scorecardresearch

ചൊവ്വയുടെ മാറ്റം നിങ്ങളെ എങ്ങനെ ബാധിക്കും? അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രക്കാരുടെ സമ്പൂർണ്ണ ഫലം

ഒന്നര വർഷത്തിൽ ഒരിക്കലാണ് ചൊവ്വ മകരത്തിൽ-തന്റെ ഉച്ചരാശിയിൽ എത്തുന്നത്. ചൊവ്വയുടെ കാരക ധർമ്മങ്ങളിൽ ഭൂമി സംബന്ധിച്ചവ, അഗ്നി കാര്യങ്ങൾ, പോലീസ്, പട്ടാളം, സഹോദരത്വം, ദേഹബലം, ധൈര്യം, സാഹസികത, മത്സരം, അധികാരം എന്നിവ ഉൾപ്പെടും.

ഒന്നര വർഷത്തിൽ ഒരിക്കലാണ് ചൊവ്വ മകരത്തിൽ-തന്റെ ഉച്ചരാശിയിൽ എത്തുന്നത്. ചൊവ്വയുടെ കാരക ധർമ്മങ്ങളിൽ ഭൂമി സംബന്ധിച്ചവ, അഗ്നി കാര്യങ്ങൾ, പോലീസ്, പട്ടാളം, സഹോദരത്വം, ദേഹബലം, ധൈര്യം, സാഹസികത, മത്സരം, അധികാരം എന്നിവ ഉൾപ്പെടും.

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mars Horoscope

Astrological predictions for Malayalam stars during Mars ascent to Capricorn

Horoscope: 2024 ഫെബ്രുവരി 5 ന്, 1199 മകരം 22 ന് ചൊവ്വ ധനുരാശിയിൽ നിന്നും തന്റെ ഉച്ചരാശിയായ മകര രാശിയിലേക്ക് സംക്രമിക്കുന്നു. മാർച്ച് 15 വരെ (മീനം 2 വരെ) ചൊവ്വ മകര രാശിയിൽ തുടരുന്നതാണ്. 

Advertisment

മകര രാശിയിൽ ഉത്രാടം (മുക്കാൽ), തിരുവോണം (മുഴുവൻ) അവിട്ടം (പകുതി) എന്നീ നക്ഷത്രങ്ങൾ / നക്ഷത്രമണ്ഡലങ്ങൾ ഉണ്ട്. മകരം രാശിയിൽ ചൊവ്വ ഒരു നിശ്ചിത കാലയളവ് വീതം ഈ നക്ഷത്രങ്ങളിലൂടെയും സഞ്ചരിക്കുന്നു. ഫെബ്രുവരി 18/കുംഭം 5 വരെ ഉത്രാടത്തിലും തുടർന്ന് മാർച്ച് 7/ കുംഭം 23 വരെ തിരുവോണത്തിലും അതിനുശേഷം അവിട്ടം നക്ഷത്രത്തിലും സഞ്ചരിക്കുന്നതാണ്. 

സൂര്യൻ, ബുധൻ, ശുക്രൻ, ചന്ദ്രൻ എന്നീ ഗ്രഹങ്ങളുമായി ചൊവ്വയ്ക്ക് മകരം രാശിയിൽ യോഗം സംഭവിക്കുന്നുണ്ട്. ചൊവ്വയെ, ഏറ്റക്കുറച്ചിലൂടെ ഇക്കാലയളവിൽ പ്രസ്തുത ഗ്രഹങ്ങളും സ്വാധീനിക്കുന്നുണ്ട്. മകരച്ചൊവ്വയുടെ ഫലം ചിന്തിക്കുമ്പോൾ അതും പരിഗണിക്കപ്പെടുന്നു. ഗ്രഹങ്ങളുടെ ബലം നൂറുശതമാനത്തിൽ എത്തുന്നത് അവ ഉച്ചക്ഷേത്രത്തിൽ സഞ്ചരിക്കുമ്പോഴാണ്. ചൊവ്വ ശരാശി ഒന്നര മാസം (45 ദിവസം) ഒരു രാശിയിൽ സഞ്ചരിക്കും. 

ഒന്നര വർഷത്തിൽ അഥവാ പതിനെട്ട് മാസത്തിൽ ഒരിക്കലാണ് ചൊവ്വ മകരത്തിൽ-തന്റെ ഉച്ചരാശിയിൽ എത്തുന്നത്. ചൊവ്വയുടെ കാരക ധർമ്മങ്ങളിൽ ഭൂമി സംബന്ധിച്ചവ, അഗ്നി കാര്യങ്ങൾ, പോലീസ്, പട്ടാളം, അഗ്നിശമന സേന എന്നീ വിഭാഗങ്ങൾ, (അവയിൽ ജോലി ചെയ്യുന്നവർ), സഹോദരത്വം, ദേഹബലം, ധൈര്യം, സാഹസികത, മത്സരം, അധികാരം എന്നിവ ഉൾപ്പെടും. വ്യക്തികളുടെ ഏതേതു ഭാവത്തിലാണ് ചൊവ്വ നിൽക്കുന്നത് എന്നതനുസരിച്ച് ആ ഭാവത്തിന്റെ ഫലവും അനുഭവത്തിൽ വരുന്നതാണ്.   

Advertisment

ഗോചര ഫലം ചിന്തിക്കുമ്പോൾ 3, 6, 11 എന്നീ മൂന്നു ഭാവങ്ങളിൽ സഞ്ചരിക്കുമ്പോൾ മാത്രമാണ് ചൊവ്വ ഏറ്റവും അനുകൂലനാവുന്നത്. അപ്രകാരം നോക്കിയാൽ വൃശ്ചികം, ചിങ്ങം, മീനം എന്നീ മൂന്നു കൂറുകാർക്കാണ് മകരത്തിലെ ചൊവ്വ പൂർണ ഗുണദാതാവ് ആകുന്നത്.  ജന്മ രാശി, എട്ടാമെടം, പന്ത്രണ്ടാമെടം എന്നിവയിൽ സഞ്ചരിക്കുമ്പോൾ ചൊവ്വ അശുഭദാതാവും ആകും. അതായത് മകരക്കൂറ്, കുംഭക്കൂറ്, മിഥുനക്കൂറ് എന്നിവയിൽ ജനിച്ചവർക്ക് ചൊവ്വയുടെ ഈ രാശിമാറ്റം പ്രതികൂലമായിരിക്കുമെന്ന് ഊഹിക്കാം. മറ്റുരാശിക്കാർക്കും ചൊവ്വയുടെ മകരരാശി സഞ്ചാരം ദോഷപ്രദം തന്നെയാണ്. നേരിയ ഗുണാനുഭവങ്ങളും ഉണ്ടാകുമെന്ന് മാത്രം.

ചൊവ്വ ഉച്ചരാശിയിൽ സഞ്ചരിക്കുകയാൽ ഗുണാനുഭവങ്ങൾ കൂടും എന്നത് പ്രസ്താവ്യമാണ്. പാപഗ്രഹമാണെങ്കിലും ഉച്ചരാശിയിൽ സഞ്ചരിക്കുമ്പോൾ ആ ഗ്രഹത്തിന്റെ ക്രൂരത കുറയും എന്നാണ് പണ്ഡിതന്മാർ വ്യക്തമാക്കുന്നത്. അതിനാൽ ദോഷാനുഭവം സാമാന്യമായിട്ടാവും ഫലത്തിൽ വരിക എന്നും കരുതുന്നതിൽ യുക്തിയുണ്ട്. 

ഈ വസ്തുകൾ മുൻനിർത്തി മേടക്കൂറ് മുതൽ മീനക്കൂറ് വരെയുള്ള പന്ത്രണ്ട്  കൂറുകളിൽ ജനിച്ച അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാർക്കും മകരത്തിലെ ചൊവ്വ നൽകുന്ന അനുഭവങ്ങൾ (Astrology) പരിശോധിക്കാം.

Read Here

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)

മേടക്കൂറിന്റെ അധിപനാണ് ചൊവ്വ. കൂറിന്റെ അധിപഗ്രഹം ഉച്ചത്തിലെത്തുന്നത് സ്വാഭാവികമായും ആ കൂറിൽ ജനിച്ചവർക്ക് ഗുണകരമാവും. പലതരം നേട്ടങ്ങൾ പ്രതിക്ഷിക്കാവുന്ന കാലമായിരിക്കും. ആത്മവിശ്വാസം ഉയരും. വ്യക്തിപരമായും കർമ്മരംഗത്തും ശോഭിക്കാനാവും. സമൂഹത്തിന്റെ ആദരവും അംഗീകാരവും ലഭിക്കുന്നതാണ്. പൊതുപ്രവർത്തകർക്ക് എതിർപ്പുകളെ അതിജീവിച്ച് മുന്നേറാൻ കഴിഞ്ഞേക്കും. മത്സരങ്ങളിൽ മുന്നേറും. നേതൃപദവി ലഭിക്കുന്നതാണ്. യാത്രകൾ കൊണ്ട് പ്രയോജനമുണ്ടാകും. വിദേശത്ത് ഉന്നതപഠനത്തിന് അവസരം സിദ്ധിക്കും. നല്ല അവസരങ്ങൾ വരും. ബുദ്ധിപൂർവ്വം അവ പ്രയോജനപ്പെടുത്തുന്നതായിരിക്കും.

ഇടവക്കൂറിന് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)

ഇടവക്കൂറിന് ഏഴാം ഭാവാധിപനായ ചൊവ്വ ഉച്ചത്തിൽ ഭാഗ്യസ്ഥാനത്ത് വന്നിരിക്കുകയാൽ ഭാഗ്യാനുഭവങ്ങൾ ഉണ്ടാവും. ജീവിതപങ്കാളിയിൽ നിന്നും ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. അവിവാഹിതർക്ക് വിവാഹാലോചനകളിൽ പുരോഗതി വരുന്നതാണ്. പിതാവിൽ നിന്നും ആനുകൂല്യമുണ്ടാവും. പിതൃസ്വത്ത് സംബന്ധിച്ച തർക്കത്തിൽ സഹോദരരുമായി അനുരഞ്ജനത്തിലാവുന്നതാണ്. പന്ത്രണ്ടാം ഭാവാധിപത്യം കൂടി ചൊവ്വയ്ക്ക് ഉള്ളതിനാൽ നല്ല കാര്യങ്ങൾ സംബന്ധിച്ച് ചെലവേർപ്പെടുന്നതാണ്. ഭൂമി വാങ്ങാനോ വിൽക്കാനോ അവസരമുണ്ടാകും. ദൂരദിക്കിൽ നിന്നും നേട്ടങ്ങൾ ഉണ്ടായേക്കാം. ആത്മീയ യാത്രകൾക്ക് അവസരം ലഭിക്കുന്നതാണ്.

മിഥുനക്കൂറിന് (മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം മുക്കാൽ)

അഷ്ടമഭാവത്തിൽ ആണ് ചൊവ്വയുടെ ഉച്ചസ്ഥിതി ഭവിച്ചിരിക്കുന്നത്. അഷ്ടമം അഥവാ എട്ടാമെടം പ്രതികൂല ഭാവമാണ്. എന്നാൽ ചൊവ്വ ഉച്ചസ്ഥനാവുകയാൽ ദോഷങ്ങൾ കുറയുകയോ താൽകാലികമായ ചില ക്ലേശങ്ങൾക്ക് മാത്രം കാരണമാവുകയോ ചെയ്യും. ശത്രുക്കളുടെ ഭാഗത്തു നിന്നും  ഭീഷണികൾ ഉണ്ടായേക്കാം. രക്തസമ്മർദ്ദാദി രോഗങ്ങൾ വർദ്ധിക്കാനിടയുണ്ട്. കടം വാങ്ങി കടം വീട്ടാനുള്ള ശ്രമം നടത്തുന്നതാണ്. ഭൂമി സംബന്ധിച്ച ചില തർക്കങ്ങൾക്ക് സാധ്യത കാണുന്നു. വ്യവഹാരങ്ങൾ ഉണ്ടാവാം. എന്നാൽ കൃഷിയിലും കച്ചവടത്തിലും ലാഭവും ചടുലമായ നീക്കങ്ങളിലൂടെ നേട്ടങ്ങളും വരാം. ഇൻഷ്വറൻസ്, ഭൂമി / സ്വർണം പണയപ്പെടുത്തൽ, സഹോദരർ നൽകുന്നത് ഇത്യാദികളാൽ ധനം കൈവശം വന്നെത്തും.

കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)

ഏഴാം ഭാവത്തിലാണ് ചൊവ്വയുടെ സഞ്ചാരം. മക്കളുടെ കാര്യത്തിൽ - അവരുടെ പഠനം, വിവാഹം ഇത്യാദികളിൽ- ചില ഗുണാനുഭവങ്ങൾ ഉണ്ടാവും. തൊഴിൽ രംഗത്തെ ആലസ്യം നീങ്ങുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ആദായമാർഗം തുറന്നു കിട്ടുന്നതാണ്. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചേക്കും. വായ്പ ലഭിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റമോ പുതിയ ചുമതലകളോ വേതന വർദ്ധനവോ ഉണ്ടാകും. പ്രണയികൾക്ക് അനുകൂലമായ കാലമല്ല. ദമ്പതികൾക്കിടയിൽ അനൈക്യം വരാം. കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറുന്നതാണ്. യാത്രകളിൽ നിന്നും പ്രതീക്ഷിച്ച നേട്ടം ലഭിക്കണമെന്നില്ല. ചിലർക്ക് ഹിതോപദേശം ചെയ്യാനായേക്കും. കാര്യാലോചനകളിൽ അഭിപ്രായം ശ്രദ്ധിക്കപ്പെടും.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)

ആറാമെടത്ത് ചൊവ്വ ഉച്ചനായി സഞ്ചരിക്കുകയാൽ ആത്മശക്തി ഉയരും. പ്രശ്നങ്ങളെ ധൈര്യപൂർവ്വം നേരിടുന്നതാണ്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കും. 
 ഭൂമി വാങ്ങുക / ഗൃഹനിർമ്മാണം തുടങ്ങുക ഇവയ്ക്ക് സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങാൻ ശ്രമിക്കുന്നുവർക്ക് അതിനവസരം വരും. കൃഷിയിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് സർക്കാർ ധനസഹായം ലഭിച്ചേക്കാം. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്.  പിണങ്ങി നിൽക്കുന്നവർക്ക് വീട്ടിലേക്ക് മടങ്ങാനാവും. കുടുംബബന്ധം കൂടുതൽ സ്നേഹപൂർണമാകും. ഉപരിപഠനത്തിന് അവസരം ലഭിക്കും. കടബാധ്യതയുള്ളവർക്ക് അതു പരിഹരിക്കാൻ വഴി തെളിയുന്നതാണ്. ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം.

കന്നിക്കൂറിന് (ഉത്രം മുക്കാൽ, അത്തം, ചിത്തിര 1, 2 പാദങ്ങൾ)

അഞ്ചാം ഭാവത്തിൽ ചൊവ്വ ഉച്ചസ്ഥനായി സഞ്ചരിക്കുന്നതിനാൽ മക്കളെ സംബന്ധിച്ച ചില പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവും. സാങ്കേതിക കാര്യങ്ങളിൽ നല്ല ഉപദേശം ലഭിച്ചേക്കും. തൽസംബന്ധമായ വിജ്ഞാനം നേടാനും കഴിയുന്നതാണ്. ഉന്നതരുടെ സഹായം വലിയൊരു കൈത്താങ്ങാകും. സഹോദരരുമായുള്ള അനൈക്യത്തിന് പരിഹാരം സിദ്ധിച്ചേക്കും. കിടപ്പ് രോഗികൾക്ക് ആശ്വാസമുണ്ടാകുന്നതാണ്. കള്ളക്കേസിൽ പെട്ടുപോയവർക്ക് ജാമ്യം / മോചനം ലഭിക്കും. തടസ്സപ്പെട്ട സമ്പാദ്യം അനുഭവത്തിലെത്തും. സാഹിത്യപ്രവർത്തനത്തിന് അംഗീകാരം തേടിവരും. ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. സമയോചിതമായ വൈദ്യസഹായം തേടാൻ മടിക്കരുത്.

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം മുക്കാൽ)

നാലാം ഭാവത്തിലാണ് ചൊവ്വ ഉച്ചം പ്രാപിച്ചിരിക്കുന്നത്. തന്മൂലം മനസ്സുഖമുണ്ടാവും. മാതാവിൽ നിന്നും കൂടുതലായി ആനുകൂല്യമുണ്ടാവും. കുറച്ചുനാളായി മനസ്സിനെ വിഷമിപ്പിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് പരിഹാരം കാണാനാവും. ബന്ധുക്കൾ പിണക്കം തീർന്ന് ഇണക്കത്തിലാവുന്നതാണ്. ദമ്പതികൾ തമ്മിലെ പ്രശ്നങ്ങൾ ഒട്ടൊക്കെ പരിഹൃതമാവും. പുതിയ പാർട്ണർഷിപ്പ് ബിസിനസ്സ് തുടങ്ങാനുള്ള ശ്രമം വിജയിച്ചേക്കും. വിദേശത്ത് പോകാൻ അവസരം തുറക്കപ്പെടുന്നതാണ്. അതിരുതർക്കവും അയൽ വഴക്കുകളും രാജിയാവും. ധനവരവ് മെച്ചപ്പെടും. ഉദ്യോഗസ്ഥർക്ക് നാനാപ്രകാരേണ ഉയർച്ചയുണ്ടാകുന്നതാണ്. സുഹൃത്തുക്കളുമായിച്ചേർന്ന് ദീർഘയാത്ര, പുതുസംരംഭം ഇവയെല്ലാം സാധ്യതകളാണ്.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)

ചൊവ്വ ഉച്ചം പ്രാപിച്ചിരിക്കുന്നത് അനുകൂല ഭാവമായ മൂന്നാമെടത്തിലാണ്. കൂടാതെ വൃശ്ചികക്കൂറിൻ്റെ അധിപനുമാണ് ചൊവ്വ എന്നതും പ്രസ്താവ്യം. അതിനാൽ ഇഷ്ടകാര്യങ്ങൾ തടസ്സമില്ലാതെ നടക്കും. സമൂഹത്തിലെ പ്രധാനപ്പെട്ട വ്യക്തികളുടെ പിന്തുണ നേടാനാവുന്നതാണ്. സ്വന്തം തൊഴിലിൽ നിന്നും നല്ല വരുമാനം ഭവിക്കും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. ആജ്ഞാശക്തി ഏറുന്നതാണ്. ദുർഘട പ്രശ്നങ്ങളുടെ കുരുക്കഴിക്കും.  ഗവേഷണ നൈപുണ്യം പ്രശംസിക്കപ്പെടും. ഗാർഹികജീവിതത്തിൽ സുഖവും സംതൃപ്തിയും ഉണ്ടാകുന്നതാണ്. പൊതു പ്രവർത്തനത്തിൽ അപ്രമാദിത്വം തുടരും. കിടപ്പ് രോഗികൾക്ക് ആശ്വാസമുണ്ടാകും. വരുമാനം അഭംഗുരമായി വന്നെത്തുന്നതാണ്. ഭാവിക്ക് പ്രയോജനമുള്ള കാര്യങ്ങൾ ചെയ്യാനായേക്കും.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

ജന്മരാശിയുടെ രണ്ടാം ഭാവത്തിൽ ചൊവ്വ ഉച്ചസ്ഥനാകയാൽ  കുടുംബസൗഖ്യം ഭവിക്കുന്നതാണ്. ഇഷ്ടാനിഷ്ടങ്ങൾ മുഖത്തുനോക്കിപ്പറയുവാൻ മടിക്കില്ല. ഉന്നതരുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരാവും.  ബിസിനസ്സിൽ ആശാവഹമായ പുരോഗതി ദൃശ്യമാകുന്നതാണ്. വിലയേറിയ ഇല്ക്ട്രോണിക് ഉപകരണങ്ങൾ / ആഢംബര വസ്തുക്കൾ വാങ്ങും. ഉപജാപങ്ങളെ തിരിച്ചറിയാനാവും. ഗൃഹനിർമ്മാണം പൂർത്തീകരിക്കപ്പെടും. ഉദ്യോഗത്തിനായുള്ള പരീക്ഷകളിൽ / അഭിമുഖങ്ങളിൽ തിളങ്ങാൻ കഴിയും. നിക്ഷേപങ്ങളിൽ നിന്നും വരുമാനം വർദ്ധിക്കുന്നതാണ്. പുതിയ ഏജൻസികൾ ഏറ്റെടുക്കാനുള്ള ശ്രമം ഫലിച്ചേക്കും.

മകരക്കൂറിന് (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)

ജന്മരാശിയിൽ / കൂറിൽ ചൊവ്വ സഞ്ചരിക്കുന്നു, ഒപ്പം പാപഗ്രഹമായ സൂര്യനും ഉണ്ട്. അതിനാൽ വ്യക്തിപരമായും കർമ്മപരമായും സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. കായികാധ്വാനം ഏറിയേക്കും.  വീഴ്ച, മുറിവ്, അപകടം ഇവ സാധ്യതകളാണെന്നത് ഓർമ്മയിലുണ്ടാവണം. അപ്രസക്തമായ കാര്യങ്ങൾക്കായി ഊർജ്ജവും സമയവും ചിലവഴിക്കും. ചെറിയ നേട്ടങ്ങൾക്ക് കൂടുതൽ വിയർപ്പൊഴുക്കേണ്ട സ്ഥിതിയുണ്ട്. മക്കളിൽ നിന്നും ധനം, വസ്ത്രം, പാരിതോഷികം എന്നിവ ലഭിച്ചേക്കാം. രാഷ്ട്രീയവിവാദങ്ങളിൽ സജീവമായ സാന്നിദ്ധ്യമായിരിക്കും. അന്യർക്കായി പ്രവർത്തിക്കുന്നതിനിടയിൽ സ്വന്തം കാര്യം മറക്കാനിടയുണ്ട്.

കുംഭക്കൂറിന് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരൂരുട്ടാതി മുക്കാൽ) 

പന്ത്രണ്ടാമെടത്ത് ചൊവ്വയ്ക്ക് ഉച്ചം ഭവിച്ചിരിക്കുന്നു. മൂന്ന്, പത്ത് എന്നീ ഭാവങ്ങളുടെ അധിപനാണ്, കുംഭക്കൂറുകാർക്ക് കുജൻ. ചെലവ് കൂടുന്നതായി അനുഭവപ്പെടും. പക്ഷേ അത് പ്രയോജനമുള്ള കാര്യങ്ങൾക്കാവും. കുടുംബാംഗങ്ങളുടെ, വിശിഷ്യാ സഹോദരരുടെ സഹായം കൈവരും. ദുർഘടങ്ങളെ സാഹസികമായി മറികടക്കുന്നതാണ്.  തൊഴിൽ രംഗത്ത് ഉണർവ്വുണ്ടാവും. കച്ചവടം വിപുലീകരിക്കാൻ സാധിക്കും. കച്ചവടസ്ഥലം വാങ്ങാനുള്ള ശ്രമങ്ങൾ വിജയിക്കുന്നതാണ്. തൊഴിൽ തേടുന്നവർക്ക് പ്രതീക്ഷിച്ച വിധം അവസരം തുറന്നുകിട്ടാം. ഉദ്യോഗത്തിൽ ഉയർച്ചയ്ക്ക് വഴിതെളിയുന്നതാണ്. യാത്രകൾ കൊണ്ട് ഗുണമുണ്ടാകും. അന്യനാട്ടിൽ കഴിയുന്നവർക്ക് ജോലിയിൽ അഭ്യുദയം സംഭവിക്കാം.

മീനക്കൂറിന് (പൂരൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി) 

പതിനൊന്നാമെടത്താണ് ചൊവ്വ ഉച്ചസ്ഥൻ. മീനക്കൂറുകാർക്ക് അനുകൂല ഗ്രഹവുമാണ് ചൊവ്വ എന്നത് പ്രധാനമത്രെ! ആകയാൽ പലതരം ഭാഗ്യാനുഭവങ്ങൾ ഉണ്ടാവും. ധനസ്ഥിതി ഉയരുന്നതായിരിക്കും. വിദ്യാഭ്യാസത്തിൽ മികവ് പുലർത്തും. കുടുംബാന്തരീക്ഷം ഐശ്വര്യപൂർണമാകുന്നതാണ്. തൊഴിൽ രംഗത്ത് അംഗീകാരമുണ്ടാവും. സംരംഭങ്ങളിൽ നിന്നും ആദായമുണ്ടാവും. പിതാവിൻ്റെ പദവി, തൊഴിൽ ഇവ ഉയരും. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. പിതൃസ്വത്തുക്കളിൽ അനുകൂല വിധി  /  അവകാശം സിദ്ധിക്കും. വസ്തുവാങ്ങാനുള്ള ശ്രമത്തിൽ വിജയിക്കുന്നതാണ്. ഭോഗം, ദേഹസുഖം, മത്സര വിജയം, സ്ഥാനോന്നതി, സഹോദരപ്രീതി തുടങ്ങിയവ പ്രതീക്ഷിക്കാം. .കടബാധ്യതകളാൽ വലയുന്നവർക്ക് മോചനത്തിനുള്ള വഴി തെളിയുന്നതാണ്.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: