scorecardresearch

Horoscope September 2025: സെപ്റ്റംബർ മാസഫലം, മൂലം മുതൽ രേവതി വരെ

September 2025: സെപ്തംബർ മുഴുവൻ ബുധൻ മൗഢ്യത്തിലുമാണ്.  ശുക്രൻ മാസാദ്യം കർക്കടകം രാശിയിലാണ്. സെപ്തംബർ 14 ന് ചിങ്ങം രാശിയിലേക്ക് സംക്രമിക്കും. സെപ്റ്റംബർ മാസത്തെ മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

September 2025: സെപ്തംബർ മുഴുവൻ ബുധൻ മൗഢ്യത്തിലുമാണ്.  ശുക്രൻ മാസാദ്യം കർക്കടകം രാശിയിലാണ്. സെപ്തംബർ 14 ന് ചിങ്ങം രാശിയിലേക്ക് സംക്രമിക്കും. സെപ്റ്റംബർ മാസത്തെ മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
September 2025 moolam

September Month 2025 Astrological Predictions

Horoscope September 2025: ആദിത്യൻ സെപ്തംബർ 1 മുതൽ 16 വരെ ചിങ്ങം രാശിയിലും തുടർന്ന് കന്നിരാശിയിലും സഞ്ചരിക്കുന്നു. പൂരം, ഉത്രം, അത്തം എന്നീ ഞാറ്റുവേലകൾ ഇക്കാലത്ത് കടന്നുപോകുന്നു. 

Advertisment

വെളുത്ത പക്ഷത്തിൽ മാസം തുടങ്ങുന്നു. സെപ്തംബർ 7 ന് വെളുത്തവാവാണ്. അന്ന് ചതയം നക്ഷത്രത്തിലായി പൂർണ്ണ ചന്ദ്രഗ്രഹണവും ഉണ്ട്. സെപ്തംബർ 21 ന് കറുത്തവാവും വരുന്നു. 

പിറ്റേന്ന് (സെപ്തംബർ 22 ന്) ആശ്വിനമാസവും ശരദ് ഋതുവും നവരാത്രിയും ആരംഭിക്കുന്നു. ദുർഗ്ഗാഷ്ടമി സെപ്തംബർ 30 ന് ആണ്. മഹാനവമിയും വിജയദശമിയും ഒക്ടോബർ 1,2 തീയതികളിലായിട്ടാണ് വരുന്നത്.

ശനിയുടെ സ്ഥിതി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ്. എന്നാൽ ശനിക്ക് വക്രഗതിയുണ്ട്. വ്യാഴം മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. 

Advertisment

രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി രണ്ടാം പാദത്തിലും കേതു കന്നിരാശിയിൽ പൂരം ഒന്നാം പാദത്തിലും തുടരുകയാണ്. ചൊവ്വ മാസാദ്യം കന്നിരാശിയിൽ അത്തം നക്ഷത്രത്തിലാണ്. തുടർന്ന് ചിത്തിരയിൽ പ്രവേശിക്കുന്നു. സെപ്തംബർ 13 ന് തുലാം രാശിയിലേക്ക് സംക്രമിക്കുകയാണ്. മാസാന്ത്യത്തിൽ ചോതി നക്ഷത്രത്തിലൂടെയും സഞ്ചരിക്കുന്നുണ്ട്.

ബുധൻ മാസാദ്യം ചിങ്ങം രാശിയിലുണ്ട്. സെപ്തംബർ 15 ന് ഉച്ചരാശിയായ കന്നിയിൽ പ്രവേശിക്കുന്നു. സെപ്തംബർ മുഴുവൻ ബുധൻ മൗഢ്യത്തിലുമാണ്. 
ശുക്രൻ മാസാദ്യം കർക്കടകം രാശിയിലാണ്. സെപ്തംബർ 14 ന് ചിങ്ങം രാശിയിലേക്ക് സംക്രമിക്കും.

ഈ ഗ്രഹനിലയെ അവലംബിച്ച് മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2025 സെപ്തംബർ മാസത്തെ നക്ഷത്രഫലം ഇവിടെ വിശകലനം ചെയ്യുന്നു.

Also Read:ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

മൂലം

അഷ്ടമരാശിയിൽ നിന്നും ആദിത്യൻ മാറുന്നതിനാൽ പല തടസ്സങ്ങൾ അകലും. മനസ്സിൻ്റെ നിരുന്മേഷത നീങ്ങും. പ്രത്യാശ പൊട്ടിമുളക്കുന്നതാണ്. ജോലി തേടുന്നവർക്ക് മുൻപത്തെക്കാൾ നല്ല അവസരങ്ങൾ വന്നെത്തും. പ്രൈവറ്റ് ജോലി കൊണ്ട് ന്യായമായ ആവശ്യങ്ങൾ പൂർത്തിയാക്കും. വീട്ടിനടുത്തേക്ക് സ്ഥലം മാറ്റം ലഭിക്കാം. പിതാവിന് തൊഴിൽപരമായി നേട്ടങ്ങൾ വന്നെത്തും. രാഷ്ട്രീയത്തിൽ സല്പേരുണ്ടാവും.  നവസംരംഭങ്ങൾ തുടങ്ങാൻ സർക്കാരിൽ നിന്നും അനുമതി  ലഭിക്കുന്നതാണ്. ബന്ധുക്കൾക്കിടയിലെ കാലുഷ്യം അകലാം. സൗഹൃദം പുഷ്ടിപ്പെടുന്നതാണ്. ചുറ്റും ചതിക്കുഴികൾ ഉണ്ടെന്ന് ഇടയ്ക്ക് ഓർക്കുന്നത് നന്ന്. അമിത ആത്മവിശ്വാസം ദോഷം ചെയ്യും. വാഹനയാത്രയിൽ കരുതലുണ്ടാവണം. ധനനിക്ഷേപങ്ങൾ സുരക്ഷതമാണെന്ന് ഉറപ്പ് വരുത്തണം.

പൂരാടം

കാര്യനിർവഹണത്തിലെ തടസ്സങ്ങൾ നീങ്ങുന്നതായിരിക്കും. ഔദ്യോഗികമായി അധികാരമുള്ള ചുമതലകൾ മേലധികാരി വിശ്വസിച്ചേല്പിക്കും. നിർദ്ദേശങ്ങൾ സഹപ്രവർത്തകർക്ക് സ്വീകാര്യമാവും. ജോലിഭാരം അമിതമാവില്ല. വ്യാപാര മേഖലയിൽ ആവിഷ്കരിച്ച വിപണന തന്ത്രങ്ങൾ ഫലം കാണും. പരസ്യത്തിനായി ഏർപ്പെട്ട ചെലവുകൾ അല്പാല്പമായി കിട്ടിത്തുടങ്ങുന്നതാണ്. പഴയ സ്വത്തുതർക്കം മൂലം നിസ്സഹകരണം തുടർന്ന ബന്ധുക്കൾ വീണ്ടും അടുക്കും. പ്രബന്ധ രചനക്കായി സമയം കണ്ടെത്താനാവും. നാലാം ഭാവത്തിലെ കണ്ടകശനി വക്രഗതിയിലാവുകയാൽ ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ നീങ്ങാം. ജന്മനാട്ടിൽ കഴിയുന്ന മാതാപിതാക്കളെ സന്ദർശിക്കാനാവും. പ്രണയത്തിലേർപ്പെട്ടവർക്ക് എതിർപ്പുകൾ കുറയുന്നതിൽ ആഹ്ളാദം ഭവിക്കുന്നതാണ്.

ഉത്രാടം

ഉപരിപ്ലവമായ കാര്യങ്ങളിൽ മനസ്സ് വ്യാപരിച്ചേക്കും. കർമ്മരംഗത്ത് തടസ്സങ്ങൾ ഉണ്ടാവുന്നതിൽ ഖേദിക്കും. താത്കാലിക ജോലി കരഗതമായേക്കാം. സാമ്പത്തികമായ പിരിമുറുക്കത്തിന് അയവുണ്ടാവുമെങ്കിലും കെടുകാര്യസ്ഥത വരാതിരിക്കാൻ ജാഗ്രത വേണ്ടതുണ്ട്. പുതുസംരംഭങ്ങളുടെ കൂടിയാലോചനകൾക്ക് അനുകൂല സമയമാണ്. പക്ഷേ തുടങ്ങാൻ ഈ സമയം സ്വീകരിക്കാതിരിക്കുക നന്ന്. സാങ്കേതിക കാര്യങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുന്നതാണ്. ഗൃഹനിർമ്മാണം  തുടങ്ങിയവർക്ക് കാര്യങ്ങൾ തട്ടിയും മുട്ടിയുമാണെങ്കിലും മുന്നോട്ടുപോകും. വായ്പകൾ നേടാൻ ആവർത്തിത ശ്രമം വേണം. വിദ്യാർത്ഥികൾക്ക് പഠനസഹായഗ്രന്ഥങ്ങൾ കൂടുതലായി ആവശ്യമാവും. മാസത്തിൻ്റെ അവസാന പത്തുദിവസങ്ങളിൽ ഗുണാനുഭവങ്ങളുണ്ടാകുന്നതാണ്.

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

തിരുവോണം

ആദിത്യൻ എട്ടിലും ഒമ്പതിലും സഞ്ചരിക്കുകയാൽ ഉദ്യോഗസ്ഥർക്ക് സമ്മിശ്രഫലങ്ങളാണ്. അധ്വാനഭാരം ഇരട്ടിക്കും. മേലധികാരികൾ കഴിവുകളെ അംഗീകരിച്ചേക്കില്ല. ജോലി തേടുന്നവർക്ക് കാത്തിരിപ്പ് തുടരേണ്ടി വരാം. ബിസിനസ്സിൽ ലാഭം സാമാന്യമായിട്ടാവും. കൂടുതൽ മുതൽമുടക്കിന് അത്ര അനുകൂലമല്ല കാലം എന്നതോർക്കണം. ഉപാസനാദികൾക്ക് വിഘ്നം വരാം. ബന്ധങ്ങൾക്ക് ദാർഢ്യം കുറയാനിടയുണ്ട്. പ്രണയികൾക്കിടയിൽ പിണക്കത്തിന്  സാധ്യതയുണ്ട്. അക്കാദമിക് ഗവേഷണത്തിന് പ്രോൽസാഹനം ലഭിക്കുന്നതാണ്. ചെറിയ നേട്ടങ്ങളും ശുഭവാർത്തകളും ആഘോഷങ്ങളും ജീവിതത്തെ സുരഭിലമാക്കാം. വിദേശത്തു നിന്നും മകൻ്റെ ധനം വന്നെത്തുന്നതാണ്.  ദീർഘ യാത്രകളിൽ കരുതൽ വേണ്ടതുണ്ട്.

അവിട്ടം

ആദിത്യസഞ്ചാരം മൂലമുള്ള ഗുണദോഷഫലങ്ങൾ സംജാതമാകും.  മുൻകൂട്ടി തീരുമാനിച്ചവ അവസാന നിമിഷം നടന്നുകിട്ടിയേക്കാം.  അധികാരികളുടെ വിപ്രതിപത്തിക്ക് പാത്രമാകാനിടയുണ്ട്. ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നതായിരിക്കും. ബിസിനസ്സ് യാത്രകൾ ഭാഗികമായി വിജയിക്കും. പിതാമഹൻ്റെ/ മാതാമഹൻ്റെ ആരോഗ്യത്തിൽ കരുതലുണ്ടാവണം. ചില കടപ്പാടുകൾ മനസ്സിനെ വ്യാകുലമാക്കാം. ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സ്ഥാനങ്ങൾ വഹിക്കേണ്ടി വരുന്നതാണ്. മകളുടെ വിവാഹാലോചനകൾ പുരോഗമിക്കും. വ്യാഴനുകൂല്യം ഉള്ളതിനാൽ ദാമ്പത്യത്തിൽ സമാധാനവും ഐക്യവും രൂപപ്പെടുന്നതാണ്. ചെലവിൽ നിയന്ത്രണം അനിവാര്യമാണ്. ആരോഗ്യ കാര്യത്തിൽ അലംഭാവമരുത്.

ചതയം

ഏഴിലും എട്ടിലുമായിട്ടാണ് ആദിത്യസഞ്ചാരം. ആകയാൽ  ആത്മശക്തിക്ക് മങ്ങൽ വരാം. സ്വാനുഭവങ്ങൾ ചില സാഹചര്യങ്ങളെ മറികടക്കാൻ വേണ്ടത്ര സഹായിച്ചില്ലെന്ന് വരാം. അലച്ചിൽ കൂടും. അധ്വാനം അധികരിക്കും. പക്ഷേ അതിനനുസരിച്ചുള്ള പ്രതിഫലം കൈവന്നേക്കില്ല. സ്ഥാനപ്രാപ്തിക്ക് കടുത്തമത്സരങ്ങൾ വേണ്ടതായ ഭവിക്കും. വ്യാഴാനുകൂല്യം ഉള്ളതിനാൽ ആത്യന്തിക വിജയം സ്വന്തമാവാതിരിക്കില്ല. വ്യാപാരത്തിൽ നിന്നും ആദായം പ്രതീക്ഷിച്ചത്ര കിട്ടാനിടയില്ല. എങ്കിലും ന്യായമായ കാര്യങ്ങളും ആവശ്യങ്ങളും മുടങ്ങുകയുമില്ല. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് മാറ്റം പ്രതീക്ഷിക്കാം. വിദ്യാഭ്യാസപരമായി ഉന്മേഷവും ഉത്സാഹവും വന്നെത്തുന്നതാണ്. കുടുംബ ബന്ധങ്ങൾ കരുത്താകും. മംഗളകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും. ആതുരന്മാർക്ക് ചികിൽസാ സഹായം നൽകുവാനാവും.

Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ

പൂരൂരുട്ടാതി

കുംഭക്കൂറുകാർക്ക് പ്രതിസന്ധികളെ തരണം ചെയ്യാൻ അത്യദ്ധ്വാനം ആവശ്യമായി വരുന്നതാണ്. ഉദ്യോഗാർത്ഥികളുടെ നിയമനം നീളാം. വരുമാനം ശരാശരിയാവും. ചെലവുകൾ വെട്ടിച്ചുരുക്കുക അഭിലഷണീയം. ഇഷ്ടവസ്തുക്കൾക്ക് മോഹവില കൊടുക്കേണ്ട സാഹചര്യം ഉണ്ടാവാം. ദൂരസ്ഥലത്തുനിന്നും നാട്ടിനടുത്തേക്ക് സ്ഥലം മാറ്റം കാത്തിരിക്കുന്നവർക്ക് നിരാശയാവും തത്കാലം ഫലം. മേലധികാരകളുടെ അപ്രീതി പുലർത്തും. ചെറുകിട കച്ചവടക്കാർക്ക് നേട്ടങ്ങൾ പ്രതീക്ഷിക്കാം. 
ചിട്ടി, നറുക്കെടുപ്പ് ഇവയിൽ നിന്നും ധനാഗമം ഉണ്ടാവും. മീനക്കൂറുകാർക്ക് ജീവിതത്തിൽ ശോഭിക്കാൻ കഴിയുന്ന കാലഘട്ടമാണ്. മത്സരങ്ങളെ ആത്മവിശ്വാസത്തോടെ നേരിടും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഔദ്യോഗിക യാത്രകൾ അധികരിക്കുന്നതാണ്.

ഉത്രട്ടാതി

പ്രൊമോഷൻ പ്രതീക്ഷിക്കുന്നവർക്ക് അറിയിപ്പുണ്ടാവും. ദാമ്പത്യ കലഹങ്ങളിൽ ഒത്തുതീർപ്പുകൾക്ക് സാധ്യതയുണ്ട്. പ്രണയം പുഷ്കലമാവുന്നതാണ്. തീർത്ഥാടനം നവോന്മേഷത്തിന് കാരണമാകും. തൊഴിലിടത്തിൽ സമാധാനമുണ്ടാവും. പുതിയ പദ്ധതികൾ ആവിഷ്കരിക്കും. മേലുദ്യോഗസ്ഥരുടെ പ്രോൽസാഹനം കിട്ടാനിടയുണ്ട്. തൊഴിലിൽ നിന്നും പിരിഞ്ഞവർക്ക് ആനുകൂല്യങ്ങൾ ഭാഗികമായെങ്കിലും കൈവരുന്നതായിരിക്കും. ഭോഗസുഖം ഭവിക്കുന്നതാണ്. ആരോഗ്യ പരിശോധനകൾ തൃപ്തികരമായ ഫലം സൂചിപ്പിക്കാം. സ്വാശ്രയ തൊഴിലിൽ പുതിയ പാർട്ണർമാരെ ചേർക്കുന്നത് കരുതലോടെയാവണം. മാസത്തിലെ അവസാനത്തെ ഏതാനും ദിവസങ്ങൾക്ക് രമ്യത നഷ്ടമാകാം. സാഹസങ്ങൾക്ക് മുതിരാതിരിക്കണം. വ്യയാധിക്യത്തിന് സാധ്യത കാണുന്നു.

രേവതി

മുന്നേകൂട്ടി ആസൂത്രണം ചെയ്ത കാര്യങ്ങൾ ഭംഗിയായി പ്രാവർത്തികമാക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ തമസ്കരിച്ചു കൊണ്ട് നിശബ്ദമാക്കാനാവും. ധനപരമായി മോശം സമയമല്ല. എന്നാൽ ഏറ്റവും നല്ലകാലവുമല്ല. വ്യയങ്ങളിൽ കർശനമായ നിയന്ത്രണം വേണ്ടതുണ്ട്. ചൊവ്വയുടെ ഏഴ്, എട്ട് ഭാവങ്ങളിലെ സ്ഥിതി പ്രണയത്തെയും ദാമ്പത്യത്തെയും ചെറുതായോ വലുതായോ ബാധിച്ചേക്കാം. അതിനാൽ കരുതൽ വേണ്ടതാണ്. സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. ബിസിനസ്സിൽ വിശ്വാസം വർദ്ധിക്കുന്നതാണ്. പരസ്യങ്ങൾ ഗുണം ചെയ്തുതുടങ്ങും. ജീവിതരീതിയിൽ മാറ്റം വരുത്തുവാനാവും. 
വ്യായമത്തിന് കൃത്യമായ സമയം മാറ്റിവെക്കേണ്ടതുണ്ട്. കലാകാരന്മാർക്ക് ധാരാളം അവസരങ്ങൾ ലഭിക്കുന്നതാണ്. സാഹിത്യ പ്രവർത്തനങ്ങൾക്ക് നേരം കണ്ടെത്തും. ഉപാസനകൾ മുടങ്ങാതിരിക്കാൻ കരുതൽ വേണം.

Read More: Venus Transit 2025: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: