scorecardresearch

Lunar Eclipse September 2025: സെപ്റ്റംബർ 7ലെ പൂർണ്ണ ചന്ദ്രഗ്രഹണം: ദോഷഫലങ്ങൾ ഏതൊക്കെ കൂറുകാർക്ക്? മകം മുതൽ തൃക്കേട്ടവരെ

Lunar Eclipse September 2025 Impact on stars: 2025 സെപ്തംബർ 7ാം തീയതിയിലെ ചന്ദ്രഗ്രഹണഫലം ചിങ്ങക്കൂറു മുതൽ വൃശ്ചികക്കൂറു വരെയുള്ള നാല് കൂറുകാർക്കും അതിലെ ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവർക്കും ഏതുവിധത്തിലുള്ള ഫലങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഈ ലേഖനം വിശദീകരിക്കുന്നു

Lunar Eclipse September 2025 Impact on stars: 2025 സെപ്തംബർ 7ാം തീയതിയിലെ ചന്ദ്രഗ്രഹണഫലം ചിങ്ങക്കൂറു മുതൽ വൃശ്ചികക്കൂറു വരെയുള്ള നാല് കൂറുകാർക്കും അതിലെ ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവർക്കും ഏതുവിധത്തിലുള്ള ഫലങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഈ ലേഖനം വിശദീകരിക്കുന്നു

author-image
S. Sreenivas Iyer
New Update
Lunar Eclipse, astrology

പൂർണ്ണ ചന്ദ്രഗ്രഹണം: ദോഷഫലങ്ങൾ ഏതൊക്കെ കൂറുകാർക്ക്?

Lunar Eclipse on September 7: 2025 സെപ്തംബർ 7 ന്/ 1201 ചിങ്ങം 22 ന്, ഞായറാഴ്ച രാത്രി 9 മണി 58 മിനിറ്റു മുതൽ 1 മണി 22 മിനിറ്റുവരെ പൂർണ്ണചന്ദ്രഗ്രഹണം നടക്കും. കുംഭക്കൂറിൽ ചതയം/പൂരൂരുട്ടാതി നക്ഷത്രസന്ധികളിൽ ഗ്രഹണം ആരംഭിക്കും. തുടർന്ന് പൂർണ്ണമാകുന്നത് പൂരൂരുട്ടാതി നക്ഷത്രത്തിലായിരിക്കും.

Advertisment

സെപ്തംബർ 7 ലെ ചന്ദ്രഗ്രഹണം ഭാരതത്തിലും ലോകത്തിൻ്റെ മിക്ക ഭാഗങ്ങളിലും ദൃശ്യവും ആചരണീയവുമാകയാൽ ഇതിനെ 'സമ്പൂർണ്ണ ചന്ദ്രഗ്രഹണം' എന്ന് വിശേഷിപ്പിക്കാം.

ഏതാണ്ട് രാത്രി 11 മുതൽ 12 മണി വരെ ഗ്രഹണമദ്ധ്യകാലമാണ്. ഗ്രഹണം വ്യക്തമായും ദൃശ്യമാകുമ്പോൾ ചുവന്നനിറത്തിലുള്ള ചന്ദ്രനെ കാണാനാകുന്നതിനാൽ 'Blood Moon Eclipse' എന്ന് ഈ ഗ്രഹണം വിശേഷിപ്പിക്കപ്പെടുന്നു. 

കുംഭക്കൂറിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ രാഹു സഞ്ചരിക്കുകയാണ്. ആയതിനാൽ ഈ ഗ്രഹണം 'രാഹുഗ്രസ്ത ചന്ദ്രഗ്രഹണ' മാകുന്നു. പുരാണകഥകൾ പ്രകാരം സൂര്യചന്ദ്രഗ്രഹണങ്ങൾ ഒന്നുകിൽ രാഹു ഇവയെ വിഴുങ്ങുന്നതാവും. അല്ലെങ്കിൽ കേതു ഇവയെ വിഴുങ്ങുന്നതാവും. ഇത്തവണ ചന്ദ്രനെ രാഹു ഗ്രഹിക്കുന്നു അഥവാ ഗ്രസിക്കുന്നു. ആകയാൽ ഇത് 'രാഹുഗ്രസ്തഗ്രഹണ' മായി അറിയപ്പെടും.

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

Advertisment

ഗ്രഹണഫലങ്ങൾ പ്രായേണ ദോഷപ്രധാനമാണ്. അവ നൽകുന്ന കയ്പൻ അനുഭവങ്ങളും ജീവിതവിഘാതങ്ങളും രാഷ്ട്രത്തിൻ്റെ പ്രവർത്തനങ്ങളെപ്പോലും ബാധിക്കാറുള്ളതായി പണ്ഡിതന്മാർ ചൂണ്ടിക്കാണിക്കുന്നു.

ഗ്രഹണഫലം ചില കൂറുകാർക്ക് ആറുമാസത്തോളം അനുഭവത്തിൽ വരും. 2025 സെപ്തംബർ 7ാം തീയതിയിലെ ചന്ദ്രഗ്രഹണഫലം ചിങ്ങക്കൂറു മുതൽ വൃശ്ചികക്കൂറുവരെയുള്ള നാല് കൂറുകാർക്കും അതിലെ ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവർക്കും ഏതുവിധത്തിലുള്ള ഫലങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഈ ലേഖനം വിശദീകരിക്കുന്നു.

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)

ഏഴാമെടത്തിലാണ് ഗ്രഹണമെന്നതിനാൽ വഴിയാത്രകൊണ്ട് ക്ലേശമുണ്ടാവും. കൂടുകച്ചവടത്തിൽ ഭിന്നപക്ഷങ്ങൾ ഉടലെടുക്കാം. തീരുമാനങ്ങൾ ഏകപക്ഷീയമായി എന്ന് ഒപ്പമുള്ളവർ തർക്കിക്കാനിടയുണ്ട്. അനുരാഗത്തിൽ വിഘ്നങ്ങൾ ഏർപ്പെടാം. അനുരഞ്ജനമില്ലായ്മ ദാമ്പത്യത്തെയും പ്രതികൂലമായി ബാധിക്കുന്നതാണ്. അവിവാഹിതരുടെ വിവാഹാലോചനകളിൽ തീരുമാനം നീളാം.  തയ്യാറെടുപ്പ് വേണ്ടത്രയുണ്ടായാലും അഭിമുഖങ്ങളിൽ തിളങ്ങാനായേക്കില്ല. വാഗ്വാദങ്ങൾക്ക് മുതിരരുത്. കോടതി വ്യവഹാരങ്ങൾ നീണ്ടുപോകുന്നതാണ്. ചെലവുകളിൽ നല്ല നിയന്ത്രണം പുലർത്തണം. ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും വിട്ടുമാറാൻ സ്വയം ശ്രമിക്കേണ്ടതുണ്ട്. ഉപാസനകൾക്കും ആത്മീയശീലങ്ങൾക്കും തടസ്സം വരാം. സാഹസങ്ങൾ ഒഴിവാക്കണം. ദുഷ്പ്രേരണകളെ തിരിച്ചറിയേണ്ടതുണ്ട്.  സർക്കാരിൽ നിന്നുമുള്ള അനുമതി നേടാൻ ആവർത്തിത ശ്രമം വേണ്ടിവന്നേക്കും.

Also Read: ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

കന്നിക്കൂറിന് (ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)

ഗ്രഹണം ആറാമെടത്തിലാണ് നടക്കുന്നതെന്നതിനാൽ വലിയ ദോഷഫലങ്ങൾ ഉണ്ടാവില്ല. പ്രണയബന്ധത്തിൽ ശൈഥില്യം വരാനിടയുണ്ട്. ദാമ്പത്യത്തിലും പൊരുത്തപ്പെടലുകൾ കുറയുന്നതായി തോന്നും. ജീവിതപങ്കാളിയുടെ തൊഴിൽമേഖലയിൽ സമ്മർദ്ദങ്ങൾ വരാം. അതിൻ്റെ പ്രതിഫലനം ഗാർഹസ്ഥ്യത്തിലും പ്രതീക്ഷിക്കാം. ചെയ്തുപോരുന്ന ബിസിനസ്സിൽ വിപുലീകരണം സാധ്യമാവും. എന്നാൽ അതിനായി കടം വാങ്ങി ചെലവു ചെയ്യുന്നത് ആശാസ്യമാവില്ല. രാഷ്ട്രീയ നിലപാടുകളും സംഘടനാ പ്രവർത്തനങ്ങളും വിമർശിക്കപ്പെടാം. മേലധികാരികൾക്ക് നൽകുന്ന വിശദീകരണം തൃപ്തികരമായേക്കില്ല. ആരോഗ്യകാര്യത്തിൽ കരുതലുണ്ടാവണം. ജീവിതശൈലീ രോഗങ്ങൾക്ക് കൃത്യമായ പരിശോധന ആവശ്യമാണ്.  വീടുനിർമ്മാണത്തിലും വിളംബമനുഭവപ്പെടും. എല്ലാക്കാര്യവും പുനരാലോചനയിലൂടെ നിർവഹണത്തിൽ കൊണ്ടെത്തിക്കുകയാവും സമുചിതം.

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)

പഞ്ചമഭാവത്തിൽ ഗ്രഹണം നടക്കുകയാൽ പുണ്യകാര്യങ്ങൾ മുടങ്ങാനിടയുണ്ട്. സന്താനങ്ങളെച്ചൊല്ലി കുടുംബാംഗങ്ങൾക്കിടയിൽ കലഹം ഉയരാം. അനാവശ്യമായ / അകാരണമായ ഉൽക്കണ്ഠകൾ സ്വസ്ഥത നശിപ്പിക്കും. വരവും ചെലവും പൊരുത്തപ്പെടുത്താൻ ക്ലേശിച്ചേക്കും. വ്യക്തിപരമായി ഏറെ ആഗ്രഹിച്ച കാര്യങ്ങൾ മാറ്റിവെക്കേണ്ടി വരാം. യാത്രകളിൽ സന്തോഷം കുറയുന്നതാണ്. ശ്രാദ്ധാദികർമ്മങ്ങൾ തടസ്സപ്പെടാനിടയുണ്ട്. പ്രത്യുല്പന്നമതിത്വം ഉണ്ടാവില്ല. തെറ്റായ ചില തീരുമാനങ്ങൾ എടുത്തേക്കാം. വീഴ്ച, മുറിവ്, ആരോഗ്യപ്രശ്നങ്ങൾ ഇവ വലയ്ക്കാനിടയുണ്ട്. കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ കാര്യത്തിൽ പ്രത്യേകമായ ശ്രദ്ധ അനിവാര്യമാണ്. കർമ്മരംഗത്ത് മാറ്റം കൊണ്ടുവരാൻ വളരെയധികം ആഗ്രഹിക്കും. എന്നാൽ പ്രാവർത്തികമാക്കുക എളുപ്പമല്ലെന്നറിയും. 
എഴുത്തുകാർക്ക് സർഗാത്മകതയിൽ വിഘ്നങ്ങൾ ഏർപ്പെടുന്നതാണ്. പ്രണയത്തിൽ വിരക്തിയേർപ്പെട്ടാൽ അത്ഭുതപ്പെടാനില്ല.

Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)

നാലാം ഭാവത്തിലാണ് ഗ്രഹണം ഭവിക്കുന്നത്. വീടും നാടും വിട്ട് പഠിത്തം /ജോലി ഇത്യാദികൾക്കായി അകലങ്ങളിൽ പോകാൻ സാധ്യതയുണ്ട്. മനസ്സിൻ്റെ മേലുള്ള നിയന്ത്രണം പലപ്പോഴും നഷ്ടപ്പെടാം. പുതുവാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ അല്പം കൂടി കാത്തിരിക്കുക അഭികാമ്യം. കെട്ടിടം / വീട് ഇവയുടെ നിർമ്മാണത്തിൽ തടസ്സങ്ങൾ വരുന്നതാണ്. പല കാര്യങ്ങളും വൈകിമാത്രമാവും നടപ്പിലാക്കാൻ കഴിയുക. കലാപ്രവർത്തനത്തിന് പ്രതീക്ഷിച്ച അവസരം കിട്ടിയേക്കില്ല. ബന്ധുകലഹങ്ങളിൽ കഴിവതും ഇടപെടരുത്. സുഹൃത്തുക്കളുടെ ഉപദേശങ്ങൾ കണ്ണടച്ച് വിശ്വസിക്കുന്ന പ്രവണത തിരുത്തപ്പെടണം. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണ്ടതുണ്ട്. ഭാര്യാഭർത്താക്കന്മാർ പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കാത്തത് ദാമ്പത്യത്തെ ക്ലേശിപ്പിച്ചേക്കാം. വ്യായാമം, ദിനചര്യ ഇവകളിൽ അലംഭാവമരുത്. അധികാരികളുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുക മൂലം തൊഴിലിടം അശാന്തമായേക്കും.

Read More: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: