scorecardresearch

Mars Transit To Thulam Rashi: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ ആയില്യം വരെ

Mars Transit: ചൊവ്വയുടെ തുലാം രാശിയിലെ സഞ്ചാരം അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകളിൽ ജനിച്ചവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നു നോക്കാം

Mars Transit: ചൊവ്വയുടെ തുലാം രാശിയിലെ സഞ്ചാരം അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകളിൽ ജനിച്ചവരെ എങ്ങനെ സ്വാധീനിക്കുന്നു എന്നു നോക്കാം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
chovva thulam ashwathy

Mars Transit: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ ആയില്യം വരെ

Mars Transit To Thulam Rashi: 2025 സെപ്തംബർ 13 ന് (1201 ചിങ്ങം 28)  ചൊവ്വ അഥവാ കുജൻ (Mars) കന്നിരാശിയിൽ നിന്നും തുലാം രാശിയിലേക്ക് സംക്രമിക്കുന്നു. ഒക്ടോബർ 27 തുലാം 10 വരെ ചൊവ്വ തുലാം രാശിയിൽ സഞ്ചരിക്കും. ചിത്തിര നക്ഷത്രത്തിലാണ് ഇപ്പോൾ ചൊവ്വ. സെപ്തംബർ 24ന്  ചോതി നക്ഷത്രത്തിൽ പ്രവേശിക്കും. ഒക്ടോബർ 13 ന് വിശാഖത്തിലേക്ക് സംക്രമിക്കുന്നതാണ്. ചിത്തിര 3, 4 പാദങ്ങൾ, ചോതി മുഴുവൻ 4 പാദങ്ങൾ, വിശാഖം 1, 2, 3 എന്നീ നക്ഷത്രപാദങ്ങളാണ് തുലാം രാശിയിലുള്ളത് എന്നോർമ്മിക്കാം.

Advertisment

 ചൊവ്വയും തുലാം രാശിയുടെ അധിപനായ ശുക്രനും സമന്മാരാണ്. ഗുണം, ദോഷം എന്നിവ സമമായ അവസ്ഥയെന്ന് പറയാം. ഇംഗ്ലീഷിൽ പറഞ്ഞാൽ ഇതിനെ Neutrality എന്നു വിശേഷിപ്പിക്കുന്നത് ഉചിതമായിരിക്കും. ചുവന്ന നിറത്താൽ ചൊവ്വ (ലോഹിതൻ/ അംഗാരകൻ) എന്ന പേരുണ്ടായ ചൊവ്വ ഭൂമിപുത്രനായും വിശേഷിപ്പിക്കപ്പെടുന്നു. ഭൗമൻ, കുജൻ, മാഹേയൻ തുടങ്ങിയ പേരുകളുടെ പൊരുളതാണ്. മംഗലൻ, വക്രൻ, കുമാരൻ, ആരൻ, രക്തൻ തുടങ്ങിയ പേരുകളുമുണ്ട്.
 
ക്രൂരഗ്രഹം അഥവാ പാപഗ്രഹമായി ചൊവ്വ വിശേഷിപ്പിക്കപ്പെടുന്നു. ഗ്രഹങ്ങളിൽ ആദിത്യൻ, ചന്ദ്രൻ, വ്യാഴം എന്നിവ ചൊവ്വയുടെ മിത്രങ്ങൾ. ശുക്രനും ശനിയും തുല്യർ. ബുധൻ ശത്രുവാണ്. മേടം, വൃശ്ചികം എന്നിവ ചൊവ്വയുടെ സ്വക്ഷേത്രങ്ങൾ. മകരം ഉച്ചരാശിയും കർക്കടകം നീചരാശിയുമാകുന്നു. പവിഴം ചൊവ്വയുടെ രത്നം. തുവരയാണ് ധാന്യം. ചുവപ്പ് നിറമുള്ള വസ്ത്രം ചൊവ്വയുമായി ബന്ധപ്പെട്ടതാണ്.  രക്തത്രികോണാകൃതിയാണ് ചൊവ്വയുടെ ഇരിപ്പിടത്തിന്. 
ആടാണ് വാഹനം. ശക്തി അഥവാ വേലാണ് ആയുധം. യുദ്ധത്തിൻ്റെ കാരകൻ ചൊവ്വയാണ്. അതിനാൽ 'ഗ്രഹങ്ങളുടെ സേനാനായകൻ' എന്ന പദവി ചൊവ്വ വഹിക്കുന്നു.

വ്യാപാരരാശിയാണ് തുലാം രാശി. ത്രാസ്സ് അഥവാ തുലാസ്സ് കൈയ്യിൽ ധരിച്ച് അങ്ങാടിയിൽ ഇരിക്കുന്ന ഒരു കച്ചവടക്കാരനാണ് തുലാം രാശിയുടെ സ്വരൂപം. ലോകമെങ്ങും ഇപ്പോൾ കച്ചവടവും തൽസംബന്ധമായ ചുങ്കവും തർക്ക കോലാഹലത്തിലാണല്ലോ? ചൊവ്വ തുലാം രാശിയിൽ സഞ്ചരിക്കുമ്പോൾ പ്രസ്തുതവിഷയം കൂടുതലാവാനാണ് സാധ്യതയുള്ളത്! ഏതാണ്ട് ഒന്നരമാസം ചൊവ്വ തുലാം രാശിയിൽ സഞ്ചരിക്കുന്നു.

Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ രാശിഫലം ചൊവ്വയുടെ തുലാം രാശി സഞ്ചാരത്തെ അവലംബമാക്കി ഇവിടെ വിശദീകരിക്കുന്നു.

Advertisment

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)

അനുകൂലഭാവമായിരുന്ന ആറാമെടത്തിൽ നിന്നും പ്രതികൂലമായ ഏഴാമെടത്തിലേക്ക് കുജൻ മാറുന്നു. ഏഴാമെടം കൊണ്ട് വാഹനയാത്ര സൂചിതമാകയാൽ അക്കാര്യത്തിൽ കരുതലുണ്ടാവണം. യാത്രാക്ലേശത്തിന് സാധ്യത കാണുന്നു. പ്രണയഭാവങ്ങൾ ഏഴാമെടത്തിലെ കുജസ്ഥിതിയാൽ ശിഥിലമാവാനിടയുണ്ട്. ഉള്ളിലെ അഹംഭാവംകരുത്തുനേടുകയാൽ മസൃണഭാവങ്ങൾ തളരുകയും 'അഹം' അമിതബലമാർജ്ജിക്കുകയും ചെയ്യും. പൊരുത്തപ്പെടാനുള്ള മനസ്സ് പോയി, എല്ലാം പൊരുതി നേടണമെന്ന തോന്നൽ ശക്തി പ്രാപിക്കുന്നതാണ്.

ദാമ്പത്യ ജീവിതത്തെയും അസംതൃപ്തി ബാധിക്കാം. കൂട്ടുകച്ചവടത്തിൽ, പാർട്ണർമാർ തമ്മിൽ പ്രശ്നങ്ങൾ ഉൽഭവിക്കും. ദൂരയാത്രകൾക്ക് അവസരം ഒരുങ്ങുന്നതാണ്. ഏഴിൽ സഞ്ചരിക്കുന്ന ചൊവ്വ കർമ്മഭാവത്തെ നോക്കുകയാൽ തൊഴിലിടത്തിൽ സമ്മർദ്ദങ്ങൾ ഉയരും. മൗനം പാലിക്കുകയും പ്രതികരണശേഷി നിർവീര്യമാക്കുകയും ചെയ്താൽ കലഹങ്ങൾ ഒഴിവാക്കാം. രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവർ കരുതൽ കൈക്കൊള്ളണം.

Also Read:സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ

ഇടവക്കൂറിന് (കാർത്തിക 1,2,3 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ)

ചൊവ്വആറാം ഭാവത്തിൽ സഞ്ചരിക്കുകയാൽ അനുകൂലഫലങ്ങൾ ഏറും. ഇഷ്ടകാര്യങ്ങൾ തടസ്സമില്ലാതെ പൂർത്തിയാക്കും. ആത്മവിശ്വാസം കൂടും. ശത്രുക്കളുടെ പ്രവർത്തനത്തെ പ്രതിരോധിക്കുന്ന തിനാവും. ഉദ്യോഗാർത്ഥികൾക്ക് തേടിയ അവസരങ്ങൾ സംജാതമാകും. കുടുംബ പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം കണ്ടെത്തുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റമുണ്ടാവും.

ബിസിനസ്സിൻ്റെ ആവശ്യങ്ങൾക്ക് വായ്പ ലഭിക്കുന്നതാണ്. മത്സരങ്ങളിൽ വിജയം കരഗതമാവും. ചൊവ്വയ്ക്ക് ഭൂമികാരകത്വമുണ്ട്. അതിനാൽ വസ്തുവാങ്ങാനുള്ള സാധ്യതയുണ്ട്. വീടുപണി തുടങ്ങിയേക്കാം. സിവിൽ വ്യവഹാരങ്ങളിൽ അനുകൂലവിധി സമ്പാദിക്കാനിടയുണ്ട്. സഹോദരരുടെ ഇടയിൽ അംഗീകാരം കൈവരുന്നതാണ്. ദാമ്പത്യത്തിൽ സമാധാനമുണ്ടാവും. യാത്രകൾ ഗുണം ചെയ്തേക്കും. രാഷ്ട്രീയ നിലപാടുകളിൽ നേട്ടം ഭവിക്കും. സ്വർണലാഭം, നിക്ഷേപങ്ങളിൽ നിന്നും ആദായം എന്നിവ പ്രതീക്ഷിക്കാം.

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)

 നാലാം ഭാവത്തിൽ നിന്നും അഞ്ചാം ഭാവത്തിലേക്ക് ചൊവ്വ മാറുന്നു. ഫലം ചിന്തിക്കുമ്പോൾ വലിയ വ്യത്യാസമൊന്നും പറയാനില്ല.പിടിവാശി കൂടും. മുതിർന്നവരായാലും കുട്ടികളുടെ കൂട്ട് ചെറുകാര്യങ്ങൾക്കും ശാഠ്യം കാട്ടും. പലപ്പോഴും മനസ്സ് വിഷാദാർദ്രമാവും. ആശയക്കുഴപ്പം തുടരുന്നതാണ്. ബൗദ്ധികമായ സമീപനം വേണ്ടിടത്ത് വൈകാരികമായി പ്രതികരിക്കും.

മക്കളുടെ കാര്യത്തിൽ കരുതൽ വേണം. അവരറിയാതെ അവരെ നിരീക്ഷിക്കുന്നതിൽ തെറ്റില്ല. മുത്തശ്ശൻ, വല്യമ്മാവൻ തുടങ്ങിയവർക്ക് ആരോഗ്യക്ലേശം ഭവിക്കാം. ഉപാസനകൾക്ക് തടസ്സമുണ്ടായേക്കും. മുന്നേകുട്ടി നിശ്ചയിച്ച കാര്യങ്ങൾ മാറ്റിവെക്കാനിടയുണ്ട്. ബിസിനസ്സുകാരെ മൗഢ്യം ബാധിക്കും. തൊഴിലിൽ വളർച്ച കുറയും. മേലധികാരികളുമായി രമ്യതയുണ്ടാവില്ല. കഠിനദൗത്യങ്ങൾ ഏൽപ്പിക്കപ്പെടാം. പ്രണയത്തിൽ ഇളക്കം തോന്നുന്നതാണ്. ശൈത്യം ദാമ്പത്യത്തെ ബാധിക്കാനിടയുണ്ട്. ചൊവ്വ പതിനൊന്നാമെടത്തി ൽ നോക്കുന്നതിനാൽ ധനവരവ് കുറയും.

Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ

കർക്കടകക്കൂറിന് (പുണർതം നാലാംപാദം, പൂയം, ആയില്യം)

അനുകൂലമായ മൂന്നാമെടത്തിൽ നിന്നും ചൊവ്വ വൈകാരിക ഭാവങ്ങളെ കുറിക്കുന്ന നാലാമെടത്തിലേക്ക് മാറുകയാണ്. മനസ്സിൽ അനാവശ്യമായ പിരിമുറുക്കം ഉണ്ടാവും. ക്ഷോഭം നിയന്ത്രിക്കാൻ കഴിഞ്ഞേക്കില്ല. ഗൃഹനിർമ്മാണത്തിന് വിഘ്നം വരാൻ സാധ്യതയുണ്ട്. നിശ്ചയിച്ച കാര്യങ്ങൾ തുടങ്ങാനും കഴിഞ്ഞേക്കില്ല. പലതരം തടസ്സങ്ങൾ വന്നുകൊണ്ടിരിക്കും.

സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ അഭിപ്രായഭേദത്തിന് സാഹചര്യം ഉണ്ടാവും. വാഗ്വാദം ഒഴിവാക്കാനും സംയമം പാലിക്കാനും ശ്രമിക്കണം. അമ്മയുടെ ആരോഗ്യകാര്യത്താൽ ജാഗ്രത വേണ്ടതുണ്ട്. വസ്തു തർക്കങ്ങൾ വ്യവഹാരമായി മാറാതിരിക്കാൻ കരുതൽ പുലർത്തണം. പുതിയ വാഹനം വാങ്ങുന്നതിന് ഇപ്പോൾ സമയം ഉചിതമല്ല. വിപണനതന്ത്രങ്ങൾ ശരിക്കും ഫലവത്തായേക്കില്ല. തൊഴിൽ തേടുന്നവർക്ക് കാത്തിരിക്കേണ്ടി വരുന്നതാണ്. അശ്രദ്ധകൊണ്ട് പണം നഷ്ടമാകാം. ചെലവിൽ മിതത്വം വേണം. ജന്മദേശത്തിലേക്കുള്ള യാത്ര പിന്നീടത്തേക്കാക്കും. അനുഷ്ഠാനങ്ങളിൽ ശ്രദ്ധ കുറയുന്നതാണ്.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: