scorecardresearch

Mars Transit To Thulam Rashi: ചൊവ്വ തുലാം രാശിയിൽ, മൂലം മുതൽ രേവതി വരെ

Mars Transit: ചൊവ്വയുടെ തുലാം രാശിയിലെ സഞ്ചാരം മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകളിൽ ജനിച്ചവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നു നോക്കാം

Mars Transit: ചൊവ്വയുടെ തുലാം രാശിയിലെ സഞ്ചാരം മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകളിൽ ജനിച്ചവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നു നോക്കാം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
chovva thulam moolam

Mars Transit: ചൊവ്വ തുലാം രാശിയിൽ, മൂലം മുതൽ രേവതി വരെ

Mars Transit To Thulam Rashi: 2025 സെപ്തംബർ 13 ന് (1201 ചിങ്ങം 28)  ചൊവ്വ അഥവാ കുജൻ (Mars) കന്നിരാശിയിൽ നിന്നും തുലാം രാശിയിലേക്ക് സംക്രമിക്കുന്നു. ഒക്ടോബർ 27 തുലാം 10 വരെ ചൊവ്വ തുലാം രാശിയിൽ സഞ്ചരിക്കും. ചിത്തിര നക്ഷത്രത്തിലാണ് ഇപ്പോൾ ചൊവ്വ. സെപ്തംബർ 24ന്  ചോതി നക്ഷത്രത്തിൽ പ്രവേശിക്കും. ഒക്ടോബർ 13 ന് വിശാഖത്തിലേക്ക് സംക്രമിക്കുന്നതാണ്. ചിത്തിര 3, 4 പാദങ്ങൾ, ചോതി മുഴുവൻ 4 പാദങ്ങൾ, വിശാഖം 1, 2, 3 എന്നീ നക്ഷത്രപാദങ്ങളാണ് തുലാം രാശിയിലുള്ളത് എന്നോർമ്മിക്കാം.

Advertisment

 ചൊവ്വയും തുലാം രാശിയുടെ അധിപനായ ശുക്രനും സമന്മാരാണ്. ഗുണം, ദോഷം എന്നിവ സമമായ അവസ്ഥയെന്ന് പറയാം. ഇംഗ്ലീഷിൽ പറഞ്ഞാൽ ഇതിനെ Neutrality എന്നു വിശേഷിപ്പിക്കുന്നത് ഉചിതമായിരിക്കും. ചുവന്ന നിറത്താൽ ചൊവ്വ (ലോഹിതൻ/ അംഗാരകൻ) എന്ന പേരുണ്ടായ ചൊവ്വ ഭൂമിപുത്രനായും വിശേഷിപ്പിക്കപ്പെടുന്നു. ഭൗമൻ, കുജൻ, മാഹേയൻ തുടങ്ങിയ പേരുകളുടെ പൊരുളതാണ്. മംഗലൻ, വക്രൻ, കുമാരൻ, ആരൻ, രക്തൻ തുടങ്ങിയ പേരുകളുമുണ്ട്.
 
ക്രൂരഗ്രഹം അഥവാ പാപഗ്രഹമായി ചൊവ്വ വിശേഷിപ്പിക്കപ്പെടുന്നു. ഗ്രഹങ്ങളിൽ ആദിത്യൻ, ചന്ദ്രൻ, വ്യാഴം എന്നിവ ചൊവ്വയുടെ മിത്രങ്ങൾ. ശുക്രനും ശനിയും തുല്യർ. ബുധൻ ശത്രുവാണ്. മേടം, വൃശ്ചികം എന്നിവ ചൊവ്വയുടെ സ്വക്ഷേത്രങ്ങൾ. മകരം ഉച്ചരാശിയും കർക്കടകം നീചരാശിയുമാകുന്നു. പവിഴം ചൊവ്വയുടെ രത്നം. തുവരയാണ് ധാന്യം. ചുവപ്പ് നിറമുള്ള വസ്ത്രം ചൊവ്വയുമായി ബന്ധപ്പെട്ടതാണ്.  രക്തത്രികോണാകൃതിയാണ് ചൊവ്വയുടെ ഇരിപ്പിടത്തിന്. ആടാണ് വാഹനം. ശക്തി അഥവാ വേലാണ് ആയുധം. യുദ്ധത്തിൻ്റെ കാരകൻ ചൊവ്വയാണ്. അതിനാൽ 'ഗ്രഹങ്ങളുടെ സേനാനായകൻ' എന്ന പദവി ചൊവ്വ വഹിക്കുന്നു.

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

വ്യാപാരരാശിയാണ് തുലാം രാശി. ത്രാസ്സ് അഥവാ തുലാസ്സ് കൈയ്യിൽ ധരിച്ച് അങ്ങാടിയിൽ ഇരിക്കുന്ന ഒരു കച്ചവടക്കാരനാണ് തുലാം രാശിയുടെ സ്വരൂപം. ലോകമെങ്ങും ഇപ്പോൾ കച്ചവടവും തൽസംബന്ധമായ ചുങ്കവും തർക്ക കോലാഹലത്തിലാണല്ലോ? ചൊവ്വ തുലാം രാശിയിൽ സഞ്ചരിക്കുമ്പോൾ പ്രസ്തുതവിഷയം കൂടുതലാവാനാണ് സാധ്യതയുള്ളത്! ഏതാണ്ട് ഒന്നരമാസം ചൊവ്വ തുലാം രാശിയിൽ സഞ്ചരിക്കുന്നു.

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ രാശിഫലം ചൊവ്വയുടെ തുലാം രാശി സഞ്ചാരത്തെ അവലംബമാക്കി ഇവിടെ വിശദീകരിക്കുന്നു.

Advertisment

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

പത്താം ഭാവത്തിൽ നിന്നും പതിനൊന്നാം ഭാവത്തിലേക്ക് ചൊവ്വ മാറുന്നു. നവഗ്രഹങ്ങളും ഗുണപ്രദന്മാരായി മാറുന്ന ഒരുഭാവം പതിനൊന്നാമെടമാണ്. ലാഭസ്ഥാനം, സർവ്വാഭീഷ്ടഭാവം എന്നെല്ലാം പതിനൊന്നാമെടത്തെ സംബോധന ചെയ്യുന്നത് അതിനാലാവണം. ധനുക്കൂറുകാർക്ക് ന്യായമായ ആഗ്രഹങ്ങൾ സഫലമാവുന്ന കാലമായിരിക്കും. തടസ്സങ്ങൾ താനേ അകലുന്നതാണ്. പദവികൾ ലഭിക്കാം. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം വരും. വേതനവർദ്ധനവിനും അവസരം വന്നേക്കും.

ശത്രുക്കളുടെ പ്രവർത്തനങ്ങളെ നിഷ്പ്രഭമാക്കുന്നതാണ്. ആത്മവിശ്വാസം ഊന്നുവടി പോലെ ഏതുദുർഘടങ്ങളിലും കൂട്ടിനുണ്ടാവും. ബിസിനസ്സിൽ നിന്നും ആദായം അധികരിക്കുന്നതാണ്. ഭൂമിലാഭത്തിന് സാധ്യതയുണ്ട്. മത്സരങ്ങളിൽ വിജയമുണ്ടാവും. വലിയ കരാറുകൾ നേടിയെടുക്കും. പ്രണയികൾ ഭാവി സംബന്ധിച്ച കൃത്യമായ തീരുമാനം കൈക്കൊള്ളും. ദാമ്പത്യത്തിലും സൗഖ്യം പ്രതീക്ഷിക്കാവുന്നതാണ്. ചിട്ടി, നറുക്കെടുപ്പ്, ഇൻഷ്വറൻസ് മുതലായവയിലൂടെ ധനാഗമം വന്നെത്തുന്നതാണ്.

മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)

ഒമ്പതാമെടത്തിൽ നിന്നും പത്താം ഭാവത്തിലേക്ക് ചൊവ്വ സംക്രമിക്കുന്നു. തൊഴിലിടത്തിൽ സംതൃപ്തി കുറയാനിടയുണ്ട്. കരുതിയ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞേക്കില്ല. ആസൂത്രണ മികവ് ഫലിച്ചുകൊള്ളണമെന്നില്ല. പുതിയ കാര്യങ്ങളുടെ നിർവഹണത്തിൽ വിഘ്നം ഭവിക്കും. ബിസിനസ്സ് യാത്രകൾ കൊണ്ട് പ്രതീക്ഷിച്ച നേട്ടം കൈവന്നേക്കില്ല. സരളമായും സുഗമമായും അനുഭവപ്പെട്ടിരുന്ന കാര്യങ്ങൾ സങ്കീർണ്ണമായി തോന്നും.

വിദ്യാർത്ഥികളുടെയും പഠന നിലവാരത്തിൽ അദ്ധ്യാപകർ ആശങ്കരേഖപ്പെടുത്താം.  ഗവേഷകർക്ക് 'ഇരുട്ടിൽ തപ്പുന്ന' പ്രതീതിണ്ടാവുന്നതാണ്. തീർത്ഥാടനത്തിൽ നിന്നും പിന്മാറാനിടയുണ്ട്. എത്ര കിണഞ്ഞു ശ്രമിച്ചാലും  ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടാത്തതിൽ വിഷമമുണ്ടാവും. ഭൂമിവാങ്ങാനോ/ ഗൃഹനിർമ്മാണം ആരംഭിക്കാനോ കാത്തിരിക്കേണ്ടി വരുന്നതാണ്. അനുരാഗികൾക്കിടയിൽ 'ego' യുണ്ടാവും. തന്മൂലം താത്കാലികമായെങ്കിലും ശൈഥില്യം ഏർപ്പെടാം.

Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ

കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)

അഷ്ടമത്തിൽ നിന്നും ചൊവ്വ മാറുന്നത് വലിയ ആശ്വാസമാണ്. എങ്കിലും ചിലദോഷഫലങ്ങൾ ഭവിക്കാം. ഒമ്പതിലെ ചൊവ്വ ഭാഗ്യഭ്രംശം ഉണ്ടാക്കും. സ്വയം പ്രതീക്ഷിച്ച സ്ഥാനക്കയറ്റം സഹപ്രവർത്തകന് ലഭിക്കുന്നതിൽ വിഷമിക്കും. നല്ല അവസരങ്ങൾ 'കപ്പിനും ചുണ്ടിനുമിടയിൽ' ഊർന്നുപോകാം. കലാകാരന്മാരുടെ കഴിവുകൾക്ക് അർഹിക്കുന്ന അംഗീകാരം ലഭിച്ചേക്കില്ല. സാമ്പത്തിക തട്ടിപ്പുകളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. തറവാടിൻ്റെ  ഭാഗം നടന്നേക്കും. എന്നാൽ അർഹതയുള്ളത് ലഭിക്കാൻ തർക്കിക്കേണ്ടി വരുന്നതാണ്.

മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ കരുതലുണ്ടാവണം. ഉപാസനാദികൾ തടസ്സപ്പെടുന്നതിന് സാധ്യത കാണുന്നു. പൊതുപ്രവർത്തകർ അപവാദങ്ങളെ നേരിടും. ബിസിനസ്സിൽ ഉണർവുണ്ടായേക്കില്ല. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ പ്രതീക്ഷിച്ചത്ര മാർക്ക് ലഭിക്കില്ല. കരാർ പണികളിൽ സന്ദിഗ്ധതയുണ്ടാവും. സഹോദരാനുകൂല്യം കുറയാം. പരുക്കൻ സ്വഭാവത്താൽ സുഹൃത്തുക്കൾ വിരോധികളായേക്കും. വരുമാനമാർഗങ്ങൾ വിപുലീകരിക്കാനുള്ള ശ്രമങ്ങൾക്ക് മാന്ദ്യം നേരിടും.

Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ

മീനക്കൂറിന് (പൂരൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി)

ചൊവ്വ തുലാംരാശിയിൽ സഞ്ചരിക്കുമ്പോൾ ദോഷഫലങ്ങൾ കൂടുതലായി വന്നുചേരുക തുലാക്കൂറുകാർക്കും വൃശ്ചികക്കൂറുകാർക്കും പിന്നെ മീനക്കൂറുകാർക്കും ആണ്. മീനക്കൂറിൽ ജനിച്ചവർ ഇപ്പോൾ ഒരുവിധത്തിലുള്ള സാഹസങ്ങൾക്കും മുതിരരുത്. മൗനം ഭൂഷണം എന്നത് ആപ്തവാക്യം പോലെ മുറുകെ പിടിക്കണം.

വാഹനം, അഗ്നി, യന്ത്രം, വൈദ്യുതി ഇവ ഉപയോഗിക്കുമ്പോൾ നല്ലവണ്ണം കരുതൽ വേണ്ടതുണ്ട്. ആരോഗ്യപരിരക്ഷ യ്ക്ക് പ്രാമുഖ്യം നൽകണം. ചെറുതോ വലുതോ ആയ കാര്യങ്ങളിൽ പോലും ആസൂത്രണവും ഏകോപനവും കുറ്റമറ്റതാവണം. എങ്കിൽ തന്നെയും തടസ്സങ്ങൾ ഉണ്ടായേക്കാം. നവസംരംഭങ്ങൾ തുടങ്ങരുത്. നവജാതശിശുക്കൾക്ക് ബാലാരിഷ്ടയേറും. നിയമ വ്യവസ്ഥകൾ ഉറപ്പായും പാലിക്കണം. കളവ് പോകാനിടയുള്ളതിനാൽ പേഴ്സ്, ബാങ്കിംഗ് കാർഡുകൾ, മൊബൈൽ ഇത്യാദികൾ സൂക്ഷിക്കണം. ജാതകമനുസരിച്ച് അനുകൂലമായ സമയമാണെങ്കിൽ ചൊവ്വയുടെ ഗോചരഫലത്തിലുള്ള ദോഷങ്ങൾ ലഘൂകരിക്കപ്പെടും.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: