/indian-express-malayalam/media/media_files/NNjJgS9Th0NJQV1dcvzA.jpg)
അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ശുക്ര ഫലം
2024 മാർച്ച് 31 ന് (1199 മീനം18 ന്) ശുക്രൻ തന്റെ ഉച്ചക്ഷേത്രമായ മീനം രാശിയിൽ പ്രവേശിക്കുന്നു. ഏപ്രിൽ 24 (മേടം 11) വരെ, ഏതാണ്ട് 25 ദിവസം ശുക്രൻ മീനം രാശിയിലൂടെ സഞ്ചരിക്കും. കാലം കുറഞ്ഞ ദിനമാണെങ്കിലും ഏതുഗ്രഹത്തിന്റെയും ഉച്ചരാശിയിലെ സഞ്ചാരം പ്രാധാന്യമുള്ളതാണ്. ഒരു ഗ്രഹം ഉച്ചരാശിയിൽ എത്തുമ്പോൾ അതിന്റെ ശക്തി മുഴുവനാകുന്നു. ഫലം തരുന്നതിലും പൂർണതയുണ്ടാവും. വർഷത്തിൽ ഒരിക്കലാണ് ശുക്രൻ ഉച്ചരാശിയിൽ പ്രവേശിക്കുന്നത്.
ഗോചരത്തിൽ ഏറ്റവും കൂടുതൽ കൂറുകൾക്കു ഗുണം നൽകുന്ന ഗ്രഹം ശുക്രനാണ് എന്നത് പ്രസ്താവ്യമാണ്. ഒരു വ്യക്തിയുടെ ജന്മരാശിയുടെ അഥവാ കൂറിൻ്റെ 6,7,10 എന്നീ മൂന്നുസ്ഥാനങ്ങളൊഴികെ മറ്റെല്ലാ രാശികളിൽ സഞ്ചരിക്കുമ്പോഴും ഗുണദാതാവാണ് ശുക്രൻ. അങ്ങനെ ചിന്തിച്ചാൽ തുലാം, കന്നി, മിഥുനം എന്നീ കൂറുകളിൽ ജനിച്ചവർക്കൊഴികെ മറ്റെല്ലാ കൂറുകളിൽ ജനിച്ചവർക്കും ഉച്ചരാശിയായ മീനം രാശിയിലെ ശുക്രൻ്റെ സഞ്ചാരകാലം ഏറ്റവും ഗുണപ്രദമായിരിക്കും.
കലയുടെ ഗ്രഹമാണ് ശുക്രൻ (Venus). സ്നേഹം, പ്രേമം, വിവാഹം, ദാമ്പത്യം, ഭോഗം, സുഖലോലുപത, ആഢംബര ജീവിതം, സ്ത്രീ സൗഹൃദം, പാരിതോഷികങ്ങൾ, ഭാഗ്യാനുഭവങ്ങൾ, ദേവീഭക്തി എന്നിവയും ശുക്രൻ്റെ വിഷയങ്ങളാണ്. ശുക്രൻ ഉച്ചത്തിലെത്തുമ്പോൾ ഇപ്പറഞ്ഞ വിഷയങ്ങൾക്കും വസ്തുതകൾക്കും പുഷ്ടിയുണ്ടാകും. ജീവിതം വസന്തകാലത്തിലെ ആരാമം പോലെ പൂത്തുലയും; സുരഭിലമാകും.
മീനം രാശിയിൽ പാപഗ്രഹങ്ങളായ സൂര്യനും രാഹുവും ശുകനോടൊപ്പം സംഗമിക്കുന്നുണ്ടെന്നത് ശുക്രന്റെ പകിട്ട് അല്പം കുറയ്ക്കുന്നതാണ്. ബുധനും ശുക്രനോടൊപ്പം ചേരുന്നു. ഫലം ചിന്തിക്കുമ്പോൾ ഇക്കാര്യവും പരിഗണിക്കണം. മേടം മുതൽ മീനം വരെയുളള പന്ത്രണ്ടുകൂറുകളിൽ വരുന്ന അശ്വതി മുതൽ ആയില്യം വരെയുള്ള 9 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ശുക്ര ഫലം ഇവിടെ അപഗ്രഥിക്കപ്പെടുന്നു.
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
മേടക്കൂറിൽ ജനിച്ചിട്ടുള്ളവർക്ക് ശുക്രൻ പന്ത്രണ്ടാം രാശിയിലാണ് ഉച്ചം പ്രാപിച്ചിരിക്കുന്നത്. പന്ത്രണ്ടാം ഭാവത്തിൽ നവഗ്രഹങ്ങളിൽ ശുക്രനൊഴികെ മറ്റുള്ള എട്ട് ഗ്രഹങ്ങളും ദോഷഫലങ്ങൾ നൽകുന്നവരാണ്. എന്നാൽ പന്ത്രണ്ടാം രാശിയിലെ ശുക്രൻ ഗുണദാതാവാണ്. കിട്ടാക്കടങ്ങൾ ചിലതൊക്കെ കിട്ടാനിടയുണ്ട്. സാമ്പത്തിക മെച്ചം വന്നെത്തുന്നതാണ്. കലാകാരന്മാർക്ക് നല്ല അവസരങ്ങൾ പ്രതീക്ഷിക്കാം. യാത്രകൾ ഗുണകരമാവുന്നതാണ്. കുടുംബാംഗങ്ങളായ സ്ത്രീകളുടെ സ്ഥിതി മെച്ചപ്പെടും. ആഢംബര വസ്തുക്കൾ വാങ്ങിയേക്കും. ഇഷ്ടവ്യക്തികളുമായി വിനോദയാത്ര നടത്തും. വിദേശത്ത് പോകാൻ തയ്യാറെടുക്കുന്നവർക്ക് ശുഭസന്ദേശം ലഭിക്കുന്നതാണ്.
ഇടവക്കൂറിന് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)
ശുക്രന്റെ മാറ്റം ഇടവക്കൂറിന്റെ പതിനൊന്നാം ഭാവത്തിലാണ്. ഇടവക്കൂറിന്റെ അധിപൻ കൂടിയായ ശുക്രന് ഉച്ചസ്ഥിതി വന്നതിനാൽ നേട്ടങ്ങൾ വർദ്ധിക്കും. പ്രവർത്തനങ്ങളിലെ തടസ്സങ്ങളും താമസവും മാറുന്നതാണ്. പ്രതീക്ഷിച്ചതിലധികം ലാഭമുണ്ടാവും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് സാഹചര്യം ഒരുങ്ങും. നവസംരംഭങ്ങൾ ഉപഭോക്താക്കളുടെ പ്രീതി നേടുന്നതാണ്. വിശിഷ്ട വസ്തുക്കൾ പാരിതോഷികമായി കിട്ടാനിടയുണ്ട്. പ്രണയികൾക്ക് വിവാഹസാഫല്യം ഉണ്ടാവും. ഭാര്യാഭർത്താക്കന്മാരുടെ പരസ്പര സ്നേഹം അഗാധമാവുന്നതാണ്. വിദേശവ്യാപാരത്തിന് അനുമതി നേടും. ശത്രുക്കളുടെ ഉപജാപങ്ങളെ ചെറുത്തു തോല്പിക്കും. സംഗീതം, ചിത്രകല, നൃത്തം തുടങ്ങിയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നതാണ്. സാമ്പത്തികമായ സമ്മർദ്ദങ്ങൾ തെല്ലുമില്ലാത്ത കാലമായിരിക്കും.
മിഥുനക്കൂറിന് (മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം മുക്കാൽ)
പത്താം ഭാവത്തിലേക്കാണ് ശുക്രന്റെ സംക്രമണം. ശുഭത്വം കുറയുന്ന സന്ദർഭമാണ്. ഉദ്യോഗസ്ഥർക്ക് പ്രതീക്ഷിച്ച സ്ഥാനക്കയറ്റം ലഭിക്കണമെന്നില്ല. സഹപ്രവർത്തകരുടെ പിഴകൾക്ക് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സാഹചര്യം ഭവിക്കാം. ചിലർക്ക് ഡെപ്യൂട്ടേഷൻ അവസാനിച്ച് പഴയ ലാവണത്തിലേക്ക് പോകേണ്ടിതായിട്ടുണ്ട്. തൊഴിൽ തേടുന്നവർക്ക് കാത്തിരിപ്പ് തുടരേണ്ടി വരുന്നതാണ്. പ്രൊഫഷണലുകൾക്ക് കിടമത്സരങ്ങളെ അഭിമുഖീകരിക്കേണ്ട സ്ഥിതിയുണ്ടാവും. പ്രണയത്തിൽ വിഘ്നങ്ങൾ സംഭവിക്കാം. പഠനത്തിൽ ഏകാഗ്രത കുറയുന്നതായിരിക്കും. ഗൃഹനിർമ്മാണം വിളംബകാലത്തിലാവും. വായ്പ കൃത്യമായി തിരിച്ചടയ്ക്കാൻ വിഷമിക്കുന്നതാണ്. സ്ത്രീകളുടെ പിന്തുണ തീരെയുണ്ടാവില്ല. കുടുംബജീവിതത്തിൽ സൗഖ്യം കുറഞ്ഞേക്കാം.
കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)
ശുക്രൻ ഭാഗ്യസ്ഥാനമായ ഒമ്പതാം ഭാവത്തിലേക്ക് പ്രവേശിക്കുന്നതിനാൽ ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽ രംഗത്തെയും വ്യക്തിജീവിതത്തിലെയും അസംതൃപ്തികൾക്ക് പരിഹാരം തെളിഞ്ഞേക്കും. ജീവിത പങ്കാളിയുടെ തൊഴിലിൽ മുന്നേറ്റം ദൃശ്യമാകുന്നതാണ്. ചെറുസംരംഭങ്ങൾ കൂടുതൽ സാമ്പത്തിക പങ്കാളിത്തം സ്വീകരിച്ചുകൊണ്ട് വിപുലീകരിക്കപ്പെടും. സൗന്ദര്യവർദ്ധക വസ്തുക്കളുടെ വ്യാപാരം മെച്ചപ്പെടുന്നതാണ്. പൈതൃക വസ്തുക്കൾ സംബന്ധിച്ച വ്യവഹാരത്തിൽ അനുകൂലമായ തീർപ്പുണ്ടാവും. പ്രതിഭാശാലികൾക്ക് നല്ല അവസരങ്ങൾ ലഭിക്കുന്നതാണ്. പുരസ്കാര സാധ്യത തള്ളിക്കളയാനാവില്ല. അനുരാഗികൾക്ക് കുടുംബത്തിന്റെ പിന്തുണ പ്രതീക്ഷിക്കാം. മനസ്സിന്റെ ജാഡ്യം നീങ്ങി ഉണർവ്വും ഉന്മേഷവും ഉണ്ടാവും.
Read More
- മേടമാസത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ: Monthly Horoscope for Medam
- മേടമാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ: Monthly Horoscope for Medam
- മേടമാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ: Monthly Horoscope for Medam
- Weekly Horoscope (March 31– April 6, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 April 01 to April 07
- സമ്പൂര്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; March 31-April 06, 2024, Weekly Horoscope
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.