scorecardresearch

ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? മകം മുതൽ തൃക്കേട്ട വരെ

ശുഭഗ്രഹങ്ങളുടെ നോട്ടമോ ചേർച്ചയോ ഇല്ലാത്ത രണ്ടുമാസക്കാലം ആരംഭിക്കുകയായി. ഇനി ഏതൊക്കെ കൂറുകാർക്കാണ് ദുരിതപ്പെയ്ത്താവുക? ആർക്കെങ്കിലും ഗുണമുണ്ടെന്ന് വരുമോ?

ശുഭഗ്രഹങ്ങളുടെ നോട്ടമോ ചേർച്ചയോ ഇല്ലാത്ത രണ്ടുമാസക്കാലം ആരംഭിക്കുകയായി. ഇനി ഏതൊക്കെ കൂറുകാർക്കാണ് ദുരിതപ്പെയ്ത്താവുക? ആർക്കെങ്കിലും ഗുണമുണ്ടെന്ന് വരുമോ?

author-image
S. Sreenivas Iyer
New Update
Mars Kethu Horoscope 2025

ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ?

2025 ജൂൺ 6 ന് അർദ്ധരാത്രി ചൊവ്വ അഥവാ കുജൻ (Mars) കർക്കടകം രാശിയിൽ നിന്നും ചിങ്ങം രാശിയിൽ പ്രവേശിക്കുന്നു. ഏപ്രിൽ 3ന് ആണ് ചൊവ്വ തൻ്റെ നീചരാശിയായ കർക്കടകത്തിൽ പ്രവേശിച്ചത്.

Advertisment

ജൂൺ 6 ന് രാത്രി കർക്കടകത്തിൽ നിന്നും ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നു. 52/53 ദിവസങ്ങൾക്ക് ശേഷം, ജൂലൈ 28 ന്, ചൊവ്വ ചിങ്ങം രാശിയിൽ നിന്നും കന്നിരാശിയിൽ പ്രവേശിക്കുന്നതാണ്. ചൊവ്വയുടെ ബന്ധുവായ ആദിത്യൻ്റെ ഭവനമാണ്  ചിങ്ങം. അതിനാൽ ചൊവ്വയ്ക്ക് ചിങ്ങം രാശിയിൽ ബലമുണ്ട്. ഇതൊരു സാമാന്യ തത്ത്വമാണ്.

എന്നാൽ ചൊവ്വ ദുർബലനാവുന്നതും അപകടകാരിയാവുന്നതും കേതുയോഗം വരുന്നതിനാലാണ്. കേതു ചിങ്ങം രാശിയിലാണിപ്പോൾ. രാഹുവിൻ്റെ ദൃഷ്ടി ചൊവ്വയ്ക്കുള്ളതിനാൽ ചൊവ്വയുടെ പാപത്വം അധികരിക്കും. ശുഭഗ്രഹങ്ങളുടെ ചേർച്ചയോ യോഗമോ ചൊവ്വയ്ക്കുണ്ടാവുന്നില്ല എന്നതും പ്രസ്താവ്യമാണ്.

കഴിഞ്ഞ കുറേ മാസങ്ങളായി കാളസർപ്പയോഗം തുടരുകയാണ്. ചൊവ്വ ചിങ്ങം രാശിയിൽ നിന്നും കന്നിരാശിയിലേക്ക് ജൂലൈ ഒടുവിൽ പ്രവേശിക്കുമ്പോഴാണ് കാളസർപ്പയോഗത്തിന് ഭംഗം വരുന്നത്. അക്കാര്യവും പ്രധാനമാണ്.

Advertisment

Also Read: ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ ആയില്യം വരെ

ചിങ്ങം രാശിയിൽ സംഭവിക്കുന്ന ഈ അത്യപൂർവ്വമായ ചൊവ്വ-കേതുയോഗം ഏതേതു കൂറുകാർക്ക് അനുകൂലം, ഏതേതു കൂറുകാർക്ക് പ്രതികൂലം എന്നതാണ് ഇവിടെ അവലോകനം ചെയ്യുന്ന വിഷയം.

ചിങ്ങക്കൂറിന്  (മകം, പൂരം, ഉത്രം ഒന്നാം പാദം)

ജന്മരാശിയിലാണ് ചൊവ്വയും കേതുവും സംഗമിക്കുന്നത്. 12,8, ജന്മരാശി എന്നീ ഭാവങ്ങളിൽ പാപഗ്രഹങ്ങൾ സഞ്ചരിക്കുമ്പോൾ ആപത്തുകാലമാണ് എന്നുപറയാറുണ്ട്. അതിനാൽ ചിങ്ങക്കൂറുകാർ മനോവാക്കർമ്മങ്ങളിൽ കരുതൽ പുലർത്തണം. ആരോഗ്യം ബാധിക്കപ്പെടാം. മാനസിക പിരിമുറുക്കം ഉയരുന്നതാണ്. കലഹവാസനയും ക്ഷോഭവും നിയന്ത്രിക്കപ്പെടണം. ദാമ്പത്യത്തിൽ ഓരോരോ പ്രശ്നങ്ങൾ തലപൊക്കാം. കൂട്ടുകച്ചവടത്തിൽ നിന്നും പിരിഞ്ഞാലോ എന്ന ആലോചന ശക്തിപ്പെടുന്നതാണ്. യാത്രകൾ ക്ലേശകരമായേക്കും. ലക്ഷ്യത്തിലെത്താൻ ചുറ്റിവളഞ്ഞ് സഞ്ചരിക്കുക എന്ന അനുഭവം വരാനിടയുണ്ട്. വിലപ്പെട്ട വസ്തുക്കൾ കൈമോശം വരാതെ സൂക്ഷിക്കണം. രാഷ്ട്രീയ പ്രവർത്തനത്തിൽ തിരിച്ചടികൾ ഒരു സാധ്യതയാണ്. ഔദ്യോഗികമായി അർഹതയുള്ള അവകാശങ്ങൾ നേടിയെടുക്കുക എളുപ്പമായേക്കില്ല. ബിസിനസ്സിൽ ലാഭം കുറയുന്നതായിരിക്കും.

കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)

പന്ത്രണ്ടാം ഭാവത്തിലാണ് ചൊവ്വയും കേതുവും ഒത്തുചേരുന്നത്. പന്ത്രണ്ടാമെടത്തിലെ പാപഗ്രഹങ്ങളുടെ സഞ്ചാരം ദുർവ്യയത്തിനും ധനപരമായ ക്ലേശങ്ങൾക്കും ഇടവരുത്തും. കടബാധ്യത അധികരിക്കുന്നതാണ്. വീടുവിട്ടുനിൽക്കേണ്ടിവരും. ഉറ്റവരുമായി അകലാൻ സാധ്യതയുണ്ട്. ലക്ഷ്യത്തിലെത്താൻ ഇരട്ടി ഊർജ്ജം ചെലവഴിക്കേണ്ട സ്ഥിതിയുണ്ടാവും. യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടാൻ വിഷമിക്കുന്നതാണ്. ലഘുവായ സമ്മർദ്ദങ്ങളിൽ പോലും വലിയ തളർച്ചയുണ്ടാവും. ആത്മശക്തി ചോരാനിടയുണ്ട്. ഉദ്യോഗസ്ഥർ ദൂരദിക്കുകളിലേക്ക് സ്ഥലംമാറ്റപ്പെടാം. യാത്രകൾ ദുരിതമുണ്ടാക്കും. പ്രതീക്ഷിച്ച നേട്ടങ്ങൾ അനർഹർ തട്ടിയെടുക്കുന്നത് കണ്ടുനിൽക്കേണ്ടി വരും. നവസംരംഭങ്ങൾ ഇപ്പോൾ തുടങ്ങരുത്. വിവാഹിതർക്കിടയിൽ കലഹം ഭവിക്കാം. ആരോഗ്യ ജാഗ്രത അനിവാര്യമാണ്.

Also Read: Weekly Horoscope (June 01 - June 07 2025): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ ?

 തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3)
 
ചൊവ്വ-കേതു യോഗത്തിൻ്റെ ഏറ്റവും നല്ല ഗുണഭോക്താക്കൾ തുലാക്കൂറുകാരാണ്. 'സർവ്വാഭീഷ്ടസ്ഥാനം' എന്നറിയപ്പെടുന്ന പതിനൊന്നാമെടത്തിലാണ് ഈ യോഗം ഭവിക്കുന്നത്. പലതരം നേട്ടങ്ങൾ വന്നുചേരും. ശനിയും വ്യാഴവും ഇഷ്ടഭാവങ്ങളിൽ തുടരുകയാണ്. ഇപ്പോൾ കേതുവും ചൊവ്വയും കൂടി ഇഷ്ടഭാവത്തിൽ വരുമ്പോൾ നാനാപ്രകാരേണയുള്ള അഭിവൃദ്ധി സംജാതമാകും. മത്സരങ്ങളിൽ അനായാസേന ജയിക്കുന്നതായിരിക്കും. വ്യവഹാരങ്ങളിൽ അനുകൂല വിധി വരും. ഭൂമി / വീട് വാങ്ങാനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിത ധനാഗമം ഉണ്ടാവും. സഹോദരർക്ക് വഴികാട്ടിക്കൊടുക്കും. തൊഴിൽ തേടുന്നവർക്ക് ന്യായമായ വരുമാനം ലഭിക്കുന്നതാണ്. സംഘടനകളിൽ നേതൃപദവി വഹിക്കും. ബിസിനസ്സിൽ ലാഭം ഉയരും. കിട്ടാക്കടങ്ങൾ തിരിച്ചുകിട്ടാം. പ്രണയം വിവാഹത്തിലേക്ക് നീങ്ങുന്നതാണ്. നാട്ടിലും തൊഴിലിടത്തിലും ബഹുമാനാദരങ്ങൾ കൈവരും. ആരോഗ്യ സൗഖ്യം അനുഭവപ്പെടും.

Also Read: Weekly Horoscope June 01-June 07: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)

പത്താം ഭാവത്തിൽ ചൊവ്വയും കേതുവും സംഗമിക്കുന്നത് വലുതായ ദോഷമായി പരിഗണിക്കാനാവില്ല. എന്നാൽ തിക്താനുഭവങ്ങൾ തൊഴിൽ മേഖലയിൽ ഉണ്ടാവുന്നതാണ്. തിടുക്കത്തിൽ പല കാര്യങ്ങളും ചെയ്ത് അബദ്ധത്തിലാവും. മേലധികാരികൾ വിരോധിച്ചേക്കാം. സഹപ്രവർത്തകരുമായി കലഹങ്ങൾക്ക് സാധ്യതയുണ്ട്. സമയബന്ധിതമായി ചുമതലകൾ പൂർത്തിയാക്കാൻ കഴിയാതെ വരുന്നതാണ്. വാഹന നിയമങ്ങൾ തെറ്റിക്കപ്പെടുകയാൽ പിഴ ഒടുക്കേണ്ടി വന്നേക്കാം. വീട്ടിനടുത്തേക്കുള്ള സ്ഥലംമാറ്റത്തിന് കാത്തിരപ്പ് തുടരപ്പെടുന്നതാണ്. നവസംരംഭങ്ങൾ തുടങ്ങുന്നതിന് കാലം ഒട്ടും അനുകൂലമല്ല.  ഉപഭോക്താക്കളെ ആകർഷിക്കാനുള്ള വിപണനതന്ത്രങ്ങൾ വിഫലമായേക്കും. മത്സരങ്ങളിൽ പ്രതീക്ഷിച്ച വിജയം അകലെയാവും. കുടുംബ ജീവിതത്തിൽ സംതൃപ്തി ശരാശരിയായിരിക്കും.

Also Read: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: