/indian-express-malayalam/media/media_files/7MUd2IYdvQegNhWQkogk.jpg)
New Year Horoscope. Photo Credit: Kerala Tourism
New Year Horoscope, Aswathy to Ayilyam: വേണാടിന്റെ ഭരണാധികാരിയായ ഉദയമാർത്താണ്ഡ വർമ്മയാണ് 'കുരക്കേണി കൊല്ലത്തു' വെച്ച് ( ഇന്നത്തെ കൊല്ലം) പണ്ഡിതസഭ വിളിച്ചുകൂട്ടി പുതിയ ഒരു സംവത്സരം തുടങ്ങാൻ തീരുമാനിച്ചത്. കൊല്ലത്തുവെച്ച് സഭ കൂടിയതിനാൽ 'കൊല്ലവർഷം' എന്ന പേരുണ്ടായി എന്നാണ് പണ്ഡിതന്മാരുടെ നിഗമനം.
എഡി 825 ൽ ആണ് കൊല്ലവർഷം ആരംഭിച്ചത്. അതായത് കൃസ്ത്വബ്ദത്തിൽ നിന്നും 825 കുറച്ചാൽ നിലവിലെ കൊല്ലവർഷം ലഭിക്കും എന്നു സാരം. ചിങ്ങമാസം (ആഗസ്റ്റ് പകുതി മുതൽ) ആണ് കൊല്ലവർഷത്തിലെ ആദ്യമാസം തുടങ്ങുന്നത്. സൗരരാശികളുടെ പേരാണ് (തൽഭവം / തൽസമം) കൊല്ലവർഷത്തിലെ മാസങ്ങൾക്ക് സ്വീകരിക്കപ്പെട്ടത്.
ചിങ്ങം മുതൽ ധനു പകുതി വരെ (ആഗസ്റ്റ് പകുതി മുതൽ ഡിസംബർ അവസാനം വരെ) കൊല്ലവർഷത്തോട് 824 ഉം, ധനു രണ്ടാം പകുതി മുതൽ കർക്കടകം അവസാനം വരെ (ജനുവരി മുതൽ ആഗസ്റ്റ് പകുതി വരെ) കൊല്ലവർഷത്തോടൊപ്പം 825 ഉം ചേർത്താൽ കൃസ്ത്വബ്ദമായി. മലയാളം ഈറ, മലബാർ ഈറ എന്നിങ്ങനെ (malayalam Era, Malabar Era , M E) കൊല്ലവർഷം ഇംഗ്ലീഷിൽ വിളിക്കപ്പെട്ടു. കൊല്ലവർഷം 1099 (കൃസ്ത്വബ്ദം 1924) ൽ കർക്കടകം - ജൂലൈ മാസത്തിൽ കേരളം മുഴുക്കെ വലിയ പ്രളയമുണ്ടായി. 99 ലെ വെള്ളപ്പൊക്കം എന്ന് വ്യവഹരിക്കപ്പെട്ടത് ആ സംഭവത്തെയാണ്.
കൊല്ലവർഷത്തിലെ ഒരു നൂറ്റാണ്ട് അവസാനിക്കുന്ന യുഗസംക്രമകാലഘട്ടം ആയിരുന്നു അത്. ചരിത്രം ആവർത്തിക്കുന്നു എന്നു പറയാറുണ്ടല്ലോ? കൃത്യം 100 കൊല്ലം കഴിഞ്ഞപ്പോൾ, കൊല്ലവർഷത്തിലെ ഒരു നൂറ്റാണ്ട് ഹംസഗീതം പാടുന്ന വേളയിൽ, 1199 ൽ (2024 ൽ) പ്രളയവും മേഘസ്ഫോടനവും കേരളത്തിന്റെ കണ്ണീരായി മാറുകയാണ്.
കർക്കടകം 32 -ാം തീയതിയായ ആഗസ്റ്റ് 16 വെള്ളിയാഴ്ച സന്ധ്യയ്ക്കാണ് ആദിത്യൻ്റെ ചിങ്ങരാശിസംക്രമം. സംക്രമം നടന്നതിൻ്റെ പിറ്റേപ്പകൽ പുതുവർഷം തുടങ്ങുന്നു. അങ്ങനെ 2024 ആഗസ്റ്റ് 17 ശനിയാഴ്ച, 1200 ചിങ്ങം ഒന്നാം തീയതിയാകുന്നു.
വർഷാരംഭത്തിൽ പ്രധാന ഗ്രഹങ്ങളിലൊന്നായ ശനി അഥവാ മന്ദൻ കുംഭം രാശിയിൽ, പൂരൂരുട്ടാതിയിൽ വക്രഗതിയിലാണ്. (Retrograde Motion). ഈ വർഷം വൃശ്ചികം രണ്ടാം തീയതി മുതൽ ശനി നേർഗതിയിലാവുന്നു. (Direct Motion). മീനം 15 ന്, (2025 മാർച്ച് 29ന്) ശനി കുംഭം രാശിയിൽ നിന്നും മീനം രാശിയിൽ പകരുന്നു.
രണ്ടര വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്നതാണ്, ശനിയുടെ രാശിമാറ്റം. വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിലാണ്. കന്നി മാസം അവസാനം മുതൽ മകരം അവസാനം വരെ ഗുരു അഥവാ വ്യാഴം വക്രഗതിയിലാണ്.
1200 മേടം 31ന് (2025 മേയ് 14 ന്) വ്യാഴം മിഥുനം രാശിയിൽ പ്രവേശിക്കുന്നു. രാഹു-കേതു മാറ്റം സംഭവിക്കുന്നത് 1200 ഇടവമാസം 4 ന് (2025 മേയ് 18 ന്) ആണ്. രാഹു അഥവാ സർപ്പൻ കുംഭം രാശിയിലേക്കും കേതു അഥവാ ശിഖി ചിങ്ങം രാശിയിലേക്കും പിൻഗതിയായി (Anti-clock wise) പ്രവേശിക്കുന്നു.
മറ്റൊരു മുഖ്യഗ്രഹമായ ചൊവ്വ അഥവാ കുജൻ 1200 ൻ്റെ തുടക്കത്തിൽ ഇടവം രാശിയിലാണ്. തുലാം 4-ാം തീയതി മുതൽ മകരം 8 വരെ (2024 ഒക്ടോബർ 20 മുതൽ 2025 ജനുവരി 21 വരെ) ചൊവ്വ നീചരാശിയായ കർക്കടകത്തിലാണ്. പിന്നീട് വക്രഗതിയായി മിഥുനത്തിൽ വരുന്നു. മീനം 20 മുതൽ ഇടവം 24 വരെ വീണ്ടും കർക്കടകത്തിലും സഞ്ചരിക്കുകയാണ്.
ഇപ്രകാരമുള്ള ഗ്രഹനിലയെ മുൻനിർത്തി, കൊല്ലവർഷത്തിൻ്റെ ചരിത്രത്തിലെ ഒരു പുതിയ നൂറ്റാണ്ടിൻ്റെ ആദ്യവർഷത്തിലെ അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടേയും വാർഷിക ഫലം ഇവിടെ അടയാളപ്പെടുത്തുന്നു.
അശ്വതി
കൊല്ലവർഷം 1200-ാം ആണ്ട് അശ്വതി നാളുകാർക്ക് പലനിലയ്ക്കും അനുകൂലമാണ്. നക്ഷത്രനാഥനായ കേതു ആറാം ഭാവത്തിൽ ഉപചയ സ്ഥാനത്തിലാകയാൽ പ്രവൃത്തികൾ ഗുണകരമാവുന്നതാണ്. ശനിയുടെ അനുകൂലത മീനം പകുതി വരെ തുടരപ്പെടുന്നതിനാൽ ഭാവി മുന്നിൽ കണ്ടുകൊണ്ടുള്ള ആസൂത്രണം ഫലവത്താകും. ഗൃഹത്തിലെ വയോജനങ്ങൾക്ക് ആരോഗ്യപരമായും മറ്റും സ്വസ്ഥതയുണ്ടാവും. പൂർവ്വികസ്വത്ത് സ്വന്തം പേരിൽ എഴുതപ്പെടാം. വ്യാഴത്തിൻ്റെ സുസ്ഥിതി കുടുംബ ഭദ്രതയ്ക്കും ധനോന്നതിക്കും വഴിതെളിക്കും. വിദ്യാർത്ഥികൾക്ക് പഠന മികവുണ്ടാകും. തൊഴിൽ തേടുന്നവർക്ക് സ്ഥിരജോലി ലഭിക്കും. പദവികളോടുകൂടിയ ജോലിക്കയറ്റം, ശമ്പള വർദ്ധനവ് എന്നിവയും പ്രതീക്ഷിക്കാം. പരിശ്രമങ്ങൾ സഫലമാവും. ചിങ്ങം, കന്നി, മകരം, കുംഭം മാസങ്ങൾ അധികം ശ്രേയസ്കരങ്ങളാവും.
ഭരണി
ചിങ്ങമാസത്തിൽ തുടങ്ങുന്ന പുതുവർഷം ഗുണകരമാണ്. പ്രധാന ഗ്രഹങ്ങൾക്ക് സൽഭാവങ്ങളിൽ സ്ഥിതി ഉള്ളതിനാൽ വളരെയധികം പ്രയോജനം ഉണ്ടാകുന്നതാണ്. വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാനും ആഗ്രഹിച്ച വിഷയത്തിൽ ഉപരിപഠനം നടത്താനുമാവും. തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. കച്ചവടം ലാഭകരമാവും. പുതിയ വരുമാനമാർഗം തുറന്നു കിട്ടുന്നതാണ്. ഉദ്യോഗസ്ഥർക്ക് അധികാരമുള്ള ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. അനുദിക്കിൽ നിന്നും ജന്മനാട്ടിലേക്ക് മാറ്റം കിട്ടാനിടയുണ്ട്. കുടുംബ ബന്ധം കൂടുതൽ ഊഷ്മളമാകും. പ്രണയികൾക്ക് വിവാഹ ജീവിതത്തിൽ പ്രവേശിക്കാൻ സാധിച്ചേക്കും. രോഗഗ്രസ്തർക്ക് ചികിൽസാ മാറ്റത്തിലൂടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. മാസങ്ങളിൽ ചിങ്ങവും കന്നിയും മകരവും കുംഭവും മിഥുനവും മികച്ച ഫലങ്ങൾ നൽകും.
കാർത്തിക
മേടക്കൂറുകാരായ കാർത്തിക നാളുകാർക്ക് വർഷത്തിൻ്റെ മുക്കാൽപ്പങ്കും - ഏതാണ്ട് മീനം- മേടം മാസം വരെ അനുകൂലമാണ്. ഇടവക്കൂറുകാർക്ക് അതുവരെ സമ്മിശ്ര ഫലവും ശേഷം അനുകൂല ഫലവും അനുഭവത്തിൽ വരും. വ്യവഹാരങ്ങളിൽ വിജയം, അഥവാ അനുരഞ്ജനം സാധ്യമാകും. കിട്ടാക്കടങ്ങൾ കിട്ടിയേക്കും. പുതിയ ജോലിക്കായുള്ള ശ്രമം ലക്ഷ്യത്തിലെത്തും. ആശയവിനിമയശേഷി പല സന്ദർഭങ്ങളിലും തുണക്കെത്തും. നീതിബോധം ആദരിക്കപ്പെടും. അവിവാഹിതർക്ക് വിവാഹം നടന്നേക്കും. കാര്യക്ഷമത മേലധികാരികളുടെ പ്രീതിക്ക് കാരണമാകും. കെട്ടിടം വാടകയ്ക്ക് കൊടുക്കാൻ സാധിക്കും. നിക്ഷേപങ്ങൾ ഫലപ്രദമായി വിനിയോഗിച്ച് സാമ്പത്തിക ശേഷി ഉയർത്താൻ കഴിയും. കുടുംബത്തിലെ പുതുതലമുറയുടെ ശ്രേയസ്സ് സന്തോഷമേകുന്നതാണ്.
രോഹിണി
കണ്ടകശനി, ജന്മവ്യാഴം തുടങ്ങിയ പ്രതികൂലതകൾ ഉള്ള വർഷമാണ്. കാര്യവിഘ്നം പലപ്പോഴും വിഷമിപ്പിക്കും. നവസംരംഭങ്ങൾക്കും വലിയ മുതൽമുടക്കിനും അത്ര അനുകൂലമായ വർഷമല്ല. ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ വൈകാം. സുലഭവസ്തുക്കൾ നേടാനായിപ്പോലും കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. അഞ്ചിലെ കേതുസ്ഥിതിയാൽ ബുദ്ധി ഉണർന്ന് പ്രവർത്തിച്ചേക്കില്ല. മക്കളുടെ കാര്യത്തിൽ ചില ആശങ്കകൾ ഉയരുന്നതാണ്. മീനമാസം മുതൽ ഗുണാനുഭവങ്ങൾ വന്നുതുടങ്ങും. സ്വാശ്രയ ബിസിനസ്സ് വിപുലീകരിക്കപ്പെടും. അവിവാഹിതർക്ക് വിവാഹം നടക്കുന്നതാണ്. പുതിയ കാര്യങ്ങൾ പ്രായോഗികമാക്കാൻ കഴിഞ്ഞേക്കും. ആദായം തൃപ്തികരമാവും. തുലാം, കുംഭം, മീനം, കർക്കിടകം എന്നീ മാസങ്ങൾ കൂടുതൽ ഗുണകരങ്ങളാവും.
മകയിരം
സമ്മിശ്രഫലങ്ങളാണ് ഈ വർഷം അധികവും വന്നുചേരുന്നത്. നേട്ടമായാലും കോട്ടമായാലും സ്ഥിരമായിരിക്കില്ലെന്ന് അറിയേണ്ടതുണ്ട്. തൊഴിലില്ലാത്തവർക്ക് താത്കാലികമായ ജോലികൾ ലഭിക്കാം. കരാർ പണികളും നീട്ടിക്കിട്ടാം. വിദ്യാഭ്യാസത്തിനോ തൊഴിലിനോ അന്യനാട്ടിൽ പോകേണ്ട സ്ഥിതി തള്ളിക്കളയാനാവില്ല. നാട്ടിലേക്ക് ജോലിമാറ്റം പ്രതീക്ഷിക്കുന്നവർക്ക് വർഷത്തിൻ്റെ ആദ്യപകുതി വരെ കാത്തിരിക്കേണ്ടി വരാം. സ്വാശ്രയ ബിസിനസ്സ് നോക്കിനടത്താൻ ആരെയെങ്കിലും ഏല്പിക്കാനിടയുണ്ട്. സേവനവേതന വ്യവസ്ഥകൾ മനസ്സിലാക്കാൻ ശ്രമിക്കണം. ഗൃഹനിർമ്മാണത്തിന് വേഗത കുറയും. മാതാപിതാക്കളെ ജോലിസ്ഥലത്ത് കൊണ്ടുപോകാനുള്ള ശ്രമം ഫലിച്ചേക്കും. ജീവകാരുണ്യ പ്രവർത്തനത്തിന് സമയം കണ്ടെത്തുന്നതാണ്. ദൈവികകാര്യങ്ങളിൽ താല്പര്യമുണ്ടാകും.തീർത്ഥാടനയോഗമുണ്ട്.
തിരുവാതിര
ശനി ഒമ്പതിൽ, രാഹു പത്തിൽ, വ്യാഴം പന്ത്രണ്ടിൽ എന്നിങ്ങനെ പ്രധാനഗ്രഹങ്ങൾ സഞ്ചരിക്കുന്നു. ഗുണവും ദോഷവും കലർന്നിട്ടുള്ള അനുഭവങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽ ലഭിക്കാം. എന്നാൽ അധ്വാനം കൂടുതൽ, വേതനം കുറവ് എന്നീ പ്രശ്നങ്ങൾ വരാം. വിദ്യാർത്ഥികൾക്ക് ഏകാഗ്രത ലോപിക്കാം. ന്യായമായ വരുമാനം പ്രതീക്ഷിക്കാം. എന്നാൽ ചെലവ് ഉയരുന്നതായിരിക്കും. നാലിലെ കേതു ഗൃഹത്തിൽ അസമാധനം ഉണ്ടാക്കാനിടയുണ്ട്. വാഹനം ഉപയോഗിക്കുന്നതിൽ കരുതൽ വേണം. സർക്കാർ ആനുകൂല്യങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. മകരമാസത്തിനു ശേഷം നേട്ടങ്ങൾ ഉണ്ടാക്കാനാവും. രാഷ്ട്രീയ വിജയത്തിന് സാഹചര്യം ഒരുങ്ങും. ദാമ്പത്യത്തിൽ സ്വസ്ഥതയും ഐക്യവും മടങ്ങിവരുന്നതാണ്.
പുണർതം
മിഥുനക്കൂറിൽ വരുന്ന പുണർതം നാളുകാർക്ക് ഉയർച്ചതാഴ്ചകളും കർക്കടകക്കൂറുകാർക്ക് ഗുണകരമായ ഫലങ്ങളും അനുഭവപ്പെടുന്നതാണ്. ചൂതാട്ടങ്ങളിലും സാമ്പത്തികം ഉപയോഗിച്ചുള്ള വിനോദങ്ങളിലും ഊഹക്കച്ചവടത്തിലും നഷ്ടമുണ്ടാകും. ഭൂമി വ്യാപാരത്തിൽ ലാഭം കുറയുന്നതാണ്. ആവർത്തിത പരിശ്രമങ്ങൾ മാത്രമാണ് വിജയിക്കുക. ചെയ്തുവരുന്ന ഉദ്യോഗം ഉപേക്ഷിച്ച് പുതുതൊഴിൽ തേടുന്നത് ആശാസ്യമാകില്ല. എന്നാൽ ന്യായമായ ആവശ്യങ്ങൾ നിർവഹിക്കപ്പെടുകയും ചെയ്യും. സ്വന്തക്കാരുമായുള്ള പിണക്കം അവസാനിക്കും. പരിചയസമ്പത്തിനാൽ വിദേശത്ത് ജോലി ലഭിക്കുന്നതാണ്. സുഹൃത്തുക്കളിൽ നിന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കാം. പ്രണയബന്ധങ്ങളിൽ ശക്തിയായ തീരുമാനം കൈക്കൊള്ളേണ്ടി വരും.
പൂയം
ശനി അഷ്ടമത്തിൽ തുടരുന്നു. വ്യാഴം ലാഭഭാവത്തിലും സഞ്ചരിക്കുന്നുണ്ട്. ആകയാൽ ജീവിതത്തെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുന്ന ഫലങ്ങൾ നൽകുകയും ചെയ്യുന്ന ഒരു വർഷമാണ് മുന്നിൽ. പ്രയത്നം പാഴാവുകയില്ല. ആസൂത്രണം ചെയ്ത കാര്യങ്ങൾ നിർവഹണസന്ധിയിൽ എത്തിക്കാനാവും. മേലധികാരികളുടെ 'നല്ല പുസ്തകത്തിൽ' ഇടം പിടിക്കും. സ്വയം നവീകരിക്കാൻ സന്നദ്ധരാവുന്നതാണ്. ഗവേഷകർക്കും സാങ്കേതിക വിദഗ്ദ്ധർക്കും തൊഴിലിൽ നിന്നും ആദായം വർദ്ധിക്കുന്നതാണ്. പരീക്ഷകളിലും അഭിമുഖങ്ങളിലും ചെറുപ്പക്കാർക്ക് വിജയിക്കാൻ കഴിയും. കുടുംബ ബന്ധങ്ങളിലെ ശൈത്യം അവസാനിക്കും. സാമൂഹികമായ അംഗീകാരം ലഭിക്കും. കലാകാരന്മാർക്ക് ധാരാളം അവസരങ്ങൾ കൈവരുന്നതാണ്. വയോജനങ്ങളെ പരിചരിക്കുന്നതിൽ കൃതാർത്ഥതയുണ്ടാവും
ആയില്യം
അഭ്യുദയത്തിനും ന്യായമായ രീതിയിലുള്ള നേട്ടങ്ങൾക്കും വഴിതുറക്കുന്ന വർഷമായിരിക്കും. സന്ദർഭോചിതമായി പ്രവർത്തിക്കാൻ കഴിവ് നേടുന്നതാണ്. പഠനത്തിനനുസരിച്ച് ജോലി കിട്ടാതെ വിഷമിക്കുന്നവർക്ക് അർഹമായ തസ്തികകളിൽ നിയമനം ലഭിക്കുന്നതായിരിക്കും. പുതിയ കാലഘട്ടത്തിൻ്റെ സമ്മർദ്ദങ്ങളെ സ്വയം നവീകരിച്ചു കൊണ്ട് നേരിടാനാവും. ഭാര്യാഭർത്താക്കന്മാരുടെ ഇടയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സന്താനജന്മം കൊണ്ട് ധന്യതയുണ്ടാവും. കടബാധ്യതകൾ ഒട്ടൊക്കെ പരിഹരിക്കാൻ സാധ്യത കാണുന്നു. ചിട്ടി, നറുക്കെടുപ്പ് മുതലായവയിലൂടെ ധനം ലഭിക്കുന്നതാണ്. രോഗഗ്രസ്തർക്ക് പാരമ്പര്യ ചികിൽസാരീതിയിൽ നിന്നും ആശ്വാസം സിദ്ധിക്കും. കന്നി, ധനു, മേടം, ഇടവം മാസങ്ങളിൽ ആകസ്മിക നേട്ടങ്ങൾ വന്നുചേരുന്നതാണ്.
മകം
ഏഴിലെ കണ്ടകശനി, അഷ്ടമത്തിൽ രാഹു, പത്തിൽ വ്യാഴം എന്നിങ്ങനെ വിപരീത ഗ്രഹസ്ഥിതികളെ ചൂണ്ടിക്കാണിക്കാൻ കഴിയുമെങ്കിലും അനുഭവം കൊണ്ട് കുറച്ചൊക്കെ നേട്ടങ്ങൾ ഉണ്ടാക്കാനാവും. ക്ഷമയും അച്ചടക്കത്തോടെയുള്ള പ്രവർത്തനവും വിജയം കാണും. കൊച്ചു കൊച്ചു സന്തോഷങ്ങൾ വന്നെത്തും. പുതിയ ജോലി തേടുന്നവർക്ക് താൽകാലിക ജോലിയോ കരാർ പണികളോ കിട്ടുന്നതാണ്. വലിയ മുതൽമുടക്കോ, കടം വാങ്ങി മുതലിറക്കുന്നതോ ഗുണകരമാവില്ല. മീനമാസം തൊട്ട് നേട്ടങ്ങൾ നിരന്തരമാവും. സ്വതന്ത്ര നിലപാടുകൾ അംഗീകരിക്കപ്പെടും. ധനപരമായ ഞെരുക്കത്തിന് വിരാമമാവുന്നതാണ്. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടായേക്കും. നിക്ഷേപങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തും. കുടുംബബന്ധം ഊഷ്മളമാകുന്നതാണ്.
പൂരം
ഇച്ഛാശക്തിയും ക്രിയാശക്തിയും സമന്വയിപ്പിക്കേണ്ട വർഷമാണ്. നേട്ടങ്ങളുണ്ടാക്കാൻ നിരന്തര പ്രയത്നം ആവശ്യമാണ്. കുത്സിതബുദ്ധികളെ തിരിച്ചറിയണം. ഉപജാപങ്ങളിൽ ഉൾപ്പെടാതിരിക്കാൻ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കഴിവതും വ്യവഹാരങ്ങൾക്ക് മുതിരരുത്. ഉദ്യോഗസ്ഥർക്ക് സ്ഥാനോന്നതി വൈകാം. അന്യദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ താമസമുണ്ടാവും. സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്. ചെറിയ സംരംഭങ്ങൾ നേട്ടങ്ങളുണ്ടാക്കും. കരാർ ജോലികൾ തുടർന്നും ലഭിക്കുന്നതായിരിക്കും. ഏജൻസി പ്രവർത്തനത്തിൽ ലാഭം കൈവരിക്കാനാവും. പുതിയ കാര്യങ്ങളും സാങ്കേതിക വിഷയങ്ങളും പഠിച്ചറിയാൻ ഔൽസുകും ഉണ്ടാവും. രാഷ്ട്രീയ പ്രവർത്തകർക്ക് ശത്രുക്കൾ വർദ്ധിക്കും. മത്സരങ്ങൾ കഠിനമായിത്തീരും.
ഉത്രം
ചിങ്ങക്കൂറുകാർക്ക് സമ്മിശ്രവും കന്നിക്കൂറുകാർക്ക് ഗുണകരവുമായ വർഷമാണ്. ആസൂത്രണം ചെയ്ത കാര്യങ്ങൾ നിർവഹണത്തിൽ എത്തിക്കാനാവും. തടസ്സങ്ങളെ തൃണവൽഗണിക്കും. വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാൻ കഴിയും. തന്മൂലം ആശിച്ച വിഷയങ്ങളിൽ ഉപരിപഠനം സാധ്യമാകുന്നതാണ്. വ്യാപാരികൾക്ക് വായ്പാ സൗകര്യം പ്രയോജനപ്പെടുത്താനും ബിസിനസ്സ് നവീകരിക്കാനുമാവും. വാഹനം മാറ്റി വാങ്ങാനോ പുതിയത് തന്നെ വാങ്ങാനോ സാഹചര്യം അനുകൂലമായി വരും. പ്രണയികൾക്ക് വിവാഹബന്ധത്തിലൂടെ ഒന്നിക്കാൻ സാധിക്കുന്നതാണ്. കടക്കെണിയിൽ നിന്നും ഏതാണ്ടൊക്കെ മുക്തിയുണ്ടാവും. ബന്ധങ്ങളുടെ ദൃഡത നിലനിർത്തും. ഭൗതിക പരിതോവസ്ഥയും ജീവിതനിലവാരവും മെച്ചപ്പെടുന്നതാണ്. ഈശ്വര സമർപ്പണങ്ങൾ, തീർത്ഥയാത്രകൾ ഇവ സാധ്യമാകും.
അത്തം
പ്രധാന ഗ്രഹങ്ങൾ അനുകൂല ഭാവത്തിൽ ആകയാൽ സുപ്രധാനമായ വർഷമായിരിക്കും. നേട്ടങ്ങൾ പലതും കരഗതമാവും. ദുസ്സാധ്യം എന്നു കരുതിയ കാര്യങ്ങൾ ലഘുപ്രയത്നത്താൽ സാധ്യങ്ങളാവും. ഉന്നതരുടെ അംഗീകാരവും പിന്തുണയും കൈവരും. ജോലിയിൽ ഉയർച്ച ദൃശ്യമാകും. ഉത്സുകതയും ഉന്മേഷവും എപ്പോഴും നിലനിർത്തും. സാമ്പത്തിക ഞെരുക്കത്തിൽ നിന്നും മോചിതരാവും. ഭൂമിയോ വാഹനമോ സ്വന്തമാക്കാൻ കഴിയുന്നതാണ്. ദാമ്പത്യജീവിതം സ്വച്ഛന്ദമാവും. കുട്ടികളുടെ പഠനം, ജോലി മുതലായവയിൽ അനുകൂലത ദൃശ്യമാവും. ബിസിനസ്സുകാർക്ക് പുതുശാഖകൾ തുടങ്ങാനവസരം വന്നെത്തുന്നതാണ്. ആരോഗ്യപരമായി മെച്ചമുണ്ടാവും. വൃശ്ചികം, കുംഭം, മിഥുനം, കർക്കടകം മാസങ്ങൾ കൂടുതൽ ഗുണകരമായിരിക്കും.
ചിത്തിര
കന്നിക്കൂറുകാരായ ചിത്തിരക്കാർക്ക് ആഗ്രഹ സഫലീകരണത്തിൻ്റെ വർഷമാണ്. തൊഴിൽ തേടുന്നവർക്ക് അർഹതയ്ക്കനുസരിച്ച തൊഴിൽ ലഭിക്കും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാവും. വിഭിന്ന ദിക്കിൽ ജോലി ചെയ്യുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഒരിടത്തേക്ക് മാറ്റം കിട്ടുന്നതാണ്. നവസംരംഭങ്ങൾ തുടങ്ങുന്നതിന് അവസരം സംജാതമാകും. ധനസ്ഥിതി മെച്ചപ്പെടുന്നതാണ്. അഭിമുഖങ്ങളിലും മത്സരങ്ങളിലും വിജയിക്കുവാനാവും. തുലാക്കൂറുകാരായ ചിത്തിര നാളുകാർക്ക് വരവു ചിലവുകൾ സമമായിരിക്കും. ജോലിയിൽ അധ്വാനം, വേതന വർദ്ധനവ് ഇല്ലായ്മ എന്നിവ ഉണ്ടാവുന്നതാണ്. പലകാര്യങ്ങളിലും പുതുമ ആഗ്രഹിക്കുമെങ്കിലും നിലവിലെ സ്ഥിതി തുടരപ്പെടും. സഹായ വാഗ്ദാനങ്ങൾ നിറവേറപ്പെടില്ല. ദാമ്പത്യത്തിൻ്റെ, സുഗമതയ്ക്ക് അനുരഞ്ജനം ആവശ്യമായി വരും.
ചോതി
വ്യാഴം അഷ്ടമത്തിലാകയാൽ പല കാര്യങ്ങളും ആദ്യം തടസ്സപ്പെടാം. ആവർത്തിത ശ്രമം വേണ്ടി വരുന്നതാണ്. ആശയക്കുഴപ്പങ്ങൾ പ്രത്യക്ഷപ്പെട്ടേക്കും. പ്രത്യുല്പന്നമതിത്വം കുറയുന്നതായി തോന്നും. എന്നാൽ സഹിഷ്ണുത ഫലം കാണുന്നതാണ്. തൊഴിൽ സാഹസങ്ങൾ ഒഴിവാക്കണം. അറിയാത്ത തൊഴിൽ തുടങ്ങരുത്; തുടരരുത്. സാമ്പത്തിക അച്ചടക്കം ഇല്ലെങ്കിൽ കടക്കെണിയിൽ പെടാനിടയുണ്ട്. വ്യവഹാരങ്ങൾക്ക് മുതിരരുത്. രോഗഗ്രസ്തർക്ക് കൂടുതൽ ചികിൽസ വേണ്ടി വരാം. വർഷത്തിൻ്റെ രണ്ടാം പകുതിയിൽ ദാമ്പത്യസൗഖ്യം പ്രതീക്ഷിക്കാം. മുടങ്ങിക്കിടന്ന സംരംഭങ്ങൾ വീണ്ടും തുടങ്ങുവാനാവും. സാമ്പത്തിക സ്രോതസ്സുകൾ തുറന്നുകിട്ടുന്നതാണ്. പ്രാധാന്യമുള്ള കാര്യങ്ങൾ ശ്രദ്ധയോടെ പൂർത്തീകരിക്കാനാവും. ആത്മവിശ്വാസം ഉയരുന്നതായിരിക്കും.
വിശാഖം
തുലാക്കൂറുകാർക്ക് വർഷത്തിൻ്റെ രണ്ടാം ഭാഗവും വൃശ്ചികക്കൂറുകാർക്ക് പ്രായേണ ആദ്യ പകുതിയും അനുകൂലമാവും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം. അമളി പറ്റുവാനിടയുണ്ട്. സുഹൃൽ സഹായം പ്രതീക്ഷിക്കാം. വാഹനം ഉപയോഗിക്കുന്നതിൽ ശ്രദ്ധയുണ്ടാവണം. പൊതുക്കാര്യങ്ങളിൽ ദുരാരോപണങ്ങൾ ഉയർന്നേക്കും. ഗാർഹികമായ പ്രശാന്തത കലുഷമാവാം. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് പ്രതിബന്ധങ്ങളെ നേരിടേണ്ടി വരുന്നതാണ്. നേട്ടങ്ങളിൽ പരീക്ഷാവിജയം, ഉന്നത പഠന സാധ്യത എന്നിവ ഉൾപ്പെടും. പ്രണയ ബന്ധങ്ങൾ തടസ്സപ്പെട്ടാലും മുന്നേറുന്നതാണ്. ഭൂമി വ്യവഹാരത്താൽ അനുകൂല വിധി പ്രതീക്ഷിക്കാം. ഗൃഹനിർമ്മാണം ആരംഭിക്കാനാവും. മകന് ജോലി കിട്ടുക, മകളുടെ വിവാഹം നടക്കുക തുടങ്ങിയവയും ഗുണഫലങ്ങളിൽ ഉൾപ്പെടും.
അനിഴം
വ്യാഴം അനുകൂല ഭാവത്തിൽ സഞ്ചരിക്കുന്ന വർഷമാണ്. ചിരകാലമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ സഫലമായേക്കാം. സ്വന്തം പരിശ്രമത്തിന് ഒപ്പമുള്ളവരുടെ പിന്തുണയും സാഹചര്യത്തിൻ്റെ അനുകൂലതയും കൂടി വന്നുചേരുന്നതാണ്. യാത്രകൾക്ക് പ്രയോജനപരതയുണ്ടാവും. ബിസിനസ്സ്/ഔദ്യോഗിക യാത്രകൾ ഗുണം ചെയ്യും. കൂട്ടുകച്ചവടം പുഷ്ടി പ്രാപിക്കുന്നതാണ്. പുതുശാഖകൾ ആരംഭിക്കാനാവും. ഉപഭോക്താക്കളുടെ പ്രീതി നേടിയെടുക്കും. അവിവാഹിതർക്കും പ്രണയികൾക്കും സ്വപ്നസാഫല്യത്തിന് അവസരം ഭവിക്കുന്നതായിരിക്കും. വിദേശയാത്രകൾക്ക് ഒരുങ്ങുന്നവർക്ക് അതിനുള്ള അവസരം സംജാതമാകും. മാനസികമായ വികാസം, അറിവുകളുടെ നവചക്രവാളങ്ങൾ തെളിയുക തുടങ്ങിയവയും ഫലങ്ങളിൽ ഉൾപ്പെടുന്നതാണ്.
തൃക്കേട്ട
ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങൾ സഫലമാവുന്ന വർഷമാണ്. ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടും. പുതുസൗഹൃദങ്ങൾ ഉണ്ടാവാം. കഴിവിന് അംഗീകാരം ലഭിക്കുന്നതാണ്. മുൻപ് അവഗണന നേരിട്ടവരിൽ നിന്നും പരിഗണനയും ആദരവും സിദ്ധിക്കും. കുടുംബാംഗങ്ങളുടെ സർവ്വാത്മനായുള്ള പിന്തുണ ശക്തിയേകുന്നതാണ്. പ്രവൃത്തിയിൽ നേട്ടങ്ങൾ ഉണ്ടാക്കും. കലാപരത പ്രശംസിക്കപ്പെടും. പഠനം, ഉദ്യോഗം തുടങ്ങിയവയിൽ അനുകൂലതയുള്ള കാലമാണ്. അന്യദേശത്തേക്കും/വിദേശത്തേക്കും ഉള്ള യാത്രകൊണ്ട് നേട്ടങ്ങൾ വന്നെത്തുന്നതായിരിക്കും. സാമ്പത്തിക ശോച്യത ഒട്ടൊക്കെ പരിഹൃതമാവുന്നതാണ്. കുടുംബജീവിതം കൂടുതൽ സന്തോഷപ്രദമാകും. വർഷത്തിൻ്റെ അവസാനഭാഗത്ത് കൂടുതൽ കരുതൽ ആവശ്യമാണ്.
മൂലം
ശനി ആശ്വാസവും സഹായവും നൽകുന്ന മൂന്നാം ഭാവത്തിൽ ശക്തമായ നിലയിലാണ്. മാനസിക ധൈര്യം അതിജീവനത്തിനുള്ള കരുത്താകും. മുതിർന്നവരുടെ സ്നേഹവും മാർഗ്ഗനിർദ്ദേശവും വിലപ്പെട്ടതായി അനുഭവപ്പെടും. നേട്ടങ്ങൾക്ക് കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. ചതിക്കുഴികളെ കരുതിയിരിക്കേണ്ടതുണ്ട്. പ്രിയജനവിരഹം വിഷമം വർദ്ധിപ്പിക്കും. പുതിയ ചിന്തകൾ ഉണ്ടാവും. പ്രായോഗികത വിഷമം പിടിച്ചതാവും. ഗവേഷകർക്ക് നിഗമനങ്ങൾ ക്രോഡീകരിക്കുന്നതിൽ കാലവിളംബം വരും. സ്വതന്ത്ര ബിസിനസ്സുകളിൽ മുതൽമുടക്കുന്നത് കരുതലോടെ വേണം. അന്യദേശത്ത് ജോലി ചെയ്യുന്നവർക്ക് മാറ്റം കിട്ടുക എളുപ്പമാവില്ല. മീനമാസത്തിനു ശേഷം കൂടുതൽ അവസരങ്ങൾ വന്നെത്തും.
പൂരാടം
ശത്രുപക്ഷത്തെ നിർവീര്യമാക്കും. പ്രവർത്തനങ്ങളിൽ ഒട്ടൊക്കെ വിജയം നേടാനാവും. സംരംഭകർക്ക് ആശ്വാസമുണ്ടാവും. കടം വാങ്ങി കച്ചവടം തുടങ്ങുന്നത് അഭികാമ്യമാവില്ല. പ്രോജക്ടുകളുമായി മുന്നോട്ടു പോകാനാവും. സാമ്പത്തിക സ്ഥിതി മോശമാവില്ല. പ്രായോഗിക ചിന്തയും പ്രത്യുല്പന്നമതിത്വവും കരുത്തുപകരും. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയരുന്നതാണ്. ഭൂമിയിൽ മുതൽമുടക്കുന്നത് കരുതി വേണം. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ടവർക്ക് അമളികൾ സംഭവിക്കാം. ധനനിക്ഷേപം ആലോചനാപൂർവ്വം നിർവഹിക്കപ്പെടണം. യുവാക്കളുടെ വിവാഹാലോചനകൾ നീണ്ടുപോയേക്കും. റൊമാൻസുകളിൽ തിരിച്ചടി ഉണ്ടാവാം. മീനമാസം മുതൽ കാലം അനുകൂലമാണ്. കുംഭം, ഇടവം, ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ നേട്ടങ്ങൾക്കാവും മുൻതൂക്കം വരിക.
ഉത്രാടം
ധനുക്കൂറുകാർക്ക് ശനിയും മകരക്കൂറുകാർക്ക് വ്യാഴവും അനുകൂല ഭാവത്തിലാണ്, ഈ വർഷം. ആത്മാർത്ഥമായ അധ്വാനവും നിരന്തരമായ അന്വേഷണവും ലക്ഷ്യത്തിലെത്താൻ ആവശ്യമാണെന്നത് വിജയമന്ത്രമായി സ്വീകരിക്കേണ്ടിവരും. ഭാഗിക നേട്ടങ്ങളെ നിസ്സാരമായി കാണുകയും ചെയ്യരുത്. താത്കാലിക ലാഭങ്ങളാവും ഈ വർഷം അധികം ഉണ്ടാവുക. കടബാധ്യതയുടെ കാര്യത്തിൽ തെല്ല് ആശ്വസിക്കാൻ പറ്റും. എന്നാൽ ആർഭാടവും നിയന്ത്രണമില്ലാത്ത വ്യയശീലവും കൂടുതൽ കടക്കെണിയിലേക്ക് തള്ളിയിടാനും ഇടയുണ്ട്. ചെറുപ്പക്കാർക്ക് ജോലി ലഭിക്കാം. ചിലപ്പോൾ ആഗ്രഹിച്ച തൊഴിലോ പ്രതീക്ഷിച്ച വേതനമോ ഉണ്ടാവണമെന്നില്ല. ഗൃഹനിർമ്മാണം തെല്ല് പതുക്കെയാവും. മകളുടെ കുടുംബത്തോടൊപ്പം താമസിക്കേണ്ടി വരാം. സർക്കാർ ആനുകൂല്യങ്ങൾ / അവകാശങ്ങൾ എന്നിവ വൈകാനിടയുണ്ട്.
തിരുവോണം
യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കാൻ ശീലിക്കും. കിട്ടിയ തൊഴിലിൽ ആത്മാർത്ഥത പുലർത്തും. പാരമ്പര്യ ബിസിനസ്സിൽ ശോഭിക്കാനാവും. ധനവരവ് മോശമാകില്ല. ചെലവിൽ നിയന്ത്രണം വേണ്ടതുണ്ട്. സന്താനജന്മം ധന്യതയേകുന്നതാണ്. സ്വസ്ഥവും ശാന്തവുമായ ദാമ്പത്യം നയിക്കാൻ കഴിയും. പ്രമാണകൾ, നിക്ഷേപ രശീതുകൾ തുടങ്ങിയവ സൂക്ഷിച്ചുവെക്കണം. വൃദ്ധജനങ്ങൾ അന്യനാട്ടിലെ താമസം ഉപേക്ഷിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്നതാണ്. കക്ഷിരാഷ്ട്രീയത്തിൽ നിരുന്മേഷത തോന്നും. വളർത്തുമൃഗങ്ങളെ പരിപാലിക്കുക, ഗൃഹത്തിൽ കാർഷികവൃത്തി എന്നിവയിൽ താല്പര്യമുണ്ടാവും. മീനമാസത്തിൽ ശനിമാറ്റം വരുന്നതോടെ ഏഴരശനി ദോഷത്തിന് പരിസമാപ്തിയാകും. തുലാം, വൃശ്ചികം, മീനം, മിഥുനം എന്നീ മാസങ്ങളിൽ നേട്ടങ്ങൾ വർദ്ധിക്കും.
അവിട്ടം
നേട്ടങ്ങളും കോട്ടങ്ങളും, ആരോഹണങ്ങളും അവരോഹണങ്ങളും സമ്മിശ്രരസം പകരുന്ന വർഷമായിരിക്കും. സ്വതസിദ്ധമായ കഴിവുകൾ മുഴുവനായും പുറത്തെടുക്കേണ്ടി വരും മനസ്സിൽ കണക്കുകൂട്ടിയവ നേടാൻ. സ്വകാര്യസ്ഥാപനത്തിൽ ജോലി ലഭിക്കുന്നതാണ്. എന്നാൽ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം, വേതന വർദ്ധനവ് ഇവയ്ക്ക് സാധ്യത കുറവാണ്. ബിസിനസ്സിൽ ന്യായമായ ആദായം വന്നുചേരും. പക്ഷേ വിപുലീകരിക്കുക എളുപ്പമാവില്ല. ബന്ധങ്ങളുടെ ദൃഢത നിലനിർത്തും. ഗൃഹനിർമ്മാണം പൂർത്തീകരിച്ചേക്കും. മക്കളുടെ വിദ്യാഭ്യാസച്ചെലവുകൾക്ക് വായ്പയെ ആശ്രയിക്കും. കലാപ്രവർത്തകർക്ക് കലാപഠനം പോഷിപ്പിക്കാനും പ്രദർശിപ്പിക്കാനും സാഹചര്യം ഒരുങ്ങും. സകുടുംബ വിനോദയാത്രകൾ ധാരാളമായിട്ടുണ്ടാവും.
ചതയം
ജന്മശനി, നാലിൽ വ്യാഴം, രണ്ടിൽ രാഹു എന്നിങ്ങനെയുള്ള ഗ്രഹസ്ഥിതി വ്യക്തമാക്കുന്ന പ്രതികൂലതകളെ നിസ്സാരമാക്കുന്ന ഗുണാനുഭവങ്ങൾ ഉണ്ടായേക്കാം. എല്ലാക്കാര്യങ്ങളും നന്നായി ആലോചിച്ച് പ്രവർത്തിക്കുന്നത് നന്നായിരിക്കും. ഉത്കർഷേച്ഛയും പ്രയത്നശീലവും ഫലം കാണും. തടസ്സങ്ങൾ ഉണ്ടായാലും വിദ്യാഭ്യാസത്തിൽ പുരോഗതി ദൃശ്യമാകും. ഉപജാപങ്ങളെ തടയാനാവും. ഗൂഡവിദ്യകൾ, ആത്മീയ അന്വേഷണങ്ങൾ, തീർത്ഥാടനങ്ങൾ ഇവയ്ക്ക് ഉചിതമായ കാലമാണ്. തൊഴിലില്ലാത്തവർ ജോലി നേടിയേക്കും. പക്ഷേ ദൂരദേശത്തോ അർഹതക്ക് ഇണങ്ങാത്തതോ ആയേക്കാം. സാമ്പത്തിക അമളികൾ വരാതെ നോക്കണം. രോഗോപദ്രവങ്ങൾ ഉണ്ടാവാം. അലച്ചിൽ തുടരപ്പെടാം. ചെറുനേട്ടങ്ങൾ, ഉറ്റവരുടെ പിന്തുണ, കരുതൽ, സാമ്പത്തിക സഹായം എന്നിവ ആശ്വാസമേകും.
പൂരൂരുട്ടാതി
ജന്മശനിയുടെ കാലമാണ്. വർഷാദ്യം ശനി ജന്മനക്ഷത്രത്തിൽ വക്രസഞ്ചാരത്തിലാണ്. അതിനാൽ പ്രവർത്തനരീതി മന്ദതയെ പ്രാപിക്കും. ആലസ്യം ചിന്തയേയും ബാധിക്കാം. ചില അന്വേഷണങ്ങൾക്ക് ഉത്തരം കിട്ടിയേക്കില്ല. വാഗ്ദാനങ്ങൾ നീണ്ടുപോകാം. തൊഴിൽ ചാഞ്ചാട്ടത്തിന് പ്രേരണവരും. നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നത് കരുതലോടെ വേണം. കടം വാങ്ങിയത് തിരികെ നൽകാൻ ക്ലേശിക്കുന്നതാണ്. ചെറിയ രോഗങ്ങൾ വന്നാൽ തന്നെ പൂർണമായും വിട്ടുപോകാൻ സമയം എടുക്കും. ബന്ധങ്ങളിൽ വിള്ളൽ വരാം. വിവാഹകാര്യം നീളുന്നതാണ്. ഏജൻസികൾ, കമ്മീഷൻ വ്യാപാരം, ദിവസവേതനം ഇവ മുടങ്ങില്ല. അവയിലൂടെ ആദായം ലഭിക്കും. മകരമാസത്തിനു ശേഷം കൂടുതൽ ഗുണഫലങ്ങൾ വരും.
ഉത്രട്ടാതി
ജന്മനക്ഷത്രത്തിൽ രാഹു സഞ്ചരിക്കുന്നതിനാൽ സ്വന്തം ശക്തിയും ദൗർബല്യങ്ങളും തിരിച്ചറിഞ്ഞേക്കില്ല. വൈകാരിക പ്രതികരണങ്ങൾ ശത്രുക്കളെ സൃഷ്ടിക്കാം. അവസരോചിതമായ തീരുമാനങ്ങളെടുക്കാൻ വൈകുന്നതായിരിക്കും. ഏഴരശനിക്കാലം കൂടിയാകയാൽ സമയബന്ധിതമായി പ്രവർത്തിക്കാൻ കഴിയാതെ വരും. ഉറ്റവരുടെ വിരഹ- വിയോഗങ്ങൾ വിഷമിപ്പിക്കും. സാമ്പത്തിക ഇടപാടുകളിൽ കരുതൽ വേണം. കടക്കെണി വരാതെ നോക്കേണ്ടതുണ്ട്. ബിസിനസ്സിൽ പുരോഗതി കുറയുന്നതാണ്. ചിട്ടി, ലോൺ, ഇൻഷ്വറൻസ് എന്നിവയിലൂടെ ധനവരവ് ഉണ്ടായേക്കും. സുഹൃത്തുക്കളുടെ മാർഗനിർദ്ദേശം ലഭിക്കും. ചിങ്ങം, ധനു, മകരം, ഇടവം മാസങ്ങളിൽ വളർച്ചയും നേട്ടങ്ങളും പ്രതീക്ഷിക്കാം.
രേവതി
ശനി, രാഹു, വ്യാഴം തുടങ്ങിയ ഗ്രഹങ്ങൾ അനുകൂലമല്ലാത്തതിനാൽ തീരുമാനങ്ങൾ ശ്രദ്ധാപൂർവ്വം കൈക്കൊള്ളണം. നിലവിലെ ജോലി ഉപേക്ഷിക്കാനുള്ള പ്രേരണ ഉണ്ടാവും. പുതിയ തൊഴിൽ ലഭിക്കുക എളുപ്പമായേക്കില്ല. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ പിന്തുണ കുറയുന്നതാണ്.. തന്നെക്കാൾ യോഗ്യത ഇല്ലാത്തവർക്ക് സ്ഥാനക്കയറ്റം കിട്ടുന്നത് വിഷമിപ്പിക്കുന്നതാണ്. താത്പര്യമില്ലാത്തവരുടെ സഹായം സ്വീകരിക്കേണ്ട സ്ഥിതി വന്നേക്കാം. വിദ്യാർത്ഥികൾ അലസരാവാനിടയുണ്ട്. കൃത്യനിഷ്ഠയിലെ പാളിച്ചയാൽ മേലുദ്യോഗസ്ഥൻ്റെ അപ്രീതി നേടുന്നതാണ്. വ്യവഹാരങ്ങൾക്ക് മുതിരരുത്. സാമ്പത്തികമായ അച്ചടക്കം ആവശ്യമാണ്. മകരമാസം തൊട്ട് കാര്യങ്ങൾ കുറശ്ശെ അനുകൂലമാവാം..
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us