scorecardresearch

Kanni Month Horoscope: കന്നി മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ

Monthly Horoscope for kanni aswathy to ayillyam: കന്നി മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം: അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Monthly Horoscope for kanni aswathy to ayillyam: കന്നി മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം: അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Monthly Horoscope: കന്നി മാസം നിങ്ങൾക്കെങ്ങനെ?

Kanni Month Horoscopeആദിത്യൻ കന്നിരാശിയിൽ സഞ്ചരിക്കുന്ന കാലത്തെയാണ് കന്നിമാസം എന്നുപറയുന്നത്. ഉത്രം, അത്തം, ചിത്തിര എന്നീ ഞാറ്റുവേലകൾ കന്നിമാസത്തിലുണ്ട്. സെപ്തംബർ 17 ബുധനാഴ്ചയാണ് കന്നി ഒന്നാം തീയതി. ഒക്ടോബർ 17 വരെ (31 ദിവസങ്ങൾ) കന്നിമാസമുണ്ട്. 

Advertisment

കന്നിമാസം അഞ്ചാം തീയതി അമാവാസി. പിറ്റേന്ന് വെളുത്തപക്ഷ പ്രഥമയിൽ ചാന്ദ്രമാസമായ ആശ്വിനം തുടങ്ങും. ശരത് ഋതുവും അന്നാണ് ആരംഭിക്കുക. കേരളത്തിൽ നവരാത്രിയുടെ തുടക്കം കന്നി 6/ കന്നി 7 തീയതികളിലാണ്. 

കന്നിമാസം 14, 15, 16 തീയതികളിൽ യഥാക്രമം ദുർഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവ വരുന്നു. (സെപ്തംബർ 30, ഒക്ടോബർ 1,2). കന്നി 20/21ന് വെളുത്തവാവ്. പിറ്റേന്നു മുതൽ കറുത്തപക്ഷം തുടങ്ങുന്നു.

ബുധൻ കന്നി 16 വരെ ഉച്ചരാശിയായ കന്നിയിൽ സഞ്ചരിക്കുന്നു. തുടർന്ന് തുലാം രാശിയിലും. കന്നി 16 ന് ഒരുമാസമായി തുടരുന്ന ബുധൻ്റെ മൗഢ്യം അവസാനിക്കും. ശുക്രൻ മാസാദ്യം ചിങ്ങം രാശിയിലാണ്. കന്നി 23 ന് കന്നിരാശിയിൽ പ്രവേശിക്കും.

Advertisment

കന്നി ശുക്രൻ്റെ നീചരാശിയാകുന്നു. ചൊവ്വ മാസം മുഴുവൻ തുലാം രാശിയിലാണ്. വ്യാഴം മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു.

ശനി മീനം രാശിയിൽ ഉത്രട്ടാതി ഒന്നാം പാദത്തിൽ വക്രഗതിയിലാണ്. കന്നി 16 ന് ശനി പൂരൂരുട്ടാതി നാലാംപാദത്തിൽ പ്രവേശിക്കും. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി രണ്ടാം പാദത്തിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രം ഒന്നാം പാദത്തിലും പിൻഗതിയായി തുടരുന്നു. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ കന്നിമാസഫലം ഇവിടെ വിശദീകരിക്കുന്നു.

Also Read: സെപ്റ്റംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

അശ്വതി

നിലവിലെ അനുഭവങ്ങളെക്കാൾ മെച്ചപ്പെട്ട ഫലങ്ങൾ കന്നിമാസത്തിൽ പ്രതീക്ഷിക്കാം. തൊഴിലിടത്തിൽ സമാധാനമുണ്ടാവും. കൃത്യനിർവഹണത്തിൽ തടസ്സങ്ങളുണ്ടാവില്ല. പുതുമയുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ സന്നദ്ധത വന്നെത്തും. കൂടിയാലോചനകളിൽ ശോഭിക്കുന്നതാണ്. ബുധൻ ആറാം ഭാവത്തിലുള്ളതിനാൽ ആശയവിനിമയശേഷി അതുല്യമായിരിക്കും. ഭിന്നപക്ഷങ്ങൾ കേൾക്കാനും നിലപാടുകൾ ഏകോപിപ്പിക്കാനും ആർജ്ജവമുണ്ടാവുന്നതാണ്. മേലധികാരികളുടെ പിന്തുണ കിട്ടും. സാമ്പത്തിക സമ്മർദ്ദത്തിന്  അയവുണ്ടാകുന്നതാണ്. ഏഴാം ഭാവത്തിലെ ചൊവ്വ വൈകാരിക പ്രശ്നങ്ങൾ ഉണ്ടാക്കും. ദാമ്പത്യത്തിലുമതെ, പ്രണയത്തിലുമതെ സ്വസ്ഥത കുറഞ്ഞേക്കും. വിദേശയാത്രകൾക്ക് കാലവിളംബം ഭവിക്കാം.

ഭരണി

പ്രവർത്തനത്തിൽ ഏകാഗ്രതയും തന്മൂലം വിജയവും പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പഠനമികവ് വന്നെത്തും. തൊഴിലിടത്തിൽ വിരോധികളെ പരാജയപ്പെടുത്താൻ കഴിയും. അർഹതയ്ക്ക് അംഗീകാരം കിട്ടുന്നതാണ്. സ്ഥാനക്കയറ്റത്തിന്  സാധ്യതയുണ്ട്. തൊഴിലില്ലാത്തവർക്ക് താത്കാലികമായെങ്കിലും തൊഴിൽ ലഭിച്ചേക്കാം. ബുദ്ധിപരമായ നിലപാടുകൾക്ക് സ്വീകാര്യത കൈവരും. സഹപ്രവർത്തകർ നിർദ്ദേശങ്ങൾ ചെവിക്കൊള്ളുന്നതാണ്. കുടുംബകാര്യങ്ങളിൽ സമ്മിശ്രഫലം ഉണ്ടാവും. ഏഴാം ഭാവത്തിലെ ചൊവ്വ പ്രണയാനുഭവങ്ങളെ തടസ്സപ്പെടുത്താം. അന്യദേശയാത്രകൾ ക്ലേശകരമാവും. ഭാര്യാഭർത്താക്കന്മാർക്ക് വ്യത്യസ്ത സ്ഥലങ്ങളിൽ കഴിയേണ്ടി വരുന്നതാണ്. ജോലിയോ കുടുംബവിഷയങ്ങളോ ആയതിന് കാരണമായേക്കും.

കാർത്തിക

നിർബന്ധബുദ്ധികൊണ്ട് ചില കാര്യങ്ങൾ നേടിയേക്കും. തന്മൂലം ഒറ്റപ്പെടലോ ശത്രുതയോ വന്നെത്തിയാൽ അത്ഭുതപ്പെടാനില്ല. പ്രതികൂല സാഹചര്യങ്ങളിൽ ഉണർന്നു പ്രവർത്തിക്കുന്നതാണ്. സ്ഥിരജോലിയിൽ ഉയർച്ചയില്ലാത്തത് മടുപ്പിച്ചേക്കും. പുതിയജോലിക്കായുള്ള ശ്രമങ്ങൾ ഫലവത്താകാത്തതിൽ സ്വയംനിന്ദ തോന്നാം. വ്യാപാരത്തിൽ നിന്നുള്ള ധനവരവ് അത്ര മോശമാവില്ല. പാരമ്പര്യ വസ്തുവിൻ്റെ ആധാരവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ സമയം കണ്ടെത്തുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ ശുഷ്കാന്തിയുണ്ടാവണം. അപ്രതീക്ഷിത യാത്രകൾക്ക് സാധ്യത കാണുന്നു. ഗൃഹനിർമ്മാണമാരംഭിക്കുന്നതിൽ അവ്യക്തത മാറിക്കിട്ടാം. ഭാവികാര്യങ്ങളിൽ പ്രതീക്ഷയേറും. മകളുടെ വിവാഹ കാര്യത്തിന് ശുഭപര്യവസായിത്വം ഉണ്ടാവും.

Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ

രോഹിണി

അഞ്ചാംഭാവത്തിലെ ബുധാദിത്യയോഗം കാര്യപ്രാപ്തിക്ക് അവസരമൊരുക്കും. പുതിയ കാര്യങ്ങൾ പഠിക്കാനാവും. പാരമ്പര്യത്തിൻ്റെ മികവുകളും ഉൾക്കൊള്ളുന്നതാണ്. നാലാം ഭാവത്തിലെ ശുക്രൻ ദേഹസുഖം, ആഡംബര വസ്തുക്കൾ കൈവരിക ഇത്യാദികൾ നൽകും. ഗൃഹം മോടിപിടിപ്പിച്ചേക്കും. ആറാം ഭാവത്തിലെ കുജൻ ശത്രുവിജയം സമ്മാനിക്കുന്നതാണ്. പൊതുവേ നേട്ടങ്ങൾക്ക് മുൻതൂക്കമുണ്ടാവും. ഭൂമിയിൽ നിന്നും വരുമാനത്തിന് സാധ്യത കാണുന്നു. ശനി പതിനൊന്നിൽ വക്രഗതി തുടരുകയാൽ പിൻവാതിൽ നിയമനത്തിലൂടെ ധനം നേടാനിടയുണ്ട്. കുടുംബസൗഖ്യം പ്രതീക്ഷിക്കാം. ചെറുപ്പക്കാരുടെ പ്രണയം അംഗീകരിക്കപ്പെടും. സംഘടനാമത്സരങ്ങളിൽ വിജയിക്കുന്നതാണ്.

മകയിരം

കാര്യവിജയത്തിന് കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. ഉന്നതോദ്യോഗസ്ഥരുടെ എതിർപ്പുണ്ടാവും.  രാഷ്ട്രീയത്തിൽ ശത്രുക്കൾ കൂടുന്നതായി തോന്നിയേക്കും. വരുമാനമാർഗ്ഗം ഉയർത്തുവാൻ സുഹൃത്തുക്കളുമായി കൂടിയാലോചനകൾ നടത്തും. ഗാർഹികാന്തരീക്ഷം  സമ്മിശ്രമായിരിക്കും. മിഥുനക്കൂറുകാർക്ക് പുതിയ ബിസിനസ്സ് തുടങ്ങാൻ സാഹചര്യം അനുകൂലമാവുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനസഹായം ആവശ്യമാവും. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി തേടുന്നവർക്ക് അർഹതയ്ക്കൊത്ത അവസരം കിട്ടാം.  ഭൗതികാവശ്യങ്ങൾക്കായി കടം വാങ്ങേണ്ടി വന്നേക്കാം. നിക്ഷേപങ്ങളിൽ കരുതലുണ്ടാവണം. വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ഉത്കണ്ഠക്ക സാധ്യത കാണുന്നു.

തിരുവാതിര

ജന്മരാശിയുടെ അധിപനായ ബുധന് ഉച്ചസ്ഥിതിയുള്ളതിനാൽ ആത്മവിശ്വാസം ഉണ്ടാകും. നിപുണയോഗത്താൽ ശ്രമസാധ്യങ്ങളായ ദൗത്യങ്ങളിൽ വിജയിക്കുന്നതാണ്. സഹപ്രവർത്തകർക്ക് സാങ്കേതിക വിഷയങ്ങളിൽ ഉപദേശം നൽകും. ബന്ധുക്കളെക്കൊണ്ട് ഉപകാരമുണ്ടാവും. മാധ്യസ്ഥ ശ്രമങ്ങൾ ഫലം കാണുന്നതാണ്. ഉപരിവിദ്യാഭ്യാസത്തിന് വായ്പ കിട്ടിയേക്കും. സ്ത്രീകളുടെ പിന്തുണ പ്രതീക്ഷിക്കാം. മകൻ്റെ ജോലിക്കാര്യത്തിൽ തടസ്സങ്ങൾ തുടരുന്നതിൽ വിഷമമുണ്ടാകും. ദൈവികകാര്യങ്ങൾക്ക് സമയം കണ്ടെത്തുന്നതാണ്. വസ്തുവിൽപ്പനയിൽ ഉയർന്ന കമ്മീഷൻ ലഭിക്കാനിടയുണ്ട്. കലാപ്രവർത്തനത്തിൽ കൂടുതൽ അവസരങ്ങൾ സംജാതമാകും. ഒരേ തസ്തികയിൽ തുടരുന്നവർക്ക് സ്ഥാനമാറ്റത്തിന് സാധ്യത കാണുന്നു.

Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ

പുണർതം

ജന്മരാശിയിൽ ഗുരുവും നാലാം രാശിയിൽ ആദിത്യനും സഞ്ചരിക്കുന്നതിനാൽ അദ്ധ്വാനഭാരം അധികരിക്കും. സ്വാശ്രയത്തിനായി അഭിലഷിക്കുമെങ്കിലും പരാശ്രയം അനിവാര്യമായേക്കും. ധനപരമായി കബളിപ്പിക്കപ്പെടാം. വ്യാപാരത്തിൽ വരവ് കുറയുന്നതാണ്. കൂട്ടുകാരുമൊത്ത് കൂട്ടുബിസിനസ്സുകൾ തുടങ്ങാനായേക്കും.  സുഹൃത്തുക്കൾക്കായി ജാമ്യം നിൽക്കുന്നതിൽ കരുതൽ വേണം. മകൻ്റെ പിടിവാശിയിൽ ഉൽക്കണ്ഠയുണ്ടാവും. ആദർശചിന്ത പ്രായോഗികതയ്ക്ക് വഴിതുറക്കുന്നതാണ്. വസ്തുവാങ്ങുന്നതിൽ  താല്പര്യമുണ്ടാവും. അതിനായി ശ്രമം തുടരും. പ്രണയികൾക്കിടയിൽ തെറ്റിദ്ധാരണകൾ വരാനിടയുണ്ട്. രോഗക്ലേശിതർക്ക് പുതുചികിൽസ ആവശ്യമായേക്കും. വിവാദങ്ങളിൽ താർക്കിക കരുത്ത് പ്രകടിപ്പിക്കും. സിമ്പോസിയം/ ചർച്ചകളിൽ ശോഭിക്കുന്നതാണ്.

പൂയം

പൂർവ്വികസ്വത്തിൽ നിന്നും വരുമാനമുണ്ടാവും. ജോലിയിൽ സ്ഥിരീകരണത്തിന് സാധ്യത കാണുന്നു. സ്വകാര്യ സ്ഥാപനത്തിൽ വേതനവർദ്ധനവ് പ്രതീക്ഷിക്കാം. 
എതിർശബ്ദങ്ങളെ നിസ്സാരീകരിച്ച് മുന്നേറുന്നതാണ്. പുതിയ വരുമാനമാർഗം ആലോചനയിലുണ്ടാവും. നാലാംഭാവത്തിൽ ചൊവ്വ സഞ്ചരിക്കുന്നത്  മനക്ലേശത്തിന് ഇടവരുത്തുന്നതാണ്. അമ്മയുടെ ആരോഗ്യകാര്യത്തിൽ ജാഗരൂകത വേണം. കടബാധ്യതകൾ  കുറയ്ക്കാനാവും. ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങുന്നതാണ്. പരസ്യങ്ങളുടെ സാധ്യത ബിസിനസ്സിൻ്റെ വളർച്ചക്ക് പുഷ്ടിപ്പെടുത്തും. ശുക്രൻ അനുകൂല ഭാവത്തിലാകയാൽ പ്രണയാനുഭവങ്ങൾ പുഷ്കലമാവും. കലാപ്രവർത്തനത്തിന് തടസ്സമുണ്ടാവില്ല. നക്ഷത്രാധിപനായ ശനിയുടെ വക്രഗതി ചിലപ്പോൾ തീരുമാനങ്ങളിൽ നിന്നും പിന്നോട്ടുള്ള പോക്കിന് കാരണമായേക്കാം.

ആയില്യം

നക്ഷത്രാധിപനായ ബുധൻ ഉച്ചക്ഷേത്രത്തിൽ സഞ്ചരിക്കുന്നതും മൂന്നാംഭാവത്തിലെ ബുധാദിത്യയോഗവും അനുകൂലമാണ്. പ്രവൃത്തിരംഗം പുഷ്ടിപ്പെടുന്നതാണ്. ശില്പം, ഗണിതം, വ്യാകരണം, ജ്യോതിഷം, നിയമം മുതലായ മേഖലകളിലുള്ളവർക്ക് വലിയ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ജോലിതേടുന്നവർ നിരാശപ്പെടില്ല. ബന്ധുക്കളുടെ സർവ്വാത്മനാ ഉള്ള പിന്തുണ ലഭിക്കുന്നതാണ്. മുതൽമുടക്കുകളിൽ നിന്നും നല്ലലാഭം പ്രതീക്ഷിക്കാം. വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നത് ഉത്തമം.നാലാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുന്നതിനാൽ ജന്മനാട്ടിലെ വസ്തുവിൽക്കാൻ തടസ്സം നേരിട്ടേക്കാം. മാനസിക ക്ഷോഭങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. ആത്മീയ കാര്യങ്ങളിൽ ഏകാഗ്രത കുറയാനിടയുണ്ട്.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: