scorecardresearch

വാരഫലം, മകം മുതൽ തൃക്കേട്ട വരെ; February 4-10, 2024, Weekly Horoscope

Weekly Horoscope: ഫെബ്രുവരി 4 ഞായറാഴ്ച മുതൽ 10 -ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെ.

Weekly Horoscope: ഫെബ്രുവരി 4 ഞായറാഴ്ച മുതൽ 10 -ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെ.

author-image
S. Sreenivas Iyer
New Update
  Weekly Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

Astrology: ആദിത്യൻ മകരം രാശിയിൽ അവിട്ടം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിലാണ്. വെള്ളിയാഴ്ച (ഫെബ്രുവരി 9 ന്) അമാവാസിയും ശനിയാഴ്ച മാഘമാസ/ശുക്ലപക്ഷ ആരംഭവും വരുന്നു. അനിഴം മുതൽ അവിട്ടം വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് (വൃശ്ചികം, ധനു, മകരം എന്നീ രാശികളിലൂടെയാണ്) ചന്ദ്രയാത്ര. 

Advertisment

ചൊവ്വ ഫെബ്രുവരി 5 ന് മകരം രാശിയിൽ പ്രവേശിക്കുന്നു. ചൊവ്വയുടെ ഉച്ചരാശിയാണ് മകരം എന്നത് പ്രസ്താവ്യം. ബുധൻ മകരം രാശിയിലും ശുക്രൻ ധനുരാശിയിലുമായി സഞ്ചരിക്കുന്നു. 

ശനി കുംഭം രാശിയിലും വ്യാഴം മേടത്തിലും രാഹു മീനത്തിലും കേതു കന്നിയിലും തുടരുന്നു.  പഞ്ചതാരാഗ്രഹങ്ങൾക്ക് മൗഢ്യം, വക്രഗതി തുടങ്ങിയവ ഇല്ല. അഷ്ടമരാശിക്കൂറ് നോക്കാം. ഞായറും തിങ്കളും മേടക്കൂറുകാർക്കും, ചൊവ്വയും ബുധനും വ്യാഴം പ്രഭാതം വരെയും ഇടവക്കൂറുകാർക്കും തുടർദിവസങ്ങളിൽ മിഥുനക്കൂറുകാർക്കും അഷ്ടമ രാശിക്കൂറ് വരുന്നു. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ വാരഫലം ഇവിടെ പരിശോധിക്കാം.

Read More Horoscope Stories Here

Advertisment

മകം

നല്ല അനുഭവങ്ങൾക്ക് മുൻതൂക്കമുണ്ടാവുന്ന വാരമാണ്. ആലോചിച്ച് വെച്ചിരുന്ന കാര്യങ്ങൾ നിർവഹണത്തിലെത്തും.
ഗാർഹിക രംഗത്ത് സമാധാനം പ്രതീക്ഷിക്കാം. അറ്റകുറ്റപ്പണി പൂർത്തിയായി വീട്ടിൽ താമസം പുനരാരംഭിക്കാനായേക്കും. സുഹൃത്തുക്കളിൽ നിന്നും സഹായം ഉണ്ടാവുന്നതാണ്. തൊഴിൽ കരാറുകൾ പുതുക്കപ്പെടും. ഏജൻസി പ്രവർത്തനം വിപുലീകരിച്ചേക്കും. സാഹിത്യപ്രവർത്തനം പുഷ്ടിപ്പെടുന്നതാണ്. അനാവശ്യച്ചെലവുകൾ ഉണ്ടാവാനിടയുണ്ട്. വിശ്രമം കുറയും.

പൂരം

നക്ഷത്രനാഥനായ ശുക്രൻ്റെ അഞ്ചാം ഭാവത്തിലെ സഞ്ചാരം ഭാവനയെ ഉണർത്തും. സൃഷ്ടിപരതയേറുന്നതാണ്. ചൊവ്വയും ആദിത്യനും ആറിൽ സഞ്ചരിക്കുകയാൽ അജയ്യതയുണ്ടാകും. കർമ്മമേഖലയിലെ ശത്രുക്കൾ പിൻവാങ്ങുന്നതാണ്. വ്യക്തിപരമായ മികവുകൾക്ക് അംഗീകാരം സിദ്ധിക്കും. പുതിയ ആശയങ്ങൾ അവതരിപ്പിക്കാനാവും. കച്ചവടക്കാർ ഉപഭോക്താക്കളുടെ പ്രീതി സമ്പാദിച്ചേക്കും. കുടുംബാംഗങ്ങൾക്കിടയിൽ പരസ്പര ധാരണ വർദ്ധിക്കുന്നതാണ്. അഷ്ടമരാഹു പ്രതിബന്ധങ്ങൾക്ക് കാരണമാകാം. ധനാഗമം സംതൃപ്തിയുണ്ടാക്കും.

ഉത്രം

ഏതുകാര്യത്തിലും സന്ദിഗ്ദ്ധത ഉണ്ടായേക്കും. ബന്ധുക്കളുടെ വാഗ്ദാനം സ്വീകരിക്കുന്നതാണ്. ഊഹക്കച്ചവടത്തിൽ ലാഭം പ്രതീക്ഷിക്കാം. സ്വാഭിപ്രായത്തിന് സഹപ്രവർത്തകരുടെ ഇടയിൽ സ്വീകാര്യതയുണ്ടാവും. മാതാവിൻ്റെ ആരോഗ്യപരിശോധനാ ഫലം തൃപ്തികരമാകും. ഇഷ്ടവസ്തുക്കൾ നേടാൻ കൂടുതൽ പണച്ചെലവ് ഏർപ്പെടുന്നതാണ്. ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം അധികരിച്ചേക്കും. പണയത്തിലിരുന്ന ആഭരണം ലേലത്തിന് പോകാൻ സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുന്നതിൽ ഏറ്റവും കരുതൽ വേണം.

അത്തം

മൂന്നാം ഭാവാധിപനായ ചൊവ്വയ്ക്ക് ഉച്ചസ്ഥിതി വരുന്നതിനാൽ സഹോദര ഗുണമുണ്ടാവും. പ്രശ്നങ്ങളെ സധൈര്യം നേരിടുന്നതാണ്. പിൻതുണയ്ക്കാൻ പലരുമുണ്ടാവും. നാലാമെടത്തിൽ ശുക്രൻ സഞ്ചരിക്കുകയാൽ ഭവനത്തിൽ സൗഖ്യവും ശാന്തതയും ഭവിക്കും. വീട് മോടിപിടിപ്പിക്കാൻ ശ്രമിക്കുന്നതാണ്. വാരാദ്യദിവസങ്ങൾ കൂടുതൽ മെച്ചപ്പെട്ടതായിരിക്കും. പഠനത്തിൽ ഉദാസീനത വരാനിടയുണ്ട്. ദാമ്പത്യത്തിൽ സമ്മിശ്രമായ ഫലങ്ങൾ സംഭവിക്കാം. മക്കളുടെ ഭാവികാര്യത്തിൽ ചില ആശയക്കുഴപ്പങ്ങൾ നേരിടേണ്ടതായി വന്നേക്കും. ദിനചര്യകളുടെ താളം തെറ്റുന്നതാണ്.

ചിത്തിര

നക്ഷത്രനാഥനായ ചൊവ്വയ്ക്ക് ഉച്ചം ഭവിക്കുന്നതിനാൽ സ്വാശ്രയത്വവും സ്വാതന്ത്ര്യ ബോധവും ഏറും. അന്യരുടെ എതിർപ്പുകളെ അവഗണിച്ച് മുന്നേറും. വ്യവസായത്തിൽ / വ്യാപാരത്തിൽ പുരോഗതിയുണ്ടാവും. പഠനത്തിലെ വൈമുഖ്യം നീങ്ങുകയും മത്സരബുദ്ധി വർദ്ധിക്കുകയും ചെയ്യും. ഉദ്യോഗസ്ഥർ ചുമതലകൾ ഭംഗിയായി നിർവഹിക്കുകയാൽ അംഗീകാരം നേടും. ദുർഘടമായ കുടുംബപ്രശ്നത്തിന് പരിഹാരം കാണാൻ മുന്നിട്ടിറങ്ങും. വിദേശത്തുനിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനായേക്കും. ന്യായമായ ആവശ്യങ്ങൾക്ക് പണം വന്നുചേരുന്നതാണ്.

ചോതി

ഗുണദോഷസമ്മിശ്രമായ വാരമാണ്. പ്രതീക്ഷകൾ മുഴുവൻ സഫലമാവണമെന്നില്ല. കാര്യസാധ്യം മെല്ലെയാവുകയോ തടസ്സെപ്പെടുകയോ ചെയ്യാം.  സ്ത്രീകളുടെ സഹായം ലഭിക്കുന്നതാണ്. അടുക്കളത്തോട്ടമോ മട്ടുപ്പാവ് കൃഷിയോ തുടങ്ങിയേക്കും. വളർത്തുമൃഗങ്ങളെ പരിചരിക്കാൻ സമയം കണ്ടെത്തുന്നതാണ്. ആഘോഷങ്ങളിൽ /ഉത്സവങ്ങളിൽ പങ്കെടുത്തേക്കും. മാതൃബന്ധുക്കളെ സന്ദർശിക്കുന്നതാണ്. നിക്ഷേപങ്ങളിൽ നിന്നും വരുമാനമുണ്ടാകും. അവിവാഹിതർക്ക് വിവാഹാലോചന പുരോഗമിച്ചേക്കും.

വിശാഖം

അതിരുതർക്കങ്ങൾക്ക് പരിഹാരമാവും. ഗൃഹനിർമ്മാണത്തിൽ പുരോഗതിയുണ്ടാവുന്നതാണ്. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടും. സഹപ്രവർത്തകരുടെ മത്സരബുദ്ധി പ്രയാസമുണ്ടാക്കിയേക്കും. കൂട്ടുകച്ചവടത്തിൽ അഭിവൃദ്ധി വരാം. തൽസംബന്ധമായ യാത്രകൾ ഉണ്ടാവുന്നതാണ്. അതിഥികളുടെ പ്രശംസ നേടും. വയോജനങ്ങളുടെ ചികിൽസാകാര്യത്തിൽ  ആശയക്കുഴപ്പത്തിന് സാധ്യതയുണ്ട്. പഴയ കടബാധ്യത പരിഹരിക്കാത്തത് വിഷമത്തിന് കാരണമാകുന്നതാണ്. സമൂഹമാധ്യമങ്ങളിൽ 'അനുയായികളുടെ' എണ്ണം കൂടിയേക്കും.

അനിഴം

രണ്ടാം ഭാവത്തിൽ ശുക്രൻ തുടരുന്നതിനാൽ മധുരമായി സംസാരിക്കും. കുടുംബത്തിൽ സമാധാനം പുലർന്നേക്കും. മൂക്കുത്തി - കണ്ണട- കമ്മൽ ഇത്യാദികൾ വാങ്ങാനിടയുണ്ട്. രാശിനാഥനായ ചൊവ്വയ്ക്ക് ഉച്ചം വരികയാൽ ന്യായമായ ആഗ്രഹങ്ങൾ തടസ്സമില്ലാതെ സഫലമാകുന്നതാണ്. സംഘടനകളിൽ സ്വന്തം നേതൃത്വം അംഗീകരിക്കപ്പെടും. വാഗ്ദാനങ്ങൾ സമയോചിതമായി പൂർത്തീകരിക്കുന്നതാണ്. സഹോദരരുടെ ഇടയിലെ സ്വത്തുതർക്കം പരിഹൃതമാകും. സുഖഭക്ഷണയോഗം, പാരിതോഷികലബ്ധി ഇവയുണ്ടായേക്കും.

തൃക്കേട്ട

ഉദ്യോഗത്തിൽ വളർച്ചയുണ്ടാവുന്നതാണ്. കച്ചവടത്തിൽ നിന്നും അധികം അർത്ഥലാഭം ഉണ്ടാകും. വാരാദ്യത്തിൽ മൃഷ്ടാന്നഭോജനം, വസ്ത്രലാഭം, ജീവിതാസ്വാദനം എന്നിവ പ്രതീക്ഷിക്കാം. ദേഹസുഖമുണ്ടാവും. പ്രസംഗകലയിൽ ശോഭിക്കുന്നതാണ്. പഠനത്തിൽ ഉത്സാഹം കുറയുന്നതായി തോന്നാം. രാശിനാഥൻ്റെ ഉന്നതസ്ഥിതിയാൽ നേട്ടങ്ങൾ തടസ്സമില്ലാതെ അനുഭവിക്കാനാകും. ചെറിയ മനക്ലേശങ്ങൾ ഉണ്ടായിക്കൂടെന്നില്ല. ഭൗതികതയിൽ കൂടുതൽ മമതയുണ്ടാകും. ഉദരരോഗങ്ങൾ പിടിപെടാം.

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: