/indian-express-malayalam/media/media_files/2025/09/27/sukran-03-2025-09-27-14-35-21.jpg)
ശുക്രൻ നീചരാശിയിൽ സ്ഥിതിചെയ്യുമ്പോൾ എന്തെന്ത് വിപരീതാനുഭവങ്ങൾ നൽകുന്നു?
Astrology: 2025 ഒക്ടോബർ 9ന്/1201 കന്നി 23ന് ശുക്രൻ കന്നിരാശിയിൽ പ്രവേശിക്കും. കന്നിരാശി ശുക്രൻ്റെ നീചരാശിയാണ് (Debilitated House). ഹ്രസ്വകാലത്തേക്കാണ് പ്രസ്തുതരാശിയിൽ സഞ്ചരിക്കുന്നതെങ്കിലും സുഖകാരകനായ/പ്രണയദേവതയായ ശുക്രൻ്റെ (Venus) ബലഹാനി പലർക്കും ക്ലേശാനുഭവങ്ങൾ സൃഷ്ടിക്കും.
പ്രണയം, ദാമ്പത്യം, ഭോഗസുഖം, ലൗകികത, ഭൗതിക നേട്ടങ്ങൾ, കലാവൈഭവം എന്നിവ ശുക്രനെക്കൊണ്ടാണ് ജ്യോതിഷം ചിന്തിക്കുന്നത്. സ്ത്രീകളുടെ കാരകത്വവും സാന്ദർഭികമായി ശുക്രനുണ്ട്. ശുക്രൻ നീചത്തിലാവുമ്പോൾ സുഖം കിട്ടാക്കനിയാവാം. പ്രണയം 'നഷ്ടവസന്തസ്ഥലി' ആയി മാറിയേക്കാം.
നവഗ്രഹങ്ങളിൽ ഗോചരഫലത്തിൻ്റെ കണക്കെടുക്കുമ്പോൾ ഏറ്റവും കൂടുതൽ ശുഭഫലദാതാവാകുന്ന ഗ്രഹം ശുക്രനാണ്. എന്നാൽ നീചരാശിയിൽ സ്ഥിതിചെയ്യുമ്പോൾ ഏതുഗ്രഹവും ഏറ്റവും ദുർബലനാവും. നന്മയും ആനുകൂല്യവും നൽകാനുള്ള ശക്തിയില്ലാണ്ടാവും. ദോഷഫലങ്ങൾ നൽകിയെന്നും വരാം.
ഈ ലേഖനത്തിൽ 'നീചശുക്രൻ' നൽകുന്ന ഫലങ്ങൾ എന്തൊക്കെയെന്ന് വിശദമായി പരിശോധിക്കുന്നു. ചിങ്ങക്കൂറു മുതൽ വൃശ്ചികക്കൂറു വരെ പന്ത്രണ്ടുരാശികളിലായി വരുന്ന മകം തൊട്ട് തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരെയും എങ്ങനെ ശുക്രൻ ബാധിക്കുന്നു? എന്തെന്ത് വിപരീതാനുഭവങ്ങൾ നൽകുന്നു? എന്നിവ ഇവിടെ വിശദീകരിക്കുന്നുണ്ട്.
Also Read: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
നീചശുക്രൻ രണ്ടാമെടത്ത് സഞ്ചരിക്കുകയാൽ കുടുംബപരമായ സൗഖ്യം കുറയുന്നതാണ്. ജോലികാരണമായോ മറ്റോ ഭാര്യാഭർത്താക്കന്മാർ രണ്ടുദിക്കിൽ കഴിയാനിടയുണ്ട്. വീട്ടിനടുത്തേക്ക് സ്ഥലംമാറ്റത്തിനായി ശ്രമം തുടരേണ്ടിവരും. ശുപാർശകൾക്ക് പ്രതീക്ഷിച്ച മറുപടി കിട്ടുകയില്ല. രണ്ടാംഭാവം വിദ്യാഭാവമാകയാൽ പഠനകാര്യങ്ങളിൽ വൈമുഖ്യമേർപ്പെടാം. 'വാക്കും നാക്കും' ദോഷം ചെയ്തേക്കും. അക്ഷരത്തെറ്റോ ദുരർത്ഥമോ അബദ്ധ പ്രസ്താവനകളോ ഉണ്ടാവും. സാമ്പത്തിക കാര്യങ്ങളിൽ കരുതലുണ്ടാവണം. കടം കൊടുത്ത തുക നിശ്ചിത കാലാവധിക്കുള്ളിൽ മടക്കിക്കിട്ടാൻ സാധ്യത വിരളമാണ്. പ്രണയബന്ധത്തിന് ആകസ്മികമായ തിരിച്ചടി വരാം. ബിസിനസ്സ് വിപുലീകരിക്കാൻ പരസ്യങ്ങളെ ആശ്രയിക്കും. കിടമത്സരം മൂലം മാനസിക സമ്മർദ്ദം ഭവിക്കാം. യാത്രകൾക്ക് ലക്ഷ്യപ്രാപ്തി കുറയും. ദുരാരോപണങ്ങൾക്ക് കേൾക്കും. ചിലരുമായുള്ള കൂട്ടുകെട്ട് ദോഷം ചെയ്യുന്നുണ്ടെന്ന് വൈകി മനസ്സിലാക്കുന്നതാണ്. ഇ. എൻ. ടി വിഭാഗത്തിൽ ഉൾപ്പെടുന്ന രോഗങ്ങൾ ഉപദ്രവിക്കാം.
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)
ജന്മരാശിയിലാണ് നീചശുക്രൻ സഞ്ചരിക്കുന്നത്. കന്നിക്കൂറിലെ നക്ഷത്രങ്ങളിലൂടെ ഒന്നും രണ്ടും ആഴ്ചവീതം ശുക്രൻ കടന്നുപോവുന്നുമുണ്ട്. ഭോഗസുഖത്തിന് വിഘാതം വരുന്നതാണ്. ചിലതൊക്കെ 'വിയർപ്പൊഴുക്കി' മാത്രമേ നേടാനാവൂ! കുടുംബകാര്യങ്ങളിൽ ആലസ്യം ഭവിക്കാം. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിൽ മടിയുണ്ടാവുന്നതാണ്. തങ്ങളുടെ വാക്കുകൾ കേൾക്കുന്നില്ലെന്നും അനുസരണക്കേട് കാട്ടുകയാണെന്നും മാതാപിതാക്കൾക്ക് മക്കളെക്കുറിച്ച് പരാതിയുയരാം. പൊതുവേ വരവിലധികം ചെലവുണ്ടാവുന്ന കാലമായിരിക്കും. 'മോഹവില' നൽകി കാര്യം നേടും. കൂട്ടുകച്ചവടത്തിൽ നിന്നും പിരിയാനാഗ്രഹിക്കും. മേലധികാരികളോട് ഉദ്യോഗസ്ഥർക്ക് വിരോധമുണ്ടാവും. സഹപ്രവർത്തകർ സ്വന്തം അധികാരത്തിൽ കൈകടത്തും. നിർമ്മാണ പ്രവർത്തനങ്ങൾ മെല്ലെയാവും. വിദേശയാത്ര തടസ്സപ്പെടുന്നതാണ്. ഭാര്യാഭർത്താക്കന്മാർക്കിടയിലെ പാരസ്പര്യത്തിന് ഭംഗം ഏർപ്പെടാനിടയുണ്ട്.
Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ
തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
പന്ത്രണ്ടാം ഭാവത്തിലാണ് നീചശുക്രൻ സഞ്ചരിക്കുന്നത്. തന്മൂലം പ്രതികൂലമായ അനുഭവങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. കഠിനാദ്ധ്വാനം ചെയ്താലും വരുമാനത്തിൽ കുറവുണ്ടാവും. എന്നാൽ ശ്രമിച്ചാലും ചെലവിൽ ലോപം സംഭവിക്കില്ല. കടം വാങ്ങുന്ന പ്രവണത നിയന്ത്രിക്കപ്പെടണം. ഔദ്യോഗികമായോ വ്യക്തിപരമായോ ദേശാന്തര യാത്രകളുണ്ടാവും. വീടുവിട്ടുനിൽക്കുന്നവർ വീട്ടിലെത്തിച്ചേരാൻ വൈകും. സകാരണമോ അകാരണമായോ മാനസിക പിരിമുറുക്കമുണ്ടാവാം. ചുമതലകളിൽ വീഴ്ച സംഭവിക്കുന്നതാണ്. സമയത്ത് വീട്ടിൽ വരുവാനോ കുടുംബത്തിനൊപ്പം ഷോപ്പിംഗ്/ വിനോദം/ വിശ്രമം എന്നിവയ്ക്കോ കഴിഞ്ഞേക്കില്ല. കൂടുകെട്ടുകൾ, ദുഷ്പ്രേരണകൾ ഇവ പരിധി വിടാതിരിക്കാൻ കരുതലുണ്ടാവണം. പ്രണയികൾ സമ്മർദ്ദത്തിലാവും. തീരുമാനിച്ച വിവാഹബന്ധത്തിൽ നിന്നും മാറാം. തൊഴിൽ രംഗത്തെ സഹായികൾ കബളിപ്പിക്കാം. ആരോഗ്യ ജാഗ്രത അനിവാര്യം.
Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
വൃശ്ചികക്കൂറിന് (വിശാഖം നാലാംപാദം, അനിഴം, തൃക്കേട്ട)
നീചസ്ഥാനത്താണെങ്കിലും ഏറ്റവും അനുകൂലമായ ലാഭഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ ശുക്രസഞ്ചാരം വൃശ്ചികക്കൂറുകാർക്ക് കുറച്ചുദോഷവും കൂടുതൽ ഗുണവുമായി അനുഭവപ്പെടും. വരുമാനമാർഗങ്ങൾക്ക് ശോഷണം ഭവിക്കില്ല. കിട്ടാക്കടങ്ങൾ കുറച്ചൊക്കെ കിട്ടാനുള്ള സാധ്യതയുമുണ്ട്. വാഗ്ദാനം പാലിക്കാനാവും. ആസൂത്രണം ചെയ്ത കാര്യങ്ങൾ ആവിഷ്ക്കരിക്കാൻ തടസ്സമുണ്ടായേക്കില്ല. പ്രണയത്തിന് ഉലച്ചിൽ സംഭവിക്കാൻ സാധ്യത കാണുന്നു. കാമുകീകാമുകർ കലഹിച്ചേക്കും. ദാമ്പത്യത്തിൽ സ്വൈരം കുറയുന്നതാണ്. ഊഹക്കച്ചവടത്തിൽ ചെറിയ നഷ്ടം വരാം. വ്യാപാരികൾ വലിയ മുതൽമുടക്കിന് തത്കാലം മുതിരരുത്. ദൂരയാത്രകൾ ഗുണകരമാവും ഭോഗസുഖം ഭവിക്കും. ആത്മീയ സാധനകളിൽ താത്പര്യം കുറയുന്നതാണ്. പഠനകാര്യത്തിൽ ഔത്സുക്യം നഷ്ടമാകും. എഴുത്തുകാർക്ക്/ കലാരംഗത്തുള്ളവർക്ക് പുരസ്കാരങ്ങൾ ലഭിക്കാം. സമൂഹത്തിൽ അംഗീകാരം സിദ്ധിക്കുന്നതാണ്.
Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.