scorecardresearch

വാരഫലം, അശ്വതി മുതൽ ആയില്യം വരെ; February 4-10, 2024, Weekly Horoscope

Weekly Horoscope: ഫെബ്രുവരി 4 ഞായറാഴ്ച മുതൽ 10 -ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെ

Weekly Horoscope: ഫെബ്രുവരി 4 ഞായറാഴ്ച മുതൽ 10 -ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെ

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
  Weekly Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ മകരം രാശിയിൽ അവിട്ടം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിലാണ്. വെള്ളിയാഴ്ച (ഫെബ്രുവരി 9 ന്) അമാവാസിയും ശനിയാഴ്ച മാഘമാസ/ശുക്ലപക്ഷ ആരംഭവും വരുന്നു. അനിഴം മുതൽ അവിട്ടം വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് (വൃശ്ചികം, ധനു, മകരം എന്നീ രാശികളിലൂടെയാണ്) ചന്ദ്രയാത്ര. 

Advertisment

ചൊവ്വ ഫെബ്രുവരി 5 ന് മകരം രാശിയിൽ പ്രവേശിക്കുന്നു. ചൊവ്വയുടെ ഉച്ചരാശിയാണ് മകരം എന്നത് പ്രസ്താവ്യം. ബുധൻ മകരം രാശിയിലും ശുക്രൻ ധനുരാശിയിലുമായി സഞ്ചരിക്കുന്നു. 

ശനി കുംഭം രാശിയിലും വ്യാഴം മേടത്തിലും രാഹു മീനത്തിലും കേതു കന്നിയിലും തുടരുന്നു.  പഞ്ചതാരാഗ്രഹങ്ങൾക്ക് മൗഢ്യം, വക്രഗതി തുടങ്ങിയവ ഇല്ല. അഷ്ടമരാശിക്കൂറ് നോക്കാം. ഞായറും തിങ്കളും മേടക്കൂറുകാർക്കും, ചൊവ്വയും ബുധനും വ്യാഴം പ്രഭാതം വരെയും ഇടവക്കൂറുകാർക്കും തുടർദിവസങ്ങളിൽ മിഥുനക്കൂറുകാർക്കും അഷ്ടമ രാശിക്കൂറ് വരുന്നു. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളുടെ സമ്പൂർണ്ണ വാരഫലം ഇവിടെ പരിശോധിക്കാം

അശ്വതി

Advertisment

വിദ്യാർത്ഥികൾക്ക് വളരെ അനുകൂലമായ സന്ദർഭമാണ്. പരീക്ഷകൾക്ക് നന്നായി തയ്യാറെടുക്കാനാവും. കർമ്മരംഗത്തും ഗുണകരമായ മാറ്റങ്ങൾ വന്നുചേരുന്നതാണ്. അസാധ്യം എന്നുകരുതി മുൻപ് ഒഴിവാക്കിയവയിൽ ഇപ്പോൾ ശ്രമിച്ചാൽ വിജയസാധ്യതയുണ്ടാവും. ആത്മവിശ്വാസം ഉയരുന്നതാണ്. സംഘടനാ പ്രവർത്തനം സജീവമാകും. നേതൃപദവി സ്വാഭാവികമായിത്തന്നെ കരഗതമായേക്കും. ഭൂമിയിൽ നിന്നും ലാഭം പ്രതീക്ഷിക്കാം, സഹോദരരുടെ ഇടയിൽ സല്പേരുണ്ടാവും. പണയവസ്തുക്കൾ തിരിച്ചെടുക്കാൻ കഴിയുന്നതാണ്. വാരാദ്യദിവസങ്ങളിൽ ശുഭകാര്യങ്ങൾ തുടങ്ങരുത്.

ഭരണി

നക്ഷത്രനാഥൻ ആയ ശുക്രൻ ഭാഗ്യസ്ഥാനത്ത് തുടരുകയാൽ ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. രാശിനാഥനായ ചൊവ്വയ്ക്ക് ഉച്ചസ്ഥിതി വരുന്നതിനാൽ ദേഹശക്തി, മനോബലം ഇവ വർദ്ധിക്കുന്നതാണ്. സമൂഹത്തിൻ്റെ ആദരം ലഭിക്കും. തൊഴിൽ രംഗത്തുനിന്നും സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. പഠനത്തിൽ ശ്രദ്ധയുണ്ടാവും. കുടുംബാംഗങ്ങളുടെ പിന്തുണ പ്രതീക്ഷിക്കാം. കൃഷിയിൽ നിന്നും ചെറിയ ലാഭമെങ്കിലും ഉണ്ടാകുന്നതാണ്. പൊതുപ്രവർത്തനം ഉന്മേഷകരമാവും. ഞായർ, തിങ്കൾ ദിവസങ്ങൾക്ക് മേന്മ കുറയാം.

കാർത്തിക

പ്രതികൂല, അനുകൂല അനുഭവങ്ങൾ ഇടകലരും. ജോലിയിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. കരാറുകൾ പുതുക്കാനായേക്കും. വേതനം ഉയരാൻ സാധ്യതയുണ്ട്. ഗവേഷണത്തിൻ്റെ പൂർത്തീകരണത്തിന് വഴിതെളിയുന്നതാണ്. കുടുംബത്തിൻ്റെ പുരോഗതിക്കായി ചില പരിശ്രമങ്ങൾ നടത്തും.  പ്രോൽസാഹനം ശക്തി പകരുന്നതാണ്. വാഹനം / വീട് ഇവ സംബന്ധിച്ച അറ്റകുറ്റപ്പണി വേണ്ടി വന്നേക്കാം. ആഡംബരത്തിന് ചെലവുണ്ടായേക്കും. ദൂരദിക്കുകളിൽ നിന്നും ശുഭവാർത്ത എത്തുന്നതാണ്.

രോഹിണി

ഒമ്പതാം ഭാവത്തിൽ ബുധനും പാപഗ്രഹങ്ങളുമുണ്ട്. പ്രവർത്തനത്തിൽ ജാഗരൂകത കൈവെടിയരുത്. ഔദ്യോഗിക ചുമതല പൂർത്തീകരിക്കാൻ തടസ്സങ്ങളുണ്ടായേക്കാം. ഭാഗ്യമാണോ നിർഭാഗ്യമാണോ എന്ന് ഉറപ്പിക്കാനാവാത്ത ചില കാര്യങ്ങൾ അനുഭവത്തിലെത്താം. ഗുരുജനങ്ങളെ സന്ദർശിച്ചേക്കും. സൽകാര്യങ്ങൾക്ക് ചെലവ് വന്നുചേരും. സുഹൃത്തുക്കളെ വിരോധിക്കാനിടയുണ്ട്. കലാപഠനം പുനരാരംഭിച്ചേക്കും. നവസംരംഭങ്ങൾ തുടങ്ങുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കരുതൽ അനിവാര്യം.

മകയിരം

എന്തുചെയ്യുമ്പോഴും രണ്ടുവട്ടം ആലോചിച്ച് പ്രവർത്തിക്കുന്നത് നന്നായിരിക്കും. സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതുണ്ട്. നക്ഷത്രനാഥനായ ചൊവ്വയ്ക്ക് ഉച്ചം വരികയാൽ കാര്യവിജയം ഉണ്ടാവും. മറ്റുള്ളവർ പിന്മാറിയ ഇടത്ത് ഫലപ്രദമായ ഇടപെടൽ നടത്തി പ്രശസ്തി നേടിയേക്കും. ഭൂമി വ്യവഹാരത്തിൽ അനുകൂലവാദങ്ങൾ ഉയർത്താൻ കഴിയുന്നതാണ്. പഠനവൈകല്യങ്ങൾ വിദഗ്ദ്ധോപദേശത്തിലൂടെ പരിഹരിക്കാനാവും. തൊഴിൽപരമായ യാത്രകൾ ഉണ്ടാവും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്.

തിരുവാതിര

സൂര്യനും കുജനും എട്ടാമെടത്ത് സ്ഥിതിവരുന്നതിനാൽ ആപൽകാലമാണ്. മനോവാക്കർമ്മങ്ങളിൽ ഏറ്റവും ശ്രദ്ധ വേണ്ടതുണ്ട്. കലഹങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുക ഉത്തമം. ഉദ്യോഗസ്ഥർക്ക് കർമ്മരംഗം അശാന്തമാവുന്നതാണ്. മേലധികാരികളുടെ അനിഷ്ടം ഉണ്ടായേക്കും. സർക്കാർ കാര്യങ്ങളിൽ വിളംബാവസ്ഥ വരുന്നതാണ്. കച്ചവടത്തിൽ നിന്നും ആദായം ഉയർന്നേക്കും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ അഭംഗുരമാവും. കലാപ്രവർത്തകർക്ക് പുതിയ അവസരങ്ങൾ ലഭിക്കുന്നതാണ്. ആരോഗ്യപരിരക്ഷയിൽ അലംഭാവമരുത്.

പുണർതം

മുൻപ് ബാക്കി വെച്ച കാര്യങ്ങൾ മുഴുമിപ്പിക്കാൻ കൂടുതൽ സമയവും ഊർജ്ജവും ചെലവാക്കേണ്ടി വന്നേക്കും. തൊഴിലിടത്തിൽ സംതൃപ്തി കുറയുന്നതാണ്. 
 പഴയ കടബാധ്യതകൾ പരിഹരിക്കേണ്ട സമ്മർദ്ദം വന്നേക്കാം. വായ്പകൾ കൃത്യമായി അടയ്ക്കുവാൻ ക്ലേശിച്ചേക്കും. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ജാഗ്രത വേണ്ടതുണ്ട്. പ്രണയികൾക്ക് മനസ്സന്തോഷമുണ്ടാവുന്നതാണ്. കുടുംബകാര്യങ്ങളിൽ ജീവിതപങ്കാളിയുടെ മികച്ച പിന്തുണയുണ്ടാവും. മക്കളുടെ കാര്യത്തിൽ സന്തോഷത്തിന് വകയുണ്ട്.

പൂയം

യുക്തസഹമായി ചിന്തിക്കാനും പ്രവർത്തിക്കാനുമാവും. പ്രശ്നങ്ങളുടെ അടിവേരുകൾ കണ്ടെത്തും. തൊഴിൽരംഗം സർവ്വാത്മനാ മെച്ചപ്പെടുന്നതാണ്. സഹപ്രവർത്തകരുടെ പിന്തുണയുണ്ടാവും. അദ്ധ്വാനത്തിന് അർഹമായ പ്രതിഫലം പ്രതീക്ഷിക്കാം. നാട്ടിലെ ഉത്സവകാര്യങ്ങൾക്കായി സമയവും ഊർജ്ജവും ചെലവഴിക്കും. പഴയ സുഹൃത്തുക്കളെ കണ്ടെത്താനായേക്കും. അനുരാഗികൾക്ക് ആഹ്ളാദിക്കാനും ഹൃദയൈക്യം ഉറപ്പിക്കാനും സാഹചര്യമൊരുങ്ങും. ദാമ്പത്യത്തിൽ സുഖവും സംതൃപ്തിയുമുണ്ടാവുന്നതാണ്. സാമ്പത്തികമായി മെച്ചം വന്നുചേരും.

ആയില്യം

ആത്മവിശ്വാസം ഉയരും. തൊഴിൽ സ്ഥാനാധിപനായ ചൊവ്വയ്ക്ക് ഉച്ചം വരുന്നതിനാൽ കർമ്മരംഗത്ത് മികവ് പ്രതീക്ഷിക്കാം. സ്ഥാനക്കയറ്റം ഉണ്ടാവുന്നതാണ്. എതിർപ്പുകളെ തൃണവൽഗണിച്ച് മുന്നേറും. ഭൂമിയിൽ നിന്നും ആദായം വർദ്ധിക്കും. സൈന്യം, അർദ്ധസൈന്യം, പോലീസ്, വൈദ്യുതി, ശാസ്ത്രരംഗം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ കാലമാണ്. ൠണബാധ്യതകൾ ലഘൂകരിക്കാനാവും. ഉന്നതരുടെ പിന്തുണ പ്രതീക്ഷിക്കാം. സാമൂഹികമായ അംഗീകാരമുണ്ടാവും. ഏഴാമെടത്ത് ചൊവ്വ സഞ്ചരിക്കുകയാൽ പ്രണയകലഹം ഒരു സാധ്യതയാണ്.

Read Here

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: