scorecardresearch

അവിവാഹിതർക്ക് വിവാഹസാഫല്യം, ഭാഗ്യാനുഭവങ്ങൾ പലതുണ്ടാവും

2024 മേയ് മാസത്തിലെ പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര എന്നീ 7 നാളുകാരുടെ നക്ഷത്രഫലം

2024 മേയ് മാസത്തിലെ പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര എന്നീ 7 നാളുകാരുടെ നക്ഷത്രഫലം

author-image
S. Sreenivas Iyer
New Update
Horoscope | Astrology

മേയ് മാസത്തെ നക്ഷത്ര ഫലം

ഇംഗ്ലീഷ് അക്ഷരമാലയിലെ ഏറ്റവും കുറച്ച് അക്ഷരങ്ങൾ ഉപയോഗിച്ചുള്ള  പേരാണ് മേയ് (MAY) മാസത്തിന് നൽകപ്പെട്ടിരിക്കുന്നത്. സന്ദിഗ്ദ്ധതയുടെ സ്വരം പേരിൻ്റെ അർത്ഥത്തിലുമുണ്ട്. ജ്യോതിഷരീത്യാ പ്രാധാന്യമുള്ളതാണ് മേയ് മാസം. നവഗ്രഹങ്ങളിൽ ഗുരുതുല്യനായി കരുതപ്പെടുന്ന വ്യാഴം/ബൃഹസ്പതി (Jupiter) മേയ് ഒന്നാം തീയതി രാശി മാറുന്നുണ്ട്. വർഷത്തിലൊരിക്കൽ മാത്രമാണ് വ്യാഴത്തിൻ്റെ രാശിമാറ്റം വരുന്നത്.

Advertisment

ആദിത്യൻ മേടം, ഇടവം രാശികളിലൂടെയും ഭരണി, കാർത്തിക, രോഹിണി എന്നീ ഞാറ്റുവേലകളിലൂടെയും സഞ്ചരിക്കുന്നു. മേയ് 1-ാം തീയതി ചന്ദ്രൻ തിരുവോണം നക്ഷത്രത്തിലാണ്. മേയ് 31 ന് ചന്ദ്രൻ രാശിചക്രത്തെ ഒരുവട്ടം ഭ്രമണം ചെയ്ത് പൂരൂരുട്ടാതി നക്ഷത്രത്തിൽ എത്തിനിൽക്കുന്നു. ചൊവ്വയും ബുധനും മീനം രാശിയിലാണ്. 

ബുധൻ മേയ് 10 ന് മേടത്തിലേക്ക് പകരുന്നു. ശുക്രൻ മേടത്തിലാണ്. മേയ് 19 ന് ഇടവത്തിലേക്ക് സംക്രമിക്കുന്നു. വ്യാഴം മേയ് 1 ന് മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് മാറുകയാണ്. ജ്യോതിഷപരമായി ഏറെ പ്രാധാന്യമുള്ള രാശിമാറ്റമാണ് വ്യാഴത്തിൻ്റേത്. ശനി കുംഭം രാശിയിലും (പൂരൂരുട്ടാതി നാളിലും) രാഹു മീനം രാശിയിലും (രേവതി നാളിലും) കേതു കന്നി രാശിയിലും (അത്തം നാളിലും) തുടരുന്നു. 

വ്യാഴത്തിനും ശുക്രനും മൗഢ്യമുണ്ട്. മേയ് 3 ന് ശുക്രൻ്റെ മൗഢ്യം തുടങ്ങുന്നു. രണ്ടുമാസം നീളും. വ്യാഴമൗഢ്യം മേയ് 4 ന് തുടങ്ങുന്നു. ഒരു മാസത്തോളമുണ്ട് വ്യാഴത്തിൻ്റെ മൗഢ്യം. ഗ്രഹങ്ങളുടെ ശക്തി ക്ഷയിക്കുന്ന അവസ്ഥയാണ് മൗഢ്യം. സൂര്യസാമീപ്യമാണ് കാരണം. മേയ് 7,8 തീയതികളിൽ അമാവാസി അഥവാ കറുത്തവാവ് വരുന്നു. മേയ് 23 ന് ആണ് പൗർണമി അഥവാ വെളുത്തവാവ് സംഭവിക്കുന്നത്. 

Advertisment

കൊല്ലവർഷം1199 ലെ മേടം, ഇടവം മാസങ്ങൾ ചേർന്നതാണ് 2024 മേയ് മാസം. മേടമാസം 18 ന് മേയ് മാസം തുടങ്ങുന്നു. ഇടവം 17 ന് മേയ് 31 വരുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ 2024 മേയ് മാസത്തിലെ പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര എന്നീ 7 നാളുകാരുടെ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുന്നു.

പൂയം

ഗുണപുഷ്കലതയുള്ള കാലഘട്ടമാണ്. മുൻപ് അതിപ്രയത്നത്താൽ പോലും നേടാനാവാത്തവ ഇപ്പോൾ ലഘുപ്രയത്നത്താൽ നേടാനാവും. അർഹതയ്ക്കനുസരിച്ചുള്ള തൊഴിൽ ലഭിച്ചേക്കാം. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം, വേതന വർദ്ധനവ് ഇവ സിദ്ധിക്കുന്നതാണ്. പരീക്ഷയിൽ സ്തുത്യർഹമായ വിജയം കൈവരും. തുടർപഠനത്തിന് ആഗ്രഹിച്ചപോലെ അവസരങ്ങൾ ലബ്ധമാകുന്നതാണ്. അകത്തും പുറത്തുമുള്ള എതിർപ്പുകൾ നിഷ്പ്രഭമാവും. വീടുവിട്ടുപോയവർ മടങ്ങിവന്നേക്കും. അവിവാഹിതർക്ക് വിവാഹസാഫല്യം ഭവിക്കുന്നതാണ്. നവസംരംഭങ്ങൾ വിജയകരമാകും. കുടുംബ ജീവിതത്തിൽ ഭദ്രത പ്രതീക്ഷിക്കാം. ധനപരമായ ഞെരുക്കം മാറും. ചെറിയ ആരോഗ്യപ്രശ്നങ്ങൾ വരാവുന്നതാണ്.

ആയില്യം

പത്ത്, പതിനൊന്ന് ഭാവങ്ങളിലായി ആദിത്യനും പതിനൊന്നിൽ വ്യാഴവും സഞ്ചരിക്കുകയാൽ ന്യായമായ ആഗ്രഹങ്ങൾ സാക്ഷാല്കരിക്കപ്പെടുന്നതാണ്. കഴിവുകൾക്ക് അംഗീകാരം ലഭിക്കും. അയൽ വഴക്കുകൾക്ക് പരിഹാരമാവും. മുടങ്ങിപ്പോയ സംരംഭങ്ങൾ പുനരാരംഭിക്കാൻ സാധിക്കുന്നതാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി, രേഖ മുതലായവ നേടാനാവും. വിദേശത്ത് തൊഴിൽ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് പരിഹാരം കിട്ടും. പാരമ്പര്യമായി ചെയ്തുവരുന്ന ബിസിനസ്സിൽ മുന്നേറ്റം ദൃശ്യമാകുന്നതാണ്. പൊതുപ്രവർത്തകർക്ക് വലിയ തോതിലുള്ള ജനപിന്തുണ സിദ്ധിക്കാം. പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് അവസരമൊരുങ്ങും. അഷ്ടമശനിയും ഒമ്പതിലെ രാഹുകുജന്മാരും രോഗം, കാര്യവിളംബം, ഭാഗ്യക്കുറവ് എന്നിവ സൃഷ്ടിച്ചേക്കാം.

മകം

ചിങ്ങക്കൂറിൻ്റെ അധിപനായ സൂര്യൻ ഉച്ചസ്ഥാനത്തിലും തുടർന്ന് അനുകൂല ഭാവമായ പത്താമെടത്തിലും സഞ്ചരിക്കുന്നത്  ഗുണഫലങ്ങൾ സൃഷ്ടിക്കാം. ഭാഗ്യാനുഭവങ്ങൾ പലതുണ്ടാവും. കാര്യസാദ്ധ്യത്തിന് രാഷ്ട്രീയ ഇടപെടലുകൾ ഗുണം ചെയ്യുന്നതായിരിക്കും. പദവികൾ ലഭിച്ചേക്കാം. ലോൺ നേടാനുള്ള ശ്രമം വിജയിക്കുന്നതാണ്. അദ്ധ്വാനം അംഗീകരിക്കപ്പെടും. സംരംഭങ്ങൾക്കായുള്ള അനുമതി രേഖകൾ തടസ്സം കൂടാതെ കിട്ടുന്നതാണ്. ബിസിനസ്സിൽ ആദായം കുറയില്ല. ഉപഭോക്താക്കളുടെ നിർദ്ദേശം കണക്കിലെടുക്കും. രാഹുവും ചൊവ്വയും ശനിയും അനിഷ്ടസ്ഥിതിയിൽ ആകയാൽ ദുഷ്കീർത്തി, ആരോഗ്യപ്രശ്നങ്ങൾ, ചോരഭയം, പ്രണയ ഭംഗം, ദാമ്പത്യ ക്ലേശങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. ആകയാൽ വാക്കിലും കർമ്മങ്ങളിലും കരുതൽ ആവശ്യമാണ്.

പൂരം

ജീവിതത്തിൻ്റെ മുന്നോട്ടുള്ള ഗതി സുഗമമാവും. സ്വന്തം അഭിപ്രായം ഒപ്പമുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാൻ കഴിയുന്നതാണ്. സഹപ്രവർത്തകരുടെ സഹകരണം ദൗത്യങ്ങളെ വിജയിപ്പിക്കും. കുടുംബയോഗം വിളിച്ചു കൂട്ടും. പഴയ കാര്യങ്ങൾ അയവിറക്കാനും ഭാവി പ്രവർത്തനങ്ങൾ തീരുമാനിക്കാനുമാവും. അനുബന്ധ ജോലികളും ആദായകരമായേക്കും. പിതാവുമായുള്ള അകൽച്ച നീങ്ങും. പരീക്ഷ എഴുതി കാത്തിരിക്കുന്നവർക്ക് മികച്ച വിജയം കൈവരുന്നതാണ്. തുടർ പഠനം സംബന്ധിച്ച വ്യക്തത ഉണ്ടാവും. ഇടയ്ക്ക് നിരുന്മേഷത, കർമ്മപരാങ്മുഖത്വം ഇവയുണ്ടായേക്കും. ഉത്തരവാദിത്വങ്ങൾ മറ്റുള്ളവരെ ഏല്പിക്കുന്നതുമൂലം ദോഷഫലം വരാനിടയുണ്ട്.  സാമ്പത്തിക അച്ചടക്കം പാലിക്കാൻ കഴിഞ്ഞേക്കില്ല. കരുതലും ആത്മാർത്ഥതയും കൂടിയേ കഴിയൂ.

ഉത്രം

നക്ഷത്രനാഥൻ ആദിത്യൻ്റെ ഉച്ചസ്ഥിതിയാൽ ആത്മശക്തി ഉയരുന്നതാണ്. പ്രതിസന്ധികളെ നേരിടുന്നതിൽ ധൈര്യമുണ്ടാവും. കുടുംബാംഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ആത്മാർത്ഥമായ ശ്രമം തുടരുന്നതാണ്. സ്വകാര്യസ്ഥാപനത്തിലെ ജോലിയിൽ ഉയർച്ചയുണ്ടാവും. സർക്കാർ ഉദ്യോഗസ്ഥർക്ക് അനുകൂലമായ ദിക്കിലേക്ക് സ്ഥലംമാറ്റം  പ്രതീക്ഷിക്കാം. തർക്കവസ്തുക്കൾ വിൽക്കാനുള്ള ശ്രമം തടസ്സപ്പെടുന്നതാണ്. സഹോദരരുമായി പാർട്ണർഷിപ്പ് സംബന്ധിച്ച തർക്കങ്ങൾ ഉടലെടുക്കാനിടയുണ്ട്. പുതുതലമുറയുമായി ആശയസംഘർഷം ഉണ്ടാകാം. വൃദ്ധജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ സാധ്യതയാണ്. കൃഷിയിൽ താല്പര്യമേറും. പുതിയ വിഷയങ്ങൾ പഠിക്കാൻ ശ്രമം നടത്തുന്നതാണ്.

അത്തം

അഷ്ടമ, നവമ ഭാവങ്ങളിലെ ആദിത്യസഞ്ചാരത്താൽ സർക്കാർ സംബന്ധിച്ച കാര്യങ്ങളിൽ തടസ്സം ഏർപ്പെടുന്നതാണ്. ഉദ്യോഗസ്ഥർ മേലധികാരികളുടെ അപ്രീതിക്ക് പാത്രമാവും. സംഘടനാകാര്യങ്ങളിൽ ആരോപണം നേരിടേണ്ടി വന്നേക്കാം. ശത്രുക്കളുടെ പ്രവർത്തനം സ്വൈരക്കേടുണ്ടാക്കും. പിതാവിൻ്റെ സ്വത്തുക്കൾ സംബന്ധിച്ച് തർക്കങ്ങൾ ഉടലെടുക്കാൻ സാധ്യത കാണുന്നു. സ്വന്തം പണം മുടക്കി നടത്തുന്ന തൊഴിലിൽ നിന്നും ചെറുലാഭം വന്നുതുടങ്ങും. എന്നാൽ വരുമാനത്തിൽ അസ്ഥിരത്വമുണ്ടാവും. കുടുംബപരമായി സൗഖ്യം കുറഞ്ഞേക്കാം. ഭോഗവിഘാതം, ജീവിത പങ്കാളിയുമായി കലഹം, പ്രണയകാര്യത്തിൽ തടസ്സം, ഉറക്കക്കുറവ് ഇവയുണ്ടാവുന്നതാണ്. മാസത്തിൻ്റെ രണ്ടാം പകുതിയിൽ മനസ്സന്തോഷത്തിന് വക കാണുന്നു. സാങ്കേതിക പഠനത്തിന് പ്രവേശനം സിദ്ധിക്കും.

ചിത്തിര

ലക്ഷ്യപ്രാപ്തിക്ക് നിരന്തര പ്രവർത്തനം ആവശ്യമായി വരുന്നതാണ്. കാലത്തിൻ്റെ മാറ്റം ഉൾക്കൊള്ളാൻ ശ്രമിക്കും. കർമ്മമേഖലയിൽ നവീകരണം ഭാഗികമായി സാധ്യമാകും. സഹായ വാഗ്ദാനങ്ങളിൽ അമിതമായി വിശ്വസിക്കേണ്ടതില്ല. ഓൺലൈൻ ബിസിനസ്സിൽ വരുമാനം ഏറിയും കുറഞ്ഞുമിരിക്കും. പുതിയ ഡീലർഷിപ്പുകൾ നേടിയേക്കും. ഉദ്യോഗസ്ഥർക്ക് ശരാശരിയായിട്ടുള്ള മാസമാണ്. നക്ഷത്രനാഥനായ ചൊവ്വയ്ക്ക് രാഹുയോഗം തുടരുകയാൽ ആലസ്യം, ശരീരമനക്ലേശങ്ങൾ എന്നിവ ഭവിക്കാം. കുടുംബയോഗങ്ങളുടെ സംഘാടനത്തിന് സമയം കണ്ടെത്തുന്നതാണ്. വിനോദ - ആത്മീയ യാത്രകൾക്ക് അവസരമൊരുങ്ങും. പരീക്ഷാഫലം ആഹ്ളാദിപ്പിക്കും. . 

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: