scorecardresearch

Edavam Month Horoscope: ഇടവ മാസത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതിവരെ

Monthly Horoscope for Edavam Moolam to Revathy: ഇടവം 24 ന് ചിങ്ങം രാശിയിൽ, മകം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ശുക്രൻ നീണ്ടനാളുകളായി ഉച്ചക്ഷേത്രമായ മീനം രാശിയിലാണ്. ഇടവ മാസം മൂലം മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Monthly Horoscope for Edavam Moolam to Revathy: ഇടവം 24 ന് ചിങ്ങം രാശിയിൽ, മകം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ശുക്രൻ നീണ്ടനാളുകളായി ഉച്ചക്ഷേത്രമായ മീനം രാശിയിലാണ്. ഇടവ മാസം മൂലം മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

Edavam Month Horoscope: ഇടവ മാസത്തെ നക്ഷത്രഫലം

Edavam Month Horoscope: മേടം 31ന്  (മേയ് 14 ന്) ബുധനാഴ്ച  രാത്രി 12 മണി കഴിഞ്ഞ് ആദിത്യൻ മേടം രാശിയിൽ നിന്നും ഇടവം രാശിയിൽ പ്രവേശിക്കുന്നു. മേയ് 15 വ്യാഴാഴ്ചയാണ് ഇടവം ഒന്നാം തീയതി. ഇടവമാസത്തിൽ കാർത്തിക, രോഹിണി, മകയിരം ഞാറ്റുവേലകൾ കടന്നുവരുന്നു. മാസാദ്യം ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ. ഇടവം 12,13 തീയതികളിൽ കറുത്തവാവ് വരുന്നു.

Advertisment

ഇടവം 13ന് ആണ് ഗ്രീഷ്മ ഋതുവും, ജ്യേഷ്ഠ മാസവും ആരംഭിക്കുന്നത്. ഇടവം 27,28 തീയതികളിൽ വെളുത്തവാവ് വരും. മേടം 31 ന് രാത്രിയിൽ വ്യാഴം മിഥുനം രാശിയിൽ പ്രവേശിക്കുകയാൽ ഇടവമാസം തുടങ്ങുമ്പോൾ വ്യാഴം മിഥുനത്തിലാണ് എന്നുകാണാം. മകയിരം നക്ഷത്രത്തിൽ ഇടവം 30 വരെ തുടരും. തുടർന്ന് വ്യാഴം തിരുവാതിരയിൽ സഞ്ചരിക്കും.

വ്യാഴം വർഷത്തിൽ ഒരിക്കലാണ് രാശിമാറുന്നത്. ഇടവം 4ന് (മേയ് 18 ന്) ഞായറാഴ്ച രാത്രി രാഹു-കേതു മാറ്റവുമുണ്ട്. രാഹു മീനം രാശിയിൽ നിന്നും കുംഭം രാശിയിലേക്കും, കേതു, കന്നിരാശിയിൽ നിന്നും ചിങ്ങം രാശിയിലേക്കും പിൻഗതിയായി പ്രവേശിക്കുന്നു. രാഹുവും കേതുവും ഒന്നരവർഷത്തിൽ/18 മാസത്തിൽ ഒരിക്കൽ രാശിമാറും. 

ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ്. ബുധൻ ഇടവം 9 ന് മേടത്തിൽ നിന്നും ഇടവത്തിലേക്കും, ഇടവം 23 ന് മിഥുനത്തിലേക്കും സംക്രമിക്കുന്നു. ചൊവ്വ നീചക്ഷേത്രമായ കർക്കടകം രാശിയിൽ ആയില്യം നക്ഷത്രത്തിലാണ്.

Advertisment

ഇടവം 24 ന് ചിങ്ങം രാശിയിൽ, മകം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ശുക്രൻ നീണ്ടനാളുകളായി ഉച്ചക്ഷേത്രമായ മീനം രാശിയിലാണ്. ഇടവം17 ന് മേടം രാശിയിലേക്ക് മാറുകയാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ ഇടവമാസത്തെ നക്ഷത്രഫലം ഇവിടെ വിശദീകരിക്കുന്നു.

മൂലം

ആദിത്യൻ ആറിൽ സഞ്ചരിക്കുന്നതിനാൽ കാര്യസിദ്ധി ഭവിക്കും. തടസ്സങ്ങളെ മറികടക്കാനാവും. മേലധികാരികളുടെ  പ്രീതി നേടുന്നതാണ്. വിദേശത്ത് ഉയർന്ന പഠിപ്പിനുള്ള അവസരം വ്യാഴൻ്റെ ആനുകൂല്യം മൂലം ലഭ്യമാകും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം വന്നുചേരും. സുഹൃൽബന്ധങ്ങൾ ദൃഢമാകുന്നതാണ്. സമൂഹത്തിൽ അംഗീകരിക്കപ്പെടും. രോഗഗ്രസ്തർക്ക് ആശ്വാസം പ്രതീക്ഷിക്കാം. രാഹുവിൻ്റെ മൂന്നാം ഭാവത്തിലേക്കുള്ള മാറ്റം ധനപരമായ ഉയർച്ചയ്ക്കും തൊഴിൽ വളർച്ചയ്ക്കും വഴിയൊരുക്കും. കണ്ടകശനിക്കാലം ആകയാൽ ഗൃഹനിർമ്മാണം മെല്ലയാവുന്നതാണ്. 
അക്കാര്യത്തിൽ തടസ്സങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. അഷ്ടമഭാവത്തിലെ ചൊവ്വയുടെ സ്ഥിതിയാൽ വിഷാദം, വീഴ്ച, മനക്ലേശം ഇവ സാധ്യതകൾ. പതിവായുള്ള ആരോഗ്യ പരിശോധനകളിൽ അമാന്തം വരുത്തരുത്.

പൂരാടം

ആദിത്യനും ഗുരുവും മാസാദ്യം മുതലും രാഹു ഇടവം 4-ാം തീയതിക്കു ശേഷവും അനുകൂലസ്ഥിതിയിൽ വരുന്നു. കുറച്ചുനാളായി അനുഭവിച്ചു പോരുന്ന  മാനസിക സംഘർഷത്തിന് അയവുണ്ടാവും. ഭൗതിക സാഹചര്യങ്ങൾ ഒട്ടൊക്കെ വരുതിയിലായേക്കും. തൊഴിലിടത്തിലെ സംഘർഷം കുറയും. കഴിവുകൾ പോഷിപ്പിക്കാനാവും. ഒപ്പമുള്ളവരുടെ അനാവശ്യമായിട്ടുള്ള നിസ്സഹകരണവും എതിർപ്പും നീങ്ങും. ദിശാബോധം പഠിപ്പ്, കുടുംബ ജീവിതം എന്നിവയിലും പ്രത്യക്ഷമാകുന്നതാണ്. തൊട്ടതെല്ലാം നഷ്ടത്തിലാവുന്ന സ്ഥിതിക്ക് മാറ്റമുണ്ടാവും. കണ്ടകശനി നാലിൽ ശക്തമാവുകയാൽ ബന്ധുവിരോധം, സുഹൃൽ കലഹം, വീടിന് അറ്റകുറ്റപ്പണി ഇവ സാധ്യതകളാണ്. അഷ്ടമത്തിലെ ചൊവ്വ ആരോഗ്യകാര്യത്തിൽ വിഷമങ്ങൾ വരുത്താമെന്നതിനാൽ കരുതലുണ്ടാവണം.

ഉത്രാടം

ധനുക്കൂറുകാർക്ക് കൂടുതൽ അനുകൂല ഫലങ്ങൾ ഇടവമാസത്തിൽ സംജാതമായേക്കും. അധികാരികളുടെ പ്രീതി നേടുന്നതാണ്. ബിസിനസ്സിൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന തന്ത്രങ്ങൾ ആവിഷ്കരിക്കും. തൊഴിൽ തേടുന്നവർക്ക് താത്കാലികമായിട്ടെങ്കിലും വരുമാനമുണ്ടാവും. ദാമ്പത്യത്തിലെ സ്വൈരക്കേടുകൾക്ക് ഒട്ടൊക്കെ വിരാമം ഭവിക്കുന്നതാണ്. അവിവാഹിതരുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം ഉണ്ടാവാം. മകരക്കൂറുകാർക്ക് ശത്രുക്കൾ മിത്രങ്ങളും, മിത്രങ്ങൾ ശത്രുക്കളുമാവുന്ന സ്ഥിതി വരാം. കർമ്മമേഖലയിൽ, വിശിഷ്യാ സ്വാശ്രയ വ്യാപാരത്തിൽ, ആശയക്കുഴപ്പങ്ങൾ ഉണ്ടാവാനിടയുണ്ട്. ഉന്നതവിദ്യാഭ്യാസകാര്യത്തിൽ വിളംബം വന്നേക്കും. കുടുംബരംഗത്ത് സ്വാസ്ഥ്യം കുറയും. ധനപരമായി മെച്ചമുണ്ടാവില്ല. പതിവായുള്ള ആരോഗ്യപരിശോധനയിൽ മുടക്കം വരുത്തരുത്.

തിരുവോണം

പ്രമുഖന്മാർ നൽകിയ വാഗ്ദാനങ്ങൾ ഫലിക്കാനും ഫലിക്കാതിരിക്കാനുമിടയുണ്ട്. കർമ്മമേഖല കുറ്റമറ്റതാവില്ല.  പാളിച്ചകൾ തിരുത്തി മുന്നേറുന്നതിനാവും. അവ്യക്തതയും സന്ദേഹവും തുടരുമെങ്കിലും പ്രത്യുല്പന്നമതിത്വം പ്രയോജനപ്പെടുത്തും. വ്യാഴം ആറിലാകയാൽ സാമ്പത്തിക കാര്യങ്ങളിൽ നല്ലശ്രദ്ധ ഉണ്ടാവണം. നിക്ഷേപങ്ങളിൽ കരുതൽ വേണ്ടതുണ്ട്. കണക്കുകളിൽ കൃത്യത പുലർത്തണം. സാമാന്യത്തിലധികം അദ്ധ്വാനിക്കേണ്ടിവരും, ലക്ഷ്യപ്രാപ്തിക്ക്. രാഹുവിൻ്റെ രണ്ടിലെ സഞ്ചാരം, ചൊവ്വയുടെ ഏഴിലെ സ്ഥിതി ഇവ കുടുംബ കലഹങ്ങൾക്ക് വഴിയൊരുക്കാം. വാക്കുകൾ ദുർവ്യാഖ്യാനിക്കപ്പെടും. മകൻ്റെ ഭാവി കാര്യത്തിൽ  അവ്യക്തതയുണ്ടാവും. വിദേശപഠനം, തൊഴിൽ എന്നിവ പ്രതീക്ഷിച്ച കാലത്തിലും നീളാം. അപ്രതീക്ഷിതമായ നേട്ടങ്ങൾക്കും സാധ്യത കാണുന്നു. ആസൂത്രണം ഇല്ലാത്ത കാര്യങ്ങൾ വിജയിക്കാനുമിടയുണ്ട്. പൊതുസമ്മതി ഭവിക്കും.

അവിട്ടം

മുൻകൂട്ടി ആസൂത്രണം ചെയ്ത കാര്യങ്ങൾ ഭാഗികമായി പൂർത്തീകരിക്കും. പൊടുന്നനെ തീരുമാനിക്കുന്ന കാര്യങ്ങളിൽ തടസ്സം വരാനിടയുണ്ട്. മേലധികാരികളോട് പറയുന്ന പരാതികൾ വനരോദനമാവും. ഔദ്യോഗികമായ ഉയർച്ച പ്രതീക്ഷിക്കും. പക്ഷേ അനർഹർക്ക് അവ ലബ്ധമാകുന്നത് കാണേണ്ടിവരും. സഹജമായ പല ഗുണങ്ങളും കഴിവുകളും പ്രയോജനപ്പെടുത്താൻ സാധിച്ചേക്കും. അഭിനന്ദനങ്ങൾ കിട്ടാം. മാസത്തിൻ്റെ നല്ലൊരുപങ്കും നക്ഷത്രാധിപനായ ചൊവ്വ നീചത്തിൽ തുടരുകയാണെന്നതിനാൽ അകാരണമായ പിരിമുറുക്കം അനുഭവപ്പെടാം. വ്യാഴമാറ്റം കുംഭക്കൂറുകാർക്ക് ആശ്വാസമേകും.  മക്കളുടെ കാര്യത്തിൽ ശുഭകാര്യങ്ങൾ സംഭവിക്കുന്നതാണ്. ജീവകാരുണ്യത്തിലും സമൂഹ നന്മയ്ക്കുള്ള കൃത്യങ്ങളിലും ചുവടുവെയ്പുകൾ നടത്തുന്നതാണ്. രാഹു-കേതുമാറ്റം പലതരം സമ്മർദ്ദങ്ങൾ ഉണ്ടാക്കും. ദേഹസൗഖ്യത്തിന് കുറവുവരാം.

ചതയം

വ്യാഴത്തിൻ്റെ മാറ്റം സദ്ഫലങ്ങൾ സൃഷ്ടിക്കുന്നതാണ്. മാനസിക നിലവാരം ഉയരും. ഭൗതിക കാര്യങ്ങളിൽ ഉദ്വേഗം ഉണ്ടാവില്ല. മകളുടെ / മകൻ്റെ കാര്യങ്ങളിൽ സുഗമത ദൃശ്യമാകും. ധനപരമായ കരുതൽ പുലർത്തുന്നതിനും സാധിക്കും. ജന്മനക്ഷത്രാധിപനായ രാഹു ജന്മനക്ഷത്രത്തിൽ പിൻഗതിയായെത്തുന്നു. ഏഴരശ്ശനിക്കാലം തുടരുന്നുണ്ട്. ആദിത്യൻ് നാലാം ഭാവത്തിലുമാണ്. ഇവമൂന്നും മാനസിക-ശാരീരിക സമ്മർദങ്ങൾ ഉയർത്താം. അനാവശ്യമായ കാലവിളംബം ഉണ്ടാക്കും. മുൻപില്ലാത്തവിധം അലസരാവുന്നതാണ്. തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാനിടയുണ്ട്. അക്കാര്യം ചൂണ്ടിക്കാണിച്ചാൽ അംഗീകരിക്കാനും തിരുത്താനും സന്നദ്ധതയുണ്ടാവില്ല. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആവർത്തിത ശ്രമം വേണ്ടി വരും. ചൊവ്വയുടെ ആറിലെ സ്ഥിതി ശത്രുവിജയം, ഭൂമിയിൽ നിന്നുള്ള ആദായം എന്നിവയ്ക്ക് കാരണമായേക്കാം.

പൂരൂരുട്ടാതി

രാഹു  പൂരൂരുട്ടാതി നാലാംപാദത്തിൽ നിന്നും ഇടവം 4ന് പൂരൂരുട്ടാതി മൂന്നാം പാദത്തിലേക്ക് പ്രവേശിക്കും. മീനക്കൂറായാലും കുംഭക്കൂറായാലും രാഹു പൂരൂരുട്ടാതിയിൽ തന്നെയാണ്. അതിനാൽ ആലസ്യം, മാനസിക പിരിമുറുക്കം, പിൻവാങ്ങൽ/പിൻവലിയൽ എന്നിവ സഹജമാവും. ദുശ്ശാഠ്യം ഏറുന്നതാണ്. പ്രതീക്ഷിച്ച നേട്ടങ്ങൾ വൈകും. ശനിയുടെ പ്രതികൂലതയും ഉള്ളതിനാൽ ലക്ഷ്യപ്രാപ്തി എളുപ്പമായേക്കില്ല. കുംഭക്കൂറുകാർക്ക് വ്യാഴത്തിൻ്റെ അഞ്ചിലെ സ്ഥിതി കുറച്ചൊക്കെ അനുകൂലമാണ്. ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിച്ചേക്കും. മീനക്കൂറുകാർക്ക് ആദിത്യൻ സഹായ ഭാവത്തിലാകയാൽ സർക്കാർ സഹായം, രാഷ്ട്രീയ പിന്തുണ, സഹപ്രവർത്തകരുടെ സഹകരണം ഇവയുണ്ടാവും. ചൊവ്വ കുംഭക്കൂറുകാരുടെ എതിർ ശക്തികളെ പ്രതിരോധിക്കുന്നതാണ്.

ഉത്രട്ടാതി

ജന്മത്തിൽ - ജന്മരാശിയിലും ജന്മനക്ഷത്രത്തിലും - ശനി സഞ്ചരിക്കുന്ന കാലമാണ്. എത്ര ചടുലമായ നീക്കങ്ങളും പതുക്കെയാവും. പലകാര്യങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചേക്കില്ല. ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നില്ലെന്ന് കുടുംബത്തിൽ നിന്നും തന്നെ പരിഭവങ്ങൾ ഉയരാനിടയുണ്ട്. രാഹു ജന്മരാശിയിൽ നിന്നും പന്ത്രണ്ടിലേക്ക് മാറിയതും കേതു ആറാം ഭാവത്തിലായതും ആശ്വാസകരമാണ്. വ്യാഴത്തിൻ്റെ നാലിലെ സഞ്ചാരം സമ്മിശ്രമാണ്. തൊഴിൽ ഭാവത്തെ നോക്കുകയാൽ കർമ്മരംഗം മ്ളാനമാവില്ലെന്ന് ഊഹിക്കാം. ആദിത്യൻ മൂന്നാം ഭാവത്തിൽ സഞ്ചരിക്കുകയാൽ ഈ മാസത്തിൽ തടസ്സപ്പെട്ട പല കാര്യങ്ങളും പ്രവർത്തന സജ്ജമാക്കാൻ സാധിക്കും. ചൊവ്വ അഞ്ചാം ഭാവത്തിലാകയാൽ മക്കളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തണം.

രേവതി

ജന്മശനിയും പന്ത്രണ്ടിലെ രാഹുവും വിപരീത ഫലങ്ങളും കാര്യതടസ്സവും കർമ്മ പരാങ്മുഖത്വവും നൽകുന്നതാണ്. പരിശ്രമങ്ങൾ പകുതിയിൽ ഉപേക്ഷിക്കപ്പെടാം.  സന്ദിഗ്ദ്ധത തുടരപ്പെടുന്നതാണ്. വിഷാദത്തിൻ്റെ ചില്ലകളിലേക്ക് മനസ്സ് പെട്ടെന്ന് ചേക്കേറും. മൂന്നാം ഭാവത്തിലെ ആദിത്യൻ, ആറിലെ കേതു, ബുധശുക്രന്മാർ ഇവർ ജീവിതത്തെ സന്തുലിതമാക്കും. പ്രസന്നഭാവങ്ങൾ സമ്മാനിക്കും. നാലാം ഭാവത്തിലെ വ്യാഴം  ദോഷശക്തിയല്ല. ഗാർഹികാന്തരീക്ഷം മുന്നത്തെക്കാളും മെച്ചപ്പെടുന്നതാണ്. അഞ്ചിലെ ചൊവ്വ നിർബന്ധശീലം കാട്ടുവാൻ പ്രേരിപ്പിക്കും. മക്കളുമായി വെറുതെ പിണങ്ങാം.  മക്കളുടെ കാര്യമോർത്ത് ക്ലേശിക്കാനും സാധ്യതയുണ്ട്. കച്ചവടത്തിൽ കൂടുതൽ ധനം മുടക്കുന്നതിന് ഇപ്പോൾ ഗ്രഹാനുകൂല്യം ഇല്ല. പ്രണയികൾക്ക് / ദമ്പതികൾക്ക് ശൈഥില്യത്തിനുശേഷം ഒത്തിണങ്ങാൻ സന്ദർഭം സംജാതമാകുന്നതാണ്.

Read More

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: