/indian-express-malayalam/media/media_files/ig5XCZdFlVXUwwYqXidm.jpg)
Mars In Mithunam Rashi 2024 Star Predictions
2024 ആഗസ്റ്റ് 26 മുതൽ ഒക്ടോബർ 20 (1200 ചിങ്ങം 10 മുതൽ തുലാം 4 വരെ) ഏകദേശം 54 ദിവസം കുജൻ / ചൊവ്വ (Mars) മിഥുനം രാശിയിൽ സഞ്ചരിക്കുന്നു. ചൊവ്വയുടെ ശത്രുഗ്രഹമായ ബുധൻ്റെ വീടാണ് മിഥുനം രാശി ശത്രുഗ്രഹത്തിലെ ചൊവ്വ ദുർബലനാണ്.
സെപ്തംബർ 5 വരെ ചൊവ്വ മകയിരം നക്ഷത്രത്തിലും സെപ്തംബർ 29 വരെ തിരുവാതിരയിലും തുടർന്ന് പുണർതത്തിലും സഞ്ചരിക്കുന്നു. ഇക്കാലയളവിൽ ചൊവ്വയെ ശുഭഗ്രഹങ്ങളോ പാപഗ്രഹങ്ങളോ ദൃഷ്ടി ചെയ്യുന്നില്ല എന്നതും സ്മരണീയം. ചന്ദ്രനൊഴികെ മറ്റൊരു ഗ്രഹവും മിഥുനം രാശിയിൽ ചന്ദ്രനുമായി ഒത്തു ചേരുന്നുമില്ല എന്നതും പ്രസ്താവ്യമാണ്.
പാപഗ്രഹങ്ങൾ ഏറ്റവും കുറച്ച് രാശികളിൽ സഞ്ചരിക്കുമ്പോൾ മാത്രമേ ഗുണഫലദാതാക്കൾ ആവുന്നുള്ളു. ചൊവ്വ 3, 6, 11 എന്നീ കൂറുകളിൽ ആണ് അനുകൂലനാവുന്നത്. അതായത് ചൊവ്വ മിഥുനത്തിൽ സഞ്ചരിക്കുമ്പോൾ മിഥുനം മൂന്നാം രാശിയായി വരുന്ന മേടക്കൂറുകാർക്കും (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം), മിഥുനം ആറാം രാശിയായി വരുന്ന മകരക്കൂറുകാർക്കും (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി), മിഥുനം പതിനൊന്നാം രാശിയായി വരുന്ന ചിങ്ങക്കൂറുകാർക്കും ( മകം, പൂരം, ഉത്രം ഒന്നാം കാൽ) മാത്രമാണ് ചൊവ്വ നേട്ടങ്ങൾ സൃഷ്ടിക്കുന്നത്.
മിഥുനക്കൂറ് (ജന്മത്തിൽ ചൊവ്വ), കർക്കടകക്കൂറ് (പന്ത്രണ്ടിൽ ചൊവ്വ), വൃശ്ചികക്കൂറ് (അഷ്ടമത്തിൽ ചൊവ്വ) എന്നിവർക്ക് ദോഷാധിക്യം വരാം. ബാക്കിയുള്ള ആറുകൂറുകാർക്കും - ഇടവക്കൂറ്, കന്നിക്കൂറ്, തുലാക്കൂറ്, ധനുക്കൂറ്, കുംഭക്കൂറ്, മീനക്കൂറ് - ചൊവ്വയുടെ മിഥുനരാശി സഞ്ചാരം ദോഷത്തിന് മുൻതൂക്കമുള്ള ഗുണദോഷ സമ്മിശ്രകാലമായിരിക്കും.
ചൊവ്വയെ ഭൂമിപുത്രനായി വിശേഷിപ്പിക്കുന്നു. ദേവലോകത്തിലെ സർവ്വസൈന്യാധിപൻ ചൊവ്വയാണ്. തരുണമർത്തിയും ക്രൂരേക്ഷണനുമാണ്. തീക്കനലിൻ്റെ ശോഭയാണ്. ആട് വാഹനമാകുന്നു. മേടം, വൃശ്ചികം എന്നീ രാശികളുടെ അധിപനാണ്. മകരം ഉച്ചരാശി; കർക്കടകം നീചരാശി. മകയിരം, ചിത്തിര, അവിട്ടം എന്നിവ ചൊവ്വയുടെ നക്ഷത്രങ്ങൾ. ചൊവ്വാദശ ചെറിയ ദശകളിൽ ഉൾപ്പെടും. ഏഴുവർഷമാണ് ദശാകാലം.
കുജൻ എന്ന പേരിലെ ആദ്യ അക്ഷരമായ 'കു' എന്നാണ് ഗ്രഹനിലയിൽ ചൊവ്വയെ രേഖപ്പെടുത്തുക. മംഗളൻ, ലോഹിതൻ, അംഗാരകൻ മാഹേയൻ, ആരൻ, രുധിരൻ, വക്രൻ തുടങ്ങിയവ ചൊവ്വയുടെ ചില പര്യായ നാമങ്ങളാണ്.
ചൊവ്വയുടെ മിഥുന രാശി സഞ്ചാരത്തിൻ്റെ ഫലം മേടക്കൂറു മുതൽ മിഥുനക്കൂറുവരെയുള്ള ഓരോ കൂറുകാരെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഇവിടെ വിശദീകരിക്കുന്നു.
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
ചൊവ്വ ഏഴാം ഭാവത്തിൽ സഞ്ചരിക്കുന്നു. പ്രണയികൾക്ക് പ്രതികൂലമായ കാലമാണ്. ഇക്കാലത്തിൽ പ്രണയ ഭംഗത്തിലേക്ക് കാര്യങ്ങൾ പോയേക്കാം അല്ലെങ്കിൽ പ്രണയത്തിൽ വീട്ടുകാരുടെ ഇടപെടൽ ഭവിച്ചേക്കാം. ദാമ്പത്യത്തെയും ഏഴിലെ ചൊവ്വ ബാധിക്കും. ഭാര്യാഭർത്താക്കന്മാർക്കിടയിൽ പരസ്പരവിശ്വാസം കുറയുന്നതാണ്. അന്യോന്യം കുറ്റപ്പെടുത്തുന്ന രീതിയിലേക്ക് നീങ്ങാം. അനുരഞ്ജനം അനിവാര്യമായ ഘട്ടമാണിത്. കൂട്ടുകച്ചവടക്കാർ തമ്മിൽ ഐക്യം നഷ്ടമാകാനിടയുണ്ട്. ആകയാൽ സംയുക്ത സംരംഭങ്ങളിൽ നിന്നും പിന്മാറാൻ നിർബന്ധിതരാവും. വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് തടസ്സങ്ങൾ വന്നെത്താം. മറ്റുള്ള ഗ്രഹങ്ങളുടെ ഗോചര അനുകൂലത ചൊവ്വ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ മറികടക്കാൻ സഹായിച്ചെന്നു വരാം.
മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
ചൊവ്വ ഇഷ്ടഭാവമായ ആറാമെടത്തിൽ സഞ്ചരിക്കുന്നു. അതിനാൽ നേട്ടങ്ങൾ വർദ്ധിക്കുന്നതാണ്. ലഘു പ്രയത്‌നത്താൽ കാര്യസാദ്ധ്യം വന്നുചേരും. ബന്ധുക്കൾ പിണക്കം മാറി ഐക്യത്തിലാവും. സ്വതന്ത്ര ചിന്താഗതി മറ്റുള്ളവരാൽ അംഗീകരിക്കപ്പെടും. ശത്രുക്കളെ പിന്തള്ളി ഏറ്റെടുത്ത ദൗത്യങ്ങൾ വിജയ പഥത്തിലെത്തിക്കും. ഭൂമിയുടെ ക്രയവിക്രയം ലാഭകരമാവുന്നതാണ്. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ മാറാം. പുതിയ സംരംഭങ്ങൾ സാക്ഷാൽകരിക്കും. സഹോദരരുടെ പിന്തുണയുണ്ടാവും. പുതുവാഹനം വാങ്ങാൻ സാധിക്കുന്നതാണ്. ആരോഗ്യ പരിശോധനകൾ തൃപ്തിയേകും. കടക്കെണിയിൽ നിന്നും പുറത്തുവരാനുള്ള വഴി തെളിയാം. സാമ്പത്തിക സമാശ്വാസം പ്രതീക്ഷിക്കാം. പൊതുവേ കർമ്മരംഗത്തും ഉയർച്ചയുണ്ടാവുന്ന സന്ദർഭമാണ്. മനസ്സമാധാനം പുലരും.
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)
ചൊവ്വ അഞ്ചാം ഭാവത്തിലായി സഞ്ചരിക്കുന്നു. ആശയക്കുഴപ്പം സാർവ്വത്രികമായി അനുഭവപ്പെടും. വേണോ വേണ്ടയോ എന്ന സന്ദിഗ്ദ്ധത പുലരും. തീരുമാനങ്ങൾ നീളുന്നതാണ്. വിദ്യാർത്ഥികൾ ഒരു പക്ഷേ കാലഹരണപ്പെട്ട വിഷയങ്ങളുടെ പഠനത്തിന് സമയം ചെലവഴിക്കാം. കാര്യാലോചനായോഗങ്ങളിൽ ശോഭിക്കണമെന്നില്ല. അടിച്ചേല്പിക്കപ്പെട്ട കാര്യങ്ങൾ നിർവഹിക്കാൻ ബാദ്ധ്യസ്ഥരാവും. പ്രത്യുല്പന്നമതിത്വത്തിനു പകരം വൈകാരിക പ്രതികരണങ്ങൾക്ക് മുതിരുന്നതാണ്. മക്കളുടെ ഭാവികാര്യങ്ങളെച്ചൊല്ലി തർക്കം വരാം. ചിലപ്പോൾ ശത്രുക്കളുടെ ധനം ഉപയോഗിച്ച് കാര്യം നേടേണ്ട അവസ്ഥ വന്നു ചേരാം. ഭൂമിയിൽ നിന്നും പേരിനെങ്കിലും ആദായം പ്രതീക്ഷിക്കാം. സഹോദരരുടെ പിന്തുണയുണ്ടാവും.
മീനക്കൂറിന് (പൂരുരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)
ചൊവ്വ നാലാം ഭാവത്തിലൂടെ കടന്നു പോകുന്നു. മന:ക്ഷോഭം ഉയരും. ബൗദ്ധികമായി തീരുമാനിക്കേണ്ടവ വൈകാരികമായി പരിഗണിക്കും. സുഹൃത്തുക്കളുമായി കലഹം വരാതെ നോക്കേണ്ടതുണ്ട്. അടുത്ത ബന്ധുക്കളോട് കയർത്തു സംസാരിക്കാൻ സന്ദർഭം ഉണ്ടായേക്കാം. ഗാർഹികാന്തരീക്ഷത്തിൽ സമാധാനം കുറയന്നതാണ്. നിസ്സാരകാര്യങ്ങളാൽ ശാന്തതയ്ക്ക് ഭംഗം വരാനിടയുണ്ട്. പ്രണയത്തിലും ദാമ്പത്യത്തിലും സ്വൈരക്കേടുകൾ വന്നെത്താം. ഗൃഹനിർമ്മാണം മെല്ലെയാകുന്നതാണ്. പാരമ്പര്യ വസ്തുക്കളുമായി ബന്ധപ്പെട്ട് വ്യവഹാരത്തിന് സാധ്യതയുണ്ട്. സാമ്പത്തികമായി സാമാന്യമായ നേട്ടം പ്രതീക്ഷിച്ചാൽ മതി. വാഹനം ഉപയോഗിക്കുന്നതിൽ ശ്രദ്ധ വേണ്ടതുണ്ട്. സാഹസ കർമ്മങ്ങൾക്ക് മുതിരരുത്. മാതാവിൻ്റെ ആരോഗ്യ പരിശോധനകളിൽ വിളംബമരുത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us