/indian-express-malayalam/media/media_files/0ulwXgi86KfJP62XmBST.jpg)
New Year Horoscope. Photo Credit: Kerala Tourism
New Year Horoscope, Makam to Thrikketta: വേണാടിന്റെ ഭരണാധികാരിയായ ഉദയമാർത്താണ്ഡ വർമ്മയാണ് 'കുരക്കേണി കൊല്ലത്തു' വെച്ച് ( ഇന്നത്തെ കൊല്ലം) പണ്ഡിതസഭ വിളിച്ചുകൂട്ടി പുതിയ ഒരു സംവത്സരം തുടങ്ങാൻ തീരുമാനിച്ചത്. കൊല്ലത്തുവെച്ച് സഭ കൂടിയതിനാൽ 'കൊല്ലവർഷം' എന്ന പേരുണ്ടായി എന്നാണ് പണ്ഡിതന്മാരുടെ നിഗമനം.
എഡി 825 ൽ ആണ് കൊല്ലവർഷം ആരംഭിച്ചത്. അതായത് കൃസ്ത്വബ്ദത്തിൽ നിന്നും 825 കുറച്ചാൽ നിലവിലെ കൊല്ലവർഷം ലഭിക്കും എന്നു സാരം. ചിങ്ങമാസം (ആഗസ്റ്റ് പകുതി മുതൽ) ആണ് കൊല്ലവർഷത്തിലെ ആദ്യമാസം തുടങ്ങുന്നത്. സൗരരാശികളുടെ പേരാണ് (തൽഭവം / തൽസമം) കൊല്ലവർഷത്തിലെ മാസങ്ങൾക്ക് സ്വീകരിക്കപ്പെട്ടത്.
ചിങ്ങം മുതൽ ധനു പകുതി വരെ (ആഗസ്റ്റ് പകുതി മുതൽ ഡിസംബർ അവസാനം വരെ) കൊല്ലവർഷത്തോട് 824 ഉം, ധനു രണ്ടാം പകുതി മുതൽ കർക്കടകം അവസാനം വരെ (ജനുവരി മുതൽ ആഗസ്റ്റ് പകുതി വരെ) കൊല്ലവർഷത്തോടൊപ്പം 825 ഉം ചേർത്താൽ കൃസ്ത്വബ്ദമായി. മലയാളം ഈറ, മലബാർ ഈറ എന്നിങ്ങനെ (malayalam Era, Malabar Era , M E) കൊല്ലവർഷം ഇംഗ്ലീഷിൽ വിളിക്കപ്പെട്ടു. കൊല്ലവർഷം 1099 (കൃസ്ത്വബ്ദം 1924) ൽ കർക്കടകം - ജൂലൈ മാസത്തിൽ കേരളം മുഴുക്കെ വലിയ പ്രളയമുണ്ടായി. 99 ലെ വെള്ളപ്പൊക്കം എന്ന് വ്യവഹരിക്കപ്പെട്ടത് ആ സംഭവത്തെയാണ്.
കൊല്ലവർഷത്തിലെ ഒരു നൂറ്റാണ്ട് അവസാനിക്കുന്ന യുഗസംക്രമകാലഘട്ടം ആയിരുന്നു അത്. ചരിത്രം ആവർത്തിക്കുന്നു എന്നു പറയാറുണ്ടല്ലോ? കൃത്യം 100 കൊല്ലം കഴിഞ്ഞപ്പോൾ, കൊല്ലവർഷത്തിലെ ഒരു നൂറ്റാണ്ട് ഹംസഗീതം പാടുന്ന വേളയിൽ, 1199 ൽ (2024 ൽ) പ്രളയവും മേഘസ്ഫോടനവും കേരളത്തിന്റെ കണ്ണീരായി മാറുകയാണ്.
കർക്കടകം 32 -ാം തീയതിയായ ആഗസ്റ്റ് 16 വെള്ളിയാഴ്ച സന്ധ്യയ്ക്കാണ് ആദിത്യൻ്റെ ചിങ്ങരാശിസംക്രമം. സംക്രമം നടന്നതിൻ്റെ പിറ്റേപ്പകൽ പുതുവർഷം തുടങ്ങുന്നു. അങ്ങനെ 2024 ആഗസ്റ്റ് 17 ശനിയാഴ്ച, 1200 ചിങ്ങം ഒന്നാം തീയതിയാകുന്നു.
വർഷാരംഭത്തിൽ പ്രധാന ഗ്രഹങ്ങളിലൊന്നായ ശനി അഥവാ മന്ദൻ കുംഭം രാശിയിൽ, പൂരൂരുട്ടാതിയിൽ വക്രഗതിയിലാണ്. (Retrograde Motion). ഈ വർഷം വൃശ്ചികം രണ്ടാം തീയതി മുതൽ ശനി നേർഗതിയിലാവുന്നു (Direct Motion). മീനം 15 ന്, (2025 മാർച്ച് 29ന്) ശനി കുംഭം രാശിയിൽ നിന്നും മീനം രാശിയിൽ പകരുന്നു.
രണ്ടര വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്നതാണ്, ശനിയുടെ രാശിമാറ്റം. വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിലാണ്. കന്നി മാസം അവസാനം മുതൽ മകരം അവസാനം വരെ ഗുരു അഥവാ വ്യാഴം വക്രഗതിയിലാണ്.
1200 മേടം 31ന് (2025 മേയ് 14ന്) വ്യാഴം മിഥുനം രാശിയിൽ പ്രവേശിക്കുന്നു. രാഹു-കേതു മാറ്റം സംഭവിക്കുന്നത് 1200 ഇടവമാസം 4 ന് (2025 മേയ് 18ന്) ആണ്. രാഹു അഥവാ സർപ്പൻ കുംഭം രാശിയിലേക്കും കേതു അഥവാ ശിഖി ചിങ്ങം രാശിയിലേക്കും പിൻഗതിയായി (Anti-clock wise) പ്രവേശിക്കുന്നു.
മറ്റൊരു മുഖ്യഗ്രഹമായ ചൊവ്വ അഥവാ കുജൻ 1200 ൻ്റെ തുടക്കത്തിൽ ഇടവം രാശിയിലാണ്. തുലാം 4-ാം തീയതി മുതൽ മകരം 8 വരെ (2024 ഒക്ടോബർ 20 മുതൽ 2025 ജനുവരി 21 വരെ) ചൊവ്വ നീചരാശിയായ കർക്കടകത്തിലാണ്. പിന്നീട് വക്രഗതിയായി മിഥുനത്തിൽ വരുന്നു. മീനം 20 മുതൽ ഇടവം 24 വരെ വീണ്ടും കർക്കടകത്തിലും സഞ്ചരിക്കുകയാണ്.
ഇപ്രകാരമുള്ള ഗ്രഹനിലയെ മുൻനിർത്തി, കൊല്ലവർഷത്തിൻ്റെ ചരിത്രത്തിലെ ഒരു പുതിയ നൂറ്റാണ്ടിൻ്റെ ആദ്യവർഷത്തിലെ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടേയും വാർഷിക ഫലം ഇവിടെ അടയാളപ്പെടുത്തുന്നു.
മകം
ഏഴിലെ കണ്ടകശനി, അഷ്ടമത്തിൽ രാഹു, പത്തിൽ വ്യാഴം എന്നിങ്ങനെ വിപരീത ഗ്രഹസ്ഥിതികളെ ചൂണ്ടിക്കാണിക്കാൻ കഴിയുമെങ്കിലും അനുഭവം കൊണ്ട് കുറച്ചൊക്കെ നേട്ടങ്ങൾ ഉണ്ടാക്കാനാവും. ക്ഷമയും അച്ചടക്കത്തോടെയുള്ള പ്രവർത്തനവും വിജയം കാണും. കൊച്ചു കൊച്ചു സന്തോഷങ്ങൾ വന്നെത്തും. പുതിയ ജോലി തേടുന്നവർക്ക് താൽകാലിക ജോലിയോ കരാർ പണികളോ കിട്ടുന്നതാണ്. വലിയ മുതൽമുടക്കോ, കടം വാങ്ങി മുതലിറക്കുന്നതോ ഗുണകരമാവില്ല. മീനമാസം തൊട്ട് നേട്ടങ്ങൾ നിരന്തരമാവും. സ്വതന്ത്ര നിലപാടുകൾ അംഗീകരിക്കപ്പെടും. ധനപരമായ ഞെരുക്കത്തിന് വിരാമമാവുന്നതാണ്. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടായേക്കും. നിക്ഷേപങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തും. കുടുംബബന്ധം ഊഷ്മളമാകുന്നതാണ്.
പൂരം
ഇച്ഛാശക്തിയും ക്രിയാശക്തിയും സമന്വയിപ്പിക്കേണ്ട വർഷമാണ്. നേട്ടങ്ങളുണ്ടാക്കാൻ നിരന്തര പ്രയത്നം ആവശ്യമാണ്. കുത്സിതബുദ്ധികളെ തിരിച്ചറിയണം. ഉപജാപങ്ങളിൽ ഉൾപ്പെടാതിരിക്കാൻ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കഴിവതും വ്യവഹാരങ്ങൾക്ക് മുതിരരുത്. ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതി വൈകാം. അന്യദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ താമസമുണ്ടാവും. സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്. ചെറിയ സംരംഭങ്ങൾ നേട്ടങ്ങളുണ്ടാക്കും. കരാർ ജോലികൾ തുടർന്നും ലഭിക്കുന്നതായിരിക്കും. ഏജൻസി പ്രവർത്തനത്തിൽ ലാഭം കൈവരിക്കാനാവും. പുതിയ കാര്യങ്ങളും സാങ്കേതിക വിഷയങ്ങളും പഠിച്ചറിയാൻ ഔൽസുകും ഉണ്ടാവും. രാഷ്ട്രീയ പ്രവർത്തകർക്ക് ശത്രുക്കൾ വർദ്ധിക്കും. മത്സരങ്ങൾ കഠിനമായിത്തീരും.
ഉത്രം
ചിങ്ങക്കൂറുകാർക്ക് സമ്മിശ്രവും കന്നിക്കൂറുകാർക്ക് ഗുണകരവുമായ വർഷമാണ്. ആസൂത്രണം ചെയ്ത കാര്യങ്ങൾ നിർവഹണത്തിൽ എത്തിക്കാനാവും. തടസ്സങ്ങളെ തൃണവൽഗണിക്കും. വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാൻ കഴിയും. തന്മൂലം ആശിച്ച വിഷയങ്ങളിൽ ഉപരിപഠനം സാധ്യമാകുന്നതാണ്. വ്യാപാരികൾക്ക് വായ്പാ സൗകര്യം പ്രയോജനപ്പെടുത്താനും ബിസിനസ്സ് നവീകരിക്കാനുമാവും. വാഹനം മാറ്റി വാങ്ങാനോ പുതിയത് തന്നെ വാങ്ങാനോ സാഹചര്യം അനുകൂലമായി വരും. പ്രണയികൾക്ക് വിവാഹബന്ധത്തിലൂടെ ഒന്നിക്കാൻ സാധിക്കുന്നതാണ്. കടക്കെണിയിൽ നിന്നും ഏതാണ്ടൊക്കെ മുക്തിയുണ്ടാവും. ബന്ധങ്ങളുടെ ദൃഡത നിലനിർത്തും. ഭൗതിക പരിതോവസ്ഥയും ജീവിതനിലവാരവും മെച്ചപ്പെടുന്നതാണ്. ഈശ്വര സമർപ്പണങ്ങൾ, തീർത്ഥയാത്രകൾ ഇവ സാധ്യമാകും.
അത്തം
പ്രധാന ഗ്രഹങ്ങൾ അനുകൂല ഭാവത്തിൽ ആകയാൽ സുപ്രധാനമായ വർഷമായിരിക്കും. നേട്ടങ്ങൾ പലതും കരഗതമാവും. ദുസ്സാധ്യം എന്നു കരുതിയ കാര്യങ്ങൾ ലഘുപ്രയത്നത്താൽ സാധ്യങ്ങളാവും. ഉന്നതരുടെ അംഗീകാരവും പിന്തുണയും കൈവരും. ജോലിയിൽ ഉയർച്ച ദൃശ്യമാകും. ഉത്സുകതയും ഉന്മേഷവും എപ്പോഴും നിലനിർത്തും. സാമ്പത്തിക ഞെരുക്കത്തിൽ നിന്നും മോചിതരാവും. ഭൂമിയോ വാഹനമോ സ്വന്തമാക്കാൻ കഴിയുന്നതാണ്. ദാമ്പത്യജീവിതം സ്വച്ഛന്ദമാവും. കുട്ടികളുടെ പഠനം, ജോലി മുതലായവയിൽ അനുകൂലത ദൃശ്യമാവും. ബിസിനസ്സുകാർക്ക് പുതുശാഖകൾ തുടങ്ങാനവസരം വന്നെത്തുന്നതാണ്. ആരോഗ്യപരമായി മെച്ചമുണ്ടാവും. വൃശ്ചികം, കുംഭം, മിഥുനം, കർക്കടകം മാസങ്ങൾ കൂടുതൽ ഗുണകരമായിരിക്കും.
ചിത്തിര
കന്നിക്കൂറുകാരായ ചിത്തിരക്കാർക്ക് ആഗ്രഹ സഫലീകരണത്തിൻ്റെ വർഷമാണ്. തൊഴിൽ തേടുന്നവർക്ക് അർഹതയ്ക്കനുസരിച്ച തൊഴിൽ ലഭിക്കും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാവും. വിഭിന്ന ദിക്കിൽ ജോലി ചെയ്യുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഒരിടത്തേക്ക് മാറ്റം കിട്ടുന്നതാണ്. നവസംരംഭങ്ങൾ തുടങ്ങുന്നതിന് അവസരം സംജാതമാകും. ധനസ്ഥിതി മെച്ചപ്പെടുന്നതാണ്. അഭിമുഖങ്ങളിലും മത്സരങ്ങളിലും വിജയിക്കുവാനാവും. തുലാക്കൂറുകാരായ ചിത്തിര നാളുകാർക്ക് വരവു ചിലവുകൾ സമമായിരിക്കും. ജോലിയിൽ അധ്വാനം, വേതന വർദ്ധനവ് ഇല്ലായ്മ എന്നിവ ഉണ്ടാവുന്നതാണ്. പലകാര്യങ്ങളിലും പുതുമ ആഗ്രഹിക്കുമെങ്കിലും നിലവിലെ സ്ഥിതി തുടരപ്പെടും. സഹായ വാഗ്ദാനങ്ങൾ നിറവേറപ്പെടില്ല. ദാമ്പത്യത്തിൻ്റെ, സുഗമതയ്ക്ക് അനുരഞ്ജനം ആവശ്യമായി വരും.
ചോതി
വ്യാഴം അഷ്ടമത്തിലാകയാൽ പല കാര്യങ്ങളും ആദ്യം തടസ്സപ്പെടാം. ആവർത്തിത ശ്രമം വേണ്ടി വരുന്നതാണ്. ആശയക്കുഴപ്പങ്ങൾ പ്രത്യക്ഷപ്പെട്ടേക്കും. പ്രത്യുല്പന്നമതിത്വം കുറയുന്നതായി തോന്നും. എന്നാൽ സഹിഷ്ണുത ഫലം കാണുന്നതാണ്. തൊഴിൽ സാഹസങ്ങൾ ഒഴിവാക്കണം. അറിയാത്ത തൊഴിൽ തുടങ്ങരുത്; തുടരരുത്. സാമ്പത്തിക അച്ചടക്കം ഇല്ലെങ്കിൽ കടക്കെണിയിൽ പെടാനിടയുണ്ട്. വ്യവഹാരങ്ങൾക്ക് മുതിരരുത്. രോഗഗ്രസ്തർക്ക് കൂടുതൽ ചികിൽസ വേണ്ടി വരാം. വർഷത്തിൻ്റെ രണ്ടാം പകുതിയിൽ ദാമ്പത്യസൗഖ്യം പ്രതീക്ഷിക്കാം. മുടങ്ങിക്കിടന്ന സംരംഭങ്ങൾ വീണ്ടും തുടങ്ങുവാനാവും. സാമ്പത്തിക സ്രോതസ്സുകൾ തുറന്നുകിട്ടുന്നതാണ്. പ്രാധാന്യമുള്ള കാര്യങ്ങൾ ശ്രദ്ധയോടെ പൂർത്തീകരിക്കാനാവും. ആത്മവിശ്വാസം ഉയരുന്നതായിരിക്കും.
വിശാഖം
തുലാക്കൂറുകാർക്ക് വർഷത്തിൻ്റെ രണ്ടാം ഭാഗവും വൃശ്ചികക്കൂറുകാർക്ക് പ്രായേണ ആദ്യ പകുതിയും അനുകൂലമാവും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം. അമളി പറ്റുവാനിടയുണ്ട്. സുഹൃൽ സഹായം പ്രതീക്ഷിക്കാം. വാഹനം ഉപയോഗിക്കുന്നതിൽ ശ്രദ്ധയുണ്ടാവണം. പൊതുക്കാര്യങ്ങളിൽ ദുരാരോപണങ്ങൾ ഉയർന്നേക്കും. ഗാർഹികമായ പ്രശാന്തത കലുഷമാവാം. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് പ്രതിബന്ധങ്ങളെ നേരിടേണ്ടി വരുന്നതാണ്. നേട്ടങ്ങളിൽ പരീക്ഷാവിജയം, ഉന്നത പഠന സാധ്യത എന്നിവ ഉൾപ്പെടും. പ്രണയ ബന്ധങ്ങൾ തടസ്സപ്പെട്ടാലും മുന്നേറുന്നതാണ്.
ഭൂമി വ്യവഹാരത്താൽ അനുകൂല വിധി പ്രതീക്ഷിക്കാം. ഗൃഹനിർമ്മാണം ആരംഭിക്കാനാവും. മകന് ജോലി കിട്ടുക, മകളുടെ വിവാഹം നടക്കുക തുടങ്ങിയവയും ഗുണഫലങ്ങളിൽ ഉൾപ്പെടും.
അനിഴം
വ്യാഴം അനുകൂല ഭാവത്തിൽ സഞ്ചരിക്കുന്ന വർഷമാണ്. ചിരകാലമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ സഫലമായേക്കാം. സ്വന്തം പരിശ്രമത്തിന് ഒപ്പമുള്ളവരുടെ പിന്തുണയും സാഹചര്യത്തിൻ്റെ അനുകൂലതയും കൂടി വന്നുചേരുന്നതാണ്. യാത്രകൾക്ക് പ്രയോജനപരതയുണ്ടാവും. ബിസിനസ്സ്/ഔദ്യോഗിക യാത്രകൾ ഗുണം ചെയ്യും. കൂട്ടുകച്ചവടം പുഷ്ടി പ്രാപിക്കുന്നതാണ്. പുതുശാഖകൾ ആരംഭിക്കാനാവും. ഉപഭോക്താക്കളുടെ പ്രീതി നേടിയെടുക്കും. അവിവാഹിതർക്കും പ്രണയികൾക്കും സ്വപ്നസാഫല്യത്തിന് അവസരം ഭവിക്കുന്നതായിരിക്കും. വിദേശയാത്രകൾക്ക് ഒരുങ്ങുന്നവർക്ക് അതിനുള്ള അവസരം സംജാതമാകും. മാനസികമായ വികാസം, അറിവുകളുടെ നവചക്രവാളങ്ങൾ തെളിയുക തുടങ്ങിയവയും ഫലങ്ങളിൽ ഉൾപ്പെടുന്നതാണ്.
തൃക്കേട്ട
ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങൾ സഫലമാവുന്ന വർഷമാണ്. ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടും. പുതുസൗഹൃദങ്ങൾ ഉണ്ടാവാം. കഴിവിന് അംഗീകാരം ലഭിക്കുന്നതാണ്. മുൻപ് അവഗണന നേരിട്ടവരിൽ നിന്നും പരിഗണനയും ആദരവും സിദ്ധിക്കും. കുടുംബാംഗങ്ങളുടെ സർവ്വാത്മനായുള്ള പിന്തുണ ശക്തിയേകുന്നതാണ്.പ്രവൃത്തിയിൽ നേട്ടങ്ങൾ ഉണ്ടാക്കും. കലാപരത പ്രശംസിക്കപ്പെടും. പഠനം, ഉദ്യോഗം തുടങ്ങിയവയിൽ അനുകൂലതയുള്ള കാലമാണ്. അന്യദേശത്തേക്കും/വിദേശത്തേക്കും ഉള്ള യാത്രകൊണ്ട് നേട്ടങ്ങൾ വന്നെത്തുന്നതായിരിക്കും. സാമ്പത്തിക ശോച്യത ഒട്ടൊക്കെ പരിഹൃതമാവുന്നതാണ്. കുടുംബജീവിതം കൂടുതൽ സന്തോഷപ്രദമാകും. വർഷത്തിൻ്റെ അവസാനഭാഗത്ത് കൂടുതൽ കരുതൽ ആവശ്യമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us