scorecardresearch

Mars Transit 2024: ചൊവ്വ മിഥുനം രാശിയിൽ, അശ്വതി മുതൽ ആയില്യം വരെ

Mars In Mithunam Rashi 2024: പാപഗ്രഹങ്ങൾ ഏറ്റവും കുറച്ച് രാശികളിൽ സഞ്ചരിക്കുമ്പോൾ മാത്രമേ ഗുണഫലദാതാക്കൾ ആവുന്നുള്ളു. ചൊവ്വ 3, 6, 11 എന്നീ കൂറുകളിൽ ആണ് അനുകൂലനാവുന്നത്

Mars In Mithunam Rashi 2024: പാപഗ്രഹങ്ങൾ ഏറ്റവും കുറച്ച് രാശികളിൽ സഞ്ചരിക്കുമ്പോൾ മാത്രമേ ഗുണഫലദാതാക്കൾ ആവുന്നുള്ളു. ചൊവ്വ 3, 6, 11 എന്നീ കൂറുകളിൽ ആണ് അനുകൂലനാവുന്നത്

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Mars In Mithunam Rashi 2024 Star Predictions

2024 ആഗസ്റ്റ് 26 മുതൽ ഒക്ടോബർ 20 (1200 ചിങ്ങം 10 മുതൽ തുലാം 4 വരെ) ഏകദേശം 54 ദിവസം കുജൻ / ചൊവ്വ (Mars) മിഥുനം രാശിയിൽ സഞ്ചരിക്കുന്നു. ചൊവ്വയുടെ ശത്രുഗ്രഹമായ ബുധൻ്റെ വീടാണ് മിഥുനം രാശി ശത്രുഗ്രഹത്തിലെ ചൊവ്വ ദുർബലനാണ്.

Advertisment

സെപ്തംബർ 5 വരെ ചൊവ്വ മകയിരം നക്ഷത്രത്തിലും സെപ്തംബർ 29 വരെ തിരുവാതിരയിലും തുടർന്ന് പുണർതത്തിലും സഞ്ചരിക്കുന്നു. ഇക്കാലയളവിൽ ചൊവ്വയെ ശുഭഗ്രഹങ്ങളോ പാപഗ്രഹങ്ങളോ ദൃഷ്ടി ചെയ്യുന്നില്ല എന്നതും സ്മരണീയം. ചന്ദ്രനൊഴികെ മറ്റൊരു ഗ്രഹവും മിഥുനം രാശിയിൽ ചന്ദ്രനുമായി ഒത്തു ചേരുന്നുമില്ല എന്നതും പ്രസ്താവ്യമാണ്. 

പാപഗ്രഹങ്ങൾ ഏറ്റവും കുറച്ച് രാശികളിൽ സഞ്ചരിക്കുമ്പോൾ മാത്രമേ ഗുണഫലദാതാക്കൾ ആവുന്നുള്ളു. ചൊവ്വ 3, 6, 11 എന്നീ കൂറുകളിൽ ആണ് അനുകൂലനാവുന്നത്. അതായത് ചൊവ്വ മിഥുനത്തിൽ സഞ്ചരിക്കുമ്പോൾ മിഥുനം മൂന്നാം രാശിയായി വരുന്ന മേടക്കൂറുകാർക്കും (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം), മിഥുനം ആറാം രാശിയായി വരുന്ന മകരക്കൂറുകാർക്കും (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി), മിഥുനം പതിനൊന്നാം രാശിയായി വരുന്ന ചിങ്ങക്കൂറുകാർക്കും ( മകം, പൂരം, ഉത്രം ഒന്നാം കാൽ) മാത്രമാണ് ചൊവ്വ നേട്ടങ്ങൾ സൃഷ്ടിക്കുന്നത്. 

മിഥുനക്കൂറ് (ജന്മത്തിൽ ചൊവ്വ), കർക്കടകക്കൂറ് (പന്ത്രണ്ടിൽ ചൊവ്വ), വൃശ്ചികക്കൂറ് (അഷ്ടമത്തിൽ ചൊവ്വ) എന്നിവർക്ക് ദോഷാധിക്യം വരാം. ബാക്കിയുള്ള ആറുകൂറുകാർക്കും - ഇടവക്കൂറ്, കന്നിക്കൂറ്, തുലാക്കൂറ്, ധനുക്കൂറ്, കുംഭക്കൂറ്, മീനക്കൂറ് - ചൊവ്വയുടെ മിഥുനരാശി സഞ്ചാരം ദോഷത്തിന് മുൻതൂക്കമുള്ള ഗുണദോഷ സമ്മിശ്രകാലമായിരിക്കും. 

Advertisment

ചൊവ്വയെ ഭൂമിപുത്രനായി വിശേഷിപ്പിക്കുന്നു. ദേവലോകത്തിലെ സർവ്വസൈന്യാധിപൻ ചൊവ്വയാണ്. തരുണമർത്തിയും ക്രൂരേക്ഷണനുമാണ്. തീക്കനലിൻ്റെ ശോഭയാണ്. ആട് വാഹനമാകുന്നു. മേടം, വൃശ്ചികം എന്നീ രാശികളുടെ അധിപനാണ്. മകരം ഉച്ചരാശി; കർക്കടകം നീചരാശി. മകയിരം, ചിത്തിര, അവിട്ടം എന്നിവ ചൊവ്വയുടെ നക്ഷത്രങ്ങൾ. ചൊവ്വാദശ ചെറിയ ദശകളിൽ ഉൾപ്പെടും. ഏഴുവർഷമാണ് ദശാകാലം.

കുജൻ എന്ന പേരിലെ ആദ്യ അക്ഷരമായ 'കു' എന്നാണ് ഗ്രഹനിലയിൽ ചൊവ്വയെ രേഖപ്പെടുത്തുക. മംഗളൻ, ലോഹിതൻ, അംഗാരകൻ മാഹേയൻ, ആരൻ, രുധിരൻ, വക്രൻ തുടങ്ങിയവ ചൊവ്വയുടെ ചില പര്യായ നാമങ്ങളാണ്.

ചൊവ്വയുടെ മിഥുന രാശി സഞ്ചാരത്തിൻ്റെ ഫലം മേടക്കൂറു മുതൽ മിഥുനക്കൂറുവരെയുള്ള ഓരോ കൂറുകാരെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഇവിടെ വിശദീകരിക്കുന്നു.

മേടക്കൂറിന് (അശ്വതി ഭരണി, കാർത്തിക ഒന്നാം പാദം)

ചൊവ്വ സഞ്ചരിക്കുന്നത് മൂന്നാമെടമായ മിഥുന രാശിയിലാണ്. ചൊവ്വ ഗോചരത്തിൽ മൂന്നാം ഭാവത്തിൽ അനുകൂലാവസ്ഥയിൽ സഞ്ചരിക്കുന്നു. കഴിവുകൾ വർദ്ധിക്കും. അവ പ്രവൃത്തിയെ സഹായിക്കും. ജീവിത നിലവാരം ഉയർത്താൻ ഉതകുകയും ചെയ്യുന്നതാണ്. എതിർക്കുന്നവരുടെ പ്രത്യക്ഷവും പരോക്ഷവുമായ പ്രവർത്തനങ്ങളെ കൃത്യമായി തിരിച്ചറിയാനും പ്രതിരോധം സൃഷ്ടിക്കാനുമാവും. സാമ്പത്തിക ക്ലേശങ്ങൾക്ക് പരിഹാരം വന്നു ചേരും. പിണങ്ങിക്കഴിഞ്ഞ സഹോദരർക്കിടയിൽ വീണ്ടും സൗഭാത്രം തെളിയും. ചൊവ്വ ഭൂമികാരകഗ്രഹം ആകയാൽ വസ്തു വാങ്ങുക, വിൽക്കുക തുടങ്ങിയവയിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. കർമരംഗം ഉണരും. പദവി ഉയരാനോ അധികാരമുള്ള ചുമതല ലഭിക്കാനോ സാധ്യതയുണ്ട്. മനസ്സിലെ സന്ദിഗ്ദ്ധതകൾ അകലും. ഏതുവിഷയത്തെക്കുറിച്ചായാലും ശക്തമായ തീരുമാനം കൈക്കൊള്ളാനും പ്രാവർത്തികമാക്കാനും മടിക്കില്ല. മാനസിക ബലം ജീവിത പുരോഗതിക്ക് സഹായകമാവുന്നതാണ്.
 
ഇടവക്കൂറിന് (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)

രണ്ടാം ഭാവമായ മിഥുനത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. ചൊവ്വ ഒട്ടൊക്കെ അനിഷ്ടകാരിയാണ് രണ്ടാമെടത്തിൽ എന്നുപറയാം. വാക് സ്ഥാനം, വിദ്യാസ്ഥാനം, കുടുംബ സ്ഥാനം, ധനസ്ഥാനം എന്നിങ്ങനെയുള്ള പേരുകളുണ്ട് രണ്ടാമെടത്തിന്. ഈ വിഷയങ്ങളെയെല്ലാം ചൊവ്വ പ്രതികൂലമായി ബാധിച്ചേക്കും. വാക്കുകൾ സ്ഥാനത്തും അസ്ഥാനത്തും പരുഷമാകുന്നതാണ്. വിദ്യാഭ്യാസത്തിത്തിൽ തടസ്സങ്ങളോ ശ്രദ്ധക്കുറവോ വരുന്നതാണ്. കുടുംബ ബന്ധങ്ങളുടെ ദൃഢതയ്ക്ക് ഭംഗം ഭവിക്കാനിടയുണ്ട്. ധനവരവ് പ്രതീക്ഷിച്ച പോലെയാവില്ല. മുൻ കടബാധ്യതകൾ സ്വൈരഭംഗത്തിന് കാരണമാകും. ചൊവ്വ അഷ്ടമത്തിലേക്ക് നോക്കുകയാൽ ആരോഗ്യകാര്യങ്ങളിലും ശ്രദ്ധ വേണം. മറ്റു ഗ്രഹങ്ങളുടെ അനുകൂലത, ദശാപഹാരഫലം എന്നിവയാൽ ചിലപ്പോൾ ചൊവ്വയുടെ ദോഷഫലം ന്യൂനീകരിക്കപ്പെടാം.

മിഥുനക്കൂറിന് (മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)
ജന്മരാശിയിലാണ് ചൊവ്വയുടെ സഞ്ചാരം. ജന്മരാശി, എട്ടാമെടം, പന്ത്രണ്ടാമെടം എന്നിവയിൽ സഞ്ചരിക്കുമ്പോഴാണ് ഒരു പാപഗ്രഹത്തിൻ്റെ ക്രൗര്യം / ദോഷഫലശക്തി പുറത്തുചാടുന്നത്. അതിനാൽ മിഥുനക്കൂറുകാർ ആരോഗ്യപരമായും മാനസികമായും ഒക്കെ കരുതൽ പുലർത്തേണ്ടതുണ്ട്. ദുഷ്പ്രേരണകൾ ഉണ്ടാവാം. ആട്ടിൻ തോൽ പുതച്ച ചെന്നായ്ക്കളെ തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല. സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത പുലർത്തണം. ദുഷ്കീർത്തിയോ ദുരാരോപണങ്ങളോ വരാം. ഇഷ്ടജനങ്ങളുടെ പിണക്കം സമ്പാദിക്കാൻ ഇടയുണ്ട്. മുതൽമുടക്കുകൾക്ക് കാലം അനുകൂലമല്ല. കുടുംബാംഗങ്ങളുടെ ഐക്യം നിലനിർത്താൻ ക്ലേശിക്കും. വാഹനം, യന്ത്രം, അഗ്നി എന്നിവയുടെ ഉപയോഗത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. സ്വന്തം ഗ്രഹനില പ്രകാരം നല്ല ദശാപഹാരം നടക്കുകയാണെങ്കിൽ ചൊവ്വയുടെ ഗോചരദോഷം ലഘൂകരിക്കപ്പെടാം.

കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)

പന്ത്രണ്ടാം ഭാവത്തിലാണ് ചൊവ്വ.  അനിഷ്ടഫലങ്ങളാവും പ്രായേണ നൽകുക. അപ്രതീക്ഷിതമായ യാത്രകൾ ഉണ്ടാവും. കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. ശത്രുക്കളുടെ ഉപദ്രവത്തെ കരുതണം. സാമ്പത്തികമായി അച്ചടക്കം ഏറ്റവും അനിവാര്യമാണ്.  പുതുസംരംഭങ്ങൾക്ക് മുതലിറക്കുന്നത് ആലോചിച്ചാവണം. ബിസിനസ്സിൽ അല്പമാത്രമായ ലാഭം പ്രതീക്ഷിക്കാം. സഹോദരാനുകൂല്യം ലഭിക്കണമെന്നില്ല.  ഔദ്യോഗിക രഹസ്യങ്ങൾ മറ്റുള്ളവരോട് പങ്കുവെക്കരുത്. വിദേശത്ത് ജീവിക്കുന്നവർക്ക് വിസ മൂലം ഉള്ള പ്രശ്നങ്ങൾ വരാം. ഭൂമിയുടെ ക്രയവിക്രയത്തിന് തത്കാലം തുനിയാതിരിക്കുകയാവും ഉചിതം. ദേഹക്ലേശം വർദ്ധിക്കുന്നതാണ്. ആരോഗ്യ പരിശോധനകളിൽ അമാന്തമരുത്. ദശാപഹാരമനുസരിച്ച് ദോഷഫലങ്ങൾ കുറയാം.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: