/indian-express-malayalam/media/media_files/CwWYUQb7kawTXyVInCJG.jpg)
October Month 2025 Astrological Predictions for stars Moolam to Revathy
October Horoscope 2025: ആദിത്യൻ കന്നി - തുലാം രാശികളിൽ സഞ്ചരിക്കുന്നു. അത്തം, ചിത്തിര, ചോതി ഞാറ്റുവേലകളുണ്ട്. കന്നി 31 ന്, ഒക്ടോബർ 17 ന് തുലാസക്രമം. തുലാം രാശി ആദിത്യൻ്റെ നീചരാശിയാണ്. ചന്ദ്രസഞ്ചാരം തുടക്കത്തിൽ വെളുത്തപക്ഷത്തിലാണ്. ഒക്ടോബർ 6/7 തീയതികളിലായി പൗർണമി വരുന്നു. തുടർന്ന് കൃഷ്ണപക്ഷം ആരംഭിക്കും. ഒക്ടോബർ 20 ന് 'നരകചതുർദ്ദശി' അഥവാ ദീപാവലി ആഘോഷിക്കപ്പെടുന്നു.
വ്യാഴം ഒക്ടോബർ 18 ന് മിഥുനം രാശിയിൽ നിന്നും കർക്കടകം രാശിയിലേക്ക് മാറും. വ്യാഴത്തിൻ്റെ ഉച്ചരാശിയാണ് കർക്കടകം. കേവലം 50 ദിവസത്തേക്കു മാത്രമുള്ള ഹ്രസ്വയാത്രയാവും, വ്യാഴം കർക്കടകം വ്യാഴത്തിൻ്റേത്! ശനി മീനം രാശിയിൽ വക്രഗതി തുടരുന്നു. ഒക്ടോബർ 2 ന് ശനി ഉത്രട്ടാതിയിൽ നിന്നും പൂരൂരുട്ടാതിയിൽ (നാലാംപാദത്തിൽ) പ്രവേശിക്കും.
ചൊവ്വ ഒക്ടോബർ 27 വരെ തുലാം രാശിയിലും തുടർന്ന് വൃശ്ചികത്തിലും സഞ്ചരിക്കുന്നു. ബുധൻ ഒക്ടോബർ 2 ന് തുലാം രാശിയിലേക്കും 24 ന് വൃശ്ചികത്തിലേക്കും പ്രവേശിക്കും. ബുധന് രണ്ടാം തീയതി മുതൽ മൗഢ്യവുമില്ല. ശുക്രൻ തുടക്കത്തിൽ ചിങ്ങം രാശിയിലാണ്. ഒക്ടോബർ 9 ന് കന്നിയിൽ പ്രവേശിക്കും. ശുക്രൻ്റെ നീചരാശിയാണ് കന്നിയെന്നത് പ്രസ്താവ്യം.
രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ (2,1 പാദങ്ങളിലായി) തുടരുന്നു. കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിൻ്റെ 1, 2 പാദങ്ങളിലായും സഞ്ചരിരിക്കുകയാണ്. ഈ ഗ്രഹനിലയെ മുൻനിർത്തി മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെയും 2025 ഒക്ടോബർ മാസത്തിലെ സമ്പൂർണ്ണമാസഫലം ഇവിടെ അപഗ്രഥിക്കുന്നു.
Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
മൂലം
ആദിത്യനും ബുധനും പത്തിലും പതിനൊന്നിലും സഞ്ചരിക്കുന്നു. കാര്യവിജയമുണ്ടാവും. പുതിയ സംരംഭങ്ങൾ പുരോഗതിയിലേക്ക് നീങ്ങുന്നതാണ്. അധികാരികൾ അനുകൂല നിലപാടുകൾ കൈക്കൊള്ളും. സാമ്പത്തികമായ സമ്മർദ്ദങ്ങൾക്ക് അയവുണ്ടാവും. പ്രോജക്ടുകൾ പൂർത്തിയാക്കും. വിദ്യാഭ്യാസത്തിൽ ദിശാബോധം തെളിയും. പുതുവാഹനം വാങ്ങുന്നതാണ്. ഭൂമി സംബന്ധിച്ച വ്യവഹാരത്തിൽ അനുകൂലവിധി പ്രതീക്ഷിക്കാം. പ്രായോഗിക പരിചയം പലപ്പോഴും കാര്യവിജയത്തിന് കാരണമാകുന്നതാണ്. കുടുംബ ബന്ധങ്ങളിൽ സംതൃപ്തി ഭവിക്കും. ബന്ധുതർക്കങ്ങൾ പരിഹരിക്കുന്നതിൽ ജാഗ്രത വേണം. വ്യാഴം ഏഴാം ഭാവത്തിൽ നിന്നും അഷ്ടമത്തിലേക്ക് മാറുകയാൽ ചില കാര്യങ്ങളിൽ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നു വരാം.
പൂരാടം
സ്വതസ്സിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. സമൂഹത്തിൽ സ്വാധീനശക്തി ഉയരും. തൊഴിൽ തേടുന്നവർക്ക് അവസരം സംജാതമാകുന്നതാണ്. പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കും. നിലവിലെ തൊഴിൽ മേഖലയിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ബിസിനസ്സിൽ പരിഷ്കാരങ്ങളും കാലോചിതമായ മാറ്റങ്ങളും വരുത്തുന്നതിന് ഉദ്യമിക്കുന്നതാണ്. വായ്പാസഹായം പ്രയോജനപ്പെടുത്തും. പരിചയസമ്പന്നരുടെ അഭിപ്രായം സ്വീകരിക്കും. ഗവേഷണം, ശാസ്ത്രരംഗം എന്നിവയിൽ താത്പര്യം കൂടുന്നതാണ്. ഗാർഹികമായി സ്വസ്ഥതയുണ്ടാവും. വ്യാഴമാറ്റം അഷ്ടമത്തിലേക്കാണ്. എന്നാൽ ഉച്ചരാശിയിലേക്കാണ് എന്നത് ഗുണകരമാവും. ഭൂമിയിൽ നിന്നും ആദായം വർദ്ധിക്കും. മക്കളുടെ കാര്യത്തിൽ ശുഭം പ്രതീക്ഷിക്കാം.
ഉത്രാടം
ധനുക്കൂറുകാർക്ക് ആദിത്യൻ പത്തിലും പതിനൊന്നിലും സഞ്ചരിക്കുന്നത് അനുകൂലമാണ്. തൊഴിൽ രംഗത്ത് സ്വച്ഛത പ്രതീക്ഷിക്കാം. പ്രധാനപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാനാവും. തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. ചെറുകിട സംരംഭങ്ങൾ വളരുന്നതാണ്. മകരക്കൂറുകാർക്ക് കുടുംബത്തിൻ്റെ സർവ്വാത്മനാ ഉള്ള പിന്തുണയുണ്ടാവും. തൽകാലം നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നത് ഉചിതമാവില്ല. കടബാധ്യതകൾ വർദ്ധിക്കാതിരിക്കാൻ കരുതലുണ്ടാവണം. വാടകവീട് മാറേണ്ടി വരാം. മകളുടെ വിവാഹക്കാര്യത്തിൽ നല്ല തീരുമാനം വരാം. സ്വതന്ത്ര നിലപാടുകൾ സംഘടനയിൽ ചോദ്യചെയ്യപ്പെടും. കലാപ്രവർത്തനത്തിന് ക്രമേണ അവസരം ലഭിക്കുന്നതാണ്. പ്രണയികൾക്ക് മാസത്തിൻ്റെ രണ്ടാം പകുതിക്കുമേൽ ഗുണകാലമാണ്.
Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
തിരുവോണം
കഷ്ടങ്ങളും നഷ്ടങ്ങളും തുടരുമെങ്കിലും അവയ്ക്കിടയിൽ സന്തോഷത്തിൻ്റെ തുരുത്തുകളും വന്നുചേരും. ആത്മവിശ്വാസം കുറയും. കടബാധ്യതകൾ പരിഹരിക്കാൻ വഴി തേടുന്നതാണ്. പുതിയ കാലത്തിൻ്റെ മാറ്റങ്ങൾ പുതിയ തലമുറയിൽ നിന്നും ഉൾക്കൊള്ളും. മാസത്തിൻ്റെ രണ്ടാം പകുതിക്കുശേഷം കുറച്ചാെക്കെ ഗുണപരമായ മാറ്റം വരാം. വ്യാഴം ഏഴാം ഭാവത്തിലേക്ക് വരുന്നത് ദാമ്പത്യപ്രശ്നങ്ങൾക്ക് പരിഹാരമാവും. ശുഷ്കിച്ച പ്രണയാനുഭവങ്ങൾ വീണ്ടും തളിർക്കാം. വ്യാപാരത്തിൽ ലാഭം കൂടാനിടയുണ്ട്. ആദിത്യൻ പത്താം ഭാവത്തിലെത്തുന്നത് ഉദ്യോഗസ്ഥർക്ക് ഉന്മേഷം ഉണ്ടാക്കും. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയും. ക്രിയാത്മകമാവും, മനസ്സ്. കിടപ്പ് രോഗികൾക്ക് ആശ്വാസം ഉണ്ടാവുന്നതാണ്.
അവിട്ടം
കുംഭക്കൂറുകാർക്ക് വിപരീതഫലങ്ങൾ കൂടി ഉണ്ടാവുന്ന സന്ദർഭമാണ്. ജോലിക്കാര്യം നീളാം. ശുപാർശകൾ പരിഗണിക്കപ്പെടില്ല. സ്വയം സംരംഭങ്ങൾ മൂലം ഉണ്ടാക്കിയ ഉല്പന്നങ്ങൾ വിറ്റഴിക്കുക ക്ലേശകരമായ ദൗത്യമായിത്തീരും. പഠനാർത്ഥികൾക്ക് ഉണർവുണ്ടായേക്കും. പ്രോജക്ടുകൾ പൂർത്തീകരിക്കുന്നതിന് സാധിക്കുന്നതാണ്. നിയമ വശങ്ങളിലും സാങ്കേതിക കാര്യങ്ങളിലും ഔൽസുക്യം ഭവിക്കും. അപ്രസക്ത വിഷയങ്ങൾക്കായി സമയം നഷ്ടപ്പെടുത്തില്ല. വിദേശ യാത്രകൾക്ക് തടസ്സം വരാനിടയുണ്ട്. മകരക്കൂറുകാർക്ക് മാസത്തിൻ്റെ രണ്ടാം പകുതിയിൽ ഭൗതികമായ നേട്ടങ്ങൾ കരഗതമാവും. അനുരാഗം ദൃഢമാവുന്നതാണ്. കൊടുക്കൽ വാങ്ങലുകളിൽ വിജയിക്കും.
ചതയം
അഷ്ടമ ഭാവത്തിലും തുടർന്ന് ഒമ്പതാം ഭാവത്തിലും സഞ്ചരിക്കുന്ന സൂര്യൻ അനിഷ്ടങ്ങളുണ്ടാക്കാം. ഗവൺമെൻ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തടസ്സം അനുഭവപ്പെടും. ശമ്പള വർദ്ധനവ് പരിഗണിക്കപ്പെട്ടേക്കില്ല. പുതിയ ജോലിക്കായി ശ്രമം തുടരേണ്ടതുണ്ട്. മത്സരങ്ങളിലും അഭിമുഖങ്ങളിലും പങ്കെടുക്കുവാനാവും. രാഷ്ട്രീയ പ്രവർത്തനത്തിൽ ജനകീയത കുറയാം. ഒമ്പതാം ഭാവത്തിലെ ചൊവ്വ ഉപാസനാദികൾക്ക് വിഘ്നം ഏർപ്പെടുത്തുന്നതാണ്. പിതാവിൻ്റെ ആരോഗ്യത്തിൽ ശ്രദ്ധയുണ്ടാവണം. പഠിപ്പിൽ ശ്രദ്ധ കുറയാം. സത്കാര്യങ്ങൾക്ക് നേരം കണ്ടെത്തും. കുടുംബകാര്യങ്ങളിൽ ജീവിതപങ്കാളിയുടെ വാക്കുകൾ സ്വീകാര്യമാവും. പുതിയ വാടകവീട് കണ്ടെത്തും. കലാപ്രവർത്തനത്തിൽ നിന്നും ആദായം പ്രതീക്ഷിക്കാം. പ്രണയികൾക്ക് സന്തോഷിക്കാനവസരം സംജാതമാകും.
Also Read: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
പൂരൂരുട്ടാതി
രാഹു പൂരൂരുട്ടാതി രണ്ടാം പാദത്തിൽ സഞ്ചരിക്കുന്നുണ്ട്. കൂടാതെ ശനി വക്രഗതിയായി പൂരൂരുട്ടാതി നാലാംപാദത്തിലേക്ക് ഒക്ടോബർ തുടക്കത്തിൽ തന്നെ പ്രവേശിക്കുകയുമാണ്. പലതരം സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കും. സാമ്പത്തികമായി കബളിപ്പിക്കപ്പെടാം. ആലസ്യമുണ്ടാവുന്നതാണ്. തീരുമാനങ്ങളിൽ നിന്നും പിൻവലിയാം. ശരിതെറ്റുകളെക്കുറിച്ച് സൂക്ഷ്മബോധം കുറയും. ക്ഷോഭശീലം വർദ്ധിക്കാനിടയുണ്ട്. വിദ്യാർത്ഥികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാവണം. ചെറുപ്പക്കാർ കൂട്ടുകെട്ടുകളിൽ കരുതൽ പുലർത്തണം. വലിയ സംരംഭങ്ങൾ ആരംഭിക്കുക തത്കാലം ഉചിതമായേക്കില്ല. നിലവിലെ ജോലി, പുതിയ ജോലി കിട്ടാതെ ഉപേക്ഷിക്കരുത്. അന്യദേശത്ത് പോകാനവസരം ഉണ്ടാവും. ജീവിതം മന്ദഗതി കൈക്കൊള്ളും. സഹിഷ്ണുത വർദ്ധിക്കും.
ഉത്രട്ടാതി
ശനി ജന്മനക്ഷത്രത്തിൽ നിന്നും മാറുന്നത് താത്കാലികാശ്വാസത്തിന് കാരണമാകും. കുടുംബ ജീവിതത്താൽ സമ്മർദ്ദം കുറയും. മക്കളുടെ കാര്യത്താൽ സന്തോഷാനുഭവങ്ങൾ വന്നുചേരും. പുതിയ ഹ്രസ്വകാല കോഴ്സുകൾക്ക് ചേരാനായേക്കും. ആദിത്യൻ ഏഴിലും എട്ടിലും സഞ്ചരിക്കുകയിൽ തൊഴിൽ രംഗം അത്ര സംതൃപ്തി നൽകില്ല. സഹപ്രവർത്തകരിൽ നിന്നും സഹകരണം കുറയുന്നതാണ്. ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ അവസരങ്ങൾ ഉടൻ കിട്ടിയേക്കില്ല. ശുപാർശകൾ ഫലം കാണണമെന്നില്ല. ഒക്ടോബർ 20 ന് ശേഷം പരിശ്രമം ലക്ഷ്യം കാണാം. കലാപഠനത്തിന് സാധ്യത കാണുന്നു. തീർത്ഥാടനത്തിനുള്ള സാഹചര്യമുണ്ടാവും. പ്രണയികൾക്കിടയിലെ പിണക്കം തീർന്നേക്കും. വിവാഹാലോചനകൾ ശുഭതീരുമാനത്തിലെത്തും. സുഹൃത്തുക്കളുടെ പ്രോൽസാഹനം പ്രതീക്ഷിക്കാം.
രേവതി
പാരമ്പര്യത്തിൽ അഭിമാനിക്കുന്ന സാഹചര്യങ്ങൾ ഉദയം ചെയ്യും. നിപുണയോഗം ബുദ്ധിയുണർന്ന് പ്രവർത്തിക്കാൻ സഹായിക്കും. സാമ്പത്തിക ഇടപാടുകളിൽ കരുതലുണ്ടാവണം. ജന്മനാട്ടിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാനിടയുണ്ട്. പൂർവ്വിക സ്വത്ത് ഇപ്പോൾ വിൽക്കുന്നത് ലാഭകരമല്ലെന്നറിയും. സാങ്കേതിക വിഷയങ്ങൾ പഠിച്ചറിയാൻ പുതുതലമുറയെ ആശ്രയിക്കുന്നതാണ്. കലാപ്രസ്ഥാനങ്ങളുമായി സഹകരിക്കും. ഉദ്യോഗസ്ഥർക്ക് ജോലിഭാരം വർദ്ധിക്കുന്നതാണ്. അനർഹർക്ക് സ്ഥാനക്കയറ്റം കിട്ടുന്നതിൽ വിഷമിക്കും. മത്സരങ്ങളിൽ സ്വന്തം കഴിവ് മുഴുവനായും പ്രകടിപ്പിക്കാനായേക്കില്ല. സഹോദരരുടെ സഹായം ലഭിക്കാം. ദാമ്പത്യ ബന്ധത്തിൽ വിട്ടുവീഴ്ച അനിവാര്യമാണ്. മുടങ്ങിക്കിടന്ന ഗൃഹനിർമ്മാണം പുനരാരംഭിക്കാൻ വഴിതുറക്കപ്പെടും
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.