scorecardresearch

Horoscope November 2025: നവംബർ മാസഫലം, മൂലം മുതൽ രേവതിവരെ

November Month 2025 Astrological Prediction: 2025 നവംബർ മാസത്തെ മൂലം മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

November Month 2025 Astrological Prediction: 2025 നവംബർ മാസത്തെ മൂലം മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrology

November Month 2025 Astrological Predictions

Astrology: ആദിത്യൻ തുലാം-വൃശ്ചികം രാശികളിൽ സഞ്ചരിക്കുന്നു. ചോതി, വിശാഖം, അനിഴം ഞാറ്റുവേലകളിലാവും ആദിത്യൻ. 
നവംബർ 4 ന് വെളുത്തവാവും നവംബർ 18/19 തീയതികളിൽ കറുത്തവാവും വരുന്നു.

Advertisment

നവബർ  21 ന് ഹേമന്ത ഋതുവും മാർഗ്ഗശീർഷമാസവും ആരംഭിക്കുന്നു. അതിചാര വ്യാഴം നവംബർ മുഴുവൻ ഉച്ചരാശിയായ കർക്കടകത്തിൽ തന്നെയാണ്. എന്നാൽ
നവംബർ 14 മുതൽ വക്രഗതി തുടങ്ങും. 

ശനി നവംബർ മുഴുവൻ കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ വക്രഗതിയിലാണ്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും വിപരീതഗതി തുടരുന്നു. 

ചൊവ്വ വൃശ്ചികം രാശിയിലാണ്. നവംബർ 5 മുതൽ ചൊവ്വയ്ക്ക് മൗഢ്യം വരുന്നുണ്ട്. ബുധൻ വൃശ്ചികത്തിലാണ് മാസാദ്യം. നവംബർ 22 ന് വക്രഗതിയായി വീണ്ടും തുലാത്തിലെത്തും. വക്രമൗഢ്യവുമുണ്ട്. ശുക്രൻ നവംബർ 2 ന് നീചരാശിയായ കന്നിയിൽ നിന്നും സ്വക്ഷേത്രമായ തുലാം രാശിയിലേക്ക് പ്രവേശിക്കും. നവംബർ 26 ന് വൃശ്ചികത്തിലേക്കും സംക്രമിക്കുന്നതാണ്.

Advertisment

ഈ ഗ്രഹനിലയെ അവലംബിച്ച് മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 2025 നവംബർ മാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

മൂലം

സ്ഥിതിഗതികൾ താരതമ്യേന അനുകൂലമാണ്. തൊഴിലിടത്തിൽ സമാധാനം ഉണ്ടാവും. ലക്ഷ്യപ്രാപ്തിക്ക് തടസ്സങ്ങളുണ്ടാവില്ല. നിലവിലെ സ്ഥിതി അതുപോലെ തുടരുകയാവും നല്ലത്. സാമ്പത്തികം മുടക്കി പുതിയ മാറ്റങ്ങളും വിപുലീകരണവും ഇപ്പോൾ ഗുണകരമാവില്ല. പതിവിലും യാത്രകൾ കൂടുന്നതായിരിക്കും. ജന്മരാശ്യധിപനായ വ്യാഴം ഉച്ചത്തിൽ സഞ്ചരിക്കുകയാൽ സഭകളിൽ ബഹുമാനിക്കപ്പെടും. എന്നാൽ വ്യാഴസ്ഥിതി അഷ്ടമ ഭാവത്തിലാകയാൽ  സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യവും ഉരുത്തിരിയുന്നതാണ്.  ഗൃഹനിർമ്മാണം മെല്ലെയാവും. വിലകൂടിയ വസ്ത്രാഭരണാദികൾ വാങ്ങാനായി ധനം ചെലവാകും. കലാകാരന്മാർക്ക് മികച്ച അവസരങ്ങൾ പ്രതീക്ഷിക്കാം. കാമുകീകാമുകന്മാർക്ക് സന്തോഷിക്കാൻ സന്ദർഭങ്ങൾ ഉണ്ടാവും.

Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

പൂരാടം

നീതിയുക്തമായ നടപടികളിലൂടെ സമൂഹത്തിൽ ശ്രദ്ധിക്കപ്പെടും. കൃത്യനിഷ്ഠയും ഉൾക്കാഴ്ച നിറഞ്ഞ പ്രവർത്തന ശൈലിയും മേലധികാരികളാൽ പ്രശംസിക്കപ്പെടും. സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കുന്നതാണ്. വ്യക്തിപരമായോ ഔദ്യോഗികമായോ യാത്രകളുണ്ടാവും.  സുഹൃൽബന്ധങ്ങൾ ദൃഢമാവുന്നതാണ്. വ്യാപാരവ്യവസാ യാദികൾ വിപുലീകരിക്കുവാൻ വായ്പകൾക്ക് അപേക്ഷിക്കും. ഭൂമിസംബന്ധിച്ച അവകാശ തർക്കങ്ങൾ ഉടലെടുക്കാം. പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. അഭിനയം, സംഗീതം, ചിത്രകല തുടങ്ങിയ മേഖലകളിൽ ശോഭിക്കുന്നതാണ്. വിദ്യാർത്ഥികളുടെ പഠനത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതശൈലീ രോഗങ്ങൾ ഉപദ്രവിച്ചെന്നു വരാം. മാസത്തിൻ്റെ രണ്ടാംപകുതിക്ക് മേന്മ കുറയാം

ഉത്രാടം

ധനുക്കൂറുകാർക്ക് തൊഴിലിൽ നേട്ടങ്ങളുണ്ടാവും. കരാറുകൾ പുതുക്കിക്കിട്ടാം. ഉന്നതോദ്യോഗസ്ഥരുടെ പ്രോൽസാഹനം ലഭിക്കുന്നതായിരിക്കും. ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതാണ്. ബന്ധങ്ങളുടെ ദാർഢ്യം കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധയുണ്ടാവും. കടബാധ്യതകൾ ക്ലേശിപ്പിക്കാം. മകരക്കൂറുകാർക്ക് കൂട്ടുകച്ചവടം പുഷ്ടിയുണ്ടാക്കും. യാത്രകൾ മൂലം നേട്ടങ്ങൾ സമാഗതമായേക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കുന്നതാണ്. പ്രണയികൾക്ക് അനുകൂലസന്ദർഭമാണ്. ചെറുപ്പക്കാരുടെ വിവാഹതടസ്സം നീങ്ങും. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. അർഹതക്കൊത്ത പുതിയ ജോലി ലഭിക്കാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മുന്നേറാനാവും. ഇഷ്ടപ്പെട്ടവരുടെ സന്ദേശം സന്തോഷമുണ്ടാക്കും.

Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

തിരുവോണം

ആദിത്യൻ 10, 11 ഭാവങ്ങളിലൂടെ സഞ്ചരിക്കുകയാൽ തൊഴിലിൽ സ്ഥിരതയും  സമാധാനവും പ്രതീക്ഷിക്കാം. സഹപ്രവർത്തകരുടെ ആദരം ലഭിക്കുന്നതാണ്. വ്യാപാരികൾക്ക് ഉപഭോക്താക്കളുടെ പ്രീതി കൈവരും. ആദായം തടസ്സപ്പെടില്ല. 
വിവിധങ്ങളായ കാര്യങ്ങളെ ഏകോപിപ്പിക്കുന്നതിൽ വിജയിക്കും. വിദ്യാഭ്യാസം, ഗവേഷണം എന്നിവയിൽ ദിശാബോധം ഉണ്ടാവുന്നതാണ്. സൗഹൃദം മെച്ചപ്പെടും. ബന്ധുക്കളുടെ സ്വീകാര്യത ഉയരും. നേതൃപാടവം പ്രശംസിക്കപ്പെടും. പുതിയ കാര്യങ്ങൾ പ്രാവർത്തികമാക്കാൻ അനുകൂലമായ സാഹചര്യം വന്നെത്തും. ദാമ്പത്യത്തിൽ സ്വൈരം ഭംഗപ്പെടില്ല. കെട്ടിടനിർമ്മാണം പൂർത്തിയാക്കും. വ്യാഴം ഉച്ചനായി ജന്മരാശിയെ നോക്കുകയാൽ  മനസ്സുഖം, ഉന്നതി, ധനലാഭം എന്നിവ തടസ്സപ്പെടില്ല.

അവിട്ടം

മകരക്കൂറുകാർക്ക് കൂടുതൽ ഗുണഫലങ്ങൾ വന്നെത്തുന്നതാണ്. സാമ്പത്തിക ഇടപാടുകൾ ലാഭകരമാവും.  പുതുകാര്യങ്ങൾ തുടങ്ങാൻ കഴിഞ്ഞേക്കും. രോഗക്ലേശിതർക്ക് ആശ്വാസകാലമാണ്. ഉന്നതരുടെ പ്രോൽസാഹനം കരുത്താകും. ശുപാർശകൾ ഫലം കാണുന്നതാണ്. നിലവിലെ ജോലിയിൽ പദവി ഉയരാനിടവരും. ശമ്പളവർദ്ധനവിനും സാധ്യതയുണ്ട്. പാർട്ണർഷിപ്പിലൂടെ വിപണിയിൽ സ്ഥാനം പിടിക്കുന്നതാണ്. ഗവേഷകർ പുതിയ നിഗമനങ്ങൾ അവതരിപ്പിച്ച് അക്കാദമിക മികവ് പുലർത്തും. കുംഭക്കൂറുകാർക്ക് സമ്മിശ്രഫലം ഭവിക്കുന്നതാണ്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. ദാമ്പത്യത്തിൽ  വിട്ടുവീഴ്ചകൾ ആവശ്യമാവും. പ്രണയികൾ എതിർപ്പിനെ അഭിമുഖീകരിക്കും. ധനവരവ് സുഗമമാവില്ല. ജീവിതശൈലീ രോഗങ്ങൾക്ക് ചികിത്സ വേണ്ടിവരാം.

ചതയം

അല്പലാഭങ്ങൾ ഉണ്ടാവും. പ്രയത്നത്തിന് അംഗീകാരം കിട്ടുന്നതാണ്. തൊട്ടുമുന്നിലെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവ വിജയിപ്പിക്കാൻ പരിശ്രമിക്കുകയാവും ഇപ്പോൾ കരണീയം. വലിയ സ്വപ്നങ്ങൾ സാക്ഷാല്കരിക്കാൻ ശ്രമിച്ചാൽ തടസ്സങ്ങൾ വിഷമിപ്പിക്കാം. 
രോഗക്ലേശിതർക്ക് പുതുചികിൽസ ആവശ്യമായേക്കും. വിദ്യാർത്ഥികളുടെ കഴിവുകൾ പുറത്തുകൊണ്ടുവരാൻ മുതിർന്നവർ കൂടുതലായി ശ്രമിക്കണം.  പാരമ്പര്യവസ്തുക്കൾ സംരക്ഷിക്കാൻ ചെലവുണ്ടാവും.  ഭൂമി വിൽക്കാനുള്ള തീരുമാനത്തിന് കുടുംബത്തിൻ്റെ പിന്തുണ കിട്ടിയേക്കില്ല. ബിസിനസ്സ് യാത്രകൾ പ്രയോജനം ചെയ്തേക്കും. വിദേശത്ത് കഴിയുന്നവർക്ക് പുതിയ അവസരങ്ങൾ കിട്ടാം. ആഢംബര വസ്തുക്കൾ പാരിതോഷികമായി ലഭിക്കുന്നതാണ്.

Also Read:  ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

പൂരൂരുട്ടാതി

വളരെ കരുതലുണ്ടാവണം, വാക്കുകൾക്കും പ്രവൃത്തികൾക്കും. നക്ഷത്രത്തിൽ ശനി-രാഹു സഞ്ചാരം ഉള്ളതിനാൽ ആത്മവിശ്വാസത്തിന് ഭംഗം വന്നേക്കും. ആലസ്യം പിടികൂടുന്നതാണ്. ഗുണകരമല്ലാത്ത കൂട്ടുകെട്ടുകളുടെ പിടിയിൽ നിന്നും പുറത്തുവരാൻ പറ്റാതെ വിഷമിക്കും. പുതിയ കാര്യങ്ങൾ തുടങ്ങാൻ സർക്കാരിൽ നിന്നും അനുമതി കിട്ടിയേക്കില്ല. നീതിരാഹിത്യത്തിന് എതിരെ പോരാടുന്നവർക്ക് പ്രതീക്ഷിച്ച പിന്തുണ വൈകിയേക്കും. എന്നാൽ നക്ഷത്രാധിപനായ വ്യാഴം ഉച്ചത്തിലാകയാൽ തൊഴിലിടത്തിൽ അംഗീകാരം കിട്ടുന്നതാണ്. സാമ്പത്തിക സമ്മർദ്ദത്തിന് തെല്ല് അയവുണ്ടാവും. ചില സഹായഹസ്തങ്ങൾ തേടിവരും. ഉപജാപങ്ങളെ തടയിടാൻ സാധിക്കുന്നതാണ്. ഗുരുജനങ്ങളെ കാണാനും അവരുടെ ഹിതവാക്കുകൾ കേൾക്കാനുമാവും. പ്രാർത്ഥനകളിലൂടെ ആശ്വാസം കണ്ടെത്തും.

ഉത്രട്ടാതി

വിനോദ- ആത്മീയ യാത്രകളുണ്ടാവും. കുടുംബസംഗമത്തിൽ സന്തോഷിക്കും. ഉന്നത ബിരുദമുള്ളവർക്ക് ഗവേഷണത്തിന് അവസരം കൈവരുന്നതാണ്. പൊതുപ്രവർത്തകർക്ക് വെല്ലുവിളി നിറഞ്ഞ ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടതായി വരാം. അറിയാത്ത കാര്യങ്ങൾ പഠിച്ചുപറയാൻ സാവകാശം ചോദിക്കും.  
ആത്മവിശ്വാസം ഇടയ്ക്കിടെ ചോരുന്നതായി തോന്നും. കുടുംബകാര്യങ്ങളിൽ ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ്. ഭൗതിക സാഹചര്യം മെച്ചപ്പെടാനിടയുണ്ട്. സ്വയം തൊഴിൽ നവീകരണത്തിൻ്റെ പാതയിലാവും. കടക്കാരുടെ ഭീഷണി മനക്ലേശമുണ്ടാക്കും.  ക്രിയാപരതയും ഉയരും. കലാവാസന തിരിച്ചറിയുന്നതാണ്. സന്താനങ്ങൾക്ക് ശ്രേയസ്സുണ്ടാവും. മൂന്നാംതലമുറയെ വാത്സല്ലിക്കാൻ സന്ദർഭം ഒത്തുവരുന്നതാണ്. ആരോഗ്യപാലനത്തിൽ ജാഗ്രത പുലർത്തണം.

രേവതി

ആർഭാടം നിയന്ത്രിക്കാനാവാതെ കുഴങ്ങുന്നതാണ്. ഉദ്യോഗത്തിൽ നിന്നും പിരിഞ്ഞവർക്ക് കിട്ടേണ്ടതുക ഭാഗികമായി ലഭിക്കും. പേരക്കുട്ടികളോടൊപ്പം നേരം ചെലവഴിക്കുന്നത് മനസ്സിൽ ആഹ്ളാദം നിറയ്ക്കും. മേലധികാരിയുടെ അമിതാധികാരം ചെറുക്കും. സംഘടനയിൽ സ്വാധീനമുയർ ന്നേക്കും. സുതാര്യസമീപനം പ്രശംസിക്കപ്പെടുന്നനാണ്. പൂർവ്വികസ്വത്ത് സംരക്ഷിക്കുവാൻ ചെലവുണ്ടാവും. പ്രായോഗിക ചിന്ത കാര്യവിജയത്തിന് കാരണമാകും. ആധുനിക സാങ്കേതിക വിദ്യകൾ പഠിച്ചറിയാൻ സന്നദ്ധതയുണ്ടാവും. 
ഭൗതികകാര്യങ്ങളിലെന്നപോലെ ആത്മിക കാര്യങ്ങളിലും ശ്രദ്ധ കാട്ടും. വാക്ശക്തി പരുഷമാവുന്നതിനാൽ  കുടുംബത്തിൽ തന്നെ ശത്രുക്കളുയരും. 
ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് ബിസിനസ്സിൽ മാറ്റങ്ങൾ കൊണ്ടുവരും.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: