/indian-express-malayalam/media/media_files/CVZBAMdxOPWHtd50No9d.jpg)
Mars In Mithunam Rashi 2024 Star Predictions
2024 ആഗസ്റ്റ് 26 മുതൽ ഒക്ടോബർ 20 (1200 ചിങ്ങം 10 മുതൽ തുലാം 4 വരെ) ഏകദേശം 54 ദിവസം കുജൻ / ചൊവ്വ (Mars) മിഥുനം രാശിയിൽ സഞ്ചരിക്കുന്നു. ചൊവ്വയുടെ ശത്രുഗ്രഹമായ ബുധൻ്റെ വീടാണ് മിഥുനം രാശി ശത്രുഗ്രഹത്തിലെ ചൊവ്വ ദുർബലനാണ്.
സെപ്തംബർ 5 വരെ ചൊവ്വ മകയിരം നക്ഷത്രത്തിലും സെപ്തംബർ 29 വരെ തിരുവാതിരയിലും തുടർന്ന് പുണർതത്തിലും സഞ്ചരിക്കുന്നു. ഇക്കാലയളവിൽ ചൊവ്വയെ ശുഭഗ്രഹങ്ങളോ പാപഗ്രഹങ്ങളോ ദൃഷ്ടി ചെയ്യുന്നില്ല എന്നതും സ്മരണീയം. ചന്ദ്രനൊഴികെ മറ്റൊരു ഗ്രഹവും മിഥുനം രാശിയിൽ ചന്ദ്രനുമായി ഒത്തു ചേരുന്നുമില്ല എന്നതും പ്രസ്താവ്യമാണ്.
പാപഗ്രഹങ്ങൾ ഏറ്റവും കുറച്ച് രാശികളിൽ സഞ്ചരിക്കുമ്പോൾ മാത്രമേ ഗുണഫലദാതാക്കൾ ആവുന്നുള്ളു. ചൊവ്വ 3, 6, 11 എന്നീ കൂറുകളിൽ ആണ് അനുകൂലനാവുന്നത്. അതായത് ചൊവ്വ മിഥുനത്തിൽ സഞ്ചരിക്കുമ്പോൾ മിഥുനം മൂന്നാം രാശിയായി വരുന്ന മേടക്കൂറുകാർക്കും (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം), മിഥുനം ആറാം രാശിയായി വരുന്ന മകരക്കൂറുകാർക്കും (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി), മിഥുനം പതിനൊന്നാം രാശിയായി വരുന്ന ചിങ്ങക്കൂറുകാർക്കും ( മകം, പൂരം, ഉത്രം ഒന്നാം കാൽ) മാത്രമാണ് ചൊവ്വ നേട്ടങ്ങൾ സൃഷ്ടിക്കുന്നത്.
മിഥുനക്കൂറ് (ജന്മത്തിൽ ചൊവ്വ), കർക്കടകക്കൂറ് (പന്ത്രണ്ടിൽ ചൊവ്വ), വൃശ്ചികക്കൂറ് (അഷ്ടമത്തിൽ ചൊവ്വ) എന്നിവർക്ക് ദോഷാധിക്യം വരാം. ബാക്കിയുള്ള ആറുകൂറുകാർക്കും - ഇടവക്കൂറ്, കന്നിക്കൂറ്, തുലാക്കൂറ്, ധനുക്കൂറ്, കുംഭക്കൂറ്, മീനക്കൂറ് - ചൊവ്വയുടെ മിഥുനരാശി സഞ്ചാരം ദോഷത്തിന് മുൻതൂക്കമുള്ള ഗുണദോഷ സമ്മിശ്രകാലമായിരിക്കും.
ചൊവ്വയെ ഭൂമിപുത്രനായി വിശേഷിപ്പിക്കുന്നു. ദേവലോകത്തിലെ സർവ്വസൈന്യാധിപൻ ചൊവ്വയാണ്. തരുണമർത്തിയും ക്രൂരേക്ഷണനുമാണ്. തീക്കനലിൻ്റെ ശോഭയാണ്. ആട് വാഹനമാകുന്നു. മേടം, വൃശ്ചികം എന്നീ രാശികളുടെ അധിപനാണ്. മകരം ഉച്ചരാശി; കർക്കടകം നീചരാശി. മകയിരം, ചിത്തിര, അവിട്ടം എന്നിവ ചൊവ്വയുടെ നക്ഷത്രങ്ങൾ. ചൊവ്വാദശ ചെറിയ ദശകളിൽ ഉൾപ്പെടും. ഏഴുവർഷമാണ് ദശാകാലം.
കുജൻ എന്ന പേരിലെ ആദ്യ അക്ഷരമായ 'കു' എന്നാണ് ഗ്രഹനിലയിൽ ചൊവ്വയെ രേഖപ്പെടുത്തുക. മംഗളൻ, ലോഹിതൻ, അംഗാരകൻ മാഹേയൻ, ആരൻ, രുധിരൻ, വക്രൻ തുടങ്ങിയവ ചൊവ്വയുടെ ചില പര്യായ നാമങ്ങളാണ്.
ചൊവ്വയുടെ മിഥുന രാശി സഞ്ചാരത്തിൻ്റെ ഫലം മേടക്കൂറു മുതൽ മിഥുനക്കൂറുവരെയുള്ള ഓരോ കൂറുകാരെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഇവിടെ വിശദീകരിക്കുന്നു.
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
പതിനൊന്നാമെട ത്തിൽ സഞ്ചരിക്കുന്നു, ചൊവ്വ. മിഥുനം രാശിയിലെ ചൊവ്വയുടെ 
ഈ ഗോചരത്തിൻ്റെ ഏറ്റവും അനുകൂല ഫലം കിട്ടുന്നവർ  ചിങ്ങക്കൂറുകാരാണ്. വിദ്യാർത്ഥികൾക്ക് മികച്ച വിജയം സിദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷിച്ച അവസരം വന്നുചേരുന്നതാണ്.  കമിതാക്കളുടെ വിവാഹസ്വപ്നം സഫലമാവാം. 
കുടുംബ ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. ബിസിനസ്സിലെ മാന്ദ്യം നീങ്ങി വളർച്ച പ്രകടമായിത്തുടങ്ങും. ഭൂമിയിൽ നിന്നും പ്രതീക്ഷിച്ചതിലധികം വരുമാനം കിട്ടുന്നതാണ്.  കടബാധ്യതകൾ കുറച്ചൊക്കെ പരിഹരിക്കാൻ വഴിതെളായും. സ്ഥലംമാറ്റം, പദവിയിൽ ഉയർച്ച എന്നിവ ഉദ്യോഗസ്ഥന്മാർക്ക് സാധകമാവും. പൊതുപ്രവർത്തകർ സംഘടനകളുടെ നേതൃപദവിയിൽ വന്നെത്തുന്നതാണ്. എതിർപ്പുകളെ മറി കടക്കും. മനസ്സിനും ദേഹത്തിനും ഉണർവ് അനുഭവപ്പെടും.
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)
പത്താം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. അനുകൂലവും പ്രതികൂലവും ആയ ഫലങ്ങൾ പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക് ചില അധികാരങ്ങൾ ലഭിക്കാം. എന്നാൽ ദുർഘടമായ ചുമതലകൾ വരാം. സഹപ്രവർത്തകരുടെ സഹകരണം വേണ്ടത്ര കിട്ടുന്നില്ലെന്ന തോന്നൽ ശക്തമാകും. എന്നാൽ കാര്യസാധ്യത്തിനായി അവരെ ആശ്രയിക്കേണ്ടിവരും. രാഷ്ട്രീയത്തിൽ ശത്രുക്കളെ നേരിടേണ്ട സ്ഥിതി ഭവിക്കാം. നേതൃപദവി ഒഴിയാൻ സമ്മർദ്ദമേറും. സ്വാശ്രയ തൊഴിൽ ചെയ്യുന്നവർക്ക് ഉപഭോക്താക്കളെ ആകർഷിക്കാൻ പരസ്യങ്ങളെ ഒരുപാട് ആശ്രയിക്കേണ്ട നിലയുണ്ടാവുന്നതാണ്. തന്മൂലം ലാഭം കുറയും. ഗൃഹത്തിലും ചെറുകലഹങ്ങൾ വരാം. കടബാധ്യത ഗഡുക്കളായി തീർക്കാൻ ശ്രമം തുടരുന്നതാണ്. തീർത്ഥയാത്രകൾ നീട്ടിവെക്കാനുള്ള സാധ്യതയുണ്ട്.
തുലാക്കൂറിന് (ചിത്തിര 3, 4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
തുലാക്കൂറുകാർക്ക് ഭാഗ്യസ്ഥാനമായ ഒമ്പതാം ഭാവത്തിലാണ് കുജൻ സഞ്ചരിക്കുന്നത്. ആയതിനാൽ ഭാഗ്യാനുഭവങ്ങൾ തടസ്സപ്പെടാനോ ശുഷ്കമാവാനോ ഇടയുണ്ട്. കുജസഞ്ചാരം ധർമ്മ പ്രവൃത്തികൾക്ക് തുരങ്കം വെക്കാം. ഭാഗ്യപരീക്ഷണങ്ങൾക്ക് അനുകൂലമല്ലാത്ത കാലമാണിതെന്ന് പ്രത്യേകം ഓർക്കണം. പ്രതീക്ഷിച്ച നേട്ടം, പദവി എന്നിവ വൈകാൻ സാധ്യതയുണ്ട്. തീർത്ഥാടനത്തിനുള്ള ആസൂത്രണം മാറ്റിവെക്കപ്പെടാം. ദൈവിക സമർപ്പണം നീണ്ടുപോകുന്നതാണ്. പിതാവിനോ ഗുരുവിനോ ക്ലേശങ്ങൾ ഉണ്ടാവാം. തൻ്റെ വാക്കുകൾ കാരണവരുടെ മനസ്സിനെ വേദനിപ്പിക്കുന്നതാവാം. പുതുജോലിയിൽ പ്രവേശിക്കാൻ തടസ്സങ്ങൾ വന്നെത്തിയേക്കും. ചെറിയ ദൗത്യങ്ങൾ വിജയിക്കുന്നതാണ്. ലഘു സംരംഭങ്ങൾ ലാഭകരമാവാം. കടബാധ്യത പെരുകാതിരിക്കാൻ ശ്രദ്ധവെക്കണം.
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
അഷ്ടമസ്ഥാനത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. പ്രതികൂല ഭാവമായി അഷ്ടമം പരിഗണിക്കപ്പെടുന്നു. ആ ഭാവത്തിലൂടെ പാപഗ്രഹങ്ങൾ കടന്നു പോകുന്നത് സകാരണവും അകാരണവുമായ മാനസിക സമ്മർദ്ദം സൃഷ്ടിക്കും. കലഹ പ്രേരണ, ദുർവാസനകൾ എന്നിവ നിയന്ത്രിക്കപ്പെടണം. വാഹനം, വൈദ്യുതി, അഗ്നി, യന്ത്രം എന്നിവയുടെ ഉപയോഗത്തിൽ ശ്രദ്ധ വേണ്ടതുണ്ട്. പഠനാർത്ഥികൾക്ക് ഗ്രഹണശക്തി കുറയാം. തുല്യരല്ലാത്തവരോട് മത്സരിക്കരുത്. സഹോദരരുടെ കാര്യത്തിൽ അനാവശ്യമായ ഇടപെടൽ നടത്തുന്നത് കലഹത്തിന് വഴിവെക്കാം. ഭൂമി വ്യാപാരത്തിൽ അമളി പറ്റാനിടയുണ്ട്. അത്യദ്ധ്വാനത്തിന് എളിയ ലാഭം മാത്രമാണ് വന്നെത്തുക. അത്യാവശ്യങ്ങൾക്ക് ധനം കൈവശമെത്തും. എന്നാൽ ദുർവ്യയം ഉണ്ടാവാതെ നോക്കണം. സ്വന്തം ജാതകമനുസരിച്ച് അനുകൂലമായ ദശാപഹാരങ്ങൾ നടക്കുകയാണെങ്കിൽ ചൊവ്വയുടെ പ്രഹരശേഷി അനുഭവപ്പെടുകയില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us