് കൂടുന്നതിനാൽ ഒന്നോ രണ്ടോ ദിവസം മനസംഘർഷം ഉണ്ടാകാനിടയുണ്ട്. വാരമധ്യത്തിൽ സുഖം ഭവിക്കുന്നതായിരിക്കും. മുന്തിയ ഭക്ഷണം, സുഹൃൽ സല്ലാപം, ധനയോഗം ഇവയുണ്ടാകും. കർമ്മരംഗം മോശമാവില്ല. കുടുംബത്തിൽ സ്വസ്ഥതയുളവാകും. വിദ്യാർത്ഥികൾ പരീക്ഷയെ നേരിടാനുള്ള ആത്മവിശ്വാസം നേടുന്നതാണ്.
ഭരണി
കർമ്മരംഗത്ത് കൃതാർത്ഥത തോന്നാം. ചുമതലകൾ ഭംഗിയായി നിർവഹിക്കുവാനാവും. ബിസിനസ്സുകാർക്ക് കൂടുതൽ ഉപഭോക്താക്കളെ ലഭിച്ചേക്കാം. ഗുണനിലവാരം ഉയർത്തുന്ന കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ഒരുമ്പെടില്ല. ഉടമ്പടികളിൽ ഒപ്പുവെക്കുമ്പോൾ വ്യവസ്ഥകൾ വ്യക്തമായും അറിയാൻ ശ്രമിക്കേണ്ടതാണ്.
ജീവിത പങ്കാളിയുടെ സ്ഥലം മാറ്റക്കാര്യത്തിൽ ആശാവഹമായ നീക്കം നടക്കുന്നതറിയും. ന്യായമായ ആവശ്യങ്ങൾ തടസ്സമുണ്ടാവില്ല. വിശ്രമം കുറഞ്ഞേക്കും.
കാർത്തിക
പഴയ ചില കൈവായ്പകൾ മടക്കിക്കിട്ടാം. വാഗ്ദാനങ്ങൾ നന്നായി പാലിക്കാനാവും. ഉദ്യോഗസ്ഥരുടെ പദവി സംബന്ധിച്ച നൈരാശ്യം മാറാനിടയുണ്ട്. വീടുവിട്ട് കഴിയുന്നവർക്ക് ജന്മഗേഹത്തിലേക്ക് മടങ്ങാനാവും. പ്രലോഭനങ്ങളിൽ വീഴ്ത്താൻ ശത്രുക്കൾ ശ്രമം തുടർന്നേക്കും. വ്യവഹാരങ്ങളിൽ നേരിയ പുരോഗതി പ്രതീക്ഷിക്കാം. ആരാധ്യ വ്യക്തികളെ നേരിൽ കാണാൻ സന്ദർഭം ഉണ്ടാവുന്നതാണ്. പുതുവസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഇവയ്ക്കായി ധനം ചെലവ് ചെയ്തേക്കും. വാരാന്ത്യം ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു.
രോഹിണി
തൊഴിലിൽ ചെറിയ ആശ്വാസം പ്രതീക്ഷിക്കാം. ന്യായമായ വഴികളിൽക്കൂടി വരുമാനം വന്നുചേരുന്നതാണ്. പന്ത്രണ്ടാം ഭാവത്തിൽ വ്യാഴചന്ദ്രയോഗം വരികയാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ സൽകാര്യങ്ങൾക്കായി യാത്ര, ചെലവ് ഇവ ഭവിച്ചേക്കാം. കച്ചവടത്തിൻ്റെ വിപുലീകരണ ആവശ്യത്തിന് വായ്പ ലഭിക്കാൻ കാലവിളംബം ഉണ്ടാവുന്നതാണ്. പിണങ്ങി നിന്ന ബന്ധുക്കളുടെ ഇണക്കത്തിൽ സന്തോഷിക്കും. ഗുരുജനങ്ങളെ സന്ദർശിക്കാൻ സന്ദർഭമുണ്ടാകുന്നതാണ്. ശുഭവാർത്ത തേടി വരും.
മകയിരം
പ്രശ്നപരിഹാരത്തിന് വഴിതെളിയും. സമ്മർദ്ദങ്ങളിൽ മനക്ലേശം അനുഭവപ്പെടുന്നതാണ്. വസ്തുപണയപ്പെടുത്തി പ്രധാന കാര്യത്തിന് പണം കണ്ടെത്തും. ആത്മീയ കാര്യങ്ങളിൽ നിരുന്മേഷത / ശൈഥില്യം വരാനിടയുണ്ട്. തൊഴിൽ അന്വേഷണത്തിൽ കാര്യമായ പുരോഗതി പ്രതീക്ഷിക്കാം.
ദിവസവേതനം ഉയർത്തപ്പെടാൻ സാധ്യതകാണുന്നു. ഗവേഷണ വിദ്യാർത്ഥികൾ പ്രബന്ധാവതരണത്തിന് തയ്യാറെടുക്കും. സാഹസകർമ്മങ്ങൾക്ക് മുതിരുന്നതാണ്. ആരോഗ്യകാര്യത്തിൽ ഉദാസീനതയരുത്.
തിരുവാതിര
ചന്ദ്രസഞ്ചാരം അനുഗുണമായ നക്ഷത്രങ്ങളിലും രാശികളിലുമായതിനാൽ നേട്ടങ്ങൾ വർദ്ധിക്കും. ചിന്തിച്ചെടുത്ത കാര്യങ്ങൾ പ്രാവർത്തിക്കമാക്കാനാവും. വരുമാനത്തിലെ 'വിളംബകാലം' ഒഴിവാക്കാൻ സാധിക്കുന്നതാണ്. ഔദ്യോഗികമായ ചുമതല അല്ലെങ്കിൽ പദവി ഉയർന്നേക്കും. സുഹൃത്തുക്കളുമായുണ്ടായ ആശയ വൈരുദ്ധ്യങ്ങൾക്ക് സമവായം സിദ്ധിക്കും. കടം വീട്ടാൻ വഴികൾ തെളിയുന്നതാണ്. സംഘം/സമാജം ഇവയുടെ ഭരണനിർവഹണത്തിലേക്ക് ഉയർത്തപ്പെടും. കുടുംബകാര്യങ്ങൾ ഭംഗിയായി നിർവഹിക്കുന്നതാണ്.
പുണർതം
വ്യക്തിപരമായി പ്രയോജനമുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ആഴ്ചയാണ്. അദ്ധ്വാനം പാഴായി എന്ന തോന്നൽ ഉണ്ടാവുന്നതല്ല. ഊഹക്കച്ചവടത്തിൽ നിന്നും ലാഭം വരും. ഭോഗസുഖമുണ്ടാവും. വിരുന്നുകളിൽ പങ്കെടുക്കുന്നതാണ്. നിയമപരമായ വിദഗ്ദ്ധോപദേശം തേടും. ഭൂമിയിൽ പുതുനിർമ്മിതികൾക്ക് അല്പം കൂടി കാത്തിരിക്കുക ഉചിതം. പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും നന്നായി തയ്യാറെടുക്കാൻ സാധിക്കുന്നതാണ്. വാഹനത്തിൻ്റെ അറ്റകുറ്റപ്പണി പൂർത്തിയാവും. വായ്പാതിരിച്ചടവ് സുഗമമായേക്കും.
പൂയം
ആഴ്ചയുടെ തുടക്കത്തിലെ ഒന്നുരണ്ടു ദിവസങ്ങൾക്ക് മേന്മ കുറയാം. പ്രതീക്ഷിച്ച കേന്ദ്രങ്ങളിൽ നിന്നും സഹായം ലഭിച്ചെന്നു വരില്ല. സർക്കാർ സംബന്ധിച്ച് കിട്ടേണ്ട അറിയിപ്പുകൾ വൈകിയേക്കും. ദാമ്പത്യത്തിൽ ചില വൈഷമ്യങ്ങൾക്ക് സാധ്യതയുണ്ട്. ബുധൻ മുതൽ കർമ്മരംഗത്ത് നല്ല ചലനങ്ങൾ ഉണ്ടാകും. ആരംഭിച്ച കാര്യങ്ങളുമായി മുന്നോട്ടുപോകാൻ കഴിയുന്നതാണ്. ഇടപാടുകൾ വിജയകരമാവും. പൊതുപ്രവർത്തകർക്ക് പദവി ലഭിക്കാം. ധനവരവ് സുഗമമാകും. പഴയ കൂട്ടുകാരെ കാണാനായേക്കും.
ആയില്യം
ആത്മശോഭ നിലനിർത്താൻ ക്ലേശിച്ചേക്കും. അപവാദപ്രചാരകരുടെ ദൂഷണം അല്പമൊന്ന് തളർത്തിയെന്നു വരാം. സഹജമായ ആത്മശക്തിയാൽ വേഗം തന്നെ സ്വസ്ഥത തിരിച്ചുപിടിക്കാനാവും. പഠിതാക്കൾ കൂടുതൽ ശ്രദ്ധാലുക്കളാവേണ്ടതുണ്ട്. കരാറുകൾ പുതുക്കപ്പെടാം. വ്യവസ്ഥകളെക്കുറിച്ച് വ്യക്തമായി അറിയാൻ മടിക്കരുത്. കുടുംബ ബന്ധങ്ങളിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ട സ്ഥിതി വന്നേക്കും. അതിൽ അഭിമാനക്ഷയം കരുതേണ്ടതില്ല. ആരോഗ്യപരമായി ശ്രദ്ധയുണ്ടാവണം. കൂട്ടുകച്ചവടം മുന്നോട്ടു കൊണ്ടുപോവുക അത്ര എളുതായേക്കില്ല.
Read More
- February 4– February 10, 2024: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? Weekly Horoscope
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 February 05 to February 11
- ചൊവ്വയുടെ മാറ്റം നിങ്ങളെ എങ്ങനെ ബാധിക്കും? അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രക്കാരുടെ സമ്പൂർണ്ണ ഫലം
- ഫെബ്രുവരി 2024 നക്ഷത്രഫലം: February 2024 Horoscope
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.