scorecardresearch

Horoscope November 2025: നവംബർ മാസഫലം, അശ്വതി മുതൽ ആയില്യംവരെ

November Month 2025 Astrological Prediction: 2025 നവംബർ മാസത്തെ അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

November Month 2025 Astrological Prediction: 2025 നവംബർ മാസത്തെ അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrology

November Month 2025 Astrological Predictions for stars Aswathi to Ayilyam

Astrology: ആദിത്യൻ തുലാം-വൃശ്ചികം രാശികളിൽ സഞ്ചരിക്കുന്നു. ചോതി, വിശാഖം, അനിഴം ഞാറ്റുവേലകളിലാവും ആദിത്യൻ. 
നവംബർ 4 ന് വെളുത്തവാവും നവംബർ 18/19 തീയതികളിൽ കറുത്തവാവും വരുന്നു.

Advertisment

നവബർ  21 ന് ഹേമന്ത ഋതുവും മാർഗ്ഗശീർഷമാസവും ആരംഭിക്കുന്നു. അതിചാര വ്യാഴം നവംബർ മുഴുവൻ ഉച്ചരാശിയായ കർക്കടകത്തിൽ തന്നെയാണ്. എന്നാൽ
നവംബർ 14 മുതൽ വക്രഗതി തുടങ്ങും. 

ശനി നവംബർ മുഴുവൻ കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ വക്രഗതിയിലാണ്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും വിപരീതഗതി തുടരുന്നു. 

ചൊവ്വ വൃശ്ചികം രാശിയിലാണ്. നവംബർ 5 മുതൽ ചൊവ്വയ്ക്ക് മൗഢ്യം വരുന്നുണ്ട്. ബുധൻ വൃശ്ചികത്തിലാണ് മാസാദ്യം. നവംബർ 22 ന് വക്രഗതിയായി വീണ്ടും തുലാത്തിലെത്തും. വക്രമൗഢ്യവുമുണ്ട്. 

Advertisment

Also Read:നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ശുക്രൻ നവംബർ 2 ന് നീചരാശിയായ കന്നിയിൽ നിന്നും സ്വക്ഷേത്രമായ തുലാം രാശിയിലേക്ക് പ്രവേശിക്കും. നവംബർ 26 ന് വൃശ്ചികത്തിലേക്കും സംക്രമിക്കുന്നതാണ്.

ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിലും ജനിച്ചവരുടെ 2025 നവംബർ മാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

Also Read:  ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

അശ്വതി

വ്യാഴം ഉച്ചസ്ഥിതിയിൽ തുടരുന്നതും രാഹുവിൻ്റെ പതിനൊന്നിലെ സഞ്ചാരവും ഗുണകരമാണ്. വരുമാന മാർഗം സുസ്ഥിരമാവും. രാശ്യധിപനായ ചൊവ്വയ്ക്ക് മൗഢ്യം വരുന്നത് ആത്മവീര്യത്തെ ദുർബലപ്പെടുത്താം. ചിലപ്പോൾ ചെറിയ കാര്യങ്ങളിൽ പോലും ആശങ്കകൾ കടന്നുകൂടുന്നതാണ്. സഹോദരരുമായി കലഹം,  അവകാശതർക്കങ്ങൾ എന്നിവ സാധ്യതകളാണ്. മിത്രങ്ങളുടെ സഹകരണം പ്രതീക്ഷിച്ചതിനുമപ്പുറമാവും. പുതുവാഹനം വാങ്ങാൻ യോഗമുണ്ട്. വീട്ടിലും സാമാനമായി നവീകരണമുണ്ടാവും.  ആരംഭിക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ ഇച്ഛശക്തി ആവശ്യമാണ്. ആദിത്യൻ്റെ അനിഷ്ടസ്ഥിതിയാൽ മേലധികാരികൾക്ക് അപ്രീതിയുണ്ടാവും. പിതാവിൻ്റെ ആരോഗ്യകാര്യങ്ങളിൽ കരുതലുണ്ടാവണം. പ്രണയികൾക്ക് ആഹ്ളാദം നിലനിർത്താനാവും. സ്ത്രീകളുടെ സഹകരണം ലഭിക്കുന്നതാണ്.

ഭരണി

നക്ഷത്രാധിപനായ ശുക്രന് നീചം കഴിഞ്ഞ് സ്വക്ഷേത്രസ്ഥിതി വരുന്നത് ഉത്തമമാണ്. ശുഭയാത്രകളുണ്ടാവും. കൂട്ടുകച്ചവടത്തിൽ നിന്നും തരക്കേടില്ലാത്ത ലാഭം വന്നെത്തും. പ്രണയം പുഷ്കലമാവുന്നതാണ്. കലാപരമായ സിദ്ധികൾ പ്രദർശിപ്പിക്കാൻ അവസരമുണ്ടാവും.  നവസംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും ലഭിക്കേണ്ട രജിസ്ട്രേഷൻ വൈകിയേക്കും. ഭൂമികച്ചവടത്തിൽ അമളി പിണയാനിടയുള്ളതിനാൽ ജാഗ്രത വേണം. കടബാധ്യതകൾ പരിഹരിക്കാൻ ശ്രമം തുടരപ്പെടും. ദാമ്പത്യസൗഖ്യം പ്രതീക്ഷിക്കാം.  കുട്ടികളുടെ പഠനപുരോഗതിയിൽ സന്തോഷിക്കും. ചെലവിൽ നിയന്ത്രണം അനിവാര്യമാണ്. സഹോദരുമായി പിണങ്ങുന്നതിന് കാരണങ്ങൾ തലപൊക്കും. സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിക്കരുത്. കരാറുകളിൽ ഒപ്പിടും മുൻപ് നിബന്ധനകൾ മനസ്സിലാക്കാൻ മറക്കരുത്. ആരോഗ്യപരമായി കൂടുതൽ കരുതൽ വേണ്ടതുണ്ട്.

കാർത്തിക

സമ്മിശ്രാനുഭവങ്ങൾ തുടരുന്നതാണ്. സാങ്കേതിക കാര്യങ്ങൾ മനസ്സിലാക്കാൻ ആത്മാർത്ഥമായി ശ്രമിക്കും. സ്വതസ്സിദ്ധമായ പ്രവർത്തനശൈലി മാറ്റാൻ തയ്യാറായേക്കില്ല. സഹോദരൻ്റെ ജോലിക്കാര്യത്തിൽ ശുപാർശ ഫലവത്തായേക്കും. അതിര് തർക്കങ്ങളിൽ അയവില്ലാത്ത സമീപനം ദോഷം ചെയ്തേക്കും. പഠനകാര്യത്തിൽ ശ്രദ്ധ വേണം. പ്രോജക്ടുകൾ പൂർത്തിയാക്കാൻ ശുഷ്കാന്തി വേണ്ടതുണ്ട്. വരുമാന മാർഗങ്ങൾ പുഷ്ടിപ്പെടുത്താൻ കൂടുതൽ അധ്വാനം ആവശ്യമാവുന്ന കാലഘട്ടമാണ്.  ഉപജാപങ്ങളെ തൃണവൾഗണിക്കും. ഇഷ്ടവാഹനം വാങ്ങുവാൻ കഴിയും. ബന്ധുക്കളെ സന്ദർക്കുന്നതാണ്.  അർഹതയുള്ള വിദ്യാർഥികൾക്ക് സ്വന്തം നിലയിൽ ധനസഹായം ചെയ്തേക്കും. ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാനാവുന്നതാണ്.

Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

രോഹിണി

സ്വന്തം സിദ്ധികൾ തിരിച്ചറിയുന്നതാണ്. സാധനകളിലൂടെ അവയെ വളർത്താനുള്ള ശ്രമത്തിലേർപ്പെടും. ബിസിനസ്സിൻ്റെ പുരോഗതിയിൽ സന്തോഷിക്കും. വിപണിയുടെ തന്ത്രങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുവാൻ സന്നദ്ധതയുണ്ടാവും. ആറാമെടത്ത് ആദിത്യൻ സഞ്ചരിക്കുകയാൽ സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതികൾ വൈകില്ല. രാഷ്ട്രീയത്തിൽ വിജയം കൊയ്യുന്നതാണ്. സ്വാതന്ത്രം പണയപ്പെടുത്താതെ പ്രവർത്തിക്കും. ഏജൻസി നടത്തിപ്പിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. കുടുംബത്തിൽ സാമാന്യമായ സമാധാനമുണ്ടാവും. പഠനം പൂർത്തിയാക്കിയവർക്ക് ജോലി കിട്ടാൻ കാത്തിരിക്കേണ്ടി വന്നേക്കാം. പ്രണയാനുഭവം ശക്തമാകാനാണ് സാധ്യത. കാമുകീ കാമുകന്മാർക്ക് വിവാഹസാഫല്യം ഉണ്ടായേക്കും.

മകയിരം

ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തീകരിക്കാൻ കഠിനാദ്ധ്വാനം ആവശ്യമാവും. ക്ലേശിച്ച് നേടിയെടുത്ത സാങ്കേതിക പരിജ്ഞാനം ഗുണകരമാവുന്നതാണ്. മേലധികാരികൾ പ്രോൽസാഹിപ്പിക്കും. സംഘടനയുടെ ഏകോപനത്തിൽ വിജയം വരിക്കും. സാമ്പത്തികമായി മെച്ചമുണ്ടാവും. പക്ഷേ ധനപരമായ അമളികൾ വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്. സുഹൃത്തുക്കളുടെ കൂട്ടുവ്യാപാരത്തിൽ പങ്കാളിയാവും. പൊതുവേ കലാപ്രവർത്തനം കൊണ്ട് മെച്ചമുണ്ടാവുന്ന കാലമാണ്. ഉപരിപഠനത്തിന് സാധ്യതയുണ്ട്. അർഹതയുള്ള സ്ഥാനക്കയറ്റം അവസാനനിമിഷം നഷ്ടപ്പെടാനിടയുണ്ട്. പ്രൈവറ്റ് സ്ഥാപനത്തിൽ വേതനവർദ്ധനവിനിടയുണ്ട്. ഗൃഹനിർമ്മാണത്തിന് പ്ളാൻ തയ്യാറാക്കുന്നതാണ്. വിദേശത്തുള്ളവരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

തിരുവാതിര

ആദിത്യൻ അഞ്ചിലും ആറിലും, വ്യാഴം രണ്ടിലും ചൊവ്വ ആറിലും സഞ്ചരിക്കുകയാൽ നീണ്ടനാളത്തെ സ്വപ്നങ്ങൾ സഫലമാവും. പുതിയ ചുമതലകൾ ലഭിക്കുന്നതാണ്. ഇഷ്ടാനിഷ്ടങ്ങൾ മുഖം നോക്കാതെ പ്രകടിപ്പിക്കുകയാൽ ശത്രുക്കൾ കൂടാനിടയുണ്ട്. ശാസ്ത്ര/ ഗവേഷണ മേഖലകളിൽ ശോഭിക്കും. കുടുംബ ക്ഷേത്രത്തിലെ ഉത്സവാദികൾക്ക് നേതൃത്വം വഹിക്കുന്നതാണ്. വാഗ്ദാനങ്ങൾ കൃത്യമായി പാലിക്കും. രോഗികളെ ആശ്വസിപ്പിക്കും. പുനരധിവാസകാര്യങ്ങളിൽ സക്രിയമായ ഇടപെടലുകൾ നടത്തുന്നതാണ്. നിക്ഷേപങ്ങളിൽ കരുതലുണ്ടാവണം. ഇടപാടുകളുടെ കൃത്യമായ കണക്ക് എഴുതിസൂക്ഷി ക്കുന്നതിൽ ഉപേക്ഷവിചാരിക്കരുത്.  വസ്തുവില്പനയിലെ നിയമതടസ്സങ്ങളകലുന്നതാണ്. വ്യവഹാരത്തിൽ നിന്നും പിൻവാങ്ങുക കരണീയം. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം.

Also Read: വ്യാഴം ഉച്ചരാശിയിലേക്ക്; അശ്വതി മുതൽ രേവതിവരെ

പുണർതം

നക്ഷത്രാധിപനായ വ്യാഴം ഉച്ചത്തിൽ സഞ്ചരിക്കുന്നതിൻ്റെ ഗുണാനുഭവങ്ങൾ ജീവിതത്തിൽ പ്രതിഫലിക്കും. ഭൗതിക സാഹചര്യങ്ങൾ ഉയരുന്നതാണ്. മുൻപ് കിണഞ്ഞ് പരിശ്രമിച്ചിട്ടും ഫലിക്കാത്തവ ഇപ്പോൾ ലഘുയത്നത്തിലൂടെ കൈവരിക്കും. വീടിൻ്റെ നിർമ്മാണം തുടങ്ങാനാവും. വിലകൂടിയ വാഹനം വാങ്ങുന്നതാണ്. കർമ്മരംഗത്ത് സ്വാധീനം വർദ്ധിക്കും. രാഷ്ട്രീയത്തിൽ വിശ്വാസ്യത നേടിയെടുക്കുന്നതാണ്. സംഘടനകളുടെ നേതൃത്വം ലഭിക്കാം. അവിവാഹിതർക്ക് ദാമ്പത്യത്തിൽ പ്രവേശിക്കാനാവും. തൊഴിൽ തേടുന്നവർ നിരാശപ്പെടില്ല.   സ്വാശ്രയ സ്ഥാപനങ്ങളുടെ വളർച്ചക്കായുള്ള വായ്പാസഹായം നേടുന്നതാണ്. 
അന്യദേശത്ത് തൊഴിൽ തേടുന്നവർക്ക് അവസരം തേടിവരും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത പുലർത്താനാവും. ഭാവികാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് പ്രയോജനം ചെയ്യുന്ന നിക്ഷേപങ്ങൾ നടത്തുന്നതാണ്.

പൂയം

നക്ഷത്രാധിപനായ ശനിക്ക് വക്രസഞ്ചാരമുള്ളതിനാൽ പല കാര്യങ്ങളിലും ആശയക്കുഴപ്പം തുടരുന്നതാണ്. അയത്നമായി ലഭിക്കാനിടയുള്ളത് ദുർലഭമായേക്കും. പുനരാലോചന കാരണം കർമ്മരംഗത്ത് ശരിയായി ശ്രദ്ധിക്കാൻ കഴിഞ്ഞെന്ന് വരില്ല. പൊതുപ്രവർത്തകർക്ക് ജനകീയത കുറയുന്നതായി അനുഭവപ്പെടും. ജന്മവ്യാഴം നിലവിലെ പദവിയിൽ തുടരുന്നതിന് വിഘാതമുണ്ടാക്കാനിടയുണ്ട്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ഇപ്പോൾ ആശാസ്വമല്ല. പുതിയ അവസരങ്ങൾക്കായി അല്പം കൂടി കാത്തിരിക്കേണ്ടിവരുന്നതാണ്. വിദ്യാർത്ഥികളുടെ പഠനകാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കേണ്ട സന്ദർഭമാണ്. അനുരാഗികൾക്ക് ആനന്ദിക്കാനാവും. ദാമ്പത്യത്തിൽ സാമാന്യമായ സംതൃപ്തി വരും. കമ്മീഷൻ ജോലി, ഏജൻസികൾ, കരാറു പണികൾ ഇവയിൽ നിന്നും  ഉയർന്ന ആദായം പ്രതീക്ഷിക്കാം.

ആയില്യം

സ്വാഭാവികമായിട്ടുള്ള കഴിവുകൾ നേട്ടങ്ങളുണ്ടാക്കും. ആത്മവീര്യം വർദ്ധിക്കാം. ജന്മവ്യാഴം കൂട്ടുകച്ചവടത്തിൽ ആദായം വളർത്തും. യാത്രകൾ അലച്ചിലായി മാറുമെങ്കിലും ഭാവിയിൽ ഗുണകരമാവും. പുതിയ സുഹൃൽബന്ധങ്ങൾ ഉടലെടുക്കുന്നതാണ്. ഗൃഹത്തിൽ സമാധാനമുണ്ടാവും. വീട് പണി അവസാനഘട്ടത്തിലേക്ക് കടക്കും. ബന്ധുക്കളുടെ സഹകരണം ഗുണകരമാവും. രോഗപ്രതിരോധിശക്തി കുറയുകയാൽ മരുന്ന് കഴിക്കേണ്ടി വരാം. അഷ്ടമരാഹു അലർജികൾക്ക് കാരണമാകും.  വിദ്യാർത്ഥികൾക്ക് പഠനസഹായികൾ, ട്യൂഷൻ എന്നിവ വേണ്ടി വന്നേക്കും. പാരമ്പര്യമായിട്ടുള്ള തൊഴിലിനോട് വിപ്രതിപത്തി തുടരും. വായ്പകൾക്കുള്ള അപേക്ഷ പരിഗണിക്കപ്പെട്ടേക്കില്ല. അഭിമുഖങ്ങളിൽ ശോഭിക്കും. പണമെടപാടുകളിൽ കരുതലുണ്ടാവണം. ന്യായമായ ആവശ്യങ്ങൾ തടസ്സപ്പെടുകയില്ല.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: