scorecardresearch

ഫെബ്രുവരി 2024 നക്ഷത്രഫലം: February 2024 Horoscope

അശ്വതി മുതൽ രേവതി വരെ വരെയുള്ള ഒന്‍പതു നക്ഷത്രങ്ങളുടെ ഫെബ്രുവരി മാസത്തിലെ നക്ഷത്രഫലമാണ്, ഇവിടെ അവതരിപ്പിക്കുന്നത്

അശ്വതി മുതൽ രേവതി വരെ വരെയുള്ള ഒന്‍പതു നക്ഷത്രങ്ങളുടെ ഫെബ്രുവരി മാസത്തിലെ നക്ഷത്രഫലമാണ്, ഇവിടെ അവതരിപ്പിക്കുന്നത്

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
February  Horoscope

February 2024 Horoscope Astrological Predictions

ഇംഗ്ലീഷ് കലണ്ടറിലെ രണ്ടാം മാസമാണ് ഫെബ്രുവരി.  കൊല്ലവർഷം 1199 ലെ മകരം - കുംഭം മാസങ്ങൾ ചേർന്നതാണ് 2024 ഫെബ്രുവരി. മകരം18 ന് ഫെബ്രുവരി ഒന്നാം തീയതി വരും. ഫെബ്രുവരി 29 ന് കുംഭം 9-ാം തീയതിയാവുന്നു. താരതമ്യേന ചെറിയ മാസമാണ് ഫെബ്രുവരി. നാലുവർഷത്തിൽ ഒരിക്കൽ സംഭവിക്കുന്ന 'അധിവർഷം', ഈയ്യാണ്ട് വരുന്നതിനാൽ ഫെബ്രുവരി  28 ദിവസങ്ങളല്ല;  29 ദിവസങ്ങളാണ് എന്ന പ്രത്യേകതയുമുണ്ട്.

Advertisment

ഈ മാസത്തിൽ ആദിത്യൻ മകരം, കുംഭം എന്നീ രാശികളിലും തിരുവോണം, അവിട്ടം, ചതയം എന്നീ ഞാറ്റുവേലകളിലും സഞ്ചരിക്കുന്നു. ഫെബ്രുവരി 1 ന് ചിത്തിര നക്ഷത്രം ആണ്. ഫെബ്രുവരി 29 ആവുമ്പോൾ ചന്ദ്രൻ ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി വീണ്ടും ചിത്തിര നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. കൃഷ്ണപക്ഷ ഷഷ്ഠിയിൽ തുടങ്ങി കൃഷ്ണപക്ഷ പഞ്ചമി വരെയുള്ള തിഥികളാണ് ഫെബ്രുവരിയിൽ വരുന്നത്. ഫെബ്രുവരി 
9 ന് കറുത്തവാവും 24 ന് വെളുത്തവാവും സംഭവിക്കുന്നു.

ഫെബ്രുവരി 1 ന് ബുധൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്കും ഫെബ്രുവരി 20 ന് അവിടെ നിന്നും കുംഭം രാശിയിലേക്കും സംക്രമിക്കുന്നു. ഫെബ്രുവരി 11 മുതൽ ബുധന് മൗഢ്യം സംഭവിക്കുന്നുണ്ട്. ചൊവ്വ ഫെബ്രുവരി 5 ന് ഉച്ചരാശിയായ മകരത്തിൽ പ്രവേശിക്കുന്നു. ശുക്രനും ഫെബ്രുവരി 11 ന് മകരത്തിലേക്ക് സംക്രമിക്കുകയാണ്. 
     
ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ തുടരുന്നു. ഫെബ്രുവരി 13 മുതൽ ശനിക്ക് വർഷത്തിൽ ഒരിക്കൽ സൂര്യസാമീപ്യത്താൽ സംഭവിക്കുന്ന മൗഢ്യാവസ്ഥ വരുന്നുണ്ട്. വ്യാഴം മേടം രാശിയിലാണ്. ഈ മാസം മൂന്നാം തീയതി മുതൽ വ്യാഴം  ഭരണി നക്ഷത്രത്തിൽ സഞ്ചരിച്ചു തുടങ്ങുന്നു. 

രാഹുവും കേതുവും അപസവ്യഗതിയിൽ, യഥാക്രമം മീനം രാശിയിൽ രേവതി നക്ഷത്രത്തിലും, കന്നി രാശിയിൽ, ചിത്തിര നക്ഷത്രത്തിലും ആയി യാത്ര തുടരുന്നു. 

Advertisment

ഈ ഗ്രഹനിലയെ അവലംബിച്ച് 2024 ഫെബ്രുവരി മാസത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള  ഒന്‍പത് നാളുകാർക്ക് സംഭവിക്കുന്ന പ്രധാന അനുഭവങ്ങൾ ഇവിടെ അപഗ്രഥിക്കുന്നു.

 അശ്വതി

വ്യാഴം ജന്മനക്ഷത്രത്തിൽ നിന്നും മാറുന്നത് ആശ്വാസകരമാണ്. സൂര്യൻ്റെ 10,11 ഭാവങ്ങളിലെ സഞ്ചാരത്താൽ ഔദ്യോഗികരംഗം ഏറ്റവും ശോഭനമാവും.  അധികാരമുള്ള ചുമതലകൾ കൈവരും. തൊഴിൽ  തേടുന്നവർക്ക് നിരാശപ്പെടേണ്ടിവരില്ല. പിതാവിൻ്റെ സ്വത്തുക്കളിൽ നിന്നും ആദായമുണ്ടാകുന്നതാണ്. വിദേശത്ത് പഠനം - തൊഴിൽ ഇവയ്ക്കായി പരിശ്രമിക്കുന്നവർക്ക് അവസരങ്ങൾ തുറന്നുകിട്ടിയേക്കും. പ്രസ്തുത വിഷയത്തിൽ  സർക്കാർ അനുമതി താമസം കൂടാതെ ലഭിക്കും. ഊഹക്കച്ചവടത്തിൽ നിന്നും ആദായം സിദ്ധിക്കുന്നതാണ്. സാംക്രമിക രോഗങ്ങൾ, വാതം എന്നിവയുടെ ഉപദ്രവം ഉണ്ടാവാം.

ഭരണി

ജന്മരാശ്യാധിപൻ ആയ ചൊവ്വ ഉച്ചരാശിയിൽ സഞ്ചരിക്കുകയാൽ ആത്മവിശ്വാസം വർദ്ധിക്കും. കർമ്മരംഗത്ത് അജയ്യത തുടരുന്നതാണ്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ സമർത്ഥമായി മറികടക്കും. മത്സരങ്ങളിൽ വിജയിക്കുവാനാവും. പിതാവിൻ്റെ വാത്സല്യം, പിതാവിൽ നിന്നുമുള്ള സാമ്പത്തികമായ ആനുകൂല്യം ഇവ സിദ്ധിക്കുന്നതാണ്. ഏതുകാര്യത്തിലും സ്വാശ്രയത്വം ഉണ്ടാവും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ദിശാബോധം ഭവിക്കുന്നതായിരിക്കും. കുടുംബജീവിതത്തിൽ സ്വസ്ഥതപുലരും. പ്രണയികൾക്ക് കുടുംബത്തിൽ നിന്നും പിന്തുണ ലഭിച്ചേക്കും. ഉത്സവാഘോഷങ്ങളുടെ നടത്തിപ്പിൽ സക്രിയമായ പങ്ക് വഹിക്കുന്നതാണ്.  ആരോഗ്യപരമായി പതിവ് പരിശോധനകൾ മുടക്കരുത്.

കാർത്തിക

നേട്ടങ്ങൾക്ക് മുൻതൂക്കമുള്ള മാസമാണ്. കഴിവുകൾ അംഗീകരിക്കപ്പെടും. അതിലുപരി സ്വന്തം മിടുക്കുകൾ സ്വയം തിരിച്ചറിയാനാവും. ബിസിനസ്സിൽ മാറ്റം വരുത്തുവാനുള്ള ശ്രമങ്ങൾ ഫലവത്താകുന്നതാണ്. കൂട്ടുകച്ചവടത്തിൽ പുതിയ കരാറുകൾ ഏർപ്പെടുത്തിയേക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ മറ്റൊരു ജോലിക്കായി നടത്തുന്ന ശ്രമങ്ങൾ ലക്ഷ്യം കാണുന്നതാണ്.
ഗൃഹം മോടിപിടിപ്പിക്കാൻ വായ്പാസഹായം വേണ്ടിവന്നേക്കും.  ഗവേഷണത്തിൽ കൂടുതൽ ശ്രദ്ധയും താല്പര്യവും ഉണ്ടാകുന്നതാണ്. ജീവിതപങ്കാളിക്ക് കുടുംബസ്വത്തിലെ വിഹിതം അനുഭവത്തിൽ വന്നുചേർന്നേക്കും.
സ്വസഹോദരരുമായി ഭൂമി സംബന്ധിച്ച തർക്കങ്ങൾ നീളാം. കിടപ്പ് രോഗികൾക്ക് കാര്യമായ ആശ്വാസം ലഭിക്കണമെന്നില്ല.

 രോഹിണി

രാഹു പതിനൊന്നിൽ ഉള്ളതിനാൽ നേർവഴികളിലൂടെയും അല്ലാതെയും വരുമാനം ഉണ്ടാകും. കണ്ടകശനി തുടരുന്നതിനാൽ തൊഴിൽ മേഖലയിൽ അഭ്യുദയത്തോടൊപ്പം സമ്മർദ്ദങ്ങളും വന്നുചേരുന്നതാണ്. ഒമ്പതാമെടത്ത് ഗ്രഹാധിക്യമുണ്ട്. ആകയാൽ ഭാഗ്യത്തോടൊപ്പം ചില നിർഭാഗ്യങ്ങളും വരാം. പിതാവിൽ നിന്നും നേട്ടങ്ങൾ പ്രതീക്ഷിക്കാം. പിതാവിൻ്റെ ആരോഗ്യത്തിൽ ശ്രദ്ധ വേണ്ടതുണ്ട്. ബുധന് വേഗഗതി, മൗഢ്യം മുതലായവ സംഭവിക്കുകയാൽ പഠനം, ഗവേഷണം മുതലായവയിൽ അല്പം മങ്ങൽ വരാവുന്നതാണ്. വിനോദയാത്രകൾ, ആഢംബര വസ്തുക്കൾ വാങ്ങുക തുടങ്ങിയവ മൂലം ചെലവ് ഏർപ്പെടാം. പലനിലയ്ക്കും മാസത്തിൻ്റെ രണ്ടാം പകുതിക്കാവും മേന്മ കൂടുക. തടസ്സം വന്ന സർക്കാർ കാര്യങ്ങളിൽ അനുകൂലമായ തീർപ്പ് ഉണ്ടായേക്കും.

 മകയിരം

ഗ്രഹാനുകൂല്യം അല്പം കുറവുള്ള കാലമാണ്. അതിനാൽ ചെറിയ നേട്ടങ്ങൾക്ക് പോലും കഠിനാദ്ധ്വാനം ആവശ്യമായി വരും. ഇഷ്ടവസ്തുക്കൾക്ക് അമിതവില ഈടാക്കപ്പെടാം. അലച്ചിലുണ്ടാവുന്നതാണ്. ആദ്യവാരത്തിൽ മകയിരം നക്ഷത്രത്തിൻ്റെ നാഥനായ ചൊവ്വയ്ക്ക് ഉച്ചസ്ഥിതി വരികയാൽ സാമ്പത്തികമായ ഉന്നമനത്തിന് സാധ്യതയുണ്ട്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ സമർത്ഥമായി മറികടക്കുവാനാവും. സ്വശക്തി ഉയരുന്നതാണ്. ഭൂമി സംബന്ധിച്ച തർക്കങ്ങൾ പരിഹൃതമായേക്കും. വസ്തുവിൻ്റെ അവകാശം സ്വന്തം പേരിലേക്ക് മാറ്റാൻ കഴിയുന്നതാണ്. പിണങ്ങി നിന്ന സഹോദരർ അനുരഞ്ജനത്തിലാവും. മത്സര വിജയം പ്രതീക്ഷിക്കാം. ആരോഗ്യപരമായി ശ്രദ്ധ വേണ്ട സന്ദർഭമാണ്.

തിരുവാതിര

ആദിത്യനും ചൊവ്വയും അഷ്ടമത്തിൽ സഞ്ചരിക്കുകയാൽ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. കർമ്മഭാവത്തിലെ രാഹു തൊഴിൽ മുന്നേറ്റത്തിന് തടസ്സം സൃഷ്ടിച്ചേക്കാം. പ്രതീക്ഷിച്ച സ്ഥാനക്കയറ്റം, പഴയ ലാവണത്തിലേക്കുള്ള മടങ്ങിപ്പോക്ക് എന്നിവ വൈകിയേക്കും. മേലധികാരിയുടെ അപ്രീതിയുണ്ടാവാൻ സാധ്യതയുണ്ട്. 
വസ്തു തർക്കത്തിൽ ക്ഷീണാം വന്നേക്കാം. ഊഹക്കച്ചവടത്തിൽ നേട്ടങ്ങളുണ്ടാവുന്നതാണ്. ഇൻഷ്വറൻസ് / ചിട്ടി എന്നിവയിൽ നിന്നും ധനാർജ്ജനം ഭവിക്കും.  പഴയ കടങ്ങൾ മടക്കിക്കിട്ടാം. പണയ വസ്തുക്കൾ മേൽപ്പണയം വെച്ച് കുറച്ച് ധനം കൈവശമെത്തിയേക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ കാലം അനുകൂലമല്ല. ജാമ്യം നിൽക്കുന്നത് തിരിച്ചടിയാവും.

 പുണർതം

തൊഴിൽ മേഖലയിൽ സമ്മർദങ്ങളുണ്ടാവും. സഹിഷ്ണുതയും പര്യാലോചനകളും കൊണ്ടേ പ്രശ്നപരിഹാരം സാധ്യമാകൂ. ദുർഘടം നിറഞ്ഞ പ്രശ്നങ്ങളുടെ കുരുക്കഴിക്കാൻ ചുമതലയുണ്ടാവും. സഹപ്രവർത്തകരുടെ പിൻബലം പ്രതീക്ഷിച്ചത്ര കിട്ടണമെന്നില്ല. അയൽക്കാരുമായി അതിരുതർക്കങ്ങൾ ഏർപ്പെടാം. കലഹം  അതിരുവിടാതിരിക്കാൻ ശ്രദ്ധ വേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളിൽ ഉത്സാഹം കുറഞ്ഞേക്കും. ധനപരമായി അത്ര മോശം സമയമല്ല. ആദായം കൂടുന്നതാണ്. ലോൺ നേടാൻ സാധിച്ചേക്കും. ഭൂമി പണയപ്പെടുത്തി ആവശ്യത്തിന് പണം കണ്ടെത്താനും സാധ്യതയുണ്ട്. കഫം, വാതം, സാംക്രമിക രോഗങ്ങൾ ഇവ ഉപദ്രവിച്ചേക്കാം.

പൂയം

ഏഴിലും എട്ടിലുമായി  ആദിത്യൻ സഞ്ചരിക്കുന്നു. ഏഴിൽ ബുധൻ, ചൊവ്വ, ശുക്രൻ തുടങ്ങിയ ഗ്രഹങ്ങളുമുണ്ട്. ചില ദാമ്പത്യപ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു.
ജീവിതപങ്കാളിയിൽ വിശ്വാസം കുറയും.  അനുരഞ്ജനം ഫലവത്തായി എന്നുവന്നേക്കില്ല. പ്രണയികൾക്കും മനോവൈഷമ്യത്തിന് കാരണങ്ങൾ ഭവിക്കാം. തൊഴിൽ രംഗത്തും ഉണർവ്വുണ്ടാകില്ല. കൂട്ടുകച്ചവടം അവസാനിപ്പിക്കാൻ ആഗ്രഹിച്ചേക്കും. യാത്രകൾ ഉണ്ടാവുന്നതാണ്. എന്നാൽ അവ പാഴ്ച്ചെലവ്, സമയനഷ്ടം തുടങ്ങിയവയ്ക്ക് കാരണമാകാം. കരാർ ജോലികൾ ചെയ്യുന്നവർ, ഏജൻസികൾ നടത്തുന്നവർ, നിത്യവരുമാനത്തെ ആശ്രയിക്കുന്നവർ മുതലായവർക്ക് അനുകൂലമായ കാലമാണ്. ന്യായമായ ആവശ്യങ്ങൾക്ക് മുടക്കം വരുന്നതല്ല.

 ആയില്യം

നക്ഷത്രനാഥനായ ബുധന് മൗഢ്യം സംഭവിക്കുന്നുണ്ട്. പത്താം ഭാവാധിപനായ ചൊവ്വയ്ക്ക് ഉച്ചസ്ഥിതിയും ഉണ്ടാവുന്നുണ്ട്. ഏഴാം ഭാവത്തിലെ ഗ്രഹപ്പെരുക്കം കുടുംബ ജീവിതത്തിൽ അലോസരങ്ങൾ ഉയർത്താം. പൊരുത്തക്കേടുകൾ മറ്റുള്ളവരറിഞ്ഞേക്കും.  വിവാഹാലോചനകൾ അവസാനനിമിഷം ഉറച്ചില്ലെന്നുവരാം.  ഉദ്യോഗസ്ഥർക്ക് പിരിമുറുക്കം കൂടുന്നതാണ്. അദ്ധ്വാനം അധികരിക്കും. സ്വയം ചെയ്യുന്ന തൊഴിലിൽ അഭിവൃദ്ധിയുണ്ടാകുന്നതാണ്. കയറ്റുമതി ഏർപ്പാടുകൾ, കമ്മീഷൻ ജോലികൾ എന്നിവ ലാഭകരമായേക്കാം. നിക്ഷേപങ്ങൾ, ഊഹക്കച്ചവടം ഇവയിൽ നിന്നും വരുമാനമേറും. വാഹന യാത്രയിൽ ജാഗ്രത കുറയരുത്. സാഹസങ്ങൾ ഒഴിവാക്കണം.

മകം

മാസത്തിൻ്റെ ആദ്യപകുതിക്ക് ഗുണമേറും. മത്സരങ്ങളിൽ അനായാസവിജയം പ്രതീക്ഷിക്കാം. അഭിമുഖങ്ങളിൽ ശോഭിക്കുന്നതാണ്. സംഘടനകളിൽ നേതൃത്വം അനിഷേധ്യമായിത്തുടരും. പൊതുപ്രവത്തനം വിജയകിരീടം ചൂടും. പോലീസ്, അഗ്നിശമന സേന, പട്ടാളം,  വൈദ്യുതി/ സയൻസ് മേഖല എന്നിവയിൽ  പ്രവർത്തിക്കുന്നവർക്ക് പൊതുവേ തൊഴിൽ അന്തരീക്ഷം അനുകൂലമാവുന്നതാണ്. സ്ഥാനോന്നതി, പുരസ്കാരം, വേതന വർദ്ധനവ് ഇവ ഭവിക്കാം. ഗാർഹികമായി അല്പം സമാധാനക്കുറവുണ്ടാകാനിടയുണ്ട്. ധനപരമായി ഭാഗികമായ തൃപ്തി പ്രതീക്ഷിച്ചാൽ മതി. കടബാധ്യതക്ക് തെല്ല് ആശ്വാസം ഉണ്ടാകും. അപകടം, വീഴ്ച, ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് സാധ്യത കാണുന്നതിനാൽ ജാഗ്രത പുലർത്തണം.

പൂരം

പുതിയ സുഹൃത്തുക്കളെ ലഭിക്കുന്നതാണ്.  പൂർവ്വസതീർത്ഥ്യരെയും കണ്ടുമുട്ടാനിടയുണ്ട്. ഉദ്യോഗാർത്ഥികൾക്ക് തൊഴിലിൽ പ്രവേശിക്കാൻ അവസരം ലഭിച്ചേക്കും. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് പക്ഷേ അഭികാമ്യമായേക്കില്ല. നക്ഷത്രാധിപനായ ശുക്രന് പാപഗ്രഹയോഗം വരികയാൽ കൂട്ടുകെട്ടുകൾ ദോഷപ്രദമാവാം. ആഢംബരത്തിനായി ചെലവധികരിച്ചേക്കും. ഉപജാപങ്ങളിൽ കൂസുകയില്ല. ഭാര്യാഭർത്താക്കന്മാർ അനൈക്യത്തിലാവും. മക്കളുടെ ഉപരിപഠനത്തിനുള്ള പരിശ്രമം വർദ്ധിപ്പിക്കേണ്ടതായ സ്ഥിതി വരും. തർക്കങ്ങളിൽ ബൗദ്ധികമായ നിലപാട് കൈക്കൊള്ളില്ല. ദിനചര്യകളുടെ താളം തെറ്റാം. ഇടയ്ക്കിടെയുള്ള മനസ്സന്തോഷങ്ങളും അല്പലാഭങ്ങളും കൊണ്ട് സംതൃപ്തിയടഞ്ഞേക്കും.

ഉത്രം

പലപ്പോഴും തീരുമാനങ്ങൾ കൈക്കൊള്ളാൻ ക്ലേശിക്കുന്നതാണ്. തീരുമാനങ്ങൾ നടപ്പിലാക്കാനും കാലവിളംബമുണ്ടാവും. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നത് വളരെ സൂക്ഷിച്ചാവണം. ആദർശത്തെക്കാൾ പ്രായോഗികമായ സമീപനമാവും  ഉചിതം. കടം തീർക്കാൻ വസ്തു പണയപ്പെടുത്തേണ്ടി വന്നേക്കാം. ചിലരെ അമിതമായി വിശ്വസിച്ചത് തെറ്റായിപ്പോയെന്ന് ബോധ്യപ്പെടുന്നതാണ്. സാധാരണയായി ചെയ്യുന്ന കാര്യങ്ങൾക്ക് മുടക്കം വരുന്നതല്ല. വരുമാനം കൊണ്ട് നിത്യജീവിതച്ചെലവുകൾ നടന്നേക്കും. വലിയ മുതൽമുടക്കുകൾക്ക് കാലം ഇപ്പോൾ അനുകൂലമല്ല. വിശേഷിച്ചും കന്നിക്കൂറുകാരായ ഉത്രം നാളുകാർ.
രോഗാവസ്ഥയ്ക്ക് മാറ്റം വരുന്നതാണ്. എന്നാൽ ചികിത്സ തുടരേണ്ടതുണ്ട്.

അത്തം

പുതിയ പദവികൾ ലഭിക്കാം. ഔദ്യോഗികമായി മെച്ചപ്പെട്ട സ്ഥിതിയുണ്ടാവുന്നതാണ്. പ്രത്യേകിച്ചും മാസത്തിൻ്റെ രണ്ടാം പകുതിയിൽ കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. നവസംരംഭങ്ങളിൽ മെല്ലെയാണെങ്കിലും പുരോഗതി വന്നുചേരുന്നതായിരിക്കും. ഭാവനാശക്തി വർദ്ധിക്കുന്നതിനാൽ കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും സർഗാത്മകമായ പ്രവർത്തനങ്ങളിൽ മികവുണ്ടാകും.  മക്കളെ സംബന്ധിച്ച ശുഭവാർത്തകൾ വന്നെത്തുന്നതാണ്. കുടുംബാംഗങ്ങളുടെ വിവാഹകാര്യത്തിൽ നല്ലതീരുമാനം പ്രതീക്ഷിക്കാനാവും. വായ്പാ തിരിച്ചടവ് മുടങ്ങിയേക്കില്ല. ന്യായമായ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കും.
ഉദര- ഹൃദയ രോഗങ്ങളുള്ളവർ ജാഗ്രത പുലർത്തേണ്ടതുണ്ട്.

ചിത്തിര

പ്രവൃത്തിയിൽ പരാങ്മുഖത്വം വരാം. എന്നാൽ ജന്മനക്ഷത്രാധിപനായ ചൊവ്വ ഉച്ചത്തിൽ സഞ്ചരിക്കുകയാൽ കർമ്മരംഗം മെച്ചപ്പെടുന്നതാണ്. കുടുംബത്തിലായാലും നാട്ടിലായാലും പറയുന്നതു കേൾക്കാൻ ആളുകൂടിയേക്കും. പിടിവാശി വിജയിക്കുന്ന സ്ഥിതിയുണ്ടാവും. കന്നിക്കൂറുകാർക്ക് ദാമ്പത്യത്തിൽ ചില ക്ലേശങ്ങൾ വരാം. തുലാക്കൂറുകാരായ ചിത്തിരക്കാർക്ക് പ്രണയത്തിൽ സന്തോഷമുണ്ടാവും. ധനപരമായി ഉന്നമനം വന്നേക്കും.  ഭൂമിയിൽ നിന്നും തരക്കേടില്ലാത്ത ആദായമുണ്ടാവുന്നതാണ്. ബന്ധുക്കളുടെ വിവാഹാദികളിൽ മുഖ്യപങ്കുവഹിച്ചേക്കും.  സുഹൃത്തുക്കൾ തമ്മിലുള്ള കലഹത്തിൽ മാധ്യസ്ഥം വഹിക്കുന്നതാണ്. ഗൃഹത്തിൻ്റെ അറ്റകുറ്റപ്പണി പൂർത്തിയായി താമസം തുടങ്ങാനാവും. 

ചോതി

നാലാമെടത്തിൽ ത്രിഗ്രഹയോഗം ഉള്ളതിനാൽ മാനസികക്ലേശവും മാനസികോല്ലാസവും മാറി മാറി അനുഭവപ്പെടുന്നതാണ്. ബന്ധുക്കൾ ഇണങ്ങുകയും പിണങ്ങുകയും ചെയ്യും. വീട്ടിലെ അന്തരീക്ഷം സമ്മിശ്രമാകുന്നതാണ്. ശുക്രനും ബുധനും സഞ്ചരിക്കുകയാൽ ഐക്യവും സ്നേഹവും നിറയുന്നതാവും. ചൊവ്വയും ആദിത്യനും കൂടി കടന്നുപോവുകയാൽ കലഹങ്ങളും ഉയരാം. തൊഴിൽരംഗത്ത് വലിയ ചലനം പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ കാര്യങ്ങൾ ഒരുവിധം നടന്നുപോവുന്നതാണ്. സേവന-വേതന കരാറുകൾ പുതുക്കിക്കിട്ടാം. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് വഴിതെളിയുന്നതാണ്. അമ്മയുടെ ആരോഗ്യസ്ഥിതിയിൽ ജാഗ്രത വേണം.  ഭക്ഷ്യവിഷബാധ, പകർച്ചവ്യാധികൾ ഇവ ചോതിനാളുകാരെ വിഷമിപ്പിച്ചേക്കാം. 

വിശാഖം

അദ്ധ്വാനത്തിന് നല്ല പ്രതിഫലം ലഭിക്കും. ദിവസവേതനക്കാർക്ക് ജോലിക്ക് മുടക്കം ഉണ്ടാവില്ല. ഉദ്യോഗസ്ഥർ സ്ഥലം മാറ്റത്തിനായി അല്പം കൂടി കാത്തിരിക്കേണ്ടിവരും. ഗൃഹനിർമ്മാണം പൂർത്തീകരിച്ചേക്കും.  സർക്കാരിൽ നിന്നും അനുമതി ലഭിക്കാൻ കാലവിളംബം ഭവിക്കാം. പലകാര്യത്തിലും സഹോദരരുടെ  പിന്തുണ കിട്ടുന്നതാണ്. വിദേശത്തെ ജോലി മതിയാക്കി നാട്ടിൽ മടങ്ങാൻ ആഗ്രഹിക്കും. എന്നാൽ ഗാർഹികവും പ്രായോഗികവുമായ തടസ്സങ്ങളുണ്ടാവും. മകളുടെ കല്യാണം  ഉറപ്പിക്കപ്പെട്ടേക്കാം. സാമ്പത്തിക ആവശ്യങ്ങൾക്ക് വസ്തുപണയം വെക്കേണ്ടി  വരുന്നതാണ്. ചെറിയ മുതൽമുടക്കുള്ള തൊഴിലുകൾ ചെയ്യാൻ ഗ്രഹാനുകൂല്യം ഉണ്ട്. ശാരീരിക അവശതകൾക്ക് വൈദ്യസഹായം വേണ്ടിവന്നേക്കും.

അനിഴം

വൃശ്ചികക്കൂറിൻ്റെ അധിപനായ ചൊവ്വയ്ക്ക് ഉച്ചരാശിസ്ഥിതിയുണ്ട്. സഹായസ്ഥാനത്ത് സഞ്ചാരവും ഭവിച്ചിരിക്കുകയാൽ നേട്ടങ്ങൾക്കാവും പ്രാമുഖ്യം. മുൻപ് ശ്രമിച്ച് പിൻവാങ്ങിയ കാര്യങ്ങളിൽ ഇപ്പോൾ വിജയിക്കാനാവും. ഉന്നത വ്യക്തികളുടെ ഗാഢസൗഹൃദം, അകമഴിഞ്ഞ പിന്തുണ എന്നിവ പ്രതീക്ഷിക്കാം. സ്വന്തം കഴിവുകൾ സ്വയം തിരിച്ചറിയും. ഒപ്പം പുറംലോകവും അവ മനസ്സിലാക്കും. രഹസ്യനിക്ഷേപങ്ങളിൽ നിന്നും ആദായം വർദ്ധിക്കുന്നതാണ്. വസ്തുവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇടപാടുകൾ കൂടും. കുടംബ മഹിമയെച്ചൊല്ലി അഭിമാനിക്കാൻ സാഹചര്യങ്ങളുണ്ടാവും. മക്കളുടെ പഠനം / ജോലി ഇവ സംബന്ധിച്ച് ചില മനക്ലേശങ്ങൾ വരാം. സ്വന്തം വാക്കുകളെ ചിലർ തെറ്റായിട്ട് വ്യാഖ്യാനിക്കാനിടയുണ്ട്.

തൃക്കേട്ട

നക്ഷത്രാധിപനായ ബുധന് മൗഢ്യം വരുന്നതിനാൽ പ്രവൃത്തികളിൽ ജാഗ്രത വേണം. തീരുമാനങ്ങൾ കരുതലോടെയാവണം. ജന്മരാശിയുടെ നാഥനായ ചൊവ്വയ്ക്ക് ഉച്ചസ്ഥിതി സംഭവിക്കുന്നത് ഗുണകരമായേക്കും. ക്ലേശങ്ങൾ സ്വാഭാവികമായിട്ട് തന്നെ പരിഹൃതമാകാൻ സാധ്യതയുണ്ട്. വ്യാപാരരംഗത്ത് വളർച്ചയുണ്ടാവും. കയറ്റുമതിയിലൂടെ നേട്ടങ്ങളുണ്ടാക്കാൻ കഴിയുന്നതാണ്. വസ്തുവിൻ്റെ ക്രയവിക്രയത്തിൽ ലാഭം വന്നുചേരും. വിദേശത്തുപോകാൻ കാത്തിരിക്കുന്നവർക്ക് അതിനുള്ള അവസരം സഞ്ജാതമാകുന്നതാണ്. കുടുംബത്തിൽ നിന്നും പുറമേ നിന്നും കാര്യമായ സഹകരണം പ്രതീക്ഷിക്കാം. മാസത്തിൻ്റെ 
രണ്ടാം പകുതിക്ക് മേന്മ അലപം കുറഞ്ഞേക്കും.  കുടുംബത്തിലെ വൃദ്ധജനങ്ങളുടെ ആരോഗ്യകാര്യത്തിൽ അലംഭാവമരുത്.

മൂലം

ജന്മരാശിയിലും രണ്ടാം രാശിയിലുമെല്ലാം ഗ്രഹയോഗം ഉള്ളതിനാൽ ആശയക്കുഴപ്പവും ആത്മസംഘർഷവും ഭവിക്കാം. ബൗദ്ധികമായ നിലപാടുകൾ എടുക്കേണ്ടതിനു പകരം വൈകാരിക സമീപനം കൈക്കൊണ്ടേക്കും. വാക്കുകൾക്ക് പാരുഷ്യം കൂടാം. ഭോഗസുഖം ഉണ്ടാവുന്നതാണ്. വിരുന്നുകളിലും ആഘോഷങ്ങളിലും പങ്കെടുത്തേക്കും. ഇഷ്ടസുഹൃത്തുക്കളും ബന്ധുക്കളുമായി സല്ലാപം, സ്ഥലസന്ദർശനം ഇവയ്ക്ക് അവസരമുണ്ടാകും. സാമ്പത്തികമായ അലട്ടലുകൾ കുറയുന്നതാണ്. എന്നാൽ ചെലവിൻ്റെ കാര്യത്തിൽ ധാരാളികളായി മാറിയേക്കാം. അഞ്ചിൽ വ്യാഴം സഞ്ചരിക്കുകയാൽ മക്കൾക്ക് ശ്രേയസ്സുണ്ടാകും. ജീവിതശൈലീരോഗങ്ങൾ ഉപദ്രവിക്കാനിടയുണ്ട്.

പൂരാടം

നക്ഷത്രനാഥൻ ആയ ശുക്രൻ രാശിയിൽ തുടരുന്നതിനാൽ കാര്യസിദ്ധി, ഭോഗാനുഭവങ്ങൾ, ഭൗതികമായ നേട്ടങ്ങൾ എന്നിവയുണ്ടാവും. പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. കവികൾക്കും കലാകാരന്മാർക്കും അവസരങ്ങളും ആദരവും കൈവരും. ഭൂമിയിൽ നിന്നും ആദായം സിദ്ധിക്കും. മക്കളെ സംബന്ധിച്ച ചില വിഷമങ്ങൾക്ക് പരിഹാരം ഉണ്ടാവുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ സാമ്പത്തിക മെച്ചം പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക് പദവിയിൽ ഉയർച്ചയുണ്ടാവും. രാഷ്ട്രീയ പ്രവർത്തനത്തിൽ ചുമതലകൾ ഏറുന്നതാണ്. സമൂഹമാധ്യമങ്ങളിൽ 'പിൻതുടരുന്നവർ' കൂടും. കള്ളന്മാരാൽ ധനനഷ്ടം, ബന്ധുക്കളുടെ വിരോധം എന്നിവ ചില സാധ്യതകളാണ്.

ഉത്രാടം

ജന്മരാശിയിൽ പാപഗ്രഹങ്ങളും ശുഭഗ്രഹങ്ങളും ഇടകലർന്ന് സഞ്ചരിക്കുകയാൽ സമ്മിശ്രമായ അനുഭവങ്ങളാവും, ഉണ്ടാവുക. ആലസ്യം വരാം. ഉത്തരവാദിത്വങ്ങൾ നിറവേറുന്നതിൽ ജാഗ്രതക്കുറവുണ്ടാവുന്നതാണ്. പരിശ്രമം പകുതിയിൽ ഉപേക്ഷിച്ചേക്കാം. ശുക്രബുധാദി ഗ്രഹങ്ങളാൽ മനസ്സന്തോഷവും സ്ത്രീകളുടെ പിന്തുണയും വന്നെത്തും. നൂതന ഗൃഹോപകരണങ്ങൾ വാങ്ങുന്നതാണ്. ഊഹക്കച്ചവടം, ഇൻഷ്വറൻസ്, ചിട്ടി കൈവായ്പ, മുതലായവയിൽ നിന്നും അധികവരുമാനം കൈവന്നേക്കും. മകരക്കൂറുകാർക്ക് വരവിലധികം ചെലവേർപ്പെടുന്നതായിരിക്കും. കുടുംബവസ്തുക്കളെച്ചൊല്ലി തർക്കം ഉണ്ടാവാം. കലാപഠനത്തിന് അവസരം ലഭിക്കുന്നതാണ്.

തിരുവോണം

പന്ത്രണ്ടാമെടം, ജന്മരാശി എന്നിവയിലായി ഗ്രഹാധിക്യം ഉണ്ടാവുന്നതിനാൽ പൊതുവേ മാനസിക സമ്മർദ്ദം ഭവിക്കുന്ന കാലമാണ്. മറ്റുള്ളവർക്ക് തൻ്റെ മേൽ സ്വാധീനമേറും. സ്വതന്ത്രമായി അഭിപ്രായം പറയുവാനോ പ്രവർത്തിക്കാനോ കഴിഞ്ഞേക്കില്ല. തൊഴിലിൽ വരവ് കുറയും. എന്നാൽ അദ്ധ്വാനവും അലച്ചിലും ഏറുന്നതാണ്. ഉദ്യോഗസ്ഥർക്കും ചില കൈപ്പിഴകൾ സംഭവിക്കാം. സമയബന്ധിതമായി ചുമതലകൾ പൂർത്തീകരിക്കുവാൻ കഴിയാത്തതിനാൽ മേലധികാരികളുടെ അപ്രീതിയുണ്ടാവും. കുടുംബജീവിതം സ്വച്ഛന്ദമായേക്കും. പുതിയ സംരംഭങ്ങൾക്ക് ഇപ്പോൾ മുതൽ മുടക്കാതിരിക്കുക അഭികാമ്യം. ആരോഗ്യപരിപാലനത്തിൽ ജാഗ്രത കുറയ്ക്കരുത്.

അവിട്ടം

ജന്മനക്ഷത്രനാഥനായ ചൊവ്വ ഉച്ചത്തിൽ വരുന്നതിൻ്റെ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ആത്മധൈര്യം വർദ്ധിക്കും. എതിർപ്പുകൾ കുറയാം. അവയെ അവഗണിക്കുവാനും സന്നദ്ധനാകുന്നതാണ്. കുടുംബത്തോടൊപ്പം  ചെലവഴിക്കാൻ സമയമോ സന്ദർഭമോ കിട്ടണമെന്നില്ല. തൊഴിൽപരമായ യാത്രകൾ കൂടുന്നതാണ്. മംഗളകാര്യങ്ങൾക്കായി ചെലവ് ഏറും. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയും ചെലവ് അധികരിച്ചേക്കാം. ഇൻഷ്വറൻസ് മൂലമോ നിക്ഷേപങ്ങളിൽ നിന്നും കടമെടുക്കൽ മൂലമോ പണം വന്നുചേരും. വസ്തുവിൽക്കാനുള്ള ശ്രമം ഭാഗികമായി വിജയിച്ചേക്കാം. ജീവിതശൈലിരോഗങ്ങൾ - പ്രമേഹം, രക്തസമ്മർദ്ദം ഇത്യാദി - ഉപദ്രവിക്കാൻ സാധ്യതയുണ്ട്. സാങ്കേതിക പ്രവൃത്തികൾ ചെയ്യുന്നവർക്ക് നല്ല അവസരങ്ങൾ പ്രതീക്ഷിക്കാം.

ചതയം

ലക്ഷ്യം നേടുവാൻ കഠിനമായ അദ്ധ്വാനം അനിവാര്യമായ കാലഘട്ടമാണ്. പ്രതികൂല സാഹചര്യങ്ങളാവും കൂടുതലും. ഉയർന്ന പദവിയിലുള്ളവരുടെ വിരോധം സമ്പാദിക്കുന്ന സ്ഥിതി വരാം. സർക്കാർ കാര്യങ്ങളിൽ നേട്ടം എളുപ്പമാവില്ല. വ്യാപാരരംഗം ഉദാസീനമാകുന്നതാണ്. വായ്പകൾക്ക് അനുമതി നീണ്ടേക്കാം. പിതൃസ്വത്ത് സംബന്ധിച്ച വ്യവഹാരങ്ങളിൽ വിജയിക്കുക ക്ലേശകരമാവും. ദിവസ വേതനക്കാർക്ക് എന്നും ജോലി ലഭിച്ചേക്കാം. ഏജൻസികളിൽ നിന്നും ആദായം പ്രതീക്ഷിച്ചതിലധികമാവും. വീടുവിട്ടുനിൽക്കേണ്ട സന്ദർഭം ഉണ്ടാകുന്നതാണ്. ഉഷ്ണരോഗങ്ങൾ, രക്തസമ്മർദ്ദം, വിഷാദാവസ്ഥ എന്നിവ ബാധിക്കാം. വസ്തുപണയപ്പെടുത്തി ചില കടങ്ങൾ വീട്ടേണ്ടി വരുന്നതാണ്.

പൂരൂരുട്ടാതി

മാസാരംഭത്തിൽ ചില അനുകൂലതകൾ പ്രതീക്ഷിക്കാം. സ്ത്രീകളുടെ പിന്തുണ, ധനസഹായം എന്നിവ ഉണ്ടാവും. തൊഴിലിൽ നിന്നും ന്യായമായ വരുമാനം വന്നു ചേരും. ഭൂമിവ്യാപാരം ഗുണകരമായിരിക്കും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ മാനസിക പിരിമുറുക്കത്തിന് സാധ്യത കാണുന്നു. പല പ്രശ്നങ്ങൾക്കും പോംവഴി തെളിയില്ല. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധയുണ്ടാവില്ല. പരീക്ഷാ തയ്യാറെടുപ്പുകളിൽ അലസരാവും. ജോലി തേടി അന്യദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് നല്ല അവസരമുണ്ടാകും. കടം വാങ്ങി ചെലവ് നടത്തേണ്ട സാഹചര്യം തള്ളിക്കളയാനാവില്ല. രാഷ്ട്രീയകാര്യങ്ങളിൽ കലഹമുണ്ടാകാം. മീനക്കൂറുകാരായ പൂരൂരുട്ടാതി നാളുകാർക്ക് ക്ഷേമപ്രദമായ സാഹചര്യമാണ്.

ഉത്രട്ടാതി

സൂര്യൻ, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങളുടെ പതിനൊന്നാം ഭാവത്തിലെ സഞ്ചാരത്താൽ മാസാദ്യം നാനാപ്രകാരേണ ഗുണാനുഭവങ്ങൾ ഉണ്ടാകുന്നതാണ്. എതിർചേരിയിൽ നിലയുറപ്പിച്ചവർ സ്വന്തം പക്ഷത്തെത്തും. ഭൂമിയിൽ നിന്നും ആദായമുണ്ടാകും. സാമ്പത്തിക തടസ്സങ്ങൾ നീങ്ങുന്നതാണ്.  കർമ്മരംഗത്ത് ഉന്മേഷം അനുഭവപ്പെടും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ സിദ്ധിച്ചേക്കും. ഇഷ്ടവസ്തുക്കൾ വാങ്ങുകയോ പാരിതോഷികമായി ലഭിക്കുകയോ ചെയ്യും. പ്രണയികൾക്ക് സന്തോഷിക്കാനുള്ള സാഹചര്യം സംജാതമാകുന്നതാണ്. രണ്ടാം പകുതിയിൽ ചെറിയ സ്വൈരക്കേടുകൾ വരാം. യാത്രകൾ വേണ്ടി വരുന്നതാണ്. ദേഹക്ഷീണം, ഉഷ്ണരോഗങ്ങൾ ഇവ അനുഭവപ്പെടാം.

രേവതി

കഴിഞ്ഞ കുറച്ചുകാലത്തിനു ശേഷം അല്പമെങ്കിലും ഗ്രഹാനുകൂല്യം അനുഭവപ്പെടുന്ന കാലഘട്ടമാണ്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ കാലവിളംബം സ്വാഭാവികമായി മാറിയേക്കും. പ്രയത്നങ്ങൾ വൃഥാവിലാവില്ല. തൊഴിൽ ചെറുതോ വലുതോ ആകട്ടെ അദ്ധ്വാനത്തിന് ആദരവും അർഹമായ പ്രതിഫലവും സിദ്ധിക്കുന്നതാണ്. സുഹൃത്തുക്കളുടെയും സ്ത്രീകളുടെയും പിന്തുണ പ്രതീക്ഷിക്കാം. ദാമ്പത്യത്തിൽ സ്വസ്ഥത വന്നുചേരും. ഇഷ്ടജനങ്ങളുമായി ഒത്തുചേരാനാവും. കലാരംഗത്തുള്ളവർക്ക് അർഹമായ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. വിദ്യാർത്ഥികൾക്ക് ദിശാബോധവും പഠനാഭിമുഖ്യവും ഭവിക്കുന്നതാണ്. മാസാന്ത്യത്തിൽ തൊഴിൽപരമായും ആരോഗ്യപരമായും ജാഗ്രത പുലർത്തണം.

Also Read: ശുക്രൻ ധനുരാശിയിലേക്ക്, അശ്വതി മുതൽ രേവതി വരെയുള്ളവരെ എങ്ങനെ ബാധിക്കും?

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: