/indian-express-malayalam/media/media_files/2025/08/16/september-2025-ashwathy-2025-08-16-14-24-49.jpg)
September Month 2025 Astrological Predictions for stars Aswathi to Ayilyam
Horoscope September 2025: ആദിത്യൻ സെപ്തംബർ 1 മുതൽ 16 വരെ ചിങ്ങം രാശിയിലും തുടർന്ന് കന്നിരാശിയിലും സഞ്ചരിക്കുന്നു. പൂരം, ഉത്രം, അത്തം എന്നീ ഞാറ്റുവേലകൾ ഇക്കാലത്ത് കടന്നുപോകുന്നു.
വെളുത്ത പക്ഷത്തിൽ മാസം തുടങ്ങുന്നു. സെപ്തംബർ 7 ന് വെളുത്തവാവാണ്. അന്ന് ചതയം നക്ഷത്രത്തിലായി പൂർണ്ണ ചന്ദ്രഗ്രഹണവും ഉണ്ട്. സെപ്തംബർ 21 ന് കറുത്തവാവും വരുന്നു.
പിറ്റേന്ന് (സെപ്തംബർ 22 ന്) ആശ്വിനമാസവും ശരദ് ഋതുവും നവരാത്രിയും ആരംഭിക്കുന്നു. ദുർഗ്ഗാഷ്ടമി സെപ്തംബർ 30 ന് ആണ്. മഹാനവമിയും വിജയദശമിയും ഒക്ടോബർ 1,2 തീയതികളിലായിട്ടാണ് വരുന്നത്.
ശനിയുടെ സ്ഥിതി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ്. എന്നാൽ ശനിക്ക് വക്രഗതിയുണ്ട്. വ്യാഴം മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു.
രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി രണ്ടാം പാദത്തിലും കേതു കന്നിരാശിയിൽ പൂരം ഒന്നാം പാദത്തിലും തുടരുകയാണ്. ചൊവ്വ മാസാദ്യം കന്നിരാശിയിൽ അത്തം നക്ഷത്രത്തിലാണ്. തുടർന്ന് ചിത്തിരയിൽ പ്രവേശിക്കുന്നു. സെപ്തംബർ 13 ന് തുലാം രാശിയിലേക്ക് സംക്രമിക്കുകയാണ്. മാസാന്ത്യത്തിൽ ചോതി നക്ഷത്രത്തിലൂടെയും സഞ്ചരിക്കുന്നുണ്ട്.
ബുധൻ മാസാദ്യം ചിങ്ങം രാശിയിലുണ്ട്. സെപ്തംബർ 15 ന് ഉച്ചരാശിയായ കന്നിയിൽ പ്രവേശിക്കുന്നു. സെപ്തംബർ മുഴുവൻ ബുധൻ മൗഢ്യത്തിലുമാണ്.
ശുക്രൻ മാസാദ്യം കർക്കടകം രാശിയിലാണ്. സെപ്തംബർ 14 ന് ചിങ്ങം രാശിയിലേക്ക് സംക്രമിക്കും.
ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2025 സെപ്തംബർ മാസത്തെ നക്ഷത്രഫലം ഇവിടെ വിശകലനം ചെയ്യുന്നു.
Also Read:ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
അശ്വതി
ജോലിസ്ഥലത്ത് കൂടുതൽ സ്വീകാര്യതയുണ്ടാവും. തീരുമാനങ്ങൾ ആലോചിച്ചെടുക്കേണ്ട സന്ദർഭമാണിത്. പ്രായോഗിക പരിചയം മുന്നേറാൻ വഴിയൊരുക്കുന്നതാണ്. ചില തടസ്സങ്ങൾ അനിവാര്യമായി സംജാതമാകും. കുടുംബകാര്യങ്ങളിൽ മുഴുവനായുള്ള സംതൃപ്തി കൈവരുമെന്ന് പറയാനാകില്ല.ഒരു അസ്വാരസ്യങ്ങൾ ഉണ്ടാവാം.
തൊഴിൽ യാത്രകൾ വേണ്ടിവന്നേക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നാട്ടിൽ വീട് വാങ്ങാൻ അവസരം തുറന്നുകിട്ടും. സഹോദരാനുകൂല്യം അധികം പ്രതീക്ഷിക്കേണ്ടതില്ല. ആറിലെ ചൊവ്വ ആത്മവിശ്വാസമേകും. പ്രതിസന്ധികളെ മുൻകൂട്ടി കാണുന്നതാണ്. പോംവഴി സ്വയം രൂപപ്പെടുത്തുകയും ഒപ്പമുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യും. കടബാധ്യതകളിൽ പെടാതിരിക്കാൻ ശ്രദ്ധിയുണ്ടാവണം.
ഭരണി
ബഹുകാര്യങ്ങളിൽ മുഴുകുന്നതാണ്. ജോലിഭാരം കൂടുന്നതായിരിക്കും. ആത്മാർത്ഥതയെ മേലധികാരികൾ ചൂഷണം ചെയ്യുന്നതായി തോന്നാം. ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിൽ രണ്ടുമനസ്സുണ്ടാവും. എങ്കിലും മനസ്സർപ്പിച്ചുതന്നെ പ്രവർത്തികളിൽ മുഴുകുന്നതാണ്. പുതുജോലിക്കായി നടത്തുന്ന ശ്രമങ്ങൾ ഫലവത്തായേക്കും. തന്മൂലം വീട്ടിൽ നിന്നും അകലേക്ക് മാറാനിടയുണ്ട്. കുടുംബസമേതം യാത്രകളുണ്ടാവും. പതിവ് വിരസതകളിൽ നിന്നും താത്കാലികമായെങ്കിലും മാറനാവും. ശീലങ്ങൾ നിയന്ത്രിക്കാനായി പുതിയ പ്രതിജ്ഞ കൈക്കൊണ്ടേക്കും. പിതാവിന് ഉദ്യോഗത്തിൽ ഉയർച്ച വരുവാനിടയുണ്ട്. ആരാധ്യ വ്യക്തിത്വങ്ങളെ കാണാൻ ശ്രമിക്കുന്നതാണ്. സാമ്പത്തികമായി സംതൃപ്തി ഭവിക്കുന്ന കാലമാവും.
കാർത്തിക
മുൻകൂട്ടി തീരുമാനിച്ചതുപോലെയാവില്ല പല കാര്യങ്ങളും നടക്കുക. എങ്കിലും സന്ദർഭത്തിനൊത്ത് ഉയരാൻ കഴിയുന്നതായിരിക്കും. സ്വയം തിരുത്താനും ആത്മപരിശോധ നടത്താനും തയ്യാറാവേണ്ടതുണ്ട്. ധനപരമായി നല്ല കാലമാണ്. സർക്കാർ/ബാങ്ക് വായ്പകൾക്ക് സാധ്യത കാണുന്നു. കിട്ടാക്കടങ്ങൾ ഭാഗികമായെങ്കിലും കിട്ടിയേക്കും. പുതിയ സംരംഭങ്ങൾ കുറശ്ശെയായി ചുവടുറപ്പിച്ച് തുടങ്ങുന്നതാണ്. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനം ഉണ്ടാവുന്നതായിരിക്കും. ആഢംബരത്തിനായി ചെലവു ചെയ്യും. സഹപ്രവർത്തകർക്ക് പ്രായോഗിക നിർദ്ദേശങ്ങൾ നൽകുന്നതാണ്.
പഞ്ചമഭാവത്തിലെ ചൊവ്വ സൂചിപ്പിക്കുന്നത് മക്കളുടെ പിടിവാശിയെയാണ്. തന്മൂലം മനക്ലേശം ഉണ്ടാവുന്നതിനിടയുണ്ട്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഗുണഫലങ്ങളേറും.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
രോഹിണി
ആദിത്യൻ നാലിലും അഞ്ചിലും ആയി സഞ്ചരിക്കുന്നു. രണ്ടിൽ വ്യാഴവും പതിനൊന്നിൽ ശനിയും തുടരുന്നു. ന്യായമായ അഭീഷ്ടങ്ങൾ കരഗതമാവുന്നതാണ്. പ്രശ്നങ്ങൾ തുടരും. എന്നാൽ പരിഹാര മാർഗങ്ങൾ കണ്ടെത്തപ്പെടാം. അധിക ജോലിഭാരം വിഷമിപ്പിക്കുന്നതാണ്. നിലവിലെ തൊഴിലുപേക്ഷിച്ചിട്ട് പുതിയത് കണ്ടെത്താൻ തത്കാലം ഗ്രഹാനുകൂല്യം ഇല്ലെന്നത് ഓർമ്മിക്കണം. വേതന വർദ്ധനവ് നാമമാത്രമായിരിക്കും. സ്വാശ്രയ ബിസിനസ്സിൽ വളർച്ച പ്രതീക്ഷിക്കാം. ഉപഭോക്താക്കൾ സേവനങ്ങളിൽ തൃപ്തി രേഖപ്പെടുത്തും. കുടുംബ ബന്ധങ്ങളിൽ ദാർഢ്യം ഭവിക്കും. മക്കളുടെ കാര്യത്തിൽ അസംതൃപ്തി / മനോവിഷമം വരാം. കൂട്ടായ ചർച്ചകൾക്കും ഒത്തുചേരലുകൾക്കും അവസരം സൃഷ്ടിക്കണം. സാമ്പത്തികമായ പിരിമുറുക്കങ്ങൾ ഉണ്ടായേക്കില്ല. രാഷ്ട്രീയത്തിൽ വിരക്തി തോന്നും. ബന്ധുസമാഗമം ആഘോഷങ്ങളെ അവിസ്മരണീയമാക്കുന്നതാണ്.
മകയിരം
എല്ലാരംഗത്തും മാറ്റങ്ങൾ കൊണ്ടുവരാൻ തീവ്രമായി അഭിലഷിക്കും. യാഥാർത്ഥ്യത്തെക്കാൾ സ്വപ്നത്തിൻ്റെ പിന്നാലെ സഞ്ചരിക്കുന്നതാണ്.പരിശ്രമങ്ങളിൽ ഫലസാധ്യത കുറവാണ്. കഴിവുകൾ സ്വയം തിരിച്ചറിയാൻ സാധിക്കുമെന്നൊരു മെച്ചമുണ്ട്. ഉന്നതരുടെ വാഗ്ദാനം ലഭിക്കും. അത് പ്രാവർത്തികമാകാൻ സാധ്യത കുറവാണ് എന്നതായിരിക്കും ഫലശ്രുതി. സാമ്പത്തികമായി അല്പം സ്വസ്ഥത വരാനിടയുണ്ട്. പാരമ്പര്യസ്വത്തിൽ നിന്നും ധനാഗമം ഉണ്ടാവുന്നതാണ്. കുടുംബകാര്യത്തിൽ ഏകപക്ഷീയമായ തീരുമാനം കൈക്കൊള്ളേണ്ടി വന്നേക്കും. തന്മൂലം കുടുംബസമാധാനം കുറയുന്നതാണ്. കാലഘട്ടത്തിന് ഇണങ്ങുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതാണ്. ബന്ധുവിൻ്റെ മകളുടെ വിവാഹത്തിന് സാമ്പത്തിക സഹായം ചെയ്യുവാനാവും.
Also Read:നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
തിരുവാതിര
മാസത്തിൻ്റെ ആദ്യ പകുതി മികച്ചതാവും. തൊഴിലിൽ വളർച്ചയുണ്ടാവുന്നതാണ്. അധികാരികൾക്ക് അഭിമതരാവും. ദുർഘട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായേക്കും. ധനവരവ് മോശമാവില്ല. ചിട്ടി, നറുക്കെടുപ്പ് ഇവയിൽ വിജയിക്കും. പാരമ്പര്യ കർമ്മരംഗത്ത് മടുപ്പനുഭവിക്കാനിടമുണ്ട്. രോഗഗ്രസ്തർക്ക് ചികിൽസാ മാറ്റത്തിലൂട ആശ്വാസം പ്രതീക്ഷിക്കാം. വിദ്യാഭ്യാസത്തിനോ ജോലിക്കോ ഗവേഷണത്തിനോ വിദേശ സാധ്യതകൾ നിലവിലുണ്ടായിരിക്കും. പ്രണയ ജീവിതം പുഷ്കലമായി തുടരുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ സമ്മർദ്ദങ്ങൾ അനുഭവപ്പെടാം. കടം വാങ്ങേണ്ടി വന്നേക്കും. കരാറുകളിൽ പങ്കാളിയാവുമ്പോൾ സേവന വേതന വ്യവസ്ഥകൾ വായിച്ചറിയേണ്ടതാണ്. കൂട്ടുകെട്ടുകളിൽ ജാഗ്രതയുണ്ടാവണം.
Also Read:ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
പുണർതം
ബഹുകാര്യങ്ങൾ കാരണം ഔദ്യോഗിക ജീവിതം തിരക്കുപിടിച്ചതാവും. പുതുസംരംഭങ്ങൾ പുരോഗതിയിലേക്ക് നീങ്ങുന്നതാണ്. കാര്യാലോചനകളിൽ പങ്കെടുക്കുകയാൽ ഭാവിപ്രവർത്തനം സംബന്ധിച്ച് വ്യക്തത കൈവരും. അന്യദിക്കിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം ഉണ്ടാവുന്നതാണ്. മകൻ്റെ ജോലിക്കാര്യത്തിൽ അനുകൂല സൂചന ലഭിക്കും. വസ്തു / വീട് വാങ്ങുന്ന കാര്യത്തിൽ വീട്ടിൽ രണ്ടഭിപ്രായം ഉടലെടുക്കാനിടയുണ്ട്. ആഘോഷങ്ങളിൽ പങ്കെടുക്കാൻ ദൂരദിക്കിൽ നിന്ന് ഉറ്റബന്ധുക്കളെത്തുന്നതാണ്. ലോണുകൾ അടഞ്ഞുതീരുകയാൽ സന്തോഷമുണ്ടാവും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ തൊഴിലിടത്തിൽ വേണ്ടത്ര സ്വാസ്ഥ്യം കിട്ടിയേക്കില്ല. കർക്കടക്കൂറുകാർക്ക് മാസാദ്യം സ്വൈരം കുറയുന്നതാണ്.
പൂയം
പുതിയ ജോലി തേടുന്നവർക്ക് നല്ല അവസരങ്ങൾ പ്രതീക്ഷിക്കാം. എന്നാലും നിലവിലെ ജോലി ഉപേക്ഷിക്കുന്നത് അഭിലഷണീയമല്ല. പാരമ്പര്യസ്വത്ത് വിൽക്കാനുള്ള ശ്രമം വിജയിക്കുന്നതാണ്. തന്മൂലം കടബാധ്യതകൾ വീട്ടാൻ സാധിച്ചേക്കും. ബിസിനസ്സുകാർക്ക് വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ പരസ്യങ്ങളെ ആശ്രയിക്കേണ്ടി വരാം. വിദേശത്തു കഴിയുന്നവർക്ക് ആഘോഷങ്ങൾക്കായി നാട്ടിലെത്താനാവും. പ്രണയവിഘ്നങ്ങളെ മറികടക്കുന്നതാണ്. സാങ്കേതികജ്ഞാനം സമ്പാദിക്കാൻ അവസരം ഉണ്ടാവും. രാഷ്ട്രീയ മത്സരങ്ങളിൽ പദവി നിലനിർത്താൻ ക്ലേശിക്കും. വേണ്ടപ്പെട്ടവരെന്ന് വിശ്വസിച്ചവർ എതിരുനിൽക്കാം. മാസത്തിൻ്റെ രണ്ടാം പകുതി കൂടുതൽ ഫലപ്രദമായിരിക്കും. കിടപ്പു രോഗികൾക്ക് ചികിൽസാ മാറ്റം സാന്ത്വനമേകുന്നതാണ്.
ആയില്യം
സ്വതസിദ്ധമായ കഴിവുകൾ പ്രയോജനപ്പെടുത്താൻ സന്ദർഭമുണ്ടാവും. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റമോ വേതനവർദ്ധനവോ സാധ്യതയാണ്. ഗാർഹിക സാഹചര്യങ്ങൾ പൂർണ്ണമായും തൃപ്തി നൽകുന്നവയാവില്ല. അനുരഞ്ജനത്തിൻ്റെ പാത സ്വീകരിക്കുക അഭികാമ്യം. കുറച്ചു കാലമായി വിൽക്കാൻ ശ്രമിച്ച വസ്തുവിന് ഇപ്പോൾ ആവശ്യക്കാരുണ്ടായേക്കാം. ഗവേഷണ പ്രബന്ധം പൂർത്തീകരിക്കുന്നതാണ്. കലാകാരന്മാർക്ക് അവസരങ്ങളുണ്ടാവും. രാഷ്ട്രീയ രംഗത്ത് ശത്രുക്കൾ വർദ്ധിക്കും. മത്സരാധിഷ്ഠിത കരാറുകൾ നേടാൻ കഴിയുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഗുണ്ടാനുഭവങ്ങൾ കൂടുവാനിടയുണ്ട്. വായ്പയ്ക്കുള്ള അപേക്ഷ പരിഗണിക്കപ്പെടും. ഗൃഹനിർമ്മാണം സംബന്ധിച്ച ആലോചനകൾ പുരോഗമിക്കുന്നതാണ്.
Read More:നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.