/indian-express-malayalam/media/media_files/2025/01/20/february-16-to-22-weekly-horoscope-astrological-predictions-aswathi-to-ayilyam.jpg)
Weekly Horoscope
Weekly Horoscope and Astrology: ആദിത്യൻ ഇടവം രാശിയിൽ രോഹിണി ഞാറ്റുവേലയിൽ. ചന്ദ്രൻ വെളുത്തപക്ഷത്തിലാണ്. ആയില്യം മുതൽ ചിത്തിര - ചോതി നക്ഷത്രങ്ങൾ വരെ സഞ്ചരിക്കുന്നു. വ്യാഴം മിഥുനം രാശിയിൽ മകയിരം നക്ഷത്രത്തിൽ.
ശനി മീനം രാശിയിൽ ഉത്രട്ടാതിയിലാണ്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ ഉത്രത്തിലും സഞ്ചരിക്കുന്നു. ചൊവ്വ ജൂൺ 6 ന് അർദ്ധരാത്രി ഇടവം രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്ക്, ആയില്യം നക്ഷത്രത്തിൽ നിന്നും മകം നക്ഷത്രത്തിലേക്ക് സംക്രമിക്കുകയാണ്.
ബുധൻ ശനിയാഴ്ച വരെ ഇടവം രാശിയിലും തുടർന്ന് മിഥുനം രാശിയിലും പ്രവേശിക്കുന്നു. ബുധൻ വ്യാഴത്തിനൊപ്പം മകയിരം നക്ഷത്രത്തിലാണ്. ബുധൻ ഈയാഴ്ച മുഴുവൻ മൗഢ്യത്തിൽ തുടരുന്നു എന്നതും പ്രസ്താവ്യം.
ശുക്രൻ മേടം രാശിയിൽ അശ്വതി നക്ഷത്രത്തിലാണ്. ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ വാരഫലം ഇവിടെ വിശദീകരിക്കുന്നു.
Also Read: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
അശ്വതി
ശുക്രൻ ജന്മരാശിയിൽ, ജന്മനക്ഷത്രത്തിലാണ്. ദേഹസുഖമുണ്ടാവും. മനക്ളേശങ്ങൾക്ക് അവധി കൊടുക്കുന്നതാണ്. ഇഷ്ടജനങ്ങളുമായി സാമീപ്യസല്ലാപാദികൾ സാധ്യമാകും. ബുധൻ രണ്ടാമെടത്തുള്ളതിനാൽ വാക്കുകൾ കൃത്യമായിരിക്കും. കണക്കുകളുടെയോ വിവരരേഖകളുടെയോ സഹായത്തോടെ ചിലരുടെ 'പുറംപൂച്ച്' പൊളിക്കുന്നതാണ്. രഹസ്യവിവരങ്ങൾ കൈവശമുണ്ടാവും. ന്യായമായ ആവശ്യങ്ങൾ ഭംഗിയായി നിർവഹിക്കുന്നതാണ്. അന്തരീക്ഷം വിപരീതമാകയാൽ യാത്ര മാറ്റിവെക്കും. ബിസിനസ്സിൽ സംതൃപ്തി തോന്നുന്നതാണ്. മനപ്പൂർവ്വം ആശയക്കുഴപ്പങ്ങൾക്ക് ഒരുമ്പെടുന്ന സഹപ്രവർത്തകരെ ശാസിക്കേണ്ടി വന്നേക്കും.
ഭരണി
ശുക്രൻ, ബുധൻ, രാഹു തുടങ്ങിയ ഗ്രഹങ്ങളുടെ അനുകൂലസ്ഥിതി ഉള്ളതിനാൽ ഭൗതികമായി സംതൃപ്തിയുണ്ടാവും. നിലവിലെ സാഹചര്യങ്ങൾ അത്രയധികം പ്രതികൂലമല്ലെന്ന് വ്യക്തമായേക്കും. ലക്ഷ്യം നേടാനുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധാപൂർവ്വം മുഴുകുന്നതാണ്. സ്ത്രീകളുടെ പിന്തുണ ഒട്ടൊക്കെ പ്രതീക്ഷിക്കാം. ആഴ്ചയിലെ ആദ്യദിവസങ്ങളിൽ അല്പം മാനസിക സമ്മർദ്ദം വരാനിടയുണ്ട്. മകൻ്റെ കാര്യത്തിൽ നേരിയ ചില ഇച്ഛാഭംഗങ്ങൾ ഭവിക്കാം. ബുധൻ മുതൽ കാര്യങ്ങൾ ശരിയായ ദിശയിലാവുന്നതാണ്. ആവശ്യമായ വിശ്രമം ലഭിക്കും.
Also Read: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
കാർത്തിക
സ്വതസ്സിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിഞ്ഞേക്കില്ല. നേട്ടങ്ങൾ വരിക പതുക്കെയാവും. ആത്മവിശ്വാസത്തിന് മങ്ങലേൽക്കാം. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാത്തവരെ നേരിൽ വിളിച്ച് അതൃപ്തി അറിയിക്കുന്നതാണ്. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലിയുടെ ഷിഫ്റ്റ് അനുകൂലമാവും. കരാർപണികളിൽ ചേരും മുന്നേ അവയുടെ എല്ലാവശങ്ങളും കണക്കിലെടുക്കാൻ മറക്കരുത്. വാഹനം മാറ്റിവാങ്ങാനുള്ള ശ്രമം വിജയിച്ചേക്കും. ചെലവ് കുറയ്ക്കാൻ തീരുമാനിക്കും. വായ്പകളുടെ തിരിച്ചടവുകൾ മുടങ്ങില്ല. ചൊവ്വ, ബുധൻ, ശനി ദിവസങ്ങൾക്ക് മേന്മ കുറയാം.
രോഹിണി
സൂര്യൻ ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ക്ഷോഭശീലം ഉണ്ടാവുന്നതായിരിക്കും. കാര്യസാധ്യം സുഗമമാവില്ല. അലച്ചിലും ദേഹക്ലേശവും വന്നേക്കും. ശുക്രനും വ്യാഴവും മുൻപിൻ രാശികളിലായി സഞ്ചരിക്കുകയാൽ സംരക്ഷിക്കാൻ സുഹൃത്തുക്കളുണ്ട് എന്ന തോന്നൽ ശക്തമാവുന്നതാണ്. ബന്ധുസമാഗമം സന്തോഷം നൽകും. പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതാണ്. ഉപരിപഠനത്തിനാവശ്യമായ വിവരങ്ങൾ തേടിയറിയും. വാഹന യോഗം കാണുന്നു. എന്നാൽ കരുതൽ വേണ്ടതുണ്ട്. കുടുംബത്തോടൊപ്പം ലഘുസഞ്ചാരം. ധനപരമായ സംതൃപ്തി, എന്നിവ പ്രതീക്ഷിക്കാം.
Also Read: Daily Horoscope May 29, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
മകയിരം
ജന്മനക്ഷത്രത്തിൽ വ്യാഴം, ബുധൻ എന്നീ ഗ്രഹങ്ങൾ സഞ്ചരിക്കുന്നു. ഇടവക്കൂറുകാർക്ക് വൃദ്ധജനങ്ങളുടെ പിന്തുണയുണ്ടാവും. മിഥുനക്കൂറുകാർക്ക് ഭോഗസുഖവും എതിർലിംഗത്തിൽ പെട്ടവരുടെ സ്നേഹവും കിട്ടുന്നതാണ്. ആദിത്യൻ അനുകൂലനല്ലാത്തതിനാൽ സർക്കാർ ഓഫീസുകളിൽ നിന്നും നേടേണ്ട കാര്യങ്ങൾ തടസ്സപ്പെടാം. പുനർ ശ്രമം ആവശ്യമാവും. സാംക്രമിക രോഗങ്ങൾ ബാധിക്കാനിടയുണ്ട്. ബിസിനസ്സിൽ ശരാശരി ലാഭം പ്രതീക്ഷിച്ചാൽ മതിയാകും. കുടുംബകാര്യങ്ങളിൽ കൂടിയാലോചനകൾ അനിവാര്യമാവും. കൈവായ്പകൾ മടക്കിക്കിട്ടുന്നതാണ്.
തിരുവാതിര
ദൗത്യങ്ങൾ ഭംഗിയായി നിറവേറ്റുമെങ്കിലും മനസ്സിന് തൃപ്തിക്കുറവ് അനുഭവപ്പെടും. കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ കഴിയുന്നതാണ്.
പാർട്ണർഷിപ്പ് ബിസിനസ്സിൽ തൃപ്തി കുറയുവാനിടയുണ്ട്. പകരക്കാരെ കണ്ടെത്താൻ ശ്രമിച്ചാലോ എന്ന ആലോചനയുണ്ടാവും. പ്രതീക്ഷിക്കാത്ത ചില കേന്ദ്രങ്ങളിൽ / വ്യക്തികളിൽ നിന്നും സഹായം ലഭിക്കുന്നതാണ്. അനുരാഗം വിടരും; വിടർന്നിട്ടുണ്ടെങ്കിൽ സഫലമാവും. പഴയകാല സുഹൃത്തുക്കളെ കാണാനായേക്കും. മകൻ്റെ പിടിവാശികൾ തളർത്താം. ജീവിതശൈലീ രോഗങ്ങളിൽ കരുതൽ വേണ്ട സമയമാണ്.
പുണർതം
ഔദ്യോഗിക കാര്യങ്ങളിൽ സഹപ്രവർത്തകരുടെ പിന്തുണ വേണ്ടത്ര ലഭിക്കുന്നതാണ്. സ്വകാര്യ ആവശ്യങ്ങൾ ഭംഗിയായി നടന്നുകിട്ടും. പുതിയതായി ചേർന്ന ജോലിയിൽ കൃതഹസ്തതയുണ്ടാവുന്നതാണ്. വിദ്യാർത്ഥികൾക്ക് പാരിതോഷികം ലഭിക്കാം. ബന്ധങ്ങൾ പുതുക്കാനാവും. വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നത് ഉത്തമം. ഹ്രസ്വയാത്രകൾ മനസ്സന്തോഷം പകരുന്നതായിരിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. എഴുതിക്കൊണ്ടിരിക്കുന്ന രചന പൂർത്തിയാക്കുവാനാവും. ഇൻക്രിമെൻ്റിലൂടെ കൈവന്ന തുക വാഹനം വാങ്ങാനായി കരുതിവെച്ചേക്കും.
Also Read: രാഹു കേതു രാശി മാറുന്നു, അശ്വതി മുതൽ രേവതിവരെ
പൂയം
ചെയ്യണമെന്ന് കരുതിയവയിൽ ചിലതെങ്കിലും നിർവഹിക്കും. ഔദ്യോഗികമായി തടസ്സങ്ങളുണ്ടാവില്ല. മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ മേലധികാരികൾക്ക് സ്വീകാര്യമായേക്കും. പിതാവിൻ്റെ ഇഷ്ടങ്ങൾ സാധിച്ചു കൊടുക്കുവാനാവും. സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് വേതനത്തിൽ ചെറിയ വർദ്ധനവ് പ്രതീക്ഷിക്കാം. ജീവകാരുണ്യ പ്രവർത്തനത്തിന് ധനസഹായം ചെയ്യുന്നതാണ്. ഹ്രസ്വകാല കോഴ്സുകളിൽ വിജയിക്കുവാനാവും. ഇടക്കിടെ മാനസിക സമ്മർദ്ദം അനുഭവിക്കും. ഞായർ, ബുധൻ, വ്യാഴം ദിവസങ്ങൾക്ക് ഗുണം കൂടും.
ആയില്യം
പതിനൊന്നിൽ സഞ്ചരിക്കുന്ന ആദിത്യൻ അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കാൻ പ്രേരണയേകും. സർക്കാർ ഓഫീസുകളിൽ നിന്നും ലഭിക്കേണ്ടതായ സർട്ടിഫിക്കറ്റുകൾ കിട്ടുന്നതാണ്. ബന്ധങ്ങൾ കൂടുതൽ ദൃഢമാവും. ചൊവ്വ ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ക്ഷോഭം നിയന്ത്രിക്കാൻ ക്ലേശിച്ചേക്കും. രണ്ടിലെ കേതു ചെറിയ കുടുംബ പ്രശ്നങ്ങൾ ഉയർത്തുന്നതാണ്. ജീവകാരുണ്യത്തിന് കൈയയച്ച് സംഭാവന ചെയ്യും. വസ്തുതർക്കങ്ങളിൽ സംയമം പാലിക്കണം. ഉപാസനാദികൾക്ക് തടസ്സം വരാവുന്നതാണ്. ഞായർ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ക്ഷിപ്രകാര്യസിദ്ധി ഭവിക്കാം.
Read More: June Month Horoscope 2025: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us