/indian-express-malayalam/media/media_files/oFU8UfgnQf72HJ1U9lls.jpg)
New Year Horoscope
ലോകമെമ്പാടുമുള്ള മലയാളികളെ സംബന്ധിച്ച് ചിങ്ങം ഒന്ന് എന്നത് അവരുടെ പുതുവർഷാരംഭമാണ്. ഇത്തവണ മലയാളി പദമൂന്നുന്നത് പുതുനൂറ്റാണ്ടിലേക്കാണ്. കൊല്ലവർഷം അഥവാ മലയാള വർഷം ആരംഭിച്ച് 1200 ആം ആണ്ടിലേക്കാണ് നമ്മൾ പ്രവേശിക്കുന്നത്. മലയാളത്തിന്റെയും മലയാളികളുടെയും ചരിത്രത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ല് കൂടെയാണ്ത്. 1100 മാണ്ടിലേക്ക് മലയാളി കടന്നുവന്നതിന് സമാനമായ ചില സംഭവ വികാസങ്ങളിലൂടെയാണ് നമ്മൾ അതിന് ശേഷം നൂറ് വർഷം പൂർത്തിയാക്കി പുതുനൂറ്റാണ്ടിലേക്ക് എത്തുമ്പോഴും കടന്നുപോകുന്നത്.
വേണാടിന്റെ ഭരണാധികാരിയായ ഉദയമാർത്താണ്ഡ വർമ്മയാണ് 'കുരക്കേണി കൊല്ലത്തു' വെച്ച് ( ഇന്നത്തെ കൊല്ലം) പണ്ഡിതസഭ വിളിച്ചുകൂട്ടി പുതിയ ഒരു സംവത്സരം തുടങ്ങാൻ തീരുമാനിച്ചത്. കൊല്ലത്തുവെച്ച് സഭ കൂടിയതിനാൽ 'കൊല്ലവർഷം' എന്ന പേരുണ്ടായി എന്നാണ് പണ്ഡിതന്മാരുടെ നിഗമനം.
എഡി 825 ൽ ആണ് കൊല്ലവർഷം ആരംഭിച്ചത്. അതായത് കൃസ്ത്വബ്ദത്തിൽ നിന്നും 825 കുറച്ചാൽ നിലവിലെ കൊല്ലവർഷം ലഭിക്കും എന്നു സാരം. ചിങ്ങമാസം (ആഗസ്റ്റ് പകുതി മുതൽ) ആണ് കൊല്ലവർഷത്തിലെ ആദ്യമാസം തുടങ്ങുന്നത്. സൗരരാശികളുടെ പേരാണ് (തൽഭവം / തൽസമം) കൊല്ലവർഷത്തിലെ മാസങ്ങൾക്ക് സ്വീകരിച്ചിട്ടുള്ളത്.
ചിങ്ങം മുതൽ ധനു പകുതി വരെ (ആഗസ്റ്റ് പകുതി മുതൽ ഡിസംബർ അവസാനം വരെ) കൊല്ലവർഷത്തോട് 824 ഉം, ധനു രണ്ടാം പകുതി മുതൽ കർക്കടകം അവസാനം വരെ (ജനുവരി മുതൽ ആഗസ്റ്റ് പകുതി വരെ) കൊല്ലവർഷത്തോടൊപ്പം 825 ഉം ചേർത്താൽ കൃസ്ത്വബ്ദമായി. മലയാളം ഈറ, മലബാർ ഈറ എന്നിങ്ങനെ (malayalam Era, Malabar Era , M E) കൊല്ലവർഷം ഇംഗ്ലീഷിൽ വിളിക്കപ്പെട്ടു.
കൊല്ലവർഷം 1099 (കൃസ്ത്വബ്ദം 1924) ൽ കർക്കടകം - ജൂലൈ മാസത്തിൽ കേരളം മുഴുക്കെ വലിയ പ്രളയമുണ്ടായി. 99 ലെ വെള്ളപ്പൊക്കം എന്ന് വ്യവഹരിക്കപ്പെട്ടത് ആ സംഭവത്തെയാണ്. കൊല്ലവർഷത്തിലെ ഒരു നൂറ്റാണ്ട് അവസാനിക്കുന്ന യുഗസംക്രമകാലഘട്ടം ആയിരുന്നു അത്. ചരിത്രം ആവർത്തിക്കുന്നു എന്നു പറയാറുണ്ടല്ലോ? കൃത്യം 100 കൊല്ലം കഴിഞ്ഞപ്പോൾ, കൊല്ലവർഷത്തിലെ ഒരു നൂറ്റാണ്ട് ഹംസഗീതം പാടുന്ന വേളയിൽ, 1199 ൽ (2024 ൽ) പ്രളയവും മേഘവിസ്ഫോടനവും കേരളത്തിന്റെ കണ്ണീരായി മാറുകയാണ്.
കർക്കടകം 32 -ാം തീയതിയായ ആഗസ്റ്റ് 16 വെള്ളിയാഴ്ച സന്ധ്യയ്ക്കാണ് ആദിത്യന്റെ ചിങ്ങരാശിസംക്രമം. സംക്രമം നടന്നതിന്റെ പിറ്റേപ്പകൽ പുതുവർഷം തുടങ്ങുന്നു. അങ്ങനെ 2024 ആഗസ്റ്റ് 17 ശനിയാഴ്ച, 1200 ചിങ്ങം ഒന്നാം തീയതിയാകുന്നു. അതായത്, മലയാളികളുടെ പുതുനൂറ്റാണ്ടിന് അന്ന് തുടക്കമാകുന്നു.
വർഷാരംഭത്തിൽ പ്രധാന ഗ്രഹങ്ങളിലൊന്നായ ശനി അഥവാ മന്ദൻ കുംഭം രാശിയിൽ, പൂരൂരുട്ടാതിയിൽ വക്രഗതിയിലാണ്. (Retrograde Motion). ഈ വർഷം വൃശ്ചികം രണ്ടാം തീയതി മുതൽ ശനി നേർഗതിയിലാവുന്നു. (Direct Motion). മീനം 15 ന്, (2025 മാർച്ച് 29ന്) ശനി കുംഭം രാശിയിൽ നിന്നും മീനം രാശിയിൽ പകരുന്നു.
രണ്ടര വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്നതാണ്, ശനിയുടെ രാശിമാറ്റം. വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിലാണ്. കന്നി മാസം അവസാനം മുതൽ മകരം അവസാനം വരെ ഗുരു അഥവാ വ്യാഴം വക്രഗതിയിലാണ്.
1200 മേടം 31ന് (2025 മേയ് 14 ന്) വ്യാഴം മിഥുനം രാശിയിൽ പ്രവേശിക്കുന്നു. രാഹു-കേതു മാറ്റം സംഭവിക്കുന്നത് 1200 ഇടവമാസം 4 ന് (2025 മേയ് 18 ന്) ആണ്. രാഹു അഥവാ സർപ്പൻ കുംഭം രാശിയിലേക്കും കേതു അഥവാ ശിഖി ചിങ്ങം രാശിയിലേക്കും പിൻഗതിയായി (Anti-clock wise) പ്രവേശിക്കുന്നു.
മറ്റൊരു മുഖ്യഗ്രഹമായ ചൊവ്വ അഥവാ കുജൻ 1200 ന്റെ തുടക്കത്തിൽ ഇടവം രാശിയിലാണ്. തുലാം 4-ാം തീയതി മുതൽ മകരം 8 വരെ (2024 ഒക്ടോബർ 20 മുതൽ 2025 ജനുവരി 21 വരെ) ചൊവ്വ നീചരാശിയായ കർക്കടകത്തിലാണ്. പിന്നീട് വക്രഗതിയായി മിഥുനത്തിൽ വരുന്നു. മീനം 20 മുതൽ ഇടവം 24 വരെ വീണ്ടും കർക്കടകത്തിലും സഞ്ചരിക്കുകയാണ്.
ഇപ്രകാരമുള്ള ഗ്രഹനിലയെ മുൻനിർത്തി, കൊല്ലവർഷത്തിന്റെ ചരിത്രത്തിലെ ഒരു പുതിയ നൂറ്റാണ്ടിന്റെ ആദ്യവർഷത്തിൽ ഈ നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാർഷിക പൊതുഫലം വായിക്കാം.
അശ്വതി
കൊല്ലവർഷം 1200-ാം ആണ്ട് അശ്വതി നാളുകാർക്ക് പലനിലയ്ക്കും അനുകൂലമാണ്. നക്ഷത്രനാഥനായ കേതു ആറാം ഭാവത്തിൽ ഉപചയ സ്ഥാനത്തിലാകയാൽ പ്രവൃത്തികൾ ഗുണകരമാവുന്നതാണ്. ശനിയുടെ ആനുകൂല്യം മീനം പകുതി വരെ തുടരപ്പെടുന്നതിനാൽ ഭാവി മുന്നിൽ കണ്ടുകൊണ്ടുള്ള ആസൂത്രണം ഫലവത്താകും. ഗൃഹത്തിലെ വയോജനങ്ങൾക്ക് ആരോഗ്യപരമായും മറ്റും സ്വസ്ഥതയുണ്ടാവും. പൂർവ്വികസ്വത്ത് സ്വന്തം പേരിൽ എഴുതപ്പെടാം. വ്യാഴത്തിന്റെ സുസ്ഥിതി കുടുംബ ഭദ്രതയ്ക്കും ധനോന്നതിക്കും വഴിതെളിക്കും. വിദ്യാർത്ഥികൾക്ക് പഠന മികവുണ്ടാകും. തൊഴിൽ തേടുന്നവർക്ക് സ്ഥിരജോലി ലഭിക്കും. പദവികളോടുകൂടിയ ജോലിക്കയറ്റം, ശമ്പള വർദ്ധനവ് എന്നിവയും പ്രതീക്ഷിക്കാം. പരിശ്രമങ്ങൾ സഫലമാവും. ചിങ്ങം, കന്നി, മകരം, കുംഭം മാസങ്ങൾ അധികം ശ്രേയസ്കരങ്ങളാവും.
പുണർതം
മിഥുനക്കൂറിൽ വരുന്ന പുണർതം നാളുകാർക്ക് ഉയർച്ചതാഴ്ചകളും കർക്കടകക്കൂറുകാർക്ക് ഗുണകരമായ ഫലങ്ങളും അനുഭവപ്പെടുന്നതാണ്. ചൂതാട്ടങ്ങളിലും സാമ്പത്തികം ഉപയോഗിച്ചുള്ള വിനോദങ്ങളിലും ഊഹക്കച്ചവടത്തിലും നഷ്ടമുണ്ടാകും. ഭൂമി വ്യാപാരത്തിൽ ലാഭം കുറയുന്നതാണ്. ആവർത്തിത പരിശ്രമങ്ങൾ മാത്രമാണ് വിജയിക്കുക. ചെയ്തുവരുന്ന ഉദ്യോഗം ഉപേക്ഷിച്ച് പുതുതൊഴിൽ തേടുന്നത് ആശാസ്യമാകില്ല. എന്നാൽ ന്യായമായ ആവശ്യങ്ങൾ നിർവഹിക്കപ്പെടുകയും ചെയ്യും. സ്വന്തക്കാരുമായുള്ള പിണക്കം അവസാനിക്കും. പരിചയസമ്പത്തിനാൽ വിദേശത്ത് ജോലി ലഭിക്കുന്നതാണ്. സുഹൃത്തുക്കളിൽ നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കാം. പ്രണയബന്ധങ്ങളിൽ ശക്തമായായ തീരുമാനം കൈക്കൊള്ളേണ്ടി വരും.
അത്തം
പ്രധാന ഗ്രഹങ്ങൾ അനുകൂല ഭാവത്തിൽ ആകയാൽ സുപ്രധാനമായ വർഷമായിരിക്കും. നേട്ടങ്ങൾ പലതും കരഗതമാവും. ദുസ്സാധ്യം എന്നു കരുതിയ കാര്യങ്ങൾ ലഘുപ്രയത്നത്താൽ സാധ്യങ്ങളാവും. ഉന്നതരുടെ അംഗീകാരവും പിന്തുണയും കൈവരും. ജോലിയിൽ ഉയർച്ച ദൃശ്യമാകും. ഉത്സുകതയും ഉന്മേഷവും എപ്പോഴും നിലനിർത്തും. സാമ്പത്തിക ഞെരുക്കത്തിൽ നിന്നും മോചിതരാവും. ഭൂമിയോ വാഹനമോ സ്വന്തമാക്കാൻ കഴിയുന്നതാണ്. ദാമ്പത്യജീവിതം സ്വച്ഛന്ദമാവും. കുട്ടികളുടെ പഠനം, ജോലി മുതലായവയിൽ അനുകൂലത ദൃശ്യമാവും. ബിസിനസ്സുകാർക്ക് പുതുശാഖകൾ തുടങ്ങാനവസരം വന്നെത്തുന്നതാണ്. ആരോഗ്യപരമായി മെച്ചമുണ്ടാവും. വൃശ്ചികം, കുംഭം, മിഥുനം, കർക്കടകം മാസങ്ങൾ കൂടുതൽ ഗുണകരമായിരിക്കും.
മൂലം
ശനി ആശ്വാസവും സഹായവും നൽകുന്ന മൂന്നാം ഭാവത്തിൽ ശക്തമായ നിലയിലാണ്. മാനസിക ധൈര്യം അതിജീവനത്തിനുള്ള കരുത്താകും. മുതിർന്നവരുടെ സ്നേഹവും മാർഗ്ഗനിർദ്ദേശവും വിലപ്പെട്ടതായി അനുഭവപ്പെടും. നേട്ടങ്ങൾക്ക് കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. ചതിക്കുഴികളെ കരുതിയിരിക്കേണ്ടതുണ്ട്. പ്രിയജനവിരഹം വിഷമം വർദ്ധിപ്പിക്കും. പുതിയ ചിന്തകൾ ഉണ്ടാവും. പ്രായോഗികത വിഷമം പിടിച്ചതാവും. ഗവേഷകർക്ക് നിഗമനങ്ങൾ ക്രോഡീകരിക്കുന്നതിൽ കാലവിളംബം വരും. സ്വതന്ത്ര ബിസിനസ്സുകളിൽ മുതൽമുടക്കുന്നത് കരുതലോടെ വേണം. അന്യദേശത്ത് ജോലി ചെയ്യുന്നവർക്ക് മാറ്റം കിട്ടുക എളുപ്പമാവില്ല. മീനമാസത്തിനു ശേഷം കൂടുതൽ അവസരങ്ങൾ വന്നെത്തും.
തിരുവോണം
യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കാൻ ശീലിക്കും. കിട്ടിയ തൊഴിലിൽ ആത്മാർത്ഥത പുലർത്തും. പാരമ്പര്യ ബിസിനസ്സിൽ ശോഭിക്കാനാവും. ധനവരവ് മോശമാകില്ല. ചെലവിൽ നിയന്ത്രണം വേണ്ടതുണ്ട്. സന്താനജന്മം ധന്യതയേകുന്നതാണ്. സ്വസ്ഥവും ശാന്തവുമായ ദാമ്പത്യം നയിക്കാൻ കഴിയും. പ്രമാണകൾ, നിക്ഷേപ രശീതുകൾ തുടങ്ങിയവ സൂക്ഷിച്ചുവെക്കണം. വൃദ്ധജനങ്ങൾ അന്യനാട്ടിലെ താമസം ഉപേക്ഷിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്നതാണ്. കക്ഷിരാഷ്ട്രീയത്തിൽ നിരുന്മേഷത തോന്നും. വളർത്തുമൃഗങ്ങളെ പരിപാലിക്കുക, ഗൃഹത്തിൽ കാർഷികവൃത്തി എന്നിവയിൽ താല്പര്യമുണ്ടാവും. മീനമാസത്തിൽ ശനിമാറ്റം വരുന്നതോടെ ഏഴരശനി ദോഷത്തിന് പരിസമാപ്തിയാകും. തുലാം, വൃശ്ചികം, മീനം, മിഥുനം എന്നീ മാസങ്ങളിൽ നേട്ടങ്ങൾ വർദ്ധിക്കും.
വിശാഖം
തുലാക്കൂറുകാർക്ക് വർഷത്തിന്റെ രണ്ടാം ഭാഗവും വൃശ്ചികക്കൂറുകാർക്ക് പ്രായേണ ആദ്യ പകുതിയും അനുകൂലമാവും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം. അമളി പറ്റുവാനിടയുണ്ട്. സുഹൃൽ സഹായം പ്രതീക്ഷിക്കാം. വാഹനം ഉപയോഗിക്കുന്നതിൽ ശ്രദ്ധയുണ്ടാവണം. പൊതുക്കാര്യങ്ങളിൽ ദുരാരോപണങ്ങൾ ഉയർന്നേക്കും. ഗാർഹികമായ പ്രശാന്തത കലുഷമാവാം. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് പ്രതിബന്ധങ്ങളെ നേരിടേണ്ടി വരുന്നതാണ്. നേട്ടങ്ങളിൽ പരീക്ഷാവിജയം, ഉന്നത പഠന സാധ്യത എന്നിവ ഉൾപ്പെടും. പ്രണയ ബന്ധങ്ങൾ തടസ്സപ്പെട്ടാലും മുന്നേറുന്നതാണ്. ഭൂമി വ്യവഹാരത്താൽ അനുകൂല വിധി പ്രതീക്ഷിക്കാം. ഗൃഹനിർമ്മാണം ആരംഭിക്കാനാവും. മകന് ജോലി കിട്ടുക, മകളുടെ വിവാഹം നടക്കുക തുടങ്ങിയവയും ഗുണഫലങ്ങളിൽ ഉൾപ്പെടും.
Read More
- ചിങ്ങ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ: Monthly Horoscope for Chingam
- ചിങ്ങ മാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ: Monthly Horoscope for Chingam
- ചിങ്ങ മാസത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ: Monthly Horoscope for Chingam
- എന്താണ് വസുപഞ്ചകം അഥവാ പഞ്ചകദോഷം?
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
- ശനിദശ ഓരോ നക്ഷത്രക്കാർക്കും എപ്പോൾ വരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us