/indian-express-malayalam/media/media_files/2025/08/16/september-2025-makam-2025-08-16-14-26-40.jpg)
September Month 2025 Astrological Predictions for stars Aswathi to Ayilyam
Horoscope September 2025: ആദിത്യൻ സെപ്തംബർ 1 മുതൽ 16 വരെ ചിങ്ങം രാശിയിലും തുടർന്ന് കന്നിരാശിയിലും സഞ്ചരിക്കുന്നു. പൂരം, ഉത്രം, അത്തം എന്നീ ഞാറ്റുവേലകൾ ഇക്കാലത്ത് കടന്നുപോകുന്നു.
വെളുത്ത പക്ഷത്തിൽ മാസം തുടങ്ങുന്നു. സെപ്തംബർ 7 ന് വെളുത്തവാവാണ്. അന്ന് ചതയം നക്ഷത്രത്തിലായി പൂർണ്ണ ചന്ദ്രഗ്രഹണവും ഉണ്ട്. സെപ്തംബർ 21 ന് കറുത്തവാവും വരുന്നു.
പിറ്റേന്ന് (സെപ്തംബർ 22 ന്) ആശ്വിനമാസവും ശരദ് ഋതുവും നവരാത്രിയും ആരംഭിക്കുന്നു. ദുർഗ്ഗാഷ്ടമി സെപ്തംബർ 30 ന് ആണ്. മഹാനവമിയും വിജയദശമിയും ഒക്ടോബർ 1,2 തീയതികളിലായിട്ടാണ് വരുന്നത്.
ശനിയുടെ സ്ഥിതി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ്. എന്നാൽ ശനിക്ക് വക്രഗതിയുണ്ട്. വ്യാഴം മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു.
രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി രണ്ടാം പാദത്തിലും കേതു കന്നിരാശിയിൽ പൂരം ഒന്നാം പാദത്തിലും തുടരുകയാണ്. ചൊവ്വ മാസാദ്യം കന്നിരാശിയിൽ അത്തം നക്ഷത്രത്തിലാണ്. തുടർന്ന് ചിത്തിരയിൽ പ്രവേശിക്കുന്നു. സെപ്തംബർ 13 ന് തുലാം രാശിയിലേക്ക് സംക്രമിക്കുകയാണ്. മാസാന്ത്യത്തിൽ ചോതി നക്ഷത്രത്തിലൂടെയും സഞ്ചരിക്കുന്നുണ്ട്.
ബുധൻ മാസാദ്യം ചിങ്ങം രാശിയിലുണ്ട്. സെപ്തംബർ 15 ന് ഉച്ചരാശിയായ കന്നിയിൽ പ്രവേശിക്കുന്നു. സെപ്തംബർ മുഴുവൻ ബുധൻ മൗഢ്യത്തിലുമാണ്.
ശുക്രൻ മാസാദ്യം കർക്കടകം രാശിയിലാണ്. സെപ്തംബർ 14 ന് ചിങ്ങം രാശിയിലേക്ക് സംക്രമിക്കും.
ഈ ഗ്രഹനിലയെ അവലംബിച്ച് മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2025 സെപ്തംബർ മാസത്തെ നക്ഷത്രഫലം ഇവിടെ വിശകലനം ചെയ്യുന്നു.
Also Read:ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
മകം
ജന്മത്തിലും രണ്ടിലുമായി ആദിത്യൻ പാപഗ്രഹയോഗത്തോടെ സഞ്ചരിക്കുകയാൽ പുരോഗതി തടസ്സപ്പെടുന്നതായിരിക്കും. കാര്യനിർവഹണത്തിന് പരാശ്രയം ആവശ്യമായി വരുന്നതാണ്. തൊഴിൽ സ്ഥാപനത്തിൽ സർക്കാരിൻ്റെ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ആലോചനാ ശൂന്യമായ തീരുമാനങ്ങൾ കൈക്കൊള്ളരുത്. സാമ്പത്തികമായി കുറച്ചൊക്കെ മെച്ചം ഭവിക്കും. മുൻകാല കുടിശികയോ ജോലിയിൽ നിന്നും പിരിഞ്ഞവർക്ക് ലഭിക്കാനുള്ള ആനുകൂല്യമോ കിട്ടാം. ഗൃഹനിർമ്മാണത്തിനുള്ള പ്ളാൻ തയ്യാറാക്കും. മകളുടെ ജോലിസ്ഥലത്തിനൊപ്പം പോയി താമസിക്കേണ്ട സ്ഥിതിയുണ്ടാവുന്നതാണ്. ക്ഷോഭം നിയന്ത്രിക്കേണ്ടതുണ്ട്. ആരോഗ്യ പരിരക്ഷ അനിവാര്യം.
പൂരം
പതിനൊന്നിൽ വ്യാഴം സഞ്ചരിക്കുകയാൽ ജീവിതം ഉത്കൃഷ്ട പാതകളിലൂടെ സഞ്ചരിക്കും. ധനപരമായി സംതൃപ്തിയുണ്ടാവും. ചിട്ടി പോലുള്ള നിക്ഷേപങ്ങളിൽ ചേർന്നേക്കും. ആടയാഭരണങ്ങൾ വാങ്ങാൻ സാമ്പത്തിക സ്ഥിതി സഹായകമാവും. സമൂഹത്തിൽ സ്വീകാര്യത തുടരും. ജന്മത്തിലും രണ്ടിലുമായി ആദിത്യൻ കേതു, കുജൻ എന്നീ ഗ്രഹങ്ങളുമായി യോഗം ചെയ്ത് സഞ്ചരിക്കുകയാൽ വഴിനടത്തം, കായികാധ്വാനം എന്നിവ മൂലം ദേഹക്ലേശമുണ്ടാവും. മിക്കവാറും അകാരണമായി മനക്ലേശം അനുഭവപ്പെടുന്നതാണ്. അധികാരികളുമായി / സഹപ്രവർത്തകരുമായി പൊരുത്തപ്പെടാൻ വിഷമമുണ്ടാവും. വിദ്യാഭ്യാസത്തിൽ ആലസ്യം നിഴൽ പരത്താം. പ്രണയത്തിൽ വിഘ്നങ്ങളും ദാമ്പത്യത്തിൽ സ്വൈരക്കേടുകളും സാധ്യതയാണ്. ആരോഗ്യപാലനത്തിൽ ജാഗ്രത വേണം.
ഉത്രം
ശക്തമായ നിലപാടെടുക്കുകയാൽ സംഘടനകളിൽ എതിർപ്പുയരാം. വിവാദങ്ങളിൽ മൗനം അവലംബിക്കുന്നതാവും ഉചിതം. ദുരാരോപണങ്ങളെ തമസ്കരിക്കും. സാമ്പത്തികമായ പിരിമുറുക്കത്തിന് അയവുണ്ടാവുന്നതാണ്. ഇച്ഛാശക്തി ചിലപ്പോൾ ദുർബലമാവും. വാഗ്ദാനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുവാൻ ക്ലേശിക്കും. സാങ്കേതികജ്ഞാനം പുതുതലമുറയിൽ നിന്നും നേടുന്നതാണ്. ആദർശത്തിൽ അഭിനിവേശമുണ്ടാവും. എന്നാൽ സ്വയം അവ ലംഘിച്ച് പ്രായോഗികത കൈക്കൊള്ളും. പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്ത് സ്നേഹബന്ധം പുതുക്കും. അനാവശ്യമായ തിടുക്കം ഉപേക്ഷിക്കുകയാവും ഉചിതം. കരാറുകൾ പുതുക്കിക്കിട്ടും. ചെറുസംരംഭങ്ങൾ ബാലാരിഷ്ടകൾ കടക്കും. ആരോഗ്യപരമായി സമാശ്വാസം ഭവിക്കുന്നതാണ്.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
അത്തം
പന്ത്രണ്ടിലും ജന്മത്തിലും ആദിത്യൻ സഞ്ചരിക്കുകയാൽ മാനസിക സമ്മർദ്ദം തുടരുന്നതാണ്. ചെറിയ നേട്ടങ്ങൾക്ക് പോലും ആവർത്തിത ശ്രമം ആവശ്യമാവും. പുതിയ ജോലി കിട്ടാനായി അന്വേഷണശ്രമം കൂട്ടേണ്ടതുണ്ട്. സംഘടനകളിൽ പിന്തുണ കുറയാം. സാമ്പത്തികരംഗത്തിന് തളർച്ചയുണ്ടാവില്ല. എന്നാൽ ചെലവിന് പല വഴികൾ വന്നെത്തും. ദിനചര്യകളിൽ ആലസ്യം വരാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് ഏകാഗ്രത കുറയാം. പഴയ കാര്യങ്ങൾ ആലോചിച്ച് മനസ്സിൻ്റെ സമാധാനം കുറഞ്ഞേക്കും. ദാമ്പത്യത്തിൽ കുറ്റപ്പെടുത്തലുകൾ കൂടാനിടയുണ്ട്. ബന്ധുക്കളുടെ തർക്കത്തിൽ മൗനം പാലിക്കുക ഉചിതം. തീർത്ഥാടനത്തിന് അവസരം കിട്ടുന്നതാണ്. ഏജൻസി/കമ്മീഷൻ ഏർപ്പാടുകൾ ഗുണകരമാവും. ചെറുസംരംഭങ്ങൾ ആദായകരമാവുന്നതാണ്.
ചിത്തിര
കന്നിക്കൂറുകാരെക്കാൾ മെച്ചപ്പെട്ട അനുഭവങ്ങളാവും തുലാക്കൂറുകാർക്ക്. കന്നിക്കൂറിൽ ജനിച്ചവർക്ക് സെപ്തംബറിൽ ഔദ്യോഗിക രംഗത്ത് സമാധാനം കുറയുന്നതാണ്. മേലധികാരികളാൽ ചോദ്യം ചെയ്യപ്പെടാം. നേട്ടങ്ങൾ മെല്ലെയാവുന്നതാണ്. വരവിനെക്കാൾ ചെലവ് കൂടി നിൽക്കും. തുലാക്കൂറുകാർക്ക് ഉദ്യോഗസ്ഥലത്ത് സമാധാനമുണ്ടാവും. പ്രൈവറ്റ് സ്ഥാപനങ്ങളിൽ സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു. വീട്ടിനടുത്തേക്ക് സ്ഥലംമാറ്റം ലഭിക്കാം. സഹപ്രവർത്തകർക്കും മേലധികാരികൾക്കും മധ്യേ പാലമായി പ്രവർത്തിക്കുന്നതാണ്. കലാരംഗത്ത് വിജയ കിരീടം ചൂടിയേക്കും. ഭൂമിയിൽ നിന്നും ആദായം ലഭിക്കാം. ഗാർഹികരംഗത്ത് അലോസരമുണ്ടാവാനിടയുണ്ട്. ഗുരുനാഥന്മാരെ കണ്ട് അഭിപ്രായം നേടും.
ചോതി
ആത്മവിശ്വാസം ഉയരുന്നതാണ്. ആസൂത്രണ വൈഭവം ശ്രദ്ധിക്കപ്പെടും. മുൻപ് തടസ്സപ്പെട്ട പല കാര്യങ്ങളും ഇപ്പോൾ സുഗമമായ നിർവഹണത്തിലെത്തും. ജോലി തേടുന്നവർ നിരാശപ്പെടേണ്ടി വരില്ല. ഉന്നതോദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. രാഷ്ട്രീയ പ്രവർത്തനം കൂടുതൽ ഊർജ്ജസ്വലമാവും. തൊഴിൽരംഗത്ത് പുരോഗതി ദൃശ്യമാകുന്നതാണ്. നവ്യമായ പരിഷ്കരണങ്ങൾക്ക് മുന്നോട്ടുവരും. ശാസ്ത്രീയ/ഗവേഷണ വിഷയങ്ങളിൽ താത്പര്യമേറും. പ്രണയികൾ വിവാഹ തീരുമാനത്തിലെത്തും. പിതൃ - പുത്ര ബന്ധത്തിലെ കാലുഷ്യങ്ങൾ നീങ്ങിയേക്കാം. മാസത്തിൻ്റെ അവസാനത്തെ ഏതാനും ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്.
ചെലവ് അധികരിക്കാൻ സാധ്യതയുണ്ട്.
Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
വിശാഖം
അപ്രസക്തമായ കാര്യങ്ങളുടെ പിറകെ പോകുന്ന പരിപാടി അവസാനിപ്പിക്കും. തൊഴിലില്ലാത്തവർക്ക് താത്കാലികമായ വരുമാനമാർഗമെങ്കിലും തുറന്നുകിട്ടും. ഉദ്യോഗസ്ഥരുടെ ഏകോപന നൈപുണ്യം പ്രശംസിക്കപ്പെടും. പുതിയ കാര്യങ്ങൾ പഠിച്ചറിയാൻ ഔത്സുക്യം പുലർത്തുന്നതാണ്. വിദേശത്ത് പഠന സാധ്യതകൾ ആരായും. സഹജമായ കഴിവുകൾ തിരിച്ചറിയാനും പോഷിപ്പിക്കാനും സന്നദ്ധതയുണ്ടാവും. ബന്ധുക്കളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് വിദഗ്ദ്ധ ചികിൽസ ഒരുക്കും. സകുടുംബ തീർത്ഥാടനമോ വിനോദയാത്രയോ സാധ്യതകൾ. ഭാഗ്യാനുഭവങ്ങൾ ഉണ്ടാവും. ചിട്ടി, നറുക്കെടുപ്പ് ഇവയിൽ നിന്നും ധനാഗമം കൈവരുന്നതാണ്. അനുരാഗമലരുകൾ ക്ക് വിരിയാനായേക്കും. ദാമ്പത്യത്തിൽ ഇടയ്ക്ക് സ്വരച്ചേർച്ച കുറയാം. സർക്കാരിൽ നിന്നും അനുവാദം / ലൈസൻസ്/ ആനുകൂല്യം ലഭിക്കുന്നതാണ്.
അനിഴം
ഉത്സാഹവും ഉന്മേഷവും ഉണ്ടാക്കുന്ന കാലമാവും. തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം ഭവിക്കുന്നതാണ്. നവീന സംരംഭത്തിന് സർക്കാരിൽ നിന്നുള്ള അംഗീകാരം / അനുവാദം കൈവരും. ഉന്നതരുമായുള്ള കൂടിക്കാഴ്ചകൾ ദിശാബോധം നൽകാൻ ഉതകുന്നതാണ്. മത്സരങ്ങൾ / അഭിമുഖങ്ങൾ എന്നിവയിൽ വിജയിക്കുവാനാവും. വിദ്യാഭ്യാസ വായ്പ ലഭിക്കാൻ സാധ്യതയുണ്ട്. വ്യവഹാരങ്ങളിൽ ന്യായമായ തീർപ്പ് സുനിശ്ചിതമാണ്. കെട്ടിടനിർമ്മാണത്തിൽ, നാലാം ഭാവത്തിൽ രാഹു സഞ്ചരിക്കുകയാൽ ചില തടസ്സങ്ങൾ ഉണ്ടാവാൻ സാധ്യത കാണുന്നുണ്ട്. മക്കളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ മറക്കരുത്. അന്യനാട്ടിൽ കഴിയുന്നവർക്ക് വളരെക്കാലത്തിനു ശേഷം ജന്മനാട്ടിൽ പോകാൻ അവസരം വന്നെത്തുന്നതായിരിക്കും.
തൃക്കേട്ട
തൊഴിലന്വേഷണം സഫലമാവും. ന്യായമായ പദവികൾ ലഭിച്ചേക്കാം. സ്ഥാനോന്നതി കൈവരുന്നതാണ്. സ്വന്തം മേഖലയിൽ മേധാവിത്വം നിലനിർത്തുവാനാവും.
പിതൃ-പുത്രബന്ധം, മുന്നത്തെക്കാൾ രമ്യമാവുന്നതാണ്. ബിസിനസ്സിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കും. വിദ്യാർത്ഥികളുടെ ആത്മവിശ്വാസം ഉയർന്നേക്കും. ഗൃഹനിർമ്മാണാദികൾ മെല്ലെയാവാനിടയുണ്ട്. വായ്പകൾ പരിഗണിക്കപ്പെടും. എന്നാൽ ധനാഗമത്തിന് കാത്തിരിക്കേണ്ടി വന്നേക്കാം. രോഗഗ്രസ്തരായവർക്ക് നവചികിത്സ മൂലം രോഗനിവൃത്തി വരാം. ഉപാസനാദികൾ പുഷ്ടിപ്പെടുന്നതാണ്. ഭൗതിക നിലവാരം ഉയർന്നേക്കും. പതിനൊന്നിൽ ചൊവ്വ തുടരുകയാൽ ഭൂമി വിൽക്കുക/ വാങ്ങുക ഇത്യാദികൾ സാധ്യതകളാണ്. സഹോദരർക്കിടയിലെ അനൈക്യം പരിഹരിക്കപ്പെടാം.
Read More: Venus Transit 2025: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.