/indian-express-malayalam/media/media_files/DHqbfEThiIKWQ5nc3R15.jpg)
Monthly Horoscope: കന്നി മാസം നിങ്ങൾക്കെങ്ങനെ?
Kanni Month Horoscope: ആദിത്യൻ കന്നിരാശിയിൽ സഞ്ചരിക്കുന്ന കാലത്തെയാണ് കന്നിമാസം എന്നുപറയുന്നത്. ഉത്രം, അത്തം, ചിത്തിര എന്നീ ഞാറ്റുവേലകൾ കന്നിമാസത്തിലുണ്ട്. സെപ്തംബർ 17 ബുധനാഴ്ചയാണ് കന്നി ഒന്നാം തീയതി. ഒക്ടോബർ 17 വരെ (31 ദിവസങ്ങൾ) കന്നിമാസമുണ്ട്.
കന്നിമാസം അഞ്ചാം തീയതി അമാവാസി. പിറ്റേന്ന് വെളുത്തപക്ഷ പ്രഥമയിൽ ചാന്ദ്രമാസമായ ആശ്വിനം തുടങ്ങും. ശരത് ഋതുവും അന്നാണ് ആരംഭിക്കുക. കേരളത്തിൽ നവരാത്രിയുടെ തുടക്കം കന്നി 6/ കന്നി 7 തീയതികളിലാണ്.
കന്നിമാസം 14, 15, 16 തീയതികളിൽ യഥാക്രമം ദുർഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവ വരുന്നു. (സെപ്തംബർ 30, ഒക്ടോബർ 1,2). കന്നി 20/21ന് വെളുത്തവാവ്. പിറ്റേന്നു മുതൽ കറുത്തപക്ഷം തുടങ്ങുന്നു.
ബുധൻ കന്നി 16 വരെ ഉച്ചരാശിയായ കന്നിയിൽ സഞ്ചരിക്കുന്നു. തുടർന്ന് തുലാം രാശിയിലും. കന്നി 16 ന് ഒരുമാസമായി തുടരുന്ന ബുധൻ്റെ മൗഢ്യം അവസാനിക്കും. ശുക്രൻ മാസാദ്യം ചിങ്ങം രാശിയിലാണ്. കന്നി 23 ന് കന്നിരാശിയിൽ പ്രവേശിക്കും.
കന്നി ശുക്രൻ്റെ നീചരാശിയാകുന്നു. ചൊവ്വ മാസം മുഴുവൻ തുലാം രാശിയിലാണ്. വ്യാഴം മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു.
ശനി മീനം രാശിയിൽ ഉത്രട്ടാതി ഒന്നാം പാദത്തിൽ വക്രഗതിയിലാണ്. കന്നി 16 ന് ശനി പൂരൂരുട്ടാതി നാലാംപാദത്തിൽ പ്രവേശിക്കും. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി രണ്ടാം പാദത്തിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രം ഒന്നാം പാദത്തിലും പിൻഗതിയായി തുടരുന്നു.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ കന്നിമാസഫലം ഇവിടെ വിശദീകരിക്കുന്നു.
Also Read: സെപ്റ്റംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
മകം
ജന്മരാശിയിൽ ശുക്രനും കേതുവും സഞ്ചരിക്കുന്നതിനാൽ ദേഹാരിഷ്ടത്തിനൊപ്പം ഭോഗസുഖങ്ങളും ഭവിക്കും. ലൗകികമായ കാര്യങ്ങളിൽ താല്പര്യമേറുന്നതാണ്. രണ്ടാം ഭാവത്തിൽ ബുധാദിത്യയോഗം ഭവിച്ചതിനാൽ പ്രവൃത്തികളിൽ നൈപുണ്യം ഉണ്ടാവും. വാക് വൈഭവം ശ്രദ്ധിക്കപ്പെടും. പഠനത്തിൽ ഔന്നത്യം ഭവിക്കുന്നതാണ്. പതിനൊന്നിലെ വ്യാഴം ധനവരവ് അഭംഗുരമാവുമെന്നതിൻ്റെ സൂചനയാണ്. കിട്ടാക്കടങ്ങൾ കിട്ടാനിടയുണ്ട്. പുതുസംരംഭങ്ങളുമായി മുന്നോട്ടുപോകും. പൊതു പ്രവർത്തകർക്ക് സ്വീകാര്യതയേറും. മൂന്നാം ഭാവത്തിലെ ചൊവ്വ ആത്മവീര്യം ഉയർത്തുന്നതാണ്. പരിശ്രമങ്ങളിൽ മികച്ച വിജയം നേടിയെടുക്കും. തൊഴിൽ നേട്ടത്തിന് സാധ്യതയുണ്ട്. പ്രണയത്തിൽ/ദാമ്പത്യത്തിൽ കരുതലുണ്ടാവണം. രാഹു, ശനി എന്നിവ അനിഷ്ടസ്ഥിതിയിൽ തുടരുകയാൽ കരുതൽ വേണം.
പൂരം
നക്ഷത്രാധിപനായ ശുക്രൻ ജന്മരാശിയിൽ സഞ്ചരിക്കുകയാൽ ഭോഗാനുഭവങ്ങൾ, ഭൗതിക നേട്ടങ്ങൾ, പാരിതോഷിക ലബ്ധി ഇവയുണ്ടാവും.
വ്യാഴം പതിനൊന്നിൽ തുടരുന്നത് ധനകാര്യത്തിലെ സ്ഥിരത്വത്തെ സൂചിപ്പിക്കുന്നു. ധനസ്രോതസ്സുകളിൽ നിന്നും ഒഴുക്കുതുടരുന്നതാണ്. ഭാഗ്യാനുഭവങ്ങളുണ്ടാവും. രണ്ടാമെത്തിലെ ബുധാദിത്യയോഗം പഠിപ്പിൽ ഉയർച്ചയുണ്ടാക്കും. തർക്കം, ചർച്ച, പ്രബന്ധാവതരണം, പരീക്ഷ ഇവകളിൽ ശോഭിക്കുന്നതാണ്. മൂന്നാമെടത്തിലെ ചൊവ്വ ഉണർവ്വും കർമ്മഗുണവും പ്രദാനം ചെയ്യുന്നതാണ്. കരാറുകൾ പുതുക്കിക്കിട്ടാം. നവാരംഭങ്ങൾ സാധ്യതയാണ്. കേതു ജന്മനക്ഷത്രത്തിലും രാഹു ഏഴാം രാശിയിലും തുടരുകയാൽ ദേഹക്ലേശമുണ്ടാവും. പ്രണയബന്ധത്തിൽ ശൈഥില്യം വരാം. ദാമ്പത്യത്തിലെ അനൈക്യം പ്രകടമായേക്കും. ശനിയുടെ അഷ്ടമസ്ഥിതി ആരോഗ്യത്തെ ബാധിക്കാനിടയുണ്ട്.
ഉത്രം
ആദിത്യൻ ഉത്രം നക്ഷത്രത്തിൽ തുടരുകയാൽ ദേഹസൗഖ്യം കുറയും. അലച്ചിലുണ്ടാവുന്നതാണ്. വ്യാഴസ്ഥിതിയാൽ സാമ്പത്തിക കാര്യങ്ങളിൽ മെച്ചം പ്രതീക്ഷിക്കാം. ചൊവ്വ പാരുഷ്യശീലം വർദ്ധിപ്പിച്ചേക്കാം. പുതിയ കോഴ്സുകൾക്ക് ചേരാൻ/ നവഭാഷാ പഠനത്തിന് അവസരം ഒരുക്കുന്നതാണ്. കാര്യസാധ്യത്തിന് അലച്ചിലുണ്ടാവും. മേലുദ്യോഗസ്ഥന്മാർ കൂടുതൽ ദോഷൈകദൃക്കുകളാവും. ഉദ്യോഗസ്ഥരായ ഭാര്യാഭർത്താക്കന്മാർക്ക് ഒരിടത്തേക്ക് സ്ഥലം മാറ്റാൻ ലഭിക്കാൻ കാത്തിരിപ്പ് തുടരേണ്ടി വരുന്നതാണ്. ചെലവുകളിൽ നിയന്ത്രണം വേണ്ടതുണ്ട്. രാഹു, കേതു, ശനി എന്നീ ഗ്രഹങ്ങളുടെ അനിഷ്ടസ്ഥിതി കാര്യവിഘ്നം, അഭിമാനക്ഷതം എന്നിവയുണ്ടാക്കും. ആകസ്മിക നേട്ടങ്ങൾ, ഏജൻസി പ്രവർത്തനങ്ങളിലൂടെ കർമ്മഗുണം എന്നിവയും പ്രതീക്ഷിക്കാം.
Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
അത്തം
ജന്മത്തിൽ ആദിത്യനും രണ്ടിൽ ചൊവ്വയും ഏഴിൽ ശനിയും പന്ത്രണ്ടിൽ കേതുവും സഞ്ചരിക്കുകയാൽ ആരോഗ്യപരമായി കരുതൽ വേണം. തൊഴിലിടത്തിൽ അധിക ജോലിഭാരം ഉണ്ടാവുന്നതാണ്. പ്രൈവറ്റ് ജോലിയിൽ സമ്മർദ്ദങ്ങൾ വർദ്ധിക്കും. സ്ഥാനക്കയറ്റം പ്രതീക്ഷിച്ചവർക്ക് കാത്തിരിക്കേണ്ടതായി വന്നേക്കും. വീടുമാറ്റം സംബന്ധിച്ച ആലോചനകൾ ഉയരാം. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിന് തടസ്സമുണ്ടാവാം. പ്രണയികൾക്കിടയിൽ പിണക്കമേർപ്പെടും. ഗവേഷണം, പഠനം, ഏകോപനം എന്നിവയിൽ നൈപുണ്യം പ്രദർശിപ്പിക്കും. കമ്മീഷൻ ബിസിനസ്സിൽ ലാഭമുണ്ടാക്കും. സാഹിത്യകാരന്മാർക്ക് അംഗീകാരം കൈവരുന്നതാണ്. ജീവിതശൈലീരോഗങ്ങൾ ഉപദ്രവിച്ചേക്കാം. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
കാര്യസിദ്ധിക്ക് ധാരാളം തടസ്സങ്ങൾ മുന്നിലുണ്ടാവും. എന്നാലും അവയെ പരാജയപ്പെടുത്താൻ സാധിക്കുന്നതാണ്. ഭൂമിവിൽപന എളുപ്പമായേക്കില്ല. വൈകാരികമായി പരുക്കത്തം വരാനുള്ള സാധ്യത കാണുന്നു. 'അഹങ്കാരി' എന്ന് മുതിർന്ന തലമുറ കണക്കാക്കിയേക്കും. വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ വിജയിക്കാൻ കഴിയും. ഉപദേശങ്ങളോട് വൈമുഖ്യം തോന്നിയേക്കും. ബന്ധുക്കളുടെ സഹായം സ്വീകരിക്കുന്നതാണ്. സുഹൃത്തുക്കളുടെ പിന്തുണ വന്നെത്തും. പ്രണയികൾക്ക് നല്ലകാലമാണ്. ദാമ്പത്യത്തിൽ സമ്മിശ്രാനുഭവങ്ങളുണ്ടാവും. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് പിരിമുറുക്കം ഭവിക്കാം. ഉദ്യോഗസ്ഥർക്ക് അമിതജോലിഭാരം പ്രതീക്ഷിക്കാം. വിരോധികളുണ്ടാവും. ആത്മാർത്ഥത അപഹസിക്കപ്പെടും. അല്പ സന്തോഷങ്ങൾ അനുഭവത്തിലെത്തും.
ചോതി
ഭാഗ്യഭാവത്തിൽ ഗുരു സഞ്ചരിക്കുന്നതിനാൽ ശോഭനഫലങ്ങൾക്ക് കാരണമാകുന്നതാണ്. പ്രവർത്തിരംഗത്ത് വിജയിക്കാനാവും. ആസൂത്രണ മികവ് മേലധികാരികളുടെ പ്രശംസ നേടും. സാമ്പത്തിക ദുഃസ്ഥിതി മാറുന്നതാണ്. നറുക്കെടുപ്പ്, ചിട്ടി ഇവകളിലൂടെ ധനസമാഹരണം സാധ്യമാകും. പന്ത്രണ്ടിൽ സൂര്യൻ സഞ്ചരിക്കുന്നതിനാൽ ചെലവധികരിക്കാം. ആഢംബരച്ചെലവുകൾ ഉണ്ടാവും. പുതിയ സൗഹൃദം രൂപമെടുക്കുന്നതാണ്. ഗാർഹികമായി അസ്വസ്ഥതകൾ തലപൊക്കാം. ജന്മരാശിയിലെ ചൊവ്വ വികാരവിക്ഷോഭങ്ങൾ സൃഷ്ടിക്കുന്നതാണ്. സംഘടനകളിൽ എതിർപ്പുയരും. ഗൃഹനിർമ്മാണത്തിൽ വിളംബം വരും. പഞ്ചമരാഹു മകൻ്റെ പഠനം/ തൊഴിൽ ഇവകളിൽ സ്വൈരക്കേടുണ്ടാക്കാനിടയുണ്ട്. ആരോഗ്യ പരിശോധന മുടക്കരുത്.
Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
വിശാഖം
ആദിത്യൻ പന്ത്രണ്ടിൽ സഞ്ചരിക്കുകയാൽ തുലാക്കൂറുകാർക്ക് ഗുണം കുറയുന്നതാണ്. അലച്ചിലുണ്ടാവും. ചെലവേറുകയും ചെയ്യും. അധികാരികളുടെ അപ്രീതി വന്നെത്തും. വൃശ്ചികക്കൂറുകാരായ വിശാഖം നാളുകാർക്ക് തൊഴിൽപരമായി പലതരം നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. നക്ഷത്രാധിപനായ വ്യാഴം ഉച്ചരാശിയിലേക്ക് അടുക്കുകയാൽ ജീവിതത്തിൽ ഏതെങ്കിലും തരത്തിൽ ഉയർച്ചയുണ്ടാവും. ആദർശം പറയുമെങ്കിലും പ്രായോഗികമായ സമീപനം കൈക്കൊള്ളും. സഹോദരൻ്റെ ജോലിക്കാര്യത്തിൽ പരിശ്രമം ഫലവത്താകും. ദോഷൈകദൃക്കുകളായ ചങ്ങാതിമാരുടെ വാക്കുകൾ ആശയക്കുഴപ്പം സൃഷ്ടിക്കാം. ഗ്രാമക്ഷേത്രത്തിലെ ഉത്സവാദികളുടെ നടത്തിപ്പിന് മുൻകൈയെടുക്കും. വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ കരുതലുണ്ടാവണം.
അനിഴം
പ്രാധാന്യമുള്ള കാര്യങ്ങൾ ഭംഗിയായി നിർവഹിക്കും. പകരക്കാരെ ചുമതല ഏൽപ്പിക്കുകയാൽ ചിലതൊക്കെ 'ഒപ്പിച്ചുമാറൽ' എന്ന സ്ഥിതിയിലായേക്കും. ആദിത്യബുധന്മാർ ലാഭസ്ഥാനത്ത് സഞ്ചരിക്കുകയാൽ ഉദ്യോഗത്തിൽ അഭ്യുദയം വരുന്നതാണ്. ബുദ്ധിപരമായ നീക്കങ്ങളിലൂടെ വിജയപ്രാപ്തിയുണ്ടാവും. തൊഴിലിൽ നിന്നും വിരമിച്ചവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ മുക്കാൽപ്പങ്കും കിട്ടുന്നതാണ്. വ്യാഴം അഷ്ടമഭാവത്തിൽ തുടരുകയാൽ ധാർമ്മിക കാര്യങ്ങളിൽ ഭ്രംശം വരാനിടയുണ്ട്. ആത്മീയ സാധനകളിൽ ഉന്മേഷം കുറഞ്ഞേക്കാം. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. പ്രണയികൾക്കിടയിൽ ചെറിയ പിണക്കങ്ങൾ ഏർപ്പെടാം. വസ്തുസംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാനിടയില്ല. സിവിൽ വ്യവഹാരത്തിന് മുതിരുന്നത് കരുതലോടെയാവണം.
തൃക്കേട്ട
നക്ഷത്രാധിപനായ ബുധന് ഉച്ചസ്ഥിതി വന്നിരിക്കുകയാൽ ആത്മവിശ്വാസം ഉയരുന്നതാണ്. അഭിമുഖങ്ങളിൽ ശോഭിക്കും. ജോലി തേടുന്നവർ നിരാശപ്പെടില്ല. പുതുകാര്യങ്ങളിൽ, ജ്ഞാനസമ്പാദനത്തിൽ മനസ്സ് താല്പര്യം പ്രകടിപ്പിക്കും. ഉദ്യോഗസ്ഥർക്ക് കർമ്മമേഖല സുഖകരമാവും. ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിന് സഹകരണം ലഭിക്കുന്നതാണ്. ഗൃഹവാഹനാദികൾ പുതുക്കാൻ ശ്രമം നടത്തും. ചിലപ്പോൾ അഞ്ചാം ഭാവത്തിലെ ശനി കാരണം പലകാര്യങ്ങളിലും ആശയക്കുഴപ്പത്തിനും സാധ്യതയുണ്ട്. സ്വതസ്സിദ്ധമായ കഴിവുകളും കലാചാതുരിയും പ്രദർശിപ്പിക്കാൻ സന്ദർഭം വരാനിടയുണ്ട്. ദൈവികകാര്യങ്ങളിൽ ശ്രദ്ധ കുറയാനും സാഹചര്യം ഉദിക്കാം. ചൊവ്വ പന്ത്രണ്ടിൽ സഞ്ചരിക്കുന്നത് യാത്രകൾക്ക് കളമൊരുക്കും.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.