scorecardresearch

ചിങ്ങ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ: Monthly Horoscope for Chingam

ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം: അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം: അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Monthly Horoscope: ചിങ്ങ മാസം നിങ്ങൾക്കെങ്ങനെ?

ആദിത്യൻ കർക്കടകം 32 ആയ ആഗസ്റ്റ് 16ന് സന്ധ്യക്ക് ചിങ്ങം രാശിയിൽ സംക്രമിക്കുന്നു. ആദിത്യൻ സ്വക്ഷേത്രമായ ചിങ്ങം രാശിയിൽ, മകം, പൂരം, ഉത്രം എന്നീ ഞാറ്റുവേലകളിലായി സഞ്ചരിക്കുകയാണ്. ചിങ്ങം 3ന് വെളുത്തവാവ്, ചിങ്ങം 17ന് കറുത്തവാവ് എന്നിവ ഭവിക്കുന്നു. 

Advertisment

ഈ വർഷത്തെ തിരുവോണം ചിങ്ങം 30ന് ( സെപ്തംബർ 15 ന്) ഞായറാഴ്ചയാണ്. ചൊവ്വ ഇടവം രാശിയിലാണ്. ചിങ്ങം 10ന് മിഥുനം രാശിയിൽ പ്രവേശിക്കുന്നു. മകയിരം, തിരുവാതിര നക്ഷത്രങ്ങളിലായാണ് ചൊവ്വയുടെ സഞ്ചാരം. ബുധൻ ചിങ്ങം രാശിയിലാണ്. 6-ാം തീയതി വക്രഗതിയായി കർക്കടകത്തിലും 19 ന് വീണ്ടും നേർഗതിയായി ചിങ്ങത്തിലും പ്രവേശിക്കുന്നു. ആയില്യം, മകം നക്ഷത്രങ്ങളിലായാണ് ബുധൻ്റെ സഞ്ചാരം.  ചിങ്ങം 12ന് ബുധൻ്റെ വക്രമൗഢ്യം തീരുന്നു.

ശുക്രൻ 8 ന് ചിങ്ങം രാശിയിൽ നിന്നും തൻ്റെ നീചരാശിയായ കന്നിരാശിയിൽ പ്രവേശിക്കുന്നു. പൂരം, ഉത്രം, അത്തം, ചിത്തിര എന്നീ നാലുനക്ഷത്രങ്ങളിലായി ശുക്രൻ യാത്ര ചെയ്യുകയാണ്. വ്യാഴം ഇടവം രാശിയിലാണ്. ചിങ്ങം 4 ന് പകൽ രോഹിണിയിൽ നിന്നും മകയിരത്തിലേക്ക് പകരുന്നു. 

ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ വക്രഗതിയിലാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നി രാശിയിൽ അത്തത്തിലും പിൻഗതിയായി തുടരുന്നു.

Advertisment

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെയും കൊല്ലവർഷം1200 ചിങ്ങമാസത്തിലെ നക്ഷത്രഫലം ഇവിടെ അവലോകനം ചെയ്യുന്നു.

അശ്വതി

വ്യാഴം, ശനി, ആദിത്യൻ തുടങ്ങിയ ഗ്രഹങ്ങൾ അനുകൂല ഭാവത്തിലാകയാൽ ഗുണാനുഭവങ്ങൾ തന്നെയാവും ചിങ്ങമാസത്തിൽ മുഖ്യത്വം നേടുക. ഏതുകാര്യത്തെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാവും. അതിൽ ഉറച്ചുനിൽക്കും. മറ്റുള്ളവരെക്കൊണ്ട് സ്വന്തം നിലപാട് അംഗീകരിപ്പിക്കാനുമാവും. പ്രവർത്തനം സമയനിഷ്ഠയോടെ പൂർത്തീകരിക്കും. നൂതന കാര്യങ്ങൾ ആവിഷ്കരിക്കുവാൻ ശ്രമിക്കുന്നതാണ്.   സ്വയം ആഹ്ളാദിക്കും. അത് ഒപ്പമുള്ളവരിലും സംക്രമിപ്പിക്കും.  ഉന്നതാധികാരികളുടെ പ്രശംസ ലഭിക്കുന്നതാണ്.  മങ്ങിപ്പോയ വ്യക്തിബന്ധങ്ങൾ പുന:സ്ഥാപിക്കുന്നതിൽ താല്പര്യം ഉണ്ടാവും. സാമ്പത്തിക ഞെരുക്കം വരില്ല. എന്നാൽ പന്ത്രണ്ടാം ഭാവത്തിലെ രാഹു അല്പം പാഴ്ച്ചെലവുകൾ വരുത്തിയേക്കും. അതിൽ പ്രയോജനരഹിതമായ യാത്രയും ചേർക്കാം. ശാരീരിക - മാനസിക ആരോഗ്യം നിലനിർത്തുന്നതാണ്.

ഭരണി

ഗ്രഹാനുകൂല്യം ഉള്ള കാലമാകയാൽ ഗുണാനുഭവങ്ങൾ ജീവിതത്തിൽ വന്നുചേരുന്നതാണ്. ബുദ്ധിയുടെ ഉണർവ്വും ആലോചനാശക്തിയും വർദ്ധിക്കും. പുതിയ കാര്യങ്ങൾ മനസ്സിലാക്കും. കർമ്മരംഗം ഉന്മേഷകരമാവും. പ്രവർത്തികളിൽ മികവ് പുലർത്തുന്നതാണ്. ബന്ധങ്ങളും സൗഹൃദങ്ങളും പുഷ്ടിപ്പെടും. പൂർവ്വ സുഹൃത്തുക്കളെ കാണാനും അവരുടെ ഭവനം സന്ദർശിക്കാനും സാധിക്കുന്നതാണ്. സംരംഭകർക്ക് അനുകൂലമായ സാഹചര്യമാണ്. മനസ്സിലെ പദ്ധതികൾ പ്രാവർത്തികമാക്കാൻ കഴിയുന്നതാണ്. സർക്കാരിൽ നിന്നുള്ള  രേഖകളും മറ്റും ലഭിക്കും. തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. അർഹതയ്ക്ക് തുല്യമായ അവസരങ്ങൾ വന്നെത്തും. കുഞ്ഞുങ്ങളില്ലാത്തവർക്ക് തൽസംബന്ധമായ ശുഭവാർത്തയുണ്ടാവും.  സാമ്പത്തിക കാര്യങ്ങൾ മെച്ചപ്പെട്ടതായി തുടരും. ചെലവുകൾ നിയന്ത്രിക്കപ്പെടണം.

കാർത്തിക

വ്യക്തിപരമായും തൊഴിൽപരമായും ഉള്ള പുരോഗതിയെ ബാധിച്ചിരുന്ന വിഘ്നങ്ങൾ നീങ്ങുന്നതാണ്. മനസ്സിൻ്റെ വൈക്ലബ്യം  ഒഴിയും. ചടുലമായ രീതിയിൽ കർമ്മരംഗത്തിറങ്ങാൻ സാധിക്കുന്നതാണ്. പ്രതീക്ഷിച്ച സഹായവും സഹകരണവും വന്നെത്തും. അപവാദം പറയുന്നവരെ നിസ്സാരീകരിച്ച് മുന്നേറാനാവുന്നതാണ്. മേലുദ്യോഗസ്ഥരുടെ അപ്രീതി നീങ്ങിയേക്കും. ഗൃഹനിർമ്മാണത്തിലെ തടസ്സം നീങ്ങും. ധനപരമായി മെച്ചമുണ്ടാവും. കുടുംബാംഗങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറാനാവും. ആഢംബരച്ചെലവുകൾ വെട്ടിച്ചുരുക്കിയേക്കും. ചെറിയ സംരംഭങ്ങൾക്ക് മൂലധനവും ആവശ്യമായ സജ്ജീകരണങ്ങളും കണ്ടെത്തും. ആത്മീയ കാര്യങ്ങൾക്കും സാഹചര്യം അനുകൂലമാവും.

രോഹിണി

നാലാം ഭാവാധിപനായ ആദിത്യൻ നാലിൽ തന്നെ സഞ്ചരിക്കുകയാൽ മാതൃസൗഖ്യം ഉണ്ടാവും. വാഹന യോഗമുണ്ട്. വസ്തുവാങ്ങാനുള്ള സാധ്യതയും കാണുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സ്നേഹവും അകമഴിഞ്ഞ പിന്തുണയും ലഭിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് മികവു തെളിയിക്കാൻ കഴിയും. മനക്ലേശവും ഉദാസീനതയും അകലുന്നതാണ്. കലാപ്രവർത്തകർക്കും ഉന്മേഷമുണ്ടാവും. നല്ല അവസരങ്ങൾക്ക് പരിഗണിക്കപ്പെടും. 
ബിസിനസ്സിൽ വിപുലീകരണം സാധ്യമായേക്കും. ഊഹക്കച്ചവടം, ചിട്ടി, ഇൻഷ്വറൻസ് തുടങ്ങിയവയും  ഉതകുന്നതായിരിക്കും. സ്ഥാപനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ കഴിയും. കണ്ടകശനി തുടരുന്നതിനാൽ കർമ്മരംഗത്ത് കൂടുതൽ ജാഗ്രത എപ്പോഴും ഉണ്ടാവണം.

മകയിരം

മനസ്സിൻ്റെ മൃദുഭാവങ്ങളെ ആരെങ്കിലും ചൂഷണം ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കും. അക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നത് നല്ലതാണ്. മിഥുനക്കൂറുകാർക്ക് ആദിത്യൻ സഹായസ്ഥാനത്താകയാൽ ഒറ്റപ്പെടലുണ്ടാവില്ല. കാര്യസാധ്യം ക്ലേശകരമായേക്കില്ല. പൂർവ്വിക സ്വത്തുസംബന്ധമായ തർക്കങ്ങൾ പരിഹരിക്കും. കൂട്ടുകച്ചവടം മെച്ചപ്പെടുന്നതാണ്. ഉപഭോക്താക്കളുടെ അഭിപ്രായം സ്വീകരിക്കും.  സഹോദര ബന്ധം ദൃഢമാകുന്നതാണ്. അനുഭവജ്ഞാനം സഹപ്രവർത്തകർക്ക് പങ്കുവെക്കും. ഗൃഹം മോടിപിടിപ്പിക്കുന്നതാണ്. ജന്മനാട്ടിലേക്ക് പോകാനും ബന്ധുക്കളെ സന്ദർശിക്കാനും അവസരമുണ്ടാവും. ശാരീരിരി ക്ലേശങ്ങൾക്ക് ചികിൽസ തേടേണ്ടതായി വന്നേക്കാം.

തിരുവാതിര

പുതിയ പ്രതീക്ഷകളുടെ കാലമായിരിക്കും വരുന്നത്. മാനസിക പിരിമുറുക്കത്തിന് അയവുണ്ടാകും. ഉള്ളിലെ സഹജശക്തികൾക്ക് വളരാൻ തക്ക അവസരങ്ങൾ സംജാതമാകും. ശത്രുതാമനോഭാവം പുലർത്തിയവർ ഇണങ്ങും. സ്വകാര്യസ്ഥാപനത്തിൽ ജോലി കിട്ടുന്നതാണ്. ജോലിയിലുള്ളവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. അദ്ധ്വാനം മേലധികാരികളാൽ തിരിച്ചറിയപ്പെടും. ദൂരദിക്കിൽ കഴിയുന്ന ബന്ധുമിത്രാദികൾക്ക് തമ്മിൽ കാണാനും ആഘോഷങ്ങളിൽ ഒത്തുചേരാനുമാവും. സ്വാശ്രയ തൊഴിലിൽ വരുമാനം വർദ്ധിക്കുന്നതാണ്. ചെറിയ കടബാധ്യതകൾ വീട്ടാനാവുന്നതിനാൽ ആശ്വസിക്കാനാവും. പൊതുപ്രവർത്തകരുടെ സ്വീകാര്യത ഉയരുന്നതാണ്. മക്കളുടെ ആഗ്രഹത്താൽ വിനോദ യാത്രകൾ നടത്തും.

പുണർതം

കാര്യബോധത്തോടെ പ്രവർത്തിക്കാനാവും. തടസ്സങ്ങളുടെ സാധ്യത നേരത്തെ മനസ്സിലാക്കി മുൻകരുതലെടുക്കും. ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കുന്നതിനാൽ അധികാരികളുടെ പ്രശംസ ലഭിക്കുന്നതാണ്. സാമ്പത്തിക ഉപദേശം സ്വീകരിക്കുന്നത് പ്രയോജനം ചെയ്യുന്നതായിരിക്കും. കൂടുതൽ സമയം തൊഴിലിടത്തിൽ ചിലവഴിക്കേണ്ടി വരുന്നതാണ്. മറ്റുള്ളവരെ ആശ്രയിക്കുന്നത് കുറച്ചിട്ട് സ്വയം മുന്നിട്ടിറങ്ങുന്ന പ്രവണത വർദ്ധിക്കും. അതിവിനയം കാണിക്കുന്നവരെ അകറ്റി നിർത്തും. ദാമ്പത്യ ജീവിതത്തിൽ സ്വസ്ഥത അനുഭവപ്പെടുന്നതാണ്. മക്കളുമായുള്ള ബന്ധം കൂടുതൽ ഗാഢമാകും. ഗുണമൂല്യമുള്ള നവീന ഗാർഹിക ഉല്പന്നങ്ങൾ വാങ്ങാൻ ചെലവ് കൂടും. ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കുചേരുന്നതാണ്.  ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്.

പൂയം

ജന്മത്തിൽ നിന്നും ആദിത്യൻ മാറുന്നത് ആശ്വാസകരമാണ്. അലച്ചിലും ആയാസവും മനക്ലേശവും കുറയും. പതിനൊന്നിലെ വ്യാഴ സഞ്ചാരത്തിൽ കൂടുതൽ നേട്ടങ്ങളും ഭാഗ്യപുഷ്ടിയും പ്രതീക്ഷിക്കാം. ചിങ്ങമാസത്തിൽ സാമ്പത്തികമായി മെച്ചമുണ്ടാവും. ബിസിനസ്സിൽ കൂടുതൽ ധനം മുടക്കേണ്ടതായി വരുന്നതാണ്. അവ ആദായമായി മാറുന്നതായിരിക്കും.  വിദ്യാർത്ഥികൾക്ക് കുറച്ചുകാലം ഇൻ്റെൺഷിപ്പിന് അവസരം ലഭിച്ചേക്കും. ഗവേഷകർക്ക് പ്രവൃത്തിയിൽ മെച്ചമേറുന്നതാണ്. ഔദ്യോഗികമായി മെച്ചപ്പെടുവാനാവും. സഹപ്രവർത്തകരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കും. വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കുന്നതാണ്. ചൊവ്വ പന്ത്രണ്ടിൽ പ്രവേശിക്കുന്നതിനാൽ ഇടക്ക് ദേഹക്ലേശം വരാം. വാഹനം ഉപയോഗിക്കുന്നതിൽ കൂടുതൽ ജാഗ്രത വേണം.

ആയില്യം

ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. കർക്കടമാസത്തിൽ അനുഭവപ്പെട്ട വ്യക്തിപരമായ ക്ലേശങ്ങളും തൊഴിൽ തടസ്സങ്ങളും നീങ്ങും. സ്വാശ്രയശീലം ഗുണകരമാവുന്നതാണ്. ബിസിനസ്സിൽ ഉപഭോക്താക്കളുടെ പ്രീതി കൂടുതലാവും.  കുടുംബത്തിൻ്റെ പിന്തുണയുണ്ടാവും. ഉറച്ച വാക്കുകൾ പറയും. വാക്കുകൾ പ്രാവർത്തികമാക്കുക മൂലം അനുമോദനം ലഭിക്കും. വിശ്വസനീയത ഉയരുന്നതാണ്. തൊഴിൽ അന്വേഷകർക്ക് താത്കാലികമായ അവസരമെങ്കിലും കിട്ടാതിരിക്കില്ല. സ്വന്തം ഉല്പന്നങ്ങൾക്ക് വിപണിമൂല്യം ഉയരുന്നതിൽ ആശ്വസിക്കാനാവും. പ്രണയികൾക്ക് ആഹ്ളാദിക്കാൻ സന്ദർഭങ്ങൾ വരും. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം പ്രതീക്ഷിക്കാം. ആഘോഷങ്ങൾക്ക് അകലെനിന്ന് ബന്ധുക്കളെത്തും. വൈദ്യുതി, അഗ്നി ഇവ ഏറ്റവും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം..

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: