scorecardresearch

Love Horoscope: ആരുടെ മനസിലാണ് പ്രണയം പടിപ്പുര കടന്നെത്തുക?

Valentine’s Love Horoscope Feb 10, 2025: ഹൃദയം പങ്കിടാൻ ഒരാളെ എല്ലാവർക്കും ആവശ്യമുണ്ട്. സ്നേഹത്തേരിലേറി വരുന്ന കാമുകനെ, കാമുകിയെ സ്വീകരിക്കാൻ കൊതിക്കാത്ത ആരുണ്ട്? വാലൻ്റെയിൻ ദിനം മുൻനിർത്തി ഒരു അന്വേഷണം.

Valentine’s Love Horoscope Feb 10, 2025: ഹൃദയം പങ്കിടാൻ ഒരാളെ എല്ലാവർക്കും ആവശ്യമുണ്ട്. സ്നേഹത്തേരിലേറി വരുന്ന കാമുകനെ, കാമുകിയെ സ്വീകരിക്കാൻ കൊതിക്കാത്ത ആരുണ്ട്? വാലൻ്റെയിൻ ദിനം മുൻനിർത്തി ഒരു അന്വേഷണം.

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Valentine’s Day Love Horoscope: പ്രണയപരാഗം കൂടുതൽ പേറുന്നത് ഏതു നക്ഷത്രത്തിൽ പിറന്ന ആളാണ്?

Valentine’s Day Horoscope, Love Horoscope: 'പ്രണയപരവശേ! ശുഭം' എന്നത് കുമാരനാശാൻ്റെ 'ലീല' യിലെ ആരംഭവരിയാണ്. ആശാൻ്റെ വരിയിൽ ഒരു ബഹുവചനത്തിൻ്റെ അധികപ്രസംഗമാണ് 'പ്രണയപരവശരേ' എന്ന കൂട്ടിച്ചേർക്കൽ! സ്നേഹഗായകനായ കുമാരനാശൻ ക്ഷമിക്കുമെന്നുറപ്പ്!

തോഴിയായ മാധവി, ലീലയുടെ കാമുകൻ എവിടെയാണെന്ന് അന്വേഷിച്ചു കണ്ടെത്തിയ കാര്യം അവളെ അറിയിക്കുകയാണ്, ഈ പ്രസ്താവനയിലൂടെ. 'നെടുമോഹനനിദ്ര'യിലായിരുന്ന നിൻ്റെ പ്രണയത്തിന് ഇനിമേൽ പൂക്കാലം എന്നാണ് മാധവി ലീലയെ തുടർന്ന് അറിയിക്കുന്നത്. അതാണ് ആ വാർത്തയുടെ ശുഭത്വം!

Advertisment

മിടിക്കുന്ന മാനവഹൃദയം കാത്തിരിക്കുന്നു, തൻ്റെ അനുരാഗിയെ. കാടുമേടുകൾക്കപ്പുറം ആയാലും തുടരുന്ന കാത്തിരിപ്പ്! പ്രണയത്തിന് ഒരുപാടൊന്നും ഒളിച്ചിരിക്കാനാവില്ല. അത് ഒരുനാൾ വെട്ടപ്പെടുക തന്നെ ചെയ്യും. ഉറപ്പിച്ചു പറയാം, അതാവും ഒരാളുടെ, അല്ലെങ്കിൽ
ആ ഇരുവരുടെ മാധവമാസം! 

ഹൃദയം പങ്കിടാൻ ഒരാളെ എല്ലാവർക്കും ആവശ്യമുണ്ട്. സ്നേഹത്തേരിലേറി വരുന്ന കാമുകനെ, കാമുകിയെ സ്വീകരിക്കാൻ കൊതിക്കാത്ത ആരുണ്ട്?  ലോകത്തെ ഇരുപകുതിയാക്കാം, എന്ന് പണ്ഡിതർ. പ്രണയപ്പാതിയും യുദ്ധപ്പാതിയും.

ചരിത്രം ശൃംഗാരവും കാമവും രതിയും പ്രണയവുമായി ആ  വിലോലഭാവത്തെ എന്നും എവിടെയും ഉൾക്കൊണ്ടിട്ടുണ്ട്. പ്രണയത്തിന് ഒന്നുകിൽ താലപ്പൊലി, അല്ലെങ്കിൽ ചോരക്കുരുതി. പക്ഷേ പ്രണയത്തെ കണ്ടില്ലെന്ന് നടിക്കാൻ സമൂഹത്തിനാവില്ല!

Advertisment

പാശ്ചാത്യരുടെ മിത്തുകളിൽ നിന്നും കാലയവനികകൾ വകഞ്ഞുമാറ്റിക്കൊണ്ട് സ്നേഹത്തിൻ്റെ പനിനീർ മലരുകളുമായി ക്യുപിഡും (Cupid), അഫ്രോഡിറ്റും (Aphrodite), വീനെസും (Venus) ഇറങ്ങി വരുന്നു.

ഭാരതത്തിൻ്റെ പൊന്നോമനയായ  കാമദേവനും പ്രണയത്തിൻ്റെ എത്രയെത്ര കാഹളം മുഴുക്കി! മലയമാരുതനാകുന്ന തേരിൽ കയറി വസന്തനെന്ന കൂട്ടുകാരനുമായി 'രതിസുഖസാരേ' മൂളിക്കൊണ്ട് കാമദേവൻ വരുന്നു. കൈകളിൽ പൂവമ്പുകളെങ്കിലും കഠിനതപസ്സുകളുടെ ശിവഹൃദയങ്ങളെ കൺതുറപ്പിക്കാൻ പര്യാപ്തങ്ങളാണവ.  

മേഘമേദുരമായ ആകാശച്ചുവട്ടിൽ, തമാലശ്യാമ വനങ്ങളിൽ, യമുനാപുളിനങ്ങളിൽ 'യദുകുല രതിദേവനെ' നിത്യപ്രണയിനിയായ രാധ തേടുന്നു.ശകുന്തളയുടെ പ്രണയം പുരണ്ട തിരിഞ്ഞുനോട്ടവും നളദമയന്തിമാർ നേരിട്ട പരീക്ഷണങ്ങളും പ്രണയചരിത്രത്തിലെ പരിമളപർവ്വങ്ങളാണ്. 

സാറാമ്മയുടെയും കേശവൻ നായരുടെയും പ്രേമസുരഭില ഹൃദയങ്ങളെ വൈക്കം മുഹമ്മദ് ബഷീറിൻ്റെ തൂലിക കോറിയിടുന്നു. രമണൻ്റെ ചന്ദ്രികാചർച്ചിത രാത്രികളെ ചങ്ങമ്പുഴ മഴവിൽക്കൊടിയുടെ മുനകൊണ്ടു വരച്ചുകാട്ടി. അപ്പുണ്ണിയുടെ ഹൃദയത്താളുകളിലെ മയില്പീലിത്തുണ്ടുകളെ എം.ടി മായികമായി അഖ്യാനിക്കുന്നു. 

ചരിത്രത്തിലെ ഏതോ ഒരു യുഗസന്ധ്യയിൽ വാലെൻ്റയിൻ പാതിരി ചോരക്കറപ്പുതഞ്ഞു കിടക്കുകയാവാം. പക്ഷേ പ്രണയം മരിക്കുന്നില്ല. ശവകുടീരങ്ങളിൽ നിന്നും പ്രണയദേവതകൾ ഉയിർത്തെഴുന്നേല്ക്കുന്നു. വിപ്രലംഭവും സംഭോഗവുമായി ശൃംഗാരകാവ്യങ്ങൾ പിറക്കുന്നു. മനുഷ്യൻ ഏതു സൈബർകാലത്തിലേക്ക് പടർന്നാലും അനുരാഗപ്പൂക്കൾ വിരിഞ്ഞു നിൽക്കും.

ഏതു ഊഷരമായ ഹൃദയത്തിലും കാമനകളുടെ ഇണക്കുരുവികൾ കൂടുകെട്ടാതിരിക്കില്ല. ശാശ്വതമൊന്നേ സത്യം! അത് പ്രണയം എന്ന ത്ര്യക്ഷരി അല്ലാതെന്ത്? 

27 നക്ഷത്രങ്ങളിൽ ഒന്നിൽ ജനിക്കാനാണ് നമ്മുടെ ജന്മനിയോഗം. പ്രണയപരാഗം കൂടുതൽ പേറുന്നത് ഏതു നക്ഷത്രത്തിൽ പിറന്നയാളാണ്? ആരുടെ മനസ്സിലാണ് പ്രണയം പടിപ്പുര കടന്ന് നേരെ അകത്തളത്തിലക്ക് വരുന്നത്? പ്രണയത്തിൻ്റെ പരദേവതയായ ശുക്രൻ ഇരുകരങ്ങളും പൊക്കി അനുഗ്രഹിക്കുന്നത് ആരെ? 

വാലൻ്റെയിൻ ദിനം (Valentine's Day) മുൻനിർത്തി സവിശേഷമായ ഒരു അന്വേഷണം.

അശ്വതി

അശ്വതി മേടക്കൂറിൽ വരുന്ന നക്ഷത്രമാണ്. പ്രണയത്തെയും ദാമ്പത്യത്തെയും സൂചിപ്പിക്കുന്ന  ഏഴാമെടം തുലാം രാശിയാണ്. അതിൻ്റെ അധിപൻ ശുക്രൻ ആണ്. അതിനാൽ പ്രണയത്തിൻ്റെ പരാഗങ്ങൾ ഇവരുടെ ഹൃദയ പുഷ്പത്തിൽ എളുപ്പം വന്നുവീഴും. മേടം രാശിയുടെ അധിപൻ ചൊവ്വയും തുലാം രാശിയുടെ അധിപൻ ശുക്രനും സമന്മാരാണ്. രൂപം, വയസ്സ്, വിദ്യാഭ്യാസം, തൊഴിൽ എന്നിവയിൽ തനിക്ക് ഇണങ്ങുന്നതായ കാമുകിയെ / കാമുകനെ ഇവർക്ക് എളുപ്പം കണ്ടുമുട്ടാനാവും. ചൊവ്വയാണ് കൂറിൻ്റെ അധിപൻ എന്നതിനാൽ ചൊവ്വയുടെ ആധിപത്യ ശീലം   (Dominating Nature) ആണായാലും പെണ്ണായാലും ഇവരിൽ സഹജമായിരിക്കും. 

അശ്വതി പുരുഷ നക്ഷത്രം എന്ന വിഭാഗത്തിൽ വരുന്നു. അശ്വതിയുടെ നക്ഷത്രമൃഗം ആൺകുതിരയാണ്. നക്ഷത്ര വൃക്ഷമാകട്ടെ കാഞ്ഞിരവും. പുരുഷൻ്റെ ഞാനെന്ന ഭാവവും, കുതിരയുടെ പ്രവർത്തനത്തിലെ അതിവേഗശീലവും കാഞ്ഞിരത്തിൻ്റെ കയ്പൻ സ്വഭാവവും ഇവരെ പ്രണയത്തിലും ഗാർഹസ്ഥ്യത്തിലും പരാജയപ്പെടുത്തും. ഇവർ ദാമ്പത്യത്തെ ഒരു മത്സരമായി കാണാനിടയുണ്ട്. പ്രണയം ഉണ്ടായാലും ഇവരുടെ 'ഭരിക്കാൻ പിറന്നവർ' എന്ന മനോഭാവം പ്രണയത്തെ ശുഷ്കമാക്കും. ദാമ്പത്യത്തിൽ ഏർപ്പെട്ടാലും പിരിയാൻ സാധ്യത ഏറെയാണ്. തുടർന്നാലോ? സ്നേഹം അഭിനയിക്കും.

അശ്വതിക്കാർക്ക് ഏപ്രിൽ തൊട്ട് ജൂലായ് വരെ അനുരാഗത്തിൻ്റെ പരാഗങ്ങൾ നെഞ്ചേറ്റാനാവും. അതിനു മുന്നിലെ മാസങ്ങളിൽ  നിലവിലെ ബന്ധം ഉള്ളുപൊള്ളയാണെന്ന ഉൾവിളി തോന്നാൻ ഇടയുണ്ട്. കയ്പുരസം വെറുതെ കുടിക്കാൻ ആരാഗ്രഹിക്കും?

ഭരണി

ചൊവ്വ ഭരിക്കുന്ന മേടക്കൂറിൽ വരുന്ന നക്ഷത്രമാണ് ഭരണി. എന്നാൽ ഭരണിയുടെ നക്ഷത്രനാഥൻ പ്രണയത്തിൻ്റെ പരദേവതയായ ശുക്രനാകുന്നു. കാമുകനെ/ കാമുകിയെ സൂചിപ്പിക്കുന്ന ഏഴാമെടം തുലാം രാശി. അതാകട്ടെ ശുക്രൻ്റെ സ്വക്ഷേത്രവും. അതിനാൽ പ്രണയത്തിൻ്റെ ശ്രീകോവിൽ ഉള്ളിൽ പണിഞ്ഞുവെച്ച് അവിടെ പ്രതിഷ്ഠിക്കാൻ പ്രണയിയെ ഹൃദയപൂർവ്വം കാത്തിരിക്കുന്ന ശീലം കൗമാരത്തിൽ തന്നെ ഇവരിൽ മൊട്ടിടും. 

മനുഷ്യഗണക്കാരാകയാൽ എന്തിലുമെന്ന പോലെ പ്രണയത്തിലും വേഗം ഇണങ്ങാൻ ഇവർക്ക് സാധിക്കുന്നതാണ്. മധുരവാക്കുകൾ പറയും. കലകളിലുള്ള താല്പര്യം കൂടിയാവുമ്പോൾ പ്രണയത്തിൻ്റെ അന്തരീക്ഷം സ്വാഭാവികമായി വിരിഞ്ഞുവരും. നെല്ലിയാണ് നക്ഷത്രവൃക്ഷം. ആദ്യം കയ്പും ചവർപ്പും അനുഭവപ്പെട്ടാലും പ്രണയത്തിൻ്റെ നെല്ലിക്ക മധുരമുള്ളതാവും. ആരോഗ്യകരമായ ദാമ്പത്യത്തിന് അടിത്തറപാകും.

ശുക്രൻ ഉച്ചനാകയാൽ പ്രണയ ദേവതകൾ ഇപ്പോൾ ഭരണിയുടെ ചുറ്റും നൃത്തം ചവിട്ടുന്നുണ്ട്. ഏതു നിമിഷവും പ്രണയ നക്ഷത്രം ഹൃദയാകാശത്തിൽ ഉദിക്കാം. വർഷപ്പകുതിവരെ ആ സാധ്യത നിലനിൽക്കും. പിന്നെ മനസ്സ് മാറാനിടയുണ്ട്.

കാർത്തിക

മേടം ഇടവം കൂറുകളിലായി വരുന്ന നക്ഷത്രമാണ് കാർത്തിക. പ്രായേണ 2,3,4 പാദങ്ങൾ വരുന്ന ഇടവക്കൂറുകാരാവും പ്രണയത്തോട് അധികം ആഭിമുഖ്യം പുലർത്തുക. കാരണം ഇടവക്കൂറിൻ്റെ നാഥൻ ശുക്രനാണ്. മസൃണമായ ഭാവങ്ങൾ ഹൃദയത്തിൽ പൂത്തുലയും. കൗമാരം കഴിയുമ്പോഴേക്കും രാഹുദശ തുടങ്ങുകയാൽ ജീവിതത്തിൻ്റെ മായികഭാവങ്ങൾ വേഗത്തിൽ ആകർഷിച്ചെന്നു വരാം. 

പുരുഷ-സ്ത്രീ എന്ന രണ്ടു വിഭാഗത്തിൽ സ്ത്രീവിഭാഗ നക്ഷത്രമാണ് കാർത്തിക. എന്നാൽ  അസുരഗണ നക്ഷത്രവുമാണ്. പ്രണയത്തിൽ ഉറച്ചുനിൽക്കാനും ഏതറ്റം വരെ പോകാനും ഇവർക്ക് കഴിയും. നവഗ്രഹങ്ങളുടെ രാജാവായ സൂര്യനാണ് നക്ഷത്രാധിപൻ. അതിനാൽ പ്രണയത്തിലും ദാമ്പത്യത്തിലും സ്വന്തം ആധിപത്യം സ്ഥാപിക്കാനിടയുണ്ട്. ഈ വർഷം പ്രണയബന്ധത്തിന് സാധ്യതയുണ്ട്. വ്യാഴസ്ഥിതി അനുകൂലമാവുകയാൽ ജൂണിനുശേഷം പ്രണയം ദാമ്പത്യമായി പന്തലിച്ചേക്കാം.

രോഹിണി

സൃഷ്ടി നക്ഷത്രക്കാരും മനുഷ്യഗണക്കാരുമാണ് രോഹിണി നാളുകാർ. കലാഹൃദയം ഉണ്ട്. ഞാവൽ ആണ് വൃക്ഷം. ഞാവൽപ്പഴത്തിൻ്റെ  അല്പം ചവർപ്പു കലർന്ന മാധുര്യവും കടുംവർണ്ണവും ഇവരുടെ വികാരങ്ങൾക്കും ഇണങ്ങും. മനുഷ്യ മനസ്സിനെ തള്ളിപ്പറയാൻ അറിയാത്തവരാണ്. പ്രണയത്തിൽ മുഴുകിയവർക്ക് കൂടുതൽ സന്തോഷിക്കാൻ കഴിയുന്ന വർഷമാണിത്. 

പഠനകാലത്തായാലും  തൊഴിൽ മേഖലയിലായാലും പ്രണയം പൂത്തുലയാൻ സാഹചര്യം ഉദിക്കും. വീട്ടുകാരെ ചിന്തിക്കാതെ പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ മുതിർന്നാൽ അത്ഭുതപ്പെടാനില്ല. ഏഴാമെടം ചൊവ്വയാകയാൽ പ്രണയത്തിൽ ചതുപ്പുനിലങ്ങളും ചതിക്കുഴികളും കൂടി ഉള്ളതും തിരിച്ചറിയണം. രാഹുദശയിലൂടെ കടന്നുപോകുന്നവരെ പ്രണയ സൗരഭ്യം വേഗം തേടിവരുന്നതാണ്. ഗാർഹസ്ഥ്യത്തിൻ്റെ ദൃഢതയിലേക്ക് പോകാതെ തന്നെ ജീവിതത്തെ താത്കാലികമായ സ്നേഹക്കൂടാരമാക്കാൻ ഇവർ ആലോചിച്ചേക്കും.

മകയിരം

സ്ഥിതി നക്ഷത്രമാണ് മകയിരം. ദേവഗണത്തിൽ ഉൾപ്പെടുന്നു. ഇടവം - മിഥുനം രാശികളിലായി സ്ഥിതി. പ്രണയത്തിന് പൂത്തിരി കത്തിക്കുന്ന രാശികളാണ് രണ്ടും. ഇടവം ശുക്രൻ്റെ ആധിപത്യ രാശി. മിഥുനം രാശിയുടെ സ്വരൂപം ആണും പെണ്ണും ഉടൽ കലർന്നിരിക്കുന്ന വടിവത്തിലാണ്. പ്രണയികളല്ലാത്തവർക്ക് പ്രണയത്തിൻ്റെ തീക്ഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്ന വർഷമാണിത്. മധുരമോഹനഭാവങ്ങൾ ജീവിതത്തെ ആശ്ലേഷിക്കും. 

ചൊവ്വയാണ് മകീര്യത്തിൻ്റെ നാഥൻ. ആകയാൽ ചിലപ്പോൾ നിലവിലെ പ്രണയത്തോട് വിരക്തി തോന്നിയേക്കാം. വെട്ടൊന്ന് മുറി രണ്ട് മനോഭാവം ബന്ധങ്ങളെ ശിഥിലമാക്കാം. രാഗാർദ്ര ഭാവങ്ങൾ ദാമ്പത്യത്തിലും പൂവിരിക്കുന്നതാണ്. വിവാഹം വരെ പ്രണയം എന്നതല്ല, ശ്വാസം ഉള്ളിടത്തോളം അനുരാഗവായ്പ് എന്നതാണ് ഇവരുടെ പൊതുവായുള്ള മനോനില.

തിരുവാതിര

മനുഷ്യഗണത്തിൽ വരുന്ന നക്ഷത്രമാണ് തിരുവാതിര. വൈചാരികതയെക്കാൾ വൈകാരികത ഒരുപിടി കൂടും. പ്രണയം ഹൃദയത്തിൽ കൂടുകൂട്ടിയിട്ടുണ്ട്. 
ഈ വർഷം ശുക്രൻ്റെ അനുകൂലതയാൽ പ്രണയത്തിൽ മുന്നേറാനാവും. തകർന്ന പ്രണയത്തിൻ്റെ വിഷാദനീലിമ അകന്നേക്കും. ബാല്യകാലം തൊട്ടുള്ള പ്രണയം തടസ്സങ്ങൾ നീങ്ങി യാഥാർത്ഥ്യമായി മാറാൻ സാധ്യതയുണ്ട്. 

ദാമ്പത്യത്തിൽ തെറ്റിപ്പിരിഞ്ഞവർ മാധ്യസ്ഥ ശ്രമത്തിലൂടെ വീണ്ടും ഒരുമിച്ചെന്നും വന്നേക്കാം. ഇപ്പോൾ ചൊവ്വ ജന്മരാശിയിലുണ്ട്. തടസ്സങ്ങളുടെ ചുവപ്പ് സിഗ്നലാണ്, പ്രണയത്തിനും കാണുന്നത്. ക്രമേണ മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തും. 

ഏപ്രിലിൽ ശനി പത്താമെടത്തിൽ വരുന്നുണ്ട്. കണ്ടകശ്ശനിക്ക് നിങ്ങളുടെ തൊഴിലിടത്തിലെ ഗൂഡാനുരാഗത്തെ മന്ദീഭവിപ്പിക്കാൻ ശക്തിയുണ്ടെന്നറിയുക.

പുണർതം

ദേവഗണ നക്ഷത്രമാണ് പുണർതം. മുളയാണ് വൃക്ഷം. മുളയ്ക്ക് പുല്ലാങ്കുഴലാകാൻ കഴിയും. പ്രണയത്തിൻ്റെ സ്വരരാഗഗാനം ആലപിക്കാൻ വാസനയുണ്ടാവും.
ഗുരു അഥവാ വ്യാഴം നക്ഷത്രനാഥനും. ദേവോചിത പ്രണയത്തിൽ അഭിരമിക്കുന്ന ശീലമാണ് ഇവരുടെത്.  ധീരമായ ചുവടുവെയ്പുകൾ നടത്തും, എല്ലാത്തിലുമെന്ന പോലെ അനുരാഗത്തിലും. 

ഇപ്പോൾ ജന്മരാശിയിൽ, ജന്മനക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുകയാണ്. ഏപ്രിൽ വരെ ചൊവ്വ അവിടെത്തന്നെയുണ്ട്. അതിനാൽ നിലവിലെ പ്രണയത്തെ സ്വന്തം മനോഭാവം, ഈഗോ കാര്യമായി ബാധിച്ചേക്കാം. സ്നേഹബന്ധം ചിലപ്പോൾ ഒരു പളുങ്കുപാത്രം പോലെയാവും. ദാമ്പത്യത്തിലും അധീശത്വ മനോഭാവം പുലർത്താനിടയുണ്ട്. ആകയാൽ അനുരഞ്ജനത്തിൻ്റെ വഴികൾ തേടാൻ തയ്യാറാവണം.

പൂയം

ശനി ഭരിക്കുന്ന നക്ഷത്രമാണ്, പൂയം. ഉദാസീനതയുണ്ടാവും. പ്രണയം പടിവാതിലിൽ വന്നുമുട്ടിയാലും'നാളെ, നാളെ...' എന്ന് നീട്ടിവെക്കും. ദേവഗണനക്ഷത്രമാണ്. ദേവന്മാർക്ക് ആകാശത്തിലെ താരാഗണങ്ങളെയാണ് കാമ്യം. അതിനാൽ ആദർശപ്രേമത്തിൽ ഉറച്ചുനിൽക്കുന്നവരാകും. കർക്കടകക്കൂറിൽ വരുന്ന നക്ഷത്രമാണ് പൂയം. അതിനാൽ ചിലപ്പോൾ വൈകാരികമായ സമീപനവും കണ്ടേക്കും. 

പ്രണയം ഉള്ളിൽ സൂക്ഷിച്ചിട്ടെന്താ കാര്യം? മനസ്സിലെക്കാര്യം തുറന്നുപറയാൻ തയ്യാറാകണം. അതിന് മടിയുണ്ടാവും. ഇപ്പോൾ പന്ത്രണ്ടാം രാശിയിലും ഏപ്രിൽ മുതൽ ജന്മരാശിയിലും സഞ്ചരിക്കുന്ന ചൊവ്വ പ്രണയത്തിന് മാർഗ്ഗതടസ്സം സൃഷ്ടിച്ചേക്കാം. അതുകൊണ്ട് ദാമ്പത്യത്തിൽ അനുരാഗവീണ ഇപ്പോൾ വിപ്രലംഭം വായിക്കുന്നതായി കണക്കാക്കാം. നാലഞ്ചുമാസം കൂടി ഭാര്യാഭർത്താക്കന്മാർ വ്യത്യസ്ത സ്ഥലരാശികളിൽ ജോലി ചെയ്യുന്ന സ്ഥിതി തുടരപ്പെടുന്നതാണ്.

ആയില്യം

പുരുഷ നക്ഷത്രമാണ്, ആയില്യം. അസുരഗണത്തിൻ്റെ ജനിതക ഗുണമാണ് ഈ നക്ഷത്രത്തിൽ പ്രകടമാവുന്നത്. അസാധ്യകർമ്മങ്ങളെ കൈവെള്ളയിൽ ആക്കുവാൻ ഇവർക്ക് ആവേശമാണ്. കല്പനയുടെ ലോകത്ത് സഞ്ചരിച്ചാലും മണ്ണിൽ ചവിട്ടി നിൽക്കും. പ്രായോഗികത ചിന്തയാണ് ഇവരുടെ അനുരാഗത്തെ വ്യത്യസ്തമാക്കുന്നത്. 

പ്രണയം ഒരു ജ്വരാവേഗമാണിവർക്ക്. ചരരാശിയിലാകയാൽ പ്രണയത്തിന് യാത്രയുമായി ബന്ധമുണ്ടാവാം. ഒപ്പമുള്ള സഞ്ചാരങ്ങൾ, സഹപ്രവർത്തനം, സതീർത്ഥ്യത - പ്രണയത്തിന് അങ്ങനെ നൂറുവഴികളാണ് ആയില്യം നാളുകാർക്ക്. 

എട്ടിലെ ശനി ഏപ്രിൽ മുതൽ ഒമ്പതിൽ, ഒമ്പതിലെ രാഹു ജൂൺ മുതൽ എട്ടിൽ. ദാമ്പത്യത്തിൽ, അനുരാഗത്തിൽ, തൊഴിലിൽ എല്ലാം കരുതൽ വേണ്ട കാലഘട്ടമാണ് മുന്നിൽ ഉള്ളത്. തടസ്സങ്ങളെ തകർക്കാനാവണം. ആഗ്രഹസാഫല്യത്തിന് ഒരു ഗ്രഹം വിലങ്ങുതടിയാകുമ്പോൾ മറ്റൊരു ഗ്രഹം വിലങ്ങു തകർക്കുന്ന അനുഭവം ഇക്കൊല്ലം പ്രതീക്ഷിക്കാം.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: